Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

ടര്‍ക്കിഷ് യൂനിയന്‍ ഉര്‍ദുഗാന്റെ പുതിയ സ്വപ്‌നം

അബൂ സ്വാലിഹ

കണ്ടും കേട്ടും ശീലിച്ച, ശരിയെന്ന് പൊതു സമ്മതി നേടിയ നയങ്ങള്‍ തിരുത്തുവാനും പുതിയ നയതന്ത്ര തുറവികള്‍ സൃഷ്ടിക്കുവാനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈയടുത്ത കാലത്തായി കാണിക്കുന്ന രാഷ്ട്രീയ കൗശലങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ടൊരു ഇമേജ് സൃഷ്ടിക്കുക ഈ നീക്കങ്ങള്‍ക്ക് പിന്നിലെ പ്രേരണയാകാമെങ്കിലും, ആത്യന്തികമായി മേഖലയിലെ തുര്‍ക്കി ജനതയുടെ ശക്തിയും പൂര്‍വ പ്രതാപവും വീണ്ടെടുക്കാനുള്ള യത്‌നമായിട്ട് വേണം അതിനെ കാണാന്‍. ഒരു മാസം മുമ്പാണ് തുര്‍ക്കി - ആഫ്രിക്ക ഉച്ചകോടിക്ക് ഇസ്തംബൂള്‍ ആതിഥ്യമരുളിയത്. തുര്‍ക്കിയുടെ പുതിയ വിദേശനയത്തിന്റെ പ്രകാശനമായിരുന്നു ആ സംരംഭം. തുര്‍ക്കിക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രാഷ്ട്രീയ - സാമ്പത്തിക നയനിലപാടുകളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയായത്. ആഫ്രിക്കയെ ചൂഷണോപാധിയായി മാത്രം കാണുന്ന പാശ്ചാത്യ വര്‍ണ്ണവെറിയന്‍ നയങ്ങള്‍ക്കുള്ള തിരുത്തായത് കൊണ്ട് തന്നെ ലക്ഷ്യത്തിലേക്കുള്ള പാത പാരകള്‍ നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പ്.
അതിന് മുമ്പ് മറ്റൊരു ഉച്ചകോടിയും നടന്നിരുന്നു. തുര്‍ക്കി മാതൃഭാഷയായ ആറ് രാഷ്ട്രങ്ങളുടെ - തുര്‍ക്കി, അസര്‍ബൈജാന്‍, കാസാഖിസ്താന്‍, ഖര്‍ഗീസിയ, ഉസ്ബകിസ്ഥാന്‍, തുര്‍ക്കുമാനിസ്താന്‍ - തലവന്‍മാരാണ് അതില്‍ സംബന്ധിച്ചത്. നിരീക്ഷക രാഷ്ട്രം എന്ന നിലക്ക് ഹംഗേറിയന്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. നേരത്തെ ടര്‍ക്കിഷ് കൗണ്‍സില്‍ എന്നായിരുന്നു ഇതിന്റെ പേര്. ഈ ഉച്ചകോടിയില്‍ വെച്ചാണ് അതിന് ടര്‍ക്കിഷ് യൂനിയന്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. യൂറോപ്യന്‍ യൂനിയന്‍ മാതൃകയില്‍ ഇതിനെ വികസിപ്പിക്കുക എന്നതാവാം ഉര്‍ദുഗാന്റെ മനസ്സില്‍.
ടര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന ജനവിഭാഗത്തിന് മധ്യേഷ്യയിലള്ള 'സ്ട്രാറ്റജിക് ആഴം' തിരിച്ചറിഞ്ഞ ഭരണാധികാരിയാണ് അദ്ദേഹം. ഈ ഭാഷ സംസാരിക്കുന്ന മുന്നൂറ് ദശലക്ഷം മനുഷ്യരുണ്ട് ഈ മേഖലയില്‍. ഒരേ മതവും ഭാഷയും സംസ്‌കാരവും പങ്ക് വെക്കുന്ന ഈ ജനവിഭാഗത്തെ പിളര്‍ത്തിയും ഭിന്നിപ്പിച്ചും ദുര്‍ബലപ്പെടുത്താനാണ് പ്രതിയോഗികള്‍ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്. തൈമുര്‍ലങ്ക് എന്ന തുര്‍ക്കി പടനായകനാണ് വളരെക്കാലം യൂറോപ്പിലേക്കുള്ള ഉസ്മാനി (ഒട്ടോമന്‍) മുന്നേറ്റത്തെ തടഞ്ഞ് നിര്‍ത്തിയതെന്നാണ് ചരിത്രം. ഉസ്മാനി സാമ്രാജ്യത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയവരില്‍ തുര്‍ക്കി വംശജര്‍ തന്നെയായ സ്വഫവികളും ഉണ്ടായിരുന്നു. എഴുപത് വര്‍ഷം ഈ രാഷ്ട്രങ്ങള്‍ സോവിയറ്റ് അധിനിവേശത്തിലായപ്പോള്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം തന്നെയാണ് അവരും പയറ്റിയത്. സോവിയറ്റ് യൂനിയന്‍ നാമാവശേഷമായിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും റഷ്യന്‍ സ്വാധീനത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ആ രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കാസാഖിസ്താനില്‍ ഇന്ധന വര്‍ധനവിനെതിരെ പ്രക്ഷോഭമുണ്ടായപ്പോള്‍ അവിടത്തെ ഭരണാധികാരി റഷ്യന്‍ സൈനിക സഹായമാണല്ലോ തേടിയത്.
അതായത് മേഖലയിലെ റഷ്യന്‍ ആധിപത്യത്തെ തന്ത്രപരമായി മറികടന്നെങ്കില്‍ മാത്രമേ ഉര്‍ദുഗാന്റെ സ്വപ്‌ന പദ്ധതി സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളു. അതിനാല്‍ തന്നെയാവാം കയര്‍ വളരെയേറെ നീട്ടിയെറിഞ്ഞ് ടര്‍ക്കിഷ് യൂനിയന്‍ ഉച്ചകോടി 'പുതിയ ലോകക്രമം, വിഷന്‍ 2040' പ്രഖ്യാപിച്ചത്. 


കാസാഖിസ്താനില്‍ എന്താണ് നടക്കുന്നത്?

ഇതെഴുതുമ്പോള്‍ മധ്യേഷ്യന്‍ രാഷ്ട്രമായ കാസാഖിസ്താന്‍ ഏറക്കുറെ ശാന്തമാണ്. നൂറ്റി അറുപതിലധികം പേരുടെ ജീവനെടുത്ത ജനകീയ പ്രക്ഷോഭത്തെ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ അവിടത്തെ സ്വേഛാധിപത്യ ഭരണകൂടം അടിച്ചൊതുക്കിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിരിക്കുന്നു. ഇത് കൊടുങ്കാറ്റിന്റെ മുമ്പുള്ള ശാന്തതയാണെന്ന് പറയുന്നവരുമുണ്ട്. ഇന്ധന വില കൂട്ടിയതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന്റെ രോഷം തണുപ്പിക്കാനുള്ള ഒരു നടപടിയും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കൃത്യമായ നേതൃത്വമോ ആസൂത്രണമോ ഒന്നും ഇല്ലാതിരുന്ന  പ്രക്ഷോഭകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് - അവരുടെ എണ്ണം ഒമ്പതിനായിരം വരും - ഒരു വിധം ശാന്തത വരുത്തി എന്നേ പറയാനാവൂ.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അനുഗ്രഹാശിസ്സുകളോടെ മൂന്ന് വര്‍ഷമായി കസാഖിസ്താന്റെ പ്രസിഡന്റ് പദവിയിലിരിക്കുന്നത് ഖാസിം ഗോമാര്‍ട്ട് തൊക്കയേവ് ആണ്. മറ്റു മുന്‍ സോവിയറ്റ് മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളെപ്പോലെ കസാഖിസ്താനും ഏറക്കുറെ ഒരു റഷ്യന്‍ കോളനിയാണ്. കലാപം അടിച്ചൊതുക്കാന്‍ റഷ്യക്ക് മേധാവിത്തമുള്ള ഒരു മേഖലാ സൈന്യത്തെയാണ് അങ്ങോട്ട് അയച്ചത്. സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് കാസാഖിസ്താന്‍ സ്വതന്ത്രമായതിന് ശേഷം ആ രാഷ്ട്രത്തെ അടക്കി ഭരിച്ചത് നൂര്‍ സുല്‍ത്വാന്‍ നസാര്‍ ബായേവ് എന്ന ഏകാധിപതിയായിരുന്നു. ഇയാള്‍ 2019 -ല്‍ സ്ഥാനമൊഴിഞ്ഞെങ്കിലും മര്‍മപ്രധാന സ്ഥാനങ്ങളെല്ലാം കൈയടക്കി വെച്ചു. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം നസാര്‍ വിട്ടു കൊടുത്തില്ല. തന്റെ അനന്തരവനായ സമദ് ആയ്ബശിനെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. അധികാരമൊഴിഞ്ഞിട്ടും എണ്ണ - പ്രകൃതി വാതക സമ്പന്നമായ രാജ്യത്തെ ഊറ്റിക്കൊണ്ടിരിക്കുന്ന നസാര്‍ ബയേവിനെതിരെയായിരുന്നു യഥാര്‍ഥത്തില്‍ ഈ കലാപം. ഇന്ധന വിലക്കെതിരെ തുടങ്ങിയ പ്രക്ഷോഭം പൊടുന്നനെയാണ് ഭരണകൂടത്തിനെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭമായി മാറിയത്. 'കിഴവന്‍ സ്ഥാനമൊഴിയുക' എന്നായിരുന്നു പ്രക്ഷോഭത്തില്‍ തലസ്ഥാനമായ അല്‍മാതിയില്‍ ഉള്‍പ്പെടെ പ്രക്ഷോഭകര്‍ ഉയര്‍ത്തിക്കാണിച്ച ബാനര്‍. കിഴവന്‍ മറ്റാരുമല്ല, നസാര്‍ ബയേവ്. ഇത് തിരിച്ചറിഞ്ഞ നിലവിലെ പ്രസിഡന്റ് ഖാസിം തൊക്കയേവ് ഉടനടി നസാറിനെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്ന അയാളുടെ അനന്തിരവനെ ഗൂഢാലോചനാകുറ്റം ചുമത്തി ജയിലിലടച്ചു. പ്രക്ഷോഭം ഒട്ടൊക്കെ തണുക്കുന്നതിന് ഈ നീക്കം കാരണമായെന്ന് പറയാം. നസാര്‍ ബായേവ്  'ചികിത്സാര്‍ഥം ' മോസ്‌കോയിലേക്ക് പോയെന്നും ഇല്ലെന്നും സംസാരമുണ്ട്.
യഥാര്‍ഥത്തില്‍ പ്രക്ഷോഭകരുമായി ഏറ്റുമുട്ടിയത് നസാറിന്റെ നിയന്ത്രണത്തിലുള്ള ദേശീയ സുരക്ഷാ സേനാ വിഭാഗവും അയാള്‍ തന്നെ വളര്‍ത്തുന്ന ഗുണ്ടാസംഘങ്ങളുമായിരുന്നു. നിലവിലുള്ള പ്രസിഡന്റിനെ അട്ടിമറിക്കുക കൂടി അവരുടെ ലക്ഷ്യമായിരിക്കണം. ഇത് തിരിച്ചറിഞ്ഞ് നിലവിലുള്ള പ്രസിഡന്റ് റഷ്യയുടെ സഹായം തേടുകയായിരുന്നു. പ്രത്യക്ഷത്തില്‍ ജനകീയ പ്രക്ഷോഭമാണെങ്കിലും അണിയറയില്‍ ഇതൊരു അട്ടിമറി ശ്രമമായിരുന്നു.
മുന്‍ റഷ്യന്‍ പ്രസിഡന്റ് യെല്‍റ്റ്‌സിന്‍ സ്വതന്ത്രമായ മൂന്ന് റിപ്പബ്ലിക്കുകളെ റഷ്യന്‍ സുരക്ഷ മുമ്പില്‍ വെച്ച് അവയുടെ മാപ്പ് മാറ്റി വരക്കണമെന്ന് നിലവിലെ പ്രസിഡന്റ് പുടിനോട് ഒസ്യത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. ആ മൂന്ന് റിപ്പബ്ലിക്കുകളില്‍ ഒന്നാണ് കസാഖിസ്താന്‍. അതിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നാല് ദശലക്ഷം റഷ്യന്‍ വംശജര്‍ താമസിക്കുന്നുണ്ട്. ആ മേഖല പിടിച്ചടക്കണമെന്നര്‍ഥം. ഇനി ഇതേ ബാക്കിയുള്ളൂ. 2008-ല്‍ അബ്ഖാസിയ ജോര്‍ജിയയില്‍ നിന്നും 2014-ല്‍ ക്രീമിയ ഉക്രൈനില്‍ നിന്നും യെല്‍റ്റ്‌സിന്റെ ഒസ്യത്ത് പ്രകാരം പുടിന്‍ പിടിച്ചെടുത്ത് കഴിഞ്ഞിരുന്നല്ലോ. റഷ്യയുമായി കസാഖിസ്താന്‍ 7,644 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ടെന്നും ഓര്‍ക്കണം. അപ്പോള്‍ കസാഖിസ്താനിലെ രാഷ്ട്രീയ അസ്വസ്ഥതകള്‍ ക്രെംലിന്റെ ഉറക്കം കെടുത്താതെ തരമില്ല. വടക്കന്‍ കസാഖിസ്താന്‍ പിടിച്ചെടുക്കുമെന്ന സൂചന പുടിന്‍ പലപ്പോഴും നല്‍കിയിട്ടുണ്ട്. ചരിത്രത്തിലൊരിക്കലും കാസാഖിസ്താന്‍ ഒരു രാഷ്ട്രമായി നിലനിന്നിട്ടില്ല എന്നാണ് ഒരിക്കല്‍ പുടിന്‍ പറഞ്ഞു കളഞ്ഞത്. അതിന് വ്യംഗ്യമായ മറുപടിയായി, കാസാഖിസ്താന്‍ എന്ന രാഷ്ട്ര സ്വരൂപത്തിന്റെ 550-ാം വാര്‍ഷികം തലസ്ഥാനമായ അല്‍മാതിയില്‍ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു.
     2.725 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് കസാഖിസ്താന്റെ വിസ്തീര്‍ണ്ണം. പടിഞ്ഞാറന്‍ യൂറോപ്പിന്റെ അത്ര വിസ്തൃതി. ലോകത്തെ ഒമ്പതാമത്തെ വലിയ രാഷ്ട്രം. ജനസംഖ്യ 20 ദശലക്ഷം മാത്രം. പെട്രോളിന്റയും ഗ്യാസിന്റെയും വന്‍ ശേഖരം. എന്നിട്ടും സാധാരണക്കാരന് ദുരിതജീവിതം തന്നെ. പ്രകൃതി വിഭവങ്ങളുടെ പങ്ക് പറ്റാന്‍ അമേരിക്കന്‍, ചൈനീസ്, റഷ്യന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ കളത്തിലുണ്ട്. പ്രക്ഷോഭമുണ്ടായപ്പോള്‍ കസാഖിസ്താന്‍ പ്രസിഡന്റ് റഷ്യന്‍ സൈന്യത്തിന്റെ സഹായം തേടിയത് അമേരിക്കക്കും ചൈനക്കും ഒട്ടും രസിച്ചിട്ടില്ല. അതിന്റെ അന്തര്‍നാടകങ്ങള്‍ എങ്ങനെയൊക്കെ ആകുമെന്ന് കാത്തിരുന്ന് കാണാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌