Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

പ്രചോദനമാണ് ഫെബിന്‍ റോബിന്‍സണ്‍ മാതൃകയാണ് മുഹമ്മദ് അസീം

ടി.ഇ.എം റാഫി വടുതല

ബാല്യകാലം മുഴുവന്‍ ക്രിസ്ത്യാനിയായ മാതാവിനൊപ്പം ക്രിസ്ത്യന്‍ ആചാരങ്ങളനുസരിച്ച് ജീവിച്ച ഫെബിന്‍ റോബിന്‍സണ്‍. ഒരു ക്രിസ്മസ് ദിവസം കന്യാമറിയത്തെ സംബന്ധിച്ച ക്രിസ്തീയ പുരോഹിതന്മാരുടെ പ്രഭാഷണം കേള്‍ക്കാന്‍ അവന്റെ മാതാവ് യൂട്യൂബില്‍ പരതി. യാദൃഛികമായി ഹാഫിള് കബീര്‍ ബാഖവിയുടെ 'മര്‍യംബീവി ഖുര്‍ആനില്‍' എന്ന പ്രസംഗം ശ്രവിച്ചു. മര്‍യമിന്റെ ചരിത്രം ഏറ്റവും സത്യസന്ധമായി വിശദീകരിക്കുന്നതും യാഥാര്‍ഥ്യങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതും ഖുര്‍ആന്റെ പ്രതിപാദ്യത്തിലാണ് എന്ന സത്യം ബോധ്യമായി. മര്‍യമിനെ സംബന്ധിച്ച വിവരണം മാത്രമല്ല ഖുര്‍ആനും മനസ്സില്‍ സ്വാധീനം ചെലുത്തി. ബോധ്യപ്പെട്ട വിഷയം അടുത്ത ദിവസം ചര്‍ച്ചിലെ പുരോഹിതന്മാരോട് സംസാരിച്ചു. മാതാവും രണ്ടു മക്കളും ഇസ്‌ലാം സ്വീകരിച്ചു. ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന്റെ മഹത്വം മനസ്സിലാക്കി കുട്ടികളെ അടുത്തുള്ള പള്ളിയിലെ ഉസ്താദിന്റെ അടുത്തയച്ച് പ്രാഥമിക വിജ്ഞാനം നല്‍കി. ശേഷം കബീര്‍ ബാഖവി നേതൃത്വം നല്‍കുന്ന കൊല്ലം ഹംദാന്‍ ഫൗണ്ടേഷനില്‍ ഫെബിന്‍ റോബിന്‍സണെ ഖുര്‍ആന്‍ ഹിഫ്‌ള് പഠനത്തിന് ചേര്‍ത്തു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പാരമ്പര്യ മുസ്‌ലിം കുടുംബത്തിലെ വിദ്യാര്‍ഥികളേക്കാള്‍ വേഗത്തില്‍, ഒന്നര വര്‍ഷം കൊണ്ട് ഫെബിന്‍ ഖുര്‍ആന്‍ സമ്പൂര്‍ണമായി മനഃപാഠമാക്കി. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സനദ് കൊടുക്കുന്ന വേദിയില്‍ ഓരോ കുട്ടികളും അവരുടെ ഊഴമനുസരിച്ച് ഭംഗിയായി ഖുര്‍ആന്‍ പാരായണം ചെയ്തു. തുടര്‍ച്ചയായി വിളിച്ച അറബി പേരുകള്‍ക്കിടയില്‍ ഒരു പേര് വേറിട്ട് നിന്നു; അടുത്തതായി സനദ് നല്‍കപ്പെടുന്നത് 'ഫെബിന്‍ റോബിന്‍സണ്‍'! കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരെയും പ്രബുദ്ധ സദസ്സിനെയും സാക്ഷിനിര്‍ത്തി ഫെബിന്‍ റോബിന്‍സണ്‍ ശ്രുതിമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്തു. അങ്ങനെ ഫെബിന്‍ ഹാഫിള് ഫെബിന്‍ റോബിന്‍സണായപ്പോള്‍ ആ മാതാവിന്റെ സ്വപ്‌നം സഫലവും സുകൃതവുമായി.
കെ. ഇല്‍യാസ് മൗലവിയുടെ നേതൃത്വത്തില്‍ വയനാട് പിണങ്ങോട് പ്രവര്‍ത്തിക്കുന്ന ഉമ്മുല്‍ ഖുറാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുര്‍ആനിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് അസീം. രണ്ടര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ അസീം ആദ്യഘട്ടത്തില്‍ വളരെ പിന്നിലായിരുന്നെങ്കിലും അവസാനത്തെ പതിനഞ്ച് ജുസ്അ് രണ്ട് മാസം കൊണ്ട് അസാധാരണ വേഗത്തിലാണ് മനഃപാഠമാക്കിയത്. ഉമ്മുല്‍ ഖുറായിലെ സവിശേഷമായ പരിശീലനവും അധ്യാപകരുടെയും കുടുംബത്തിന്റെയും പ്രോത്സാഹനവും അസീമിന്റെ നേട്ടത്തിനു പിന്നില്‍ പ്രചോദനമായിത്തീര്‍ന്നു. അസീം സനദ് കരസ്ഥമാക്കി ഹാഫിള് മുഹമ്മദ് അസീം ആയതോടൊപ്പം അഭിനന്ദനാര്‍ഹമായ മറ്റൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുന്നു. ഖുര്‍ആന്‍ മനഃപാഠമാക്കിയതിന് കൈനിറയെ കിട്ടിയ സമ്മാനത്തുക മുഴുവന്‍ അശരണരായ സഹോദരീസഹോദരന്മാരെ സംരക്ഷിക്കുന്ന വയനാട്ടിലെ പീസ് വില്ലേജിന് സംഭാവന ചെയ്തു. ഉമ്മുല്‍ ഖുറാ ഡയറക്ടര്‍ ഇല്‍യാസ് മൗലവിയുടെ സാന്നിധ്യത്തില്‍ പീസ് വില്ലേജ് ജനറല്‍ സെക്രട്ടറി ബാലിയില്‍ മുഹമ്മദ് ഹാജി അസീമില്‍നിന്ന് സമ്മാനത്തുക ഏറ്റുവാങ്ങി. ഖുര്‍ആന്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ പ്രസരിപ്പിക്കുന്ന ഉദാത്തമായ ഉദാരതയുടെ ജീവിത മാതൃക കൂടി സൃഷ്ടിച്ചു, ഹാഫിള് മുഹമ്മദ് അസീം.
കണ്‍കുളിര്‍മയാണ് നമ്മുടെ മക്കള്‍. ഒപ്പം ഇന്നിന്റെ തണലും നാളെയുടെ പ്രതീക്ഷയും. എന്തെല്ലാമാണ് നാം അവരെ സംബന്ധിച്ച് സ്വപ്‌നം കാണാറുള്ളത്. അവരുടെ വളര്‍ച്ചയും വിദ്യാഭ്യാസവും ഭാസുരമായ ഭാവി ജീവിതവുമൊക്കെ നാം മനസ്സില്‍ താലോലിക്കാറുണ്ട്. അവരുടെ പുഞ്ചിരി നമ്മളെ ആഹ്ലാദിപ്പിക്കും. അവരുടെ സങ്കടം നമ്മെ വിഷാദത്തിലാഴ്ത്തും. പൂന്തോപ്പിലെ വിരിയാനിരിക്കുന്ന പൂമൊട്ടുകള്‍ പോലെ നാം ഓരോ ഇതളുകളും ശ്രദ്ധിച്ചുകൊണ്ടിരിക്കും. മലര്‍വനിയിലെ അനര്‍ഘ സുന്ദരമായ ചെടി പോലെയാണ് നമ്മുടെ മക്കള്‍. വളവും വെള്ളവും പരിചരണവും സൂര്യപ്രകാശവും അതിന് സഹായകമാകുന്നതു പോലെ നമ്മുടെ ശ്രദ്ധയും ശിക്ഷണവും ദിശാബോധവും അവരുടെ വളര്‍ച്ചയില്‍ പ്രശംസനീയമായ സ്വാധീനം ചെലുത്തും. സൂര്യപ്രകാശമുള്ള സ്ഥലത്തേക്ക് സസ്യങ്ങള്‍ വളരുന്നതു പോലെ മാതാപിതാക്കള്‍ പകരുന്ന ദിവ്യപ്രകാശത്തിലേക്ക് മക്കളും പടിപടിയായി ഉയര്‍ന്നുവരും. വീടു തന്നെയാണ് പ്രഥമ വിദ്യാലയം. മാതാപിതാക്കള്‍ തന്നെയാണ് ആദ്യ ഗുരുനാഥന്മാരും. ബാല്യകാലത്ത് മാതാപിതാക്കള്‍ നല്‍കുന്ന യുക്തിഭദ്രമായ ജീവിത പാഠങ്ങള്‍ കുരുന്നു ഹൃദയങ്ങളില്‍ തിളങ്ങുന്ന മുദ്രയായി അവശേഷിക്കും. നമസ്‌കരിക്കുന്ന മാതാവിനെ കാണുന്ന കുട്ടി നിലത്ത് മുഖം കുത്തി കിടക്കുന്നതും മുസ്വ്ഹഫ് തുറന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പിതാവിനെ കാണുന്ന കുട്ടി ഏതോ ബുക്ക് തുറന്ന് മൂളുന്നതും മാതൃകാ സ്വാംശീകരണത്തിന്റെ പ്രാരംഭ ഘടകമത്രെ. നാം സ്വപ്‌നം കാണുന്ന നമ്മുടെ മക്കള്‍ക്ക് വിജ്ഞാനത്തിന്റെ അനന്തമായ മുഴുവന്‍ സാധ്യതകളിലേക്കും വഴിതുറന്നുകൊടുക്കുന്നതോടൊപ്പം ഖുര്‍ആനിലേക്കൊരു രാജപാത വെട്ടിത്തെളിച്ചു കൊടുത്താല്‍ അത് മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന അനര്‍ഘ സുന്ദര സമ്മാനമായി മാറും. ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെ മഹത്വവും മക്കളെ ഖുര്‍ആന്‍ പഠിക്കാന്‍ പ്രചോദിപ്പിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും പ്രവാചകന്‍ (സ) തിരുമൊഴിയിലൂടെ വിശദീകരിച്ചിട്ടുണ്ട്.
പ്രവാചകന്‍ (സ) പറഞ്ഞു: ''ഒരാള്‍ ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ അവന്റെ മാതാപിതാക്കള്‍ക്ക് ഒരു പ്രകാശ കിരീടം അണിയിക്കും. സൂര്യപ്രഭ പോലെ അത് പ്രോജ്ജ്വലിക്കും. കൂടാതെ ഐഹിക ലോകം മുഴുവന്‍ കൂടിച്ചേര്‍ന്നാലും വിലമതിക്കാനാവാത്ത രണ്ട് വസ്ത്രങ്ങളും അണിയിക്കപ്പെടും. അപ്പോള്‍ ഈ മാതാപിതാക്കള്‍ ചോദിക്കും; 'എന്തിനാണീ വസ്ത്രങ്ങള്‍ ഞങ്ങളെ അണിയിക്കുന്നത്?' 'നിങ്ങളുടെ മക്കള്‍ ഖുര്‍ആന്‍ പഠിച്ചതുകൊണ്ടാണ്' എന്ന് മറുപടി കൊടുക്കും'' (ഹാകിം).
രക്തസാക്ഷികളായ സ്വഹാബികളെ മറമാടുന്ന വേളയില്‍ പ്രവാചകന്‍ അവരുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചതും അവരുടെ ഖുര്‍ആന്‍ പഠനത്തെ മാനദണ്ഡപ്പടുത്തിക്കൊണ്ടായിരുന്നു. ജാബിറുബ്‌നു അബ്ദില്ലയില്‍നിന്ന് ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളില്‍ ഈ രണ്ട് പേരെ വീതം റസൂല്‍ ഒറ്റ ഖബ്‌റില്‍ മറമാടുകയുണ്ടായി. തദവസരം റസൂല്‍ ചോദിക്കുമായിരുന്നു; 'ഇവരില്‍ ആരാണ് അധികം ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍?' രണ്ടിലൊരാളെ നബിക്ക് ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ അദ്ദേഹത്തെ ഖബ്‌റിലേക്ക് ആദ്യം വെക്കും. 'അന്ത്യനാളില്‍ ഇവര്‍ക്കു വേണ്ടി ഞാന്‍ സാക്ഷിനില്‍ക്കുന്നതാണ്.' അവരെ തങ്ങളുടെ രക്തത്തോടു കൂടി തന്നെ മറവുചെയ്യാന്‍ അവിടുന്ന് കല്‍പിച്ചു. അവരെ കുളിപ്പിക്കുകയോ അവര്‍ക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കുകയോ ചെയ്തില്ല' (ബുഖാരി).
ഉന്നത നിലവാരത്തിലുള്ള ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം മക്കള്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും ധാരാളമു്. ഖുര്‍ആന്‍ മനഃപാഠമാക്കി അതിന്റെ ആശയം അത്യാവശ്യം മനസ്സിലാക്കിയ വിദ്യാര്‍ഥികളെ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളിലുള്‍പ്പെടെ കാണാന്‍ കഴിയുന്നത് ഏറെ സന്തോഷകരം തന്നെയാണ്. ഖുര്‍ആന്റെ ഹൃദയസാന്നിധ്യം അവരുടെ പഠനത്തിനും സ്വഭാവത്തിനും ജീവിതത്തിനും കൂടുതല്‍ കരുത്തും മഹത്വവും നല്‍കും. ഉയര്‍ന്ന പദവികള്‍ എത്തിപ്പിടിക്കാനും സമൂഹത്തിനു മുന്നില്‍ നില്‍ക്കാനും ഖുര്‍ആന്‍ നല്‍കുന്ന ഉള്‍ക്കരുത്ത് വളരെ വിശിഷ്ടമാണ്.
വിജ്ഞാനം വിരല്‍ത്തുമ്പില്‍ നില്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍ ഖുര്‍ആന്‍ പഠിക്കുന്നതിനും മനഃപാഠമാക്കുന്നതിനും സഹായകമായ ആധുനിക സങ്കേതങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളും ധാരാളമു്. കോവിഡ് പശ്ചാത്തലത്തില്‍ സര്‍വവും അടച്ചിടപ്പെട്ടപ്പോള്‍ അന്ന് കിട്ടിയ പല അനുഗ്രഹങ്ങളിലൊന്നാണ് ഖുര്‍ആന്‍ പഠനത്തിന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍. അത് ഒരുപാടാളുകള്‍ക്ക് ഖുര്‍ആന്‍ പഠനത്തിന് അവസരം നല്‍കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പരിശീലനം നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകളും നിലവിലുണ്ട്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി ഖുര്‍ആന്‍ മനഃപാഠമാക്കിയ വനിതകള്‍ പരിശീലനം നല്‍കുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളുമുണ്ട്. ഖുര്‍ആന്‍ പഠിക്കുന്നതിനുവേണ്ടി ദേശത്യാഗം ചെയ്ത് ദീര്‍ഘദൂരം സഞ്ചരിക്കേിവന്ന പൗരാണിക കാലത്തല്ല, ഖുര്‍ആന്‍ നമ്മളെയും തേടി വീടകങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്ന ആധുനിക കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണില്‍ പതിക്കുന്ന നമ്മുടെ ഹൃദയസ്പര്‍ശത്തില്‍ തെളിയുന്നത് ഖുര്‍ആന്റെ വിജ്ഞാന വിസ്മയമായിരിക്കും. അതാണ് ഓരോ മാതാപിതാക്കള്‍ക്കും നേടാനും മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാനുമുള്ള വലിയ സമ്മാനം. ജീവിതത്തിന്റെ അലങ്കാരമായി ലഭിച്ച മക്കള്‍ കുടുംബത്തിലും സമൂഹത്തിലും ഖുര്‍ആന്‍ പ്രസരിപ്പിക്കുന്ന മക്കളായാല്‍ അതായിരിക്കും എന്നെന്നും അവശേഷിക്കുന്ന ജീവിത സുകൃതം. ഇവിടെയാണ് ഹാഫിള് ഫെബിന്‍ റോബിന്‍സണും ഹാഫിള് മുഹമ്മദ് അസീമും നമുക്ക് പ്രചോദനവും മാതൃകയുമാകുന്നത്.
''സമ്പത്തും സന്താനവുമൊക്കെ ഐഹിക ജീവിതത്തിന്റെ ക്ഷണിക സൗന്ദര്യമാകുന്നു. വാസ്തവത്തില്‍ നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങളാകുന്നു നിന്റെ നാഥന്റെ ദൃഷ്ടിയില്‍ അനന്തര ഫലങ്ങള്‍ ഉത്കൃഷ്ടമായിട്ടുള്ളത്'' (അല്‍കഹ്ഫ്: 46).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌