Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയം ദിശാ സൂചന

''പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കിയപ്പോള്‍ 'മോദി യുഗ'ത്തെ തന്നെ താന്‍ റദ്ദാക്കിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുക കൂടിയാണ് ചെയ്തത്. മോദികാലം റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേന്ദ്ര ഭരണകൂടം പിന്തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് ആഞ്ഞൊരടി വെച്ചുകൊടുക്കുകയായിരുന്നു കര്‍ഷക പ്രക്ഷോഭം... പ്രധാനമന്ത്രി കര്‍ഷക സമരം പൊളിക്കാനായി സകല അടവുകളും പുറത്തെടുത്തു. ചിലപ്പോഴതിനെ ഖലിസ്ഥാനി എന്ന് വിളിച്ചു; മറ്റു ചിലപ്പോള്‍ മാവോവാദി എന്നു വിളിച്ചു നോക്കി. എല്ലാം തുന്നം പാറി. അദ്ദേഹം നടത്തുന്നത് മുഴുവന്‍ വ്യാജപ്രോപ്പഗണ്ടയാണെന്ന് ജനത്തിന് ബോധ്യമായി. ഈ ഫാഷിസ്റ്റ് ഭരണത്തെയും താഴെയിറക്കാമെന്ന് ഈ പ്രക്ഷോഭം ജനത്തിന് ആത്മവിശ്വാസമേകി. ഇതാണ് പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ വിജയം. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളെല്ലാം അവ തിരികെ പിടിക്കാന്‍ തെരുവിലിറങ്ങേണ്ടതുണ്ട്.'' കര്‍ഷക പ്രക്ഷോഭ നേതാക്കളില്‍ പ്രമുഖനായ രാജീന്ദര്‍ സിംഗ് ദേബ് സിംഗ് വാല ദഅ്‌വത്ത് വാരികക്ക് നല്‍കിയ അഭിമുഖത്തി(2021 നവംബര്‍ 25)ല്‍നിന്നുള്ളതാണ് ഈ വാക്കുകള്‍. ഈ കരിനിയമങ്ങള്‍ യാതൊരു ചര്‍ച്ചയും കൂടാതെയാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസ്സാക്കിയെടുത്തത്. ചര്‍ച്ച അനുവദിക്കാതെ അതിന്റെ സ്രഷ്ടാക്കള്‍ക്കു തന്നെ ആ മൂന്ന് ജനദ്രോഹ നിയമങ്ങളെയും ചവറ്റു കൊട്ടയിലെറിയേണ്ട ഗതികേടുമുണ്ടായി. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇത്തരമൊരു 'കടുത്ത തീരുമാനം' ബി.ജെ.പിയെ കൊണ്ട് എടുപ്പിച്ചതെന്ന് വ്യക്തം. കരിനിയമങ്ങളിലെ കര്‍ഷകവിരുദ്ധതയൊന്നുമല്ല അവരെ മാറിച്ചിന്തിപ്പിച്ചത്. അതിനാല്‍തന്നെ കോര്‍പറേറ്റ് പാചകശാലയില്‍ ചുട്ടെടുത്ത ഇത്തരം കരിനിയമങ്ങള്‍ പ്രക്ഷോഭമൊന്ന് തണുക്കുന്ന മുറക്ക് വേഷം മാറി പ്രത്യക്ഷപ്പെടുമെന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കുണ്ട്. അതിനാലാണ് അവര്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുന്നത്. മിനിമം താങ്ങു വിലയ്ക്ക് ഗ്യാരന്റി ലഭിക്കാന്‍ നിയമനിര്‍മാണം നടത്തുക, വൈദ്യുതി നിയമത്തിന്റെ കരട് പിന്‍വലിക്കുക, കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുക, കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായ എഴുന്നൂറിലേറെ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങളുണ്ട് കര്‍ഷകര്‍ക്ക്. ആ പ്രശ്‌നങ്ങളില്‍ കൂടി തീരുമാനമാകാതെ പ്രക്ഷോഭരംഗത്തു നിന്ന് പിന്മാറില്ലെന്നാണ് പ്രക്ഷോഭ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പാസ്സാക്കിയെടുത്ത കരിനിയമങ്ങളുടെ വിശേഷണമായി  'പരിഷ്‌കരണം' (Reform) എന്ന് ചേര്‍ത്തത് വെറുതയെല്ല. ആ വാക്ക് ധ്വനിപ്പിക്കുന്ന പോസിറ്റീവായ അര്‍ഥങ്ങളൊന്നും രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ അതിനില്ല എന്ന് മനസ്സിലാക്കണം.  പൊതുമേഖല മാത്രമല്ല, കര്‍ഷകന്റെ ഭൂമി വരെ കുത്തകകള്‍ക്ക് കൈമാറാനുള്ള കോര്‍പറേറ്റ് പദ്ധതിക്കാണ് അധികാരികള്‍ 'പരിഷ്‌കരണം' എന്നു പറയുക. നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍ സിംഗ് ധനകാര്യമന്ത്രിയുമായിരുന്നപ്പോഴാണ് അതിന് തുടക്കം കുറിച്ചത്. 'ഘടനാപരമായ പരിഷ്‌കരണങ്ങള്‍' (Structural Reforms) എന്നായിരുന്നു അതിനിട്ട പേര്. ഈയൊരു മുതലാളിത്ത അജണ്ടയുടെ നടത്തിപ്പുകാര്‍ മാത്രമായിരുന്നു ശേഷമുള്ള ഭരണകൂടങ്ങള്‍. അതിനാല്‍ ജനപക്ഷത്തു നിന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകളത്രയും അവഗണിക്കപ്പെട്ടു. കര്‍ഷക ക്ഷേമവും പരിസ്ഥിതി സംരക്ഷണവുമൊക്കെ ലക്ഷ്യമിട്ട് സമര്‍പ്പിക്കപ്പെട്ട സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ പതിനാറ് വര്‍ഷമായി ഒരു ഭരണകൂടവും താല്‍പര്യം കാണിക്കുന്നില്ല. അതിനാല്‍ പി. സായ്‌നാഥിനെപ്പോലുള്ള കര്‍ഷകരെ സ്‌നേഹിക്കുന്ന  മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറയുന്നത്, ഒരു സ്വതന്ത്ര കിസാന്‍ കമീഷന്‍ രൂപവത്കരിക്കണമെന്നാണ്. അതൊരിക്കലും ഭരണകൂടത്തിന്റെ ചൊല്‍പ്പടിയിലായിരിക്കരുത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. കാര്‍ഷിക മേഖലയിലെ പ്രമുഖരെയൊക്കെ അതില്‍ ഉള്‍പ്പെടുത്തണം. ആ സമിതി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി ഭരണകൂടങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കണം. നടപ്പാക്കാനാവുമെങ്കില്‍ നല്ലൊരു നിര്‍ദേശം തന്നെയാണിത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌