Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

പി.എ ഇബ്‌റാഹീം ഹാജിയെ ഓര്‍ക്കുമ്പോള്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

ഡോ. പി.എ ഇബ്‌റാഹീം ഹാജിയുമായി മൂന്ന് ദശകക്കാലത്തെ പരിചയമുണ്ട്. കാസര്‍കോട് പള്ളിക്കര സ്വദേശിയായ ഹാജിക്ക് ന്യൂമാഹിയുമായി വിവാഹബന്ധമുള്ളതിനാല്‍ പലപ്പോഴും കാണാനും സംവദിക്കാനും സാധിച്ചിട്ടുണ്ട്. പെരിങ്ങാടി സ്വദേശി തബ്‌ലീഗ് ജമാഅത്തിന്റെ നേതാവ് മര്‍ഹൂം പി.കെ സുബൈര്‍ ഹാജി, അദ്ദേഹത്തിന്റെ പുത്രന്‍ മര്‍ഹൂം ഉവൈസ് ഹാജി എന്നിവരുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഗാഢബന്ധം, ജമാഅത്തെ ഇസ്‌ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റായിരുന്ന മര്‍ഹൂം അബൂബക്കര്‍ നദ്‌വിയുമായി അദ്ദേഹത്തിനുള്ള കുടുംബ ബന്ധം എന്നിവ ഇബ്‌റാഹീം ഹാജിയുമായുള്ള പരിചയത്തിനും അദ്ദേഹവുമായി ഇടപഴകുന്നതിനും അദ്ദേഹത്തെ മനസ്സിലാക്കുന്നതിനും സഹായകമായിരുന്നു. ദുബൈ നാസര്‍ സ്‌ക്വയറിനടുത്തുള്ള ഇഷ്ടികപ്പള്ളി എന്ന് മലയാളികള്‍ പറയുന്ന പള്ളിയില്‍ വെച്ച് കണ്ടുമുട്ടുമ്പോഴെല്ലാം അതിനടുത്തുള്ള അന്‍ശമാലി ട്രേഡിംഗ് കമ്പനിയില്‍ പോയി ആശയവിനിമയം നടത്താറുണ്ടായിരുന്നു (കുവൈത്തില്‍നിന്ന് പര്‍ച്ചേസിങ്ങിനായി ദുബൈയില്‍ പോയാല്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുക പതിവാണ്).
ദീനീനിഷ്ഠയും ചിട്ടയും കൈവിടാത്ത ജീവിതശൈലിക്കുടമയായിരുന്നു. വിനയവും മിതഭാഷണവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. സുസ്‌മേരവദനനായിട്ടല്ലാതെ അദ്ദേഹത്തെ കാണാറില്ല. അടിയുറച്ച തബ്‌ലീഗ് പ്രവര്‍ത്തകനായിരിക്കെ സമുദായത്തിലെ മത സംഘടനകളുമായും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായും നന്നായി സഹകരിച്ചു. 
കുവൈത്ത് കെ.ഐ.ജിയുടെ ദീര്‍ഘകാല പ്രസിഡന്റായിരുന്ന മര്‍ഹൂം കെ.എം അബ്ദുര്‍റഹീം സാഹിബ്, ബോംബെയിലെ പ്രമുഖ എക്‌സ്‌പോര്‍ട്ടറായിരുന്ന അഹ്മദ് ഇസ്മാഈല്‍ സാഹിബ് എന്നിവരോടൊപ്പം ദുബൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വിരുന്നിന് പോയപ്പോള്‍ പെരിങ്ങാടി അല്‍ഫലാഹിന്റെ വിവരങ്ങള്‍ സംസാര വിഷയമായി. അല്‍ ഫലാഹിനെ വളരെ മതിപ്പോടെയാണ് അദ്ദേഹം കാണുന്നതെന്ന് മനസ്സിലായി. തുടര്‍ന്ന് അദ്ദേഹം ഫ്രഞ്ച് മാഹിയില്‍ അല്‍പം വിശാലമായ സ്ഥലത്ത് റസിഡന്‍ഷ്യല്‍ സ്വഭാവത്തില്‍ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള പ്രേരണാപൂര്‍വമുള്ള നിര്‍ദേശം ഞങ്ങള്‍ക്ക് നല്‍കി. ഏതാണ്ട് മൂന്ന് ദശകം മുമ്പ് നല്‍കിയ പ്രസ്തുത നിര്‍ദേശം നടപ്പാക്കാന്‍ അന്ന് സാധിച്ചില്ല. 
നല്ലൊരു ദീനീ പ്രവര്‍ത്തകന്‍, വളരെ മികച്ച സംരംഭകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പഠിക്കപ്പെടേണ്ട വ്യക്തിത്വമാണ് ഇബ്‌റാഹീം ഹാജിയുടേത്. സമ്പന്നതയും സംരംഭകത്വവും പരസ്പരപൂരകമായി മേളിക്കുമ്പോള്‍ അത് സമൂഹത്തിന് വളരെ ഉപകാരപ്പെടും. കടവത്തൂരിലെ വി.എന്‍.കെ, ബാംഗ്ലൂരിലെ പ്രഫ. മൂസ സാഹിബ് തുടങ്ങിയവരെപ്പോലെ നല്ലൊരു പാഠപുസ്തകമാണ് ഇബ്‌റാഹീം ഹാജി. മനുഷ്യപുരോഗതിയെ അടയാളപ്പെടുത്താന്‍ ഖുര്‍ആന്‍ പലപ്പോഴും പ്രയോഗിക്കുന്നത് കൃഷിയുടെയും കച്ചവടത്തിന്റെയും രൂപകമാണ്. കൃഷി ഉല്‍പാദനമാണ്. കച്ചവടം വിപണനവും. ഈ രണ്ട് മേഖലകളിലൂന്നിയാണ് സമുദായം സാമ്പത്തിക പുരോഗതിയും അതുവഴി മറ്റു നേട്ടങ്ങളും കൈവരിക്കേണ്ടതെന്ന് ഇബ്‌റാഹീം  ഹാജി തന്റെ അഞ്ചര ദശകക്കാലത്തെ പ്രവാസ ജീവിതം വഴി തെളിയിച്ചിട്ടുണ്ട്. നന്നായി സമ്പാദിക്കലും ഉദാരമായി സംഭാവന നല്‍കലും ഒരു നാണയത്തിന്റെ ഇരുപുറം കണക്കെ അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. വെള്ളം കോരുന്ന കിണറ്റിലാണല്ലോ പിന്നെയും പിന്നെയും ഉറവ വന്നുകൊണ്ടിരിക്കുക.
ഗള്‍ഫിലും നാട്ടിലും ഒട്ടേറെ വ്യാപാര-വ്യവസായ സംരംഭങ്ങളോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായി. മഞ്ചേരിയിലെ നജ്മുല്‍ ഹുദാ കോളേജ് അദ്ദേഹത്തിന്റെ വളരെ സ്വന്തം എന്ന് പറയാവുന്ന ഒരു സ്ഥാപനമാണ്. ഇവിടത്തെ ഒരു വാര്‍ഷിക പരിപാടിക്ക് കെ.എം അബ്ദുര്‍റഹീം സാഹിബും ഈ കുറിപ്പുകാരനും അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി പങ്കെടുത്തിരുന്നു. പ്രസ്തുത സ്ഥാപനത്തില്‍നിന്ന് പഠിച്ച് ബിരുദം നേടിയ ഒട്ടേറെ പേര്‍ ദീനീരംഗങ്ങളില്‍ സേവനങ്ങളര്‍പ്പിക്കുന്നുണ്ട്.
മത സംഘടനകളും മതമേഖലയിലെ പ്രവര്‍ത്തനങ്ങളും പരസ്പര പൂരകമാവണം (കോംപ്ലിമെന്ററി), ഒരിക്കലും പരസ്പര വിരുദ്ധമാവരുത് (കോണ്‍ട്രെഡിക്ടറി) എന്ന് ഉറച്ച് വിശ്വസിച്ച ഹാജി ആരെയും അനാവശ്യമായി വിമര്‍ശിക്കാറില്ല. ജമാഅത്തെ ഇസ്‌ലാമിയോടും അതിന്റെ പ്രവര്‍ത്തകരോടും മമത പുലര്‍ത്തിയിരുന്നു. മീഡിയാ വണ്ണിന് വേണ്ടി വിളിച്ചു ചേര്‍ത്ത ദുബൈയിലെ പൗരപ്രമുഖരുടെ യോഗത്തില്‍ ഉദാരമായ സഹകരണം വാഗ്ദത്തം ചെയ്ത പ്രമുഖരില്‍ ഇബ്‌റാഹീം ഹാജിയുമുണ്ടായിരുന്നു. രഹസ്യമായ ദാനധര്‍മങ്ങളിലും പരോപകാര പ്രവര്‍ത്തനങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതോടൊപ്പം താന്‍ ബന്ധപ്പെടുന്ന സകല മേഖലകളിലും അഭിമാനപൂര്‍വം ദീനീ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു. ധാരാളം യാത്രകള്‍ നടത്തിയ വ്യക്തിയെന്ന നിലക്ക് തന്റെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താനും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ സന്താനങ്ങളെല്ലാം ദീനീനിഷ്ഠയും ചിട്ടയും പുലര്‍ത്തുന്നവരാണ്. 
പരമ കാരുണികനായ അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്