Prabodhanm Weekly

Pages

Search

2012 മെയ് 5

മഞ്ഞു തൊപ്പികള്‍ തലയിലണിഞ്ഞ പച്ചമലകള്‍ക്കു കീഴെ

പി.ടി യൂനുസ്

അലസ്സോ നമ്മോട് ചോദിക്കുന്നത് -2
എല്ലാ അതിര്‍ത്തി പ്രദേശത്തും ഭാഷാ സംസ്കാര സമ്മിശ്രണം സാധാരണമാണ്. പക്ഷേ, അത് പലപ്പോഴും ദുര്‍ബലവും പ്രക്ഷുബ്ധവുമായ സങ്കര സംസ്കാരങ്ങളായി മാറുകയാണ് പതിവ്. ആ പതിവ് ബോള്‍സാനോ തെറ്റിച്ചിരിക്കുന്നു.

ഹോട്ടല്‍ മുറിയില്‍ കയറി അല്‍പനേരം വിശ്രമിച്ച ശേഷം ഭക്ഷണം തേടി വീണ്ടും പുറത്തേക്കിറങ്ങി. സമയം വൈകുന്നേരം എട്ടു മണിയായെങ്കിലും പുറത്തു നല്ല വെയില്‍. പകലുകള്‍ക്ക് ഏറെ ദൈര്‍ഘ്യമുള്ള നാളുകളായതുകൊണ്ട് അസ്തമയം ഏറെ വൈകും. അധികം ദൂരെയല്ലാതെ നല്ലൊരു ഇറ്റാലിയന്‍ ഭക്ഷണശാല ഹോട്ടല്‍ റിസപ്ഷനില്‍ ചോദിച്ചു മനസ്സിലാക്കി.
റസ്റോറന്റില്‍ ഏറെ തിരക്കൊന്നുമില്ല. ജര്‍മനിയിലും ഇറ്റാലിയനിലും എഴുതിയ മെനു കാര്‍ഡില്‍ എന്റെ ഇഷ്ട ഭക്ഷണമായ കടല്‍ വിഭവങ്ങള്‍ ചേര്‍ത്ത ഇറ്റാലിയന്‍ പാസ്തയും ഉപ്പില്‍ പൊതിഞ്ഞു ഇഷ്ടികയടുപ്പില്‍ ചുട്ടെടുത്ത് ഉപ്പും തൊലിയും മുള്ളും കളഞ്ഞ് ഒലീവ് എണ്ണയും കുരുമുളകും ചേര്‍ത്ത് തയാറാക്കുന്ന ഉപ്പു മത്സ്യവും പരതിക്കൊണ്ടിരുന്നു.
അപ്പോഴേക്കും അടുക്കളയില്‍ നിന്ന് ഇറങ്ങി വന്ന 'ഷെഫ്' എന്റെ അരികിലെ കസേരയില്‍ വന്നിരുന്നു. ഇഷ്ട വിഭവങ്ങള്‍ കാര്‍ഡില്‍ കാണുന്നില്ല എന്ന പരാതി കേട്ടു ചിരിച്ചുകൊണ്ട് പറഞ്ഞു: "ഞങ്ങള്‍ ഇറ്റാലിയന്‍ ഭക്ഷണവും ജര്‍മന്‍ ക്ഷണവും തയാറാക്കുന്നുണ്ട്. രണ്ടിനും രണ്ടു തരം രുചികളാണ്. ഒരിക്കലും ഈ രണ്ടു രുചികളും കൂടിക്കലരാന്‍ ഇടവരുത്താറില്ല. ആധികാരികമായ തനതു രുചി ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലാത്തതൊന്നും മെനു കാര്‍ഡില്‍ കാണില്ല.''
എങ്കിലും അയാള്‍ എനിക്കു വേണ്ടി ഒരു ഇറ്റാലിയന്‍ മെനു എഴുതി തയാറാക്കി. കനലില്‍ വേവിച്ച പച്ചക്കറികളും പോര്‍സിനി കൂണും മോസരോല്ല ചീസും ചീര്‍ത്ത 'രിസോട്ടോ'യും ഏറെ ശ്രദ്ധയോടെ അയാള്‍ പാകം ചെയ്യുന്നത് പുറമെ നിന്ന് കാണാം. ഇടക്കിടക്ക് അയാള്‍ രുചിച്ചു നോക്കുകയും മറ്റു പാചകക്കാരെ കൊണ്ട് രുചിപ്പിച്ചു അഭിപ്രായം ആരായുകയും ചെയ്യുന്നു.
ഒടുവില്‍ വൃത്തിയുള്ള അടച്ച പാത്രങ്ങളില്‍ ജോലിക്കാര്‍ ഭക്ഷണം എന്റെ മുന്നിലെത്തിച്ചു. കൂടെ വന്ന ഷെഫ് തന്റെ ലോകോത്തര കലാ വിസ്മയം അവതരിപ്പിക്കുന്നത് പോലെ ചിരിച്ചുകൊണ്ട് ഏറെ സൂക്ഷ്മതയോടെ അടപ്പ് പാത്രം എടുത്തു നീക്കി. ആവി പറക്കുന്ന പാത്രങ്ങളിലേക്ക് രണ്ടു കൈകളും നീട്ടിപ്പിടിച്ചുകൊണ്ട് എനിക്കായി സമര്‍പ്പിച്ചു. കുറഞ്ഞ അളവാണെങ്കിലും നല്ല രുചിയുള്ള വിഭവങ്ങള്‍. യഥാര്‍ഥ ഇറ്റാലിയന്‍ ഭക്ഷണങ്ങള്‍ അങ്ങനെയാണ്. അളവ് കുറവും അസാധ്യ രുചിയും. ജര്‍മന്‍ പാചകം നേരെ വിപരീതവും. ഭക്ഷണം കഴിക്കുന്നതിനിടയിലും അയാള്‍ പലവുരു വന്നു രുചി നിലവാരം അന്വേഷിച്ചുകൊണ്ടിരുന്നു. ഇടക്ക് അല്‍പം ഒലീവെണ്ണയും പൊടിച്ച കുരുമുളകും അളവ് നോക്കി വിതറി തന്നു. "ഭക്ഷണം ഏറെ നന്നായിരിക്കുന്നു. അതുല്യമായ രുചി.'' എന്റെ അഭിനന്ദനങ്ങള്‍ കേട്ട് അയാള്‍ കണ്ണടച്ച് കുനിഞ്ഞു നിന്നു. അയാളുടെ മുഖത്ത് കര്‍മസാഫല്യത്തിന്റെ സായൂജ്യം.
കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട് തന്നെ ബോള്‍സാനോ എന്നെ വിസ്മയിപ്പിച്ചു. എനിക്ക് പരിചിതമായ മിലാനോയിലെയും റോമിലെയും തെരുവുകളില്‍ നിന്ന് ഏറെ വ്യത്യസ്തം. ഇതൊരു സാധാരണ ഇറ്റാലിയന്‍ പട്ടണമല്ല തന്നെ.
അതിരാവിലെ തന്നെ ബ്രൂണിക്കോയിലേക്ക് പോകാനായി ഹോട്ടല്‍ ലോബിയില്‍ തയാറായെത്തി. മെലിഞ്ഞു നീണ്ട ഒരു ഇറ്റാലിയന്‍ മധ്യ വയസ്കന്‍ കാറുമായി കാത്തിരിപ്പുണ്ടായിരുന്നു.
'ജോര്‍ജിയോ' അയാള്‍ സ്വയം പരിചയപ്പെടുത്തി.
ബോള്‍സാനോ ഉറക്കം വിട്ടുണര്‍ന്നിട്ടില്ലെങ്കിലും ഉദയം നേരത്തെ ആയതിനാല്‍ എങ്ങും വെളിച്ചം പരന്നിരുന്നു. തണുത്ത വെയിലും ചാറല്‍ മഴയും. റോഡില്‍ അങ്ങിങ്ങായി വെള്ളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നത് കൊണ്ട് ജോര്‍ജിയോ വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുന്നത്. കിഴക്കന്‍ ആല്‍പ്സിലെ ഡലോമിട്ടന്‍ മലനിരകളിലൂടെയാണ് സഞ്ചാരം.
മലകളില്‍ നിന്ന് മലകളിലേക്ക് കയറിയും ഇറങ്ങിയും കറുത്ത പാതകള്‍. ചിലയിടത്ത് മലകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ക്കടിയില്‍ അഗാധ ഗര്‍ത്തങ്ങള്‍. ചുറ്റിലും നിറഞ്ഞുനില്‍ക്കുന്ന മരതക സൌന്ദര്യം. മഞ്ഞുകാലത്ത് നഷ്ടപ്പെടുത്തിയ ഇലകള്‍ കാട്ടുമരങ്ങള്‍ സമൃദ്ധമായി എടുത്തണിഞ്ഞിരിക്കുന്നു. കണ്‍ കുളിര്‍പ്പിക്കുന്ന ഹരിതാഭ. മലകളില്‍ നിന്ന് പാറക്കൂട്ടങ്ങളിലൂടെ ഒഴുകിവരുന്ന തെളിനീര്‍ ചാലുകള്‍ തീര്‍ക്കുന്ന ആനന്ദകരമായ പശ്ചാത്തല സംഗീതം.
ജോര്‍ജിയോ നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നു. പോകുന്ന വഴികളെ കുറിച്ചും വഴിയോരങ്ങളിലെ നിര്‍മിതികളെക്കുറിച്ചും അയാള്‍ വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
"ബോള്‍സാനോ മറ്റു ഇറ്റാലിയന്‍ നഗരങ്ങളില്‍ നിന്നേറെ വ്യത്യസ്തമാണല്ലോ!'' എന്റെ അനുഭവം ഞാന്‍ ജോര്‍ജിയോയുമായി പങ്കുവെച്ചു.
"തീര്‍ച്ചയായും. ബോള്‍സാനോ മാത്രമല്ല. തെക്കന്‍ ടിരോള്‍ മുഴുവനായും വ്യത്യസ്തമാണ്. അതിനൊരു നീണ്ട ചരിത്രമുണ്ട്....'' ജോര്‍ജിയോ കഥ പറയാനുള്ള ഒരുക്കത്തിലാണ്. ഞാന്‍ ഒരു നല്ല കേള്‍വിക്കാരനായി.
പത്താം നൂറ്റാണ്ട് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടു വരെ തെക്കന്‍ ടിരോള്‍ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈ സാമ്രാജ്യം തകര്‍ന്നടിഞ്ഞതോടെ തെക്കന്‍ ടിരോള്‍ ഓസ്ട്രിയയുടെ ഭരണത്തിന്‍ കീഴിലായി. ഭൂരിപക്ഷം ജര്‍മന്‍ വംശജരും കുറച്ച് ഇറ്റാലിയന്‍ വംശജരും ഒരുമിച്ച് താമസിക്കുന്ന പ്രദേശമായിരുന്നു ഇത്. ഇറ്റലിയും ഈ പ്രദേശത്തിന് വേണ്ടി അവകാശവാദമുന്നയിച്ചിരുന്നു. പ്രദേശത്തെ ഇറ്റാലിയന്‍ വംശജരും അങ്ങനെ ആഗ്രഹിച്ചിരുന്നു.
ഒന്നാം ലോക യുദ്ധത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ഓസ്ട്രിയ സെര്‍ബിയയെ ആക്രമിച്ചപ്പോള്‍ ഇറ്റലി കക്ഷി ചേരാതെ നിന്നു. ഇറ്റലിയുടെ ഉദാസീനത ഓസ്ട്രിയ ആഗ്രഹിച്ചിരുന്നെങ്കിലും സഖ്യ കക്ഷികള്‍ ബ്രിട്ടന്റെ നേതൃത്വത്തില്‍ ഇറ്റലിയെ കൂട്ടിന് ക്ഷണിച്ചു. പാരിതോഷികമായി യുദ്ധത്തില്‍ ജയിച്ചാല്‍ തെക്കന്‍ ടിരോള്‍ ഓസ്ട്രിയയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇറ്റലിക്ക് നല്‍കാമെന്ന കരാറില്‍ ഇറ്റലി ഓസ്ട്രിയന്‍ കൂട്ടുകെട്ടിനെതിരെ യുദ്ധത്തില്‍ ചേര്‍ന്നു. യുദ്ധത്തില്‍ ജയിച്ച സഖ്യകക്ഷികള്‍ വാക്ക് പാലിച്ചു. തെക്കന്‍ ടിരോള്‍ ഇറ്റലിക്കധീനമായി. ബഹുഭൂരിപക്ഷം വരുന്ന ജര്‍മന്‍ വംശജരും അസ്വസ്ഥരായി.
ഇറ്റലിയില്‍ മുസ്സോളിനിയുടെ ഫാഷിസ്റ് ഭരണം വന്നതോടെ തെക്കന്‍ ടിരോളില്‍ കടുത്ത ഇറ്റലീകരണം ആരംഭിച്ചു. സമതലത്തില്‍ നിന്ന് ധാരാളം ഇറ്റാലിയന്‍ വംശജരെ അങ്ങോട്ട് പറിച്ചുനട്ടു. ഇറ്റാലിയന്‍ അല്ലാത്തതൊക്കെ നിരോധിച്ചു. പേരും കുടുംബപ്പേരും വരെ ഇറ്റാലിയന്‍ ഭാഷയിലേക്ക് മാറ്റാന്‍ ഉത്തരവിറക്കി. ജര്‍മന്‍ ഭാഷ പൂര്‍ണമായും വിലക്കി. പ്രദേശവാസികളെ വാള്‍മുനയില്‍ നിര്‍ത്തി വേരുകള്‍ ചവിട്ടി മെതിച്ചു.
ജര്‍മനിയില്‍ ഹിറ്റ്ലറുടെ ഭരണമായിരുന്നു. സഹായത്തിനായി ജര്‍മന്‍ വംശജര്‍ അങ്ങോട്ട് തിരിഞ്ഞു. പക്ഷേ, മുസ്സോളിനിയുമായി സഖ്യത്തിലായിരുന്ന ഹിറ്റ്ലര്‍ മുഖം രക്ഷിക്കാന്‍ ഒരുപായം എന്ന നിലയില്‍ ജര്‍മന്‍ വംശജര്‍ക്ക് ജര്‍മനിയിലേക്ക് പലായനം ചെയ്യാനനുമതി നല്‍കി. ഇതോടെ സ്ഥിതി കൂടുതല്‍ വഷളായി.
രണ്ടാം ലോക യുദ്ധം ആരംഭിച്ചതോടെ ഹിറ്റ്ലര്‍ മുസ്സോളിനി സഖ്യത്തിന്റെ ശ്രദ്ധ യുദ്ധമുന്നണിയിലേക്ക് മാറി. യുദ്ധത്തില്‍ ജര്‍മനിക്ക് മുമ്പേ ഇറ്റലി വീണു. തക്കം നോക്കി ഹിറ്റ്ലര്‍ തെക്കന്‍ ടിരോള്‍ കൈയേറി. യുദ്ധമുതലുകള്‍ ഒളിപ്പിച്ചു വെക്കാന്‍ ടെലോമിട്ടന്‍ മലകള്‍ കാവല്‍ നില്‍ക്കുന്ന ഈ പ്രദേശത്തിനേക്കാള്‍ സുരക്ഷിതമായൊരിടം ഹിറ്റ്ലര്‍ വേറെ കണ്ടില്ല എന്നതാണ് സത്യം.
ഒടുവില്‍ ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു. നാസി പട്ടാളം അടിയറവു പറഞ്ഞതോടെ തെക്കന്‍ ടിരോളിന് മേല്‍ അവകാശവാദവുമായി ഇറ്റലിയും ഓസ്ട്രിയയും രംഗത്തെത്തി. യുദ്ധം ജയിച്ച സഖ്യ കക്ഷികള്‍ പക്ഷേ, അവിടം ഇറ്റലിക്കാണ് വിട്ടുകൊടുത്തത്.
ദേശവാസികള്‍ക്ക് മനം മടുത്തിരുന്നു. നീണ്ടകാലം മാറിയും മറിഞ്ഞും വന്ന ഭരണ സാംസ്കാരിക മേല്‍ക്കോയ്മകളും ഭരണ ഭീകരതകളും തെക്കന്‍ ടിരോളില്‍ വിഘടനവാദത്തിനും തീവ്രവാദത്തിനും വംശീയ വിദ്വേഷത്തിനും ജന്മം നല്‍കിക്കഴിഞ്ഞിരുന്നു. പ്രവിശ്യ തിളച്ചുമറിയാന്‍ തുടങ്ങി. അക്രമങ്ങളും ബോംബ്സ്ഫോടനങ്ങളും അരങ്ങുതകര്‍ത്തു.
യുദ്ധാനന്തര ഇറ്റലിയും ഓസ്ട്രിയയും പക്ഷേ അവിടെ ചീഞ്ഞുനാറാന്‍ വിട്ടുകൊടുത്തില്ല. അവര്‍ തെക്കന്‍ ടിരോള്‍ നിവാസികളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പഠിച്ചു. യൂറോപ്പും യു.എന്നും കൂടെ നിന്നു. അവസാനം 1972ല്‍ ഇറ്റലിയും ഓസ്ട്രിയയും തെക്കന്‍ ടിരോള്‍ വാസികള്‍ക്ക് വേണ്ടി പുതിയ കരാറില്‍ ഒപ്പുവെച്ചു. അതനുസരിച്ച് തെക്കന്‍ ടിരോള്‍ ഇറ്റലിയുടെ ഭാഗമായി തുടര്‍ന്നു. ഓസ്ട്രിയ അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെങ്കിലും പ്രദേശത്തെ സംബന്ധിച്ച നയപരമായ കാര്യങ്ങള്‍ ഇറ്റലി ഓസ്ട്രിയയുമായി കൂടിയാലോചിക്കുന്നു. ജര്‍മന്‍ ഇറ്റാലിയന്‍ ഭാഷകളും സംസ്കാരങ്ങളും ഒരുപോലെ നിലനിര്‍ത്തി. തൊഴിലവസരങ്ങള്‍ വംശീയ ജനസംഖ്യക്ക് ആനുപാതികമായി നിജപ്പെടുത്തി. കൂടാതെ തെക്കന്‍ ടിരോള്‍ പ്രവിശ്യക്ക് നല്ലൊരു ശതമാനം സ്വയംഭരണാവകാശവും കൈവന്നു.
ശാന്തിയും സമാധാനവും തിരിച്ചുവന്ന തെക്കന്‍ ടിരോള്‍ ഇന്ന് ഇറ്റലിയിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയാണ്. പ്രദേശവാസികള്‍ പൈതൃക സംസ്കാരങ്ങളെ അഭിമാനത്തോടെ നെഞ്ചിലേറ്റുന്നവരുമാണ്. ശുഭ പര്യവസായിയായ ഒരു സിനിമാകഥ പോലെ ഈ നാടിന്റെ കഥ. വെറുതെയല്ല ബോള്‍സാനോ വ്യത്യസ്തമാവുന്നത്. അത് തെക്കന്‍ ടിരോളിന്റെ തലസ്ഥാനമാണല്ലോ.
ഞങ്ങള്‍ മലകളിലൂടെ യാത്ര ചെയ്യുകയാണ്. ജോര്‍ജിയോ സംസാരിച്ചുകൊണ്ടേയിരുന്നു. മാറുന്ന ലോകത്തെക്കുറിച്ച്, പുതിയ യൂറോപ്പിനെക്കുറിച്ച്, ഉയര്‍ന്നുവരുന്ന ഏഷ്യയെക്കുറിച്ച് എല്ലാം.
മല കയറിയിറങ്ങി ഞങ്ങള്‍ ബ്രൂണിക്കോയിലെത്തി. മഞ്ഞു തൊപ്പികള്‍ തലയിലണിഞ്ഞ പച്ച മലകള്‍ക്ക് താഴെ കോട മേഘങ്ങള്‍ താഴ്ന്നു പറക്കുന്ന താഴ്വാരം. പാറി നടക്കുന്ന മേഘക്കൂട്ടങ്ങള്‍ താഴ്വരയില്‍ വെയിലും തണലും വിരിയിക്കുന്നു. സുഖകരമായ തണുപ്പ്. നൂലുപോലെ നേര്‍ത്ത മഴ. തെക്കന്‍ ടിരോളിലെ ഓസ്ട്രിയന്‍ അതിര്‍ത്തി പ്രദേശത്തുള്ള വശ്യ സുന്ദരമായ ഒരു കൊച്ചു പട്ടണമാണ് ബ്രൂണിക്കോ.
പതിമൂന്നാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന ഈ കൊച്ചു പട്ടണം ആദ്യകാലത്ത് ഉത്തര യൂറോപ്പില്‍ നിന്ന് വെനീസിലേക്കുള്ള വാണിജ്യ യാത്രികരുടെ ഇടത്താവളവും താല്‍ക്കാലിക ചരക്കു സൂക്ഷിപ്പ് കേന്ദ്രവുമായിരുന്നു. പിന്നീട് യുദ്ധകാലം വന്നപ്പോള്‍ മലമുകളില്‍ താവളമടിച്ച പട്ടാളക്കാരുടെ അടിവാര കേന്ദ്രമായി മാറി. അതിനാല്‍ തന്നെ രണ്ടു ലോക യുദ്ധകാലത്തും ബ്രൂണിക്കോ ഭീകരമായി ആക്രമിക്കപ്പെട്ടു.
ഇന്ന് ബ്രൂണിക്കോ തെക്കന്‍ ടിരോളിലെ പ്രധാന വാണിജ്യ വിനോദ കേന്ദ്രമായി മാറിയിരിക്കുന്നു. മഞ്ഞുകാല വിനോദത്തിനായി ഒഴുകി എത്തുന്ന സഞ്ചാരികള്‍ക്ക് ഒരു പറുദീസയാണ് ഇന്നീ പട്ടണം. ചുറ്റും തലയുയര്‍ത്തി നില്‍ക്കുന്ന വന്‍ മലകള്‍ തണുപ്പ് കാലം തുടങ്ങുന്നതോടെ വെളുത്ത മഞ്ഞു മലകളായി മാറും. അവയുടെ ഉച്ചിയില്‍ കയറി താഴോട്ടു ഊര്‍ന്നിറങ്ങി രസിക്കാന്‍ വന്നെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ സജ്ജമായ അസംഖ്യം സ്കിയിംഗ് റിസോര്‍ട്ടുകള്‍ ഈ മലകളില്‍ കാണാം. അവയില്‍ ഭൂരിഭാഗവും മഞ്ഞുകാലം കഴിഞ്ഞു ബ്രൂണിക്കോയില്‍ തിരക്കൊഴിയുന്നതോടെ അടച്ചുപൂട്ടും. പലയിടത്തും ഇവ കുടുംബ സംരംഭങ്ങളാണ്. ഉടമകളുടെ താമസവും അവിടത്തന്നെയായിരിക്കും.
യൂറോക്ളിമ ഫാക്ടറിയിലെ ഔദ്യോഗിക കാര്യപരിപാടികള്‍ കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ സമയം ഏറെ വൈകിയിരുന്നു. രാത്രി ഭക്ഷണത്തിന് മലമുകളിലെ ഏതെങ്കിലും റസ്റോറന്റില്‍ ഒരു പരീക്ഷണം നടത്താനായി ജോര്‍ജിയോയെ കൂടെ കൂട്ടി. മഞ്ഞുകാലമല്ലാത്തതിനാല്‍ അടച്ചിട്ടില്ലാത്ത റിസോര്‍ട്ടുകള്‍ തെരഞ്ഞുപിടിക്കണം.
(തുടരും)
ptyoonus@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം