Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം സിദ്ധാന്തവും പ്രയോഗവും

എം.എം അക്ബര്‍

'We are in the works of creating a new Kerala - one defined by equity and sensitivity. To achieve this, our students should first be given access to education in a free environment, unhindered by the burden of society's heteronormative expectations.'
ഉന്നതവിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ: ആര്‍. ബിന്ദുവിന്റെ  വരികളാണിത്. ബാലുശ്ശേരി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം നടപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന അതേ ദിവസം, 2021 ഡിസംബര്‍ 15  വൈകുന്നേരം 4.25-ന് ട്വിറ്ററില്‍ കുറിച്ച വരികള്‍. ആണ്‍- പെണ്‍ ഭേദമില്ലാത്ത യൂനിഫോം അടിച്ചേല്‍പ്പിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട് ഈ ട്വീറ്റ്. ആ ഉത്തരത്തോടാണ്, അല്ലാതെ ഏതെങ്കിലും വസ്ത്രങ്ങളോടല്ല, ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ വിമര്‍ശിക്കുന്നവരുടെ എതിര്‍പ്പ് എന്ന ആമുഖത്തോടെ ചില കാര്യങ്ങള്‍ കുറിക്കുകയാണ്.

ട്വീറ്റ് നല്‍കുന്ന സന്ദേശം

മന്ത്രിയുടെ ട്വീറ്റിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം: ''സമത്വവും സംവേദനക്ഷമതയും കൊണ്ട് നിര്‍വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍. ഇത് നേടുന്നതിന്, ആദ്യമായി സമൂഹത്തിന്റെ എതിര്‍ വര്‍ഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താല്‍ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാര്‍ഗം തുറന്നു കൊടുക്കണം''
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്തിനാണ്? സ്ത്രീ-പുരുഷസമത്വത്തിന് എന്ന ഉത്തരമാണ് ചര്‍ച്ചകളിലും മറ്റും പൊതുവായി നല്‍കപ്പെടുന്നത്.  ആണ്‍- പെണ്‍ ഭേദമില്ലാത്ത യൂനിഫോം അടിച്ചേല്‍പ്പിക്കുന്നതിന് എതിരു നില്‍ക്കുന്നവരെല്ലാം  സ്ത്രീ-പുരുഷസമത്വത്തെ വെറുക്കുന്നവരാണെന്നും മുദ്രയടിക്കപ്പെടുന്നു. സത്യം ഇതൊന്നുമല്ല. എന്താണ് സത്യമെന്ന് മന്ത്രിയുടെ വാക്കുകളിലുണ്ട്. അവരുടെ ട്വീറ്റിലുള്ള  രണ്ടേ രണ്ട് വാചകങ്ങള്‍ക്കിടയില്‍ ആ സത്യം സമര്‍ഥമായി പറഞ്ഞുപോയിട്ടുണ്ട്. ആ സത്യമെന്താണ്? 
സമത്വവും സംവേദനക്ഷമതയും കൊണ്ട് നിര്‍വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അത്തരമൊരു കേരളസൃഷ്ടിക്ക് സമൂഹത്തിന്റെ എതിര്‍ വര്‍ഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (വലലേൃീിീൃാമശേ്‌ല) പ്രതീക്ഷകളുടെ ഭാരത്താല്‍ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയണം. ഈ പൊതുബോധത്തില്‍നിന്ന് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നതിനായാണ് ആണ്‍- പെണ്‍ ഭേദമില്ലാത്ത യൂനിഫോം അടിച്ചേല്‍പ്പിക്കുന്നത്. സ്ത്രീ-പുരുഷസമത്വമുണ്ടാക്കുകയല്ല, എതിര്‍വര്‍ഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികമാണെന്നുമുള്ള നമ്മുടെ പൊതുബോധത്തെ തകര്‍ക്കുകയാണ് ഈ അടിച്ചേല്‍പ്പിക്കലിന്റെ ലക്ഷ്യം.
ഈ തകര്‍ക്കല്‍ അപകടകരമാണ് എന്ന് കരുതുന്നവരാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ വിമര്‍ശിക്കുന്നത്. യൂനിഫോമിനോട് ഉയരുന്ന എതിര്‍പ്പ് ഏതെങ്കിലും ഒരു വസ്ത്രത്തോടുള്ള എതിര്‍പ്പല്ല. പെണ്ണ് പാന്റുടുക്കുന്നതും പുരുഷന്‍ പാവാടയിടുന്നതും ഉള്‍ക്കൊള്ളാന്‍ സമൂഹത്തില്‍ ചിലര്‍ക്ക് കഴിയാത്തതാണ്  ആണ്‍- പെണ്‍ ഭേദമില്ലാത്ത യൂനിഫോം അടിച്ചേല്‍പ്പിക്കുന്നതിനോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തല്‍ വിഷയത്തിന്റെ മര്‍മം കാണാതെയുള്ളതാണ്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല; അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഒരാളുടെ  ഇഷ്ടം തീരുമാനിക്കുന്നത് അയാളുടെ ധാര്‍മികതയോ സംസ്‌കാരമോ മതമോ സ്വാതന്ത്ര്യമോ കാഴ്ചപ്പാടുകളോ എന്തുമാകാം; അയാളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാതിരിക്കുകയെന്നതാണ് ജനാധിപത്യം. ആ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം  അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം എന്നതാണ് അത് എതിര്‍ക്കപ്പെടുന്നതിന്റെ ഒന്നാമത്തെ കാരണം.
ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയാല്‍  എതിര്‍വര്‍ഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികമാണെന്നുമുള്ള നമ്മുടെ  പൊതുബോധത്തെ തകര്‍ക്കുവാന്‍ കഴിയുമെന്ന് കരുതുന്നവരാണ് ഈ യൂനിഫോം അടിച്ചേല്‍പ്പിക്കലിന് പിന്നിലുള്ളതെന്ന് മന്ത്രിയുടെ ട്വീറ്റില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. എല്‍.ജി.ബി.ടി ആക്ടിവിസം എന്നും ജെന്‍ഡര്‍ പൊളിറ്റിക്‌സ് എന്നുമെല്ലാം വിളിക്കപ്പെടുന്നതും അന്താരാഷ്ട്ര തലത്തില്‍ ലോബിയിങ്ങ് നടത്തി നിലനില്‍ക്കുന്നതുമായ ഈ ആശയധാരക്ക് പിന്നിലുള്ള  ബുദ്ധിജീവികളുടെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമാണിത്. യാതൊരുവിധ ശാസ്ത്രീയമായ പഠനങ്ങളും നടക്കാത്ത, നടത്താന്‍ സമ്മതിക്കാത്ത ആശയം.
എതിര്‍വര്‍ഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുധാരണയെ തകര്‍ക്കണം എന്ന ലക്ഷ്യമുണ്ട്; ആ ലക്ഷ്യത്തിലേക്ക് ലോകത്തെ കൊണ്ടുപോകണം എന്ന ആശയവുമുണ്ട്; അതിന്ന്  ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വസ്ത്രം അടിച്ചേല്‍പ്പിക്കണമെന്ന ചിന്തയുമുണ്ട്. ഈ ലക്ഷ്യമോ ആശയമോ ചിന്തയോ ശാസ്ത്രീയമാണോ? അവയാണ് ശരിയെന്ന് വല്ല പഠനങ്ങളും തെളിയിച്ചിട്ടുണ്ടോ? വസ്തുനിഷ്ഠമായ വല്ല സ്ഥിതിവിവരക്കണക്കുകളും അവയെ സ്ഥാപിക്കുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. പക്ഷെ അങ്ങനെ ഉത്തരം പറയാന്‍ പോലും സമ്മതിക്കാത്ത, പറഞ്ഞാല്‍ ട്രാന്‍സ്ഫോബിക് എന്ന് മുദ്ര കുത്തി നിയമനടപടികള്‍ക്ക് വിധയമാക്കാന്‍ വരെ ധൃഷ്ടമാകും വിധം ശക്തമാണ് ഇന്ന് ജെന്‍ഡര്‍ പൊളിറ്റിക്‌സ്. അത് കേരളത്തിന്റെ അധികാരഘടനയിലും സ്വാധീനമുറപ്പിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് 2021 ഡിസംബര്‍ 15-ന് സാമൂഹികനീതി വകുപ്പു മന്ത്രി നടത്തിയ പ്രസ്താവനയില്‍ കാണുന്നത്. അധാര്‍മികതകളുടെ കൂത്തരങ്ങാക്കാന്‍ കേരളത്തെ ഒരുക്കിക്കൊടുക്കുന്നതാണ്  ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നിര്‍ബന്ധിക്കുന്ന നടപടിയെന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ് അതിന്നെതിരെ ശബ്ദിക്കുന്നത്. സ്വതന്ത്രലൈംഗികതയുടെ ദംഷ്ട്രങ്ങളാല്‍  ലോകരാഷ്ട്രങ്ങളെ  ഞെരിച്ചുകൊണ്ടിരിക്കുന്ന  ജെന്‍ഡര്‍ പൊളിറ്റിക്‌സ് കേരളത്തിന്റെ ധാര്‍മികതയെയും തകര്‍ക്കുമെന്ന് അത് സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്ന നാടുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ മനസ്സിലാക്കിത്തരുന്നു എന്നതിനാലുമാണ് ഈ എതിര്‍പ്പ്. ജെന്‍ഡര്‍ പൊളിറ്റിക്‌സ് ചെയ്യുന്നതെല്ലാം മാനവികമാണെന്ന് വരുത്താനായി അവര്‍ ഉപയോഗിക്കുന്ന സിദ്ധാന്തങ്ങളാണ് ജെന്‍ഡര്‍ തിയറി (ഏലിറലൃ ഠവലീൃ്യ)യും ക്വിയര്‍ തിയറി(ഝൗലലൃ ഠവലീൃ്യ)യും. ഇവയെന്താണെന്ന് അറിയുമ്പോഴാണ്  ജെന്‍ഡര്‍ പൊളിറ്റിക്‌സിനെയും അതിന്റെ അജണ്ടയായ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെയും കുറിച്ച് ശരിക്കും മനസ്സിലാവുക.

എന്താണ് ജെന്‍ഡര്‍ തിയറി?

പുരുഷന്‍, സ്ത്രീ എന്നീ സ്വത്വങ്ങള്‍ കേവലം ലൈംഗികാവയവങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതല്ലെന്നും ഓരോരുത്തര്‍ക്കും തങ്ങള്‍ എന്തായാണോ തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ലിംഗസ്വത്വം നിര്‍ണയിക്കേണ്ടത് എന്നും പ്രഖ്യാപിക്കുന്ന സിദ്ധാന്തമാണ് ജെന്‍ഡര്‍ തിയറി. ജീവശാസ്ത്രത്തിന്റെയോ, മനുഷ്യശരീരശാസ്ത്രത്തിന്റെയോ, നാഡീശാസ്ത്രത്തിന്റെയോ, അന്തഃസ്രാവശാസ്ത്രത്തിന്റെയോ മനഃശാസ്ത്രത്തിന്റെയോ യാതൊരുവിധ പിന്‍ബലവുമില്ലാതെ, ചിലരുടെ വൈയക്തികമായ  തോന്നലുകളുടെ മാത്രം അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള തികച്ചും ഊഹാധിഷ്ഠിതമായ ഒരു തീര്‍പ്പാണെങ്കിലും എന്തുകൊണ്ടാണിത് ഒരു സിദ്ധാന്തമായി അറിയപ്പെടുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ജെന്‍ഡര്‍ പൊളിറ്റിക്‌സ് അത്രയ്ക്കും ശക്തമാണ് എന്നാണ്; അങ്ങനെ പറയാതിരുന്നാല്‍ നിങ്ങള്‍ക്ക് ശാസ്ത്രം പറയാന്‍ അര്‍ഹതയില്ലെന്ന് എല്‍ജിബിറ്റി ആക്ടിവിസ്റ്റുകള്‍ തീരുമാനിച്ചുകളയും എന്നതാണ്.
ജെന്‍ഡര്‍ തിയറിയെ ഇങ്ങനെ സംക്ഷേപിക്കാം: ലിംഗം(Sex), ലിംഗത്വം(Gender), ലൈംഗികത(Sexuality) എന്നിവ മൂന്നും സ്വതന്ത്രങ്ങളായ മൂന്ന് സ്വത്വങ്ങളാണ്.  ലൈംഗികാവയവങ്ങള്‍ ലിംഗത്തെ(Sex) മാത്രമാണ് അടയാളപ്പെടുത്തുന്നത്; ബാഹ്യമായി ഏത് ലിംഗമുള്ളയാളാണെങ്കിലും ഒരാള്‍ക്ക് ഏത് ലിംഗത്തിലുള്ളയാളായാണോ സ്വയം തോന്നുന്നത്  അതാണ് അയാളുടെ ലിംഗത്വം (Gender). ആന്തരികമായി ഏത് ലിംഗത്വത്തിലുള്‍പ്പെടുന്നയാളാണെങ്കിലും ആരോടാണോ അയാള്‍ക്ക് ലൈംഗികാകര്‍ഷണം തോന്നുന്നത് അതാണ് അയാളുടെ ലൈംഗികത (Sexuality). പുരുഷന്‍, സ്ത്രീ, ഉഭയലിംഗി (Intersex) എന്നിവയാണ് ജീവശാസ്ത്രപരമായി വേര്‍തിരിക്കാന്‍ കഴിയുന്ന ലിംഗങ്ങള്‍. വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് തോന്നുന്നതെന്താണോ അതാണ് ലിംഗത്വം. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികതയും  ഒന്ന് തന്നെയാണെങ്കില്‍ അവരെ സമാനലിംഗത്വമുള്ളവര്‍ (Cisgender) എന്നും അല്ലെങ്കില്‍ അവരെ അപരലിംഗത്വമുള്ളവര്‍ (Transgender) എന്നും വിളിക്കാം.  ഇതാണ് അവരുടെ ലിംഗത്വം. ശരീരവും മനസ്സും ഒരേപോലെ പുരുഷനോ സ്ത്രീയോ ആയവരുടെ സ്വത്വം  സിസ്‌ജെന്‍ഡറും, ശരീരം സ്ത്രീയുടേതും മനസ്സ് പുരുഷന്റേതുമോ തിരിച്ചോ ആണെങ്കില്‍ അവരുടെത് ട്രാന്‍സ്‌ജെന്‍ഡറും ആയാണ് പരിഗണിക്കപ്പെടുക. ലിംഗത്വത്തിന്റെ വര്‍ണ്ണരാജിയില്‍ (Gender Spectrum) ഒരു തലയില്‍ ആണത്വമുള്ളവരും  മറു തലയില്‍ പെണ്ണത്വമുള്ളവരുമാണെങ്കില്‍ അവയ്ക്കിടയില്‍ നടുവിലായാണ്  അപരലിംഗത്വമുള്ളവരുടെ സ്ഥാനം. ഇവയ്ക്കിടയില്‍ വ്യത്യസ്ത അനുപാതത്തിലായി വ്യത്യസ്ത ലിംഗത്വമുള്ളവരുണ്ടാകും.
ലിംഗത്വത്തിന്റെ അടിസ്ഥാനം കേവലം തോന്നലുകള്‍ മാത്രമാണ്. ശരീരാവയവങ്ങളും മസ്തിഷ്‌കപ്രവര്‍ത്തനങ്ങളും അന്തസ്രാവവ്യവസ്ഥയുമെല്ലാം സ്ത്രീയുടേതാണെങ്കിലും ഒരാള്‍ക്ക് താന്‍ പുരുഷനാണ് എന്ന് തോന്നുന്നുവെങ്കില്‍ അയാള്‍ക്ക് പുരുഷനെ പോലെ ജീവിക്കാന്‍ അവകാശമുണ്ട് എന്നാണ് ജെന്‍ഡര്‍ തിയറി പഠിപ്പിക്കുന്നത്. തോന്നുന്നതിനനുസരിച്ച് തങ്ങളുടെ സ്വത്വം തെരഞ്ഞെടുക്കാന്‍ കഴിയുമ്പോഴാണ് ഒരാള്‍ക്ക് ലിംഗത്വസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടുവെന്ന് പറയാനാകൂ. അങ്ങനെ കഴിയണമെങ്കില്‍ അവരെ ചെറുപ്പം മുതല്‍ ആണോ പെണ്ണോ എന്ന് വ്യതിരിക്തമായി മനസ്സിലാക്കാന്‍ കഴിയാത്ത രൂപത്തില്‍ വളര്‍ത്തണം. സ്വന്തം സ്വത്വം അനുഭവങ്ങളില്‍ നിന്ന് മാത്രമാണ് ഒരാള്‍ തിരിച്ചറിയുന്നത്. പ്രായപൂര്‍ത്തിയെത്തിയ ശേഷം മാത്രമാണ് ഒരാള്‍ക്ക് തന്റെ ലിംഗത്വം നിര്‍ണയിക്കാന്‍ കഴിയുക. അതിനാല്‍ അതുവരെയെങ്കിലും അവര്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത രൂപത്തില്‍ വളര്‍ത്തപ്പെടണം.
പ്രായപൂര്‍ത്തിയെത്തിയ ശേഷം ഓരോരുത്തര്‍ക്കും തങ്ങള്‍ എന്താണെന്ന് തീരുമാനിക്കുവാനും അതിനനുസരിച്ച് ജീവിക്കുവാനും കഴിയണം. ഇങ്ങനെയെല്ലാം സിദ്ധാന്തിക്കുന്ന ജെന്‍ഡര്‍ തിയറി 1980-കളിലാണ് രൂപം കൊണ്ടതെങ്കിലും 1986-ല്‍ അന്തരിച്ച  പ്രസിദ്ധ ഫെമിനിസ്റ്റ് ദാര്‍ശനിക സിമോണ്‍ ഡി ബൊവ്വയുടെ രചനകളിലാണ് അതിന്റെ വേരുകള്‍ കാണാനാവുക. 'ഒരാളും സ്ത്രീയായി ജനിക്കുന്നില്ല; അങ്ങനെ ആയിത്തീരുകയാണ്' (One is not born a woman, but becomes one) എന്നെഴുതിയത്  അവരാണല്ലോ.

എന്താണ് ക്വിയര്‍ തിയറി?

ജീവശാസ്ത്രപരമായ ലിംഗവും (Biological Sex) ലൈംഗികതയും (Sexuality) തമ്മില്‍ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികത തീരുമാനിക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമര്‍ഥിക്കുന്ന, ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ഭാഗമായി 1990-കളില്‍ നിലവില്‍ വന്ന സിദ്ധാന്തമാണ് ക്വിയര്‍ തിയറി. മഴവില്ലിലെ വര്‍ണ്ണരാജി പോലെ വ്യത്യസ്തമായ അഭിനിവേശങ്ങളുള്‍ക്കൊള്ളുന്ന വലിയൊരു വര്‍ണ്ണരാജിയാണ് ലൈംഗികതയുടേതെന്നും ഓരോരുത്തരുടെയും ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ജീവശാസ്ത്രപരമായ ലിംഗം, ലിംഗത്വസ്വത്വം (Gender Identity), ലൈംഗികാവിഷ്‌കാരം (Gender Expression), ലൈംഗികാഭിനിവേശം (Sexual Orientation) എന്നീ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ക്വിയര്‍ തിയറി പറയുന്നു. ജെന്‍ഡര്‍ തിയറി പ്രധാനമായും കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത തരം ലിംഗത്വങ്ങളെയാണെങ്കില്‍ ക്വിയര്‍ തിയറി കാര്യമായി  സംസാരിക്കുന്നത് വ്യത്യസ്ത തരം ലൈംഗികാഭിനിവേശങ്ങളെക്കുറിച്ചാണ്.
മനുഷ്യശരീരശാസ്ത്രത്തിന്റെയോ, നാഡീശാസ്ത്രത്തിന്റെയോ, അന്തഃസ്രാവശാസ്ത്രത്തിന്റെയോ പിന്‍ബലമൊന്നുമില്ലാത്ത ഊഹങ്ങളാല്‍ നിറയ്ക്കപ്പെട്ടവ തന്നെയാണ് ജെന്‍ഡര്‍ തിയറിയെപ്പോലെ ഈ സിദ്ധാന്തവും. എന്നാല്‍ ജീവജാലങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള ലൈംഗികാഭിനിവേശങ്ങളുണ്ടെന്നും അവയ്ക്കനുസൃതമായ ജീനുകളെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് ക്വിയര്‍ തിയറി ശാസ്ത്രീയമാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കാറുണ്ട്. ജീവജാലങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് തെറ്റിദ്ധരിക്കുന്ന ലൈംഗീകാഭിനിവേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവ പ്രകടിപ്പിക്കുന്ന ജീവിവര്‍ഗത്തിന്റെ ലൈംഗികതയല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും സ്വവര്‍ഗാനുരാഗത്തിന്റെ ജീന്‍ കണ്ടുപിടിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നുമെല്ലാമുള്ള പഠനങ്ങള്‍ ശാസ്ത്രലോകത്ത് നടന്നിട്ടുണ്ട്. എന്നാല്‍ അത്തരം പഠനങ്ങളൊന്നും പ്രസിദ്ധീകരിക്കാന്‍ പോലും അനുവദിക്കാത്തത്രയും ശക്തമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്. സ്വവര്‍ഗാനുരാഗം മുതല്‍ ശിശുരതി വരെയുള്ളവയെല്ലാം പ്രകൃതിപരമാണ് എന്ന ആശയത്തെ ചോദ്യം ചെയ്യുന്ന പഠനങ്ങളെയൊന്നും അംഗീകരിക്കാന്‍ എല്‍ജിബിറ്റി ആക്ടിവിസ്റ്റുകള്‍ സന്നദ്ധരല്ല. ഗോളിയായി നില്‍ക്കാന്‍ ആരെയും അനുവദിക്കാതെ, അതേ  പോസ്റ്റിലേക്ക് ഗോളുകള്‍ അടിച്ചുകയറ്റി ശാസ്ത്രീയമാക്കിത്തീര്‍ത്ത സിദ്ധാന്തമാണ് ക്വിയര്‍ തിയറി. വൈയക്തികമായ ലൈംഗിക ചോദനകളുടെ  മാത്രം അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള തികച്ചും ഊഹാധിഷ്ഠിതമായ ഒരു തീര്‍പ്പാണെങ്കിലും ഇതും ഒരു സിദ്ധാന്തമായാണ്  അറിയപ്പെടുക. അല്ലെന്ന് പറയുന്നവര്‍ ഹോമോഫോബിക് ആയി മുദ്രകുത്തപ്പെടുകയും ശാസ്ത്രലോകത്ത്  തന്നെ  ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യും. ജെന്‍ഡര്‍ പൊളിറ്റിക്‌സ് അത്രയ്ക്കും ശക്തമാണ്.
ക്വിയര്‍ തിയറിയെ ഇങ്ങനെ സംക്ഷേപിക്കാം: ഒരാളുടെ ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ഒന്നാമതായി ജീവശാസ്ത്രപരമായ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ലിംഗവൈവിധ്യത്തിന്റെ വര്‍ണ്ണരാജി(Sex Spectrum)യുടെ രണ്ടറ്റത്ത്  പുരുഷന്‍, സ്ത്രീ എന്നിവയും നടുവില്‍ ഉഭയലിംഗി(Intersex)യും  നില്‍ക്കുന്നു. ഇതിന്നിടയില്‍ ജീവശാസ്ത്രപരമായിത്തന്നെ വ്യത്യസ്തങ്ങളായ ലിംഗാവസ്ഥകളുണ്ട്. ലൈംഗികത തീരുമാനിക്കുന്നത് രണ്ടാമതായി അയാളുടെ ലിംഗത്വ(Gender)ത്തിന്റെ അടിസ്ഥാനത്തിലാണ്. വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് തോന്നുന്നതെന്താണോ അതാണ് ലിംഗത്വം. അതുമായി ബന്ധപ്പെട്ട വിശകലനത്തില്‍ ജെന്‍ഡര്‍ തിയറിയെ അതേപോലെ സ്വീകരിക്കുകയാണ് ക്വിയര്‍ തിയറി ചെയ്യുന്നത്. ലൈംഗികതാതീരുമാനത്തിന്റെ മൂന്നാമത്തെ ഘടകം അയാളുടെ ലൈംഗികാവിഷ്‌കാരമാണ്. അതിന്റെ വര്‍ണ്ണരാജിയില്‍ പുരുഷത്വം (Masculinity), സ്ത്രീത്വം (Feminity) എന്നിവ രണ്ട് അറ്റങ്ങളിലും  ദ്വിലിംഗത്വം (Androgynous) നടുവിലുമാണുള്ളത്. പുരുഷശരീരത്തില്‍ സ്‌ത്രൈണഭാവങ്ങളുണ്ടാവുന്നതും തിരിച്ചും ദ്വിലിംഗത്വമായാണ് പരിഗണിക്കപ്പെടുക. അതിന്റെ തോതനുസരിച്ചാണ്  ലൈംഗികാവിഷ്‌കാരത്തിന്റെ വര്‍ണ്ണരാജിയില്‍ ഒരാളുടെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുക.
ഒരാളുടെ ലൈംഗികതയെങ്ങനെയുള്ളതാണെന്ന് തീരുമാനിക്കുന്നതിന്റെ നാലാമത്തെ ഘടകമാണ് ലൈംഗികാഭിനിവേശം. ലൈംഗികതാതീരുമാനത്തിന്റെ നാല് ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്. ഒരാള്‍ക്ക് ആരോടാണോ ലൈംഗിക താല്‍പര്യം തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ ലൈംഗികാഭിനിവേശം തീരുമാനിക്കപ്പെടുക. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികാഭിനിവേശവും ഒന്ന് തന്നെയാണെങ്കില്‍ അയാള്‍ എതിര്‍വര്‍ഗപ്രണയിയും (Heterosexual) രണ്ടാണെങ്കില്‍ അയാള്‍ സ്വവര്‍ഗപ്രണയിയും (Homosexual) ആണ്. ലൈംഗികാഭിനിവേശത്തിന്റെ വര്‍ണരാജിയിലെ രണ്ട് അറ്റത്താണ് എതിര്‍വര്‍ഗപ്രണയിയും സ്വവര്‍ഗപ്രണയിയുമുള്ളത്. നടുവിലായി ദ്വിവര്‍ഗപ്രണയി(Bisexual)യുണ്ട്. പുരുഷനെ കാമിക്കുന്ന സ്ത്രീ എതിര്‍വര്‍ഗപ്രണയിയും, സ്ത്രീയെ കാമിക്കുന്ന സ്ത്രീ സ്വവര്‍ഗ്ഗപ്രണയിയും, പുരുഷനെയും സ്ത്രീയെയും ഒരേപോലെ കാമിക്കുന്ന സ്ത്രീ ദ്വിവര്‍ഗപ്രണയിയുമാണ്. മഴവില്ലിലെ വര്‍ണ്ണരാജിയിലെ നിറങ്ങളെപ്പോലെ എതിര്‍വര്‍ഗപ്രണയിക്കും  സ്വവര്‍ഗപ്രണയിക്കുമിടയില്‍ പലതരം ലൈംഗികാഭിനിവേശങ്ങളുണ്ട്. അവയെ മൊത്തത്തില്‍ വിളിക്കുന്ന പേരാണ് ക്വിയര്‍. മറ്റുള്ളവര്‍ക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും അത്തരം അഭിരുചികളുള്ളവര്‍ക്ക് അവ സംതൃപ്തദായകമായതിനാല്‍ അവയും പ്രകൃതിപരമാണ്. ഏതൊക്കെ തരം ലൈംഗികാഭിരുചികളാണ് ലൈംഗികാഭിനിവേശത്തിന്റെ രാജിയിലുള്ളതെന്ന് ഇന്നും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. അതിനാല്‍ ഈ സ്‌പെക്ട്രത്തെ വിളിക്കുക LGBTQIA+എന്നാണ്. +ചിഹ്നം സൂചിപ്പിക്കുന്നത്  ലൈംഗികാഭിനിവേശത്തിന്റെ രാജിയില്‍ കൂട്ടിച്ചേര്‍ക്കേണ്ടവയെയാണ്. ആ കൂട്ടിച്ചേര്‍ക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
LGBTQIA+ വര്‍ണ്ണരാജിയിലെ എല്ലാ വര്‍ണ്ണങ്ങളും ആസ്വദിക്കുവാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് ക്വിയര്‍ തിയറി സിദ്ധാന്തിക്കുന്നു. ഏതാണ് ആസ്വദിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് വ്യക്തിയാണ്. അയാള്‍ക്ക് എന്തിനോടാണോ താല്‍പര്യം തോന്നുന്നത് അത് ആസ്വദിക്കുകയാണ് വേണ്ടത്. അതിനുള്ള സ്വാതന്ത്ര്യമുണ്ടാകണം; യാതൊരു തരത്തിലുള്ള വിവേചനവുമുണ്ടായിക്കൂടാ. എതിര്‍വര്‍ഗപ്രണയമാണ് സ്വാഭാവികമെന്ന ചിന്ത (Heteronormative) സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം ആ സ്വാതന്ത്ര്യം തടയപ്പെടും. അതില്ലാതെയാകണമെങ്കില്‍ എതിര്‍വര്‍ഗപ്രണയത്തെപ്പോലെത്തന്നെ സ്വാഭാവികമാണ് LGBTQIA+ വര്‍ണ്ണരാജിയിലെ എല്ലാതരം ലൈംഗികാഭിനിവേശങ്ങളും എന്ന് ചിന്തിക്കുന്ന സമൂഹം വളര്‍ന്നു വരണം. സ്വന്തം ലൈംഗികാഭിനിവേശമെന്താണെന്ന്  സ്വബോധത്തോടെ തീരുമാനിക്കുന്നതിന് മുമ്പ് സാഹചര്യങ്ങളാല്‍ തീരുമാനിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. എതിര്‍വര്‍ഗപ്രണയമാണ് സ്വാഭാവികമെന്ന ചിന്തയുണ്ടാക്കുന്നത് പ്രധാനമായും ചെറുപ്പത്തിലെ അനുഭവങ്ങളാണ്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും അവരുടെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കപ്പെടുന്ന ചെറുപ്പകാലാനുഭവങ്ങള്‍ അവരുടെ സ്വാഭാവികമായ  ലൈംഗികാഭിനിവേശത്തെ തടഞ്ഞുവെക്കുന്നതിന് പ്രേരിപ്പിക്കും. അങ്ങനെ അല്ലാത്ത സാഹചര്യമുണ്ടാകണം. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമാണ് ഈ രംഗത്തെ പ്രധാനപ്പെട്ട വില്ലന്മാര്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരം വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും നല്‍കി വളര്‍ത്താന്‍ കഴിഞ്ഞാല്‍ ചെറുപ്പത്തില്‍ അവര്‍ക്ക് സ്വന്തം ലൈംഗികസ്വത്വം തിരിച്ചറിയാന്‍ കഴിയില്ല. ലൈംഗികചോദനകള്‍ മുള പൊട്ടാന്‍ തുടങ്ങുമ്പോള്‍ തങ്ങളുടെ ലൈംഗികാഭിനിവേശം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിക്കാനും അവര്‍ക്ക് കഴിയും. അയാള്‍ക്ക് ഒന്നിലധികം ലൈംഗികാഭിനിവേശങ്ങളുണ്ടെങ്കില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനും പ്രയാസമൊന്നുമുണ്ടാവില്ല. ഇങ്ങനെ മാറാന്‍ കഴിയുമെന്ന് (Gender Fluidity) തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇങ്ങനെയെല്ലാമാണ് ക്വിയര്‍ തിയറി സമര്‍ഥിക്കുന്നത്.

എന്താണ് ജെന്‍ഡര്‍ ഫ്‌ലൂയിഡിറ്റി?

ലിംഗത്വത്തിന്റെയും ലൈംഗികതയുടെയും  വര്‍ണ്ണരാജികളില്‍  ഏതെങ്കിലുമൊരു  നിറത്തിലാണ് ഒരാള്‍ എങ്കില്‍ എപ്പോഴും അയാള്‍ ആ നിറത്തില്‍ തന്നെ ആയിക്കൊള്ളണമെന്നില്ല എന്ന തത്ത്വത്തെ ദ്യോതിപ്പിക്കുന്ന പ്രയോഗങ്ങളാണ് ലൈംഗിക വഴക്കം (Sexual Fluidity),   ലിംഗത്വവഴക്കം (Gender Fluidity) എന്നിവ. വര്‍ണരാജിയില്‍ ക്ലിപ്തമായ നിറങ്ങള്‍ മാത്രമല്ല ഉള്ളത്, നിറങ്ങളുടെ മിശ്രിതം കൂടിയുണ്ട്. ഒരു മിശ്രിതത്തിലൂടെയാണ് ഒരു നിറം അടുത്ത നിറമായിത്തീരുന്നത്. ആ മിശ്രിതത്തില്‍ തന്നെ വ്യത്യസ്ത അനുപാതത്തിലുള്ള ചേരുവകളുണ്ട്.
ലൈംഗിക വഴക്കം (Sexual Fluidity) ഒരാള്‍ക്ക് വ്യത്യസ്തമായ ലൈംഗികാഭിനിവേശങ്ങള്‍ ഉണ്ടാകാവുന്നതാണ് എന്ന് സൂചിപ്പിക്കുന്ന പ്രയോഗമാണ്. ഒരു അഭിനിവേശത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നത് സ്വാഭാവികമാണ്. വഴക്കമുള്ളതാണ് ലൈംഗികതയെന്നത് പ്രകൃതിനിയമമായതിനാല്‍ ആ ചാട്ടം അസ്വാഭാവികമാണെന്നോ അധാര്‍മ്മികമാണെന്നോ പറയാന്‍ പറ്റുകയില്ല. രാവിലെ ഹെറ്ററോ സെക്ഷ്വല്‍ ആയ ഒരാള്‍ വൈകുന്നേരം ഹോമോ സെക്ഷ്വലും പിറ്റേന്ന് രാവിലെ ബൈ സെക്ഷ്വലുമാകാമെന്നാണ് സെക്ഷ്വല്‍ ഫ്‌ലൂയിഡിറ്റിയെന്ന പ്രയോഗം അര്‍ഥമാക്കുന്നത്. സെക്ഷ്വല്‍  ഫ്‌ലൂയിഡിറ്റിയുള്ളതിനാല്‍ ആരുടെയും ലൈംഗികാഭിനിവേശം വാര്‍പ്പുപോലെ മാറാത്തതാണെന്ന് പറയാനാവില്ല. അത് മാറുന്നവരുണ്ട്; മാറാത്തവരുമുണ്ട്. രണ്ടും സ്വാഭാവികമാണ്. അതിനാല്‍ ഇന്നലെ വരെ സ്വവര്‍ഗാനുരാഗിയായിരുന്ന ഒരാള്‍ ഇന്ന് എതിര്‍വര്‍ഗാനുരാഗിയായാല്‍ അതില്‍ അസ്വാഭാവികതയൊന്നുമില്ല. അതിനനുസരിച്ച് അവരുടെ ലൈംഗിക ചോദനകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സ്ഥിതിയാണ് സൃഷ്ടിക്കപ്പെടേണ്ടത്. ചുരുക്കത്തില്‍ ആര്‍ക്കും ഏത് രൂപത്തിലുള്ള ലൈംഗികതയും ആസ്വദിക്കുവാനുള്ള അവസരമുണ്ടാകുന്ന രീതിയില്‍ സാമൂഹ്യഘടനയെ ഉടച്ച് വര്‍ക്കുമ്പോള്‍ മാത്രമേ  സെക്ഷ്വല്‍ ഫ്‌ലൂയിഡിറ്റിയുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയുള്ളൂ.
ലൈംഗികാഭിനിവേശത്തിന് മാത്രമല്ല ഫ്‌ലൂയിഡിറ്റിയുള്ളത്; ലിംഗത്വത്തിനുമുണ്ട്. ലിംഗത്വവഴക്കം (Gender Fluidity) എന്ന ശബ്ദം പ്രതിനിധീകരിക്കുന്ന ആശയമതാണ്. രാവിലെ പെണ്ണാണെന്ന് തോന്നുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ വൈകുന്നേരം പുരുഷനാണെന്ന് തോന്നാം. അങ്ങനെ തോന്നുമ്പോള്‍ അവര്‍ക്ക് മാറാന്‍ കഴിയുന്നതാകണം ഒരാളുടെ സ്വത്വം. ലിംഗത്വ സ്വത്വം മാറാന്‍ കഴിയുകയെന്നത് ഒരാളുടെ ലൈംഗികാവകാശമാണ്. ആഗ്രഹിക്കുമ്പോഴെല്ലാം ലിംഗത്വം  മാറാന്‍ കഴിയുന്ന ഒരു സാമൂഹികസംവിധാനമാണ് ആത്യന്തികമായി മനുഷ്യര്‍ക്കാവശ്യം. ലിംഗമാറ്റശസ്ത്രക്രിയയെ ഇന്ന് ന്യായീകരിക്കുന്നത് ട്രാന്‍സ്ജെന്‍ഡറുകളുടെ ദുരിതങ്ങളുടെ കാരണം പറഞ്ഞുകൊണ്ടാണ്. ലിംഗമാറ്റ ശസ്ത്രക്രിയ ഇപ്പോഴും പൂര്‍ണ്ണമായും വിജയം കണ്ടിട്ടില്ല. അങ്ങനെ ചെയ്തവരില്‍ ചിലര്‍ക്ക് തങ്ങളുടെ പഴയ സ്വത്വത്തിലേക്ക് മാറണമെന്ന്  ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്ന് കഴിയുന്നില്ല. ശസ്ത്രക്രിയ വഴി ലൈംഗികമായ ചോദനകള്‍ ശമിപ്പിക്കുവാന്‍ കഴിയുന്ന രൂപത്തിലുള്ള ലിംഗമാറ്റം ഇതേവരെ സാധിച്ചിട്ടില്ല. എന്നിട്ടുപോലും പാശ്ചാത്യ നാടുകളില്‍ അത്തരം ശസ്ത്രക്രിയകള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു; ഇന്ത്യയിലും ഇപ്പോള്‍ ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുണ്ട്; നമ്മുടെ കേരളത്തിലുമുണ്ട്. ശസ്ത്രക്രിയ വളരെ ചെലവേറിയതാണ്.  ചെലവേറെയുള്ള സര്‍ജറിയില്‍ നിന്ന് മരുന്നുകള്‍ വഴി ലിംഗമാറ്റം സാധ്യമാക്കി  കുറഞ്ഞ ചെലവില്‍ ലിംഗമാറ്റം സാധ്യമാകുന്ന നല്ല നാളെയെ സ്വപ്‌നം കാണുന്നവരാണ് ക്വിയര്‍ തിയറിയുടെ വക്താക്കള്‍.
അവിടെയും നില്‍ക്കുന്നില്ല  ക്വിയര്‍ തിയറിസ്റ്റുകളുടെ  സ്വപ്‌നം. ബാലരതി (Pedophilia)യടക്കമുള്ള സകലവിധ ലൈംഗികതകളെയും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ് അവരുടെ ലക്ഷ്യം. ജെന്‍ഡര്‍ തിയറിയുടെ ഉപജ്ഞാതാവായ ജോണ്‍ മണിയും  ക്വിയര്‍ തിയറിയുടെ ആചാര്യനായ മൈക്കല്‍ ഫൊക്കോള്‍ട്ടും ബാലരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടവരാണ്. ബലാല്‍ക്കാരമില്ലാതെയും കുട്ടികളുടെ സമ്പൂര്‍ണ്ണമായ സമ്മതത്തോടെയുമാണെങ്കില്‍  അവരുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്ന് തുറന്ന് പറഞ്ഞവരാണിവര്‍. പതിനഞ്ച് വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെതിരെ ഫ്രാന്‍സിലുണ്ടായിരുന്ന നിയമം തിരുത്തുകയും കുട്ടികളുടെ സമ്മതത്തോടെ അവരുമായി രതിയിലേര്‍പ്പെടാന്‍ ഫ്രഞ്ചുകാര്‍ക്ക് അവകാശം നല്‍കുകയും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് 1977-ല്‍ ഫ്രഞ്ച് പാര്‍ലിമെന്റിന് നല്‍കിയ നിവേദനത്തില്‍ ഒന്നാമതായി ഒപ്പു വെച്ചത്  മൈക്കല്‍ ഫൊക്കോള്‍ട്ടായിരുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവര്‍ക്കെതിരെ 1977-ലും 1979-ലും  ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസുകളെടുത്തപ്പോള്‍ അവയെ  ചോദ്യം ചെയ്തുകൊണ്ട് ഫ്രഞ്ച് പത്രങ്ങളില്‍ തുറന്ന കത്തുകളെഴുതിയതും ഈ നിവേദനം നല്‍കിയവര്‍  തന്നെയാണ്. പതിമൂന്നും പതിനാലും വയസ്സുള്ള നിരവധി ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളുമായും ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് പിടിക്കപ്പെട്ട മൂന്ന് പേരെ 1977-ല്‍  വിചാരണ ചെയ്യുന്നതിന് തലേന്നാണ് Le Monde പത്രത്തില്‍ അവരെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് 69 ബുദ്ധിജീവികളുടെ പേര് വെച്ചുകൊണ്ടുള്ള ഒന്നാമത്തെ തുറന്ന കത്ത് പ്രത്യക്ഷപ്പെട്ടത്.  ആറ് വയസ്സിനും പന്ത്രണ്ട് വയസ്സിനുമിടയിലുള്ള  പെണ്‍കുട്ടികളെ തന്റെ പങ്കാളികളാക്കിക്കൊണ്ട് ജീവിച്ച ജെറാള്‍ഡിന്റെ കുറ്റവിചാരണാ സന്ദര്‍ഭത്തില്‍, 1979-ല്‍ LibWpration പത്രത്തില്‍ 63 പേര്‍ ഒപ്പുവെച്ച രണ്ടാമത്തെ കത്തും പ്രത്യക്ഷപ്പെട്ടു. രണ്ടിന്റെയും മുന്നിലുണ്ടായിരുന്നത് ക്വിയര്‍  തിയറിയുടെ ആചാര്യന്‍മാര്‍  തന്നെ.  ജെന്‍ഡര്‍ പൊളിറ്റിക്‌സ് നമ്മെ എങ്ങോട്ടാണ് കൊണ്ടുപോവുകയെന്ന് വ്യക്തമാക്കുന്നതാണ് ക്വിയര്‍  തിയറിക്കാരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ തുറന്ന കത്തുകള്‍.
ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ആത്യന്തികമായ ലക്ഷ്യം  ആര്‍ക്കും എപ്പോഴും ലിംഗമാറ്റം നടത്താവുന്ന, ആര്‍ക്കും ഏതുരൂപത്തിലുമുള്ള ലൈംഗികതയും  ആസ്വദിക്കാന്‍ കഴിയുന്ന ഒരു സമൂഹനിര്‍മിതിയാണ്. ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കുകയെന്നാല്‍ അത്തരമൊരു സമൂഹനിര്‍മ്മിതി നടത്തുകയെന്നാണര്‍ത്ഥം. ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കുകയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം  നിര്‍ബന്ധിക്കുന്നത് വഴി തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു കഴിഞ്ഞു; എതിര്‍വര്‍ഗപ്രണയവും  സ്വവര്‍ഗ്ഗരതിയും ഉഭയവര്‍ഗാനുരാഗവും ശിശുകാമവും ശവഭോഗവും മൃഗസുരതവും അഗമ്യഗമനവുമെല്ലാം സ്വാഭാവിക ലൈംഗികപ്രവര്‍ത്തനങ്ങളായി അംഗീകരിക്കപ്പെടുന്ന, അവയോട് താല്‍പര്യമുള്ളവര്‍ക്ക് അവയെല്ലാം അനുഭവിക്കുവാന്‍ യാതൊരുവിധ സങ്കോചവും തോന്നേണ്ടതില്ലാത്ത ഒരു സാമൂഹികാന്തരീക്ഷത്തിന്റെ സൃഷ്ടിയാണ് ലക്ഷ്യം. ജെന്‍ഡര്‍- സെക്ഷ്വല്‍ ഫ്‌ലൂയിഡിറ്റി സ്വാഭാവികമാണെന്ന് അംഗീകരിക്കപ്പെട്ടാലേ അത് കഴിയൂ. ജെന്‍ഡര്‍- സെക്ഷ്വല്‍  ഫ്‌ലൂയിഡിറ്റികളിലേക്ക് മസ്തിഷ്‌കപ്രക്ഷാളനം നടത്തുന്നതിന്റെ ഒന്നാം ഘട്ടമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്നാണ് ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അതിന്നര്‍ഥം.  അതുകൊണ്ടാണ് ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ള വസ്ത്രം അടിച്ചേല്‍പ്പിക്കുന്നതിനെ ധാര്‍മ്മികബോധമുള്ളവര്‍ എതിര്‍ക്കുന്നത്.  
(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌