Prabodhanm Weekly

Pages

Search

2022 ജനുവരി 14

3235

1443 ജമാദുല്‍ ആഖിര്‍ 11

ഭിന്നിപ്പിച്ച് ഭരിക്കുന്ന  സി.പി.എം രാഷ്ട്രീയ തന്ത്രം

ടി. മുഹമ്മദ് വേളം

 

ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് എക്കാലത്തെയും ജനവിരുദ്ധ ഭരണകൂടങ്ങളുടെ പ്രത്യേകത. ജനക്ഷേമം ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ ഇല്ലാത്ത, അല്ലെങ്കില്‍ അതില്‍ താല്‍പര്യമില്ലാത്ത ഭരണകൂടങ്ങള്‍ ഭരണമുറപ്പുവരുത്താന്‍ സ്വീകരിക്കുന്ന കുറുക്കുവഴിയാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍. ഫറോവ എന്ന പ്രാചീന  ഈജിപ്ഷ്യന്‍ ഭരണാധികാരി  ഭരണ ധാര്‍മികതയുടെ അതിരുകള്‍ ലംഘിച്ച ഭരണാധികാരിയായിരുന്നു. അയാള്‍ ഈജിപ്ഷ്യന്‍ ജനതയെ കക്ഷികളായി ഭിന്നിപ്പിച്ചു, ഒരു വിഭാഗത്തെ മര്‍ദിതരാക്കി മാറ്റി എന്ന് ഖുര്‍ആന്‍ അല്‍ ഖസ്വസ്വ് അധ്യായം നാലാം വാക്യത്തില്‍ പറയുന്നുണ്ട്.
സാമ്രാജ്യത്വമാണ് ആധുനികകാലത്ത് ഭിന്നിപ്പിച്ച് ഭരിക്കലിന്റെ ഏറ്റവും വലിയ പ്രയോക്താക്കള്‍. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തോടെ തങ്ങള്‍ക്കെതിരായ ബഹുജന മുന്നേറ്റത്തെ ബ്രിട്ടീഷുകാര്‍ ഭയപ്പെടാന്‍ തുടങ്ങി. ഈ ബഹുജന മുന്നേറ്റത്തെ മറികടക്കാന്‍ അവര്‍ കണ്ടെത്തിയ വഴിയാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍. ഇന്ത്യയില്‍ ഇപ്പോള്‍ ഉഗ്രരൂപം പ്രാപിച്ചു നില്‍ക്കുന്ന  ഹിന്ദുത്വവര്‍ഗീയതയുടെ ചരിത്രപരമായ തുടക്കം ബ്രിട്ടീഷുകാരുടെ ഈ ഭരണനടപടിയാണ് എന്ന് നിരീക്ഷിച്ച ചരിത്രകാരന്മാരുണ്ട്. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം കേരളത്തില്‍ പയറ്റിയത് ഈ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ തന്ത്രമായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ ബാക്കി സമൂഹങ്ങളെ  ഏകീകരിക്കുക എന്നതായിരുന്നു ആ തന്ത്രം.
ആ തന്ത്രം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ സാധ്യമാകുന്നത്ര മുസ്‌ലിം വോട്ടുകള്‍ കൂടെനിര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു. അധികാര ആരോഹണത്തിനു ശേഷവും ഇതേ തന്ത്രം തുടര്‍ന്നും പ്രയോഗിക്കാനാണ് സി.പി.എം  തീരുമാനിച്ചത്. ഇതിന്റെ ബലത്തിലാണ് പാലാ ബിഷപ്പ്, 'നാര്‍ക്കോട്ടിക് ജിഹാദിനെതിരെ' എന്ന പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ കുരിശുയുദ്ധ പ്രഖ്യാപനം നടത്തിയത്. അതുകൊണ്ടാണ് മന്ത്രി വാസവന്‍ അരമനയില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു അങ്ങോര് മഹാപണ്ഡിതനാണ് എന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
മൃദു മുസ്‌ലിംവിരുദ്ധതയാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ മൂലധനം. അപ്പോഴും മുസ്‌ലിം വോട്ടര്‍മാരെ സി.പി.എം സമ്പൂര്‍ണമായി എഴുതിത്തള്ളുന്നില്ല. മുസ്ലിംവിരുദ്ധത കൈവിടാതെ തന്നെ  ഒരു വിഭാഗം മുസ്‌ലിം വോട്ടര്‍മാരെയും  കൂടെ നിര്‍ത്താനുള്ള സ്ട്രാറ്റജികള്‍ അവര്‍ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതില്‍  വളരെ അപകടകരമായ സ്ട്രാറ്റജിയാണ് വഖ്ഫ് വിഷയത്തില്‍ അവര്‍ പരീക്ഷിക്കാന്‍ ശ്രമിച്ചത്. സുന്നി-സലഫി വിഭജനം സൃഷ്ടിച്ച് വഖ്ഫ് വിഷയത്തില്‍ ഗവണ്‍മെന്റിനെതിരെ ഉയര്‍ന്നുവരുന്ന മുസ്‌ലിം പ്രതിഷേധത്തെ മറികടക്കുക എന്നതായിരുന്നു അത്. കേരളത്തിലെ പാരമ്പര്യ വഖ്ഫ് സ്വത്തുക്കള്‍ സുന്നികളുടേതാണ്, അതില്‍ മുജാഹിദുകള്‍ക്ക് എന്തുകാര്യം എന്ന പ്രചാരണം ആയിരുന്നു സി.പി.എം നടത്തിയത്. സി.പി.എമ്മിലും സി.പി.ഐയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ജനാധിപത്യ പാര്‍ട്ടികളിലും  മുജാഹിദുകളുടെ വ്യത്യസ്ത ഗ്രൂപ്പുകളിലെ അനുയായികള്‍  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് സി.പി.എം ഇത്തരമൊരു വിഭജന രാഷ്ട്രീയ കാമ്പയിനുമായി രംഗത്തുവന്നത്.
ഇതൊരു കേവല രാഷ്ട്രീയ തന്ത്രം മാത്രമായി കണ്ടാല്‍ മതിയാവുകയില്ല.  ഇസ്ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും യുക്തിവാദികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ആശയങ്ങള്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ പുനരുല്‍പാദിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്. സലഫി ഇസ്‌ലാം അപകടകരമാണ്, സുന്നി ഇസ്‌ലാം അല്ലെങ്കില്‍ പാരമ്പര്യ ഇസ്‌ലാം നല്ല ഇസ്‌ലാമാണ് എന്ന സിദ്ധാന്തം അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന് നല്‍കിയ ഇസ്ലാം സംബന്ധിയായ പല സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ട  ഒന്നാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം പോരാളികള്‍ക്കെതിരായ വിചാരണ അറിയപ്പെടുന്നത് വഹാബി ട്രയല്‍ എന്നാണ്. സലഫിസമാണ് പ്രശ്‌നം, പാരമ്പര്യ സുന്നി സരണി തീവ്രവാദമില്ലാത്തതാണ് എന്ന് പച്ചക്കുതിര മാസികയില്‍ സി. രവിചന്ദ്രനുമായുള്ള  അഭിമുഖത്തില്‍ പ്രമുഖ ഇസ്‌ലാംവിമര്‍ശകനായ യുക്തിവാദി ഇ.എ ജബ്ബാര്‍ പറയുന്നുണ്ട്.
യഥാര്‍ഥത്തില്‍ ഇസ്‌ലാമിലും മുസ്‌ലിംകള്‍ക്കുമിടയില്‍ ചരിത്രപരമായി ഇങ്ങനെ ഒരു ദ്വന്ദ്വം നിലനില്‍ക്കുന്നില്ല. പാരമ്പര്യ ഇസ്‌ലാം, പ്രമാണ ഇസ്‌ലാം എന്ന് വേര്‍തിരിക്കാനാവാത്തതാണ് ചരിത്രത്തിലെ ഇസ്‌ലാം അനുഭവങ്ങള്‍. കേരളത്തിന്റെ മുസ്‌ലിം ചരിത്രം തന്നെയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍  കേരളത്തില്‍ വളരെ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പാരമ്പര്യ ധാര എന്നു കള്ളിതിരിക്കപ്പെടുന്ന വിഭാഗത്തിലെ പണ്ഡിതന്മാരാണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും ജാതി മേല്‍ക്കോയ്മക്കുമെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും ഇത്തരം പണ്ഡിതന്മാര്‍ തന്നെയാണ്. എന്നാല്‍ അവര്‍ ഇത്തരം കള്ളികളെ തങ്ങളുടെ ഇസ്‌ലാമിക ജീവിതം കൊണ്ട് ഭേദിച്ചവര്‍ കൂടിയായിരുന്നു. മമ്പുറം തങ്ങള്‍ തന്റെ സൈഫുല്‍ ബത്താര്‍ എന്ന കൃതിയില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെ ധാരാളമായി ഉദ്ധരിക്കുന്നത് കാണാം. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളില്‍ മുഹമ്മദ് ബിനു അബ്ദുല്‍ വഹാബിന്റെ സ്വാധീനം ശക്തമായി കാണാന്‍ കഴിയും എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സയ്യിദ് ഫസലിന്റെ സാമൂഹിക-രാഷ്ട്രീയ ചിന്തയുടെ വേരുകള്‍ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ്‌ലാമില്‍ ആണെന്ന് മലബാര്‍ മുസ്‌ലിംകളെ കുറിച്ച് സവിശേഷ പഠനം നടത്തിയ സ്റ്റീഫന്‍ എഫ് ഡൈല്‍ നിരീക്ഷിക്കുന്നു ('കേരള മുസ്‌ലിംകള്‍ അധിനിവേശ വിരുദ്ധ സമരത്തിലെ പണ്ഡിത സാന്നിധ്യം' കെ.ടി ഹുസൈന്‍, പേജ് 85).
ഇതിനര്‍ഥം ലോക മുസ്‌ലിംകള്‍ക്കിടയിലോ  കേരള മുസ്‌ലിംകള്‍ക്കിടയിലോ മതപരമായ അഭിപ്രായ വ്യത്യാസങ്ങളില്ല എന്നല്ല. അതിന്റെ സ്വഭാവം സാമ്രാജ്യത്വവും സംഘ് പരിവാറും സിദ്ധാന്തിക്കുന്നത് പോലെയല്ല എന്നുമാത്രമാണ്. ലോകത്ത് നിരവധി സ്ഥലങ്ങളില്‍ ശക്തമായ സാമൂഹിക ഇടപെടലുകള്‍ നടത്തിയത് സ്വൂഫീ ത്വരീഖത്തുകളാണ്. ഈ ത്വരീഖത്തുകള്‍ എല്ലാം അതതു കാലത്തെ അധീശ ശക്തികള്‍ക്ക് തീവ്രവാദികള്‍ ആയിരുന്നു. ഇന്നും ഇസ്‌ലാമിനകത്ത് രാഷ്ട്രീയമില്ലെന്ന വാദം ഒരു മുസ്‌ലിം വിഭാഗവും ഉന്നയിക്കുന്നില്ല. പ്രസ്തുത രാഷ്ട്രീയത്തെ പ്രകാശിപ്പിക്കുന്ന വഴികളില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. ഇസ്‌ലാംവിരുദ്ധ ശക്തികള്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് മറ്റൊന്നാണ്. മതത്തിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നതാണ് അത്. തങ്ങളും  ഇസ്‌ലാമിസ്റ്റിതര മുസ്‌ലിംകളും മതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് പറയുന്ന കാഴ്ചപ്പാട് ഒന്നുതന്നെയാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇസ്‌ലാംവിരുദ്ധ ശക്തികളുടെ ഒരു കെണി മാത്രമാണ് ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെയെന്ന വ്യാജേന ഇസ്‌ലാമിക രാഷ്ട്രീയത്തിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍. ഈ കെണിയില്‍ പലരും പല കാലങ്ങളില്‍ പോയി തല വെക്കാറുണ്ടെങ്കിലും.
കേരളത്തിലെ 'സമസ്ത'  പ്രതിനിധീകരിക്കുന്നത് സാമ്രാജ്യത്വം മുന്നോട്ടുവെക്കുന്ന സ്വൂഫി ഇസ്‌ലാമിനെയല്ല; സാമൂഹിക, രാഷ്ട്രീയ ഉള്ളടക്കം കൂടിയുള്ള ഇസ്ലാമിനെയാണ്. കേരളത്തിലെ വ്യത്യസ്ത മുസ്‌ലിം സംഘടനകള്‍ തമ്മില്‍ അവയുടെ ഊന്നലുകളിലും മുന്‍ഗണനകളിലും പ്രബോധന ശൈലികളിലും വ്യത്യാസങ്ങള്‍ ഉണ്ട് എന്നുമാത്രമേയുള്ളൂ.
സാമ്രാജ്യത്വത്തിനും നിരീശ്വരവാദികള്‍ക്കും സി.പി.എമ്മിനും ഒരു കേവല ആചാര മതത്തെ ആവശ്യമുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ക്ക് മതം ആവശ്യമുള്ളതുകൊണ്ടല്ല. ആത്മാവുള്ള മതത്തെ പ്രതിരോധിക്കാന്‍  കേവല ആചാരമതം  ഉപകാരപ്പെടുമെന്ന കണക്കുകൂട്ടലാണത്.
സി.പി.എം കേരളത്തിലെ ഏറ്റവും വലിയ മുസ്ലിംവിരുദ്ധ പ്രോപഗണ്ടാ ഫാക്ടറി ആയി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മുസ്ലിം സംരക്ഷകരായി വേഷം കെട്ടിയാടാനും ശ്രമിക്കാറുണ്ട്. പക്ഷേ സി.പി.എം സംരക്ഷിക്കുമെന്ന് പറയുന്ന ഇസ്‌ലാം ജീവിതത്തില്‍ ഒരുതരത്തിലും ഇടപെടാത്ത കേവല ആചാര മതമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരിഷ്‌കരണങ്ങളെയോ ഹലാല്‍ വിവാദത്തെയോ എതിര്‍ക്കാത്ത കേവല ആചാര ഇസ്‌ലാം. ഹലാല്‍ വിവാദത്തില്‍ സി.പി.എമ്മിന്റെ നിലപാട് ഭക്ഷണത്തില്‍ മതം ഇടപെടരുത് എന്നായിരുന്നല്ലോ. ഇത്തരമൊരു ഇസ്‌ലാമിനെ കേരളത്തിലെ ഒരു മുസ്‌ലിം മത സംഘടനയും പ്രതിനിധീകരിക്കുന്നില്ല. പാരമ്പര്യ സുന്നികള്‍ പ്രതിനിധീകരിക്കുന്നുണ്ട് എന്നത് അവരെക്കുറിച്ച് സി.പി.എമ്മിന്റെ തെറ്റായ വിലയിരുത്തലും ബെടക്കാക്കി തനിക്കാക്കാനുള്ള ശ്രമവും മാത്രമാണ്. ലിബറലിസത്തിനും നവനാസ്തികതക്കുമൊക്കെ എതിരായ ആശയപരമായ ശക്തമായ പ്രതിരോധങ്ങള്‍ സമസ്ത വിഭാഗങ്ങളിലെ ചെറുപ്പക്കാരില്‍നിന്ന്  ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്.  മുസ്‌ലിം സമൂഹത്തിനകത്തെ അഭിപ്രായ വ്യത്യാസങ്ങളുടെ വ്യാകരണം സാമ്രാജ്യത്വവും സംഘ് പരിവാറും കേരള സി.പി.എമ്മും പറയുന്നതല്ലെന്നര്‍ഥം.
പ്രതിസന്ധി നേരിടുന്ന ഏത് സമൂഹത്തെ സംബന്ധിച്ചിടത്തോളവും ഐക്യം പരമപ്രധാനമാണ്. ശത്രുവിനാല്‍ ആക്രമിക്കപ്പെടുമ്പോള്‍ പരസ്പരം പോരടിച്ച ഒരു ജനതയും ചരിത്രത്തില്‍ അതിജീവിച്ചിട്ടില്ല. മുസ്‌ലിം സ്‌പെയിനും കുരിശു യുദ്ധകാലത്തെ ക്രൈസ്തവ സൈന്യവും ചരിത്രത്തിലെ ഇതിന്റെ ഉദാഹരണങ്ങളാണ്. അതേസമയം കേരളത്തിലെ മുസ്‌ലിംകളെല്ലാം ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയിലോ മുന്നണിയിലോ പ്രവര്‍ത്തിക്കണമെന്നില്ല, ബഹുകക്ഷി വ്യവസ്ഥയിലെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതാണ് അവര്‍ക്കും ജനാധിപത്യവ്യവസ്ഥക്കും നല്ലത്. പക്ഷേ കക്ഷി രാഷ്ട്രീയപരമായി വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുമ്പോഴും ഒരു സാംസ്‌കാരിക വിഭാഗം എന്ന നിലക്കുള്ള ഐക്യം കാത്തു സൂക്ഷിക്കാന്‍ കേരള മുസ്‌ലിംകള്‍ക്ക് സാധിക്കണം. ഈ സാംസ്‌കാരികമായ ഐക്യത്തെ തകര്‍ത്ത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ആരു ശ്രമിച്ചാലും അവരെ ചെറുത്തു തോല്‍പ്പിക്കുക എന്നത് സമുദായത്തിന്റെ  പൊതുവായ ബാധ്യതയാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍
ടി.കെ ഉബൈദ്‌

ഹദീസ്‌

സഹോദരിയുടെ അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌