Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 17

3231

1443 ജമാദുല്‍ അവ്വല്‍ 12

വഖ്ഫ് മുസ്‌ലിം സമൂഹത്തിന്റെ ഭാഗധേയം മാറ്റിയെഴുതിയ ദീനീസംരംഭം

സിദ്ദീഖ് നദ്‌വി ചേരൂര്‍

ഇസ്‌ലാമിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പ്രധാന നിദര്‍ശനങ്ങളിലൊന്നാണ് ധനവിതരണത്തില്‍ ഇസ്‌ലാം സ്വീകരിക്കുന്ന ശുഷ്‌കാന്തിയും സുതാര്യതയും. ധനസമ്പാദനത്തിന് പരിധി നിശ്ചയിക്കാത്ത ഇസ്‌ലാം പക്ഷേ, അതിന്റെ വഴി ന്യായവും മാന്യവും അനുവദനീയവുമായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.
അതുപോലെ പ്രധാനമാണ് ആ ധനം വിനിമയം ചെയ്യുന്ന വഴികളും. ഈ സമ്പാദനവും വിനിമയവും പരലോക വിചാരണയിലെ പ്രധാന ചോദ്യങ്ങളില്‍ പെട്ടതാണ്. അവക്ക് കൃത്യമായ മറുപടി നല്‍കിയാലേ അവിടെ നിന്നനില്‍പ്പില്‍നിന്ന് അടിമക്ക് കാല്‍ അനക്കാന്‍ പറ്റൂ എന്ന മുന്നറിയിപ്പും തിരുനബി നല്‍കുന്നുണ്ട് (തിര്‍മിദി: 2417).
ഇങ്ങനെ ധനം വ്യയം ചെയ്യുന്നതില്‍ നിര്‍ബന്ധ ബാധ്യതകള്‍ക്കു പുറമെ ഐഛികമായി നിര്‍വഹിക്കാന്‍ ഇസ്‌ലാം പ്രോത്സാഹിപ്പിച്ച പല മേഖലകളുമുണ്ട്. സ്വദഖ (ഐഛിക ദാനം), ഹിബ (സമ്മാനം), നേര്‍ച്ച, വസ്വിയ്യത്ത് (വില്‍പത്രം), വഖ്ഫ് (Endowment) തുടങ്ങി പല വഴികളിലൂടെ ധനം മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഒരു വഴിയും സ്വീകരിക്കാതെ ഭദ്രമായി സൂക്ഷിച്ചാല്‍ സ്വാഭാവികമായും അവന്റെ മരണത്തോടെ അനന്തരാവകാശികള്‍ നിശ്ചിത അളവില്‍ വീതം വെച്ചെടുക്കുന്ന അനന്തര സ്വത്തായി അവ മാറുന്നു.
വഖ്ഫ് എന്ന അറബി പദത്തിന് നിര്‍ത്തിയിടുക, തടഞ്ഞുവെക്കുക, പിടിച്ചുനിര്‍ത്തുക എന്നൊക്കെയാണ് ഭാഷാപരമായി നല്‍കപ്പെടുന്ന അര്‍ഥങ്ങള്‍.  ഇസ്‌ലാമിലെ സാങ്കേതിക സംജ്ഞ എന്ന നിലയില്‍,  മൂലവസ്തു നിലനിര്‍ത്തി അതിന്റെ ഫലം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഏര്‍പ്പെടുത്തുന്ന രീതിക്കാണ്  വഖ്ഫ് എന്നു പറയുക.  ശാഫിഈ കര്‍മസരണിയനുസരിച്ച്  വസ്തു നഷ്ടപ്പെടാതെ അതിന്റെ ഫലം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സാധനത്തെ അനുവദനീയമായ നിര്‍ണിത മേഖലയില്‍ മാത്രം ഉപയോഗപ്പെടുത്താന്‍ കഴിയുംവിധം പിടിച്ചുനിര്‍ത്തുകയാണ് വഖ്ഫ്.
ഈ നിര്‍വചനമനുസരിച്ച് നാല് ഘടകങ്ങള്‍ പ്രധാനമാണ്: 1) വഖ്ഫ് ചെയ്യുന്ന ആള്‍. 2) ആര്‍ക്കാണോ വഖ്ഫ് ചെയ്യുന്നത് ആ വ്യക്തിയോ വ്യക്തികളോ കേന്ദ്രങ്ങളോ. 3) വഖ്ഫ് ചെയ്യപ്പെടുന്ന വസ്തു. 4) വഖ്ഫ് ഉറപ്പിക്കുന്ന വചനം. ഇവയില്‍ ഓരോ ഘടകവും പ്രത്യേക നിബന്ധനകള്‍ക്കു വിധേയമാണ്. വഖ്ഫ് ചെയ്യുന്ന ആള്‍ അങ്ങനെ നല്‍കാന്‍ കഴിയുംവിധം ആ വസ്തുവില്‍ ഉടമാവകാശവും ക്രയവിക്രയാവകാശവുമുള്ള, പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ആളായിരിക്കണം.
വഖ്ഫ് ചെയ്യുന്നത് നിര്‍ണിത വ്യക്തിക്കാണെങ്കില്‍ അയാള്‍ അന്നേരം തന്നെ അത് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിലയിലായിരിക്കണം. അതിനാല്‍ ഗര്‍ഭസ്ഥ ശിശുവിനോ മറ്റോ വഖ്ഫ് ചെയ്താല്‍ അത് സാധുവാകില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വഖ്ഫ് ചെയ്യപ്പെടുന്ന വസ്തു ഉടനടി ഉപയോഗപ്പെടുത്താനാകുന്ന വിധത്തിലുമാകണം. ഭാവിയില്‍ നിര്‍മിക്കാന്‍ പോകുന്ന കെട്ടിടം ഇപ്പോള്‍ വഖ്ഫ് ചെയ്യാന്‍ പറ്റില്ല.
വഖ്ഫ് ചെയ്യപ്പെടുന്ന വസ്തു മറ്റുള്ളവര്‍ക്ക് ഉടമപ്പെടുത്താന്‍ പറ്റുന്നതും അതിന്റെ മൂലവസ്തു നിലനിര്‍ത്തി ഫലം മാത്രം പ്രയോജനപ്പെടുത്താന്‍ പറ്റുന്നതുമാകണം. ഉപയോഗിച്ചാല്‍ തീര്‍ന്നുപോകുന്ന ഭക്ഷ്യവസ്തുക്കളോ പഴങ്ങളോ വഖ്ഫ് ചെയ്യാവതല്ല. അതേസമയം മരമോ തോട്ടമോ വയലോ വഖ്ഫ് ചെയ്ത് അതിലെ പഴങ്ങളോ കായ്കനികളോ കാര്‍ഷികോല്‍പ്പന്നങ്ങളോ പ്രയോജനപ്പെടുത്താവുന്നതാണ്. വഖ്ഫ് ചെയ്യപ്പെടുന്ന വസ്തുവിന് കാലാവധിയും നിശ്ചയിക്കാവതല്ല. ഒരു വര്‍ഷത്തേക്കെന്നോ ഒരു വര്‍ഷത്തിനു ശേഷമെന്നോ നിബന്ധന വെച്ച് വഖ്ഫ് ചെയ്യാനാവില്ല.
വഖ്ഫ് ക്രയവിക്രയമായതിനാല്‍ ആരാധനാകര്‍മങ്ങള്‍ പോലെ മനസ്സില്‍ കരുതിയാല്‍ പോരാ. തന്റെ ഉദ്ദേശ്യം വ്യക്തമാകുംവിധം സ്പഷ്ടമായോ സൂചനയിലൂടെയോ വിഷയം മൊഴിയേണ്ടതുണ്ട്. ചില പണ്ഡിതര്‍ വഖ്ഫ് ചെയ്തുവെന്ന് തെളിയിക്കുന്ന പ്രവൃത്തിയിലൂടെ ഒരു വസ്തു വഖ്ഫ് സ്വത്തായിത്തീരുമെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇമാം ശാഫിഈ അടക്കമുള്ള പ്രമുഖ പണ്ഡിതര്‍ വാക്കു കൊണ്ടേ അത് സ്ഥിരപ്പെടൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വഖ്ഫ് ചെയ്യപ്പെട്ട വസ്തു വഖ്ഫ് ചെയ്ത ആള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വില്‍ക്കാനോ അനന്തര സ്വത്തായി  എടുക്കാനോ ദാനം ചെയ്യാനോ പറ്റില്ല. മൂലവസ്തു അല്ലാഹുവിന്റെ പേരില്‍ നിക്ഷേപിച്ച് അതിന്റെ ഗുണഫലം അവന്റെ സൃഷ്ടികളില്‍ നിശ്ചിത വിഭാഗത്തിന് ലഭ്യമാക്കുന്ന പ്രക്രിയയാണ് വഖ്ഫ്. എന്നാല്‍ അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ വെക്കാന്‍ വാഖിഫിന് (വഖ്ഫ് ചെയ്യുന്ന ആള്‍) അധികാരമുണ്ട്. അത് പക്ഷേ, മതപരമായി അനുവദിക്കപ്പെട്ട രീതിയിലായിരിക്കണമെന്നു മാത്രം. വാഖിഫിന്റെ ഹിതത്തിനും  ഉദ്ദേശ്യത്തിനും വിരുദ്ധമായ നിലയില്‍ അദ്ദേഹം വഖ്ഫ് ചെയ്ത വസ്തു ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വഖ്ഫിന്റെ ആരംഭം

വഖ്ഫ് സമ്പ്രദായം എപ്പോള്‍ ആരംഭിച്ചുവെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മുസ്‌ലിംകളാണ് ആദ്യമായി വഖ്ഫ് രീതി നടപ്പിലാക്കിയതെന്നും മറ്റുള്ളവര്‍ അത് മാതൃകയാക്കി വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഉസ്മാനിയ ഭരണ കാലത്തെ വഖ്ഫ് രീതികള്‍ കണ്ട് പത്തൊമ്പതാം നൂറ്റാണ്ടില്‍ പാശ്ചാത്യര്‍ അവ പകര്‍ത്തുകയായിരുന്നുവെന്നും അതിന് അവര്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍സ് എന്ന് പേരിട്ട് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ചിലരുടെ അഭിപ്രായം. പിന്നീട് ഖിലാഫത്ത് ക്ഷയിക്കുകയും മുസ്‌ലിംകള്‍ക്കിടയിലെ വഖ്ഫ് സമ്പ്രദായങ്ങള്‍ നാശോന്മുഖമാവുകയും ചെയ്തതോടെ 20 -ാം നൂറ്റാണ്ടില്‍ മുസ് ലിംകള്‍ യൂറോപ്പിലെ വഖ്ഫ് രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നും വാദിക്കപ്പെടുന്നു.
എന്നാല്‍ പൊതുനന്മ ലക്ഷ്യം വെച്ച് കെട്ടിടങ്ങളും വസ്തുവകകളും സ്വത്തുക്കളും നീക്കിവെക്കുന്ന രീതി ഫറോവമാരുടെ കാലത്ത് ഈജിപ്തിലും പുരാതന ഗ്രീക്കിലും പിന്നീട് റോമന്‍ സാമ്രാജ്യത്തിലും നിലവിലുണ്ടായതായി ചരിത്രം വ്യക്തമാക്കുന്നു. പ്രധാനമായും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം  സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നത്. റോമന്‍ സാമ്രാജ്യം ക്രൈസ്തവ മതത്തിനു കീഴിലായ ശേഷം ഇത്തരം വസ്തുക്കളുടെ മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
പുരാതന അറബ് സമൂഹത്തിലും ഇത്തരം രീതികള്‍ കണ്ടെത്തിയിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നേര്‍ച്ചകളും വഴിപാടുകളൂം സൂക്ഷിച്ച് അവയുടെ വരുമാനം ഭക്തര്‍ക്ക് ലഭ്യമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടന്നിരുന്നത്. കഅ്ബയുടെ പുതപ്പ് മാറ്റുക, അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം കൂട്ടായ്മയിലൂടെ നടന്നിരുന്നു. ആദ്യമായി കഅ്ബക്ക് വസ്ത്രം അണിയിക്കുകയും വഖ്ഫ് സ്വത്ത് നിശ്ചയിക്കുകയും ചെയ്തത് അസ്അദ് അബൂ കുറൈബ്  എന്ന ഹിംയര്‍ രാജാവായിരുന്നുവത്രെ. പാശ്ചാത്യ സമൂഹത്തിലും വിവിധ തരത്തില്‍ ഇത്തരം സാമൂഹിക ജന്മം കൊണ്ടു. ഫ്രഞ്ച് അധിനിവേശം വരെ അത് തുടര്‍ന്നു. ആധുനിക കാലഘട്ടത്തില്‍ ജര്‍മനിയില്‍ വഖ്ഫിന് സമാനമായ ധനകാര്യ ഗ്രൂപ്പുകള്‍ അവയുടെ വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുന്നതായി കാണാം (https://awqafshj.gov.ae).

വഖ്ഫ് ഇസ്‌ലാമിക ചരിത്രത്തില്‍

ഇസ്‌ലാമില്‍ വഖ്ഫ് ചെയ്യുന്ന രീതി ഖുര്‍ആന്‍, നബിചര്യ, ഇജ്മാഅ് (മുസ്‌ലിം സമൂഹത്തിന്റെ പൊതു സമ്മതം) മുഖേന പ്രാമാണികമായി സ്ഥിരപ്പെട്ടതാണ്. ഖുര്‍ആന്‍ വഖ്ഫ് എന്ന പേരില്‍ അത് കൃത്യമായി എടുത്തു പറയുന്നില്ലെങ്കിലും ദാനധര്‍മത്തെ വളരെയേറെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഖുര്‍ആന്‍ വചനങ്ങള്‍ കാണാം. അല്ലാഹു ഏല്‍പ്പിച്ചയച്ച ധനത്തില്‍നിന്ന് ദാനം ചെയ്യണമെന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. ധനികര്‍ തങ്ങളുടെ സ്വത്തിന്റെ ആത്യന്തിക ഉടമകളല്ലെന്നും കേവലം ട്രസ്റ്റികള്‍ മാത്രമാണ് അവരെന്നുമാണ് ഖുര്‍ആന്റെ കാഴ്ചപ്പാട് (അല്‍ ഹദീദ് 7).
'നിങ്ങള്‍ക്ക് പ്രിയതരമായത് അല്ലാഹുവിന്റെ വഴിയില്‍ ദാനം ചെയ്താലേ നിങ്ങള്‍ക്ക് യഥാര്‍ഥ പുണ്യം ലഭിക്കുകയുള്ളൂ' എന്ന ആലു ഇംറാന്‍ അധ്യായത്തിലെ 92-ാം സൂക്തം ഇറങ്ങിയപ്പോള്‍ അബൂത്വല്‍ഹ അല്‍ അന്‍സാരിയെന്ന  ധനാഢ്യനായ സ്വഹാബിയുടെ മനസ്സില്‍ ഇരമ്പലുണ്ടായി. തിരുനബിയോട് അദ്ദേഹം ഉണര്‍ത്തി - എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ഈത്തപ്പനത്തോട്ടമാണ് ബൈറുഹാ. ആ തോട്ടം അല്ലാഹുവിന്റെ വഴിയില്‍ അങ്ങക്കിഷ്ടമുള്ള തരത്തില്‍ നീക്കിവെക്കാന്‍ പാകത്തില്‍ ഞാനിതാ ദാനം ചെയ്യുന്നു. ഇതു കേട്ട തിരുനബി സന്തോഷം പ്രകടിപ്പിച്ചു. അതിന്റെ ഗുണഫലങ്ങള്‍ അബൂത്വല്‍ഹയുടെ കുടുംബ ബന്ധുക്കള്‍ക്ക് ലഭ്യമാകുംവിധം അതിനെ നിശ്ചയിച്ചുകൊടുത്തു. ആദ്യകാല വഖ്ഫുകളിലൊന്നായാണ് ഇത് ഗണിക്കപ്പെടുന്നത്.
നബിയുടെ അനുചരന്മാരില്‍ പലരും വിവിധ സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ അധീനത്തിലുള്ള സ്വത്തുക്കള്‍ പലതും നേരിട്ടും പ്രവാചകന്‍ മുഖേനയും വഖ്ഫാക്കി മാറ്റിവെച്ചതിന് ചരിത്രം സാക്ഷിയാണ്. അവയിലൊന്നാണ് ഉമറുല്‍ ഫാറൂഖി(റ)ന്റെ ഖൈബറിലെ സ്ഥലം. ഇതുമായി ബന്ധപ്പെട്ട ഹദീസ് പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളെല്ലാം ഉദ്ധരിക്കുന്നുണ്ടെന്ന് മാത്രമല്ല, വഖ്ഫ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസ് എന്ന നിലയില്‍ അത് അറിയപ്പെടുകയും ചെയ്യുന്നു. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ഉദ്ധരിച്ച വചനപ്രകാരം ഉമറുല്‍ ഫാറൂഖിന് ഖൈബറില്‍ ഒരു ഭൂമി ലഭിച്ചു. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു അത്. ഉടനെ അദ്ദേഹം തിരുസന്നിധിയില്‍ ചെന്ന് ഈ സ്ഥലം എന്തു ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു.
തിരുനബി പറഞ്ഞു: 'ഉമറിന് ഇഷ്ടമാണെങ്കില്‍ അതിന്റെ മൂലവസ്തു സംരക്ഷിച്ചുകൊണ്ട് അതിന്റെ ഫലം ദാനമായി നല്‍കാം. ആ മൂലവസ്തു വില്‍ക്കുകയോ ദാനം ചെയ്യുകയോ അനന്തര സ്വത്തായി എടുക്കുകയോ ചെയ്യാത്ത വിധം. അതിന്റെ ഫലവും പഴവര്‍ഗങ്ങളും സാധുക്കള്‍ക്കും കുടുംബ ബന്ധുക്കള്‍ക്കും യാത്രക്കാര്‍ക്കും അടിമമോചനത്തിനും അതിഥികള്‍ക്കും മറ്റുമായി ചെലവഴിക്കാം. അതിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് ന്യായമായ രീതിയില്‍ അതില്‍നിന്ന് ഭക്ഷിക്കുകയും സംഭരിച്ചുവെക്കാതെ ഭക്ഷിപ്പിക്കുകയും ചെയ്യാം.' തുടര്‍ന്ന് ഈ മൗലിക തത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള വഖ്ഫ് സമ്പ്രദായം വ്യാപകമായി.

വഖ്ഫിന്റെ അനന്ത സാധ്യതകള്‍

വേറെയും  ഹദീസുകളില്‍ വഖ്ഫ് സംബന്ധമായി മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്.  അവ കൂടി ഉള്‍പ്പെടുത്തി പത്ത് കാര്യങ്ങളാക്കി ഇമാം സുയൂത്വി പദ്യരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത്തരം കര്‍മമേഖലകളെ എണ്ണിത്തിട്ടപ്പെടുത്തുന്നതില്‍ കാര്യമില്ല. മനുഷ്യര്‍ക്കോ ജന്തുക്കള്‍ക്കോ ജീവികള്‍ക്കോ പറവകള്‍ക്കോ ആര്‍ക്കും പ്രയോജനപ്പെടുന്ന ഏത് കാര്യങ്ങളും ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ പുണ്യകരവും പ്രതിഫലാര്‍ഹവുമാണല്ലോ. അതിനാല്‍ അത്തരം മേഖലകളിലെല്ലാം വഖ്ഫിന്റെ സാധ്യതയും വിസ്തൃതമായി കിടക്കുന്നു.
മസ്ജിദുകള്‍, ഖുര്‍ആന്‍ മനന- പഠന-ഗവേഷണ-വിതരണ കേന്ദ്രങ്ങള്‍, മതപാഠശാലകള്‍, ഹജ്ജ് - ഉംറകള്‍ തുടങ്ങിയ തീര്‍ഥാടനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സൗകര്യങ്ങള്‍, വൈജ്ഞാനിക രംഗത്തുള്ളവര്‍ക്ക് ഉപകാരപ്രദമായ സഹായ കേന്ദ്രങ്ങള്‍, മതപ്രബോധന-പ്രചാരണ-പ്രതിരോധ കേന്ദ്രങ്ങള്‍, ഇവയിലെ പരിശീലന കേന്ദ്രങ്ങള്‍, പൊതു വിദ്യാലയങ്ങള്‍, ഗ്രന്ഥശാലകള്‍, പ്രിന്റിംഗ് പ്രസ്സുകള്‍, പ്രസാധന കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ആശുപത്രികള്‍, യാത്രക്കാരുടെ സത്രങ്ങള്‍ (മുസാഫിര്‍ ഖാനകള്‍), തോട്ടങ്ങള്‍, ആംബുലന്‍സുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, പാലങ്ങള്‍, കിണറുകള്‍ - തടാകങ്ങള്‍ - കായലുകള്‍ - കനാലുകള്‍ തുടങ്ങിയ ജലവിതരണ പദ്ധതികള്‍, വൈദ്യുതി ഉല്‍പ്പാദന-വിതരണ കേന്ദ്രങ്ങള്‍, അനാഥ - അഗതി - വിധവകള്‍- വൃദ്ധന്മാര്‍ തുടങ്ങിയ അശരണര്‍ക്ക് അഭയവും ആശ്വാസവും ലഭിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങി മനുഷ്യന് ഉപകാരപ്പെടുന്നതെന്തും വഖ്ഫിന്റെ സാധ്യതാ മേഖലയില്‍ വരും. ഇതില്‍ ഏത് മേഖല തെരഞ്ഞെടുക്കണമെന്നത് ഓരോ വാഖിഫിന്റെയും ഇഷ്ടമാണ്. അവ നോക്കി നടത്തുന്നവര്‍ വാഖിഫിന്റെ താല്‍പ്പര്യത്തിനനുസൃതമായി അവയെ കൈകാര്യം ചെയ്യണമെന്നു മാത്രം. ഇവയൊന്നും കേവലം സാങ്കല്‍പ്പിക പട്ടികകള്‍ അല്ല. പ്രവാചക കാലഘട്ടം മുതല്‍ തുടങ്ങി മുസ്‌ലിം ഭരണത്തിന്റെ സുവര്‍ണ കാലങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളില്‍ ഇവയില്‍ പലതിനു വേണ്ടിയും വലിയ തോതില്‍ വഖ്ഫ് നടന്നിരുന്നു. 
ഇസ്‌ലാമിന്റെ ആദ്യകാലത്ത് മറ്റു കാര്യങ്ങളിലെന്ന പോലെ വഖ്ഫും പരിമിതമായ വൃത്തങ്ങളില്‍ ഒതുങ്ങിയിരുന്നു. മസ്ജിദ്, തോട്ടങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാന വഖ്ഫ് സംരംഭങ്ങള്‍. ഉമവീ ഭരണകാലത്ത്  ഭരണം വിസ്തൃതി നേടുകയും സേവന മേഖലകള്‍ വിശാലമാവുകയും ചെയ്തതോടെ വഖ്ഫിന് ഭരണത്തില്‍ പ്രത്യേക കാര്യാലയം നിലവില്‍വരികയും നീതിന്യായ വിഭാഗത്തിന്റെ പരിരക്ഷ അതിന് ഉറപ്പു വരുത്തുകയും ചെയ്തു.
അബ്ബാസീ ഭരണകാലത്ത് ഇതിന് അസാധാരണ വളര്‍ച്ചയും വികാസവും ഉണ്ടായി. വഖ്ഫ് സ്വത്തുക്കളുടെ വരുമാനത്തില്‍ ആതുരാലയങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, പരിഭാഷാ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങിയവ നടന്നുവന്നു. വഖ്ഫ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ 'സ്വദ്‌റുല്‍ വുഖൂഫ്' എന്ന പേരില്‍ ഉദ്യോഗസ്ഥനെ നിയമിച്ചു. മംലൂക്കികളുടെ ഭരണകാലത്ത് വഖ്ഫ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപരിച്ചു.  മൂന്ന് വിഭാഗങ്ങളാക്കി അത് പുനഃസംവിധാനിക്കപ്പെട്ടു. പള്ളികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു ദീവാന്‍, ഇരു ഹറമുകളുടെ കാര്യങ്ങള്‍ക്കായി ഒരു ദീവാന്‍, ബന്ധുജനങ്ങള്‍ക്ക് വേണ്ടിയുള്ള വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ മറ്റൊരു ദീവാന്‍. ഉസ്മാനീ ഭരണകാലത്ത് വഖ്ഫ് മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍, മറ്റു ചികിത്സാ സംവിധാനങ്ങള്‍, അക്കാലത്തെ പുരോഗതിക്കൊത്ത വൈജ്ഞാനിക കേന്ദ്രങ്ങള്‍ മുതലായവ നിലവില്‍വന്നു.

വഖ്ഫിന്റെ പ്രയോക്താക്കള്‍

വഖ്ഫ് പൊതുവെ രണ്ട് വിധമായി ഗണിക്കപ്പെടുന്നു: ഒന്ന്, നല്ല സാമ്പത്തിക ശേഷിയുള്ള ഒരാള്‍ സ്വന്തം മക്കളും അവരുടെ മക്കളും അടങ്ങിയ പിന്‍ തലമുറകള്‍ക്കു വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കള്‍. ഇവയുടെ പ്രത്യേകത, ഈ സ്വത്ത് പിന്നീട് ആര്‍ക്കും അനന്തരം എടുക്കാനാവില്ല എന്നതാണ്. ആ സ്വത്തിന്റെ പ്രയോജനം പിന്നീട് അദ്ദേഹത്തിന്റെ സന്തതികളില്‍ വരുന്ന തലമുറകള്‍ക്കെല്ലാം അനന്തമായി അനുഭവിക്കാം.  നിശ്ചിത ബന്ധുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാത്രമായി പരിമിതപ്പെടുത്തിയ സ്വത്തുക്കളും അനന്തര സ്വത്തായി മാറാതെ തലമുറകള്‍ക്ക് പ്രയോജനപ്പെടുന്നു.
രണ്ടാമത്തേത് പൊതു സ്വഭാവത്തിലുള്ള വഖ്ഫുകള്‍. അതാണ് മേല്‍ സൂചിപ്പിച്ച സാമൂഹിക സേവന പ്രധാനമായ സംരംഭങ്ങള്‍. അവ മുസ്‌ലിം ഭരണകാലത്ത് ഓരോ പ്രദേശങ്ങളിലും എത്രയേറെ പ്രയോജനപ്പെട്ടിരുന്നുവെന്നത് ദീര്‍ഘ പ്രതിപാദനം അര്‍ഹിക്കുന്ന പഠനവിഷയം തന്നെയാണ്.  ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍  ഭരണകര്‍ത്താക്കളും വര്‍ത്തക പ്രമാണിമാരും ദാനം ചെയ്ത വഖ്ഫ് സ്വത്തുക്കള്‍ മുസ്‌ലിംകളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിലും വൈജ്ഞാനിക കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നതിലും തെല്ലൊന്നുമല്ല സഹായകമായത്.

വഖ്ഫ് സ്വത്തുക്കളുടെ പരിരക്ഷ

അത്തരം സ്വത്തുക്കള്‍ പരിരക്ഷിക്കാന്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മാത്രമല്ല, കൊളോണിയല്‍ ഭരണകൂടങ്ങള്‍ വരെ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനും അവരുടെ വഖ്ഫ് അടക്കമുള്ള സ്വത്തുക്കള്‍ സംരക്ഷിക്കാനും അക്കാലത്തെ അമുസ്‌ലിം ഭരണകൂടങ്ങള്‍ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ 'ഹുനര്‍മന്ദ്' എന്ന പേരില്‍ ഓഫീസറെ നിയമിച്ചിരുന്നതായും, പ്രത്യേക കൗണ്‍സിലുകള്‍ സ്ഥാപിച്ചിരുന്നതായും സയ്യിദ് സുലൈമാന്‍ നദ്‌വി ഇന്തോ- അറബ് ബന്ധങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു (മലയാള പരിഭാഷ, പേജ്: 199).
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരം സംരംഭങ്ങള്‍ നിരാക്ഷേപം നടന്നുവന്നിരുന്നു. മുസ് ലിംകളുടെ ഹിതമനുസരിച്ച് അവ സൂക്ഷിച്ച് പരിപാലിച്ചു പോകുന്നതിന് വേണ്ട പരിരക്ഷ ഭരണകൂടവും നീതിന്യായ സംവിധാനവും ഉറപ്പു വരുത്തിയതായി തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും ഈ രീതി മാറ്റമില്ലാതെ തുടര്‍ന്നു. ഇന്ത്യയില്‍ ആറ് ലക്ഷം ഏക്കറിലായി അഞ്ച് ലക്ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്വത്തുക്കള്‍ ഉള്ളതായി സച്ചാര്‍ കമീഷന്‍ 2006-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു (2400 കി.മീറ്റര്‍ വിസ്തൃതി വരുന്ന ഭൂമി). ഏതാണ്ട് 60 ബില്യന്‍ രൂപയാണ് അവര്‍ അതിന് കണക്കാക്കിയ മൂല്യം.  എന്നാല്‍ പ്രായോഗിക തലത്തില്‍ അവ വാഖിഫിന്റെ താല്‍പര്യത്തിനൊത്ത് സംരക്ഷിക്കപ്പെടുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. ഭരണകൂടങ്ങളുടെ ഒത്താശയോടെയും അല്ലാതെയും വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ അതത് കാലത്ത് കൊണ്ടുവരുന്ന നിയമങ്ങളുടെ മറപിടിച്ചും മറ്റും പല വഖ്ഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടു പോകുന്നുവെന്നത് വസ്തുതയാണ്. കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം എത്രയോ ഏക്കര്‍ കണക്കിന് വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടുന്നതിനും ചില സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക് സാങ്കേതികത്വത്തിന്റെ പിന്‍ബലത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനും വഴിതെളിച്ചുവെന്ന വസ്തുത വിസ്മരിക്കാനാവില്ല.
ഇപ്പോള്‍ അവശേഷിക്കുന്ന വഖ്ഫ് സ്വത്തുക്കളും വിദഗ്ധമായി തട്ടിയെടുക്കാനുള്ള ഗൂഢലക്ഷ്യത്തോടെ പുതിയ നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന തിരക്കിലാണ് ഭരണകൂടങ്ങള്‍. വഖ്ഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സമുദായത്തിന്റെ സാമൂഹികവും സാംസ്‌കാരികവും വൈജ്ഞാനികവുമായ അഭിവൃദ്ധിയുടെ ചാലകശക്തിയായി നിലകൊള്ളുന്നുവെന്ന കാര്യം മതവിരുദ്ധ ശക്തികള്‍ക്കറിയാം. സമുദായ ഗാത്രത്തിലെ ആ രക്തചംക്രമണം നിലച്ചാല്‍ വിശ്വാസപരമായ ചൈതന്യം വറ്റി സമുദായം ശുഷ്‌കിച്ചുപോകുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. അതിനു വേണ്ടി വളഞ്ഞ വഴിയിലൂടെയുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. അതിന് തടയിടാന്‍ ശ്രമിക്കേണ്ടവരെ തമ്മിലകറ്റി അന്യോന്യം പോരടിപ്പിക്കുന്നതില്‍ വരെ സ്ഥാപിത താല്‍പ്പര്യക്കാര്‍ വിജയിക്കുന്നു. ഇനിയും പ്രതിയോഗികളെ തിരിച്ചറിയാതെയും ഒളിയജണ്ടകളെ കണ്ടില്ലെന്നു നടിച്ചും മുന്നോട്ടു പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ സമുദായത്തിന്റെ ഭാവിയോര്‍ത്ത് പരിതപിച്ചതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ലെന്നോര്‍ക്കണം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 1-3
ടി.കെ ഉബൈദ്‌

ഹദീസ്‌

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌
വഖ്ഫിന്റെ മഹത്വം