Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

ഖുര്‍ആനും   മുസ്‌ലിം സമൂഹത്തിന്റെ ദൗത്യവും

സയ്യിദ് സആദത്തുല്ലാ ഹുസൈനി

മനുഷ്യ സമൂഹത്തിന്റെ സംഘടിത സ്വഭാവത്തെയും ശേഷിയെയും കുറിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത പദ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഖുര്‍ആന്‍ ഉപയോഗിച്ച വാക്കുകളും അവയുടെ പ്രയോഗങ്ങളും പരിശോധിക്കുമ്പോഴാണ് മുസ്ലിം സമൂഹത്തിന്റെ യഥാര്‍ഥ പദവിയും സ്ഥാനവും മനസ്സിലാക്കാനാവുക.
വംശീയ വിഭാഗങ്ങള്‍: ഇവയെ കുറിക്കാന്‍ അറബി ഭാഷയില്‍ ധാരാളം പദങ്ങളുണ്ട്. ഭാഷാ വിദഗ്ധര്‍ വംശീയ വിഭാഗങ്ങളെ വിവിധ തട്ടുകളായി വേര്‍തിരിക്കുന്നുണ്ട്.11 ഇവയില്‍ ആദ്യത്തേത് 'ശുഅബ്' [Race] എന്ന പ്രയോഗമാണ് (َجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا۔ الحجرات: ۱۳). ഏകദേശം വംശപരമ്പരയെ സൂചിപ്പിക്കുന്നതാണ് ഈ പദം. അതായത്, ഒരു വ്യക്തിയുടെ സന്താന പരമ്പരയില്‍നിന്ന് രൂപപ്പെട്ടുവന്ന ഒരു വലിയ ജനസമൂഹം എന്നാണ് ഈ പദം കൊണ്ടര്‍ഥമാക്കുന്നത്. ഉദാഹരണമായി ഇബ്‌നു അദ്നാന്‍.  അഥവാ, അദ്‌നാന്‍ എന്ന വ്യക്തിയുടെ പിന്‍ഗാമികളാണ് അറേബ്യന്‍ ഉപദ്വീപില്‍ ചിതറിക്കിടക്കുന്ന അറബ് ജനത.
രണ്ടാമത്തേത് 'ഖബീല' എന്ന പദമാണ്. ഖബീല ശുഅബിന്റെ ഉപവിഭാഗമാണെന്ന് (subset) പറയാം. അഥവാ, പല ഖബീലകള്‍ കൂടിച്ചേരുമ്പോഴാണ് ഒരു ശുഅബ് രൂപപ്പെടുന്നത്. അറേബ്യയിലുണ്ടായിരുന്ന ഖുറൈശിനെ ഖബീലയുടെ ഉദാഹരണമായി പറയാം. ഇതിനും താഴെ വരുന്നതാണ് 'അല്‍അശീറ:' പിതാമഹന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും പിന്‍ഗാമികളും അടുത്ത ബന്ധുക്കളും ചേരുന്നതാണ് അല്‍ അശീറ:. നബിതിരുമേനിയുടെ കുടുംബമായ ബനൂഹാശിമിനെ ഉദാഹരണമായി പറയാം (وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ. الشعراء 214). അതിനു താഴെയാണ് മാതാപിതാക്കളും മക്കളും അടങ്ങുന്ന 'ഉസ്‌റ' എന്ന കുടുംബ സംവിധാനം. വിശുദ്ധ ഖുര്‍ആനില്‍ 'അഹ്ല്‍' എന്ന പദം ഉപയോഗിച്ചത് കുടുംബത്തെ കുറിക്കാനാണ് (വംശാവലിയെ സംബന്ധിച്ച പഠനം നടത്തുന്ന ഗവേഷകര്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട തട്ടുകള്‍ക്കിടയില്‍ വേറെയും പല തലങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്). സൂറത്തുല്‍ ഹുജുറാത്തില്‍ മേല്‍  പരാമര്‍ശിച്ച സൂക്തത്തില്‍ ഈ വംശീയ സ്വത്വങ്ങളെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ ആയത്തില്‍ പരാമര്‍ശിച്ചത് വംശീയ സ്വത്വങ്ങള്‍ക്കപ്പുറം മനുഷ്യ സമൂഹത്തെ പരിചയപ്പെടുത്തല്‍ മാത്രമാണെന്ന നിരീക്ഷണവും നിലനില്‍ക്കുന്നുണ്ട്.  ഈ സൂക്തം  മനുഷ്യര്‍ക്കിടയില്‍ ഉന്നതരെയും താഴ്ന്നവരെയും പ്രതിഷ്ഠിക്കാനും അവര്‍ക്കിടയില്‍ വിവേചനങ്ങളുണ്ടാക്കാനും ഒരു നിലക്കും തെളിവാകുന്നില്ലെന്നതാണ്  യാഥാര്‍ഥ്യം.
'ഖൗം': ഖൗം എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ 200-ഓളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് താമസിക്കുന്നവരെയോ അല്ലെങ്കില്‍ ഒരുമിച്ചു ജീവിക്കുന്ന ഒരു പൊതു വംശാവലിയേയോ വിശേഷിപ്പിക്കുന്നതിനാണ് ഈ പദം പൊതുവെ ഉപയോഗിച്ചത് എന്നാണ് ഈ ഖുര്‍ആനിക പദം സംബന്ധിച്ച പഠനങ്ങള്‍ പറയുന്നത്. പ്രവാചകന്മാരുടെ ജനതകളെ അതത് പ്രവാചകന്മാരുടെ പേരുകളോട് ചേര്‍ത്തുവെച്ചാണ്  പരിചയപ്പെടുത്തുന്നത്. ഹൂദിന്റെ ജനത, ശുഐബിന്റെ ജനത തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണങ്ങള്‍. ദൈവത്തോട് അനുസരണയില്ലാത്തവരും ദൈവ വിശ്വാസികള്‍ തന്നെയല്ലാത്തവരുമായ തങ്ങളുടെ സമുദായത്തിലെ ജനവിഭാഗങ്ങളെ പ്രവാചകന്മാര്‍ 'യാ ഖൗമീ'  (എന്റെ സമൂഹമേ) എന്ന്  അഭിസംബോധന ചെയ്യുന്നുണ്ട്.
'മില്ലത്ത്': ഖുര്‍ആനില്‍ മില്ലത്ത് എന്ന പദം ദര്‍ശനം, ജീവിത പദ്ധതി തുടങ്ങിയ അര്‍ഥങ്ങളിലാണ് പൊതുവെ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പദം  പാരമ്പര്യ മതസമൂഹങ്ങളെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. പ്രസിദ്ധ അറബി ഭാഷാ നിഘണ്ടുവായ 'മുഅ്ജം അല്‍മആനി അല്‍ജാമിഇ'ല്‍  ദീന്‍, ശരീഅത്ത് എന്നിവയോടൊപ്പം മില്ലത്ത് എന്ന പദത്തിന് ഇങ്ങനെ ഒരര്‍ഥം കൂടി നല്‍കുന്നുണ്ട്: ഒരു മതവിഭാഗം, ഒരു പൊതു വിശ്വാസത്താല്‍ ഏകീകരിക്കപ്പെട്ട സംഘം - طائفة دینیّة مجموعة متَّحدة بعقیدة مشترکة - ഹദീസുകളിലും ഈ അര്‍ഥത്തില്‍ മില്ലത്ത് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എന്റെ ജനത എഴുപത്തിമൂന്ന് വിഭാഗങ്ങളായി വിഭജിക്കപ്പെടും. അതിലൊരു വിഭാഗമൊഴികെ മറ്റെല്ലാവരും നരകാവകാശികളായിരിക്കും - تَفتَرِقُ اْمَّتِی عَلی ثَلَاثٍ وَسَبعِینَ مِلَّة کُلُّھم فِی النَّارِ اِلَّا مِلَّة وَاحِدَة എന്ന ഹദീസില്‍ മില്ലത്ത് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. മില്ലത്ത് എന്ന പദം ഉപയോഗിച്ച ഖുര്‍ആനിക വാക്യങ്ങള്‍ പരിഗണിക്കുമ്പോള്‍, മിക്ക സ്ഥലങ്ങളിലും ജീവിത ദര്‍ശനം, ജീവിത പദ്ധതി എന്ന അര്‍ഥത്തിലും, മതത്തിന്റെയും ആദര്‍ശങ്ങളുടെയും  അടിസ്ഥാനത്തില്‍ ഉടലെടുക്കുന്ന ജനവിഭാഗങ്ങള്‍ എന്ന അര്‍ഥത്തിലും ഉപയോഗിച്ചതായി കാണാന്‍ സാധിക്കും.
'ഉമ്മത്ത്': ഖുര്‍ആനില്‍ ഉമ്മത്ത് എന്ന സാങ്കേതിക പദം ഉപയോഗിക്കുന്നത് ഏതെങ്കിലും മൂല്യമോ യോഗ്യതയോ പങ്കിടുന്ന വിഭാഗങ്ങളെ സൂചിപ്പിക്കാനാണ്. ഉദാഹരണത്തിന്, ഒരു പ്രത്യേക കാലഘട്ടം, പ്രദേശം, നേതാവ് എന്നിങ്ങനെ വ്യത്യസ്ത അര്‍ഥതലങ്ങളില്‍ ഈ പദം ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷിമൃഗാദികളുടെ വിവിധയിനങ്ങളെ സൂചിപ്പിക്കാനും ഈ വാക്ക് വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട് (അല്‍അന്‍ആം: 38). എന്നാല്‍ മിക്കയിടങ്ങളിലും ഈ വാക്ക് ഉപയോഗിക്കുന്നത് ഒരു പ്രത്യേക വിശ്വാസ സംഹിതയോ കര്‍മപദ്ധതിയോ പിന്തുടരുന്ന ജനവിഭാഗങ്ങളെ സൂചിപ്പിക്കാനാണ്. അതായത്, വിശ്വാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി ഏതെങ്കിലും രംഗത്ത് പൊതുവായ ലക്ഷ്യങ്ങള്‍ പങ്കിടുന്ന ഒരു സംഘടിത വിഭാഗം   وَلَهُمْ أهْدَافٌ مُشْتَرَكَةٌ فِی العَقِیدَةِ أَوِ السِّیاسَةِ أَوِ الاقْتِصَادِ   എന്നതാണ് ഉമ്മത്ത് എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്.13 
'ഹിസ്ബ്': ഖുര്‍ആനില്‍ രണ്ട് സ്ഥലങ്ങളില്‍ മുസ്ലിം സമൂഹത്തെ ഹിസ്ബ് (പാര്‍ട്ടി) എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ചുകൂടുന്ന ജനതയാണ് (الحزب القوم یجتمعون لأمر حزبهم) ഹിസ്ബ് എന്ന വിശേഷണം കൊണ്ട് അര്‍ഥമാക്കുന്നത്.14 ഒരു പാര്‍ട്ടി ആ പാര്‍ട്ടിക്ക് വേണ്ടി മാത്രമായി ഒത്തുകൂടുന്ന സംഘമാണ് ഹിസ്ബ്15 (جماعة من الناس على مذهب سیاسی اوعقائدی واحد).  ഒരു ഹിസ്ബിന് ഒരൊറ്റ പ്രത്യയശാസ്ത്ര, രാഷ്ട്രീയ അടിത്തറ മാത്രമാണുണ്ടാകുക. പ്രസ്തുത ആദര്‍ശ അടിത്തറയിലാണ് അവര്‍ ഒരുമിച്ച് കൂടുകയും ചെയ്യുക.
വംശീയ വിഭാഗങ്ങള്‍ക്കോ ഭൂമിശാസ്ത്രപരവും ദേശീയവുമായ ഏകതാനതക്കോ മാത്രമായി ഉപയോഗിക്കുന്ന പദാവലികള്‍ ഒരിടത്തുപോലും അല്ലാഹു ഖുര്‍ആനില്‍ മുസ്ലിം സമൂഹത്തെ പരിചയപ്പെടുത്തുന്നിടത്ത് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കാനാണ് ഈ പദങ്ങളുടെ വിശദാംശങ്ങള്‍ പ്രതിപാദിച്ചത്. മുസ്ലിം സമൂഹത്തെ വിശേഷിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ എവിടെയും  ശുഅബ്, ഖബീല എന്നീ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. പകരം, മില്ലത്ത്, ഉമ്മത്ത്, ഹിസ്ബ് തുടങ്ങിയ പദാവലികളാണ് അല്ലാഹു ഉപയോഗിച്ചത്. ഖൗം എന്ന പദമാകട്ടെ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് ഭാഷാപരമായ പൊതു അര്‍ഥത്തിലാണ്. അഥവാ, പൊതുവായ വംശമോ ഭാഷയോ മാതൃഭൂമിയോ പങ്കിടുന്ന ഒരു സംഘം ആളുകള്‍ എന്ന നിലയിലാണ്. ദൈവത്തില്‍ വിശ്വസിക്കാത്ത തന്റെ സമൂഹത്തിലെ ജനവിഭാഗങ്ങളെയും പ്രവാചകന്മാര്‍ 'എന്റെ സമൂഹമേ' എന്നാണ് അഭിസംബോധന ചെയ്യുന്നത്. ശുഐബ് നബിയുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു ഇപ്രകാരം പറയുന്നു:  ''അദ്ദേഹത്തിന്റെ ജനത്തിലെ ഗര്‍വിഷ്ഠരായ പ്രമാണികള്‍ പറഞ്ഞു: 'ഹേ ശുഐബ്, നിന്നെയും നിന്നോടു കൂടെ വിശ്വാസികളായവരെയും നിശ്ചയമായും ഞങ്ങള്‍ നാട്ടില്‍നിന്ന് ആട്ടിയോടിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരുകതന്നെ വേണം.' ശുഐബ് ചോദിച്ചു: 'ഞങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കിലും ബലമായി ഞങ്ങള്‍ പൂര്‍വമതത്തിലേക്ക് മടക്കപ്പെടുമെന്നോ? അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍നിന്നു രക്ഷിച്ചുകഴിഞ്ഞിരിക്കെ, ഇനി അതിലേക്ക് മടങ്ങുകയാണെങ്കില്‍, ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞവരായിത്തീരും. ഞങ്ങളെ സംബന്ധിച്ചേടത്തോളം ഇനി ഒരു നിലക്കും അതിലേക്കു മടങ്ങുക സാധ്യമേയല്ല-ഞങ്ങളുടെ റബ്ബായ അല്ലാഹു അങ്ങനെ ഉദ്ദേശിച്ചാലല്ലാതെ. റബ്ബിന്റെ ജ്ഞാനം സകലമാന സംഗതികളെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അവനിലാകുന്നു ഞങ്ങള്‍ ഭരമേല്‍പിച്ചിട്ടുള്ളത്. നാഥാ, ഞങ്ങള്‍ക്കും ഞങ്ങളുടെ സമുദായത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ! തീരുമാനമെടുക്കുന്നവരില്‍ അത്യുല്‍കൃഷ്ടനല്ലോ, നീ!'' (അല്‍അഅ്‌റാഫ്: 88, 89). ഈ സൂക്തത്തില്‍ ഒരേസമയം മില്ലത്ത്, ഖൗം എന്നീ രണ്ട് പദാവലികളും ഉപയോഗിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ശുഐബും (അ) അദ്ദേഹത്തിന്റെ ജനതയും ഒരു ഖൗമിലെ, രാജ്യത്തിലെ അംഗങ്ങളായിരുന്നു. എന്നാല്‍ അവരുടെ മില്ലത്തുകള്‍ വ്യത്യസ്തമായിരുന്നു എന്നാണ് ഈ ഖുര്‍ആനിക സൂക്തം വ്യക്തമാക്കുന്നത്.
മില്ലത്തിന്റെയും ഉമ്മത്തിന്റെയും ആശയപരമായ ഉള്ളടക്കം എന്താണ്? ഈ രണ്ട് പദവികളുടെ ആവശ്യകതകള്‍ എന്തൊക്കെയാണ്? വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു; ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവണ്ണം സമരം ചെയ്യുവിന്‍. അവന്‍ തന്റെ ദൗത്യത്തിനുവേണ്ടി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാകുന്നു. ദീനില്‍ നിങ്ങളുടെ മേല്‍ ഒരു ക്ലിഷ്ടതയുമുണ്ടാക്കി വെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ മതത്തില്‍ നിലകൊള്ളുന്നവരാകുവിന്‍. അല്ലാഹു  പണ്ടേതന്നെ നിങ്ങള്‍ക്ക് 'മുസ്ലിംകള്‍' എന്ന് നാമകരണം ചെയ്തിട്ടുണ്ടായിരുന്നു; ഇതിലും (ഖുര്‍ആനിലും നിങ്ങളുടെ പേര്‍ അതുതന്നെയാകുന്നു). ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകേണ്ടതിന്; നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകേണ്ടതിനും. അതിനാല്‍, നമസ്‌കാരം നിലനിര്‍ത്തുവിന്‍. സകാത്ത് കൊടുക്കുവിന്‍. അല്ലാഹുവിനെ മുറുകെ പിടിച്ചുകൊള്ളുവിന്‍. അവനാകുന്നു നിങ്ങളുടെ രക്ഷകന്‍. എത്ര വിശിഷ്ടനായ രക്ഷകന്‍! എത്ര വിശിഷ്ടനായ സഹായി!'' (അല്‍ ഹജ്ജ്: 78). ഈ സൂക്തത്തില്‍നിന്നും ഖൗമും മില്ലത്തും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ വ്യക്തമാകുന്നുണ്ട്. ഖൗം എന്നത് ഒരു വംശീയ വിഭാഗത്തിന്റെയോ  ഭൂമിശാസ്ത്രപരമായി പ്രത്യേക പ്രദേശത്ത് താമസിക്കുന്നവരുടെയോ വിശേഷണമാണ് (പുതിയ ലോകത്താണെങ്കില്‍ ഒരു പ്രത്യേക രാജ്യത്ത് ജീവിക്കുന്ന ജനവിഭാഗങ്ങളാണ്). ഒരു ജനതയുടെ രാഷ്ട്രം പലപ്പോഴും സ്വതന്ത്രമായി ആരും തെരഞ്ഞെടുക്കുന്നതല്ല. അത് സ്വാഭാവികമായി വന്നുചേരുന്നതും  സഹജമായുണ്ടാകുന്നതുമാണ്. എന്നാല്‍ മറുവശത്ത്, ഹിസ്ബ് അല്ലെങ്കില്‍ പാര്‍ട്ടി എന്ന് പറയുന്നത് പ്രത്യേക ദൗത്യത്തിനായി രൂപീകരിച്ച സംഘടിത വിഭാഗമാണല്ലോ. അതിന്റെ അംഗത്വം സ്വമേധയാ തീരുമാനിക്കുന്നതും പ്രസ്തുത സംഘം ഏറ്റെടുത്ത ദൗത്യത്തോടുള്ള സമവായത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ഉണ്ടാകുന്നത്. ഒരു ഹിസ്ബിന് അതിന്റേതായ സ്വതന്ത്ര അസ്തിത്വമുണ്ടായിരിക്കും. ഹിസ്ബ് എന്ന സാങ്കേതിക പദാവലി പോലെ, മില്ലത്തും ഒരു പ്രത്യയശാസ്ത്ര വിഭാഗത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ്. ചില വിശ്വാസ സംഹിതകളും സിദ്ധാന്തങ്ങളും പങ്കിടുന്ന ഒരു കൂട്ടായ്മക്ക് നല്‍കിയ സവിശേഷ നാമമാണ് മില്ലത്ത് എന്നത്.  ഇക്കാരണത്താല്‍ തന്നെ അവര്‍ ഒരു പ്രത്യേക ദൗത്യത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ബോധവാന്മാരായിരിക്കും. ഈ സൂക്തത്തില്‍ പറഞ്ഞ ശഹാദത്ത് അലന്നാസ് (ജനങ്ങളുടെ മേല്‍ സാക്ഷികളാവുക) എന്ന പ്രയോഗം മുസ്ലിം മില്ലത്തിന്റെ ദൗത്യമായി പ്രഖ്യാപിക്കുക കൂടിയാണ് അല്ലാഹു ചെയ്യുന്നത്.
ഇസ്ലാമിക സമൂഹത്തെ പരിചയപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച മറ്റു പല പദങ്ങളും ഈ അര്‍ഥത്തില്‍ തന്നെയാണ് കാണാന്‍ സാധിക്കുക. ഉമ്മത്ത് എന്ന പദം വിശുദ്ധ ഖുര്‍ആനിലെ പ്രസിദ്ധമായ ചില സൂക്തങ്ങളില്‍  മുസ്ലിം സമൂഹത്തിന്റെ ജീവിത ലക്ഷ്യം എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്നത് കൂടിയാണ്. അല്ലാഹു പറയുന്നു; ''ഇവ്വിധം നാം നിങ്ങളെ (മുസ്ലിംകളെ) ഒരു മിതസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോക ജനങ്ങള്‍ക്ക് സാക്ഷികളാകുന്നതിനുവേണ്ടി; ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടിയും'' (അല്‍ബഖറ: 143). മറ്റൊരിടത്ത് വീണ്ടും പറയുന്നു;  ''ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു'' (ആലുഇംറാന്‍: 110). അല്‍ മുജാദല എന്ന അധ്യായത്തിന്റെ അവസാന വാക്യത്തില്‍, ഹിസ്ബുല്ലാഹ്  (അല്ലാഹുവിന്റെ പാര്‍ട്ടി) എന്ന പ്രയോഗമുണ്ട്. അല്ലാഹുവിന്റെ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ച സംഘത്തിന്റെ  അംഗത്വ ലഭ്യത വിശ്വാസം പോലുള്ള ചില സവിശേഷ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അവിടെ പറയുന്നത്.  വിശ്വാസികളുടെ ഈ ഗുണഗണങ്ങളാണ് അവരുടെ പരസ്പര പിന്തുണയുടെയും കൂട്ടായ ജീവിതത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്. പ്രസ്തുത സൂക്തം ഇപ്രകാരമാണ്; ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ള ജനം അല്ലാഹുവിനോടും അവന്റെ ദൂതനോടും പോരടിക്കുന്നവരോട് സ്നേഹത്തില്‍ വര്‍ത്തിക്കുന്നതായി നീയൊരിക്കലും കാണുന്നതല്ല; പോരടിക്കുന്നവര്‍ അവരുടെ പിതാക്കളോ സന്താനങ്ങളോ സഹോദരന്മാരോ കുടുംബാംഗങ്ങളോ ആയിരുന്നാലും ശരി. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു സത്യവിശ്വാസത്തെ സ്ഥിരീകരിക്കുകയും അവങ്കല്‍നിന്നുള്ള ചൈതന്യത്താല്‍ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവനവരെ, താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാകുന്നു. അതിലവര്‍ ശാശ്വതമായി വസിക്കും. അല്ലാഹു അവരോട് സംപ്രീതനായിരിക്കുന്നു. അവര്‍ അല്ലാഹുവിനോടും സംപ്രീതരായിരിക്കുന്നു. അവരത്രെ അല്ലാഹുവിന്റെ കക്ഷി. അറിഞ്ഞിരിക്കുവിന്‍, അല്ലാഹുവിന്റെ കക്ഷി തന്നെയാകുന്നു വിജയം പ്രാപിക്കുന്നവര്‍'' (അല്‍മുജാദല: 22).
ഈ വ്യാഖ്യാനങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, 'ദേശീയത', 'സ്വത്വരാഷ്ട്രീയം' എന്നീ ആധുനിക, ഉത്തരാധുനിക പരികല്‍പനകളുമായി ബന്ധപ്പെട്ട് മുസ്ലിം സമൂഹത്തിന്റെ സ്ഥാനവും പദവിയും നമുക്ക് നിര്‍ണയിക്കാനാകും. മുസ്ലിം സമൂഹം ഒരു പ്രത്യേക സമൂഹമാണോ അതോ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഭാഗമാണോ എന്ന ചോദ്യം സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ മുസ്ലിംകള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ ഉത്തരമായി ചിലര്‍ രണ്ട് തരം ദേശീയ സങ്കല്‍പങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അതിലൊന്നാമത്തേത്, മുസ്ലിം സമൂഹത്തെ വേറിട്ടതും വ്യതിരിക്തവുമായ ദേശീയ വിഭാഗമായി നിശ്ചയിക്കുന്നതായിരുന്നു. ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാ ജനങ്ങള്‍ക്കും പൊതുവായ ഒരു സാംസ്‌കാരിക പൈതൃകമുണ്ടെന്നും അതിനാല്‍ അവര്‍ ഒരൊറ്റ രാഷ്ട്രമാണെന്നും അവരുടെ ദേശീയത ഒന്നാണെന്നും പറയുന്ന മിശ്ര ദേശീയത എന്ന ആശയമാണ് രണ്ടാമതൊരു കൂട്ടര്‍ മുന്നോട്ട് വെച്ചത്. യൂറോപ്യന്‍ ദേശീയവാദ ആശയങ്ങളുടെയും ആധുനികതയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിലാണ് യഥാര്‍ഥത്തില്‍ മുകളില്‍ സൂചിപ്പിച്ച ചോദ്യം ഉയര്‍ന്നുവന്നത്. നേരത്തെ വ്യക്തമാക്കിയതുപോലെ, ദേശീയത എന്ന ആധുനികതയുടെ സങ്കല്‍പം ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയവും മനുഷ്യരുടെ കൂട്ടായ്മയുടെ ഏക അടിസ്ഥാനവുമായി കണക്കാക്കുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്.
   അങ്ങനെ, ഖുര്‍ആനില്‍ പരാമര്‍ശിച്ച 'ഖൗം' എന്ന പദാവലി പൊതുവായ ഭാഷാര്‍ഥത്തില്‍ നിന്നും വ്യതിചലിക്കുക മാത്രമല്ല, ഖുര്‍ആന്‍ ഉദ്ദേശിക്കാത്ത പലതരം അര്‍ഥവ്യാഖ്യാനങ്ങള്‍ അതിന് വന്നു ചേരുകയും ചെയ്തു. ആധുനിക തത്ത്വചിന്തകളിലും  രാഷ്ട്രീയ, നിയമ വ്യവഹാരങ്ങളിലും 'ഖൗം' എന്ന പദം പുതുതായി രൂപകല്‍പന ചെയ്യപ്പെട്ട ആധുനിക അര്‍ഥത്തിലാണ് ഉപയോഗിച്ചു വരുന്നത്. ഈ അര്‍ഥത്തില്‍, മുസ്ലിംകളെ ഒരു പ്രത്യേക ദേശീയതയുടെ  വക്താക്കളായി പ്രഖ്യാപിക്കുകയാണെങ്കില്‍, അതുവഴി അവരുടെ സാംസ്‌കാരികവും മതപരവുമായ സ്വത്വം ഇല്ലാതാക്കാം. എല്ലാ ഇന്ത്യക്കാരും ഒരു പൊതു നാഗരികതയും പൊതു ദേശീയ പൈതൃകവും സ്വീകരിക്കുക തന്നെ വേണം എന്ന വാദം ശക്തിപ്പെടുത്തുകയും ചെയ്യാം. ഇതായിരുന്നു ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ഉള്ളിലിപ്പ്. ഈ സാഹചര്യത്തിലാണ്, അല്ലാമാ ഇഖ്ബാല്‍, മൗലാനാ മൗദൂദി തുടങ്ങിയ ഇസ്ലാമിക ചിന്തകര്‍ ഇതിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്.16 
(തുടരും)
വിവ: അബ്ദുല്‍ ഹകീം നദ്‌വി

കുറിപ്പുകള്‍

11. ദാറുല്‍ ജിനാന്‍ ലിന്നശ്‌രി വത്തൗസീഅ് (2020), ബനൂജമാഅ (അല്‍ ജമാഅത്ത്) നസബ് വ അഅ്‌ലാം
12. സ്വഹീഹു തിര്‍മിദി (2641)
13. 'ഉമ്മഃ'യുടെ അര്‍ഥവും വ്യാഖ്യാനവും, മുജമുല്‍ മആനി അല്‍ ജാമിഅ്
14. സമഖ്ശരി, തഫ്‌സീറു അല്‍ ഖശ്ശാഫ് (അല്‍മാഇദ 56)
15. 'ഹിസ്ബ്' എന്ന വാക്കിന്റെ അര്‍ഥം, മുഅ്ജമു അര്‍റാഇദ്
16. മൗലാനാ മൗദൂദിയുടെ തഹ്‌രീകെ ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍ (1963) എന്ന കൃതിയില്‍ ഈ വിഷയകമായി നാല് പ്രധാനപ്പെട്ട ലേഖനങ്ങളുണ്ട്. അല്ലാമാ ഇഖ്ബാലിന്റെ മഖാലാത്തെ ഇഖ്ബാല്‍ (സമാഹരണം: അബ്ദുല്‍ വാഹിദ് മഈനി), ജുഗ്‌റാഫിയാഇ ഹുദൂദ് ഔര്‍ മുസല്‍മാന്‍ എന്ന കൃതികളും കാണുക. ഈ വിഷയകമായി മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയും അല്ലാമാ ഇഖ്ബാലും തമ്മില്‍ നടന്ന ചര്‍ച്ചകള്‍, ഹുസൈന്‍ അഹ്മദ് മദനിയുടെ മുത്തഹിദ ഖൗമിയ്യത്ത് ഔര്‍ ഇസ്‌ലാം (1975- മക്തബ മഹ്മൂദിയ്യ) എന്ന കൃതിയില്‍ വായിക്കാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്