Prabodhanm Weekly

Pages

Search

2012 മെയ് 5

അഞ്ചാം മന്ത്രിയും സാമുദായിക സന്തുലനവും

മുജീബ്

ഹാശിം റഷീദ് ഉളിയില്‍ 
കേരളത്തില്‍ മുസ്ലിം ലീഗിന് ലഭിച്ച അഞ്ചാം മന്ത്രിസ്ഥാനം സാമുദായിക സന്തുലനത്തെ തകിടം മറിക്കുമെന്നും മതനിരപേക്ഷ രാഷ്ട്രീയത്തെ ബലി കൊടുക്കുകയാണ് യു.ഡി.എഫ് ചെയ്തതെന്നുമുള്ള അഭിപ്രായങ്ങളെക്കുറിച്ച് എന്താണ് പ്രതികരണം?

ഥാസമയം അഞ്ചാം മന്ത്രി സ്ഥാനം ഗൌരവപൂര്‍വം ആവശ്യപ്പെടാതെ പാര്‍ട്ടിയിലെ ആഭ്യന്തര സാഹചര്യങ്ങളാല്‍ നിര്‍ബന്ധിതമായപ്പോള്‍ അതിനു വേണ്ടി ശഠിച്ച മുസ്ലിം ലീഗിന്റെയും രംഗം വേണ്ടത്ര വഷളായപ്പോള്‍ മാത്രം അനുകൂലമായി പ്രതികരിച്ച കോണ്‍ഗ്രസ്സിന്റെയും നിലപാടുകളാണ് യഥാര്‍ഥത്തില്‍ സാമുദായിക സന്തുലന ചര്‍ച്ചക്ക് വഴിമരുന്നിട്ടത്. കേരളത്തില്‍ ജാതി-സമുദായ കൂട്ടായ്മകള്‍ എക്കാലത്തും സജീവമായിരുന്നു. രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഭരണത്തിലും സാമുദായിക സംഘടനകള്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. പ്രഥമ കമ്യൂണിസ്റ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ആസൂത്രണം ചെയ്യപ്പെട്ട വിമോചന സമരത്തില്‍ ജാതി സംഘടനകളും ക്രൈസ്തവ സഭകളും മുസ്ലിം സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയും അനിഷേധ്യ പങ്ക് വഹിക്കുകയും ഇന്ദിരാഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസ് അധികാരലബ്ധിക്ക് വേണ്ടി ഈ കൂട്ടായ്മയെ ഉപയോഗിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ സാമുദായിക ശക്തികളുടെ ഇടപെടല്‍ ഏറ്റവും സജീവമായിത്തീര്‍ന്നത്. 1967-ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പോലും ഈ ഇടപെടല്‍ പരോക്ഷമായി തുടര്‍ന്നു. കേരള കോണ്‍ഗ്രസ്സിന്റെ രൂപവത്കരണത്തോടെ ക്രിസ്ത്യാനികള്‍ക്കും സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായി. പിന്നീട് മുസ്ലിം ലീഗോ കേരള കോണ്‍ഗ്രസോ രണ്ടും കൂടിയോ പങ്ക് വഹിക്കാത്ത ഒരു മന്ത്രിസഭയും കേരളം ഭരിച്ചിട്ടില്ല. അതുപോലെ നായര്‍ സര്‍വീസ് സൊസൈറ്റിക്കും എസ്.എന്‍.ഡി.പിക്കും പരിഗണന നല്‍കാതെ ഒരു സര്‍ക്കാറിനും ഭരിക്കാനുമായിട്ടില്ല. അപ്പോഴൊന്നും പക്ഷേ, സ്ഥാനാര്‍ഥികളെ പോലും ജാതി സമുദായ ശക്തികള്‍ നിശ്ചയിക്കുകയും മന്ത്രിസഭയില്‍ നേര്‍ക്കുനേരെ പ്രാതിനിധ്യം ആവശ്യപ്പെടുകയും ചെയ്യുന്ന പതിവ് ഉണ്ടായിരുന്നില്ല. അതിപ്പോഴാണ് ആരംഭിച്ചിരിക്കുന്നത്.
ഓരോ ജാതിക്കും സമുദായത്തിനും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനം ഭരിക്കാന്‍ ഒരു മുന്നണിക്കും കഴിയുന്നതല്ല, മുമ്പൊരിക്കലും അങ്ങനെ ഉണ്ടായിട്ടുമില്ല. അങ്ങനെയാണെങ്കില്‍ ഏറ്റവും കൂടുതല്‍ മന്ത്രിമാരെ ലഭിക്കേണ്ടത് മുസ്ലിംകള്‍ക്കാണ്, രണ്ടാമത് ഈഴവര്‍ക്ക്, മൂന്നാമത് ക്രൈസ്തവര്‍ക്ക്, നാലാമത് മാത്രം നായന്മാര്‍ക്ക്. ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന എന്‍.എസ്.എസ്സിന്റെ പരിഭ്രാന്തിതന്നെ ഭൂരിപക്ഷ സമുദായത്തിന് മൊത്തത്തില്‍ പ്രാതിനിധ്യം കുറഞ്ഞു എന്നുള്ളതാണ്. അതായത് ചരിത്രത്തില്‍ ആദ്യമായി മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ പെട്ട മന്ത്രിമാരുടെ എണ്ണം ഹിന്ദുക്കളേക്കാള്‍ വര്‍ധിച്ചു എന്ന്. കുടിലമായ വര്‍ഗീയതയില്‍ കുറഞ്ഞ ഒന്നുമല്ല ഈ വാദഗതി. മതേതര ജനാധിപത്യത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ഒരവസ്ഥയെ വന്‍ അപകടമായി ചിത്രീകരിക്കുകയാണ് തല്‍പര കക്ഷികള്‍. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേരളത്തില്‍ ഇന്നോളവും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് മാത്രമാണ് എന്നും മുന്‍തൂക്കം ലഭിച്ചുവന്നിട്ടുള്ളത്. അന്നേരം ന്യൂനപക്ഷങ്ങളുടെ നില അപകടത്തില്‍ എന്നാരും ശബ്ദിച്ചിട്ടില്ല. പുറമെ, ഭൂരിപക്ഷ, ന്യൂനപക്ഷ പ്രശ്നമല്ല ഇവിടെ പ്രസക്തമായ കാര്യം. മുന്നാക്ക, പിന്നാക്ക പ്രാതിനിധ്യമാണ്. ആ നിലക്ക് നോക്കുമ്പോള്‍ മുന്നാക്ക സമുദായങ്ങളായ സിറിയന്‍ ക്രിസ്ത്യാനികളും നായന്മാരും ജനസംഖ്യയില്‍ തികച്ചും ന്യൂനപക്ഷമായിരിക്കെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രിയടക്കുള്ള മന്ത്രിപദവികളും സ്പീക്കര്‍, ചീഫ് വിപ്പ് പദവികളും കൈവശം വെച്ചിരിക്കുന്ന നിലവിലെ സ്ഥിതിയില്‍ അവര്‍ക്ക് പരാതിപ്പെടാന്‍ ഒരവകാശവുമില്ലെന്ന് കാണാം. ഡി.ജി.പി, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളിലും മുന്നാക്കക്കാര്‍ തന്നെ. ഇതൊന്നും ചൂണ്ടിക്കാട്ടാന്‍ യു.ഡി.എഫിലെ മുഖ്യ ഘടകങ്ങളായ കോണ്‍ഗ്രസ്സിനോ മുസ്ലിം ലീഗിനോ സാധിക്കാതെ പോവുന്നതാണ് അവരെ പ്രതിരോധത്തിലാക്കുന്നത്.

വി.എം റഹിം മസ്കത്ത്
ഹജ്ജ് സൌഹൃദ സംഘം
ഹജ്ജിന് പ്രധാനമന്ത്രിയുടെ സൌഹൃദ സംഘം പോവേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇതിലെ അംഗങ്ങളുടെ എണ്ണം ചുരുക്കണമെന്നും ക്രമേണ ഈ സംവിധാനം നിര്‍ത്തലാക്കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു (മാധ്യമം 16-4-2012). പ്രതികരണം?
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഹജ്ജ് കമ്മിറ്റി നിയോഗിക്കുന്ന വളണ്ടിയര്‍മാരും മെഡിക്കല്‍ ടീമും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഉണ്ടെന്നിരിക്കെ, വി.വി.ഐ.പികളുടെ ഒരു ജംബോ സംഘത്തെ വന്‍ ചെലവുകള്‍ വഹിച്ച് നിയോഗിക്കേണ്ട ഒരാവശ്യവും നിലവിലില്ല. ഹജ്ജ് പോലുള്ള ഒരു വിശുദ്ധ ആരാധനാകര്‍മത്തെ പോലും രാഷ്ട്രീയവത്കരിക്കുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതിന്റെ തെളിവുമാണ് സുപ്രീം കോടതി മുമ്പാകെ വന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ് ഇതിലെ കൂട്ടുപ്രതികള്‍. ഈ പാര്‍ട്ടികളില്‍ തന്നെയുള്ള മതനിഷ്ഠരും സേവന സന്നദ്ധതയുള്ളവരുമല്ല ഔദ്യോഗിക സൌഹൃദ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെന്ന് പട്ടിക പരിശോധിച്ചാല്‍ വ്യക്തമാവും. വെറും പിക്നിക്കിനു വേണ്ടി അവസരം ദുരുപയോഗപ്പെടുത്തുന്നവര്‍ വരെ കൂട്ടത്തിലുണ്ട്. ഈയേര്‍പ്പാട് എത്ര വേഗം അവസാനിപ്പിക്കുന്നുവോ അത്രയും രാജ്യത്തിനും സമുദായത്തിനും നല്ലത്. സുഊദി രാജാവിന്റെ ആതിഥ്യം സ്വീകരിച്ച് ഹജ്ജ് ചെയ്യാനുള്ള അവസരങ്ങള്‍ പോലും നേരാം വണ്ണമല്ല ഉപയോഗിക്കുന്നത് എന്ന വസ്തുത വിചാരണ ചെയ്യപ്പെടേണ്ടതാണ്.

അഫ്നാന്‍ ചൊവ്വ, കണ്ണൂര്‍
പള്ളിയും ചാനലും
"100 കോടിയുടെ ഡാന്‍സ് ചാനല്‍ തുടങ്ങിയവരും 200 കോടിയുടെ നേരം കൊല്ലി ചാനല്‍ തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടവരും ഐക്യമുന്നണിയായി ചേര്‍ന്ന് അല്ലാഹുവിനെ ആരാധിക്കാനായി 40 കോടിയുടെ പള്ളി നിര്‍മിക്കുന്ന എ.പി ഉസ്താദിനെ ക്രൂശിക്കാനിറങ്ങിയിരിക്കുന്നു''- എ.പി വിഭാഗം സുന്നി ഗ്രൂപ്പിന്റെ ഈ പ്രതിരോധത്തോടുള്ള പ്രതികരണം?
ഈ നൂറ്റാണ്ടില്‍ ഇസ്ലാമും മുസ്ലിംകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമ രംഗത്ത് നിന്നുള്ള ആക്രമണമാണെന്ന് സാമാന്യ ബുദ്ധികള്‍ക്കറിയാം. അതിനെ യഥോചിതം പ്രതിരോധിക്കാനോ സത്യം ലോകത്തെ ബോധ്യപ്പെടുത്താനോ ഒരു ചാനല്‍ പോലും ഇന്ത്യാ മഹാരാജ്യത്തില്ല. അഴിമതിക്കും അധാര്‍മികതക്കും ചൂഷണത്തിനുമെതിരെ പൊരുതാനും നിലവിലെ ചാനലുകള്‍ അശക്തമാണ്. ഈ സാഹചര്യത്തില്‍ കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി മാധ്യമരംഗത്തെ ഇടപെടലുകളെ കാണേണ്ട മത സംഘടനകളും അവക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരും അവരുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ തയാറില്ലെന്നതോ പോകട്ടെ, പകരം കേശപൂജക്കായി 40 കോടിയുടെ ദേവാലയം പണിയുന്ന തിരക്കിലാണ്! അല്ലാഹുവിനെ ആരാധിക്കാന്‍ മിതമായ ചെലവില്‍ പള്ളിയുണ്ടാക്കുന്നതിനെ ആരും എതിര്‍ത്തില്ല, മുടിപ്പള്ളി പണിയാന്‍ കോടികള്‍ സമാഹരിക്കുന്നതിനെയാണ് കുറ്റകരമെന്ന് പറയുന്നത്. ദുര്‍വാശി പിടിക്കാതെ ഇനിയെങ്കിലും തെറ്റ് തിരുത്താനാണ് തയാറാവേണ്ടത്. അതാണ് യഥാര്‍ഥ 'മാനവികത'.

ടി.സി പയ്യന്നൂര്‍
ഇസ്ലാമും കമ്യൂണിസവും
എതിരാളികളും വിമര്‍ശകരും കാലഹരണപ്പെട്ടുവെന്ന് വിലയിരുത്തുമ്പോഴും ലക്ഷക്കണക്കിന് ആളുകളുടെ ആശയും ആവേശവുമായി കമ്യൂണിസം ഇന്നും നിലകൊള്ളുന്നു. ഭൌതിക ജീവിതത്തിനപ്പുറമുള്ള ഒന്നിലും പ്രതീക്ഷയോ വിശ്വാസമോ ഇല്ലാതിരുന്നിട്ടും അനേകം പേര്‍ ആ പ്രസ്ഥാനത്തിന്റെ വഴിയില്‍ രക്തവും ജീവനും നല്‍കി അതിനെ പടുത്തുയര്‍ത്തി. കന്നുകാലികളെപ്പോലെ പണിയെടുത്തിരുന്ന തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനം അതുവഴി സാധ്യമായി എന്നതും ഒരു വസ്തുതയാണ്. തീര്‍ച്ചയായും കമ്യൂണിസത്തിനും അപചയം സംഭവിച്ചിട്ടുണ്ട്. കാരണം അതും ഒരു മനുഷ്യ നിയന്ത്രിത പ്രസ്ഥാനമാണ്. എങ്കില്‍ പോലും മറ്റു രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കൊന്നും അവകാശപ്പെടാനാവാത്തവിധം, പ്രസ്ഥാനവുമായി വൈകാരിക ബന്ധം സൂക്ഷിക്കുന്ന പ്രവര്‍ത്തക ലക്ഷങ്ങളെ നിലനിര്‍ത്താന്‍ അതിന് ഇന്നും കഴിയുന്നു.
മനുഷ്യന്റെ മുതുകിനെ ഞെരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കാനും അവനെ വരിഞ്ഞുമുറുക്കിയ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും ആഹ്വാനം ചെയ്ത മതമാണ് ഇസ്ലാം. അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവന് പോലും നാശമാണെന്ന് അത് പ്രഖ്യാപിക്കുന്നു. പക്ഷേ, ഇസ്ലാമിന്റെ ഈ വിമോചന മുഖം ഇന്നത്തെ സമൂഹത്തില്‍ ഒട്ടും പ്രത്യക്ഷമല്ല. മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളില്‍ ബന്ധിതമാക്കി, മനുഷ്യന് ഉപദേശങ്ങള്‍ മാത്രം നല്‍കുന്ന മതങ്ങളുടെ നിലവാരത്തിലേക്ക് അതിനെ തരം താഴ്ത്തുകയും ചെയ്തിരിക്കുന്നു മുസ്ലിം സമൂഹം.
താടിയുടെ നീളം കൂടുകയും പാന്റ്സിന്റെ നീളം കുറയുകയും ചെയ്യുന്ന പ്രകടനപരതയിലൂടെ ഇസ്ലാം ഇനിയും വളരുമായിരിക്കാം. എന്നാല്‍, സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാകേണ്ട ദര്‍ശനമായി ഇസ്ലാമിനെ ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യന്‍ മുസ്ലിം സമൂഹം പ്രതീക്ഷയുടെ വിദൂര ചക്രവാളത്തില്‍ പോലും തെളിയുന്നില്ല (അറബ് വസന്തത്തിനിടയിലും നമ്മുടെ നാട്ടിലെ ചര്‍ച്ച മുടിയും ജിന്നുമൊക്കെ തന്നെയാണ്).
സൈദ്ധാന്തിക തലത്തില്‍ ദുര്‍ബലമായ ഒരു ഭൌതിക പ്രസ്ഥാനത്തിന്റെ അണികള്‍ പ്രായോഗിക തലത്തില്‍ അതിനെ നിലനിര്‍ത്തുകയും ആവേശപൂര്‍വം കേരളത്തിലങ്ങോളമിങ്ങോളം പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യുന്ന സമകാലിക പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട്, സമ്പൂര്‍ണമായൊരു ജീവിത പദ്ധതി ആവിഷ്കരിച്ചു തന്ന ഇസ്ലാമിന്റെ നിലവിലെ അവസ്ഥയെ നോക്കിക്കാണുന്ന ഒരു മനസ്സിന്റെ വേദനകളോടുള്ള മുജീബിന്റെ പ്രതികരണമെന്താണ്?

മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ചങ്ങലകളില്‍ ബന്ധിതരായ മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ വിമോചനമുഖവുമായി പ്രത്യക്ഷപ്പെട്ട കമ്യൂണിസം വലിയൊരു വിഭാഗത്തെ ആകര്‍ഷിച്ചത് സ്വാഭാവികമാണ്. ചങ്ങലകളല്ലാതെ ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ കമ്യൂണിസ്റ് വ്യവസ്ഥിതിയുടെ നിര്‍മിതിക്കായി ജീവത്യാഗം ചെയ്തതിലും അതിനാല്‍ അത്ഭുതമില്ല. ഒരേസമയം ചൂഷകശക്തികളോടുള്ള പ്രതികാര വാഞ്ഛയും മോചനത്തെക്കുറിച്ച പ്രതീക്ഷയുമായിരുന്നു അവര്‍ക്ക് പ്രചോദനം. പക്ഷേ, കാലമേറെ കഴിയുന്നതിന് മുമ്പ് തങ്ങള്‍ കൂടുതല്‍ കടുത്ത ചങ്ങലകളിലാണ് ബന്ധിതരായതെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. അതൃപ്തി പ്രകടിപ്പിച്ച ലക്ഷക്കണക്കിന് മനുഷ്യര്‍ നിഷ്കരുണം കൊല ചെയ്യപ്പെട്ടു. സ്റേറ്റ് ഭീകരതയുടെ കരാള ദംഷ്ട്രകള്‍ അവരെ വരിഞ്ഞുമുറുക്കിയപ്പോള്‍ മിണ്ടാനോ സങ്കടപ്പെടാനോ പോലും പഴുതില്ലാതായി. നീണ്ട മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് സ്റാലിനിസ്റ് മൃഗീയതയുടെ ആഴവും വ്യാപ്തിയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ നികിതാ ക്രൂഷ്ചേവ് ലോകത്തെ അറിയിച്ചത്. അതിനു ശേഷവും, റിവിഷനിസത്തിന്റെ മുദ്രകുത്തി ക്രൂഷ്ചേവ് പുറംതള്ളപ്പെട്ടതല്ലാതെ പൂര്‍വ യൂറോപ്പിലെ ജനങ്ങള്‍ക്ക് സ്വഛമായി ശ്വസിക്കാന്‍ മൂന്നു പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു. ഇന്ന് കമ്യൂണിസം ആരിലും പ്രതീക്ഷയോ പ്രത്യാശയോ ഉളവാക്കുന്നില്ല. എല്ലാ രാജ്യങ്ങളിലും കമ്യൂണിസ്റ് പാര്‍ട്ടികള്‍ തകര്‍ച്ചയെ നേരിടുകയാണ്. ചിലത് പിരിച്ചുവിടപ്പെട്ടിരിക്കുന്നു, വേറെ ചിലത് ഊടും പാവും മാറ്റി പുതിയ വേഷത്തില്‍ അവതരിക്കാന്‍ ശ്രമിക്കുന്നു, മറ്റു ചിലത് കാതലായ മാറ്റങ്ങള്‍ക്ക് വഴിതേടുന്നു. മെച്ചപ്പെട്ട ബദലിന്റെ അഭാവത്തില്‍ ജനങ്ങളില്‍ ഒരു വിഭാഗം നിസ്സഹായരായി കമ്യൂണിസ്റ് പാളയത്തില്‍ നിന്ന് പുറത്ത് കടക്കുന്നില്ല എന്നേ പറയാനാവൂ. ചൈനയിലാകട്ടെ അത്തരം ശ്രമങ്ങളെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതും.
വ്യത്യസ്തമാണ് ഇസ്ലാമിന്റെ അവസ്ഥ. പതിനാല് നൂറ്റാണ്ടെങ്കിലുമായി അതിന്റെ അന്ത്യവും സമ്പൂര്‍ണവുമായ രൂപം ലോകത്ത് അവതരിച്ചിട്ട്. ഇന്നും അത് ജനകോടികളുടെ ആവേശവും പ്രതീക്ഷയുമാണ്. ശത്രുക്കളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ശേഷവും ഇസ്ലാം പുതിയ ചക്രവാളങ്ങളിലേക്ക് വികസിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും വരെ ഇസ്ലാം വികസിക്കുകയാണ്. തീവ്ര മതേതരത്വത്തിന്റെ പേരില്‍ സമ്പൂര്‍ണമായ അടിച്ചമര്‍ത്തല്‍ ഭീഷണിയെ നേരിട്ട തുര്‍ക്കിയില്‍ പോലും ഇസ്ലാം ഉയിര്‍ത്തെഴുന്നേല്‍പിന്റെ പാതയിലാണ്. തുനീഷ്യയിലും മൊറോക്കോയിലും ഈജിപ്തിലും അത് പുനര്‍ ജനിച്ചുകൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രം വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ത്യയിലും ഇസ്ലാം അപ്രതിരോധ്യ സാമൂഹികശക്തിയായി വളര്‍ന്നേനെ. വിഭജനം സൃഷ്ടിച്ച ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളില്‍ ഇസ്ലാമിക നവോത്ഥാനത്തിന് കാലവിളംബം സംഭവിച്ചുവെങ്കിലും നൈരാശ്യത്തിന് കാരണങ്ങളില്ല. ഇസ്ലാമിക പ്രസ്ഥാനം അവധാനപൂര്‍വമായ കാല്‍വെപ്പുകളിലൂടെ സാവകാശം മുന്നേറുക തന്നെയാണെന്ന് സൂക്ഷ്മമായ അവലോകനം ബോധ്യപ്പെടുത്തും. വലതുപക്ഷ ശക്തികള്‍ സര്‍വ കഴിവുകളും ഉപയോഗിച്ച് സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ അതിനോട് വിയോജിപ്പും പ്രതിഷേധവുമുള്ള ജനങ്ങള്‍ ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുന്നു എന്നതുകൊണ്ട് കമ്യൂണിസ്റ് പാര്‍ട്ടികള്‍ കരുത്താര്‍ജിക്കുന്നു എന്ന് കരുതാന്‍ ന്യായമില്ല. മറിച്ച്, കടുത്ത പ്രതിസന്ധിയെയാണ് പ്രസ്ഥാനം നേരിടുന്നതെന്ന് സി.പി.എം, സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലെ റിപ്പോര്‍ട്ടും ചര്‍ച്ചകളും പാസ്സാക്കിയ പ്രമേയങ്ങളും വ്യക്തമാക്കുന്നു. പാര്‍ട്ടികളിലെ അംഗസംഖ്യയും സ്വാധീനവും നിരന്തരം കുറയുകയാണല്ലോ ചെയ്തിരിക്കുന്നത്.

വി.എം.ആര്‍ മസ്കത്ത്
ആര്യാടനും മടുത്തു?
ഇനി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്. അടുത്ത തവണയും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും എന്നാല്‍ അതില്‍ താനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി (മാധ്യമം 2012 ഏപ്രില്‍ 4).
പ്രായം കവിഞ്ഞു. അടുത്ത ഊഴം യു.ഡി.എഫിന് തന്നെ ലഭിക്കുമെന്ന് ഒരുറപ്പുമില്ല. പിന്നീട് വരുന്ന ഊഴമാവുമ്പോഴേക്ക് എന്താണ് കാത്തിരിക്കുന്നതെന്ന് നിശ്ചയവുമില്ല. ഈ സാഹചര്യത്തില്‍ സ്ഥിരം തട്ടകമായ നിലമ്പൂരില്‍ കിരീടാവകാശിയായ മകന്‍ ശൌക്കത്തിനെ സ്ഥാനാരോഹണം ചെയ്യിക്കാന്‍ സമയമായെന്ന് ആര്യാടന്‍ ആലോചിച്ചുകാണും. വൈദ്യുതിക്ക് പുറമെ ഗതാഗതം കൂടി കൈവന്ന സ്ഥിതിക്ക് വിലസാന്‍ വേണ്ടത്ര അവസരം ഇപ്പോള്‍ തന്നെ ഉണ്ടുതാനും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം