Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 17

3231

1443 ജമാദുല്‍ അവ്വല്‍ 12

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വഖ്ഫിന്റെ സാധ്യതകള്‍

ജമാല്‍ എടയൂര്‍

സമൂഹത്തില്‍ സമ്പത്തിന്റെ  സുഗമമായ വിനിമയം സാധ്യമാക്കുന്നതിനായി പല മാര്‍ഗങ്ങളും ഇസ്‌ലാം മുന്നോട്ടു വെച്ചിട്ടുണ്ട്. നിര്‍ബന്ധ ബാധ്യതയായി ഇസ്‌ലാം നിശ്ചയിച്ച  സകാത്ത് വലിയൊരളവില്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കുന്നു. സകാത്തിനു പുറമെ ഐഛിക ദാനധര്‍മങ്ങളെയും (സ്വദഖ) പ്രോത്സാഹിപ്പിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളും നബിവചനങ്ങളും ധാരാളമാണ്. വീഴ്ചകള്‍ക്കും അപരാധങ്ങള്‍ക്കും പ്രായശ്ചിത്തമായി പലപ്പോഴും ഇസ്‌ലാം നിശ്ചയിക്കുന്നതും ദാനധര്‍മങ്ങളാണ്. വ്യക്തിസംസ്‌കരണത്തോടൊപ്പം സാമൂഹിക ഉന്നമനവും സാധിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഇതിലൂടെ ഇസ്‌ലാം മുന്നില്‍ കാണുന്നത്.
ഇസ്‌ലാമിക സമൂഹത്തിന്റെ വലിയൊരു സവിശേഷത തന്നെ അത് ഉദ്്‌ഘോഷിക്കുന്ന സാഹോദര്യവും സമത്വവും പരസ്പര സഹകരണവും സ്‌നേഹവും അനുകമ്പയുമാണ്. ഇത് പ്രകടമാകുന്ന വലിയൊരു സാമ്പത്തിക സംവിധാനമാണ് ഇസ്ലാം പരിചയപ്പെടുത്തിയ വഖ്ഫ്.
വിശ്വാസികള്‍ അവരുടെ സമ്പത്തിന്റെ വിഹിതം  മൂലധനം നിലനിര്‍ത്തിക്കൊണ്ട് ഉടമസ്ഥാവകാശം എന്നന്നേക്കുമായി അല്ലാഹുവിനു സമര്‍പ്പിക്കുന്നതിനാണ് വഖ്ഫ് എന്നു പറയുന്നത്. ഐഛിക ദാനധര്‍മങ്ങളില്‍ എന്നെന്നും നിലനില്‍ക്കുന്നതും കൂടുതല്‍ പ്രയോജനപ്രദവും അതിലുപരി വലിയ പ്രതിഫലാര്‍ഹാവുമായ പുണ്യകര്‍മമാണ്  വഖ്ഫ്. ഇസ്‌ലാമിന്റെ നാഗരിക പുരോഗതിയില്‍ പ്രവാചകന്‍ പഠിപ്പിച്ച ഈ സാമ്പത്തിക സേവന സംവിധാനം  സൃഷ്ടിച്ച സ്വാധീനം അത്ഭുതാവഹമായിരുന്നു എന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭമെത്തുമ്പോഴേക്കും ഉസ്മാനിയാ ഖിലാഫത്തിന്റെ മൂന്നില്‍ രണ്ടു  ഭാഗം ഭൂപ്രദേശങ്ങളും വഖ്ഫ് ഭൂമി  ആയി മാറിയിരുന്നു എന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.  അറബ്-ടര്‍ക്കിഷ് ഭാഷകളില്‍ വിവിധ ലൈബ്രറികളിലായി സൂക്ഷിക്കപ്പെടുന്ന ഉസ്മാനീ വഖ്ഫ് രജിസ്റ്റര്‍ ഇന്നും പഠനഗവേഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് വാള്‍സ്ട്രീറ്റ്  സമരം (OWS) ശക്തമായപ്പോള്‍ അമേരിക്കയിലെ  പ്രമുഖ പത്രമായ  Wall Street Journal മുന്നോട്ടു വെച്ച പരിഹാര മാര്‍ഗങ്ങളിലൊന്ന് ഇസ്ലാം പരിചയപ്പെടുത്തിയ ഈ സാമ്പത്തിക സംവിധാനമായിരുന്നു. സമ്പന്നരില്‍ കുമിഞ്ഞുകൂടിയ  ധനം സാധാരണക്കാരിലെത്തിക്കാന്‍ വഖ്ഫിലൂടെ സാധിക്കുമെന്ന്, ഉസ്മാനിയാ ഖിലാഫത്തിന്റെ  കീഴിലുണ്ടായിരുന്ന മുപ്പത്തിയ്യായിരത്തിലധികം വരുന്ന വഖ്ഫ് സംരംഭങ്ങളെ ഉദാഹരണമായി ഉദ്ധരിച്ചുകൊണ്ട് സാമ്പത്തിക വിദഗ്ധരായ Charles Landow,  Courtney Lobel എന്നിവര്‍ സമര്‍ഥിക്കുകയുണ്ടായി.
ഇസ്ലാം മുന്നോട്ടു വെച്ച ഈ സാമ്പത്തിക സേവന സംവിധാനത്തെക്കുറിച്ച വ്യത്യസ്തമായ വിലയിരുത്തലുകള്‍ കാണാവുന്നതാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കുന്നതില്‍ വഖ്ഫിനു വലിയ പങ്കു വഹിക്കാനാവും  എന്നത് ദമസ്‌കസിനെ ഉദാഹരിച്ചുകൊണ്ട് ഇബ്‌നുജുബൈര്‍ തന്റെ യാത്രാ വിവരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീശാക്തീകരണത്തിലും വഖ്ഫ് സുപ്രധാന പങ്കു വഹിച്ചതായി  അമേരിക്കന്‍  പ്രഫസര്‍  മേരി ആന്‍ ഫേ വിലയിരുത്തുന്നു. അറബ് മുസ്ലിം സ്ത്രീയെ കുറിച്ച പടിഞ്ഞാറന്‍ വാര്‍പ്പുമാതൃകകളെ തിരുത്തുന്നതാണിവരുടെ നിരീക്ഷണം. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ സ്ത്രീക്ക്  സ്വകാര്യ സ്വത്തവകാശം അനുവദിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് (Married Women's Property Act  1882). എന്നാല്‍ പൗരസ്ത്യ അറബ് മുസ്ലിം സ്ത്രീക്ക് ഈ അവകാശം ആറാം നൂറ്റാണ്ടില്‍ തന്നെ നല്‍കപ്പെട്ടിരുന്നു എന്നു മാത്രമല്ല വഖ്ഫിലൂടെയും മറ്റു ദാനധര്‍മങ്ങളിലൂടെയും ഈ അവകാശം അവര്‍ സ്വതന്ത്രമായും ഫലപ്രദമായും സാമൂഹികനന്മക്ക് അനുഗുണമാംവിധം  വിനിയോഗിച്ചതിന്റെ  ധാരാളം അടയാളങ്ങള്‍ ഇന്നും മുസ്ലിം ലോകത്ത് കാണാം. അതിന്റെ  ഉത്തമ മാതൃകയാണ് ലോകത്തെ തന്നെ ആദ്യത്തെ സര്‍വകലാശാലകളിലൊന്നായി കണക്കാക്കപ്പെടുന്ന  ജാമിഅത്തുല്‍ ഖറവിയ്യീന്റെ  സ്ഥാപക ഉമ്മുല്‍ ബനീന്‍ ഫാത്വിമ അല്‍ ഫിഹ്‌രിയ്യയും  സഹോദരി മര്‍യമും.

വഖ്ഫ് വൈജ്ഞാനിക മുന്നേറ്റത്തിന്
ചരിത്രത്തില്‍  വഖ്ഫിന്റെ  വലിയൊരു ഭാഗവും വിനിയോഗിക്കപ്പെട്ടത് വിദ്യാഭ്യാസ മേഖലയിലായിരുന്നു. ഇസ്‌ലാമിക നാഗരികതയുടെ അഭിമാന സ്തംഭങ്ങളായ ജാമിഉം (പള്ളി) ജാമിഅയും (സര്‍വകലാശാല) മുസ്ലിം നഗരങ്ങളിലുടനീളം വ്യാപിക്കുന്നതില്‍ വഖ്ഫിന്റെ സ്വാധീനം വളരെ വലുതാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉറവിടങ്ങളെ കുറിച്ച അന്വേഷണങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് വഖ്ഫിലേക്കാണ്. ഇസ്‌ലാമിക നാഗരികത വൈജ്ഞാനിക അഭിവൃദ്ധിയുടെ ഉത്തുംഗതയില്‍ വിരാജിക്കുമ്പോള്‍ അതിന് വെള്ളവും വളവും നല്‍കിയത് വഖ്ഫ് സംരംഭങ്ങളായിരുന്നു എന്ന് ചരിത്രം. അതുകൊണ്ടാണ് വഖ്ഫ് രേഖകളിലൂടെയല്ലാതെ    മധ്യകാലഘട്ടത്തിലെ മുസ്ലിം ലോകത്തെ  വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ച പഠനം അസാധ്യമാണ്  എന്ന വിലയിരുത്തലിലേക്ക്  ജോര്‍ജ് മക്ദിസിയെ എത്തിച്ചത്. മാത്രവുമല്ല 'The Rise of Colleges' എന്ന തന്റെ ഗ്രന്ഥത്തിലെ ഒരധ്യായം തന്നെ അദ്ദേഹം വഖ്ഫിനെ പരിചയപ്പെടുത്താനായി നീക്കിവെച്ചിരിക്കുന്നു.
മുസ്ലിം ലോകത്ത് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം രൂപപ്പെട്ടു വന്നത് പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു. വിവിധ മദ്ഹബുകളും വ്യത്യസ്ത വിജ്ഞാനീയങ്ങളും പഠിപ്പിക്കുന്നതിനു വലിയ തോതില്‍തന്നെ വഖ്ഫ് ചെയ്യപ്പെട്ട ധാരാളം പള്ളികള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. ദമസ്‌കസിലെ അല്‍ ജാമിഉല്‍  അമവിയും ബഗ്ദാദിലെ ജാമി അല്‍ മന്‍സൂറും  ഇസ്തംബൂളിലെ മസ്ജിദ് സുലൈമാനിയ്യയും കയ്‌റോയിലെ ജാമിഉല്‍ അതീഖും വലിയ വൈജ്ഞാനിക കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ദമസ്‌കസിലെ മസ്ജിദ് ഇമാം അബൂ ഹനീഫയുടെ വഖ്ഫില്‍നിന്നുള്ള വാര്‍ഷിക വരുമാനം എണ്‍പതിനായിരം ദീനാറായിരുന്നു  എന്ന് ചരിത്രരേഖകളില്‍ കാണാം. അധ്യാപകര്‍ക്ക് ശമ്പളം, വിദ്യാര്‍ഥികള്‍ക്ക് ഫെല്ലോഷിപ്പ്, പള്ളിയുടെ ദൈനംദിന ചെലവുകള്‍ എന്നിവയെല്ലാം വഖ്ഫ് വരുമാനത്തിലൂടെയാണ് നടന്നുപോന്നിരുന്നത്.
വിദ്യാഭ്യാസ പുരോഗതിയുടെ മറ്റൊരു സുപ്രധാന ഘട്ടമായിരുന്നു മദ്‌റസകള്‍. ഹിജ്‌റ മൂന്നാം  നൂറ്റാണ്ട് മുതല്‍ തന്നെ  മുസ്ലിം ലോകത്ത് മദ്‌റസകള്‍ സ്ഥാപിക്കപ്പെട്ടിരുന്നെങ്കിലും  അഞ്ചാം നൂറ്റാണ്ടില്‍ സല്‍ജൂഖി ഭരണത്തിനു കീഴില്‍ മന്ത്രിയായിരുന്ന നിസാമുല്‍ മുല്‍ക് (മരണം ഹി: 485) ആവിഷകരിച്ച നിസാമിയാ മദ്‌റസാ പ്രസ്ഥാനത്തിലൂടെയാണ് വ്യവസ്ഥാപിത മദ്‌റസകള്‍ മുസ്ലിം നഗരങ്ങളില്‍ വ്യാപകമാവുന്നത്. ബഗ്ദാദ്, നൈസാബൂര്‍, ത്വൂസ്, ഇസ്ഫഹാന്‍, ഖുറാസാന്‍, ബല്‍ഖ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം മദ്‌റസകള്‍ സ്ഥാപിതമായി. ഈ മദ്‌റസകളുടെ വരുമാനത്തിനായി ഇറാഖിനകത്തും പുറത്തും ധാരാളം വഖ്ഫ് സംരംഭങ്ങളുണ്ടായിരുന്നു. മംലൂകീ ഭരണത്തിനു കീഴില്‍ ഈജിപ്തിലും ബിലാദുശ്ശാമിലും സ്ഥാപിതമായ മദ്‌റസകളുടെയും വരുമാനമാര്‍ഗം വഖ്ഫായിരുന്നു. ഇവയില്‍ പല മദ്‌റസകളുടെയും ബജറ്റ് ജോര്‍ജ് മക്ദീസി ഉദ്ധരിക്കുന്നുണ്ട്. ഹി: 631-ല്‍ സ്ഥാപിതമായ മദ്‌റസ അല്‍ മുസ്തന്‍സ്വിരിയ്യയുടെ വഖ്ഫ് വാര്‍ഷിക വരുമാനം ഒമ്പതു ലക്ഷം വരുമെന്ന് ഇമാം ദഹബി രേഖപ്പെടുത്തുന്നു.
ലോകത്ത് ആദ്യമായി സര്‍വകലാശാല എന്ന കാഴ്ചപ്പാട് രൂപപ്പെടുന്നതും വഖ്ഫില്‍നിന്നാണ്. ലോകത്തെ തന്നെ ആദ്യ യൂനിവേഴ്‌സിറ്റിയായി അറിയപ്പെടുന്ന  മൊറോക്കോയിലെ ജാമിഅത്തുല്‍ ഖറവിയ്യീന്‍ (ക്രി:859/ഹി:245) സ്ഥാപിതമാകുന്നത് ഫാത്വിമ അല്‍ ഫിഹ്‌രിയ്യ എന്ന മഹത് വനിതയുടെ വഖ്ഫിലൂടെയായിരുന്നു. പിതാവിന്റെ മരണശേഷം അനന്തരമായി ലഭിച്ച സമ്പത്ത് അവര്‍ ഇതിനായി മാറ്റിെവച്ചു.  തുടക്കം മുതല്‍ നോമ്പെടുത്തുകൊണ്ട് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍  തന്നെ നേതൃത്വം നല്‍കി.  ഇബ്‌നുഖല്‍ദൂന്‍, ലിസാനുദ്ദീന്‍ ബിന്‍ ഖത്വീബ് തുടങ്ങിയ  ധാരാളം പണ്ഡിതര്‍  ഈ സര്‍വകലാശാലയുടെ സന്തതികളാണ്. ക്രി. 972-ല്‍ ഫാത്വിമികള്‍  സ്ഥാപിച്ച  ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ വരുമാന മാര്‍ഗവും വഖ്ഫായിരുന്നു.
മുസ്ലിം സ്‌പെയിനിന്റെ  വൈജ്ഞാനിക വളര്‍ച്ചക്ക്  പ്രേരണയും പ്രോത്സാഹനവുമായി വര്‍ത്തിച്ചതും വഖ്ഫായിരുന്നു. ലോകത്തിന്റെ  വ്യത്യസ്ത ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാന വിരുന്നൂട്ടാന്‍ സഹായകമായത് മുസ്ലിം സമൂഹവും ഭരണാധികാരികളും വഖ്ഫില്‍ കാണിച്ച പ്രത്യേക താല്‍പര്യമായിരുന്നു. 
ഇന്ത്യയില്‍ അലീഗഢ്  മുസ്ലിം യൂനിവേഴ്‌സിറ്റി,  ജാമിഅ ഹംദര്‍ദ് തുടങ്ങിയ  ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയൊരു ഭാഗവും വഖ്ഫാണ് എന്നതാണ് വസ്തുത.
   
വഖ്ഫ് ആരോഗ്യ മേഖലയില്‍

 ഇസ്‌ലാമിക നാഗരികതയുടെ മറ്റൊരു മേന്മ  മികവുറ്റ സജ്ജീകരണങ്ങളോടുകൂടിയ  ആശുപത്രികളായിരുന്നു. മരുന്നും ചികിത്സയും താമസവുമടക്കം എല്ലാം ഇവിടെ സൗജന്യമായിരുന്നു. വംശദേശ ഭാഷാ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും ഇതിന്റെ ഗുണഭോക്താക്കളായി. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളില്‍നിന്നുള്ള വൈദ്യ വിദ്യാര്‍ഥികള്‍ക്ക്  അവലംബമായിരുന്ന ഈ ആശുപത്രികള്‍ നിലനിന്നതും വഖ്ഫിന്റെ വരുമാനത്തിലൂടെയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായി ആശുപത്രി സ്ഥാപിച്ചത് ഉമവീ ഖലീഫ വലീദു ബ്‌നു അബ്ദുല്‍ മലിക് (ഹി: 86-96) ആയിരുന്നു. കുഷ്ഠരോഗികളെ യാചനയില്‍നിന്ന് മോചിപ്പിക്കുന്നതിനും  അന്ധര്‍ക്ക് സഹായികളെ നിശ്ചയിക്കുന്നതിനുമെല്ലാം അദ്ദേഹം വഖ്ഫ് സംരംഭങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുരിശു കടന്നാക്രമണത്തെ ചെറുത്തുതോല്‍പിച്ച ഇമാദുദീന്‍ സന്‍കിയുടെയും മകന്‍ നൂറുദ്ദീന്‍ സന്‍കിയുടെയും തുടര്‍ന്ന് വന്ന സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയും കാലഘട്ടത്തിലാണ് മുസ്ലിം ലോകത്ത് വൈദ്യമേഖലയില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുന്നത്. ദമസ്‌കസില്‍ നൂറുദ്ദീന്‍ സന്‍കി സ്ഥാപിച്ച വിശാലമായ ലൈബ്രറിയോടു കൂടിയ  ബീമാരിസ്താന്‍ അന്നൂരിയും ബഗ്ദാദിലെ ബീമാരിസ്താന്‍ അല്‍ അളുദിയും കൈറോയില്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ സ്ഥാപിച്ച  ബീമാരിസ്താന്‍ അല്‍ മന്‍സൂരിയും ചരിത്രത്തില്‍ പ്രസിദ്ധമാണ്. ഈ ആശുപത്രികളുടെ  ദൈനംദിന ചെലവുകള്‍ക്കായി വലിയ ഭൂപ്രദേശങ്ങള്‍ തന്നെ വഖ്ഫായി വകയിരുത്തപ്പെട്ടിരുന്നു. ധനികരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇവിടങ്ങളില്‍ ചികിത്സ ലഭ്യമായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണാര്‍ഥമുള്ള  പ്രത്യേക ആശുപത്രികളും  ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. ഇവയുടെയെല്ലാം നിര്‍മാണവും നിലനില്‍പും വഖ്ഫിനെ ആശ്രയിച്ചായിരുന്നു.
ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വഖ്ഫ് എന്ന ഈ പ്രവാചകചര്യയെ പുനരുജ്ജീവിപ്പിച്ചാല്‍, വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ-ജനസേവന മേഖലയിലും പുതിയൊരു ബദല്‍ സമര്‍പ്പിക്കാന്‍ മുസ്ലിം സമൂഹത്തിനു സാധിക്കും. മാത്രവുമല്ല രാഷ്ട്രത്തിന്റെ പുരോഗതിയില്‍ ക്രിയാത്മകമായി ഇടപെടാനും മുസ്ലിം സമൂഹത്തിനു കഴിയും.  ഇതിനൊരു ഉത്തമ മാതൃകയാണ് ദല്‍ഹിയിലെ ഹംദര്‍ദ് യൂനിവേഴ്‌സിറ്റി. ഹകീം ഹാഫിസ് അബ്ദുല്‍ ഹമീദ് എന്ന ഭിഷഗ്വരനും വിദ്യാഭ്യാസ വിചക്ഷണനുമായ മഹാ മനീഷിയുടെ ഹംദര്‍ദ് ലബോറട്ടറി എന്ന വഖ്ഫ് വ്യവസായ സംരംഭത്തില്‍നിന്നാണ് സാംസ്‌കാരിക സ്ഥാപനമായ ഗാലിബ് അക്കാദമിയും മജീദിയ്യാ മെഡിക്കല്‍ കോളേജുമടങ്ങുന്ന വലിയ വിദ്യാഭ്യാസ സമുച്ചയം ഉയര്‍ന്നുവന്നത്. ഹരിയാന വഖ്ഫ് ബോര്‍ഡ് സ്ഥാപിച്ച മേവാത്ത് എഞ്ചിനീയറിംഗ് കോളേജും ഈ മേഖലയിലെ പുതിയ ഉദാഹരണങ്ങളാണ്.   
വഖ്ഫിനാല്‍ സ്ഥാപിതമായ ധാരാളം വിദ്യാഭ്യാസ സംരംഭങ്ങള്‍ കേരളക്കരയിലുമുണ്ട്. എന്നാല്‍ ദൈനംദിന ചെലവുകള്‍ക്കായി അവ ഇന്നും പിരിവിനെയും റിസീവര്‍മാരെയുമാണ് ആശ്രയിക്കുന്നത്. മുസ്ലിം സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍  ഈ അവസ്ഥ മാറി വഖ്ഫ് പ്രോജക്ടുകളിലൂടെ  തന്നെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയും. തന്നെയുമല്ല വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച ആധുനിക അന്വേഷണങ്ങള്‍ക്ക്   പ്രായോഗികമായ പുതിയൊരു  ബദല്‍ സമര്‍പ്പിക്കാനും നമുക്ക് കഴിയും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 1-3
ടി.കെ ഉബൈദ്‌

ഹദീസ്‌

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌
വഖ്ഫിന്റെ മഹത്വം