Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

സര്‍വമത സത്യവാദമോ?

എഫ്.ആര്‍ ഫരീദി

എല്ലാ മതങ്ങളും ഒരുപോലെ സത്യമാണെന്ന് വാദിക്കുന്നത് ഇന്നൊരു ഫാഷനാണല്ലോ. വ്യത്യസ്ത മതങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ കുറച്ചു കൊണ്ടുവരാനാണ് ഇത്തരമൊരു വാദഗതി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇസ്‌ലാമും മറ്റു മതങ്ങളും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്ന് സ്ഥാപിക്കുകയാണ് ഇതിന്റെ പ്രധാന ഉന്നം. എല്ലാ മതങ്ങളെയും ഇല്ലാതാക്കുക എന്നത് അതിന്റെ അന്തിമ ഉന്നവും. മതങ്ങള്‍ അവയുടെ ഇന്നത്തെ അവസ്ഥയില്‍ ഒന്നാണെന്ന അഭിപ്രായം ഇസ്‌ലാമിനില്ല. മതങ്ങള്‍ അടിസ്ഥാനപരമായി ഒരേ ധര്‍മങ്ങളാണ് പങ്കുവെക്കുന്നതെന്നും അനുഷ്ഠാനങ്ങളില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നുമുള്ള വാദവും ഇസ്‌ലാമിന് സ്വീകാര്യമല്ല.
എല്ലാ വേദപ്രോക്ത മതങ്ങളും, ആ ഗണത്തില്‍ പെട്ടിട്ടില്ലാത്ത മതങ്ങളും ഒരേ സ്രോതസ്സില്‍നിന്ന് ഉത്ഭവിച്ചതാണ് എന്നതാണ് ഇസ്‌ലാമിക വീക്ഷണം. പക്ഷേ, കാലം പിന്നിട്ടപ്പോള്‍ പലതരം അബദ്ധധാരണകളും ആ മതങ്ങളില്‍ കടന്നുകൂടി. ആ മതങ്ങളെ സ്വീകരിച്ചിരുന്ന സമൂഹങ്ങള്‍ അവയില്‍ അവരുടെ വിചിത്ര ഭാവനകളും ജല്‍പനങ്ങളും കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഇന്ന് നാം കാണുന്ന മിക്ക മതങ്ങളും അവയുടെ യഥാര്‍ഥ സ്വരൂപത്തില്‍നിന്ന് പല രീതിയില്‍ വികൃതമാക്കപ്പെട്ടവയാണ്. ഇസ്‌ലാമിന് മാത്രമാണ് അതിന്റെ തനതായ രൂപവും ഉള്ളടക്കവും നിലനിര്‍ത്താനായത്. മനുഷ്യര്‍ക്കതിനെ വികലപ്പെടുത്താനോ സ്വന്തം വക അതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കാനോ സാധിച്ചിട്ടില്ല. ഈയൊരു പ്രത്യേകതയാണ് ഇസ്‌ലാമിനെ വേറിട്ടുനിര്‍ത്തുന്നത്.
അപ്പോള്‍ ദൈവത്തിലേക്കുള്ള ഇസ്‌ലാമിന്റെ ക്ഷണം, ഓരോ മതത്തോടും ആത്മപരിശോധന നടത്താനുള്ള ആഹ്വാനം കൂടിയാണ്. ഓരോ മതത്തിന്റെയും ഇന്നുള്ള രൂപമാണോ അതിന്റെ യഥാര്‍ഥ സ്വരൂപം എന്ന് അന്വേഷിക്കേണ്ടതുണ്ട്. അത്തരമൊരു അന്വേഷണം നടത്തുന്ന പക്ഷം യഥാര്‍ഥ സന്ദേശത്തെയും ദൗത്യത്തെയും കണ്ടെത്താന്‍ പ്രയാസമുണ്ടാവുകയില്ല. ഈ നിലക്കുള്ള പഠനവും അന്വേഷണവുമാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. ഓരോ മനുഷ്യനും തന്റെ സ്രഷ്ടാവിനെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമാകണമെന്ന് ഓരോ വിശ്വാസിയും അതിയായി ആഗ്രഹിക്കുന്നതുകൊണ്ട് കൂടിയാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ അവന്‍ യത്‌നിക്കുന്നത്. ഈ ലോകത്തും പരലോകത്തുമുള്ള മനുഷ്യകുലത്തിന്റെ മുക്തി ഇസ്‌ലാമിലൂടെ മാത്രമേ സാധ്യമാകൂ എന്നാണല്ലോ ഓരോ മുസ്‌ലിമിന്റെയും ദൃഢവിശ്വാസം.
എല്ലാ മനുഷ്യരും ആദം-ഹവ്വ സന്തതികളുടെ കുടുംബത്തില്‍ പെടുന്നവരായതുകൊണ്ട്, ദൈവികസന്ദേശം നിരസിക്കുകയോ മനഃപൂര്‍വം അവഗണിക്കുകയോ വഴി ആ കുടുംബത്തിലെ ഒരാള്‍ക്കും അപകടം പിണയരുതെന്ന് ഓരോ മുസ്‌ലിമും ആഗ്രഹിക്കും. ഈ ആപത്തിനെ തടുക്കാന്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സംരക്ഷണകവചമൊരുക്കും. ഈ പ്രവൃത്തിക്കാണ് ദൈവത്തിലേക്കുള്ള ക്ഷണം (ദഅ്‌വത്ത്) എന്നു പറയുന്നത്. മുസ്‌ലിമിന്റെ ജീവിതദൗത്യമാണിത്. ഈ ദൗത്യനിര്‍വഹണത്തില്‍ മുസ്‌ലിം വീഴ്ചവരുത്തുന്നത് ദൈവത്തിന്റെ അതൃപ്തിക്ക് കാരണമാകും.
അപ്പോള്‍ ജനങ്ങളുടെ കാഴ്ചപ്പാടും മനോഭാവവും മാറ്റാന്‍ യത്‌നിക്കുകയെന്നത്, ദൈവിക കല്‍പനകള്‍ക്കൊത്ത് ജീവിതം മാറ്റിപ്പണിയാന്‍ അവരെ സഹായിക്കുക എന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സയുക്തികമായി സംവദിച്ചുകൊണ്ട് അവരെ കാര്യം ബോധ്യപ്പെടുത്തുകയാണ് അതിനുള്ള വഴിയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
''ദൈവിക പാതയിലേക്ക് ജനങ്ങളെ ക്ഷണിക്കുക, സയുക്തികമായും സദുപദേശങ്ങള്‍ നല്‍കിയും; ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവദിക്കുക'' (16:125).
''നബിയേ, താങ്കളെ നാം അയച്ചിരിക്കുന്നു: സാക്ഷിയായി, സന്തോഷ വാര്‍ത്ത അറിയിക്കുന്നവനായി, മുന്നറിയിപ്പുകാരനായി, അല്ലാഹുവിന്റെ അനുമതി പ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനായി, ജ്വലിക്കുന്നൊരു വിളക്കായി'' (33:45,46).
ഉള്ള അവസ്ഥകള്‍ അപ്പടി നിലനിര്‍ത്തുകയല്ല (Statusquo), ശരിയായ ദിശയിലേക്കുള്ള മാറ്റം തന്നെയാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. അതിനര്‍ഥം ബഹുസ്വര സമൂഹങ്ങളില്‍ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചുകൊണ്ട് ഈ ദൗത്യം നിര്‍വഹിക്കണം എന്നല്ല. സാമൂഹിക നിര്‍മാണ പ്രക്രിയയില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കണം എന്നുമല്ല. ഈ രണ്ട് ആത്യന്തിക നിലപാടുകളും ജനങ്ങളുടെ മനസ്സും മസ്തിഷ്‌കവും മാറ്റാന്‍ ഗുണകരമല്ല.
(ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ബഹുസ്വരതയും ഇന്ത്യന്‍ മുസ്‌ലിംകളും' എന്ന കൃതിയില്‍നിന്ന്)


 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌