Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

ആശയ സംവാദത്തിന്  സൗന്ദര്യം പകര്‍ന്ന കാലം

പി. മുജീബുര്‍റഹ്മാന്‍

'ഇസ്ലാം: ആശയസംവാദത്തിന്റെ സൗഹൃദ നാളുകള്‍' എന്ന തലവാചകത്തില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച കാമ്പയിന്‍, ബഹുസ്വര കേരളത്തിലെ ഇസ്ലാം സംവാദത്തിന് കൃത്യമായ മുഖവും ശൈലിയും നിര്‍ണയിക്കുന്നതും ആരോഗ്യകരമായ തുടര്‍ച്ച നല്‍കുന്നതുമായിരുന്നു. ആശയ സംവാദങ്ങളും സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളും കൈമോശം വന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് സൗഹൃദത്തിന്റെയും സംവാദത്തിന്റെയും ആദര്‍ശ പ്രതലത്തില്‍ നിന്നുകൊണ്ടുള്ള ഈ കാമ്പയിനിന് കേരളം കാത്തിരിക്കുകയായിരുന്നു. ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരികമായ സവിശേഷത അതിന്റെ ബഹുസ്വരതയും വൈവിധ്യങ്ങളുമാണ്. അതുകൊണ്ടുതന്നെ സാംസ്‌കാരികമായ വൈവിധ്യങ്ങളും മതപരമായ വൈജാത്യങ്ങളും പരസ്പരം പോരിന് ആക്കം കൂട്ടുന്ന ഒന്നായിരുന്നില്ല. മറിച്ച്, ഈ വൈവിധ്യങ്ങള്‍ക്കെല്ലാം അകത്ത് അറിഞ്ഞും സഹകരിച്ചും സംവദിച്ചും മുന്നോട്ടു പോകാനായി എന്നതാണ് ഇന്ത്യയുടെ കരുത്ത്. അമര്‍ത്യാ സെന്‍ സൂചിപ്പിച്ചതുപോലെ സംവാദങ്ങളിലൂടെ പുലര്‍ന്നുപോന്ന ഒരു സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉടമാവകാശം കൊണ്ടാടുന്നവരാണ് നമ്മള്‍.
എന്നാല്‍,  കുറച്ചു കാലങ്ങളായി വിവിധ കോണുകളില്‍നിന്ന് സംഘടിതവും ആസൂത്രിതവും ഏകപക്ഷീയവുമായ ഇസ്ലാം വിമര്‍ശനമാരംഭിച്ചിട്ട്. സോഷ്യല്‍ മീഡിയയിലെ പൊതുചര്‍ച്ചകളിലും അതിലെതന്നെ പുതിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസിലുമെല്ലാം ഇത്തരം ഇസ്ലാം ചര്‍ച്ചകള്‍ സജീവമാണ്. കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളില്‍ ശക്തിപ്പെട്ട് വരുന്ന ഇത്തരം ഇസ്ലാംപേടിക്കും ഇസ്ലാം വിമര്‍ശനങ്ങള്‍ക്കുമെല്ലാം മീതെയായി ആദര്‍ശബന്ധിതവും യുക്തിഭദ്രവുമായ മറുഭാഷ്യങ്ങള്‍ സ്ഥാപിക്കുന്ന ഒന്നായിരുന്നു കാമ്പയിന്‍. അതോടൊപ്പം വംശീയ മുന്‍വിധിയോടെ നടത്തപ്പെടുന്ന പ്രചാരണപ്പൊലിമയില്‍ അന്ധാളിച്ചു പോകാതെ അതിനെ പ്രമാണപരമായും സര്‍ഗാത്മകമായും  അഭിമുഖീകരിക്കാന്‍ മുസ്ലിം സമൂഹത്തെ പ്രാപ്തമാക്കുന്നതുമായിരുന്നു കാമ്പയിന്‍.
കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളക്കും നിശ്ചലാവസ്ഥക്കും ശേഷമാണ് കേരളത്തില്‍ ഇസ്ലാം എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള പരസ്യമായ ആശയ പ്രചാരണത്തിനും സംവാദത്തിനും ജമാഅത്തെ ഇസ്ലാമി തുടക്കം കുറിച്ചത്. ഇസ്ലാമോഫോബിയയുടെ അനുകൂലമായ വിപണിസാധ്യത തിരിച്ചറിഞ്ഞ് മുസ്ലിംവിരുദ്ധമായ വിദ്വേഷ പ്രചാരണങ്ങളിലൂടെ പ്രബലമായൊരു സമൂഹത്തെ അപരവല്‍ക്കരിക്കാനുള്ള സംഘ് പരിവാറിന്റെയും ലിബറലിസ്റ്റുകളുടെയും നവനാസ്തികരുടെയും കമ്യൂണിസ്റ്റുകളുടെയും  യോജിച്ച നീക്കത്തെ ചെറുക്കാനുള്ള നീക്കമായിരുന്നു കാമ്പയിന്‍. അതിനാല്‍തന്നെ പ്രവര്‍ത്തകരില്‍  കാമ്പയിന്‍ വലിയ ആവേശമുണര്‍ത്തുന്നതും ആത്മവിശ്വാസം പകരുന്നതുമായിരുന്നു. കാമ്പയിന്‍ സന്ദേശത്തെ ഹൃദയത്തോട് ചേര്‍ത്തണച്ചും കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലമായ ചുവടുകള്‍ വെച്ചും കാമ്പയിന്‍ പ്രചാരണത്തെ അവര്‍ സാര്‍ഥകമാക്കി.
ലിബറലിസം, നിയോ എത്തിസം, കമ്യൂണിസം എന്നിവയില്‍ ഉള്ളടങ്ങിയ മൗലികമായ പരിമിതിയും വൈരുധ്യവും മാത്രമല്ല, അവയുടെ വക്താക്കളെല്ലാം ചേര്‍ന്ന് ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും കമ്പോട് കമ്പ് ചേര്‍ത്തുവെച്ച് പ്രവര്‍ത്തകര്‍ പഠിച്ചെടുത്തു. ശേഷം വര്‍ധിത ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങളിലേക്കിറങ്ങി. വ്യക്തികളുമായും കുടുംബങ്ങളുമായും ആശയവിനിമയം നടത്തി. ഇസ്ലാംഭീതിയുടെ രാഷ്ട്രീയവും അത് ബഹുസ്വര സമൂഹത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന സാരമായ പരിക്കുകളും ജനങ്ങളെ ബോധ്യപ്പെടുത്തി. ഈ ആശയ കൈമാറ്റങ്ങള്‍ വഴി സാമൂഹിക ബന്ധങ്ങളിലെ ഇഴയടുപ്പം വര്‍ധിപ്പിച്ചു.
സഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കാമ്പയിന്‍ കാലത്ത് നടന്ന സൗഹൃദ സംവാദ സദസ്സുകളില്‍ അമ്പരപ്പിക്കുന്ന ജനപ്രാതിനിധ്യമാണ് അനുഭവപ്പെട്ടത്.
ഇസ്ലാമിന്റെ മൗലികവും സുന്ദരവുമായ പാഠാവതരണങ്ങള്‍ നിശ്ശബ്ദരായി അവര്‍ കേട്ടിരുന്നു. ശേഷം സദസ്സിനുള്ള തുറന്ന അവസരമായിരുന്നു. മുസ്ലിംവിരുദ്ധമായ പ്രചാരണ യജ്ഞങ്ങളിലൂടെ തങ്ങള്‍ക്ക് എപ്പോഴോ കൈമാറിക്കിട്ടി ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച ഇസ്ലാമിനെ സംബന്ധിച്ചുള്ള  ആകുലതകളും ആശങ്കകളും അവര്‍ ഓരോന്നോരോന്നായുന്നയിച്ചു. താലിബാനിസവും ഐ.എസും തീവ്രവാദവും ജിഹാദും ലൗ ജിഹാദും മതപരിവര്‍ത്തനവുമെല്ലാം ചര്‍ച്ചകളിലെ പ്രധാന വിഷയമായി. ഇന്‍ശാ അല്ലാഹ്, മാഷാ അല്ലാഹ്, ഹലാല്‍, ഹറാം വാക്യങ്ങളുടെയെല്ലാം യഥാര്‍ഥ വിവക്ഷ അവര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ഉത്തരങ്ങളായിരുന്നു.
മൃഗബലി സമയത്തെ അല്ലാഹു അക്ബര്‍ വിളിയും അഞ്ചുനേരം പള്ളികളില്‍ നിന്നുയരുന്ന അല്ലാഹു അക്ബര്‍ വിളിയും ഒന്നല്ലേ എന്ന ചോദ്യം കൗതുകത്തിനപ്പുറം മലയാളി മനസ്സില്‍ വേരൂന്നിയ ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട ഭീകരവും നിറംപിടിപ്പിച്ചതുമായ കഥകള്‍ എത്രത്തോളമെന്ന് മനസ്സിലാക്കിത്തരുന്ന ഒന്നുകൂടിയായിരുന്നു. ആശയ വിനിമയങ്ങള്‍ അസാധ്യമാകുന്നിടത്ത് ഈ ധാരണകള്‍ ശരിവെക്കപ്പെടുകയും നമ്മുടെ സൗഹൃദാന്തരീക്ഷത്തിനുവരെ ഇത് ഭീഷണി ഉയര്‍ത്തുകയും ചെയ്യും. അതിനാല്‍ എല്ലാ അന്വേഷണങ്ങള്‍ക്കും കൃത്യതയും വ്യക്തതയുമുള്ള മറുപടി ലഭിച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ പരസ്പരം ആശ്ലേഷിച്ച് സൗഹൃദപ്പൂക്കള്‍  ചൊരിഞ്ഞാണവര്‍ പിരിഞ്ഞുപോയത്.
ലിബറലിസത്തിന്റെ വ്യക്തിവാദവും ശരീര കേന്ദ്രിതമായ ജീവിത സങ്കല്‍പവും മുന്നോട്ടുവെക്കുന്ന മനുഷ്യമാതൃക സമൂഹത്തിന് എത്രമേല്‍ ഭീഷണമാണെന്ന് സമകാലിക ദുരനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നതാണ്.  ലജ്ജയുടെ അവസാന പുടവയും വലിച്ചു കീറിയ ലിബറല്‍ കാഴ്ചപ്പാടുകളുടെ കെട്ട കാലത്ത് കാമ്പയിന്‍ ഉയര്‍ത്തിപ്പിടിച്ച ഇസ്ലാമിന്റെ അതിരടയാളങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടായിരുന്നു. കാമ്പയിന്‍ കാലയളവില്‍ സര്‍ക്കാര്‍ ചെലവില്‍  പുരോഗമനത്തിന്റെ  കുപ്പായമണിഞ്ഞ് ജനമനസ്സുകളെ സ്വാധീനിക്കാനുള്ള ലിബറലിസ്റ്റ് നീക്കങ്ങളെ സംവാദസദസ്സുകള്‍ തുറന്ന് കാണിച്ചു. പാന്റ്‌സും ഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് നിര്‍ദേശിച്ച് കൊണ്ടുള്ള യൂനിഫോം വിപ്ലവത്തിന് പിന്നിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ജെന്‍ഡര്‍ ഇക്വാലിറ്റിയും കൃത്യമായും വിചാരണ ചെയ്യപ്പെട്ടു. അതുവഴി കാമ്പയിന്‍ ഉയര്‍ത്തുന്ന വിഷയത്തില്‍ സാധാരണക്കാരെ കൂടുതല്‍ ജാഗ്രത്താക്കാന്‍ അവസരമൊരുക്കപ്പെട്ടു. നാസ്തികതക്കപ്പുറം നവനാസ്തികതയുടെയും ലിബറലിസത്തിന്റെയും മുസ്ലിംവിരുദ്ധ വംശീയത ഉദാഹരണ സഹിതം തുറന്ന് കാണിക്കപ്പെട്ടു.
കേരളത്തില്‍ മതത്തെ മുന്‍നിര്‍ത്തി ഇടതുപക്ഷമടക്കമുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്ന മതേതര വിശകലനവും ആകുലതകളും സംവാദ സദസ്സുകളില്‍ ആഴമുള്ള ചര്‍ച്ചക്ക് വഴിതുറന്നു. പുരോഗമന കേരളം നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു കാലത്ത് പടികടത്തിയ മതവും ആചാരങ്ങളുമെല്ലാം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു എന്ന പൊള്ളുന്ന യാഥാര്‍ഥ്യത്തിന്റെ നടുക്കാണ് മതേതര ലോകമുള്ളത്. അതാകട്ടെ മതത്തിന്റെ എല്ലാ സാമൂഹിക ഇടപെടലുകളെയും റദ്ദ് ചെയ്യുന്നിടത്തേക്കും യഥാര്‍ഥ മതസഹിത മതേതരത്വത്തിന്റെ ചരിത്രം തമസ്‌കരിക്കുന്നിടത്തേക്കുമാണ് മതേതരവാദികളെ കൊണ്ടെത്തിക്കുന്നത്. തന്‍മൂലം മതത്തിന്റെ ലേബലൊട്ടിച്ച് സംഘ് പരിവാര്‍ സ്വയം പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക ദേശീയ വാദത്തെയും, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളിലും ബഹുത്വത്തിലും കുടികൊള്ളുന്ന യഥാര്‍ഥ മതേതരത്വത്തെയും വേര്‍തിരിച്ചു കാണാന്‍ ഇടതുപക്ഷമടക്കമുളള മതേതര ലോകത്തിന് സാധിക്കുന്നില്ല. ഭൂരിപക്ഷ വര്‍ഗീയത സമം ന്യൂനപക്ഷ വര്‍ഗീയത, ഹിന്ദുരാഷ്ട്രം സമം ഇസ്ലാമിക രാഷ്ട്രം, ആര്‍.എസ്.എസ് സമം ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സമീകരണ യുക്തികളില്‍ ഇടതുപക്ഷം തളച്ചിടപ്പെടുന്നതും അതിനാലാണ്. സി.പി.എമ്മടക്കമുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ക്ലാസിക്കല്‍ രാഷ്ട്രീയ വിശകലനങ്ങളെ വിമര്‍ശനാത്മകമായി അപഗ്രഥിക്കുന്നതായിരുന്നു കാമ്പയിന്‍ സംവാദങ്ങള്‍. എല്ലാറ്റിലുമുപരി ഇടതുപക്ഷത്തിന്റെ സംഘ് പരിവാറിന്ന് വഴിമരുന്നിട്ട് കൊടുക്കുന്ന അപകടകരമായ അധികാര രാഷ്ട്രീയം കേരളത്തില്‍ എവ്വിധം ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്നും കാമ്പയിന്‍ ചര്‍ച്ചയില്‍ തിരിച്ചറിയപ്പെട്ടു.
കേരളത്തെ വര്‍ഗീയമായി വിഭജിക്കുക എന്ന ലക്ഷ്യത്തോടെ സംഘ് പരിവാര്‍ തങ്ങളുടെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത മത ധ്രുവീകരണായുധങ്ങളെല്ലാം ഇസ്ലാമിന്റെ യഥാര്‍ഥ ആശയ പ്രകാശനത്തിന്റെ മുമ്പില്‍ നിര്‍വീര്യമാകുന്നതായിരുന്നു. ജിഹാദികള്‍ എന്ന വിളിപ്പേരില്‍ ഇസ്ലാമിലെ പവിത്രമായ ജിഹാദി സങ്കല്‍പ്പത്തെ ഭീകരവല്‍ക്കരിച്ചപ്പോള്‍ ധര്‍മ സംസ്ഥാപനത്തിനും അധര്‍മത്തിന്റെ ഉച്ചാടനത്തിനും വേണ്ടി നിര്‍വഹിക്കപ്പെടുന്ന ത്യാഗ പരിശ്രമങ്ങളാണ് ജിഹാദെന്ന് വ്യക്തതയോടെ അവതരിപ്പിക്കപ്പെട്ടു. ഇസ്ലാമിനുമേല്‍ നിര്‍ബന്ധ മതപരിവര്‍ത്തനം കെട്ടിവെക്കാനുള്ള ലൗ ജിഹാദ് പ്രയോഗത്തെ കാമ്പയിന്‍ വസ്തുനിഷ്ഠമായി വിശകലന വിധേയമാക്കി. പണവും പ്രണയവും പ്രലോഭനവും പ്രകോപനവുമല്ല, ആദര്‍ശ ബോധ്യവും ദൈവകടാക്ഷവുമാണ് ആശയപരിവര്‍ത്തനത്തിന്റെ വഴിയെന്ന് വിശദീകരിക്കപ്പെട്ടു.
കമ്യൂണിസത്തോടുള്ള ജമാഅത്തെ ഇസ്ലാമി നിലപാടിനെക്കുറിച്ചും മിക്ക വേദികളിലും ചോദ്യമുയര്‍ന്നു. 2006-ലും 2009-ലും 2011-ലും 2015-ലും ഇടതുപക്ഷത്തെ പിന്തുണച്ചവര്‍ കമ്യൂണിസ്റ്റ് വിമര്‍ശനം നടത്തുന്നതില്‍ അനൗചിത്യമില്ലേയെന്നും, മുസ്ലിം സമുദായത്തെ കമ്യൂണിസ്റ്റ് പാളയത്തിലെത്തിച്ചതില്‍ ജമാഅത്തിനും പങ്കില്ലേയെന്നും ചോദ്യമുയര്‍ന്നു. 1970-കളിലും '80-കളിലുമെല്ലാം കമ്യൂണിസത്തിനെതിരെ ശക്തമായ ആശയസമരം നടത്തിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടും ബാബരി മസ്ജിദ് വിഷയത്തില്‍ കാണിച്ച കുറ്റകരമായ വീഴ്ചയും സന്ദര്‍ഭം മുതലെടുത്ത് സംഘ് പരിവാര്‍ നടത്തിയ രഥയാത്രയും ഏകതായാത്രയും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും ബി.ജെ.പി അധികാരാരോഹണവും ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ കാറ്റ് മാറിയടിക്കുന്നതിന്റെ വിപല്‍ സന്ദേശമായിരുന്നു. അത്തരമൊരു രാഷ്ട്രീയഘട്ടത്തില്‍ കോണ്‍ഗ്രസിനെ തിരുത്താനും വര്‍ഗീയ ഫാഷിസത്തെ ചെറുക്കാനും ഇടതുചേരിയെ ജമാഅത്ത് പിന്തുണച്ചിട്ടുണ്ട്. അതിനുപുറമെ രാജ്യം സാമ്പത്തികരംഗത്ത് സ്വീകരിച്ച ആഗോളീകരണ നയങ്ങള്‍ക്കെതിരില്‍ ജമാഅത്ത് സ്വീകരിച്ച രാഷ്ട്രീയ നിലപാട് കൂടിയായിരുന്നു താരതമ്യേന സാമ്രാജ്യത്വ വിരുദ്ധവും മുതലാളിത്ത വിരുദ്ധവുമായ രാഷ്ട്രീയ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ച ഇടതുപക്ഷത്തിനുള്ള പിന്തുണ. അഥവാ, ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുമാറ്റം രാജ്യത്തിന്റെയും സമുദായത്തിന്റെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയെടുത്ത തത്വാധിഷ്ഠിത നിലപാടുകളായിരുന്നു.
അതുപോലെത്തന്നെ ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വിമര്‍ശനത്തിന് കാരണവും അധികാര രാഷട്രീയത്തെ മുന്‍നിര്‍ത്തി അവര്‍ സ്വീകരിച്ച നിലപാടു മാറ്റമാണ്. വര്‍ഗീയവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന ഇടതുപക്ഷം മൃദുഹിന്ദുത്വ നിലപാടിലേക്ക് വഴിമാറി. സംഘ്പരിവാറിനോട്  വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിച്ച് പോന്നിരുന്ന ഇടതുപക്ഷമിപ്പോള്‍ പരസ്പര ധാരണയുള്ള കക്ഷിയെപോലെ കേരളത്തില്‍ അവരുടെ വര്‍ഗീയ അജണ്ടക്ക് വഴിമരുന്നിട്ട് കൊടുക്കുന്നു. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കോര്‍പറേറ്റ് അജണ്ടകളെക്കുറിച്ച് കേരളീയരോട് വാതോരാതെ സംസാരിച്ച ഇടതുപക്ഷമിപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കേരള അംബാസിഡര്‍മാരായി മാറിയിരിക്കുന്നു. മാറിയത് ജമാഅത്തെ ഇസ്ലാമിയല്ല, ഇടതുപക്ഷമാണ്. ഇടതിനെ പിന്തുണച്ചപ്പോഴും കമ്യൂണിസത്തോടുള്ള ആശയസമരം ജമാഅത്ത് നിര്‍ത്തിവെച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
സമൂഹത്തിലെ വ്യത്യസ്ത ധാരകളെ സവിശേഷമായി അഭിമുഖീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് കാമ്പയിനിന്റെ മറ്റൊരു പ്രത്യേകത. വിദ്യാര്‍ഥികള്‍, യുവാക്കള്‍, വനിതകള്‍, പ്രഫഷണലുകള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ അണിനിരത്തിക്കൊണ്ടുള്ള വിദ്യാര്‍ഥി യുവജനസംഗമം, വനിതാ സംഗമം, മഹല്ല് സംഗമം, പ്രഫഷണല്‍ മീറ്റ്, മീഡിയ പ്രവര്‍ത്തകരുമായുള്ള മുഖാമുഖം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. ആധുനിക കാലഘട്ടത്തില്‍ ഇസ്ലാമിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ കൃത്യമായി അഭിമുഖീകരിക്കുന്ന കാലിക പ്രസക്തിയുള്ള കാമ്പയിനെന്ന് അവരിതിനെ വിലയിരുത്തി.
ശരീഅത്ത് വിവാദ കാലത്തെന്നപോലെ സമുദായം ഒരുമിച്ച് നിന്നാല്‍ ഇസ്ലാമിനെതിരിലുയരുന്ന ഏത് വിമര്‍ശനങ്ങളെയും നേരിടാമെന്ന ആത്മവിശ്വാസം മുസ്ലിം സമുദായത്തിന് പകര്‍ന്ന് നല്‍കിയ കാമ്പയിന്‍ ഇസ്ലാം സംവാദത്തിന്  പ്രാപ്തരും യോഗ്യരുമായ നിരവധി യുവാക്കളെ വളര്‍ത്തിയെടുത്തുവെന്നതും ശ്രദ്ധേയമായ നേട്ടമാണ്. ആശയ പ്രചാരണത്തിന്റെ പുതുവസന്തം തീര്‍ത്ത, പ്രസ്ഥാനത്തിനകത്തും പുറത്തും അറിവിന്റെയും അന്വേഷണത്തിന്റെയും പഠനത്തിന്റെയും അന്തരീക്ഷം വീണ്ടെടുത്ത സര്‍ഗാത്മക കാലം കൂടിയായിരുന്നു കാമ്പയിന്‍.
ഇസ്ലാമോഫോബിയ ശക്തമായി സ്വാധീനം ചെലുത്തുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഇസ്ലാം എന്ന ടൈറ്റിലില്‍ നിന്നുകൊണ്ട് സംവാദം സാധ്യമാണോ എന്ന സംശയം പലരും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഹൃദ്യതയും സന്തോഷവും സാഹോദര്യവും സൗഹൃദവും ഉദ്‌ഘോഷിക്കുന്നതായിരുന്നു സംവാദാനുഭവങ്ങള്‍. ആവേശകരവും ആരോഗ്യകരവുമായ സംവാദങ്ങള്‍ മലയാളി സമൂഹത്തെക്കുറിച്ച വലിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. ഏതാനും വര്‍ഷങ്ങളായി പ്രളയവും കൊറോണയും തീര്‍ത്ത ദുരിതക്കയത്തില്‍ നിന്നും കരകയറാനുള്ള സാമൂഹിക യജ്ഞത്തോടൊപ്പമായിരുന്നു മുഴുവന്‍ പ്രസ്ഥാന സംവിധാനവും പ്രവര്‍ത്തകരും.
തദാവശ്യാര്‍ഥമുള്ള നിരവധി പദ്ധതികള്‍ പ്രസ്ഥാനം ഏറ്റെടുക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു. അതിനിടെ വീണുകിട്ടിയ ഈ ഇടവേള  ആശയ പ്രചാരണത്തെ സൗന്ദര്യബോധത്തോടെ അവതരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചതില്‍ അവരെ ഹൃദയം തുറന്നഭിനന്ദിക്കുന്നു. പ്രപഞ്ചനാഥന്‍ ആകാശങ്ങളില്‍ അവ രേഖപ്പെടുത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
തങ്ങളുടെ പരിസരങ്ങളിലെ മുഴുവന്‍ വീടുകളിലും ഇസ്ലാമിക പ്രവര്‍ത്തകര്‍ ആശയ കൈമാറ്റങ്ങള്‍ക്ക് അവസരമൊരുക്കി. കമ്യൂണിസത്തിന്റെ താങ്ങിലും തണലിലും ലിബറലിസവും നിയോ എത്തിസവും തീര്‍ത്ത ഇസ്ലാം വിമര്‍ശനങ്ങള്‍ക്കെതിരില്‍ ആശയ പ്രതിരോധത്തിന്റെ ആദര്‍ശക്കോട്ട പണിയാന്‍ കാമ്പയിന്‍ വഴി അവര്‍ക്ക് സാധിച്ചു. ആഗോള തലത്തിലും ദേശീയ തലത്തിലും ഇസ്ലാംവിരുദ്ധ ചേരി യോജിച്ച് പ്രവര്‍ത്തിക്കുകയും വംശീയ പ്രചാരണങ്ങളിലൂടെ ഇസ്ലാംഭീതിയും മുസ്ലിം വെറുപ്പുമുല്‍പാദിപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇസ്ലാമികാദര്‍ശത്തിന്റെ തെളിമയില്‍ പ്രസ്ഥാനം നടത്തുന്ന ഈ ആദര്‍ശ പോരാട്ടം കലണ്ടറിലെ നിശ്ചിത അക്കത്തില്‍ വെച്ച് നിര്‍ത്തിവെക്കാനുള്ളതല്ല;  അത് അനുസ്യൂതം തുടരാനുള്ളതാണ്. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്