Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

'ഇസ്‌ലാമിക് ഫെമിനിസം' എന്ന ലിബറല്‍ മുഖംമൂടി

വി. അഹ്മദ് നദീം, ചേന്ദമംഗല്ലൂര്‍

ടി. മുഹമ്മദ് വേളം എഴുതിയ 'പ്രകൃതിയെ തകര്‍ത്ത ലിബറലിസം കുടുംബത്തെയും തരിപ്പണമാക്കും' എന്ന ലേഖനം (ലക്കം 26) മികച്ചതും കാലികപ്രസക്തവുമായിരുന്നു. പ്രകൃതിയോടും മനുഷ്യനോടും ലിബറലിസം ചെയ്യുന്ന ദ്രോഹങ്ങള്‍ ലേഖനം അനാവരണം ചെയ്യുന്നു. ലിബറല്‍ വാദങ്ങളെ ഇസ്‌ലാമിന്റെ മേലങ്കി ചാര്‍ത്തി മുസ്‌ലിം സമൂഹത്തിലേക്ക് ഒളിച്ചുകടത്താനുള്ള മുതലാളിത്ത ശ്രമങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ഇസ്‌ലാമിക് ഫെമിനിസമെന്ന പേരില്‍ ലിബറല്‍ ആശയങ്ങള്‍ മുസ്‌ലിം സമൂഹത്തിലേക്ക് കുത്തിവെക്കാനുള്ള  ശ്രമങ്ങള്‍ കുറേ കാലമായി നടക്കുന്നുണ്ട്.
മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ ഉടലെടുത്ത 'ഇസ്‌ലാമിക് ഫെമിനിസം' മുന്നോട്ടു വെക്കുന്നതും  ലിബറല്‍ പരിഹാരങ്ങളാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പാട്രിയാര്‍ക്കിയാണെന്നും വിവാഹം, കുടുംബ വ്യവസ്ഥ തുടങ്ങിയവയൊക്കെ പാട്രിയാര്‍ക്കിയല്‍ ഏര്‍പ്പാടുകളാണെന്നുമുള്ള ലിബറല്‍ വാദങ്ങള്‍ തന്നെയാണ് ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ക്കുമുള്ളത്. ഇസ്‌ലാമിക ശരീഅത്തിനെ ആധുനിക പുരോഗമനാശയങ്ങള്‍ക്ക് അനുസൃതമായി നവീകരിക്കണമെന്ന് വാദിക്കുന്ന അവര്‍ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്യാനും മുന്‍കാല പണ്ഡിതന്മാര്‍ക്കുമേല്‍ 'പാട്രിയാര്‍ക്കി' ചാപ്പയടിക്കാനും മടികാണിക്കുന്നില്ല.
ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ധാര്‍മിക-സദാചാര  പാഠങ്ങളെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഈ ഫെമിനിസ്റ്റുകള്‍ സ്വതന്ത്ര ലൈംഗികത, ലിംഗ സമത്വം, സ്വവര്‍ഗരതി, ജെന്റര്‍ ഫ്‌ളൂയിഡിറ്റി തുടങ്ങിയ ലിബറല്‍ ആശയങ്ങളെ പിന്തുണക്കുന്നു. ഖുര്‍ആന്‍  സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്വവര്‍ഗരതിയെ ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ലെന്ന വിചിത്ര വാദമുന്നയിച്ചിട്ടുണ്ട് ബോസ്‌നിയക്കാരനായ സ്‌കോട്ട് കൂഗ്ള്‍. ഇസ്‌ലാമിന്റെ ലേബല്‍ സ്വികരിക്കുന്ന ഫെമിനിസ്റ്റുകളും ഇതേ വാദമാണ് ഉയര്‍ത്തുന്നത്. അതിന്റെ വക്താക്കളില്‍ ഒരാളായ ആമിന വദൂദ് എല്‍.ജി.ബി.ടി പരിപാടികളിലെ സ്ഥിര സാന്നിധ്യമായിരുന്നു. മസ്ജിദുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലുള്ള മറ നീക്കണമെന്നും ഇടകലര്‍ന്നുള്ള നമസ്‌കാരങ്ങളാണ് ആധുനികതക്ക് യോജിച്ചതെന്നുമാണ്  ഇവരുടെ വാദം. 2005-ല്‍ ന്യൂയോര്‍ക്കില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആമിന വദൂദായിരുന്നു. അന്ന് ഡോ. യൂസുഫുല്‍ ഖറദാവിയെ പോലുള്ള പണ്ഡിതന്മാര്‍ അതിനെതിരെ രംഗത്തു വരികയുണ്ടായി. ലിബറല്‍ ഫെമിനിസ്റ്റുകള്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങളില്‍നിന്ന് ഏറെയൊന്നും ഭിന്നമല്ല ഇവരുടെ വാദങ്ങളും എന്നതാണ് യാഥാര്‍ഥ്യം.
ലിബറല്‍-മുതലാളിത്ത ഫാക്ടറിയിലെ ഒരു ഉല്‍പന്നം മാത്രമാണ് ഇസ്‌ലാമിക് ഫെമിനിസമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം തൊഴിലാളികള്‍ സമുദായത്തിനുള്ളില്‍ എന്തെങ്കിലും വിവേചനം നേരിടുന്നുണ്ടെങ്കില്‍ അതിന് പരിഹാരം 'ഇസ്‌ലാമിക് കമ്യൂണിസം' അല്ലാത്തതു പോലെ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം 'ഇസ്‌ലാമിക് ഫെമിനിസം' അല്ല, മറിച്ച് ഇസ്‌ലാമിക പാഠങ്ങളിലേക്ക് മടങ്ങുക മാത്രമാണ് പരിഹാരം. 

 

'ഹലാല്‍ ഫുഡ്' പ്രതിഷേധം ഉണര്‍ത്തുന്ന ചിന്തകള്‍

റഹ്മാന്‍ മധുരക്കുഴി

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെ ഇല്ലാത്ത പലതും സമൂഹമധ്യത്തില്‍ ചര്‍ച്ചയാക്കി സൗഹൃദ കേരളത്തിന്റെ സ്‌നേഹ-സമാധാന അന്തരീക്ഷത്തില്‍ കാലുഷ്യത്തിന്റെയും വിദ്വേഷത്തിന്റെയും വിഷവിത്തുകള്‍ മുളപ്പിച്ച് മുതലെടുക്കാന്‍ വിഫല ശ്രമം നടത്തിയ വര്‍ഗീയ ഫാഷിസ്റ്റ് ലോബി, ഇപ്പോഴിതാ ജാതിമതഭേദമന്യേ മനുഷ്യമക്കള്‍ ആഹരിക്കുന്ന ഭക്ഷ്യപേയങ്ങളിലും വിഷം കലര്‍ത്തി മതമൈത്രി തകര്‍ക്കാന്‍ 'ഹലാല്‍' ഭക്ഷണ പ്രശ്‌നം കുത്തിപ്പൊക്കുന്നു.
ഹലാല്‍ എന്ന പദത്തിന്റെ അര്‍ഥം അനുവദനീയം എന്നോ നിഷിദ്ധമല്ലാത്തത് എന്നോ ആണ്. ഇത്രയേറെ നിര്‍ദോഷമായ ഒരു പദത്തെ ഹിംസാത്മകമാക്കുന്ന ക്രൂരതയാണ് ഇവിടെ നടക്കുന്നത്. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയ ഹരജിക്കാരന് ആ വാക്കിന്റെ അര്‍ഥമെന്തെന്നു പോലും അറിയില്ലെന്നും വിഷയം ശരിക്ക് പഠിച്ചിട്ടില്ലെന്നുമാണ് കോടതിയുടെ ചോദ്യത്തോട് പ്രതികരിച്ചത്. പരാതിക്കാരന്‍ നിഴല്‍ യുദ്ധം നടത്തുകയായിരുന്നുവെന്നര്‍ഥം.
സവര്‍ണ-അവര്‍ണ വിവേചനമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതിലൂടെ ജാതീയമായ ഉച്ചനീചത്വം അവസാനിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍ 1917-ല്‍ സമരരംഗത്തിറങ്ങിയത്. ഒരു നൂറ്റാണ്ട് പിന്നിട്ട്, ശാസ്ത്രപുരോഗതിയും നവോത്ഥാന വിപ്ലവവും ഉന്നതിയില്‍ എത്തിനില്‍ക്കുന്ന വര്‍ത്തമാന കാലത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ആഹാര ഭോജനത്തില്‍ വിവേചനവും അകല്‍ച്ചയും സൃഷ്ടിക്കാനുള്ള കുത്സിത ശ്രമമാണ് 'ഹലാല്‍' വിവാദത്തിലൂടെ ചിലര്‍ കൊണ്ടുപിടിച്ച് നടത്തുന്നത്. അശുദ്ധവും അവിഹിതമാര്‍ഗേണ സമ്പാദിച്ചതും അനാരോഗ്യകരവുമായ ഭക്ഷ്യപേയങ്ങള്‍ ഹലാലല്ല (അനുവദനീയമല്ല) എന്ന ധാര്‍മികതയുടെ ബാലപാഠം 'ഹലാല്‍ ഫുഡി'ല്‍ അടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യമുണ്ടോ ദുരുദ്ദേശ്യപ്രേരിതര്‍ തിരിച്ചറിയുന്നു?
ബ്രാഹ്മണ്‍ ഹോട്ടല്‍, നായര്‍ ഹോട്ടല്‍ എന്നിങ്ങനെ വെജിറ്റേറിയന്‍ ഹോട്ടലുകളെ വേര്‍തിരിച്ചറിയാനുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച ഹോട്ടലുകള്‍ക്കോ ചൈനീസ് ഫുഡ്, അറേബ്യന്‍ ഫുഡ് എന്നിങ്ങനെയുള്ള നെയിം ബോര്‍ഡുകള്‍ക്കോ എതിരെ ഉയര്‍ന്നുപൊങ്ങാത്ത പ്രതിഷേധം ഹലാല്‍ ഫുഡുകള്‍ക്കെതിരെ പ്രത്യക്ഷപ്പെടുന്നതിന്റെ രാഷ്ട്രീയം സുതരാം വ്യക്തമല്ലേ?
ജാതിഭേദ, മതദ്വേഷം ഏതുമേ കൂടാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ രാഷ്ട്രത്തിന്റെ  സൃഷ്ടി സ്വപ്‌നം കണ്ട മഹാനായ ശ്രീനാരായണ ഗുരുവിന്റെ ജന്മനാട്, മതവിദ്വേഷത്തിന്റെ വിളനിലമാക്കി മാറ്റി, നൂറ്റാണ്ടുകളായി നാം കാത്തുസൂക്ഷിച്ചുപോരുന്ന സാമുദായിക മൈത്രിയും സാഹോദര്യ ചിന്തകളും തച്ചുതകര്‍ക്കാന്‍ ഹീനശ്രമം നടത്തുന്ന ശിഥില ശക്തികള്‍ക്കെതിരെ മതേതര സൗഹൃദ കേരളം ഒന്നിച്ചുനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യ താല്‍പര്യമായി മാറിയിരിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌