Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 31

3233

1443 ജമാദുല്‍ അവ്വല്‍ 26

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നിരര്‍ഥകമാണ്‌

സഈദ് പൂനൂര്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്ന് വ്യക്തികള്‍ ഉയര്‍ത്തിവിട്ട ചിന്തകളും കാഴ്ചപ്പാടുകളും സാമൂഹിക സാമ്പത്തിക സദാചാര മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. അതുവരെ നിലനിര്‍ത്തിപ്പോന്ന പല ചിന്താഗതികളും ചോദ്യം ചെയ്യപ്പെടുകയോ പരമ്പരാഗതമായ പല ആശയങ്ങളും വിശ്വാസങ്ങളും ഈ പുതു ചിന്താധാരകള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയോ പുതിയ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കി അവ പുനഃസംവിധാനിക്കേണ്ടിവരികയോ ചെയ്തു. ഡാര്‍വിന്റെ (Charls Darwin - 1809-1882) പരിണാമവാദങ്ങളും കാള്‍ മാര്‍ക്‌സിന്റെ (Karl Marx-1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും ഫ്രോയിഡിന്റെ (Sigmund Freud - 1856-1939) ലൈംഗിക വീക്ഷണങ്ങളുമാണ് അവ.
ഇവര്‍ക്ക് ശേഷമുള്ള സമൂഹങ്ങളുടെ ചിന്താരീതികളെയും പ്രാപഞ്ചിക നിലപാടുകളെയും സാമൂഹിക കാഴ്ചപ്പാടുകളെയും വലിയൊരളവ് വരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ഇവരുടെ ചിന്തകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് തര്‍ക്കമറ്റ കാര്യമാണ്. സ്ത്രീ-പുരുഷ പ്രകൃതങ്ങളെ സംബന്ധിച്ച ആധുനിക വിലയിരുത്തലുകളിലും ഈ സ്വാധീനത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം. അത്തരമൊരു ചിന്താധാരയുടെ അരികുപറ്റിയാണ് ഫ്രഞ്ച് വിപ്ലവാനന്തരം മുതല്‍ ഇന്നു വരെ കണ്ടുവരുന്ന മോഡേണ്‍ -ലിബറല്‍ ചിന്താധാരകളും അസ്ഥാനത്തുള്ള ലിംഗസമത്വ - ഫെമിനിസ്റ്റ് വാദഗതികളുമെല്ലാം നിലയുറപ്പിച്ചിരിക്കുന്നത്.

ഈക്വാലിറ്റി: അയുക്തികത, വൈരുധ്യത, 
അശാസ്ത്രീയത

പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം വസ്ത്രവുമായി ബന്ധപ്പെട്ടതല്ല, ഉടലുമായും ഉണ്മയുമായും തന്നെ ബന്ധപ്പെട്ടതാണ്. സമത്വവാദം (Gender Equality) ജന്തുശാസ്ത്രമോ നരവംശ ശാസ്ത്രമോ അംഗീകരിക്കുന്നില്ല. ദ്വന്ദ്വങ്ങളുടെ ഏകീകരണം വഴിയാണ് പ്രാപഞ്ചികതയുടെ നിലനില്‍പ്പെന്നു അല്‍പ്പം ചിന്തിച്ചാല്‍ മനസ്സിലാവും. ശാസ്ത്രീയമായി തന്നെ കേവല യുക്തിക്കും അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതല്ല ലിംഗസമത്വം എന്ന ആശയം. രാവും പകലും, കരയും കടലും, ഉദയവും അസ്തമയവും, ഗിരിയും ഗര്‍ത്തവും, ന്യൂട്രോണും പ്രോട്ടോണും അങ്ങനെ തുടരുന്നതാണ് ആ ബെനറി ചെയിന്‍. കമ്പ്യൂട്ടര്‍ ഇന്‍പുട്ടുകള്‍ പോലും പൂജ്യം ഒന്ന്, ഒന്ന് പൂജ്യം എന്ന തോതിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും പരമമായ ഘടകമാണ് പൗരുഷവും സ്ത്രീത്വവും.
ഇവ രണ്ടും സമമാവണമെന്ന ചിന്ത പ്രാപഞ്ചിക വിരുദ്ധമാണ്. രണ്ടിനും രണ്ടു ധര്‍മങ്ങളാണുള്ളത്. അവ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ശക്തിയാര്‍ക്ക് എന്ന അന്വേഷണം അര്‍ഥരഹിതമാണ്.
സ്ത്രീയെ സാമ്പത്തികോപകരണം മാത്രമാക്കി 1850-കളില്‍ യൂറോപ്പില്‍ ഉടലെടുത്ത ഇടതുപക്ഷ ചിന്തയാണ് ഫെമിനിസം. പുരുഷന്റെ തൊഴില്‍വേതനം സ്ത്രീക്കും നല്‍കണമെന്നതില്‍നിന്നാണ് അതിന്റെ പ്രത്യയശാസ്ത്രം ആരംഭിക്കുന്നത്. പക്ഷേ അതൊന്നും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. യൂറോപ്പില്‍പ്പോലും വേജ് ഗ്യാപ് ഇന്നും നിലനില്‍ക്കുന്നു.
ശാരീരികമായി സ്ത്രീക്ക് പുരുഷന്റെ ഉയരമോ ഭാരമോ ഇല്ല. ഹീമോഗ്ലോബിന്‍ മുതല്‍ ശാരീരിക സ്രവങ്ങളിലെ ഹോര്‍മോണുകള്‍ കുറവാണ്. ഗര്‍ഭാനന്തര ദൗത്യങ്ങള്‍ വേറെയും. അപ്പോള്‍ കുടുംബത്തിലും ജോലിസ്ഥലത്തും ഭാരിച്ചതോ ദീര്‍ഘിച്ചതോ ആയ ജോലികള്‍ അവര്‍ക്ക് കഴിയില്ല. അതിനാലാണ് ഫെമിനിസം സാമൂഹികമായി പരാജയപ്പെട്ടത്.
ശരീരശാസ്ത്രവും (Physiology) ശരീര ഘടനാശാസ്ത്രവും (Anatomy) സ്ത്രീയുടെയും പുരുഷന്റെയും ബാഹ്യവും ആന്തരികവുമായ ശാരീരികാവസ്ഥ(Physique)യില്‍ പ്രകടമായ അന്തരങ്ങളുണ്ടെന്ന്  പറയുന്നു. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. പുരുഷന്റെ മസ്തിഷ്‌കത്തിന്റെ തൂക്കം 1375 ഗ്രാം, സ്ത്രീയുടേത് 1260 ഗ്രാം. പുരുഷഹൃദയത്തിന്റെ ഭാരം 350 ഗ്രാം, സ്ത്രീയുടേത് 250 ഗ്രാം. കരളിന്റെ തൂക്കവ്യത്യാസം 1600-1500. രക്തത്തിന്റെ അളവ് പുരുഷന് സ്ത്രീയേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒരു സിസി പുരുഷ രക്തത്തില്‍ 52000 ലക്ഷം ചുവന്ന രക്താണുക്കളുണ്ടാകുമെന്നാണ് കണക്ക്. സ്ത്രീകള്‍ക്കാകുമ്പോള്‍ ഇതില്‍ അഞ്ച് ലക്ഷത്തിന്റെ കുറവുണ്ടാകും. പുരുഷന്റെ നാഡി മിനിറ്റില്‍ 72 തവണ മിടിക്കുമ്പോള്‍ സ്ത്രീയുടേത് 82 തവണ മിടിക്കും. വളരെ പ്രാഥമികവും സാധാരണവുമായ ഇത്തരം ശാസ്ത്രീയ അന്തരങ്ങള്‍ ശാരീരികമായും മാനസികമായും സ്ത്രീ-പുരുഷന്മാരെ വേറിട്ടു നിര്‍ത്തുന്നുണ്ട്. ഇത് സ്വാഭാവികമാണ്. അല്ലാതെ പുരുഷന്റെ മിടുക്കോ സ്ത്രീയുടെ വൈകല്യമോ ഒന്നുമല്ല. അസമത്വവുമല്ല. വൈവിധ്യവും വൈരുധ്യവും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് പലരുടെയും പ്രശ്നം.
ഒളിമ്പിക്സ് മുതല്‍ സ്‌കൂള്‍ തലം വരെയുള്ള കായിക മത്സരങ്ങള്‍ ബലപരീക്ഷണ വേദികളാണ്. കരുത്തിന്റെ ഈ മഹാമേളകള്‍ ആണ്‍പെണ്‍ വേര്‍തിരിച്ചു നടത്തുന്നതെന്തിനാണ്? ഉത്തരം ലളിതം, ഒന്നിച്ചു മത്സരിച്ചു ജയിക്കാനുള്ള കായികശേഷി സ്ത്രീകള്‍ക്കില്ല. വനിതാ ടീമിനെ എതിര്‍പക്ഷത്ത് നിര്‍ത്തി ഫുട്ബോളോ ഹോക്കിയോ ക്രിക്കറ്റോ കളിക്കാത്തതെന്തുകൊണ്ടാണ്? കായികശേഷിയുടെ പ്രശ്നം തന്നെ. എന്നുവെച്ച്, ഇതൊക്കെ സ്ത്രീകളുടെ ന്യൂനതയാണ് എന്ന് ആരെങ്കിലും പറയുമോ? അത് വൈകല്യമോ ദൗര്‍ബല്യമോ അല്ല. ജൈവികമായ സവിശേഷതകള്‍ മാത്രമാണ്. മറുപക്ഷത്ത് പുരുഷനുമുണ്ട് ദൗര്‍ബല്യങ്ങള്‍. പുതിയൊരു തലമുറക്ക് ജന്മം നല്‍കുക, അവരെ പരിപാലിച്ച് അന്തസ്സുള്ള പൗരന്മാരാക്കി മാറ്റുക, സാമൂഹികമായ മഹത്കര്‍മമാണിത്. സ്ത്രീകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതും പുരുഷന്മാര്‍ക്ക് മത്സരിക്കാന്‍ പോലുമാകാത്തതുമാണത്. സാമൂഹിക ഘടനയുടെ ആധാരശിലയായ കുടുംബം നിലനിര്‍ത്താന്‍ ഒരു സ്ത്രീ വിചാരിച്ചാലേ കഴിയൂ. എല്ലാ ജന്തുജാലങ്ങളും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടും രണ്ട് വിധത്തിലുള്ള സൃഷ്ടിപ്പാണ്. രണ്ടും തുല്യമാണെങ്കില്‍ പിന്നെന്തിനാണ് പ്രത്യക്ഷമായും പരോക്ഷമായും നാം കാണുന്ന വൈജാത്യങ്ങള്‍?
ലോക രാജ്യങ്ങളുടെ മിലിട്ടറിയില്‍ സ്ത്രീസാന്നിധ്യം വേണ്ടപോലെ ഫലപ്രദമായില്ലെന്നതും ആപത്തുകള്‍ തരണം ചെയ്യാന്‍ പലപ്പോഴും അവര്‍ക്ക് കഴിയാതെ വന്നതും ശ്രദ്ധിക്കപ്പെട്ടു. ലിംഗസമത്വത്തേക്കാള്‍ പ്രായോഗികം ലിംഗനീതിയാണെന്ന് തിരിച്ചറിയപ്പെട്ടു. സ്ത്രീ പുരുഷന്റെ പിറകിലല്ലെന്നു ശാസ്ത്രീയമായി തെളിയിക്കാനുള്ള പല പരീക്ഷണങ്ങളും കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്നു. വളര്‍ത്തുദോഷമാണ്, അല്ലാതെ ജനിതകമല്ല ആ വേര്‍തിരിവെന്ന് വാദമുണ്ടായി. ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ പരീക്ഷണാര്‍ഥം കുട്ടികളെ വളര്‍ത്തിയപ്പോള്‍ ക്രമേണ ആണ്‍കുട്ടികള്‍ ധീരസാഹസങ്ങളില്‍ ഏര്‍പ്പെടുന്നതും പെണ്‍കുട്ടികള്‍ ഉള്‍വലിഞ്ഞു ചെറിയ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തുന്നതും ശ്രദ്ധിക്കപ്പെട്ടുവെന്ന പഠനങ്ങള്‍ ലഭ്യമാണ്. കളിപ്പാട്ടങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ വരെ ആ ജനിതകമാറ്റം പ്രകടമായി. ഇന്ന് നിയോ ഫെമിനിസം (Neo Feminism) പലതും തിരിച്ചറിഞ്ഞു പുരുഷ സൗഹൃദ ബദല്‍ ലോകമെന്ന പ്രായോഗിക രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഈറ്റില്ലമായിരുന്ന സോവിയറ്റ് യൂനിയന്‍, ലിംഗസമത്വ വിഷയത്തില്‍ പലതും ചെയ്തുകൂട്ടിയിരുന്നു. കര്‍ശനമായ അച്ചടക്കവും കര്‍ക്കശമായ സാമൂഹിക വ്യവസ്ഥയും അടിച്ചേല്‍പിച്ചു ജനങ്ങളെ സ്റ്റേറ്റിന്റെ ചൊല്‍പടിയില്‍ ഒതുക്കുകയും സമത്വ സുന്ദരമായ ഒരു സാമൂഹിക ജീവിതത്തിലേക്കുള്ള പ്രയാണത്തില്‍ ഇതൊക്കെ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്ന രാജ്യം. എന്നാല്‍ പ്രമുഖ റഷ്യന്‍ ശാസ്ത്രജ്ഞനായ ആന്റണ്‍ നമിലോവ് (Anton Nemilov -1879-1942) സോവിയറ്റ് യൂനിയനിലെ സമത്വ സങ്കല്‍പം പരാജയപ്പെടാനുള്ള കാരണമായി പറയുന്നത് ഇങ്ങനെയാണ്:
''സമത്വത്തിന് (Equality) പകരം നീതിയാണ് (Equity) പ്രായോഗികമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിലവിലെ സാമൂഹിക ക്രമത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രിതമായ അവകാശങ്ങള്‍ മാത്രമേ നല്‍കാനാവൂ എന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ ചെറിയൊരു വിഭാഗം മാത്രമേ അതിനോട് യോജിക്കുകയുള്ളൂ. ഞാനും അത്തരമൊരു നിലപാടിനെതിരാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ സ്ത്രീ-പുരുഷ സമത്വം യാഥാര്‍ഥ്യമാക്കുക ലളിതമായ കാര്യമാണെന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. സോവിയറ്റ് യൂനിയന്‍ പോലെ സമത്വം കൊണ്ടുവരാന്‍ ശ്രമിച്ച മറ്റൊരു രാജ്യമുണ്ടാവില്ല. ഈ വിഷയത്തില്‍ സോവിയറ്റ് യൂനിയന്‍ കൊണ്ടുവന്നത് പോലെ ശക്തവും ഉദാരവുമായ നിയമങ്ങള്‍ മറ്റൊരു രാജ്യവും ആവിഷ്‌കരിച്ചിട്ടുണ്ടാവില്ല. എന്നിട്ടും ഇവിടത്തെ കുടുംബങ്ങളിലെ സ്ത്രീകളുടെ നിലവാരം ഏതെങ്കിലും തരത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാനാവില്ല'' (Anton Nemilov - The Biological Tragedy of Women, London 1932)

ന്യൂട്രല്‍ യൂനിഫോമിന്റെ നിരര്‍ഥകത

നയങ്ങള്‍, സാമൂഹിക സ്ഥാപനങ്ങള്‍, സാമൂഹിക ഘടനകള്‍  തുടങ്ങിയിടങ്ങളിലെല്ലാം ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ റോളുകള്‍ വേര്‍തിരിക്കുന്നത് ഒഴിവാക്കണമെന്ന ആശയമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി (Gender neutrality). ഒരു ലിംഗഭേദം മറ്റൊന്നിനേക്കാള്‍  മികച്ചതാണെന്ന ധാരണയില്‍നിന്ന് ഉണ്ടാകുന്ന വിവേചനവും വൈവിധ്യവും നിഷേധിക്കുന്നിടത്താണ് ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന വാക്കിന്റെ പ്രസക്തി. എന്നാല്‍ പുതിയ ചര്‍ച്ചകള്‍ക്കാധാരമായ സംഭവം, ആണും പെണ്ണും വ്യത്യസ്തരാണ് എന്ന ബോധനിര്‍മിതിയെ ഉടച്ചുകളയാനും, അവര്‍ എല്ലാ അര്‍ഥത്തിലും ഒരുപോലെയാണ് എന്ന ബോധനിര്‍മിതി സാധ്യമാക്കാനുമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം നിര്‍ദേശിക്കപ്പെട്ടത്. ജൈവികമായി തന്നെ ന്യൂട്രാലിറ്റി ഇല്ലാത്തിടത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എങ്ങനെയാണ് പ്രായോഗികമാവുക?
ലിംഗ സ്വത്വം (Gender Identity) വ്യക്തമാവരുതെന്ന കാഴ്ചപ്പാടാണ് ന്യൂട്രല്‍ വാദത്തിലെ ഒന്നാമത്തെ അപകടം. ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ രൂപപ്പെടുത്തപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ന്യൂട്രല്‍ വാദത്തിന്റെ മര്‍മം.
ഇങ്ങനെ ആണിനെയോ പെണ്ണിനെയോ തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ മെറിറ്റ്  എന്താണെന്നും ആലോചിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളിലേക്ക് വികസിക്കേണ്ടവരാണെന്ന വസ്ത്രധ്വനിയിലെ പാട്രിയാര്‍ക്കിയാണ് വലിയ കൗതുകം. പാന്റും ഷര്‍ട്ടും ആണ്‍കുട്ടികളുടേതാണെന്നന്നതിന് തെളിവ് ചോദിക്കുന്നവര്‍ അവരടക്കം അംഗീകരിച്ച കമ്പോളസമവാക്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ഇനി കംഫര്‍ട്ട് ആണ് മാനദണ്ഡമെങ്കില്‍ അത് ആപേക്ഷികമാണ്. ആണിനും പെണ്ണിനും മാത്രമല്ല അവര്‍ക്കപ്പുറം LGBTQ വിഭാഗങ്ങളുടെ കംഫര്‍ട്ടും പരിഗണിക്കപ്പെടേണ്ടതല്ലേ? പുരുഷനായി മാറിയ സ്ത്രീക്ക് കംഫര്‍ട്ടായതാവില്ല സ്ത്രീയായി മാറിയ പുരുഷന്. തിരിച്ചും അങ്ങനെ തന്നെ. സ്ത്രീയായി മാറാന്‍  സര്‍ജറി ചെയ്ത, ഒരു ട്രാന്‍സിനോട് നിര്‍ബന്ധപൂര്‍വം അണിയേണ്ട വസ്ത്രം നിര്‍ദേശിക്കലാണോ പുരോഗമനം?
ആണ്‍കുട്ടികളുടെ കംഫര്‍ട്ട് ആര്‍ക്കും വിഷയമേ അല്ലെന്നത് മറ്റൊരു കാര്യം!
ആണും പെണ്ണും തമ്മിലുള്ള വൈവിധ്യ ബോധം പെണ്ണിനെ ആണിന്റെ വസ്ത്രം ധരിപ്പിച്ചാല്‍ മാറുന്നതുമല്ല. സത്തയില്‍ തങ്ങള്‍ വ്യത്യസ്തരാണ് എന്ന് ആണിനും പെണ്ണിനുമറിയാം. ബാഹ്യമായ എന്തൊക്കെ അടിച്ചേല്‍പ്പിച്ചാലും സത്തയിലെ വ്യത്യാസം മുഴച്ചു തന്നെ നില്‍ക്കും. ഒരു പെണ്ണ് സത്താപരമായി പെണ്ണാണെന്ന് ഒരാണ്‍ തിരിച്ചറിയുന്നതോടെ  അവളോടുള്ള ലൈംഗിക ആകര്‍ഷണം പ്രകൃതിപരമായ ഒരു സാധ്യതയാണ്. പാന്റ്സ് ധരിച്ചാലും ചുരിദാര്‍ ധരിച്ചാലും ഇതു തന്നെയാണ് അവസ്ഥ. സത്താപരമായ വ്യത്യാസം പരസ്പരം മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ വസ്ത്രമടക്കമുള്ള ബാഹ്യമായ എന്ത് ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താലും,  സത്തയിലൂന്നിയ ബോധം മാറില്ല. പ്രകൃതിയാല്‍ തന്നെ രണ്ടായ ആണിനെയും പെണ്ണിനെയും  ഒന്നാക്കുന്നതിനേക്കാള്‍ വലിയ പ്രകൃതിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മറ്റെന്തുണ്ട്?
ലിംഗ സ്വത്വം  ഒരു യാഥാര്‍ഥ്യമാണെന്നതോടൊപ്പം ലിംഗ സമത്വം നടപ്പിലാക്കേണ്ടത് സ്വത്വം തകര്‍ത്തുകൊണ്ടല്ലെന്നും മനസ്സിലാക്കണം. പരിഷ്‌കരണത്തിന്റെ ഭാഗമായി ലിംഗ ഭേദമില്ലാതെ (Gender natural) ജീവിക്കാമെന്ന് തീരുമാനിക്കാന്‍ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ Gender expressionന് എതിരാണെന്ന വാദമുയര്‍ത്തി  അതിനെ പ്രതിരോധിക്കാനും അതിനോട് വിയോജിക്കാനും അവകാശവുമുണ്ട്.

അലക്‌സിസ് കാറെലിന്റെ
'മാന്‍ ദി അണ്‍നോണ്‍'

പ്രമുഖ ഫ്രഞ്ച് ഭിഷഗ്വരനായ അലക്‌സിസ് കാറെല്‍ (Alexis carrel - 1873-1944) വൈദ്യശാസ്ത്രത്തിലും ജൈവശാസ്ത്രത്തിലും നിരവധി പഠനങ്ങള്‍ നടത്തിയ പ്രമുഖ പണ്ഡിതനും സര്‍ജനുമാണ്. ശരീരശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് 1912-ല്‍ അദ്ദേഹത്തെ നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചു. Man, the Unknown,  Reflection on Life,  The Treatment of Infected Wounds എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
അദ്ദേഹത്തിന്റെ 1935-ല്‍ പുറത്തിറങ്ങിയ മാന്‍ ദി അണ്‍നോണ്‍ എന്ന കൃതി മനുഷ്യന്റെ പ്രകൃതിപരവും ജൈവ ശാസ്ത്രപരവുമായ സവിശേഷതകളും സങ്കീര്‍ണതകളും വരച്ചുകാട്ടുന്ന കനപ്പെട്ട ഗ്രന്ഥമാണ്. ഇതില്‍ സ്ത്രീ-പുരുഷ വര്‍ഗങ്ങള്‍ തമ്മിലെ ജൈവപരവും പ്രകൃതിപരവുമായ വ്യത്യാസങ്ങള്‍ വിവരിക്കുന്നതോടൊപ്പം ആധുനിക അള്‍ട്രാ ലിബറലിസ്റ്റുകള്‍ സ്ത്രീ-പുരുഷ സമത്വത്തിന്റെ പേരില്‍ കൊണ്ടുവന്ന മാറ്റങ്ങളെ  ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നുമുണ്ട്. സ്ത്രീയുടെ ധര്‍മവും ചുമതലയും ദൗത്യവും പഠനവിധേയമാക്കാതെ ഏകപക്ഷീയമായ ധാരണകളാണ് ഇത്തരം പരിഷ്‌കരണങ്ങളിലേക്ക് നയിക്കുന്നവരെ സ്വാധീനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോള്‍ ശാസ്ത്രീയമാണെന്ന പേരില്‍ അവതരിപ്പിച്ച  ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമും സമത്വവാദവും ഈക്വാലിറ്റിയും പ്രത്യക്ഷപ്പെടുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ശാസ്ത്രീയമായി തന്നെ അലക്‌സിസ് കാറല്‍ സമത്വസിദ്ധാന്തങ്ങളുടെ നിരര്‍ഥകത വെളിപ്പെടുത്തി പുസ്തകമെഴുതിയത്. സ്ത്രീ പൂര്‍ണമായും പൊതു മധ്യത്തിലേക്ക് തള്ളിവിടപ്പെടുകയും എല്ലാ മേഖലയിലും അവള്‍ പുരുഷനോട് കിടപിടിക്കേണ്ടവളാണെന്ന നിലപാട് സാര്‍വത്രികമാവുകയും ചെയ്ത ലോകത്ത് നിന്നുകൊണ്ട് ഡോ. കാറെലിന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വിലയിരുത്തുമ്പോള്‍ എത്ര യാഥാര്‍ഥ്യബോധത്തോടെയാണ് അദ്ദേഹം കാര്യങ്ങള്‍ നിരീക്ഷിച്ചതെന്ന് മനസ്സിലാക്കാം.
പാശ്ചാത്യ സംസ്‌കാരം കുടുംബ സംവിധാനത്തോട് കാണിച്ച കൊടുംപാതകത്തിന്റെ തിക്തഫലം അവരിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അന്നു തന്നെ ദൃശ്യമായ ഫലങ്ങളാണിപ്പോള്‍ കൂടുതല്‍ തീക്ഷ്ണമായും രൂക്ഷമായും ആക്രമിക്കാന്‍ തുടങ്ങിയത്. തന്റെ കാലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി അദ്ദേഹം എഴുതുന്നു: ''കുടുംബ ബന്ധങ്ങള്‍ പൊട്ടിത്തകര്‍ന്നു. പരസ്പര സ്‌നേഹത്തിനും ഇണക്കത്തിനും നിലനില്‍പില്ലാതായി.'' അതിന് അദ്ദേഹം കാണുന്ന കാരണങ്ങള്‍ ഇവയാണ്: ''സ്ത്രീയെ എല്ലാ കാര്യത്തിലും പുരുഷന് തുല്യമാക്കി. ആണ്‍കുട്ടികള്‍ക്ക് സ്വീകരിക്കുന്ന അതേ വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്കും നല്‍കുന്നു. പുരുഷന്റെ കര്‍മമണ്ഡലങ്ങളിലേക്ക് അവള്‍ തള്ളിക്കയറുന്നു. ഇത് കാരണമായി വിവാഹപ്രായം വൈകുന്നു. മാതൃത്വത്തോട് പുഛ മനോഭാവം വളരുന്നു. കുട്ടികളെ പരിപാലിക്കുകയെന്നത് പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് കരുതി അതില്‍നിന്ന് പിന്മാറുന്നു.''
തുടര്‍ന്ന് ഗ്രന്ഥകാരന്‍ സ്ത്രീയും പുരുഷനും തമ്മിലെ പ്രകൃതിപരമായ അന്തരങ്ങള്‍ വിശദീകരിച്ചു കൊണ്ട് അവരെ ഒരേപോലെ കാണുന്നത് വലിയ അബദ്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പുരുഷനെ അനുകരിക്കുകയല്ല വേണ്ടത്.  സ്ത്രീത്വത്തിന്റെ പേരില്‍ തന്നെ അവള്‍ക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണെന്ന് കൂടി അദ്ദേഹം ഊന്നി പറയുന്നു: ''സ്ത്രീയും പുരുഷനും തമ്മിലെ വൈജാത്യം അവരുടെ സന്താനോല്‍പാദനപരമായ അവയവങ്ങളില്‍ മാത്രം കേന്ദ്രീകൃതമല്ല. ഗര്‍ഭപാത്രത്തിലോ ഗര്‍ഭമുണ്ടാകുന്നതിലോ പഠനരീതിയിലെ വ്യത്യാസത്തിലോ മാത്രമല്ല അത്. ഇതില്‍ നിന്നെല്ലാം അപ്പുറമായി പ്രകൃതിപരമായ മാനങ്ങള്‍ അതിനുണ്ട്. അത് അവളുടെ സൃഷ്ടിപ്പിന്റെ രൂപഘടനയില്‍ തന്നെ ഉള്ളതാണ്.
ഈ അടിസ്ഥാന യാഥാര്‍ഥ്യത്തെ സംബന്ധിച്ച അജ്ഞതയാണ് വനിതാ വിമോചനവാദികളെ ഇരുവിഭാഗത്തിനും ഒരേ വിദ്യാഭ്യാസം നല്‍കണമെന്ന് ശഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും തുല്യഭാരവും തുല്യ ഉത്തരവാദിത്തവും നല്‍കണമെന്ന് വാദിക്കാന്‍ നിര്‍ബന്ധിക്കുന്നത്. മനുഷ്യന്റെ വ്യക്തിത്വത്തെ അതിന്റെ പൂര്‍ണതയില്‍ പുനഃസംവിധാനിക്കേണ്ടതുണ്ട്. ഓരോ വര്‍ഗവും അവരുടെ വര്‍ഗ പരിധിയില്‍ ഉറച്ചു നില്‍ക്കണം. സ്ത്രീ, സ്ത്രീയായും പുരുഷന്‍ പുരുഷനായും നിലനില്‍ക്കണം. ഒരു കൂട്ടര്‍ അപരരുടെ ബുദ്ധിപരമായ ഗുണങ്ങളോ ലൈംഗിക ചോദനകളോ മോഹങ്ങളോ പ്രകടിപ്പിക്കുന്നതില്‍ അര്‍ഥമില്ല.''
യൂറോപ്പില്‍ ജീവിച്ചു മരിച്ച്, വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ കണ്ടെത്തലുകള്‍ നടത്തിയതിന്റെ പേരില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹത നേടിയ അലക്‌സിസ് കാറെലിന്റെ കാഴ്ചപ്പാടുകളാണിത്. ശാസ്ത്രജ്ഞനായ അദ്ദേഹം ശാസ്ത്രീയമായി തന്നെ ഗഹന ഗവേഷണങ്ങള്‍ മുഖേന എത്തിച്ചേര്‍ന്ന നിഗമനങ്ങളാണിവ. പുതിയ കാലത്ത് പ്രാകൃതവും ആധുനികവിരുദ്ധവുമായി ചാപ്പകുത്തപ്പെടുന്ന കാഴ്ചപ്പാടുകളെ ശാസ്ത്രീയമായി, വസ്തുതകള്‍ മുന്‍നിര്‍ത്തി  ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചുവെന്നതാണ് അലക്‌സിസ് കാറെലിന്റെ പ്രസക്തി.

ഈക്വാലിറ്റി, ഇക്വിറ്റി

സമത്വത്തിനല്ല (equality), നീതിക്കാണ് (equity) പ്രാധാന്യം. അഥവാ സാമൂഹിക അവകാശങ്ങളില്‍ ലിംഗഭേദമെന്യേ ഉണ്ടാവേണ്ട നൈതികതക്കപ്പുറം ലിംഗ സമത്വ വാദത്തിലൂടെ നിയോ ലിബറലിസ്റ്റുകള്‍ ഒളിച്ച് കടത്തുന്ന പൊളിറ്റിക്‌സാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. 
യഥാര്‍ഥ പരിഹാരം ഇക്വാലിറ്റിയല്ല, ഇക്വിറ്റിയാണ്. 
ആണിന്റെയും പെണ്ണിന്റെയും ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വ്യത്യാസങ്ങളെ കണ്ടറിഞ്ഞു സമാധാനമുള്ള കുടുംബ വിവാഹ ജീവിതത്തിനു സഹായകമാവുന്ന 'ലിംഗ നീതി' എന്ന ആശയത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന  പാരമ്പര്യ സമൂഹങ്ങളെ ലിംഗ സമത്വ വാദത്തിലേക്ക് പരിവര്‍ത്തിപ്പിക്കണം  എന്ന അത്യാഗ്രഹമാണ് പ്രശ്‌നം. സ്ത്രീകള്‍ക്ക് സാധ്യമാവാത്തത് പുരുഷന്‍ ചെയ്യുക, പുരുഷന് സാധ്യമാവാത്തത് സ്ത്രീയും നിര്‍വഹിക്കുക എന്നിങ്ങനെ രണ്ടു പാതികള്‍ പൂരകങ്ങളായി മാറുക എന്നതിനപ്പുറം മറ്റെല്ലാ സമത്വങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പരീക്ഷിക്കപ്പെടുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ടെന്നതാണ് സാമൂഹികാനുഭവം.
സ്വിറ്റ്‌സര്‍ലാന്റിലെ ആരോഗ്യ വകുപ്പ്  13-17 വയസ്സിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ 2008 മുതല്‍ 2018 വരെ നടത്തിയ പഠനത്തില്‍ അവര്‍ക്ക് Gender dysphoria (ഒരു വ്യക്തിക്ക് അവന്റെ/അവളുടെ ജൈവിക ലൈംഗികതയും  ലിംഗ സ്വത്വവും തമ്മിലുള്ള പൊരുത്തക്കേട് കാരണം ഉണ്ടായേക്കാവുന്ന അസ്വസ്ഥതയാണ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ. ഈ അസ്വാസ്ഥ്യമോ അസംതൃപ്തിയോ വളരെ തീവ്രമായിരിക്കാനിടയുണ്ട്. അത് വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിച്ചേക്കാം) 1500 ശതമാനം വര്‍ധിച്ചുവെന്നാണ് പഠനത്തില്‍ തെളിയിച്ചത്.
വ്യത്യസ്തമായവയെ വ്യത്യസ്തമായിത്തന്നെ കൈകാര്യം ചെയ്യുന്നതാണ് നീതി; തുല്യമായവയെ വ്യത്യസ്തമായി കാണാതിരിക്കലാണ് നീതി എന്നതുപോലെ തന്നെ. അമേരിക്കന്‍ ഗ്രന്ഥകാരനും റിലേഷന്‍ഷിപ്പ് കൗണ്‍സിലറുമായ ജോണ്‍ ഗ്രേ(John Gray)യുടെ 1992-ല്‍ പ്രസിദ്ധീകരിച്ച Men Are from Mars, Women Are from Venus എന്ന ഗ്രന്ഥം പ്രശസ്തമാണ്. ബെസ്റ്റ് സെല്ലറായിത്തീര്‍ന്ന ഈ കൃതി, സി.എന്‍.എന്നിന്റെ അഭിപ്രായത്തില്‍ നോണ്‍ഫിക്ഷന്‍ കൃതികളില്‍ 1990-കളിലെ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ പുസ്തകമാണ്. കലാ-സാംസ്‌കാരിക-സാഹിത്യ-സിനിമാ മേഖലകളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കൃതി 121 ആഴ്ചകളോളം ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. അതിന്റെ ടൈറ്റിലിലെ ആലങ്കാരിക പ്രയോഗം അഭൂതപൂര്‍വമായ പ്രചാരം നേടി.
ഈ കൃതിയില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ അനുകൂല-പ്രതികൂല ഘടകങ്ങള്‍ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി ജോണ്‍ ഗ്രേ  അവതരിപ്പിച്ച ഇരു വര്‍ഗങ്ങള്‍ക്കുമിടയിലെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും അമേരിക്കയിലെ ലിബറല്‍ - ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. ഇരു വിഭാഗങ്ങളും വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്നോ ഗ്രഹങ്ങളില്‍ നിന്നോ ആണെന്ന് തോന്നിപ്പിക്കുമാറ് അവര്‍ക്കിടയില്‍ അന്തരങ്ങള്‍ ഉണ്ടെന്നും ആ വൈജാത്യങ്ങള്‍ ശരിയാംവിധം പരിഗണിക്കാതെ പരസ്പരബന്ധങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും ജോണ്‍ ഗ്രേ പുസ്തകത്തില്‍ സമര്‍ഥിക്കുന്നു. സ്ത്രീ പുരുഷ സമത്വവാദങ്ങളെയും അദ്ദേഹം നിരാകരിച്ചു. ദിബോറ ടാനെന്‍ (Deborah Tannen) തയാറാക്കിയ You Just Don't Understand എന്ന കൃതിയും സ്ത്രീ-പുരുഷ പ്രകൃതങ്ങളുടെ ചില മാനങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഇതില്‍ ഇരുവര്‍ഗങ്ങളും തമ്മിലുള്ള ആശയവിനിമയ  വ്യത്യസ്തതകള്‍ എടുത്തുകാണിക്കുന്നതോടൊപ്പം equality ക്ക് പകരം equity യാണ് വേണ്ടെതെന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുകയും ചെയ്യുന്നു.
ആണും പെണ്ണും തുല്യരല്ല, പരസ്പരം പൂരിപ്പിക്കുന്ന പാതികളാണ്. പരസ്പര വ്യത്യാസങ്ങളോടുള്ള ആദരവാണ് അവര്‍ക്കിടയില്‍ സംഭവിക്കേണ്ടത്. അല്ലാതെ ഒരാള്‍ മറ്റൊരാളെ പോലെയാവാനുള്ള മത്സരമല്ല. തുല്യരാണ് എന്ന അന്ധവിശ്വാസം ശാസ്ത്രീയമായി തന്നെ നിരര്‍ഥകമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം വികലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലിബറല്‍ സെക്യുലര്‍ സമൂഹത്തിന് സ്ത്രീയെ ഒരുകാലത്തും ആദരിക്കാന്‍ കഴിയില്ല. അതിനി വസ്ത്രമേതായാലും അതുതന്നെയായിരിക്കും സ്ഥിതി. 

അവലംബ കൃതികള്‍:
1. Women, Gender and Politics - Mona Lena
2. Woman Between Islam and Western Society - Waheeduddin Khan
3. The Biological Tragedy of Woman - Anton Nemilov
4. Man, The Unknown - Alexis Carrel
5.  The Macmillan Visual Almanac 1996
6. സ്ത്രീ - പുരുഷ മന:ശാസ്ത്രം , മുരളീധരന്‍ (2014 )
7. ലിംഗസമത്വം എന്ന മിഥ്യ, സിദ്ദീഖ് നദ്വി (2018)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-7-9
ടി.കെ ഉബൈദ്‌

ഹദീസ്‌

സൗമ്യതക്ക് വല്ലാത്ത വശീകരണ ശക്തിയാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌