Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 24

3232

1443 ജമാദുല്‍ അവ്വല്‍ 19

'മാപ്പിള ഹാല്‍' വെര്‍ച്വല്‍ എക്‌സിബിഷന്‍ നാം നമ്മുടെ വേരുകളെ ആഘോഷിക്കുകയാണ്‌

ഇ.എം അംജദ് അലി

1921-ലെ മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന സന്ദര്‍ഭമാണല്ലോ ഇത്.  ഈ ചരിത്ര സന്ദര്‍ഭത്തില്‍ എസ്.ഐ.ഒ കേരള പുതിയൊരു ഉദ്യമവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. 'മാപ്പിള ഹാല്‍' എന്ന പേരില്‍ ഒരുക്കുന്ന ഇന്ററാക്ടീവ് വേര്‍ച്വല്‍ എക്‌സിബിഷനാണത്. മലബാര്‍ സമരത്തിന്റെ സമഗ്രമായ സര്‍ഗാത്മക ആവിഷ്‌കാരമാണ് 'മാപ്പിള ഹാല്‍'. മലബാര്‍ പോരാട്ടത്തിന്റെ വിപ്ലവകരമായ രാപ്പകലുകളിലൂടെയുള്ള സഞ്ചാരമാണ് ഈ എക്‌സിബിഷന്‍. മലബാര്‍ സമരത്തെ ഓര്‍ക്കുകയും സമരത്തിന്റെ  വ്യത്യസ്ത ഉള്ളടക്കങ്ങളെ ചര്‍ച്ചക്കെടുക്കുകയും  ചെയ്യുക എന്നത് നിര്‍ണായകമായ സാമൂഹിക- രാഷ്ട്രീയ ഇടപെടലാണ്.
ചരിത്രം ഭൂതകാലത്തെക്കുറിച്ചുള്ള കേവല രേഖ മാത്രമല്ല. ഏതൊരു സമൂഹത്തിന്റെയും വര്‍ത്തമാനകാലത്തെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകമാണ് അവരുടെ ചരിത്രം. ചരിത്രമെന്നാല്‍ ഭൂതകാലവും സമകാലികതയും തമ്മിലുള്ള നിലക്കാത്ത സംവാദമാണ്.  ചരിത്രാഖ്യാനങ്ങള്‍ വര്‍ത്തമാനകാലത്തെ സാമൂഹിക - രാഷ്ട്രീയ കാഴ്ചപ്പാടുകളും ഭാവനകളും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഓരോ സമൂഹത്തിനും തങ്ങളുടെ ചരിത്രത്തെ കുറിച്ച് ആഴത്തിലുള്ള ബോധ്യമുണ്ടായിരിക്കണം. സ്വന്തം ചരിത്രം അവര്‍ രേഖപ്പെടുത്തുകയും പറഞ്ഞുകൊണ്ടിരിക്കുകയും വേണം. അങ്ങനെ ചെയ്യാത്ത പക്ഷം തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയ ചരിത്രത്തില്‍ ജീവിക്കേണ്ട ദുരവസ്ഥയാവും വന്നു ചേരുക. അത്  അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ വിഘാതമാകും. മുഖ്യധാരാ-അധീശ പ്രത്യയശാസ്ത്രങ്ങള്‍ രേഖപ്പെടുത്തിയ ചരിത്രമായിരിക്കും അവരുടെ ചരിത്രമായി മനസ്സിലാക്കപ്പെടുക. ഒരു സമൂഹത്തെ അരികുവല്‍ക്കരിക്കാനോ പൈശാചികവല്‍ക്കരിക്കാനോ ഉന്മൂലനം ചെയ്യാനോ അധീശ ശക്തികള്‍ തീരുമാനിച്ചാല്‍ അതിനുള്ള എളുപ്പ മാര്‍ഗമായി അവര്‍ ഉപയോഗിക്കുക ചരിത്രത്തെയാണ്. അതിനുവേണ്ടി രണ്ടു രീതിയില്‍ അവര്‍ ചരിത്രത്തോട് അനീതി കാണിക്കും: ഒന്ന്, ആ സമൂഹത്തിന്റെ സമ്പന്നമായ ചരിത്രത്തെ മറച്ചുപിടിക്കുകയും അദൃശ്യമാക്കുകയും ചെയ്യുക. രണ്ട്, ആ സമൂഹത്തിന്റെ ചരിത്രത്തെ വക്രീകരിക്കുക.
കൊളോണിയല്‍ ചരിത്രരചന ഇസ്ലാമിനോടും മുസ്ലിംകളോടും ചെയ്തത് ഇതിനുദാഹരണമാണ്. മുസ്ലിംകളുടെ സമ്പന്നമായ ശോഭന ചരിത്രത്തെ കൊളോണിയല്‍ ശക്തികള്‍ മറച്ചുപിടിച്ചു. ശേഷം ഇസ്ലാമും മുസ്ലിംകളും എന്താണെന്ന് കൊളോണിയലിസം സ്വയം  നിര്‍വചിച്ചു. ആ നിര്‍വചനത്തെ അടിത്തറയാക്കി മുസ്ലിംകളുടെ ചരിത്രം രചിച്ചു. ഇസ്ലാം പ്രാകൃതമാണ്, ലോകത്ത് അത് പ്രചരിച്ചത് വാളു കൊണ്ടാണ്, ഇസ്ലാം അടിമുടി ഭീകരതയാണ്, മുസ്ലിംകള്‍ അപരിഷ്‌കൃതരും രക്തദാഹികളും യുദ്ധക്കൊതിയന്മാരും അക്രമവാസനയുള്ളവരും അപകടകാരികളുമാണ്... ഇങ്ങനെയാണ് കൊളോണിയലിസം ഇസ്ലാമിനെയും മുസ്ലിംകളെയും നിര്‍വചിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ലോക മുസ്ലിം ചരിത്രത്തെ വക്രീകരിച്ച് ആഖ്യാനം നടത്തി.  മുസ്ലിംകളുടെ സാന്നിധ്യം തന്നെ ഏതൊരു നാടിനും അപകടകരമാണെന്ന് വരുത്തിത്തീര്‍ത്തു.  ഇസ്ലാമിന്റെ അടിത്തറയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ ഏല്ലാവിധ ആവിഷ്‌കാരങ്ങളും തീവ്രവാദവും ഭീകരവാദവുമാണെന്നുള്ള പൊതുബോധം രൂപപ്പെടുത്താന്‍ ശ്രമിച്ചു. ഇക്കൂട്ടര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവര്‍ തന്നെ എന്ന ബോധത്തിലേക്ക് ആളുകളെ എത്തിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഈ ചരിത്രാഖ്യാനം, മുസ്ലിംകള്‍ക്കെതിരെയുള്ള എല്ലാ ഹിംസകള്‍ക്കും അനീതികള്‍ക്കും വംശീയ ഉന്മൂലന പദ്ധതിക്കും ന്യായീകരണമായി മാറി. ചരിത്രം തന്നെ ഏറ്റവും വലിയ മര്‍ദനോപകരണമായി മാറുന്നത് ഇങ്ങനെയാണ്. ഇന്ന് കേരളത്തിലും ദേശീയതലത്തിലും ആഗോളതലത്തിലും ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ വേരുകള്‍ ചെന്നെത്തുന്നതും ഈ കൊളോണിയല്‍ ചരിത്രാഖ്യാനത്തിലാണ്.
മലബാര്‍ സമരത്തെ കുറിച്ച ഓര്‍മയും ആഘോഷവും പ്രസക്തമാകുന്നത് ഇവിടെയാണ്. ഹിന്ദുത്വ രാഷ്ട്രീയം ശക്തമായിക്കൊണ്ടിരിക്കുകയും മുസ്ലിംകളെ വംശീയ ഉന്മൂലനം നടത്താന്‍ സംഘ് പരിവാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണിത്. വംശീയ ഉന്മൂലനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിംകളുമായി ബന്ധപ്പെട്ട ചരിത്രത്തെ രണ്ട് രീതിയില്‍  ഹിന്ദുത്വ ശക്തികള്‍ ഉപയോഗിക്കുന്നു: ഒന്ന്, ഇന്ത്യയിലെ മുസ്ലിംകളുടെ ചരിത്രത്തെ മായിച്ചുകളയാനും ഈ നാട്ടിലെ മുസ്ലിംകളുടെ ഉജ്ജ്വലമായ വേരുകളെ അറുത്തുകളയാനുമുള്ള ശ്രമം. രണ്ട്, ഇന്ത്യയിലെ മുസ്ലിംകളുടെ ചരിത്രത്തെ ഹിന്ദുവിരുദ്ധ ചരിത്രമായി വക്രീകരിക്കുക. ചരിത്രത്തോടുള്ള ഈ രണ്ട് രീതിയിലുമുള്ള ഹിംസയിലൂടെ ഹിന്ദുത്വം അതിന്റെ വംശീയ പദ്ധതിക്ക് വേഗം കണ്ടെത്തുന്നു. അഥവാ, എവിടെ നിന്നോ കയറിവന്ന ഒരു കൂട്ടരാണ് മുസ്ലിംകളെന്നും ഈ നാട്ടില്‍ വേരുകളില്ലാത്തവരാണെന്നും, അവര്‍ ഇവിടെ വന്നതു മുതലുള്ള ചരിത്രമാകട്ടെ അക്രമത്തിന്റെ ചരിത്രമാണെന്നും ഇവരുടെ സാന്നിധ്യം നാടിന് അപകടമാണെന്നും അതുകൊണ്ടുതന്നെ ഉന്മൂലനം ചെയ്യപ്പെടേണ്ട കൂട്ടരാണിവരെന്നുമുള്ള പൊതുബോധം രൂപപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഹിന്ദുത്വ ശക്തികള്‍. മുസ്ലിംകളെ പട്ടാപ്പകല്‍ ജനമധ്യത്തില്‍ അടിച്ചുകൊല്ലാന്‍ ഒരാളുടെ മനസ്സ് എങ്ങനെ പാകപ്പെടുന്നു എന്ന ചോദ്യം അവിടെ അപ്രസക്തമാകും. കാരണം, മുസ്ലിംകള്‍ കൊല്ലപ്പെടാന്‍ അര്‍ഹരാണ് എന്ന  ബോധം ഒരാളില്‍ രൂപപ്പെടുമ്പോള്‍ അവരെ കൊല്ലാന്‍ അയാള്‍ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുകയില്ലല്ലോ.
ഈ പ്രത്യേക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ മലബാര്‍ സമരത്തിന്റെ ഓര്‍മകളെ ജനകീയമാക്കുന്നതിനും അത് ആഘോഷിക്കുന്നതിനും സവിശേഷ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മലബാര്‍ സമരത്തെയും അതിലെ പോരാളികളെയും ഓര്‍ത്തെടുക്കുക എന്നതിലൂടെ ഒരര്‍ഥത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശത്രുപക്ഷത്ത് സ്വയം സ്ഥാനപ്പെടുത്തുക കൂടിയാണ് നാം ചെയ്യുന്നത്.  ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ മലബാര്‍ സമരത്തെ  മതഭ്രാന്തന്മാരുടെ കലാപം എന്നാണ് ചിത്രീകരിച്ചത്. അവര്‍ അങ്ങനെ പ്രചാരണം നടത്തുക സ്വാഭാവികമാണ്. കാരണം അത് അവര്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നല്ലോ. സംഘ്പരിവാറും മലബാര്‍ സമരത്തെ അതേ രീതിയില്‍ പ്രചരിപ്പിക്കുകയും മലബാര്‍ സമരം ക്രൂരമായ ഹിന്ദു വിരുദ്ധ കൂട്ടക്കൊലയായി ചരിത്രാഖ്യാനം നടത്തുകയും  അതിനെ മുന്‍നിര്‍ത്തി മുസ്ലിംകള്‍ക്കെതിരെ വെറുപ്പ് ഉല്‍പാദിപ്പിക്കുകയും  വംശീയ ഉന്മൂലനത്തിനുള്ള ഇന്ധനമായി മലബാര്‍ സമര ചരിത്രത്തെ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
മലബാര്‍ സമരമെന്ന ചരിത്രബിന്ദു ഹിന്ദുത്വ രാഷ്ട്രീയത്തെ പല രീതിയില്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച കൊളോണിയല്‍വിരുദ്ധ പോരാട്ടങ്ങളിലെ മുസ്ലിംകളുടെ നിര്‍ണായക പങ്കിനെ മലബാര്‍ സമരം ഓര്‍മപ്പെടുത്തുന്നു എന്നതാണ് അതിലൊന്ന്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറയായ സവര്‍ണ ജാതി മേധാവിത്വത്തിന് എതിരെയുള്ള പോരാട്ടം കൂടിയായിരുന്നു മലബാര്‍ സമരം എന്നതാണ് മറ്റൊന്ന്. സംഘ് ഭരണകൂടത്തിന്റെ രക്തസാക്ഷി നിഘണ്ടുവില്‍ അവര്‍ക്ക് മാപ്പിള പോരാളികളെ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് അതുകൊണ്ടു കൂടിയാണ്. അതിനാല്‍ മലബാര്‍ സമരത്തെ ഓര്‍ക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ നിലപാടറിയിക്കലാണ്.
മലബാര്‍ സമരത്തെ കുറിച്ച ഓര്‍മ നമ്മുടെ തന്നെ ഉജ്ജ്വലമായ പാരമ്പര്യത്തെ കുറിച്ച ഓര്‍മ കൂടിയാണ്. കേരളീയ മുസ്‌ലിംകളുടെ വേരുകള്‍ എത്രമേല്‍ ശക്തവും ആഴമേറിയതുമാണെന്ന തിരിച്ചറിവ് കൂടിയാണ് അതിലൂടെ ലഭിക്കുന്നത്. ഈ നാടിന്റെ വിമോചന പോരാട്ടത്തിലും ഇവിടത്തെ സാമൂഹിക നവോത്ഥാനത്തിലും നാഗരിക വികാസത്തിലും അവരുടെ മുന്‍ഗാമികള്‍ നിര്‍വഹിച്ച അതിനിര്‍ണായകമായ പങ്ക് അതുവഴി വ്യക്തമാകുന്നു. ഈ ഓര്‍മയും തിരിച്ചറിവും, പ്രതിസന്ധികള്‍ നിറഞ്ഞ ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം സമൂഹത്തിന് ആത്മാഭിമാനത്തോടെ മുന്നോട്ടുപോകാനുള്ള ഊര്‍ജം സമ്മാനിക്കും.
മലബാര്‍ സമരത്തിന് പ്രധാനമായും രണ്ട് തലങ്ങളുണ്ടായിരുന്നു. ഒന്ന്, അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം. രണ്ട്, കുടിയാന്മാരെയും കീഴാള ജനവിഭാഗങ്ങളെയും അടിമകള്‍ക്ക് സമാനമായി അടിച്ചമര്‍ത്തി അവരെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന ജന്മിത്വ, ജാതി മേധാവികള്‍ക്കെതിരെയുള്ള സമരം. ആലി മുസ്‌ലിയാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും നേതൃത്വത്തില്‍ നടന്ന അസാമാന്യ പോരാട്ടം കൊളോണിയല്‍ ശക്തികളുടെയും ജാതി മേധാവികളുടെയും അടിത്തറയിളക്കിയാണ് മുന്നോട്ടു കുതിച്ചത്. അത് അടിച്ചമര്‍ത്തപ്പെട്ട കീഴാള ജനവിഭാഗങ്ങള്‍ക്ക് വിമോചനത്തെ കുറിച്ച പുതിയ സ്വപ്‌നങ്ങള്‍ നല്‍കി. കര്‍ഷകത്തൊഴിലാളികളും കൂലിവേലക്കാരുമായ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ അണിനിരന്ന മലബാര്‍ സമരത്തിന് ദിശാബോധം നല്‍കിയത് ഇവര്‍ രണ്ടു പേരുമായിരുന്നു. മാപ്പിളമാരുടെ കൂടെ നിരവധി  അമുസ്‌ലിംകളും മലബാര്‍ സമരത്തില്‍ പങ്കെടുക്കുകയുണ്ടായി.
പോരാട്ടത്തിന് മാപ്പിളമാരെ പ്രേരിപ്പിച്ച ദൈവശാസ്ത്രപരമായ ഘടകത്തെ കുറിച്ചും ആലോചിക്കേണ്ടിയിരിക്കുന്നു. സ്വന്തം ജീവന്‍ ബലികഴിച്ചും പോരാട്ടത്തിനിറങ്ങാന്‍ മാപ്പിള പോരാളികളെ പ്രചോദിപ്പിച്ച അടിസ്ഥാന ഘടകം  ഇസ്‌ലാമിക വിശ്വാസമായിരുന്നു. നീതിക്കു വേണ്ടി നിലകൊള്ളലും അനീതിക്കും വിവേചനത്തിനും അടിമത്തത്തിനും ചൂഷണത്തിനുമെതിരെ പോരാടലും ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും അനീതിക്കിരയാകുന്നവര്‍ക്കും വേണ്ടി പോരാടണമെന്ന് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നുണ്ട്. അടിമത്തവും വിധേയത്വവും  അല്ലാഹുവിനു മുമ്പില്‍ മാത്രമേ പാടുള്ളൂ എന്നത് തൗഹീദിന്റെ ഭാഗമാണ്. മറ്റൊരാളുടെ മുമ്പിലും അടിമത്തവും വിധേയത്വവും സത്യവിശ്വാസികള്‍ അംഗീകരിക്കില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്  ആണെന്ന് സത്യവിശ്വാസികള്‍ മനസ്സിലാക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്ന നീതിയുടെയും വിമോചനത്തിന്റെയും ഈ ദൈവിക പാഠങ്ങള്‍ മലബാറിലെ പണ്ഡിതന്മാര്‍ സാധാരണക്കാരായ മാപ്പിളമാര്‍ക്ക് പകര്‍ന്നുകൊടുത്തു. അങ്ങനെയാണ് പതിനാറാം നൂറ്റാണ്ട് മുതല്‍ അധിനിവേശ ശക്തികള്‍ക്കും ജാതി മേധാവികള്‍ക്കുമെതിരെ മലബാറില്‍ പോരാട്ടങ്ങള്‍ നടന്നത്.
കോസ്‌മോപൊളിറ്റന്‍ ഘടകം മലബാര്‍ സമരത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വരവോടെയാണ് ചെറിയൊരു ഇടവേളക്കു ശേഷം 1921-ല്‍ മലബാറില്‍  കൊളോണിയല്‍വിരുദ്ധ പോരാട്ടങ്ങള്‍ വീണ്ടും ശക്തിപ്രാപിച്ചത്. ഖിലാഫത്ത്  പ്രസ്ഥാനത്തിന്റെ സ്വാധീനഫലമായാണ് ദേശീയ പ്രസ്ഥാനം പോലും  ജനകീയമായത്.  ഖിലാഫത്ത് പ്രസ്ഥാനവും ഖിലാഫത്ത്  എന്ന രാഷ്ട്രീയ ഭാവനയും കൊളോണിയല്‍ വിരുദ്ധ - ജാതിവിരുദ്ധ പോരാട്ടത്തില്‍ പുതിയൊരു ഊര്‍ജമായി പ്രവര്‍ത്തിച്ചു. ആഗോളതലത്തില്‍ തന്നെ പാശ്ചാത്യ ആധുനികത അതിന്റെ  രാഷ്ട്രീയാധികാരം ശക്തിപ്പെടുത്തിയത്  ഖിലാഫത്തിനെ തകര്‍ത്തുകൊണ്ടായിരുന്നു. ആഗോളമാനങ്ങളുള്ള മാപ്പിള സമുദായം ഖിലാഫത്ത് പ്രസ്ഥാനത്തെ നെഞ്ചേറ്റിയത് ഈ രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു.
മലബാര്‍ സമരത്തില്‍ ഉള്ളടങ്ങിയ ഇത്തരത്തിലുള്ള വ്യത്യസ്ത ഘടകങ്ങളെ മുന്‍നിര്‍ത്തി വിശകലനങ്ങളും പഠനങ്ങളും നടക്കുമ്പോഴേ അധീശ പ്രത്യയശാസ്ത്രങ്ങള്‍ രൂപപ്പെടുത്തിയ ചരിത്രാഖ്യാനങ്ങളെ പ്രതിരോധിക്കാനും മറികടക്കാനും സാധിക്കുകയുള്ളൂ. പ്രത്യേകിച്ച്, സമരത്തിലേര്‍പ്പെട്ടവരുടെ കര്‍തൃത്വത്തെയും ദൈവശാസ്ത്ര വിചാരങ്ങളെയും സാമൂഹികസ്ഥാനത്തെയും അപകോളനീകരണമടക്കമുള്ള പ്രതിവായനകളെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു വിമര്‍ശന വായന സാധ്യമാക്കേണ്ടത് പുതിയ കാലത്ത് അനിവാര്യമാണ്. ഇത്തരം പരിഗണനകള്‍ പ്രധാനമാകുന്ന ബദല്‍ ആഖ്യാനങ്ങളും വിശകലനങ്ങളും രൂപപ്പെടേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് എസ്.ഐ.ഒ ഒരു വെര്‍ച്വല്‍ എക്സിബിഷിനെ കുറിച്ച് ആലോചിച്ചത്.
മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷിക പശ്ചാത്തലത്തില്‍ കേരളീയ മുസ്ലിം വൈജ്ഞാനിക-പോരാട്ട ചരിത്രത്തെ  ഒരു ബദല്‍ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണുക, അതിനെക്കുറിച്ചുളള ജ്ഞാനോല്‍പാദനം സാധ്യമാക്കുക, അതിനെ രാഷ്ട്രീയവും സാംസ്‌കാരികവുമായി ആഘോഷിക്കുക തുടങ്ങിയവയാണ് ഈ വെര്‍ച്വല്‍ എക്സിബിഷനിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സമരാനന്തരം സമരത്തെക്കുറിച്ച് രൂപപ്പെടുത്തപ്പെട്ട പലതരം ആഖ്യാനങ്ങളെ നിരൂപണവിധേയമാക്കുകയും യഥാര്‍ഥ പരിപ്രേക്ഷ്യത്തിലൂടെ അവയെ വിശകലനം നടത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് സമഗ്രമാവുകയുള്ളൂ.  എസ്.ഐ.ഒ കാലാകാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിജ്ഞാന രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. ആധിപത്യ ആശയങ്ങളോടുള്ള വിസമ്മതത്തിലൂടെയും ചരിത്രം, രാഷ്ട്രീയം, ദൈവശാസ്ത്രം, സൗന്ദര്യശാസ്ത്രം തുടങ്ങിയ വിജ്ഞാനങ്ങളുടെ വിമര്‍ശന വായനയിലൂടെയും എസ്.ഐ.ഒ ഉയര്‍ത്തുന്ന വിജ്ഞാന രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയിലാണ് ഈ ഇന്ററാക്റ്റീവ് വെര്‍ച്വല്‍ എക്സിബിഷനെ  അടയാളപ്പെടുത്താനാവുക.
'മാപ്പിള ഹാല്‍' വെര്‍ച്വല്‍ എക്‌സിബിഷന്‍ ലഭ്യമാകുന്നത് മൊബൈല്‍ ആപ്ലിക്കേഷനിലാണ്. മലബാര്‍ സമര ചരിത്രത്തിന്റെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന വീഡിയോകള്‍, പെയിന്റിംഗ്, കാലിഗ്രഫി, ഡിജിറ്റല്‍ ആര്‍ട്ട്, അപൂര്‍വ ചരിത്രരേഖകള്‍, കേരളീയ മുസ്ലിം പോരാട്ട പാരമ്പര്യത്തിന്റെ നാള്‍വഴികള്‍, മലബാര്‍ സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത ആഖ്യാനങ്ങള്‍, ചരിത്ര രചനകള്‍, സമര പോരാളികള്‍, സംഭവവികാസങ്ങള്‍, പോരാട്ട ഭൂമികള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് എക്‌സിബിഷന്‍. അധിനിവേശ ശക്തികള്‍ക്കും ജാതി മേധാവിത്വത്തിനുമെതിരെ നിലകൊണ്ട മലബാറിലെ സുദീര്‍ഘമായ വൈജ്ഞാനിക- സമര പാരമ്പര്യത്തെ ഹാലിളക്കമായും മതഭ്രാന്തായും ചിത്രീകരിച്ച കൊളോണിയല്‍-സവര്‍ണ ആഖ്യാനങ്ങള്‍ക്കുള്ള വിമര്‍ശക ബദല്‍ കൂടിയായി 'മാപ്പിള ഹാല്‍' അടയാളപ്പെടുത്തപ്പെടും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ - 4-6
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹദീസ്‌നിഷേധത്തിന്റെ ഭവിഷ്യത്ത്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌