Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

നവ ലിബറല്‍ അജ@കളെ തുറന്നു കാണിച്ചേ മതിയാകൂ

കഴിഞ്ഞ വര്‍ഷമാണ് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കും കമ്യൂണിസ്റ്റ് ബ്ലോക്കിന്റെ തിരോധാനത്തിനും മുപ്പത് വര്‍ഷം പൂര്‍ത്തിയായത്. ഇന്ത്യയിലെ ഭരണകൂടം നിയോ ലിബറല്‍ സാമ്പത്തിക അജണ്ടകള്‍ വാശിയോടെ വാരിപ്പുണര്‍ന്നതും മുപ്പത് വര്‍ഷം മുമ്പ് തന്നെ. 1991 ജൂലൈയിലാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും ധനകാര്യ മന്ത്രി മന്‍മോഹന്‍ സിംഗും ഇന്ത്യന്‍ സാമ്പത്തിക ഘടനയെ ഒരു സമ്പൂര്‍ണ്ണ നിയോ ലിബറല്‍, കമ്പോളാധിഷ്ഠിത ഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത്. സ്വാതന്ത്ര്യാനന്തരം അന്നുവരെയുള്ള ഇന്ത്യയില്‍ നിലനിന്നിരുന്നത് മിശ്ര സമ്പദ്ഘടനയായിരുന്നു. 'കമ്പോളത്തിന് അതിന്റെ ഘടനയിലേ ചില തകരാറുകളുണ്ട്. അവ തിരുത്താന്‍ സ്റ്റേറ്റ് ഇടപെടേണ്ടി വരും. എങ്കിലേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതിയുക്തമായ വികസനം സാധ്യമാവുകയുള്ളൂ.' ഇതായിരുന്നു മിശ്ര സമ്പദ്ഘടനകൊണ്ട് അര്‍ഥമാക്കിയിരുന്നത്. ജനങ്ങളുടെ പക്ഷത്ത് നിന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ മുതലാളിത്ത ലോബി സര്‍ക്കാര്‍ രാജെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. മിശ്ര സമ്പദ് ഘടനയാണ് രാജ്യപുരോഗതിക്ക് വലിയ തടസ്സം എന്ന പ്രചാരവേലയും ശക്തമായി. അങ്ങനെയാണ് 'വാഷിങ്ടണ്‍ സമവായം' എന്ന പേരില്‍ ഐ.എം.എഫും ലോക ബാങ്കുമൊക്കെ മുന്നോട്ട് വെച്ച സാമ്പത്തിക നയരേഖ അതേ പടി പകര്‍ത്തി മന്‍മോഹന്‍ സിംഗ് ഇന്ത്യയില്‍ പുതിയ സാമ്പത്തിക നയം പ്രഖ്യാപിക്കുന്നത്. ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നീ സംജ്ഞകള്‍ക്ക് കീഴില്‍ ഈ നയംമാറ്റത്തെ വ്യാഖ്യാനിക്കാന്‍ കഴിയുമായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഒരു നിലയിലും ഭരണകൂടം നിയന്ത്രിക്കില്ല എന്നതാണ് അടിസ്ഥാന തത്ത്വം. കോര്‍പറേറ്റുകള്‍ക്ക് കടന്നു വരാന്‍ പാകത്തില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുക, സാമൂഹിക ബാധ്യതകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുക, നല്‍കിക്കൊണ്ടിരിക്കുന്ന സബ്‌സിഡി നിര്‍ത്തലാക്കുക ഇതൊക്കെയായിരുന്നു യു.പി.എ ഗവണ്‍മെന്റും തുടര്‍ന്ന് എന്‍.ഡി.എ ഗവണ്‍മെന്റും ആവേശപൂര്‍വ്വം നടപ്പാക്കിക്കൊണ്ടിരുന്നത്.
നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം നവ ലിബറലിസമായിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഈ വേളയില്‍, അന്ന് അതിന്റെ വക്താക്കള്‍ നിരത്തിയിരുന്ന അവകാശവാദങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സമയമായിരിക്കുന്നു. നവ ലിബറലിസം ധനിക- ദരിദ്ര അന്തരം വളരെയേറെ വര്‍ധിപ്പിക്കും എന്ന് ന്യായങ്ങള്‍ നിരത്തി ആ നയത്തിന്റെ പ്രതിയോഗികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സമ്പദ്ഘടന മെച്ചപ്പെടുന്ന മുറക്ക് ഉദാരവല്‍ക്കരണത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ ദരിദ്രരിലേക്കും കിനിഞ്ഞിറങ്ങും (Trickle - Down Theory) എന്നായിരുന്നു ഭരണകൂടം അവകാശപ്പെട്ടിരുന്നത്. അത് സംഭവിച്ചുവോ? ഇല്ലെന്ന് ഉച്ചത്തില്‍ പറയാന്‍ ഒരു സ്ഥിതിവിവര കണക്കും ആവശ്യമില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തമാണ്. ദാരിദ്ര്യവും അസമത്വവും ധനിക- ദരിദ്ര അന്തരവും ഇപ്പോള്‍ വളരെയേറെ വര്‍ധിച്ചിരിക്കുന്നു. സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്മാറിയതോടെ കുടില്‍ വ്യവസായങ്ങള്‍ക്കും മറ്റും ലഭിച്ചിരുന്ന സംരക്ഷണ കവചങ്ങള്‍ ഇല്ലാതായി. ഇന്ത്യന്‍ കമ്പോളത്തിലേക്കുള്ള കോര്‍പറേറ്റുകളുടെ തള്ളിക്കയറ്റത്തോടെ അത്തരം ചെറുകിട വ്യവസായങ്ങളുടെ ചിറകൊടിഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി. ഒരൊറ്റ ഉദാഹരണം മാത്രം മതി.  1993- '94 കാലത്ത് ദാരിദ്ര്യ രേഖക്ക് താഴെ വരുന്ന ജനങ്ങളുടെ അനുപാതം 58 ശതമാനമായിരുന്നുവെങ്കില്‍ 2011- 12 വര്‍ഷത്തില്‍ അത് 68 ശതമാനമാണ്. ഓരോ വര്‍ഷവും ദാരിദ്ര്യരേഖക്ക് താഴെയായിപ്പോവുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നര്‍ഥം. ജി.ഡി.പി വളര്‍ച്ച ചൂണ്ടിക്കാട്ടി ഈ വിമര്‍ശനത്തെ നേരിടാനാവില്ലെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. പണക്കാരുടെ വിഹിതം പതിന്‍മടങ്ങ് വര്‍ധിച്ചു എന്നേ അതിനര്‍ഥമുള്ളു.
ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത് ഇടത് പക്ഷം തന്നെയായിരുന്നു. ഇന്ന് ആ പോര്‍മുഖത്ത് മുഖ്യധാരാ ഇടത് പക്ഷങ്ങളെ കാണാനില്ല. എന്നല്ല മുതലാളിത്ത നവ ലിബറല്‍ നയങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമായി അവര്‍ മാറിയിരിക്കുന്നു. കേരളത്തിലെ ഇടത് പക്ഷ ഗവണ്‍മെന്റ് കൊണ്ട് വരുമെന്ന് വാശി പിടിക്കുന്ന കെ-റെയില്‍ പോലുള്ള പദ്ധതികള്‍ അതിന്റെ നേര്‍സാക്ഷ്യമാണ്. ഏവരെയും അമ്പരപ്പിച്ചു കൊണ്ട്, സകല മുതലാളിത്ത നവ ലിബറല്‍ അരാജകവാദങ്ങളുടെയും മൊത്തക്കച്ചവടവും ഇടത് പക്ഷ ലേബലില്‍ അറിയപ്പെടുന്ന ഇക്കൂട്ടര്‍ ഏറ്റെടുത്തിരിക്കുന്നു. ഈ രണ്ട് തരം ലിബറലിസങ്ങള്‍ക്കുമെതിരായ പോരാട്ടം നമുക്ക് ശക്തിപ്പെടുത്തിയേ മതിയാവൂ. ലൈംഗിക അരാജകവാദം ഭരണപിന്‍ബലത്തോടെ കേരളീയ സമൂഹത്തിലേക്ക് ഒളിച്ചു കടത്താനുള്ള ഗൂഢപദ്ധതികളെ തുറന്ന് കാണിക്കുന്ന എം.എം അക്ബറിന്റെ ശ്രദ്ധേയമായ പഠനം ഈ ലക്കം മുതല്‍ ആരംഭിക്കുകയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌