Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

രാഷ്ട്രീയ ഇസ്‌ലാമിന്റെ ഒടുക്കമോ പുതിയ തുടക്കമോ?-2 അറബ് ലോകത്ത് ജനാധിപത്യം എന്തുകൊണ്ട് പരാജയപ്പെടുന്നു?

ഡോ. റഫീഖ് അബ്ദുസ്സലാം

തങ്ങളുടെ നാട്ടില്‍ നിയമാനുസൃത ജനാധിപത്യ രീതി നിലനില്‍ക്കുന്നുണ്ടെന്നും ഭൂരിപക്ഷ / ന്യൂനപക്ഷ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്നും ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകള്‍ കരുതി. അതനുസരിച്ചായിരുന്നു അവരുടെ ഇടപഴക്കങ്ങള്‍. ജനീവയിലോ വെസ്റ്റ്മിനിസ്റ്ററ്റിലോ ഉള്ളതു പോലെയുള്ള കരുത്തുറ്റ ജനാധിപത്യ സംവിധാനത്തിലാണ് തങ്ങളുടെ പൊറുതി എന്നും അവര്‍ക്ക് തോന്നി. സംഭവലോകത്ത് ശാക്തിക സന്തുലനങ്ങള്‍ എവ്വിധമാണെന്ന് അവര്‍ കണക്കിലെടുക്കുകയുണ്ടായില്ല. രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിനെപ്പറ്റിയും ആലോചിച്ചില്ല. തങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ജനാധിപത്യവിരുദ്ധ ശക്തികള്‍ സൃഷ്ടിച്ചേക്കാവുന്ന ആഭ്യന്തരവും വൈദേശികവുമായ ഭീഷണികളെക്കുറിച്ചും അവര്‍ ബോധവാന്മാരായിരുന്നില്ല. തുനീഷ്യയിലാകട്ടെ അന്നഹ്ദക്കാരായ ഇസ്‌ലാമിസ്റ്റുകള്‍ പിച്ചവെക്കുന്ന ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ദേശീയ സമവായവും വിശാല സഖ്യവും എത്രമാത്രം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തങ്ങള്‍ നില്‍ക്കുന്ന പ്രതലത്തെക്കുറിച്ച് അവര്‍ക്ക് യാഥാര്‍ഥ്യബോധം ഉണ്ടായിരുന്നു. പക്ഷേ തങ്ങളെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന ജനാധിപത്യവിരുദ്ധ ശക്തികളോട് അവര്‍ വേണ്ടതിലധികം സൗമനസ്യം കാണിച്ചു; ഒട്ടൊക്കെ ജാഗ്രത കൈവെടിയുകയും ചെയ്തു. ജനാധിപത്യ സംവിധാനത്തിന്റെ ഉള്ളില്‍ കൂടി തന്നെയാണ് അരാജക ശക്തികള്‍ നുഴഞ്ഞുകയറിയത്. അതിനാല്‍ ഘടനാപരമോ നിയമപരമോ ആയ യാതൊരുവിധ തടസ്സങ്ങളും ഈ പ്രതിലോമശക്തികള്‍ക്ക് നേരിടേണ്ടിവരുന്നില്ല. തുനീഷ്യയില്‍ തീര്‍ച്ചയായും ഇസ്‌ലാമിസ്റ്റുകള്‍ ജനാധിപത്യത്തെ അപകടപ്പെടുത്തി എന്നാരും പറയില്ലല്ലോ. പക്ഷേ ഇസ്‌ലാമിസ്റ്റുകളുടെ സംശയിച്ചുനില്‍പ്പും ജാഗ്രതക്കുറവും ശത്രുപക്ഷത്തുള്ള മീഡിയക്കും പണമൊഴുക്കുന്ന മേഖലാ ശക്തികള്‍ക്കും  അവരുടെ കഴുത്തില്‍ മുറുക്കാനുള്ള കയര്‍ പിരിക്കാന്‍ വേണ്ടത്ര സാവകാശം നല്‍കി എന്ന വസ്തുത നിലനില്‍ക്കുന്നു. അക്കാര്യത്തില്‍ ഒരു ജനാധിപത്യ പ്രതിരോധവും അവിടെ ഉണ്ടായില്ല.
ഇതില്‍നിന്നൊക്കെ മനസ്സിലാക്കിയെടുക്കാവുന്ന ഗുണപാഠം ഇതാണ്: ഏതു നിമിഷവും അട്ടിമറിയാവുന്ന ഇത്തരം രാഷ്ട്രീയ ചുറ്റുപാടുകളില്‍ അധികാരത്തിലേറുന്നവര്‍, അത് ബാലറ്റ് പെട്ടിയിലൂടെയാണെങ്കിലും ശരി, തങ്ങളൊരു തീരേഖയിലേക്ക് കാലെടുത്തുവെച്ചെന്നും ഇനി സകലരുടെയും ഉന്നം തങ്ങളായിരിക്കുമെന്നും തിരിച്ചറിയണം. പാതി വഴിയില്‍ നിന്നതുകൊണ്ട് പ്രയോജനമില്ല. അധികാരത്തിന്റെ ടൂളുകളൊന്നും കൈപ്പിടിയാലൊതുങ്ങിയില്ല എന്ന് ഒഴികഴിവ് പറഞ്ഞിട്ടും കാര്യമില്ല. കാരണം ഭരണം എന്നത് മധ്യ ഇടങ്ങള്‍ അനുവദിക്കുന്ന ഒന്നല്ല. നിങ്ങള്‍ ഭരിക്കുന്നുണ്ടെങ്കില്‍ അതിന്റെ അപകടങ്ങളും പ്രയാസങ്ങളും ചുമലിലേറ്റാന്‍ തയാറാകണം. അതിന് കഴിയില്ലെങ്കില്‍ തുടക്കത്തിലേ ഭരണത്തില്‍നിന്ന് അകന്നുനില്‍ക്കുകയാവും നല്ലത്. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിരിക്കാം; അല്ലെങ്കില്‍ ഒരു പൊതു പരിഷ്‌കരണ പ്രസ്ഥാനമായി പ്രവര്‍ത്തിക്കാം. അതിനാല്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ആവശ്യമായി വരുന്നു. കുറേക്കൂടി കൃത്യമാക്കിയാല്‍, ജനാധിപത്യത്തിന്റെ സംക്രമണ ദശയെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് വേണം. മേഖലയെ / അറബ് നാടുകളെ അടുത്തറിഞ്ഞും അവയുടെ പ്രശ്‌നസങ്കീര്‍ണതകള്‍ മുന്നില്‍ വെച്ചുമാവണം ഈ കാഴ്ചപ്പാട് രൂപപ്പെടേണ്ടത്. പക്ഷേ 'ജനാധിപത്യത്തിന്റെ സംക്രമണ ദശ'യെക്കുറിച്ച് അറബ് കലാശാലകളില്‍ പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളുടെ അധിക ഭാഗവും രണ്ടാം ലോകയുദ്ധത്തിനു ശേഷം ലാറ്റിനമേരിക്കയിലും തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ടായ ജനാധിപത്യപരീക്ഷണങ്ങളെ മുന്‍നിര്‍ത്തി തയാറാക്കിയതാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ മാറ്റങ്ങളെയും അതിന്റെ ആവശ്യങ്ങളെയും പഠിക്കാന്‍ ഇത് അവലംബമാക്കാവതല്ലെന്ന് പറയേണ്ടതില്ലല്ലോ. ജനാധിപത്യത്തെ തുരങ്കം വെക്കുന്നതില്‍ പെട്രോ ഡോളറിന്റെ പങ്കൊന്നും അവിടെ പഠനവിഷയമല്ലല്ലോ. എന്തുകൊണ്ടും സവിശേഷമായ രാഷ്ട്രീയ സാഹചര്യമാണ് പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്നത്. അമേരിക്ക പശ്ചിമേഷ്യയില്‍ നടത്തിയ സൈനിക ഇടപെടലുകള്‍ പരാജയത്തില്‍ കലാശിച്ചതോടെ അമേരിക്കയുടെ മുഖ്യ ശ്രദ്ധ ചൈനീസ് ഭീഷണിയെ ചെറുക്കുന്നതിലേക്ക് മാറിയിരിക്കുന്നു. ഇത് സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയ ശൂന്യതയുണ്ട്. ഇത് മുതലാക്കിയാണ് മേഖലയിലെ സ്വേഛാധിപത്യ അച്ചുതണ്ട് ശക്തികള്‍ ഭീകരമായ ശക്തിപ്രയോഗത്തിലൂടെ അറബ് വസന്ത പരീക്ഷണങ്ങളെ ഓരോന്നോരോന്നായി അലസിപ്പിച്ചുകളയുന്നത്.  ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഒരു 'ജനാധിപത്യ വഞ്ചന' കാണിച്ചുവെന്ന പരിഭവം ഈ സ്വേഛാധിപത്യ അച്ചുതണ്ടിനുണ്ട്. ജനകീയ പ്രക്ഷോഭമുണ്ടായപ്പോള്‍ ഈജിപ്തില്‍ ഹുസ്‌നി മുബാറകിനെയും തുനീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെയും ഒബാമ കൈവിട്ടതിലാണ് അവരുടെ പരിഭവം. ആ രണ്ടു പേര്‍ക്ക് വേണ്ടിയും ഒന്നും ചെയ്തില്ലെന്ന പരാതിയും അവര്‍ക്കുണ്ട്. അതിനാല്‍ ഈ സ്വേഛാധിപത്യ അച്ചുതണ്ട് 'ജനാധിപത്യ മുള്ളി'നെ സ്വയം തന്നെ തോണ്ടിക്കളയാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. പണമൊഴുക്കിയും മീഡിയയെ കയറഴിച്ചുവിട്ടും മുന്‍ ഭരണകൂടങ്ങളെക്കുറിച്ച് ഗൃഹാതുരത്വമുണ്ടാക്കിയും മേഖലയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വൈരുധ്യങ്ങളും കുത്തിപ്പൊക്കിയുമാണ് ജനാധിപത്യത്തിലേക്കുള്ള മാറ്റത്തെ ഇവര്‍ തുരങ്കം വെക്കുന്നത്.
'സെക്യുലറിസം, മതം, ജനാധിപത്യം' എന്ന എന്റെ പുസ്തകത്തില്‍ 2003 മുതലേ ഞാന്‍ വാദിച്ചു വരുന്ന ഒരു കാര്യമുണ്ട്. ജനാധിപത്യമെന്നത് ഒരു വലിയ ഐഡിയോളജിയൊന്നുമല്ല. മതങ്ങളെ നേരിടാനുള്ള ഒരു 'മത'വും അല്ല അത്. രാഷ്ട്രീയകാര്യ നില മെച്ചപ്പെടുത്താനുള്ള ഉപകരണങ്ങളും ഗ്യാരന്റിയും നല്‍കുന്ന ഒരു രാഷ്ട്രീയ സംവിധാനമാണത്. ജനാധിപത്യത്തെക്കുറിച്ച ഈ പ്രായോഗിക കാഴ്ചപ്പാട് അറബ് വസന്ത സംഭവങ്ങള്‍ക്കു ശേഷം എന്നില്‍ ദൃഢബോധ്യമായി വളര്‍ന്നിരിക്കുന്നു. പക്ഷേ നമ്മുടെ ലിബറല്‍ വാദികള്‍ ഇത് സമ്മതിച്ചുതരില്ല. അവര്‍ ജനാധിപത്യത്തെ ഒരു വിശ്വാസപ്രമാണം പോലെയാക്കിയിരിക്കുന്നു. ഒന്നുകില്‍ നിങ്ങളത് മുഴുവനായി എടുക്കണം, അല്ലെങ്കില്‍ മുഴുവനായി തള്ളണം. മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യം പ്രയോഗവല്‍ക്കരിക്കപ്പെടണമെങ്കില്‍ 'ജനാധിപത്യത്തിനു മുമ്പ്' ചിലത് അവിടെ ഉണ്ടെന്ന് ഉറപ്പു വരുത്തണം. അതില്‍ രണ്ടെണ്ണമാണ് പ്രധാനം. ഒന്ന്, തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകുന്നവര്‍ തമ്മില്‍ മിനിമം ജനാധിപത്യ മര്യാദയെങ്കിലും പാലിച്ചിരിക്കണം. ആ മര്യാദകളൊക്കെ പൂജ്യത്തിലേക്കെത്തുന്നതാണ് നാമിവിടെ കാണുക. അതായത് തോറ്റവര്‍ സകല നശീകരണ കുതന്ത്രങ്ങളും പുറത്തെടുക്കുന്നു. ഈ പ്രവണതക്ക് തടയിട്ട്, തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും എല്ലാവരും കളി നിയമങ്ങള്‍ പാലിക്കുന്നവരാകണം. ജയിച്ച് ഭൂരിപക്ഷം നേടിയവരുടെ മാത്രമല്ല തോറ്റ് ന്യൂനപക്ഷമായവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. രണ്ട്, ജനാധിപത്യത്തിന്റെ ടൂളുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരികയും എല്ലാവരും അവക്ക് വിധേയപ്പെടുകയും ചെയ്യുക. എല്ലാവര്‍ക്കും മീതെയായിരിക്കും നിയമം. മീഡിയ അതിന്റെ പ്രഫഷണലിസവും നീതിപീഠം അതിന്റെ വിശ്വാസ്യതയും സ്വതന്ത്രതയും പരിരക്ഷിക്കും. സൈന്യമോ മറ്റു സുരക്ഷാ സംവിധാനങ്ങളോ രാഷ്ട്രീയത്തില്‍ ഇടപെടുകയില്ല. ഇതൊന്നുമില്ലെങ്കില്‍ ജനാധിപത്യം അതിന്റെ വക്താക്കളുടെ മനസ്സിലെ ആഗ്രഹമായി മാത്രം ശേഷിക്കും. അരാജകത്വം സൃഷ്ടിക്കപ്പെടുന്ന, മാധ്യമങ്ങള്‍ പക്ഷം ചേര്‍ന്ന് പ്രചാരണായുധമായി മാറുന്ന, പൊതു സ്ഥാപനങ്ങളിലേക്ക് ജനാധിപത്യവിരുദ്ധര്‍ ഇരച്ചുകയറുന്ന ചുറ്റുപാടുകളില്‍ ജനാധിപത്യം സാക്ഷാല്‍ക്കരിക്കപ്പെടുക അസാധ്യം. ജനാധിപത്യ സംക്രമണ ദശയിലെ പ്രയാസങ്ങളെ മാത്രമല്ല, ജനാധിപത്യ സംവിധാനം ഒരുക്കിക്കൊടുത്ത സ്വാതന്ത്ര്യങ്ങളെയും ഈ ശക്തികള്‍ ജനാധിപത്യത്തെ ഉള്ളില്‍നിന്ന് നശിപ്പിക്കാനും കടപുഴക്കാനുമായി ചൂഷണം ചെയ്യും.
പറഞ്ഞു വരുന്നത്, ജനാധിപത്യത്തിന് അതിന്റെ ശത്രുക്കളില്‍നിന്ന് സ്വയം രക്ഷക്കായി അതിന്റേതായ 'തേറ്റകളും നഖങ്ങളും' ഇല്ലെങ്കില്‍ അരാജകത്വവും പൊതു സ്ഥാപനങ്ങളുടെ ദുര്‍ബലപ്പെടലുമാണ് അതുമൂലം സംഭവിക്കുക എന്നാണ്. ഏതോ ഒരു ഘട്ടത്തില്‍ ആ ജനാധിപത്യം തകര്‍ന്നുവീഴും. അല്ലെങ്കില്‍ അതിന്റെ വയറ്റില്‍ പുതിയ ഏകാധിപത്യങ്ങള്‍ ജന്മമെടുക്കും. ആ ഏകാധിപത്യത്തിന് ചിലപ്പോള്‍ സൈനിക മുഖവും ചിലപ്പോള്‍ സിവില്‍ മുഖവുമായിരിക്കും. അറബ് വസന്ത ഭൂമികകളായ ഈജിപ്തിലും ലിബിയയിലും തുനീഷ്യയിലും അത്തരം മുഖങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. കാള്‍ സ്മിത്ത് പറയുന്നതു പോലെ, പ്രത്യക്ഷമോ നിശ്ശബ്ദമോ ആയ ഒരു യുദ്ധം രാഷ്ട്രീയമണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അല്ലാതെ, ലിബറലുകളൊക്കെ പറയുന്ന മാതിരി, ഭദ്രമായ ഒരു ചട്ടക്കൂടിനുള്ളില്‍ സ്വതന്ത്ര പൗരന്മാര്‍ തമ്മിലുണ്ടാക്കുന്ന ഒരു കരാറൊന്നുമല്ല സംഭവലോകത്തെ ജനാധിപത്യം. സമാധാനം മാത്രം നിലനില്‍ക്കുന്ന മാലാഖമാരുടെ ഒരു ലോകത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്. അതല്ലല്ലോ ഇവിടത്തെ സ്ഥിതി; പ്രത്യേകിച്ച് വന്യമൃഗം നിശ്ശബ്ദമായി ചുര മാന്തിക്കൊണ്ടിരിക്കുന്ന അറബ് ലോകത്ത്. അവിടെയിത് ചെലവേറിയതും ക്ലിഷ്ടവുമായ ഒരു വാതുവെപ്പാണ്. അതിനപ്പുറമുള്ളത് രക്തച്ചൊരിച്ചിലും ബലിയര്‍പ്പണങ്ങളും. ആ പ്രക്രിയ ഒരിക്കലും ഒരു ഉല്ലാസ യാത്രയല്ല; മരുഭൂമിയിലെ വിഷപ്പാമ്പുകളുമായുള്ള കളിയാണ്. 
(അവസാനിച്ചു)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌