Prabodhanm Weekly

Pages

Search

2012 മെയ് 5

കടമിടപാട് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങള്‍

ടി.കെ യൂസുഫ്

ജീവിതത്തില്‍ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്തവര്‍ വിരളമായിരിക്കും. ജീവിത ചെലവുകളുടെ ബാഹുല്യവും വരുമാനത്തിന്റെ അപര്യാപ്തതയുമാണ് ജനങ്ങളെ കടം വാങ്ങാന്‍ പ്രേരിപ്പിക്കാറുളളത്. ഒരു വ്യക്തിക്ക് തന്റെ കുടുംബത്തിലും സമൂഹത്തിലും നിര്‍വഹിക്കേണ്ട ചുമതലകളും ഉത്തരവാദിത്തങ്ങളും ഭംഗിയായി നിര്‍വഹിക്കണമെങ്കില്‍ ചിലപ്പോള്‍ കടം വാങ്ങല്‍ അത്യന്താപേക്ഷിതമാകും. ഒരു സത്യവിശ്വാസി കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. കടമിടപാട് നടത്തുന്നവര്‍ക്ക് ദുന്‍യാവിലെ കലഹങ്ങളില്‍ നിന്നും പരലോകത്തെ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാനുതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇസ്ലാം അനുശാസിക്കുന്നത്.
കടം വാങ്ങുന്നത് ഇസ്ലാമില്‍ അനുവദനീയമായ ഒരു കാര്യമാണെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ പറയുന്നു: 'സത്യ വിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ച് കൊണ്ട് നിങ്ങളന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്...... - 2:282). ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തമായി പരിഗണിക്കപ്പെടുന്ന പ്രസ്തുത വചനത്തില്‍ കടമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിശദീകരിക്കുന്നത്. ഹദീസുകള്‍ പരിശോധിച്ചാലും നബി(സ) കടം വാങ്ങുകയും നല്ല നിലയില്‍ അത് തിരിച്ച് നല്‍കുകയും ചെയ്തതായി കാണാനാകും.
അത്യാവശ്യമുളളവര്‍ക്ക് കടം വാങ്ങുന്നത് അനുവദനീയമാണെങ്കിലും തിരിച്ച് നല്‍കാന്‍ കഴിയാത്തവര്‍ക്ക് അത് അനഭിലഷണീയമാണ്. ആഡംബരത്തിനും പൊങ്ങച്ചത്തിനും വേണ്ടി കടം വാങ്ങുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. കടമായി പണം ലഭിക്കാനിടയുണ്ട് എന്നത് കൊണ്ട് മാത്രം ഒരാള്‍ പണം കടമായി വാങ്ങിക്കൊള്ളണമെന്നില്ല. തന്നെയുമല്ല മറ്റു വല്ല മാര്‍ഗവുമുണ്ടെങ്കില്‍ കടം വാങ്ങാതിരിക്കുന്നതാണ് ഉത്തമം. ഒരാള്‍ തന്റെ അത്യാവശ്യത്തിന് വേണ്ടി തിരികെ കൊടുക്കാം എന്ന ഉദ്ദേശ്യത്തോടുകൂടി വല്ലതും വായ്പ വാങ്ങിയാല്‍ അത് വീട്ടാന്‍ അല്ലാഹു അവനെ സഹായിക്കും, ഇനി അവന് അത് വീട്ടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവന്‍ കുറ്റക്കാരനാകുകയില്ല. നബി(സ) പറഞ്ഞു: ആരെങ്കിലും ജനങ്ങളുടെ ധനം, അത് വീട്ടാന്‍ ഉദ്ദേശിച്ച് കൊണ്ട് വാങ്ങിയാല്‍, അല്ലാഹു അത് അവന് വീട്ടി കൊടുക്കും, ആരെങ്കിലും ധനം നശിപ്പിക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് വാങ്ങിയാല്‍ അല്ലാഹു അത് നശിപ്പിക്കും (ബുഖാരി). അതുപോലെ തന്നെ കടം തന്നവന് തിടുക്കമില്ലെങ്കിലും ആ ബാധ്യത സാധ്യമായത്ര വേഗത്തില്‍ കൊടുത്തു തീര്‍ക്കാന്‍ കടം വാങ്ങിയവന്‍ ശ്രമിക്കേണ്ടതാണ്.
ആത്മാര്‍ഥതയുളള ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം കടം വാങ്ങുക എന്നത് അവന്റെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന കാര്യമാണ്. നബി(സ) പറഞ്ഞു: 'നിങ്ങള്‍ നിര്‍ഭയമായ അവസ്ഥക്ക് ശേഷം സ്വമേധയാ ഭയത്തിലകപ്പെടരുത്.' സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണത്? നബി(സ) പറഞ്ഞു: കടം (അഹ്മദ്). മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ഒരു വിശ്വാസിയുടെ മനസ്സ് അവന്റെ മേല്‍ ബാധ്യതയുളള കടവുമായി ബന്ധപ്പെട്ടതാണ് (അഹ്മദ്). തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ) പറഞ്ഞു: 'വിശ്വാസിയുടെ മനസ്സ് അവന്റെ കടവുമായി ബന്ധപ്പെട്ടതാണ്, അത് അവന്‍ വീട്ടുന്നത് വരെ.' കടബാധ്യത തീര്‍ക്കാന്‍ കഴിയാത്തവന്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാകും. നബി(സ) നമസ്കാരത്തില്‍ പാപങ്ങളില്‍ നിന്നും കടബാധ്യതകളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിച്ചിരുന്നു. ഇത് കേട്ട ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്തിനാണ് താങ്കള്‍ കടബാധ്യതയില്‍ നിന്ന് ഇത്രയധികം രക്ഷതേടുന്നത്? അപ്പോള്‍ നബി(സ) പറഞ്ഞു: ഒരാള്‍ കടത്തിലകപ്പെട്ടാല്‍ അവന്‍ സംസാരിക്കുമ്പോള്‍ കളവ് പറയുകയും വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുകയും ചെയ്യും (ബുഖാരി).
കടം വാങ്ങുന്നവരില്‍ രണ്ട് വിഭാഗം ആളുകളെ നമുക്ക് കാണാനാകും. ചിലര്‍ സദാസമയവും കടം വീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരായിരിക്കും. മറ്റുചിലരെ കട ബാധ്യത തീരെ അലട്ടുകയുമില്ല. നബി(സ) പറഞ്ഞു: കടം രണ്ടുതരമുണ്ട്. കടം വീട്ടാന്‍ ഉദ്ദേശിച്ച് കൊണ്ട് ആരെങ്കിലും മരണപ്പെട്ടാല്‍ ഞാന്‍ അവന്റെ രക്ഷാധികാരിയാണ്. കടം വീട്ടാന്‍ ഉദ്ദേശിക്കാതെ ആരെങ്കിലും മരണപ്പെട്ടാല്‍ ദിര്‍ഹമും ദീനാറുമില്ലാത്ത ദിവസം അത് അവന്റെ സല്‍ കര്‍മങ്ങളില്‍ നിന്നും എടുക്കപ്പെടും' (ത്വബറാനി). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായ ഒരാള്‍ സ്വര്‍ഗത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കടബാധ്യത അദ്ദേഹത്തിന് പോലും പൊറുക്കപ്പെടാത്തതാണ്. നബി(സ) പറഞ്ഞു: രക്തസാക്ഷിയുടെ എല്ലാ പാപവും പൊറുക്കപ്പെടും, കടം ഒഴികെ. (മുസ്ലിം)
വായ്പയും കടവും വാങ്ങിയവര്‍ സാധ്യമായത്ര വേഗത്തില്‍ അത് കൊടുത്ത് വീട്ടാന്‍ ശ്രമിക്കണം. പണം കൈയിലുണ്ടായിട്ടും കടം വീട്ടാതെ അമാന്തം കാണിക്കുന്നതും അവധി പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതും അക്രമമാണെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. നബി(സ) പറഞ്ഞു: പണക്കാരന്റെ അവധി നീട്ടിപ്പറയല്‍ അക്രമമാണ് (ബുഖാരി, മുസ്ലിം).
ഒരാള്‍ കടം വാങ്ങുമ്പോഴുളള മനസിലിരിപ്പ് അയാള്‍ക്ക് മാത്രമേ അറിയുകയുളളൂ. കടം വീട്ടാനുളള ഉല്‍ക്കടമായ ആഗ്രഹമുളളവന് അക്കാര്യം അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നബി(സ) പറഞ്ഞു: ഒരാള്‍ കടം വാങ്ങുന്നു, അല്ലാഹുവിനറിയാം അവന്‍ അത് വീട്ടാന്‍ ഉദ്ദേശിക്കുന്നുവെന്ന്. എങ്കില്‍ അല്ലാഹു ദുന്‍യാവില്‍ നിന്ന് തന്നെ അത് വീട്ടി കൊടുക്കും (അഹ്മദ്). മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: ഒരു ദാസന് കടം വീട്ടാനുളള ഉദ്ദേശ്യമുണ്ടെങ്കില്‍ അവന് അല്ലാഹുവില്‍ നിന്നുളള സഹായമുണ്ടാകും (അഹ്മദ്).
ആളുകള്‍ നമ്മുടെ അഭ്യര്‍ഥന മാനിച്ച് നമുക്ക് കടം തരുമ്പോള്‍ സ്വാഭാവികമായും അല്‍പം പ്രയാസം സഹിക്കാനിടയുണ്ട്. അധികപേര്‍ക്കും പ്രസ്തുത പണം കൊണ്ട് വേണമെങ്കില്‍ അല്‍പം ലാഭമുണ്ടാക്കാന്‍ തന്നെ വഴിയുണ്ടാകും. വ്യക്തി ബന്ധമോ പരലോക ചിന്തയോ ആയിരിക്കാം അദ്ദേഹത്തെ കടം തരാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഭൌതിക നേട്ടത്തേക്കാള്‍ പാരത്രിക പുണ്യം പ്രതീക്ഷിച്ച് പരോപകാരം ചെയ്ത വ്യക്തിയുമായുളള ഇടപാട് വൈകിക്കുന്നത് പ്രവാചകന്‍ പഠിപ്പിച്ചത് പോലെ അക്രമം തന്നെയാണ്. അത് കൊണ്ടാണ് നബി(സ) വേഗത്തിലും നല്ലനിലയിലും കടം വീട്ടാന്‍ ആവശ്യപ്പെട്ടത്. നബി(സ) പറഞ്ഞു: 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ എറ്റവും നന്നായി കടം വീട്ടുന്നവനാണ്' (ബുഖാരി).
കടബാധ്യതയുളളവന്‍ അത് വീട്ടുന്നതിന് വേണ്ടി അല്ലാഹുവിനോട് സഹായം തേടേണ്ടതുണ്ട്. അലിയ്യ് ബിന്‍ അബീത്വാലിബിന്റെ അടുക്കല്‍ കടബാധ്യയുളള ഒരാള്‍ വന്ന് സഹായമഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ നിനക്ക് നബി(സ) പഠിപ്പിച്ച ചില വചനങ്ങള്‍ പറഞ്ഞു തരാം- താങ്കള്‍ക്ക് ഥബീര്‍ പര്‍വതത്തിന്റെ അത്രയും കടമുണ്ടെങ്കിലും അത് മൂലം അല്ലാഹു നിനക്കത് വീട്ടിത്തരും. ആ പ്രാര്‍ഥന ഇപ്രകാരമാണ് : അല്ലാഹുമ്മക്ഫിനീ ബിഹലാലിക അന്‍ ഹറാമിക വഅഗ്നിനീ ബി ഫള്ലിക അമ്മന്‍ സിവാക. അര്‍ഥം: അല്ലാഹുവേ, ഹലാലായത് കൊണ്ട് എനിക്ക് നീ മതിവരുത്തേണമേ. മറ്റുളളവരിലേക്ക് ആവശ്യമാവാത്ത വിധം നിന്റെ ഔദാര്യം കൊണ്ട് എന്നെ നീ ധന്യനാക്കുകയും ചെയ്യേണമേ.
കടം എഴുതിവെക്കാന്‍ പലരും വിമുഖത കാണിക്കാറുണ്ടെങ്കിലും അത് എത്ര ചെറുതാണെങ്കിലും എഴുതി വെക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. അല്ലാഹു പറയുന്നു: 'ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തിവെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വകമായതും സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും. നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുളളതും' (2:282). കടമിടപാടുകളും വസിയ്യത്തും രണ്ടുദിവസത്തേക്കാണെങ്കിലും എഴുതിവെക്കണമെന്നാണ് ഹദീസുകള്‍ വ്യക്തമാക്കുന്നത്.
കടം വാങ്ങുന്നത് പ്രോത്സാഹജനകമല്ലെങ്കിലും കടം കൊടുക്കുക എന്നത് ഇസ്ലാമില്‍ വളരെ പ്രതിഫലാര്‍ഹമായ ഒരു സല്‍കര്‍മമാണ്. നബി(സ) പറഞ്ഞു: ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന് രണ്ട് പ്രാവശ്യം കടം കൊടുത്താല്‍ അതില്‍ ഒന്ന് സദഖയായി പരിഗണിക്കും (ഇബ്നുമാജ). ജീവിതത്തില്‍ ഏത് രംഗത്താണെങ്കിലും പ്രയാസപ്പെടുന്നവനെ സഹായിക്കുന്നത് പുണ്യകരമാണ്. നബി(സ) പറഞ്ഞു: ആരെങ്കിലും ഒരു പ്രയാസപ്പെടുന്നവന് എളുപ്പമാക്കിക്കൊടുത്താല്‍ അല്ലാഹു അവന് ദുന്‍യാവിലും ആഖിറത്തിലും എളുപ്പം നല്‍കും (മുസ്ലിം). മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: ആഖിറത്തിലെ ദുരിതത്തില്‍ നിന്ന് അല്ലാഹു ആരെയെങ്കിലും രക്ഷിക്കണമെന്നുണ്ടെങ്കില്‍ അവന്‍ ഒരു വിഷമമനുഭവിക്കുന്നവന് ആശ്വാസം നല്‍കട്ടെ അല്ലെങ്കില്‍ അത് ദൂരീകരിച്ച് കൊടുക്കട്ടെ (മുസ്ലിം). പ്രയാസപ്പെടുന്ന ഒരുവന് ആരെങ്കിലും ഇട നല്‍കുകയോ ഇളവ് നല്‍കുകയോ ചെയ്യുകയാണെങ്കില്‍ പരലോകത്ത് വെച്ച് മറ്റൊരു തണലും ലഭ്യമല്ലാത്ത ദിവസം അല്ലാഹു അവന് തണലിട്ട് കൊടുക്കും (മുസ്ലിം). ബുഖാരി റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്: 'നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരില്‍ ഒരാളുടെ ആത്മാവിനെ മലക്കുകള്‍ പിടികൂടുകയും വല്ല നന്മയും ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഞാന്‍ എന്റെ ചെറുപ്പക്കാരോട് പ്രയാസപ്പെടുന്നവന് വിട്ട് വീഴ്ച നല്‍കാനും ഇട നല്‍കാനും കല്‍പിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ വിമോചനത്തിന് കാരണമായിത്തീര്‍ന്നു.'
കടം കൊടുക്കുന്നത് ദാനം ചെയ്യുന്നത് പോലെ അല്ലെങ്കില്‍ അതിലേറെ പുണ്യമുളള കാര്യമാണ്. നബി(സ) പറഞ്ഞു: ഇസ്രാഇന്റെ രാത്രിയില്‍ ഞാന്‍ സ്വര്‍ഗ വാതിലില്‍ ഇപ്രകാരം എഴുതി വെച്ചതായി കണ്ടു. ദാനധര്‍മത്തിന് പത്തിരട്ടിയുണ്ട്, കടം കൊടുക്കുന്നതിന് പതിനെട്ട് ഇരട്ടിയുമുണ്ട്. ഞാന്‍ ചോദിച്ചു: അല്ലയോ ജിബ്രീല്‍, കടം എന്ത്കൊണ്ടാണ് ദാനത്തേക്കാള്‍ ഉല്‍കൃഷ്ടമായത്.? ജിബ്രീല്‍ പറഞ്ഞു: ദാനം ചിലപ്പോള്‍ ഉളളവന് ലഭിക്കും. എന്നാല്‍ കടം ചോദിക്കുന്നവന്‍ ആവശ്യമുണ്ടാകുമ്പോഴല്ലാതെ കടം ചോദിക്കുകയില്ല (ശുഅബുല്‍ ഈമാന്‍).

tkyoosuf@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം