Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

പുതിയ ലോക ക്രമക്കേട് തെളിഞ്ഞുവരുമ്പോള്‍

ഹാഷിര്‍ കാവുംപടി, കണ്ണൂര്‍

2021  ഒരു സുപ്രധാന വര്‍ഷമായി, കാലയളവായി രേഖപ്പെടുത്താന്‍ സാധ്യത വളരെയധികമാണ്. അഫ്ഗാനിസ്താനില്‍നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഏഷ്യാ വന്‍കരയുടെ ജിയോ പൊളിറ്റിക്‌സിന്റെ പുനര്‍നിര്‍മിതിക്കും അമേരിക്കയും മറ്റു സാമ്രാജ്യത്വ ശക്തികളും തമ്മിലുള്ള  കിടമത്സരത്തിലേക്കും നയിക്കുമെന്ന് നിസ്സംശയം നമുക്ക് പറയാന്‍ സാധിക്കും. ഇതിനിടയില്‍ നടക്കുന്ന ഓരോ മാറ്റവും വ്യതിയാനവും ആഗോള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങളും ആഘാതങ്ങളും ഏല്‍പ്പിച്ചേക്കാം.
അമേരിക്കയുടെ അഫ്ഗാന്‍ പിന്മാറ്റത്തെ സംബന്ധിച്ച് പ്രധാനമായും രണ്ട് ആഖ്യാനങ്ങളാണ് നിലനില്‍ക്കുന്നത്. ഒന്ന്, അമേരിക്കയുടെ അഫ്ഗാന്‍ പിന്മാറ്റം അവരുടെ വിദേശനയത്തില്‍ ഉണ്ടാക്കിയ പുനഃക്രമീകരണങ്ങളുടെ ഫലമാണ്. അമേരിക്ക മനഃപൂര്‍വം കൈക്കൊണ്ട നിലപാട് തന്നെയാണിത്. അതിനാല്‍ ഈ പിന്മാറ്റം 1975-ല്‍ അമേരിക്ക വിയറ്റ്‌നാമില്‍ നിന്ന് പിന്‍വാങ്ങിയത് പോലെ എന്ന് താരതമ്യം ചെയ്യാന്‍ കഴിയില്ല. വിയറ്റ്‌നാമില്‍ പരാജയം ഏറ്റുവാങ്ങിയത്  പോലെ അഫ്ഗാനിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു  യുഎസ് എന്നതാണ് രണ്ടാമത്തെ ആഖ്യാനം. അമേരിക്കയിലെ  പുതിയ വിദേശനയ ക്രമീകരണങ്ങളാണ് പിന്‍മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ ഉള്‍പ്രേരകം. രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന ഉപരോധം കൊണ്ട് പോലും ലോകത്തിലെ ഏറ്റവും വലിയ സൈനിക, സാമ്പത്തിക ചേരിക്കു താലിബാനോട് പരാജയപ്പെടേണ്ടിവന്നു എന്നത്  ഇവിടെ പകല്‍ വെളിച്ചം പോലെ സത്യമാണ്.
സൈനിക പിന്‍മാറ്റം നടത്തി  നാല് മാസങ്ങള്‍ക്കകം തന്നെ യുഎസ് തങ്ങളുടെ എതിരാളികളില്‍ നിന്ന് ശക്തമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഉക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്നു 175000 സൈനികരെ  റഷ്യ വിന്യസിച്ചു കഴിഞ്ഞു. റഷ്യന്‍ പ്രസിഡന്റ്  വ്‌ളാഡിമര്‍ പുടിന്‍  ഉക്രൈനില്‍ അധിനിവേശത്തിന് തയ്യാറെടുക്കുന്നു എന്ന രീതിയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നത്.  യൂറോപ്യന്‍ യൂനിയന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി പ്രശ്‌നത്തില്‍ ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷങ്കോയെ പിന്തുണക്കുകയും ചെയ്തിരുന്നു. സമീപകാലത്തു നടന്ന റഷ്യയുടെ ബലാറസ്  കുടിയേറ്റ പ്രശ്‌നത്തില്‍ നടത്തിയ ഇടപെടലുകളും വരാനിരിക്കുന്ന ചിലതിന്റെ മുന്നറിയിപ്പുകളാണ് . മേഖലയെ തങ്ങളുടെ അധികാര പരിധിക്കുള്ളില്‍ കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് എന്നതിന്റെ വ്യക്തമായ മുന്നറിയിപ്പുകളാണ് ഇതൊക്കെയും. നോര്‍ത്ത് അറ്റ്‌ലാന്റിക് കൂട്ടായ്മയിലെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യന്‍ ചേരിയോട് ആഭിമുഖ്യം പുലര്‍ത്തി തുടങ്ങിയിട്ടുണ്ട്.
പശ്ചിമേഷ്യയിലും സമാന സാഹചര്യങ്ങളാണുള്ളത്. 2015-ല്‍ ട്രംപ് ഭരണകൂടം ആണവ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയതിനു ശേഷം ഇറാന്‍ ശക്തമായ ചുവടുവെപ്പുകള്‍ ആണവ പദ്ധതിയില്‍ നടത്തിയിട്ടുണ്ട്. ആണവ പരിപാടികള്‍ക്ക് മേലുള്ള വിലക്കുകള്‍ നീക്കാമെന്ന സൂചന ബൈഡന്‍ ഭരണകൂടം നല്‍കിയിട്ടും ചര്‍ച്ചകള്‍ക്ക് ഇറാന്‍ വിസമ്മതിച്ചിരുന്നു. ഇരു വിഭാഗവും നിലപാടുകളില്‍ ഉറച്ച് നില്‍ക്കെ വിയന്ന ചര്‍ച്ചയിലൂടെ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായി പര്യവസാനിക്കും എന്ന് കരുതാനാവില്ല.
ദക്ഷിണ ചൈനീസ് സമുദ്രതീരത്തെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുമ്പോള്‍, തായ്വാന്‍ എയര്‍ ഡിഫന്‍സ് സോണിലേക്ക് ആഴ്ചതോറും ചൈന യുദ്ധവിമാനങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത് അവഗണിക്കാനാവില്ല.  ചൈന മേഖലയില്‍ പിടിമുറുക്കുന്നത് തടയാന്‍ എന്ത് ചെയ്യാനാവുമെന്ന് തല പുകക്കുകയാണ് അമേരിക്ക.
വ്‌ളാഡിമര്‍ പുടിന്റെ അടുത്ത സൈനിക നീക്കത്തിന് തടയിടുക എന്നതാണ് യു.എസ്് ഏല്‍ക്കേണ്ട സുപ്രധാന ദൗത്യം. ഉക്രൈനുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള സൈനിക ഏറ്റുമുട്ടല്‍   ഒഴിവാക്കാന്‍ ജോ ബൈഡന്നു സാധിച്ചിട്ടുണ്ട്. ഇനി യു എസ്സിനും മറ്റു യൂറേഷ്യന്‍ സഖ്യകക്ഷികള്‍ക്കും ചെയ്യാന്‍ കഴിയുന്നത് റഷ്യയുടെ മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുക എന്നതാണ്. പക്ഷേ 2014-ലെ ക്രിമിയന്‍ അധിനിവേശത്തിനു ശേഷം ഉപരോധങ്ങള്‍  കൊണ്ട് പുടിനെ സൈനിക നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യു.എസിനു സാധിച്ചിട്ടില്ല. സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് റഷ്യയും ചൈനയും തമ്മില്‍ പുതിയ രീതിയിലുള്ള യൂറേഷ്യന്‍ ബന്ധങ്ങളിലേക്കാണ് നയിക്കുക. അത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും.
പുതിയ ശീത യുദ്ധ സാഹചര്യം രൂപപ്പെടുന്നു എന്നാണ് മനസ്സിലാവുന്നത്.  സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ യു.എസ്  താല്‍പര്യപ്പെടാത്ത സ്ഥിതിക്ക്,  മറുപക്ഷത്തുള്ള രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ നില ഭദ്രമാക്കാനുള്ള അവസരം കൂടിയാണിത്. അമേരിക്കന്‍ ഏകധ്രുവ   ഭരണക്രമത്തില്‍ നിന്ന് ഒരു ബൈപോളര്‍ സിസ്റ്റത്തിലേക്കുള്ള മാറ്റം അമേരിക്കക്ക് വെല്ലുവിളിയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്