Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 17

3231

1443 ജമാദുല്‍ അവ്വല്‍ 12

ഇസ്‌ലാമിന്റെ വേദവിശ്വാസം

അബൂയാസിര്‍

എല്ലാ ദൈവദൂതന്മാരെയും ദൈവിക വേദങ്ങളെയും ഇസ്‌ലാം അംഗീകരിക്കുന്നു. ആ ഒരു പാരസ്പര്യം മുസ്‌ലിംകളും ഇതര വൈദിക മതങ്ങളും തമ്മിലുണ്ട്. സൗഹൃദ വേദികളില്‍ മുസ്‌ലിംകള്‍ അതു തുറന്നു പറഞ്ഞു പ്രകടിപ്പിക്കാറുമുണ്ട്. അത്തരം വേദികളില്‍ ഇതര വേദക്കാരും മമതയും സൗഹൃദവും പ്രകടിപ്പിക്കുന്നു. മുസ്‌ലിംകള്‍ അത് വിലമതിക്കാറുമുണ്ട്. സാമുദായിക സഹകരണവും ഐക്യവും നിലനിര്‍ത്താന്‍ അത് വളരെ ആവശ്യവുമാകുന്നു. സൗഹൃദവും സഹകരണവും മറ്റു വൈദിക മതങ്ങളും ഇസ്‌ലാമും തമ്മിലുള്ള വൈജാത്യങ്ങളെയും വൈരുധ്യങ്ങളെയും നിഷേധിക്കുന്നില്ല. എല്ലാവരുടെയും ആദര്‍ശവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭാഗധേയവും ഒന്നാണെന്ന് നുണപറയേണ്ട കാര്യവുമില്ല. ആ നുണയെ സാധൂകരിക്കാന്‍ പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടിവരും. നുണയില്‍ കെട്ടിപ്പടുക്കുന്നതൊന്നും നിലനില്‍ക്കാനും പോകുന്നില്ല. സഹകരിക്കുകയും സഹവര്‍ത്തിക്കുകയും ചെയ്യുമ്പോഴും മുസ്‌ലിംകള്‍ക്ക് അവരുടെ ദീനിലും മറ്റു വേദവാഹകര്‍ക്കു അവരുടെ ദീനുകളിലും ഉറച്ചു നില്‍ക്കാം. 'നിങ്ങള്‍ക്കു നിങ്ങളുടെ ദീന്‍ എനിക്കെന്റെ ദീന്‍' (ലകും ദീനുകും വലിയ ദീന്‍) എന്നതാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന നിലപാട്. കപടവിശ്വാസികളക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ''അവര്‍ സത്യം നിഷേധിച്ചതുപോലെ നിങ്ങളും നിഷേധിക്കുകയും അങ്ങനെ നിങ്ങള്‍ അവര്‍ക്ക് തുല്യരാവുകയും ചെയ്‌തെങ്കില്‍ എന്ന് മോഹിക്കുകയാണവര്‍'' (4:89). ആദര്‍ശ വിശ്വാസങ്ങള്‍ തള്ളിക്കളഞ്ഞ് സത്യത്തില്‍ മായം ചേര്‍ത്ത് പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ചു പറഞ്ഞു: ''യാഥാര്‍ഥ്യങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് വഴങ്ങിപ്പോകരുത്. നീ മയപ്പെടുത്തിയാല്‍ തങ്ങള്‍ക്കും മയപ്പെടുത്താം എന്നാണ് അവരാഗ്രഹിക്കുന്നത്'' (68: 8,9).
മുസ്‌ലിംകള്‍ പൂര്‍വവേദങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുന്നത് ആത്മാര്‍ഥമായിട്ടാണ്. അത് സ്വന്തം വിശ്വാസത്തിന്റെ ഭാഗമാണ്. ഖുര്‍ആനിന്റെ കല്‍പനയാണ് (2: 285). ഇതാണോ ഖുര്‍ആനിനോടും അന്ത്യപ്രവാചകനോടുമുള്ള ഇതര വേദക്കാരുടെ സമീപനം? അവരുടെ ദൃഷ്ടിയില്‍ സത്യത്തില്‍ മുഹമ്മദ് (സ) വ്യാജനും ഖുര്‍ആന്‍ അയാള്‍ കെട്ടിച്ചമച്ച ശ്ലോകങ്ങളുമാണ്. അവര്‍ സൗഹൃദവേദികളില്‍ പറയുന്നത് സൗഹൃദത്തിന്റെ വാക്കുകളാണ്. അവിടെ പറയേണ്ടത് അതു തന്നെയാണുതാനും. ആദര്‍ശ സിദ്ധാന്തങ്ങളും അതിന്റെ ശരിയായ വ്യാഖ്യാനവും വിശദീകരിക്കുക അതതു പ്രസ്ഥാനത്തിന്റെ, മതത്തിന്റെ അനുയായികളുടെ വേദികളിലാണ്. അതെന്താണെന്ന് ക്ഷേത്രങ്ങളില്‍നിന്നും ചര്‍ച്ചുകളില്‍നിന്നും സിനഗോഗുകളില്‍നിന്നും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഏതെങ്കിലും ക്ഷേത്രത്തില്‍, ചര്‍ച്ചില്‍ മുഹമ്മദ് (സ) അന്ത്യപ്രവാചകനാണെന്നും വിശുദ്ധ ഖുര്‍ആന്‍ അന്തിമ വേദമാണെന്നും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടോ? ഒരിക്കലും ഉണ്ടാവില്ല. അതേസമയം മൂസായും ഈസായും ദൈവദൂതന്മാരായ പുണ്യാത്മാക്കളാണെന്നു പ്രസംഗിക്കുകയും അതു കേള്‍ക്കുന്ന ഭക്തജനങ്ങള്‍ അവര്‍ക്ക് 'അലൈഹിമുസ്സലാം' എന്ന് ശാന്തി നേരുകയും ചെയ്യാത്ത ഏതെങ്കിലും മുസ്‌ലിം പള്ളിയുണ്ടോ? ഉണ്ടാവില്ല. ഇസ്‌ലാമിനും ഇതര വേദങ്ങള്‍ക്കുമിടയിലുള്ള ഈ മഹാവിടവ് ഗീതയിലും ബൈബിളിലും ഖുര്‍ആനിലുമുള്ള ഏതാനും സമാന വചനങ്ങള്‍ കൊണ്ട് നികത്താമെന്നു വിചാരിക്കുന്നത് വ്യാമോഹമാണ്. അത്തരം ചില തത്ത്വങ്ങള്‍ മതേതര നാസ്തിക ദര്‍ശനങ്ങളിലും കണ്ടേക്കും. അതുകൊണ്ട് അവയെല്ലാം ഒന്നാകുന്നില്ല. ''അന്ധനും കാഴ്ചയുള്ളവനും തുല്യരല്ല. ഇരുട്ടുകളും വെളിച്ചവും തുല്യമല്ല'' (ഖുര്‍ആന്‍ 35: 19,20).
ഒന്നോര്‍ത്തു നോക്കുക: ഇസ്‌ലാമേതര വൈദിക മതവിഭാഗങ്ങള്‍ മുസ്‌ലിംകളോടു പറയുകയാണ്: നിങ്ങള്‍ ഞങ്ങളുടെ വേദത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെ വേദത്തെയും പ്രവാചകനെയും തള്ളിക്കളയുകയാണ്. ഞങ്ങളുടെ വേദത്തിലും പ്രവാചകന്മാരിലും മാത്രം വിശ്വസിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ക്കു മോക്ഷം പ്രാപിക്കാമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. അതായത് നിങ്ങളുടെ വേദത്തെയും പ്രവാചകനെയും നിഷേധിച്ചുകൊണ്ടും സ്വര്‍ഗം നേടാം. എങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ നിഷേധിക്കുന്ന, നിങ്ങളുടെ വേദത്തെയും പ്രവാചകനെയും വലിച്ചെറിഞ്ഞ് നിങ്ങളും ഞങ്ങളും അംഗീകരിക്കുന്ന വേദങ്ങളിലേക്കും പ്രവാചകന്മാരിലേക്കും വരിക. നമുക്കൊരുമിച്ച് സ്വര്‍ഗം പൂകാമല്ലോ! എന്തായിരിക്കും മോക്ഷവിതരണക്കാരുടെ പ്രതികരണം? ഒരുപക്ഷേ, പറഞ്ഞേക്കാം; ഞങ്ങള്‍ സംസാരിക്കുന്നത് മുഹമ്മദ് നബിയിലും ഖുര്‍ആനിലും കൂടി വിശ്വസിക്കുന്ന വേദക്കാരെക്കുറിച്ചാണ്; നിഷേധിക്കുന്നവരെക്കുറിച്ചല്ല. അന്ത്യ പ്രവാചകനെയും ഖുര്‍ആനിനെയും മൗലിക സത്യങ്ങളായി അംഗീകരിക്കുന്ന ഇസ്‌ലാമേതര വൈദിക മതങ്ങള്‍ ഏതാണ്? എവിടെയാണുള്ളത്? ഒന്നു കാണിച്ചുതരാമോ? ഈ കുറിപ്പ് സംസാരിക്കുന്നത് നമുക്കു ചുറ്റും സംഭവ യാഥാര്‍ഥ്യമായി കാണപ്പെടുന്ന വേദക്കാരെ കുറിച്ചാണ്. താങ്കള്‍ പറയുന്ന തരത്തിലുള്ള വൈദിക സമൂഹം യാഥാര്‍ഥ്യലോകത്ത് ഉണ്ടെങ്കില്‍ അത് മുസ്‌ലിം സമൂഹം തന്നെയാണ്. സങ്കല്‍പത്തില്‍ മാത്രം നിലനില്‍ക്കുന്ന ആദിമ വിശുദ്ധസമൂഹങ്ങളെ സൃഷ്ടിച്ച് മോക്ഷം വിധിച്ചിട്ട് എന്തു കാര്യം?

നന്മതിന്മകളും പാരത്രിക പ്രതിഫലവും
''നന്മയുടെ പ്രതിഫലം നന്മയല്ലാതുണ്ടോ?'' (55:60), ''അണുഅളവ് നന്മ ചെയ്യുന്നവന്‍ അതനുഭവിക്കും. അണുഅളവ് തിന്മ ചെയ്യുന്നവന്‍ അതും അനുഭവിക്കും'' (101: 6-9). ''ആരുടെ നന്മയുടെ തട്ട് ഭാരം തൂങ്ങിയോ അവന്‍ സംപ്രീത ജീവിതം പ്രാപിക്കുന്നു. ആരുടെ തിന്മയുടെ തട്ട് ഭാരം തൂങ്ങിയോ അവന്റെ വാസസ്ഥലം മഹാനരകമാകുന്നു'' (99:7,8). നന്മ ചെയ്യുന്ന എല്ലാവര്‍ക്കും സ്വര്‍ഗം വാഗ്ദാനം ചെയ്യുകയാണീ ഖുര്‍ആന്‍ വചനങ്ങള്‍. അതുകൊണ്ട് എല്ലാ സല്‍ക്കര്‍മികള്‍ക്കും സ്വര്‍ഗം ലഭിക്കും. ഈ അര്‍ഥകല്‍പന നിരുപാധികം സ്വീകരിച്ചാല്‍ നല്ലവരായ നിര്‍മതരും നാസ്തികരുമെല്ലാം മോക്ഷം പ്രാപിക്കേണ്ടതാണ്. പക്ഷേ, വേദം, ദൈവം, പരലോകം തുടങ്ങിയവയില്‍ വിശ്വാസമുള്ളവര്‍ക്കേ മോക്ഷം ലഭിക്കൂ എന്ന് മോക്ഷ സിദ്ധാന്തം തന്നെ പറയുന്നുണ്ടല്ലോ. സല്‍ക്കര്‍മികളുടെ മോക്ഷപ്രാപ്തിക്ക് ചില ഉപാധികളുണ്ട് എന്നര്‍ഥം.
സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങള്‍ക്കൊത്ത കര്‍മമാണല്ലോ സല്‍കര്‍മം- നന്മ. ഈ മൂല്യങ്ങളുടെയൊക്കെ താത്ത്വികമായ ചര്‍ച്ച ആഴമേറിയ കടലാണ്. അതിലേക്കിറങ്ങി മുങ്ങാന്‍ ഇവിടെ അവസരമില്ല. സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ലളിതമായ ചില കാര്യങ്ങളോര്‍ക്കാം. നന്മക്ക് പല അവസ്ഥകളുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും മതത്തിന്റെയുമൊക്കെ എല്ലാ നന്മകളും ഒന്നല്ല. വ്യക്തിപരമായ നന്മക്കുവേണ്ടി ചെയ്യുന്ന ചിലത് സമൂഹത്തിന് നന്മയാകണമെന്നില്ല. അത്തരം നന്മകളുടെ ഫലം വ്യക്തിക്ക് അനുഭവിക്കാം. സമൂഹം അതനുഭവിക്കുന്നില്ല. പ്രതിഫലം നല്‍കുന്നുമില്ല. സമൂഹത്തിന്റെ ഗുണത്തിനു വേണ്ടി ചെയ്ത നന്മകള്‍ക്കു പ്രതിഫലം നല്‍കാനേ സമൂഹത്തിനു ബാധ്യതയുള്ളൂ. രാജ്യം പ്രതിഫലം നല്‍കുന്നത് രാജ്യത്തിനു വേണ്ടി ചെയ്ത നന്മകള്‍ക്കായിരിക്കും. തിന്മയുടെ കാര്യവും ഇതുതന്നെ. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് നല്ല കാര്യമാണ്. അതിന്റെ വിശപ്പാറുക എന്ന ഗുണം അയാള്‍ക്കു കിട്ടുകയും ചെയ്യും. എന്നാല്‍ അതിന്റെ പേരില്‍, ഞാനൊരു സല്‍ക്കര്‍മം ചെയ്തിരിക്കുന്നു. സമൂഹം അല്ലെങ്കില്‍ സര്‍ക്കാര്‍ അതിനു പ്രതിഫലം നല്‍കണം എന്നു വാദിച്ചാല്‍ അത് ഭ്രാന്തായിട്ടേ ആളുകള്‍ കാണൂ. കര്‍മങ്ങള്‍ക്കു പ്രതിഫലം നല്‍കേണ്ടത് അത് ആവശ്യപ്പെട്ടവരും അനുഭവിക്കുന്നവരുമാണ്. അവരോട് പ്രതിഫലം ചോദിക്കാനേ കര്‍ത്താവിനവകാശമുള്ളൂ. അല്ലാഹു ആവശ്യപ്പെട്ടതനുസരിച്ച് അനുഷ്ഠിച്ച കര്‍മങ്ങള്‍ക്ക് അവന്‍ പ്രതിഫലം തരും. സ്വന്തം ഇഷ്ടം മാത്രം പരിഗണിച്ച് ചെയ്ത കര്‍മത്തിന് അവനോട് പ്രതിഫലം ചോദിക്കാന്‍ ന്യായമില്ല.
കര്‍മഫലം രണ്ടു തരമുണ്ട്: കര്‍മം ചെയ്യുന്നവര്‍ക്ക് കാര്യകാരണ വ്യവസ്ഥയനുസരിച്ച് ഈ ലോകത്ത് ലഭിക്കുന്നതാണ് ഒന്ന്. ഇത് ശിഷ്ട-ദുഷ്ടഭേദമില്ലാതെ എല്ലാവര്‍ക്കും ലഭിക്കുന്നു. കാര്യകാരണ നിയമവും കാര്യവും അല്ലാഹു തന്നെ വിധിച്ചതാണ്. കാര്യവും കാരണവും അവന്‍ ചിലപ്പോള്‍ ചിലര്‍ക്ക് എളുപ്പമാക്കിക്കൊടുക്കുന്നു. ഈ വിശ്വാസമാണ് ഭൗതിക കാര്യങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനടിസ്ഥാനം. കര്‍ത്താവ് ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ പോലും ഭൗതിക കര്‍മങ്ങള്‍ക്കുള്ള ഭൗതിക ഫലം ലഭിച്ചുകൊണ്ടിരിക്കും. അത് അവന്‍ ശിഷ്ട-ദുഷ്ട ഭേദമില്ലാതെ എല്ലാവരെയും അനുഗ്രഹിക്കുന്നവന്‍ (റഹ്മാന്‍) ആയിരിക്കുന്നതിന്റെ താല്‍പര്യമാകുന്നു.
രണ്ടാമത്തേത് പരലോകത്ത് ലഭിക്കുന്ന കര്‍മഫലമാണ്. പരലോകവും അതിലെ കര്‍മഫല വിതരണവും അതിന്റെ ഗണവും ഗുണവുമൊക്കെ അതിഭൗതിക കാര്യങ്ങളാണ്. അവന്‍ വേദത്തിലൂടെ വെളിപ്പെടുത്തിയതിലപ്പുറമൊന്നും അതേപ്പറ്റി നമുക്കു മനസ്സിലാക്കാനാവില്ല. വേദത്തിലൂടെ പേര്‍ത്തും പേര്‍ത്തും വെളിപ്പെടുത്തിയിട്ടുള്ളത് ഇതാണ്: ഈ ലോകത്ത് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ച് അവന്‍ ആവശ്യപ്പെട്ട കര്‍മങ്ങള്‍ ആവശ്യപ്പെട്ട ക്രമത്തില്‍ ചെയ്തവര്‍ക്ക് പരലോകത്ത് പാപമോക്ഷവും നിത്യസ്വര്‍ഗവുമുണ്ട്. അവരവിടെ ദുഃഖിക്കാനോ ഭയപ്പെടാനോ ഇടയാകുന്നില്ല. നിത്യശാന്തിയും ആനന്ദവും അനുഭവിക്കുന്നു. ''അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് പാരത്രിക വിഭവം കണക്കില്ലാതെ നല്‍കുന്നു'' (24:38). ''സജ്ജനങ്ങളുടെ കര്‍മഫലമായി ഒരുക്കിവെക്കപ്പെട്ട വെളിപ്പെടുത്താത്ത നയനാഭിരാമമായ സമ്മാനങ്ങള്‍ എന്തൊക്കെയെന്ന് ഒരാളും അറിയുന്നില്ല'' (32:17). അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാത്ത സത്യനിഷേധികള്‍ക്കുള്ളത് പീഡനങ്ങള്‍ നിറഞ്ഞ നിത്യനരകമാണെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു താക്കീതു ചെയ്തിരിക്കുന്നു. ദൈവത്തിന്റെ താക്കീത് ചെവിക്കൊള്ളാത്തവര്‍ അതിന്റെ ഫലമനുഭവിക്കുക സ്വാഭാവികം. അല്ലാഹുവിനെയും പരലോകത്തെയും നിഷേധിക്കുന്നവരും പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടാവാം. അതൊന്നും പക്ഷേ അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചുകൊണ്ടോ അവന്‍ കല്‍പിച്ചതനുസരിച്ചോ ചെയ്തതല്ല. അതുകൊണ്ട് പരലോകത്ത് അതിന് യാതൊരു മൂല്യവുമില്ല. ''അവരോടു പറയുക: കര്‍മത്താല്‍ ഏറ്റം പരാജിതരാകുന്നവരാരെന്നു പറഞ്ഞുതരട്ടെയോ? ഭൗതിക ജീവിതത്തിലെ പരിശ്രമങ്ങളില്‍ പിഴച്ചുപോവുകയും അതേസമയം തങ്ങള്‍ ചെയ്യുന്നതൊക്കെയും നന്മയെന്നു ഭാവിക്കുകയും ചെയ്യുന്നവരത്രെ അത്. അവരത്രെ വിധാതാവിന്റെ സൂക്തങ്ങളെയും ഒരുനാള്‍ അവന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമെന്ന സത്യത്തെയും നിഷേധിച്ചു തള്ളിയവര്‍. അതിനാല്‍ അവരുടെ കര്‍മങ്ങളൊക്കെയും പാഴായിപ്പോയി. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവക്ക് യാതൊരു തൂക്കവും കല്‍പിക്കുന്നതല്ല'' (18:103-105). ''സത്യനിഷേധികളായവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ കാനല്‍ പോലെയാകുന്നു. ദാഹാര്‍ത്തന്‍ അതു വെള്ളമെന്നു മോഹിച്ചു. അങ്ങോട്ടോടി ചെന്നാലോ ഒന്നും കാണില്ല'' (24:39).
നന്മയുടെ പ്രതിഫലം നന്മ തന്നെ എന്ന തത്വത്തിന് വിരുദ്ധമായ അനീതിയല്ലേ അവിശ്വാസികളുടെ സല്‍ക്കര്‍മങ്ങള്‍ക്ക് പ്രതിഫലം നിഷേധിക്കുന്നത് എന്നൊരു ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. അല്ലാഹുവിങ്കല്‍ 'നന്മ' എന്താണ് എന്ന് മുകളില്‍ വ്യക്തമാക്കിക്കഴിഞ്ഞു. അല്ലാഹു പരലോകത്ത് പ്രതിഫലം നല്‍കുന്നത് അവന്‍ നിര്‍ദേശിച്ച നന്മകള്‍ക്കാണ്. അതല്ലാത്ത കര്‍മങ്ങള്‍ മനുഷ്യര്‍ നന്മകളെന്നു കരുതി ചെയ്യുന്നതാണ്. അവ പരലോകത്ത് പ്രതിഫലാര്‍ഹമല്ല. അതു പറ്റില്ല, ഞങ്ങള്‍ക്കു സല്‍ക്കര്‍മങ്ങളെന്നു തോന്നുന്ന കാര്യങ്ങളെയും അല്ലാഹു നന്മകളായി സ്വീകരിക്കുകയും പ്രതിഫലം നല്‍കുകയും വേണമെന്ന് കല്‍പിക്കാന്‍ അറിവും അര്‍ഹതയുമുള്ളതാര്‍ക്കാണ്? ഭൗതിക മനുഷ്യര്‍ക്ക് അജ്ഞേയമായ പരലോകത്ത് അല്ലാഹു നടത്തുന്ന അഭൗതിക വ്യവഹാരങ്ങളാണ് വിചാരണയും രക്ഷാശിക്ഷകളും. ഇഹലോകത്തെക്കുറിച്ചു തന്നെ അല്‍പജ്ഞനായ മനുഷ്യന്‍ പാരത്രിക വ്യവഹാരങ്ങളിലിടപെട്ട് അല്ലാഹുവിനെ വിധിക്കാനൊരുമ്പെടുന്നതിനെക്കുറിച്ച് എന്തു പറയാന്‍!
അല്ലാഹു ഭൗതിക ലോകത്ത് എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന കര്‍മഫലം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ''ക്ഷണിക (ഭൗതിക) ഫലം മാത്രം ഉദ്ദേശിച്ച് കര്‍മം ചെയ്യുന്നവര്‍ക്ക് നാം അത് ക്ഷണത്തില്‍ (ഈ ലോകത്തും തന്നെ) നല്‍കുന്നു'' (17:18). ''പരലോകവിജയം കാംക്ഷിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി പ്രയത്‌നിക്കേണ്ടവിധം പ്രയത്‌നിക്കുകയും ചെയ്യുന്നവരുടെ പ്രയത്‌നമത്രെ അല്ലാഹുവിങ്കല്‍ വിലമതിക്കപ്പെടുന്നത്'' (17:19). അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നത് ചുറ്റുമുള്ളവരോടു സമരസപ്പെടല്‍, സമ്പത്താര്‍ജിക്കാന്‍, സ്ഥാനമാനങ്ങള്‍ നേടാന്‍, അധികാരം ലഭിക്കാന്‍, ജനസമ്മതിയാര്‍ജിക്കാന്‍, ഇതൊന്നുമല്ലെങ്കില്‍ ക്ഷണികമായ രസത്തിനുവേണ്ടി ഒക്കെ ആയിരിക്കും. ഈ നേട്ടങ്ങളൊക്കെ ഭൗതിക ജീവിതത്തില്‍ തന്നെ അവരാസ്വദിക്കുകയും ചെയ്യുന്നു. പരലോകത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടില്ല. പരലോകത്ത് പ്രതിഫലം ലഭിക്കുന്നുമില്ല. വിചാരണാ നാളില്‍ അല്ലാഹു ഇക്കാര്യം അവരെ ഉണര്‍ത്തുന്നുണ്ട്: ''സത്യനിഷേധികള്‍ നരകകവാടത്തില്‍ ഹാജരാക്കപ്പെടുമ്പോള്‍ പറയും: നിങ്ങളുടെ സൗഭാഗ്യങ്ങള്‍ ഭൗതിക ജീവിതത്തില്‍ തന്നെ മുടിച്ചു കളഞ്ഞു. അതിന്റെ സുഖം നിങ്ങള്‍ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഭൂമിയില്‍ അനുവര്‍ത്തിച്ച അന്യായമായ അഹന്തയുടെയും ധിക്കാരത്തിന്റെയും ഫലമായി ഇനി നിങ്ങള്‍ക്കു ലഭിക്കാനുള്ളത് ഹീനമായ ശിക്ഷയാകുന്നു'' (46:20). ഈ ആശയം പ്രവാചകന്‍ ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: 'കര്‍മമൂല്യം ഉദ്ദേശ്യമനുസരിച്ചാകുന്നു. ഒരുവന്‍ അല്ലാഹുവിനും റസൂലിനും വേണ്ടി ഹിജ്‌റ (ദേശത്യാഗം) ചെയ്താല്‍ അയാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. ഒരുവന്‍ കാമുകിയെ പരിണയിക്കാന്‍ ഹിജ്‌റ ചെയ്താല്‍ അയാളുടെ ഹിജ്‌റ അവള്‍ക്കുവേണ്ടിയുള്ളതാണ്.' അല്ലാഹുവിനും റസൂലിനും വേണ്ടി - ആദര്‍ശപ്രേരിതനായി- ഹിജ്‌റ ചെയ്തവനേ മുഹാജിറിന്റെ പുണ്യം ലഭിക്കൂ, കാമുകിക്കു വേണ്ടി ഹിജ്‌റ ചെയ്തവന് കാമുകിയെ പ്രാപിക്കുക എന്ന ഭൗതികഫലം മാത്രമേ ലഭിക്കൂ എന്നു സാരം.
'അവിശ്വാസികളുടെ നന്മകള്‍ക്ക് പാരത്രിക പ്രതിഫലമില്ലെങ്കില്‍ അവരെ തിന്മകളുടെ പേരില്‍ ശിക്ഷിക്കുന്നതിനെന്തു ന്യായം' എന്നാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരു വലിയ ചോദ്യം. മനുഷ്യജീവിതം സംബന്ധിച്ച ഖുര്‍ആന്റെ സിദ്ധാന്തം പരിഗണിക്കുമ്പോള്‍ ഈ ചോദ്യം തികച്ചും അപ്രസക്തവും വിഡ്ഢിത്തവുമാണെന്നു കാണാം. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍ (2:30). പ്രതിനിധിയുടെ ദൗത്യം പ്രതിനിധീകരിക്കപ്പെടുന്നവന്‍ ഏല്‍പിച്ച ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണമാണ്. മനുഷ്യനെ അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്തം -അമാനത്ത്- ബോധപൂര്‍വം അവന്റെ വിധിവിലക്കുകള്‍ അനുസരിച്ചു വാഴുക എന്നതാണ്. അതാണ് ഇബാദത്ത്. അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ വേണ്ടി മാത്രമാണ് അവന്‍ മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചിട്ടുള്ളത് (51:56). അവന്‍ കല്‍പിച്ച കര്‍മങ്ങള്‍ കല്‍പിച്ചതുപോലെ അനുഷ്ഠിക്കുകയും നിരോധിച്ചവ വര്‍ജിക്കുകയും എല്ലാ ജീവിത വ്യവഹാരങ്ങളിലും അവന്നു വഴിപ്പെടുകയുമാണ് ഇബാദത്ത്. ഇതുതന്നെയാണ് ഇസ്‌ലാമും. ഇബാദത്ത് ചെയ്യല്‍ സല്‍ക്കര്‍മവും പുണ്യവുമാണെങ്കില്‍ ഇബാദത്ത് ചെയ്യാതിരിക്കല്‍ കുഫ്‌റും കുറ്റകരവുമാണ്. കൂടുതല്‍ ഗൗരവമേറിയ കുറ്റമാണ് അല്ലാഹു ഇല്ലെന്നോ ഇബാദത്തിനര്‍ഹനല്ലെന്നോ ഉള്ള നിലപാട്. അല്ലാഹുവിങ്കല്‍ നന്മയായതിന് അവന്‍ സല്‍ഫലം നല്‍കുന്നതുപോലെ തിന്മയായതിന് ശിക്ഷയും നല്‍കുന്നു. മനുഷ്യന്‍ നന്മയെന്ന് വിധിക്കുന്നതിനൊക്കെ പ്രതിഫലവും നിങ്ങള്‍ അഭിപ്രായപ്പെടുന്നതനുസരിച്ച തിന്മ ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ അഭിപ്രായം മാനിച്ച് ശിക്ഷയും വിധിക്കാനിരിക്കുകയല്ല അല്ലാഹു. രക്ഷാശിക്ഷകള്‍ക്ക് അവങ്കല്‍ വ്യക്തമായ മാനദണ്ഡമുണ്ട്. അതനുസരിച്ചായിരിക്കും അവന്റെ വിധിതീര്‍പ്പുകള്‍. അവന്‍ അര്‍ഥശങ്കക്കിടയില്ലാതെ പ്രസ്താവിക്കുന്നു: ''നിങ്ങളുടെ നാഥന്‍ അരുള്‍ ചെയ്തിരിക്കുന്നു: നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കുവിന്‍. ഞാന്‍ ഉത്തരം നല്‍കാം. എന്നെ വഴിപ്പെടുന്നതില്‍ അഹങ്കരിച്ചു പിന്തിരിയുന്നവര്‍ തീര്‍ച്ചയായും നികൃഷ്ടരായി നരകത്തില്‍ പതിക്കുന്നതാകുന്നു'' (40:60). ''എന്നാല്‍ അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വിമുഖരായി അഹങ്കരിച്ചവരെ അവന്‍ കൊടൂരമായി ശിക്ഷിക്കുന്നതാകുന്നു'' (4:173). ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള അനീതിയല്ല, നീതിയാണ്. ''ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം നീതിയുടെ ത്രാസുകള്‍ സ്ഥാപിക്കുന്നു. അന്ന് ഒരു വ്യക്തിയും അല്‍പം പോലും അനീതിക്കിരയാകുന്നതല്ല'' (21:47).

നന്മയുടെ മാനദണ്ഡം ഖുര്‍ആന്‍
അല്ലാഹുവിങ്കല്‍ നന്മയും നീതിയും എന്താണെന്ന് അവന്‍ വിശദീകരിച്ചുതരുന്നതാണ് ഖുര്‍ആന്‍. ''ഈ വേദം (ഖുര്‍ആന്‍) വിധാതാവിങ്കല്‍നിന്നുള്ള ധര്‍മസരണിയത്രെ. ഉദ്‌ബോധനം ഉള്‍ക്കൊള്ളാന്‍ സന്നദ്ധതയുള്ളവര്‍ക്കുവേണ്ടി നാം ഈ ധര്‍മസൂക്തങ്ങള്‍ വിശദീകരിച്ചുതന്നിരിക്കുന്നു. അവര്‍ക്കുള്ളതാകുന്നു വിധാതാവിങ്കലുള്ള ശാന്തിനികേതനം; അവരനുഷ്ഠിച്ച കര്‍മങ്ങള്‍ക്കു പ്രതിഫലമായിട്ട്. അവന്‍ തന്നെയാകുന്നു അവരുടെ രക്ഷകന്‍'' (6: 126-127). ''ഈ വിധം നാം ധര്‍മസൂക്തങ്ങള്‍ വിശദീകരിച്ചുതരുന്നു. ധര്‍മധിക്കാരികളുടെ വഴിതെളിഞ്ഞുകാണുന്നതിനുവേണ്ടി കൂടിയാകുന്നു ഇത്'' (6:55). ഖുര്‍ആന്‍ അനുശാസിക്കുന്ന ധര്‍മങ്ങള്‍-നന്മകള്‍ സാക്ഷാത്കരിക്കേണ്ടതെങ്ങനെ എന്നു വിശദീകരിക്കാനും പ്രായോഗിക മാതൃകയാകാനും അല്ലാഹു പ്രവാചകനെ ചുമതലപ്പെടുത്തിയിരുന്നു. ''നാം ഈ പാഠം (ഖുര്‍ആന്‍) നിനക്ക് (മുഹമ്മദ് നബിക്ക്) അവതരിപ്പിച്ചുതന്നിട്ടുള്ളത്, ജനങ്ങള്‍ക്കുവേണ്ടി അവതീര്‍ണമായത് നീ അവര്‍ക്കു വിശദീകരിച്ചുകൊടുക്കാനാകുന്നു'' (16:44). ''ജനം ഭിന്നിച്ച വിഷയങ്ങളില്‍ നീ വിശദീകരണം നല്‍കുന്നതിനുവേണ്ടി തന്നെയാകുന്നു നാം ഈ വേദം നിനക്കവതരിപ്പിച്ചുതന്നിരിക്കുന്നത്'' (16:64). പ്രവാചക ജീവിതം ഖുര്‍ആനിന്റെ പ്രായോഗിക വ്യാഖ്യാനമാകുന്നു. ''പ്രവാചക ജീവിതത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിശിഷ്ട മാതൃകയുണ്ട്'' (33:21). 'പ്രവാചകന്റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു'വെന്ന് പ്രവാചകപത്‌നി ആഇശ (റ) പ്രസ്താവിക്കുകയുണ്ടായി.
ഖുര്‍ആനിന്റെ, ദൈവനിയുക്തനായ ആധികാരിക വ്യാഖ്യാതാവും പ്രയോക്താവുമാണ് പ്രവാചകന്‍. അദ്ദേഹത്തിന്റെ വിശദീകരണങ്ങളും കര്‍മമാതൃകകളും പരിഗണിച്ചുവേണം ഖുര്‍ആനിക തത്ത്വങ്ങളും നിയമങ്ങളും നിര്‍ധാരണം ചെയ്യാന്‍. പ്രവാചക ജീവിതത്തെ അവഗണിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വായന യഥാര്‍ഥ ഖുര്‍ആന്‍ വായനയാവില്ല; സ്വന്തം വീക്ഷണങ്ങളുടെ വായനയേ ആകൂ. ഈ യാഥാര്‍ഥ്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കാന്‍ പ്രവാചകന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു: ''പ്രവാചകന്‍ ജനത്തോടു പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരേണം. അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും'' (3:31). ''ദൈവദൂതനെ അനുസരിച്ചവര്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു' (4:80). ''എന്നെ പിന്തുടരുവിന്‍. എന്റെ ഉപദേശങ്ങളനുസരിക്കുവിന്‍'' (30:90). ''അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാനല്ലാതെ ഒറ്റ പ്രവാചകനെയും നാം അയച്ചിട്ടില്ല'' (4:64). ''ഞാനീ കാണിച്ചുതരുന്നതാണ് എന്റെ ഋജുവായ മാര്‍ഗം. നിങ്ങള്‍ അത് പിന്തുടരുവിന്‍. ഇതര മാര്‍ഗങ്ങള്‍ പിന്തുടരാതിരിക്കുവിന്‍. അവ നിങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിച്ച് ശിഥിലരാക്കുന്നതാകുന്നു'' (6:153). ഈദൃശ വിശുദ്ധ വചനങ്ങള്‍ ഇനിയുമുണ്ടേറെ.
മനുഷ്യര്‍ക്ക് പിന്‍പറ്റാന്‍ ദൈവം ധാരാളം വേദങ്ങള്‍ നല്‍കിയിരിക്കുന്നു. കൂട്ടത്തില്‍ ഒരു ചോയ്‌സ് കൂടി ഇരിക്കട്ടെ എന്ന നിലക്കല്ല അല്ലാഹു അന്ത്യപ്രവാചകന് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്; പ്രത്യുത അനിഷേധ്യമായ വിശ്വാസ സത്യങ്ങളും അലംഘനീയമായ ജീവിത നിയമങ്ങളുമായിട്ടാകുന്നു. ഈ വിശ്വാസ സത്യങ്ങളും ജീവിതനിയമങ്ങളും ചേര്‍ന്നതാണ് അദ്ദീന്‍- ദൈവികമതം. ആദര്‍ശ വിശ്വാസങ്ങള്‍ പരിവര്‍ത്തനാതീതമാണ്. ശരീഅത്തില്‍ ചില മാറ്റങ്ങളുണ്ടായി. മാറ്റങ്ങളുടെ കാരണം ഖുര്‍ആന്‍ വിശദീകരിക്കുന്നില്ല. വേദം ലഭിച്ചവരുടെ സ്വഭാവമായിരുന്നുവെന്ന് 4:160 സൂക്തം സൂചിപ്പിക്കുന്നുണ്ട്. അതിലപ്പുറം അല്ലാഹുവിന്റെ വേദത്തില്‍ അവന്‍ വരുത്തിയ മാറ്റങ്ങളെ മനുഷ്യര്‍ വിധിക്കേണ്ടതില്ല. അവരവര്‍ക്കു ലഭിച്ച വേദം സ്ഥാപിക്കാനാണ് ഓരോ പ്രവാചകനോടും കല്‍പിച്ചിട്ടുള്ളത്. എക്കാലത്തും ആ വേദം തന്നെ സ്ഥാപിക്കണമെന്നല്ല. പിന്നീട് മറ്റൊരു പ്രവാചകനും വേദവും ആഗതമാകുമ്പോള്‍ എല്ലാവരും ആ പ്രവാചകനെയും വേദത്തെയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് എല്ലാ പ്രവാചകന്മാരില്‍നിന്നും അല്ലാഹു പ്രതിജ്ഞ വാങ്ങിയിട്ടുള്ള കാര്യം നേരത്തേ ഉദ്ധരിച്ച 3: 81,82 സൂക്തങ്ങളില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. മുഹമ്മദ് നബി അന്ത്യപ്രവാചകനും ഖുര്‍ആന്‍ അന്തിമവേദവുമായതിനാല്‍ അദ്ദേഹത്തിന്റെ ആഗമനം മുതലുള്ള എല്ലാ മനുഷ്യരും അദ്ദേഹത്തിന്റെ സമുദായ(ഉമ്മത്ത്)വും അദ്ദേഹത്തെയും ഖുര്‍ആനിനെയും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യേണ്ടവരാണ്. പൂര്‍വവേദങ്ങളിലുള്ള വിശ്വാസം അതിനു തടസ്സമാകുന്നില്ല. പൂര്‍വവേദങ്ങളിലും പ്രവാചകന്മാരിലുമുള്ള വിശ്വാസത്തിന്റെ താല്‍പര്യം കൂടിയാണത്. വേദവിശ്വാസികള്‍ എല്ലാ വേദങ്ങളിലും വിശ്വസിക്കണം. നടപ്പിലാക്കേണ്ടത് ഒടുവിലത്തെ വേദത്തിന്റെ ശരീഅത്താണ്. അത് പൂര്‍വവേദങ്ങള്‍ അനുശാസിച്ചിട്ടുള്ളതും അവയുടെ വാഹകരായ പ്രവാചകവര്യന്മാര്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളതുമാണ്. മുസ്‌ലിംകള്‍ എല്ലാ വേദങ്ങളും അംഗീകരിക്കണം, പൂര്‍വവേദക്കാര്‍ ഇസ്‌ലാമിന്റെ വേദം അംഗീകരിക്കേണ്ടതില്ല എന്നല്ല പ്രമാണം. അങ്ങനെയൊരു പ്രമാണമുണ്ടെങ്കിലേ മുഹമ്മദ് നബിയുടെ പ്രവാചകത്വവും ഖുര്‍ആനിന്റെ ദൈവികതയും നിഷേധിക്കുന്ന വേദക്കാര്‍ സത്യവിശ്വാസികളാകൂ. 
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 1-3
ടി.കെ ഉബൈദ്‌

ഹദീസ്‌

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌
വഖ്ഫിന്റെ മഹത്വം