Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

തുര്‍ക്കിയുടെ പുതിയ വികസന മാതൃക

യാസീന്‍ അഖ്തായ്

കറന്‍സികള്‍ തമ്മിലെ വിനിമയ നിരക്ക്, പലിശ നിരക്ക് എന്നിവയെ ചൊല്ലി തുര്‍ക്കി സമ്പദ് ഘടനയില്‍ ഈയടുത്ത കാലത്തായി വലിയ തകിടം മറിച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമ്പദ് ശാസ്ത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ തത്ത്വങ്ങളെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള പാഠങ്ങളാണ് അത് നല്‍കിക്കൊണ്ടിരിക്കുന്നത്.
ടര്‍ക്കിഷ് സമ്പദ് ഘടനയെ നിരീക്ഷിച്ചു പോരുന്നവരുടെ ശ്രദ്ധയില്‍ അന്നാട്ടിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പലിശ നിരക്കിനെതിരെ നടത്തിവരുന്ന പോരാട്ടം പെടാതെ പോകില്ല. അത് ടര്‍ക്കിഷ് ലീറക്ക് യു.എസ് ഡോളര്‍ പോലുള്ള കറന്‍സികളുമായുള്ള വിനിമയ നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയെന്നതും സത്യമാണ്. ഈ നീക്കത്തിന് പിന്നിലെ പ്രേരണകള്‍ എന്തെന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്.
ഒരു കാര്യം വ്യക്തമാണ്. പലിശയെ സംബന്ധിച്ച് ഉര്‍ദുഗാന് തന്റേതായ മതകീയ ബോധ്യങ്ങളുണ്ട്.  പലിശ നിരക്ക് കുറക്കുക എന്നതില്‍ ഊന്നി അദ്ദേഹം സ്വന്തമായ ഒരു കാഴ്ചപ്പാട് വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുകയുമാണ് ഇപ്പോള്‍. ഭരണകൂടത്തെ നയിക്കുന്ന സാമ്പത്തിക വിദഗ്ധരുമായും അദ്ദേഹം കൂടിയാലോചന നടത്തുകയും തന്റെ ആശയം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാരണം ആ വിദഗ്ധരില്‍ ബഹുഭൂരിപക്ഷവും, നിലനില്‍ക്കുന്ന സമ്പദ് ശാസ്ത്രത്തിന് ഒരു പിഴവുമില്ല എന്ന് വിശ്വസിക്കുന്നവരാണ്. പലിശ നിരക്ക് കൂട്ടിക്കൊണ്ടേ പണപ്പെരുപ്പം തടയാനാവൂ എന്ന് ഉറച്ച് വിശ്വസിക്കുന്നവരുമാണ് അവര്‍.
ഉര്‍ദുഗാന്‍ അവരോട് തര്‍ക്കിക്കുന്നു. പലിശ നിരക്ക് വര്‍ധിപ്പിക്കല്‍ ഒരിക്കലും പണപ്പെരുപ്പത്തിന് പരിഹാരമല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. കാരണം പലിശ നിരക്ക് കൂട്ടുമ്പോള്‍ അത് ഏത് നിലക്കും പണപ്പെരുപ്പത്തിന് സഹായകമായിത്തീരുകയാണ് ചെയ്യുക. മുമ്പ് ഉര്‍ദുഗാനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരൊക്കെ തങ്ങളുടെ പാരമ്പര്യ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരായിരുന്നതുകൊണ്ട് തന്റെ ആശയം നടപ്പില്‍ വരുത്തുന്നതിന് ഒരുപാട് തടസ്സങ്ങളുണ്ടായി. ഇപ്പോഴാകട്ടെ ഉര്‍ദുഗാന്‍ ഈ വിഷയത്തിലുള്ള തന്റെ സാമ്പത്തിക നിലപാടില്‍ ഉറച്ച് നില്‍ക്കാനും അത് പ്രയോഗിച്ച് കാണിക്കാനും തന്നെ തീരുമാനിച്ചിരിക്കുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പലിശ നിരക്ക് തീരുമാനിക്കുന്നത് കേന്ദ്ര ബാങ്ക് ചുമതലപ്പെടുത്തിയ ഒരു സമിതിയായിരിക്കും എന്നതാണ്. കേന്ദ്ര ബാങ്കാവട്ടെ ഭരണകൂടത്തില്‍നിന്ന് സ്വതന്ത്രമായിരിക്കണം എന്നാണ് വെപ്പ്. ആയതിനാല്‍ ബാങ്ക് ചുമതലപ്പെടുത്തിയ സമിതിയില്‍ സമ്മര്‍ദം ചെലുത്താനോ എന്തെങ്കിലും ചെയ്യാനായി പ്രേരണ ചെലുത്താനോ കഴിയില്ല. പക്ഷേ ഈ സമിതിയുടെ രാഷ്ട്രീയം ഇവിടെ ഒതുങ്ങുന്നില്ല എന്നതാണ് പ്രശ്‌നം. വളരെ വിശാലമാണ് ഈ സമിതിയുടെ സ്വാധീനവലയം. അതിനാല്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കുമൊന്നും ഇത് പോലുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സുപ്രധാന തീരുമാനങ്ങളില്‍ അവര്‍ക്കൊന്നും ചെയ്യാനില്ലെന്നായി. തെരഞ്ഞെടുക്കപ്പെടാത്ത ഈ സമിതി അംഗങ്ങള്‍ക്കാകട്ടെ ഒരു തരത്തിലുള്ള വിചാരണയും നേരിടാതെ തങ്ങളുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനും പണത്തില്‍ നിന്ന് പണം കൊയ്‌തെടുക്കാനുമാകും.
ഉയര്‍ന്ന പലിശ നിരക്ക് ഇന്‍വസ്റ്റ്‌മെന്റിന്റെ / മുതല്‍മുടക്കിന്റെ ശത്രുവാണ് എന്നത് സാമ്പത്തിക ശാസ്ത്രത്തില്‍ എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. അത് പിന്നീട് തൊഴിലില്ലായ്മക്ക് ഒരു പ്രധാന കാരണമായിത്തീരും. പണം വെച്ച് പണം നേടാന്‍ പറ്റുമെങ്കില്‍ മുതല്‍ മുടക്കി റിസ്‌കെടുക്കാന്‍ ആളുകള്‍ തയാറാകില്ല. ഒപ്പം, ഒരു സംരംഭകന്‍ തന്റെ സംരംഭം തുടങ്ങാന്‍ ഉയര്‍ന്ന പലിശ നിരക്കില്‍ കടമെടുക്കാനും മടിക്കും.
ഉര്‍ദുഗാന്റെ കാഴ്ചപ്പാട് വ്യക്തമാണ്. തുര്‍ക്കിയുടെ വികസനത്തിലേക്കുള്ള പാത ഒരിക്കലും നികുതികളിലൂടെയോ പലിശകളിലൂടെയോ അല്ല. നിക്ഷേപം, ഉല്‍പ്പാദനം, തൊഴില്‍, കയറ്റുമതി ഇവയിലൂടെയാണ് യഥാര്‍ഥ വളര്‍ച്ച കൈവരിക്കാനാവുക. തുര്‍ക്കി പ്രസിഡന്റ് ഈയൊരു പുതിയ സാമ്പത്തിക മാതൃകയാണ് മുന്നോട്ട് വെച്ചുകൊണ്ടിരിക്കുന്നത്. അത് പ്രയോഗവത്കരിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പലിശ നിരക്ക് കുറച്ചു. ഓരോ തവണ കുറക്കുമ്പോഴും വിപണി  പ്രതികരിച്ചു; ലീറയും യു.എസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് കൂടിക്കൊണ്ടിരുന്നു. ഇങ്ങനെ തുര്‍ക്കി ലീറ ദുര്‍ബലമായിക്കൊണ്ടിരുന്നപ്പോഴും സെന്‍ട്രല്‍ ബാങ്ക് മൂന്ന് മാസം തുടര്‍ച്ചയായി പലതവണയായി പലിശ നിരക്ക് കുറച്ചു; 20 ശതമാനത്തില്‍നിന്ന് 14 ശതമാനം വരെ. അപ്പോഴൊക്കെ തുര്‍ക്കി കറന്‍സിയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരുന്നെങ്കിലും ഉര്‍ദുഗാന്‍ പിന്‍വാങ്ങിയില്ല.
ഉയര്‍ന്ന പലിശ നിരക്ക് നിലനില്‍ക്കെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനോ വളര്‍ച്ച കൈവരിക്കാനോ പണപ്പെരുപ്പം കുറച്ചുകൊണ്ട് വരാനോ സാധ്യമല്ലെന്നായിരുന്നു ഉര്‍ദുഗാന്റെ സുചിന്തിത നിലപാട്. പക്ഷേ ലീറയുടെ മൂല്യം കുറഞ്ഞതും മറ്റു കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ വലിയ വ്യത്യാസം വന്നതും ഉര്‍ദുഗാന്റെ രാഷ്ട്രീയത്തെക്കുറിച്ച് വലിയ സംശയങ്ങള്‍ ഉയര്‍ത്തി. ഈ സംശയങ്ങളും വിമര്‍ശനങ്ങളും നിലനില്‍ക്കെ തന്നെ അദ്ദേഹം പലിശ നിരക്ക് കുറക്കുക എന്ന തന്റെ നയവുമായി മുന്നോട്ട് പോവുകയായിരുന്നു.
ഇപ്പോഴത്തെ സാമ്പത്തിക വിശകലനമനുസരിച്ച് തുര്‍ക്കി ഇക്കണോമിയിലേക്ക് കൂടുതല്‍ വിദേശ കറന്‍സികള്‍ പമ്പ് ചെയ്യേണ്ട ആവശ്യമില്ല. അത്രക്ക് ശക്തമായിരിക്കുന്നു തദ്ദേശീയ കറന്‍സി. അന്താരാഷ്ട്ര തലത്തില്‍ തന്നെ റെക്കോഡ് വളര്‍ച്ചയാണ് അത് കാണിക്കുന്നത്. ഓരോ മാസവും മുന്‍ മാസത്തെ റെക്കോഡ് ഭേദിച്ചാണ് വ്യാവസായിക വളര്‍ച്ച. തുര്‍ക്കിയുടെ കയറ്റുമതി 230 ബില്യന്‍ ഡോളര്‍ കവിഞ്ഞിരിക്കുന്നു. ബജറ്റ് കമ്മി അതിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ്.
ഊര്‍ജസ്വലവും ചലനാത്മകവുമാണ് ഇപ്പോള്‍ തുര്‍ക്കി സമ്പദ് ഘടന. ഒരോ ദിവസവും ആയിരക്കണക്കിന് പുതിയ കമ്പനികളും വ്യവസായ സംരംഭങ്ങളും ഉദയം കൊള്ളുന്നു. ഉല്‍പ്പാദനത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ല. കഴിഞ്ഞൊരു ദിവസമാണ് ഉര്‍ദുഗാന്‍ ലീറയുടെ വിനിമയ മൂല്യത്തകര്‍ച്ച മൂലം സംരംഭകര്‍ക്കുണ്ടായ നഷ്ടം ലീറ നല്‍കി നികത്തിത്തരാമെന്ന് വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ യു.എസ് ഡോളറുമായുള്ള ലീറയുടെ വിനിമയ നിരക്ക് 18.5-ല്‍ നിന്ന് 11 ആയി കുറഞ്ഞിരിക്കുന്നു. വിനിമയ നിരക്ക് ഇനിയും കുറയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ നേരത്തെ പറഞ്ഞ നഷ്ടപരിഹാരം ധനമന്ത്രാലയത്തിന് നല്‍കേണ്ടി വരില്ല.
   ഒരൊറ്റ നീക്കത്തിലൂടെ വിപണിക്ക് ആത്മവിശ്വാസം നല്‍കാന്‍ ഉര്‍ദുഗാന് സാധിച്ചിരിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ ശേഷിയില്ലാത്ത പ്രസിഡന്റ് എന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കാനും കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ഡോളറിന്റെ മേധാവിത്വത്തിന് പല രീതിയില്‍ തടയിടുകയാണ് അദ്ദേഹം ചെയ്തത്. പരമ്പരാഗതമായി ചൊല്ലിപ്പഠിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തത്ത്വങ്ങളൊക്കെ ശരി എന്ന ധാരണ അദ്ദേഹം തിരുത്തി. മൂടുറച്ച ധാരണകളല്ല രാഷ്ട്രീയ തീരുമാനങ്ങളാണ് പ്രധാനം എന്ന് കാണിച്ചു കൊടുത്തു. 
(തുര്‍ക്കിയിലെ അക്കാദമിഷ്യനും അല്‍ജസീറ അറബി കോളമിസ്റ്റുമാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്