Prabodhanm Weekly

Pages

Search

2012 മെയ് 12

അഞ്ചാംമന്ത്രി വിവാദത്തില്‍ കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍

എ.പി അബ്ദുല്‍ വഹാബ്

1967-ല്‍ ഇ.എം.എസ് മന്ത്രിസഭയിലാണ് ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗിന് മന്ത്രിപദവികള്‍ ലഭിക്കുന്നത്. രണ്ട് മന്ത്രിമാരായിരുന്നു അന്ന് ലീഗിനുണ്ടായിരുന്നത്. സി.എച്ച് മുഹമ്മദ് കോയയും അഹ്മദ് കുരിക്കളും. 1982 വരെ രണ്ട് മന്ത്രിമാരെന്ന നിലയിലാണ് ലീഗ് മുന്നോട്ട് പോയത്. രണ്ട് മന്ത്രിമാരെ വെച്ചുകൊണ്ടുതന്നെ സുപ്രധാനമായ ഭരണനേട്ടങ്ങളുണ്ടാക്കാന്‍ ലീഗിന് സാധിച്ചു. 1968-ലാണ് കാലിക്കറ്റ് സര്‍വകലാശാല പിറവികൊണ്ടത്. കോഴിക്കോട്ടേക്കുള്ള യൂനിവേഴ്സിറ്റിയെ മലപ്പുറത്തെ തേഞ്ഞിപ്പലത്ത് കൊണ്ടുവന്ന് നട്ടതിന് ചില്ലറ പഴിയൊന്നുമല്ല അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ചിന് കേള്‍ക്കേണ്ടിവന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നേടത്താകണം അത് വേണ്ടതെന്നായിരുന്നു സി.എച്ചിന്റെ മറുപടി. കോഴിക്കോടെന്ന മധുര മനോഹരമായ തെളിമലയാളമുണ്ടായിട്ടും അറബിച്ചുവയുള്ള 'കാലിക്കൂത്ത്' തെരഞ്ഞുപിടിച്ചത് ദുരുദ്ദേശപരമാണെന്ന് മുഖപ്രസംഗമെഴുതിയ പത്രകേസരികള്‍ പോലുമുണ്ടായിരുന്നു അന്ന്. സി.എച്ച് അവിടെയും കൂസിയില്ല. 1969-ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ വിവാദത്തിന്റെ വെടിക്കെട്ട് തന്നെയായിരുന്നു. കോഴിക്കോട്, പാലക്കാട് ജില്ലകള്‍ക്കിടയിലെ കുന്നും കുഴിയും കാടും മേടും നിറഞ്ഞ 3530 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിനെ മലപ്പുറം ജില്ലയെന്ന് പേരിട്ട് വിളിച്ചപ്പോള്‍ ജനസംഘവും കോണ്‍ഗ്രസും ഒരുമിച്ചു നിന്നാണെതിര്‍ത്തത്. മുസ്ലിം ജനസാമാന്യം അട്ടിപ്പേറായി നില്‍ക്കുന്നൊരു ജില്ല വന്നാല്‍ രാജ്യസുരക്ഷ പോലും അപകടത്തിലാവുമെന്ന് പറഞ്ഞാണ് അന്ന് ദേശീയ കോണ്‍ഗ്രസ്സുകാരും ഭാരതീയ ജനസംഘവും കുരവയിട്ടത്. സര്‍ക്കാര്‍ കോണ്‍ഗ്രസ്സിന്റേതല്ലാത്തതുകൊണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സായതുകൊണ്ടും തെല്ലും കുലുക്കമില്ലാതെ തന്നെ ജില്ല പിറന്നു. രണ്ടേ രണ്ട് മന്ത്രിമാരായിരുന്നു ലീഗിനെ പ്രതിനിധീകരിച്ചുണ്ടായിരുന്നതെങ്കിലും അവര്‍ കാര്യങ്ങള്‍ ചോദിച്ചും പിടിച്ചും വാങ്ങുന്നുണ്ടെന്നായിരുന്നു അന്നത്തെ പ്രധാനമായൊരാരോപണം (കമ്യൂണിസ്റ് സര്‍ക്കാര്‍ മുസ്ലിം ന്യൂനപക്ഷത്തെ കൈയയഞ്ഞ് സഹായിക്കുകയാണ്എന്ന സ്ഥിരമായ ആരോപണം ജനസംഘം വക വേറെയും). 1970-ലാണ് നെട്ടൂര്‍ ദാമോദരന്‍ കമീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ട് മുസ്ലിം വിഭാഗത്തിന് 12 ശതമാനം സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. നേരത്തെ പത്തു ശതമാനമായിരുന്നത് ഇ.എം.എസ് സര്‍ക്കാര്‍ പന്ത്രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. മുസ്ലിംകള്‍ക്കെന്ന പോലെ ഈഴവര്‍ക്കും ഇപ്രകാരം രണ്ടു ശതമാനത്തിന്റെ വര്‍ധനവ് കിട്ടിയെങ്കിലും മറുപ്രചാരണത്തിന്റെ കാര്യമായ ഉന്നം മുസ്ലിം ലീഗും ഭരണം കൊണ്ടുണ്ടാക്കുന്ന നേട്ടങ്ങളുമായിരുന്നു.
അറബി ഭാഷാ പഠനത്തിന് ഉദാര നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴും ലീഗിന്റെ മന്ത്രിസഭാ പ്രാതിനിധ്യം രണ്ടേ രണ്ട് തന്നെ. ഏഴാം ക്ളാസ്സും മുന്‍ഷി ടെസ്റും പാസ്സായവര്‍ക്ക് സ്കൂളുകളില്‍ അറബി പഠിപ്പിക്കാമെന്ന വ്യവസ്ഥ വന്നപ്പോഴുണ്ടായ പരിഹാസപ്പെരുമഴ കുറച്ചൊന്നുമായിരുന്നില്ല നാട്ടില്‍. കുട നന്നാക്കിയും ബീഡിതെരച്ചും നടന്നിരുന്ന 'കാക്കാ'മാര്‍ സര്‍ക്കാര്‍ ശമ്പളക്കാരായെന്ന കെറുവ് രാഷ്ട്രീയായുധമാക്കി നടന്നത് മുഖ്യമായും കോണ്‍ഗ്രസ് കൂറ്റുകാര്‍ തന്നെ. സി.എച്ചിനും മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സിനുമായിരുന്നു ചീത്ത വിളിയത്രയും. മുസ്ലിം ലീഗ് ഭരണത്തിന്റെ നാലയലത്ത് പോലുമില്ലാതിരുന്ന കാലത്ത്, 1957-ല്‍, സമുദായത്തിന് കിട്ടിയ എണ്ണം പറഞ്ഞൊരു നേട്ടം വിട്ടുപോകാതിരിക്കാന്‍ പറയട്ടെ; പള്ളിയും മദ്റസയും നിര്‍മിക്കാന്‍ വിലക്കും നിയന്ത്രണവുമുണ്ടായിരുന്ന സ്ഥിതിവിശേഷം എടുത്തുകളയപ്പെട്ട കാര്യം. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതാണ് ഈ നിയന്ത്രണം. 1957-ലെ ഇ.എം.എസ് മന്ത്രിസഭ അതെടുത്തുകളഞ്ഞു. മദ്റസ ആരാധനാലയമല്ലെന്നും വിദ്യാഭ്യാസാവശ്യത്തിനുള്ളതാണെന്നും പ്രത്യേകം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇ.എം.എസ് സര്‍ക്കാര്‍ ഇതു സംബന്ധമായ ഉത്തരവിറക്കിയത്. വിധിവൈപരീത്യമെന്ന് പറയട്ടെ (മറ്റെന്തെങ്കിലും പ്രയോഗമായാലും കുഴപ്പമില്ല) പഴയ കാലത്തെ നിയന്ത്രണം അല്‍പം വീര്യം കുറഞ്ഞാണെങ്കിലും വീണ്ടും നടപ്പിലായിരിക്കുന്നു 2005 തൊട്ട്. പള്ളികള്‍ നിര്‍മിക്കണമെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ സമ്മതം വേണമെന്ന പുതിയ നിയമം വന്നത് കോണ്‍ഗ്രസ്സിന്റെ കാലത്ത്. മന്ത്രിസഭയിലാകട്ടെ, നാലു മന്ത്രിമാരും പോരാത്തതിനൊരു ചീഫ് വിപ്പും ലീഗിന്റെ അക്കൌണ്ടിലുള്ള സമയത്തും.
സമുദായ ക്വാട്ടയില്‍ ലീഗ് മന്ത്രിമാരുടെ എണ്ണം രണ്ടില്‍ ഒതുങ്ങിനിന്ന കാലത്ത് തന്നെയാണ് മലബാറില്‍ സമുദായ നേതൃത്വം മുന്‍കൈയെടുത്തും സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയും സ്കൂളുകളും കോളേജുകളും സ്ഥാപിക്കാന്‍ തുടങ്ങിയത്. മലബാറിലെ പ്രശസ്തമായ മുസ്ലിം കോളേജുകള്‍ സ്ഥാപിക്കപ്പെട്ടത് 1967-'75 കാലഘട്ടത്തിലാണ് (ഐക്യകേരള പിറവിക്ക് മുമ്പ് 1948-ല്‍ സ്ഥാപിക്കപ്പെട്ട ഫാറൂഖ് കോളേജ് ഇതിന്നപവാദം). പൊതു വിദ്യാഭ്യാസരംഗത്ത് മലബാര്‍ മേഖലയില്‍ വിശേഷിച്ചും എടുത്തു പിടിച്ച പ്രവര്‍ത്തനങ്ങള്‍ നടന്നതും' 75ന് മുമ്പുള്ള കാലത്തുതന്നെ. '82-ലാണ് മുസ്ലിം ലീഗ് പ്രാതിനിധ്യം രണ്ടില്‍നിന്ന് മൂന്നിലേക്ക് വര്‍ധിച്ചത്. '91 മുതല്‍ മുസ്ലിം ലീഗ് മന്ത്രിമാരുടെ എണ്ണം നാലായി. ആഗോളീകരണം പൊതുനയമായി മാറുകയും സ്വകാര്യവത്കരണവും സ്വാശ്രയവത്കരണവും സര്‍ക്കാര്‍ മേല്‍വിലാസത്തില്‍ ത്വരിതപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിലാണ് മലബാറില്‍ വിശേഷിച്ചും ഏറ്റവും കൂടുതല്‍ സ്വാശ്രയ വിദ്യാലയങ്ങള്‍ നിലവില്‍ വന്നത്. കാശുള്ളവന്‍ പഠിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് വിദ്യാഭ്യാസത്തിന്റെ മുഖം തിരിച്ചുവിട്ടതില്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്തുപോരുന്ന ലീഗിന് ഉത്തരവാദിത്വമില്ലെന്ന് പറയാനാവില്ലല്ലോ. മന്ത്രിമാരുടെ എണ്ണം കൂടിയപ്പോള്‍ സമുദായത്തിന് കിട്ടിയ 'പൊതുനന്മ'യില്‍ പെടുത്താവുന്നതാണ് സമുദായം വക കൂണ്‍പോലെ മുളച്ചുപൊങ്ങിയ സ്വാശ്രയ സ്ഥാപനങ്ങള്‍.
അഞ്ചാം മന്ത്രിസ്ഥാനം ലീഗ് വാങ്ങിയത് 'ഗണ്‍പോയിന്റി'ലാണെന്ന് പരസ്യമായി പറഞ്ഞത് ഒരു കോണ്‍ഗ്രസ് എം.എല്‍.എയാണ്. 'കഴുത്തില്‍ കത്തിവെച്ചാണ്' അത് നേടിയതെന്ന് യൂത്ത് കോണ്‍ഗ്രസ്സുകാരനായ മറ്റൊരു എം.എല്‍.എയും തുറന്നടിക്കുകയുണ്ടായി. 'ഭൂരിപക്ഷ സമുദായം കേരളം വിട്ടുപോകേണ്ടിവരുമോ'യെന്നാണ് എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍ ചോദിച്ചത്. അത്രക്ക് വാശിയും വക്കാണവും കാട്ടി തരപ്പെടുത്തിയ ഈ ചക്കരക്കുടം സമുദായത്തിന്റെ അക്കൌണ്ടിലാണെന്ന കാര്യത്തില്‍ രണ്ട് തരമില്ല. ഇത്രയും തരപ്പെടാന്‍ മഹാഭാഗ്യം സിദ്ധിച്ച മുസ്ലിം സമുദായത്തിന്റെ 'ട്രാക്ക് റിക്കാര്‍ഡ്' പുണ്യം നിറഞ്ഞതാകാതിരിക്കാന്‍ വഴിയില്ലല്ലോ. സംശയ ദൂരീകരണത്തിനായി നമുക്ക് ചന്ദ്രികയെ തന്നെ അവലംബിക്കാം: "കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന പ്രബല പിന്നാക്ക ന്യൂനപക്ഷമാണ് മുസ്ലിംകള്‍. ദശകങ്ങളായി 10-12 ശതമാനം സംവരണാനുകൂല്യമുണ്ടായിട്ടും ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം 9.88 ശതമാനം മാത്രം. ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് പൊതുഖജനാവില്‍ നിന്നും ഏറ്റവും കുറഞ്ഞ വിഹിതം പറ്റുന്ന പതിത സമുദായം. സംസ്ഥാനത്തെ 4,70,275 ഉദ്യോഗസ്ഥ തസ്തികകളില്‍ മുന്നാക്ക സമുദായങ്ങള്‍ 1,83,307 (38.97 ശതമാനം), ഈഴവര്‍ 100269 (21.32 ശതമാനം) രണ്ടും ചേര്‍ന്നാല്‍ മൊത്തം ജീവനക്കാരുടെ 60.29 ശതമാനം. ജനസംഖ്യയുടെ നാലിലൊന്നു വരുന്ന മുസ്ലിംകള്‍ക്ക് 9.88 ശതമാനം (46500) അധഃസ്ഥിതരായ പട്ടിക ജാതിക്കാര്‍ 55869 (11.88 ശതമാനം) പേരുണ്ട്.'' ചന്ദ്രിക തുടര്‍ന്നെഴുതുന്നു: "സംസ്ഥാനത്തെ 198 ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ മുസ്ലിംകള്‍ അഞ്ചു പേര്‍ മാത്രം. 139 ഐ.പി.എസ്സുകാരില്‍ 4ഉം, 94 ഐ.എഫ്.എസ്സുകാരില്‍ ഒരാള്‍ മാത്രവും മുസ്ലിം. സംസ്ഥാനത്തെ 35577 ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ മുസ്ലിംകള്‍ 4240 (11.04 ശതമാനം). 2003 ജനുവരി 1-ലെ കണക്ക് പ്രകാരം സംസ്ഥാന സെക്രട്ടറിയേറ്റിലെ 67 അഡീഷണല്‍ സെക്രട്ടറിമാരില്‍ 4 പേരാണ് മുസ്ലിംകള്‍. 65 ജോയന്റ് സെക്രട്ടറിമാരില്‍ മൂന്നും 64 ഡെപ്യൂട്ടി സെക്രട്ടറിമാരില്‍ മൂന്നും 169 അണ്ടര്‍ സെക്രട്ടറിമാരില്‍ പതിമൂന്നും ആണ് മുസ്ലിം പ്രാതിനിധ്യം. സെക്രട്ടറിയേറ്റിലെ വലിയ അക്കം ശമ്പളം വാങ്ങുന്ന 365 ഉദ്യോഗസ്ഥരില്‍ മുസ്ലിംകള്‍ 23. അതായത് 6.3 ശതമാനം മാത്രം'' ('അപ്രിയ സത്യങ്ങളുടെ അകവും പുറവും', ചന്ദ്രിക ദിനപത്രം, 2003 ആഗസ്റ് 13). ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണക്കില്‍ തീര്‍ച്ചയായും വ്യത്യാസങ്ങളുണ്ടാവാം. പക്ഷേ, മുസ്ലിം പ്രാതിനിധ്യത്തിന്റെ ശതമാനക്കണക്ക് കുറയുകയല്ലാതെ കൂടിയിട്ടുണ്ടെന്ന് പറയാനാകുമോ?
പിന്നാക്ക സമുദായങ്ങളുടെ ഉദ്യോഗ പ്രാതിനിധ്യം തിട്ടപ്പെടുത്താന്‍ വേണ്ടി എന്‍ക്വയറി കമീഷന്‍ ആക്ട് പ്രകാരം നിയമിതമായ നരേന്ദ്രന്‍ കമീഷന്റെ റിപ്പോര്‍ട്ടിനും ശിപാര്‍ശക്കും സംഭവിച്ച ഗതി നോക്കിയാല്‍ മതി മന്ത്രിപ്പടയുടെ ശക്തി കൊണ്ട് സമുദായമുണ്ടാക്കിയ 'നേട്ടം' വിലയിരുത്താന്‍. 2000 ഫെബ്രുവരി 12-നാണ് കമീഷന്‍ നിയോഗിക്കപ്പെട്ടത്. 21 മാസത്തെ കഠിന പ്രയ്തനത്തിലൂടെ 2000 ആഗസ്റ് ഒന്നു വരെയുള്ള 11 കൊല്ലത്തെ പി.എസ്.സി നിയമനത്തിന്റെ കണക്ക് പരിശോധിച്ച കമീഷന്‍ 18525 തസ്തികകള്‍ പിന്നാക്കക്കാര്‍ക്ക് (ഏറ്റവും നഷ്ടം മുസ്ലിംകള്‍; 7383 തസ്തികകള്‍) നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി. 2001 നവംബര്‍ 9-ന് കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നിയമസഭയുടെ മേശപ്പുറത്ത് വന്നത് 2002 ജൂണ്‍ 12-ന്. ഒമ്പത്, പത്ത് നിയസഭകളുടെ പിന്നാക്ക സമുദായ ക്ഷേമ സമിതികള്‍ ബാക്ക് ലോഗ് നികത്താന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വേണമെന്ന് പറയുകയും പതിനൊന്നാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ തന്നെ പിന്നാക്ക ക്ഷേമമന്ത്രി എം.എ കുട്ടപ്പന്‍ അത് ആവര്‍ത്തിക്കുകയും അപ്രകാരം ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടും അത് നടക്കാതെ പോയത് മന്ത്രിസഭയില്‍ സമുദായത്തിന് പ്രാതിനിധ്യം കുറഞ്ഞതുകൊണ്ടായിരുന്നില്ലല്ലോ. 'നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് വെറും സ്ഥിതി വിവരണക്കണക്ക് മാത്രമാണെ'ന്നും 'നിയമന നിരോധനമുള്ളത് കൊണ്ട് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് അസാധ്യമാണെ'ന്നും ആദ്യമായി പറഞ്ഞത് സര്‍ക്കാറിന്റെ രണ്ടാം നമ്പര്‍ മന്ത്രിയും മുസ്ലിം ലീഗിന്റെ ഒന്നാം നമ്പര്‍ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബാണ്. അദ്ദേഹം തന്നെയാണ് 'സമവായം' എന്ന കൂട്ടക്ഷരം പ്രയോഗിച്ച് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. സര്‍ക്കാറും എന്‍.എസ്.എസ്സും തമ്മിലുള്ള അഭംഗുരമായചര്‍ച്ചക്കാണ് പിന്നീട് പിന്നാക്ക സമുദായങ്ങളത്രയും സാക്ഷിയായത്. പിന്നാക്ക ക്ഷേമത്തിനുള്ള റിപ്പോര്‍ട്ട് എങ്ങനെ നടപ്പാ(ക്കാതിരി)ക്കാമെന്ന ചര്‍ച്ച മുന്നാക്ക സമുദായവുമായി നടത്തുന്നതില്‍ അസാംഗത്യം തോന്നരുതെന്ന് പൊതുസമൂഹത്തെ കൂടെ കൂടെ ബോധ്യപ്പെടുത്തുന്ന തിരക്കിലായിരുന്നു അന്ന് ലീഗ് നേതൃത്വം. 4 വര്‍ഷവും 2 മാസവും 19 ദിവസവും കഴിഞ്ഞ് നരേന്ദ്രന്‍ പാക്കേജുമായി സര്‍ക്കാര്‍ പുറത്ത് വന്നപ്പോള്‍ റിപ്പോര്‍ട്ടിന്റെ കാതലായംശം (ബാക്ക് ലോഗ് നികത്തുന്ന കാര്യം) ഔട്ട്! സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായംഗങ്ങള്‍ക്കുള്ള പത്തു ശതമാനം സംവരണം പാക്കേജില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു! സഹൃദയനായ എന്‍.എസ്.എസ് നേതാവ് പി.കെ നാരായണ പണിക്കര്‍ അന്നു തന്നെ പ്രാര്‍ഥിച്ചിട്ടുണ്ടാകാം ലീഗിന് മന്ത്രിമാരുടെ എണ്ണം കുറഞ്ഞുപോകരുതേയെന്ന്!
ആരെന്തൊക്കെ പറഞ്ഞാലും പതിനൊന്നാം നിയമസഭയില്‍ മുസ്ലിം ലീഗിനെ വെച്ച് ഏറ്റവും കാര്യലാഭമുണ്ടാക്കിയത് എന്‍.എസ്.എസ്സായിരുന്നു. പി.കെ നാരായണ പണിക്കരോളം ചരിത്രാവബോധമില്ലാത്തത് കൊണ്ടാകാം സുകുമാരാന്‍ നായര്‍ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ അനാവശ്യമായ രോഷവും ബഹളപ്പാടുമുണ്ടാക്കിയത്. മുസ്ലിം ലീഗിന് മന്ത്രിമാരുടെ എണ്ണം കൂടുന്നതുകൊണ്ട് നായര്‍ സമുദായത്തിന് കിട്ടുന്നത് കൂടുകയല്ലാതെ കുറയുകയില്ലെന്ന് സുകുമാരന്‍ നായരുണ്ടോ അറിയുന്നു!
എന്നാലും ചിലര്‍ ഒരുതരം ഉമ്മാക്കി കാണിച്ച് ലീഗിനെ ഭയപ്പെടുത്താന്‍ നോക്കാറുണ്ട്. അതിലൊന്നാണ് ലീഗിന്റെ മേല്‍ ചൊരിയുന്ന തീവ്രവാദാരോപണം. മുസ്ലിം ലീഗിന് തീവ്രതയില്ലെന്നും അസാരം അതിന്റെ അംശമുള്ളവരത്രയും എന്നോ പടിക്ക് പുറത്തായതാണെന്നും ലീഗിന്നോളം തെളിച്ചു പറഞ്ഞത് കേള്‍ക്കാത്തത് കൊണ്ടല്ല ശത്രുക്കള്‍ തീവ്രവാദാരോപണം പിന്നെയും നടത്തുന്നത്. അത് ഒരുതരം വൈരനിര്യാതനയുക്തിയാണ്. സമുദായത്തില്‍ തീവ്രവാദം കയറിപ്പറ്റുന്നതിനെക്കുറിച്ച് ജാഗ്രത്താവാന്‍ മാത്രം സമുദായ സംഘടനകളുടെ (കോട്ടക്കല്‍ കോണ്‍ക്ളേവ്) യോഗം വിളിച്ചുകൂട്ടിയ പാര്‍ട്ടിയാണ് ലീഗ്. അബ്ദുന്നാസിര്‍ മഅ്ദനിയുമായി ജയിലിന്നകത്തോ പുറത്തോ ലീഗ് ഒരു തരത്തിലുള്ള ബന്ധവുമുണ്ടാക്കിയിട്ടില്ലെന്നത് അതിന്റെ മറ്റൊരു തെളിവ്. ബാബരി മസ്ജിദ് വിഷയത്തില്‍ മൌനം പാലിച്ചുകൊണ്ട് ക്രമസമാധാനത്തിന് ശബ്ദഭംഗം പോലും വരാതിരിക്കാന്‍ പാടുപെട്ടതും ലീഗു തന്നെ. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റിനെ തന്നെ മാറ്റിപ്പണിതുകൊണ്ടാണ് മിതശീതോഷ്ണ നിലപാട് ലീഗ് ഉയര്‍ത്തിപ്പിടിച്ചത്. ഇമെയില്‍ വിവാദത്തില്‍ പോലും ലീഗ് മതേതരത്വത്തിന്റെ സ്പരിട്ടുയര്‍ത്തിയാണിടപ്പെട്ടത്. നാട്ടില്‍ കുഴപ്പമുണ്ടാക്കാനുള്ള മാധ്യമപ്പണികള്‍ക്കെതിരെ അതീവ ജാഗ്രത്താവാന്‍ പാര്‍ട്ടി പത്രത്തില്‍ മുഖലേഖനമെഴുതിയാണ് ലീഗ് അതിന്റെ കടമ നിര്‍വഹിച്ചത്. എന്നിട്ടും കോണ്‍ഗ്രസുള്‍പ്പെടെ ലീഗില്‍ സാമുദായികതയും മതതീവ്രതയുമാരോപിക്കുന്നുവെങ്കില്‍ നിവൃത്തിയില്ലെന്ന് വെക്കാനെ നിവൃത്തിയുള്ളൂ.
ഏറ്റവുമൊടുവില്‍, കഴിഞ്ഞ സര്‍ക്കാര്‍ മുന്‍കൈയെടുത്ത 'ഇസ്ലാമിക് ബാങ്കിംഗി'നെ ഇപ്പോള്‍ ബജറ്റില്‍ നിന്ന് പോലും മാറ്റിവെച്ചത് അനാവശ്യമായൊരു തെറ്റുധാരണയൊഴിവാക്കാനാണ്. പലിശയില്ലാതെ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കട്ടെയെന്നും പലിശ വാങ്ങാതിരുന്നാല്‍ മതിയെന്നും 'ഇസ്ലാമിക ബാങ്കിംഗ്' എന്ന ഏടാകൂടമുണ്ടാക്കി സുബ്രഹ്മണ്യ സ്വാമിമാരെ അലോസരപ്പെടുത്തേണ്ടതില്ലെന്നും സര്‍ക്കാറിനെ കൊണ്ട് ചിന്തിച്ചുറപ്പിച്ചതില്‍ ലീഗിന് പങ്കില്ലാതിരിക്കാന്‍ നിവൃത്തിയില്ലല്ലോ, ഭരണസ്വാധീനം വെച്ച് നോക്കുമ്പോള്‍ അഞ്ചു മന്ത്രിയോളം തരപ്പെടുത്താനാവുന്ന സ്വാധീനം പാര്‍ട്ടിക്കുണ്ടായിരിക്കെ പാര്‍ട്ടിയറിയാതെ ഇതൊന്നും നടക്കില്ലെന്നുറപ്പ്. ഇത്രയൊക്കെയേ ഒരു മതനിരപേക്ഷ സമൂഹത്തില്‍ ചെയ്യാനൊക്കൂ. എന്നിട്ടും ലീഗിനെ പഴിക്കുന്നവര്‍ക്ക് അസൂയയാണെന്നല്ലാതെ മറ്റെന്ത് പറയാന്‍?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം