Prabodhanm Weekly

Pages

Search

2012 മെയ് 12

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സവര്‍ണാധിപത്യം

ഡോ. എം.എസ് ജയപ്രകാശ്

സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ഇടക്കിടെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വായ്ത്താരി മുഴക്കാറുണ്ടല്ലോ. ഒപ്പം തന്നെ നേതാവ് ബിഷപ്പിനെ കണ്ട് സംസാരിച്ചതായും അദ്ദേഹത്തിന്റെ കൈമുത്തിയതായും കേള്‍ക്കാറുമുണ്ട്. ഇടത് വലത് വ്യത്യാസമില്ലാതെ ജാതിമത നേതാക്കളുടെ കൈമുത്തലും കാലുപിടിത്തവും നടത്താറുണ്ട്. ഏറ്റവും ഒടുവില്‍ പെരുന്നയിലെ എന്‍.എസ്.എസ് നേതാവിനെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര-ആരോഗ്യവകുപ്പുകള്‍ തന്ത്രപൂര്‍വം അടിച്ചുമാറ്റി മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന കാഴ്ച നാം കണ്ടുവല്ലോ. തൊട്ടുപിന്നാലെ ഇടതു വിപ്ളവശാലയിലെ എം. വിജയകുമാറും നായര്‍ പ്രമാണിയെ കണ്ടുവണങ്ങി നെയ്യാറ്റിന്‍കരയിലെ നായര്‍ മേധാവിത്തത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതും നാം കണ്ടു. "ജാതി മതശക്തികള്‍ക്ക് അതീതമായി'' ജാതികളെയും മതങ്ങളെയും ഉപയോഗിച്ചുള്ള 'ജാതി മതക്കളിയാണ്' വര്‍ഗസമരത്തിന്റെ മറവില്‍ സി.പി.എം എക്കാലവും അനുവര്‍ത്തിച്ചിട്ടുള്ളത്. സമദൂരമെന്ന തട്ടിപ്പിലൂടെ ഇടതു വലതു വ്യത്യാസമില്ലാതെ നായര്‍ മേധാവിത്തം നിലനിറുത്താന്‍ എന്‍.എസ്.എസിനെ സഹായിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍. മുസ്ലിം വിരോധം ആളിക്കത്തിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍, പ്രത്യേകിച്ച് സി.പി.എം തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. മലപ്പുറം പാകിസ്താനാണ്, ചോദ്യപേപ്പര്‍ പൊട്ടിച്ചാണ് മലപ്പുറം നന്നായത്, ലൌ ജിഹാദ്, ലീഗ് വര്‍ഗീയ കക്ഷിയാണ്, മഅ്ദനി ഭീകരനാണ് തുടങ്ങിയ നെറികെട്ട, അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിയാണ് ഇവര്‍ ഹിന്ദുവോട്ടുകള്‍ സമാഹരിക്കാറുള്ളത്. സവര്‍ണ സമുദായ ശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന്, ഒരു ലജ്ജയുമില്ലാതെ ഈ കപടവിപ്ളവകാരികളും ഗാന്ധിയന്മാരും വിളിച്ചു കൂവുകയും ചെയ്യും.
സി.പി.ഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പന്ന്യന്‍ രവീന്ദ്രന്‍ സമുദായ ശക്തികളുടെ ഇടപെടലിനെ നിശിതമായ വിമര്‍ശിച്ചുകൊണ്ട് അടുത്ത കാലത്ത് പലതവണ പ്രസ്താവന ഇറക്കിയിരുന്നല്ലോ. അതേ പന്ന്യന്‍ രവീന്ദ്രന്‍ പി.കെ നാരായണപ്പണിക്കര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെപ്പറ്റി എഴുതിയത് ഇങ്ങനെ: "തിരുവനന്തപുരത്തെ ഉപതെരഞ്ഞെടുപ്പിന് ശേഷം നന്ദിപറയാന്‍ പലരെയും കാണുന്ന കൂട്ടത്തില്‍ ഞാന്‍ ചങ്ങനാശ്ശേരിയിലും പോയിരുന്നു. ഫലപ്രഖ്യാപനം വന്നിട്ട് അന്ന് അധിക ദിവസമായിരുന്നില്ല. കണ്ടയുടനെ ഇരുകൈകളും നീട്ടി നിറഞ്ഞ ചിരിയോടെയാണ് പി.കെ നാരായണപ്പണിക്കര്‍ സാര്‍ ഞങ്ങളെ സ്വീകരിച്ചത്. രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കടക്കും മുമ്പേ ഞാന്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമറിയിച്ചു. ചെറുചിരിയോടെ ഉടന്‍ വന്നു സാറിന്റെ പ്രതികരണം: "നന്ദിയൊന്നും പറയേണ്ട കാര്യമില്ല, താങ്കളെ തോല്‍പിക്കാനാണ് ഞങ്ങളുടെ തിരുവനന്തപുരത്തെ യൂനിയന്‍ തീരുമാനിച്ചിരുന്നത്. എന്നിട്ടും താങ്കള്‍ ജയിച്ചു. അതില്‍ സന്തോഷമുണ്ട്.'' എന്‍.എസ്.എസ് എന്നെ തോല്‍പിക്കാന്‍ തീരുമാനിച്ച കാര്യം പണിക്കര്‍ തുറന്നു പറയുന്നതു കേട്ട് എനിക്ക് തെല്ല് അമ്പരപ്പ് തോന്നാതിരുന്നില്ല. മനസ്സില്‍ കളങ്കമില്ലാത്ത നിര്‍മല സ്നേഹത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം'' (മനസില്‍ നിറയുന്ന മാന്യതയുടെ മുഖമുദ്ര, ജനയുഗം, മാര്‍ച്ച് 1, 2012).
എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സവര്‍ണാധിപത്യ ശക്തികളുടെ കുതന്ത്രങ്ങളോ മറ്റുള്ളവരോടുള്ള പുഛമോ, അവര്‍ നടത്തുന്ന പിന്നാക്ക സമുദായ ദ്രോഹമോ തിരിച്ചറിയാതെ ലെനിനെയും മാര്‍ക്സിനെയും ചുമന്നു നടക്കുന്ന പന്ന്യനെ പോലുള്ളവര്‍ക്ക് ഇത്തരം അനുഭവത്തില്‍നിന്നുപോലും പാഠങ്ങള്‍ പഠിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. ജാതീയമായി തോല്‍പിക്കാന്‍ ശ്രമിച്ച നായര്‍ മേധാവിയെ പോയിക്കണ്ട്, 'ജയിപ്പിച്ചതിന്' നന്ദിപറയുന്നു ഈ കമ്യൂണിസ്റുകാരന്‍! റഷ്യയില്‍ ലെനിന്റെ പ്രതിമ കെട്ടിയിറക്കുന്ന കാലത്താണ് കമ്യൂണിസവുമായി പെരുന്നയിലെത്തി ഇളിഭ്യരാകുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ലെനിന്‍ പറഞ്ഞ ചരിത്രസത്യം പോലും ഇവര്‍ക്കറിയില്ല. "ഇന്ത്യയില്‍ വിപ്ളവം ഉണ്ടാകുന്ന കാര്യം ഒരു കമ്യൂണിസ്റ് കൃതിയിലും പറയുന്നില്ല. ഇവിടെ സ്വതന്ത്ര വിപ്ളവ പ്രസ്ഥാനങ്ങളാണ് ഉണ്ടാകേണ്ടത്. മധ്യകാല ജാതി ജന്മിനാടുവാഴി അവശിഷ്ടങ്ങള്‍ക്കെതിരെയാണ് ഇവിടെ സമരം ചെയ്യേണ്ടത്; മുതലാളിത്തത്തിനെതിരെയല്ല'' എന്നാണ് ലെനിന്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ മുതലാളിത്ത വ്യവസ്ഥയില്ലെന്നും പഴയ ജാതിവ്യവസ്ഥയില്‍ നിന്നുള്ള മോചനമാണ് വേണ്ടതെന്നും കാള്‍മാര്‍ക്സും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ബ്രാഹ്മണ കമ്യൂണിസ്റ് നേതൃത്വം ഇക്കാര്യങ്ങള്‍ മറച്ചു വെക്കുകയാണ്.
ഇപ്പോള്‍ നടന്നുവരുന്ന സാമുദായിക സന്തുലിതാവസ്ഥയെപ്പറ്റിയുള്ള വിവാദത്തില്‍ ഇടപെട്ടുകൊണ്ട് ചിലര്‍ പറഞ്ഞത്, ജി. സുകുമാരന്‍ നായര്‍ ഇരിക്കുന്നത് മന്നം ഇരുന്ന കസേരയിലാണെന്നും മന്നത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായി സംസാരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു. മന്നം ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ പാത തന്നെയാണ് സുകുമാരന്‍ നായര്‍ പിന്തുടരുന്നതെന്നും ഇവര്‍ മനസ്സിലാക്കുന്നില്ല..
പിന്നാക്ക വിഭാഗങ്ങള്‍ക്കും മറ്റുമെതിരെ മന്നം നടത്തിയിട്ടുള്ള പ്രസ്താവനകള്‍ ഇങ്ങനെ:
1. "ഈഴവര്‍ പന്നി പെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. ഇവര്‍ക്ക് സഞ്ചാര സ്വാതന്ത്യ്രവും ക്ഷേത്ര പ്രവേശനവും കൊടുത്തത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു'' (ആര്‍. ശങ്കറെ മന്ത്രിസഭയില്‍നിന്ന് താഴെയിറക്കിയ സന്ദര്‍ഭത്തില്‍ മന്നം നടത്തിയ ശാസ്തമംഗലം പ്രസംഗം- 1964, 'സരസകവി മൂലൂര്‍ പത്മനാഭ പണിക്കര്‍' എന്ന കൃതി, കുമ്പളംചിറ വാസവപ്പണിക്കര്‍ എഴുതിയത്, 1976, പേജ് 399).
2. "രാവണഭരണം (ശങ്കര്‍ഭരണം) അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞത് രാജ്യസ്നേഹം കൊണ്ടാണ്'' (പെരുന്ന പ്രസംഗം, കേരള കൌമുദി 23-9-1964).
3. "ഒരു ജാതിക്കാരെ മാത്രം പോറ്റുന്ന ഭരണമാണ് നടക്കുന്നത്. കമ്യൂണിസ്റുകാരെ ഇറക്കിവിട്ടതുപോലെ ഇവരെയും (ശങ്കര്‍ മന്ത്രിസഭയെ) ഇറക്കിവിടണം'' (മന്നത്തിന്റെ പൊന്‍കുന്നം പ്രസംഗം, കൌമുദി മെയ് 26, 1964). അന്ന് ഈഴവരെ ഉദ്ദേശിച്ചാണ് മന്നം ഈ വര്‍ഗീയ വിഷം വമിച്ചത്. ഇന്ന് ഇതേ സ്വരത്തിലാണ് സുകുമാരന്‍ നായര്‍ മുസ്ലിംകള്‍ക്കെതിരെ ജല്‍പനം നടത്തുന്നത്. ഇപ്പോള്‍ ഈഴവര്‍ വിഷയമേ അല്ലാതായിപ്പോയിരിക്കുന്നു.
4. "മന്ത്രിസഭയെ നിയന്ത്രിക്കാനുള്ള കെല്‍പ് നായര്‍ക്കുണ്ടായിരിക്കണം. നായരെ ആരും ഭയപ്പെടുത്താന്‍ വരണ്ടാ. അവര്‍ ഭയപ്പെടുന്നവരല്ല. നായര്‍ ജന്മനാ തന്നെ വലിയവനാണ്'' (മന്നത്തിന്റെ അമ്പലപ്പുഴ പ്രസംഗം, കൌമുദി 2-8-1964). ഇതേ സ്വരമാണ് ഇപ്പോഴും പെരുന്നയില്‍നിന്നും ഉയരുന്നത്. രമേശ് നായരാണെന്ന് തുറന്നു പറയണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് ഓര്‍ക്കുക. കേരളത്തില്‍ ആര്‍ക്കും അറിയാത്ത പരമ രഹസ്യമാണല്ലോ രമേശിന്റെ ജാതി! നായര്‍ ജന്മനാ വലിയവനാകുമ്പോള്‍ മറ്റു പലരും ജന്മനാ താണവരാണെന്നാണല്ലോ വിവക്ഷ.
5. പുലയക്കുട്ടിയെ അടുത്തിരുത്തി ചോറു കൊടുത്ത മന്നം പുലയന്‍ മന്ത്രിയായപ്പോള്‍ പറഞ്ഞത് 'ചാത്തന്‍ പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല' എന്നായിരുന്നു (മുതുകുളം പ്രസംഗം, മുമ്പു പറഞ്ഞ വാസവപ്പണിക്കരുടെ പുസ്തകം, പേജ് 387).
6. 'ഒരു ജാതി, ഒരു പത്രം, ഒരു തെങ്ങ് മനുഷ്യന്' എന്ന ആക്ഷേപം എന്‍.എസ്.എസ് മുഖപത്രമായിരുന്ന മലയാളിയില്‍ വന്നിരുന്നു (1961 ഏപ്രില്‍ 15). നിവര്‍ത്തന പ്രക്ഷോഭ നായകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി. കേശവനെ ആക്ഷേപിക്കാനായിരുന്നു ഇത് പ്രസിദ്ധീകരിച്ചത്. ഈഴവരെയും കൌമുദി പത്രത്തെയുമാണ് ലക്ഷ്യമിട്ടിരുന്നത്.
7. നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാനായിരുന്നു നായര്‍-ഈഴവ ഐക്യമെന്ന കെണി എന്‍.എസ്.എസ് ഒരുക്കിയത്. കഥയറിയാതെ വെള്ളാപ്പള്ളി ഈ കെണിയില്‍ വീഴുകയും ചെയ്തു. ദേവസ്വം ബില്‍ അട്ടിമറിച്ച് ഇടതു സര്‍ക്കാറിനെ നിയന്ത്രിച്ച് എന്‍.എസ്.എസ് ജന്മനാ വലിയവരാണെന്ന് വെള്ളാപ്പള്ളിയെ പഠിപ്പിക്കുകയും ചെയ്തു. കടുത്ത മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് ഹിന്ദുത്വവാദികളുടെ കളിത്തോഴനാകാനും ഇദ്ദേഹത്തിന് മടിയില്ല. കാലം തിരിച്ചടി കൊടുക്കുമെന്നല്ലാതെ ഇപ്പോള്‍ എന്തു പറയാന്‍.
8. ശങ്കര്‍ മന്ത്രിസഭ വീണപ്പോള്‍ മന്നം പറഞ്ഞത് ഇങ്ങനെ: 'എല്ലാം ഭംഗിയായി കലാശിച്ചിരിക്കുന്നു, പാല് കുടിച്ച് കിണ്ണം താഴത്തുവെച്ച സംതൃപ്തി.' ഇപ്പോള്‍ 'അഞ്ചാം മന്ത്രിയുടെ' മറവില്‍ ആഭ്യന്തരവും ആരോഗ്യവും കൈയടക്കിയ സുകുമാരന്‍ നായര്‍ക്കും പാല് കുടിച്ച സംതൃപ്തിയാണുള്ളത്!
ചരിത്രത്തിലടനീളം ഈ വഞ്ചനാപരമായ വര്‍ഗീയ സമീപനമാണ് എന്‍.എസ്.എസ് പുലര്‍ത്തിയത്. 1891-ല്‍ മലയാളി സഭ എന്ന പേരായിരുന്നു നായര്‍ സംഘടനക്കുണ്ടായിരുന്നത്. 1914-ലാണ് എന്‍.എസ്.എസ് രൂപീകരിക്കപ്പെടുന്നത്. 1891-ലെ മലയാളി മെമ്മോറിയല്‍ 'മലയാളിസഭ' എന്ന നായര്‍ സംഘടന നല്‍കിയ മെമ്മോറാണ്ടമായിരുന്നു. അത് ഒരു നായര്‍ മെമ്മോറിയല്‍ മാത്രമായിരുന്നു. ചില ഈഴവ നേതാക്കളെക്കൊണ്ട് ഒപ്പിടുവിച്ചിരുന്നു. ഈഴവര്‍ വഞ്ചിക്കപ്പെട്ടതുകൊണ്ടാണ് 1895-ല്‍ ഡോ. പല്‍പു ഈഴവ മെമ്മോറിയലിന് രൂപം നല്‍കിയത്. മുസ്ലിംകളെയും ദലിതരെയും പറ്റി മലയാളി മെമ്മോറിയില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. 1904-നും 1920നും ഇടയില്‍ നടന്ന നായര്‍-ഈഴവ സംഘട്ടനങ്ങള്‍ യഥാര്‍ഥത്തില്‍ വര്‍ഗ സമരം തന്നെയായിരുന്നു. ഈഴവരുടെ സ്കൂള്‍ പ്രവേശനത്തെയും സഞ്ചാര സ്വാതന്ത്യ്രത്തെയും എതിര്‍ത്ത നായര്‍ നിലപാടുകളാണ് സംഘട്ടനത്തിന് ഇടയാക്കിയത്. 1924-ലെ വൈക്കം സത്യാഗ്രഹത്തെ പരാജയപ്പെടുത്തി. വക്കം മൌലവിയുടെ പത്രമായിരുന്ന സ്വദേശാഭിമാനിയെ രാമകൃഷ്ണ പിള്ള സ്വന്തമാക്കി. പത്രത്തിന്റെ പേര് പിള്ളയുടെ പേരിനൊപ്പമായി. നായര്‍ ജന്മനാ വലിയവനാണെന്ന പാഠം മൌലവിയെയും പഠിപ്പിച്ചു. ഇന്നും ഇക്കൂട്ടര്‍ സജീവമാണെന്ന് പറയേണ്ടതില്ലല്ലോ. 1934-'35-ലെ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പേരില്‍ സി. കേശവനെ ജയിലിലടച്ചു. മണ്ഡല്‍ റിപ്പോര്‍ട്ടിനെതിരെ കരിദിനം ആചരിച്ചു.
ഒടുവില്‍ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ വര്‍ഗീയ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണല്ലോ. അടിസ്ഥാനരഹിതവും അര്‍ഥശൂന്യവുമായ വാദങ്ങളും ആരോപണങ്ങളുമാണുണ്ടായത്. അഞ്ചാം മന്ത്രിസ്ഥാനം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തുവെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന സത്യവിരുദ്ധമാണ്. ലീഗിലെ മഞ്ഞളാംകുഴി അലി മുസ്ലിമാണ്; ഒപ്പം ജനപ്രതിനിധിയുമാണ്. മുസ്ലിംകളുടെ മാത്രം പ്രതിനിധിയല്ല. അനൂപ് ക്രിസ്ത്യാനിയാണ്; ജനപ്രതിനിധിയുമാണ്. ഈ രണ്ടു പേരെയും വിജയിപ്പിച്ചതില്‍ മറ്റു ജാതി മതക്കാരുടെ വോട്ടുകളും നിര്‍ണായകമായിരുന്നു. അനൂപ് ജേക്കബിന്റെ കാര്യത്തിലുണ്ടാകാത്ത എന്തു സന്തുലിത തകര്‍ച്ചയാണ് അലിയുടെ കാര്യത്തിലുണ്ടായിരിക്കുന്നത്?
ഭൂരിപക്ഷ സമുദായങ്ങള്‍ എന്ന പേരില്‍ സുകുമാരന്‍ നായര്‍ കണക്കു പറയുമ്പോള്‍ അതില്‍ ഈഴവരും മറ്റു പിന്നാക്ക ദലിത് വിഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ടല്ലോ. പതിനൊന്ന് ശതമാനത്തിനു താഴെ ജനസംഖ്യയുള്ള നായര്‍ സമുദായത്തിന് 4 മന്ത്രിമാരും സ്പീക്കറുമുണ്ട്. ഇപ്പോള്‍ ആഭ്യന്തര-ആരോഗ്യ വകുപ്പുകള്‍ കിട്ടുകയും ചെയ്തു. മതമേതായാലും മനുഷ്യനെ നന്നാക്കാനിരിക്കുന്ന 28 ശതമാനത്തോളം വരുന്ന ഈഴവര്‍ക്ക് രണ്ടേ രണ്ട് സ്ഥാനം മാത്രം! അവര്‍ ജാതി ചോദിക്കില്ല, പറയില്ല, വിചാരിക്കില്ല. എത്ര നല്ലവര്‍! രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ട ക്രൈസ്തവര്‍ അഞ്ചു ശതമാനത്തോളം വരും. അവര്‍ക്ക് അഞ്ച് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമുണ്ട്. മുസ്ലിം ലീഗിന് 20 ജനപ്രതിനിധികളുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ്. അതിനെതിരെ വാളോങ്ങുന്നത് ക്ഷന്തവ്യമല്ല. ഈഴവരെയും മറ്റും ഉള്‍പ്പെടുത്തി ഭൂരിപക്ഷ ഹിന്ദു സമുദായത്തിന്റെ പേരില്‍ വാദമുന്നയിക്കുന്നവര്‍ ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ പോകരുത്. ദേശീയ കക്ഷികളുടെ ദയനീയ സ്ഥിതി (ഉത്തര്‍പ്രദേശിലും മറ്റും ഉണ്ടായതുപോലെ) കണ്‍മുന്നിലുണ്ടായിട്ടും യാഥാര്‍ഥ്യബോധമില്ലാതെ ഇടതു വലതു കക്ഷികള്‍ അധികാരം കൈയാളാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. പിന്നാക്ക-ദലിത്- മതന്യൂനപക്ഷ ഐക്യത്തിനു മാത്രമേ ഈ മേധാവിത്വ ശക്തികളെ തളക്കാനാവൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം