Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

മുത്തശ്ശി പഠിപ്പിച്ച പാഠങ്ങള്‍

മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

മഹാനായ ഖലീഫ ഉമറുല്‍ ഫാറൂഖ് ശാമിലെ ഔദ്യോഗിക പര്യടനം കഴിഞ്ഞു മടങ്ങുന്ന സന്ദര്‍ഭം. ജനവാസസ്ഥലത്ത് നിന്ന് വളരെ ദൂരെ കാട്ടില്‍ ഒരു കൂടാരം കണ്ണില്‍ പെട്ടു. വിജനപ്രദേശത്തു താമസിക്കുന്ന പാവങ്ങളുടെ ദുരവസ്ഥ നേരിട്ടു മനസ്സിലാക്കാമെന്ന് കരുതി ആ കുടിലിനരികെയെത്തി. ചുക്കിച്ചുളിഞ്ഞ മുഖമുള്ള ഒരു മുത്തശ്ശി നെറ്റിത്തടത്തില്‍ കൈയമര്‍ത്തി വാതില്‍പടിയില്‍ ഇരിക്കുന്നു. എന്തോ കാര്യമായ പ്രശ്‌നങ്ങളും ദുഃഖങ്ങളുമുണ്ടെന്ന് അവരുടെ മുഖഭാവം കണ്ടാലറിയാം.
ഉമറുല്‍ ഫാറൂഖ്  സലാം ചൊല്ലി. സുഖാന്വേഷണത്തിന് ശേഷം ചോദിച്ചു: ഉമറിനെക്കുറിച്ചു വല്ലതും അറിയുമോ?
'ഉമറിനെക്കുറിച്ച് എന്തെങ്കിലും അറിയേണ്ട ആവശ്യമില്ല. എനിക്ക് എന്റേതായ ഒരുപാടു കാര്യങ്ങളെപ്പറ്റി ആലോചിക്കാനുണ്ട്. ങാ... ഉമര്‍ ശാമില്‍ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞു മദീനയിലേക്ക് തിരിച്ചു പോകുന്നുണ്ടെന്ന് അറിയാം.' അമര്‍ഷം കലര്‍ന്ന സ്വരത്തിലുള്ള  സ്ത്രീയുടെ മറുപടി ഉമറിനെ ചിന്താകുലനാക്കി.
'താങ്കള്‍ക്ക് ഉമറിനോട് ഇത്രയും വെറുപ്പ് എന്തുകൊണ്ടാണ്?' ശാന്തമായി ഉമര്‍ ചോദിച്ചു.
'ഉമറിന്റെ വര്‍ത്തമാനം വീണ്ടും ആവര്‍ത്തിക്കുന്നതെന്തിന്? എനിക്കതില്‍ തീരെ താല്‍പര്യമില്ല. ഞാന്‍ ഈ വിജനപ്രദേശത്ത് ദീര്‍ഘകാലമായി നിസ്വയും നിസ്സഹായയുമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഉമര്‍ എന്റെ സ്ഥിതി അന്വേഷിച്ചിട്ടില്ല; സാമ്പത്തിക സഹായം ഒന്നും എത്തിച്ചിട്ടുമില്ല. അന്ത്യനാളില്‍ ഞങ്ങള്‍ മുഖാമുഖം നില്‍ക്കുമ്പോള്‍ അല്ലാഹു നീതിപൂര്‍വം തീരുമാനമെടുക്കും.' അവര്‍ ശബ്ദമുയര്‍ത്തി യാത്രക്കാരനോടായി പറഞ്ഞു.
'മുത്തശ്ശീ... താങ്കളെപ്പോഴെങ്കിലും താങ്കളുടെ പ്രയാസങ്ങള്‍ ഉമറിനെ അറിയിച്ചിട്ടുണ്ടോ?' ഫാറൂഖ് കാര്യമായി തിരക്കി.
'ങാ... നിങ്ങള്‍ നല്ല കുതര്‍ക്കിയാണല്ലോ. ഞാനാണോ ഉമറിന് വിവരമെത്തിക്കേണ്ടത്? ഈ ഭൂപ്രദേശം അയാളുടെ അധികാര പരിധിയില്‍ വരുന്നതല്ലേ? എന്റെ കൂടാരം അതിനു പുറത്താണോ? തന്റെ കീഴിലുള്ള പ്രജകളുടെ വിവരങ്ങളന്വേഷിക്കുകയും ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കുകയും ചെയ്യേണ്ടത് മുസ്‌ലിം ഭരണാധികാരിയുടെ ചുമതലയല്ലേ?'
'മുത്തശ്ശീ... താങ്കള്‍ ഇത്ര രോഷകുലയാകുന്നതെന്തിന്? പട്ടണത്തില്‍നിന്ന് ഒരുപാടകലെ താമസിക്കുന്നവരുടെ വിവരം ഉമറെങ്ങനെ അറിയും? സ്ഥിതിഗതികള്‍ ബോധ്യമായ ശേഷവും ആവശ്യങ്ങള്‍ നിറവേറ്റിത്തരാതെ അവഗണിക്കുകയാണെങ്കില്‍ അയാള്‍ കുറ്റക്കാരന്‍ തന്നെ.' ഫാറൂഖ് മൃദുസ്വരത്തില്‍ മറുപടി പറഞ്ഞു.
'മാശാ അല്ലാഹ്.. താങ്കള്‍ നല്ല കാര്യഗ്രഹണ ശേഷിയുള്ള ആളാണല്ലോ! ഒരു ഇസ്‌ലാമിക ഭരണവ്യവസ്ഥയുടെ ഭാഗമായ താങ്കള്‍ എന്ത് വിവരക്കേടാണ് പറയുന്നത്? വിദൂര ദിക്കുകളിലെ ജനങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആ പ്രദേശങ്ങളെ  ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമാക്കിയതെന്തിന്? വിവരശേഖരണം നടത്താന്‍ സാധ്യമാവുന്ന അതിര്‍ത്തി വരെ ഭരിച്ചാല്‍ മതിയായിരുന്നല്ലോ.' മുത്തശ്ശി തന്റെ വാദം ധീരതയോടെ സമര്‍ഥിച്ചു.
മുത്തശ്ശിയുടെ കുറിക്ക് കൊള്ളുന്ന വാക്കുകള്‍ ഏറെ നേരം ക്ഷമയോടെ കേട്ട ഖലീഫ ഒടുവില്‍ പൊട്ടിക്കരഞ്ഞു. കണ്ണുനീര്‍ നിലക്കാതെ ഒഴുകിക്കൊണ്ടിരുന്നു. കരഞ്ഞു കരഞ്ഞു മനസ്സിന്റെ ഭാരം കുറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മുത്തശ്ശീ... താങ്കള്‍ പറഞ്ഞതാണ് വസ്തുത.' പിന്നീടു കുതിരപ്പുറത്തു കയറി മദീനത്തേക്ക് യാത്രയായി.
'ഭരണീയരുടെ സുഖവിവരങ്ങള്‍ അറിയാന്‍ പറ്റുന്ന അതിര്‍ത്തികള്‍ മാത്രം ഭരണകൂടത്തിന്റെ ഭാഗമാക്കിയാല്‍ പോരായിരുന്നുവോ' എന്ന മുത്തശ്ശിയുടെ വാക്കുകള്‍ യാത്രയിലുടനീളം അദ്ദേഹത്തെ  അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. കരച്ചിലും അനിയന്ത്രിതമായി. അതിവേഗം മദീനയിലെത്തണം. കര്‍ത്തവ്യനിര്‍വഹണത്തിനു മുമ്പായി മരണം സംഭവിക്കരുതെന്നായിരുന്നു പ്രാര്‍ഥന.
അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. മദീനയിലെത്തിയ ഉടനെ ആ മുത്തശ്ശിയുടെ അത്യാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉത്തരവിട്ടപ്പോള്‍ മാത്രമാണ് മനസ്സമാധാനം തിരിച്ചു കിട്ടിയത്. കര്‍ത്തവ്യനിര്‍വഹണത്തിന് ഉതവി നല്‍കിയ സ്രഷ്ടാവിന് മുന്നില്‍ നന്ദി സൂചകമായി സാഷ്ടാംഗം ചെയ്തു.  

('റോഷന്‍ സിതാരെ' എന്ന കൃതിയില്‍നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌