Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

ശാസ്ത്രമാണോ ആത്യന്തിക സത്യം?

ഡോ. വി.സി സയ്യൂബ് / സുഹൈറലി തിരുവിഴാംകുന്ന്‌

മലപ്പുറം ജില്ലയിലെ വാഴയൂരില്‍നിന്നും സമുദ്രശാസ്ത്ര ഗവേഷണരംഗത്ത് സജീവമായ യുവപ്രതിഭയാണ് ഡോ. വി.സി സയ്യൂബ്. നാട്ടിലെ ബിരുദ-ബിരുദാനന്തര പഠനത്തിനു ശേഷം ചെന്നൈ ഐ.ഐ.ടിയിലെ (IIT Madras) സമുദ്ര എഞ്ചിനീയറിംഗ് വിഭാഗത്തില്‍നിന്ന് പ്രഫ. പളനിസാമി ഷണ്‍മുഖത്തിന്റെ മേല്‍നോട്ടത്തില്‍ ഡോക്ടറേറ്റ് നേടി. നിലവില്‍ ഫ്രാന്‍സിലെ ലിറ്റൊറല്‍ ഒപാല്‍ കോസ്റ്റ് യൂനിവേഴ്‌സിറ്റിയില്‍ (University of the Littoral Opal Coast) റിസര്‍ച്ച് എഞ്ചിനീയറായി സമുദ്രശാസ്ത്രമേഖലയില്‍ ഗവേഷണം നടത്തുകയാണ്. സമുദ്രങ്ങള്‍, തടാകങ്ങള്‍, നദികള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയുമായുള്ള പ്രകാശത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളെ കുറിച്ചാണ് (Optical Oceanography) ഗവേഷണം. ഔദ്യോഗിക പഠനമേഖലക്കൊപ്പം, സയ്യൂബ് സജീവമായി ഇടപെടുന്ന മേഖലയാണ് സയന്‍സിന്റെ ഫിലോസഫി. പ്രബോധനം വാരികയുമായി സയ്യൂബ് സംവദിക്കുന്നു.

ശാസ്ത്രത്തെ സത്യത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും മാനദണ്ഡമായി ഉയര്‍ത്തിക്കാണിക്കുകയാണ് നവനാസ്തികതയുടെ വക്താക്കള്‍ ചെയ്യാറുള്ളത്. യഥാര്‍ഥത്തില്‍ ശാസ്ത്രം ആത്യന്തിക സത്യമാണോ?

എങ്ങനെയാണ് പൊതുവില്‍ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ രൂപീകരിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ ലളിതമായ ഒരു ഉദാഹരണത്തിലൂടെ നമുക്ക് ശ്രമിക്കാം. നമ്മുടെ മുമ്പില്‍ അറ്റം കാണാന്‍ കഴിയാത്തത്ര എണ്ണം പെട്ടികള്‍ ഇങ്ങനെ നിരത്തിയിട്ടിരിക്കുകയാണെന്നു വിചാരിക്കുക. നമ്മള്‍ അതില്‍ ഒരു പത്തു പെട്ടി തുറന്നുനോക്കി അതില്‍ ആപ്പിളുകള്‍ കണ്ടു. അപ്പോള്‍ നമ്മള്‍ മനസ്സില്‍ ഒരു പരികല്‍പന (Hypothesis) രൂപപ്പെടുത്തി, ഈ കാണുന്ന പെട്ടികളിലെല്ലാം ആപ്പിളുകളാണെന്ന്. പിന്നീട് നമ്മള്‍ ആ പരികല്‍പനയെ ടെസ്റ്റ്‌ചെയ്യാന്‍ വീണ്ടും ഒരു അമ്പത് പെട്ടികള്‍ തുറന്നു നോക്കി. അതിലും ആപ്പിളുകള്‍ കണ്ടു. അപ്പോള്‍ നമ്മള്‍ ആ പരികല്‍പനയെ ഒരു തിയറിയായി അവതരിപ്പിച്ചു. പിന്നെ അതിനെ ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു പത്തുപെട്ടികള്‍ കൂടി തുറന്നു നോക്കിയപ്പോള്‍ അതിലും കണ്ടത് ആപ്പിള്‍. ഇവിടെ നമ്മുടെ സിദ്ധാന്തം ഒരു അംഗീകൃത ശാസ്ത്രസിദ്ധാന്തം പോലെയായി മാറി. ഇന്‍ഡക്ടീവ് റീസണിംഗ് എന്ന ലോജിക്കാണ് ഈ ഉദാഹരണത്തിലൂടെ നാം മനസ്സിലാക്കിയത്.
പക്ഷേ നമ്മളിപ്പോള്‍ ആകെ തുറന്നുനോക്കിയത് എഴുപതു പെട്ടികള്‍ മാത്രമാണ്. പക്ഷേ എഴുപത്തിയൊന്നാമത്തെ പെട്ടി തുറന്നു നോക്കിയാല്‍ അതില്‍ ആപ്പിളിന് പകരം ഓറഞ്ച് ആയിക്കൂടേ? ആവാം. ഇത് ഇന്‍ഡക്ടീവ് റീസണിംഗിന്റെ ഒരു പരിമിതിയാണ്. അടുത്ത ഒരു തുറന്നു നോക്കല്‍ നിലവിലുള്ള തിയറിയെ, അല്ലെങ്കില്‍ ഫാക്ട് എന്ന് കരുതപ്പെടുന്ന സംഗതിയെത്തന്നെ പാടേ മാറ്റിമറിച്ചേക്കാം. ഇതാണ് ഇന്‍ഡക്ടീവ് റീസണിംഗ് ഉപയോഗിച്ചുള്ള ജ്ഞാനസമ്പാദനത്തിന്റെ സ്വഭാവം. 
പക്ഷേ എഴുപതു പെട്ടികള്‍ മാത്രം തുറന്നു നോക്കി, അറ്റമില്ലാത്തത്രയും പെട്ടികളുടെ ഉള്ളില്‍ ആപ്പിള്‍ ആണെന്ന് അനുമാനിക്കാന്‍ സാധിച്ചു എന്നത് ഇന്‍ഡക്ടീവ് റീസണിംഗിന്റെ സൗന്ദര്യവുമാണ്. അത് സൗന്ദര്യമാവുന്നത്, കുറഞ്ഞ ഒബ്‌സര്‍വേഷന്‍ വഴി പ്രപഞ്ചത്തെ കുറിച്ച്, അതിന്റെ പ്രവര്‍ത്തനത്തെകുറിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നു എന്നതുകൊണ്ടാണ്. കുറഞ്ഞ ഒബ്‌സര്‍വേഷനുകള്‍ വഴി മനുഷ്യജീവിതത്തിന് ഉപകാരപ്രദമായ സാങ്കേതികവിദ്യകളിലേക്ക് നയിക്കുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നു.
സയന്‍സില്‍ പൊതുവില്‍ ഉപയോഗിക്കുന്നത് ഈയൊരു രൂപത്തിലുള്ള ഇന്‍ഡക്ടീവ് റീസണിംഗ് എന്ന ലോജിക്കാണ്. ഇന്‍ഡക്ടീവ് റീസണിം ഗ് വഴി രൂപപ്പെടുത്തിയ പൊതുതത്ത്വങ്ങളില്‍നിന്ന് ഡിഡക്ടീവ് റീസണിംഗ് വഴി നിഗമനങ്ങള്‍ നിര്‍ധാരണം ചെയ്യാമെങ്കിലും അടിസ്ഥാനപരമായി സയന്‍സ് ഇന്‍ഡക്ടീവ് റീസണിംഗ് തന്നെയാണ് ഉപയോഗിക്കുന്നത്. അതിനാല്‍, ഏറ്റവും പ്രായോഗികമായ ഒരു ജ്ഞാന സമ്പാദനമാര്‍ഗമാണെങ്കിലും ശാസ്ത്രീയ നിഗമനങ്ങളെ ആത്യന്തിക സത്യവും കൃത്യതയുമായി (Certainty) മനസ്സിലാക്കിക്കൂടാത്തതാണ്. 

പക്ഷേ ശാസ്ത്രമേഖലയില്‍ തന്നെ ഇനിയൊരിക്കലും മാറാന്‍ സാധ്യതയില്ലാത്ത ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതകളില്ലേ?

സയന്‍സിലെ നിലവിലുള്ള ഒരു തിയറിയും അന്തിമമല്ല എന്നതാണ് യാഥാര്‍ഥ്യം. അടുത്ത ഒരു ഒബ്‌സര്‍വേഷന്‍ നിലവിലുള്ള തിയറിയെ മാറ്റിമറിക്കാനുള്ള സാധ്യത എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നു. ഈയൊരു മാറ്റത്തിനുള്ള സാധ്യത ഓരോ തിയറിയിലും ഏറിയും കുറഞ്ഞുമിരിക്കും എന്നല്ലാതെ തീര്‍ത്തും ഇല്ലാതാകുന്നില്ല. ഐന്‍സ്റ്റീന്‍ പറഞ്ഞതായി അറിയപ്പെടുന്ന ഒരു വാക്യമുണ്ട്; '...ഒരു സിദ്ധാന്തത്തിന്റെ പരമാര്‍ഥം (Truth) ഒരിക്കലും തെളിയിക്കാന്‍ (Prove) കഴിയില്ല; ആ സിദ്ധാന്തത്തിന്റെ അനന്തരഫലങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഭാവിയില്‍ അനുഭവവേദ്യമാകുമോ എന്ന് ആര്‍ക്കും അറിയില്ല....' അതായത് ഒരു തിയറിയും സയന്‍സില്‍ അന്തിമമല്ല; ഗണിതശാസ്ത്രത്തിലെ പോലെ കൃത്യമായി തെളിയിക്കപ്പെടുകയുമില്ല. പൊതുവായി പറഞ്ഞാല്‍ സയന്‍സില്‍ ഓരോ പരീക്ഷണവും ആ തിയറിയിലുള്ള നമ്മുടെ വിശ്വാസം(Confidence) വര്‍ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ, അന്തിമമായി പ്രൂവ് ചെയ്യുന്നില്ല. 
മാത്ത്മാറ്റിക്‌സിലെ ഒരു തിയറി എന്നത് രണ്ടായിരം വര്‍ഷം മുമ്പ് നോക്കിയാലും ഇനി രണ്ടായിരം വര്‍ഷം കഴിഞ്ഞ് നോക്കിയാലും സാധുവായിരിക്കും. കാരണം അത് പ്രൂവ് ചെയ്യപ്പെടുന്നു എന്നതുതന്നെ. എന്നാല്‍ സയന്‍സില്‍ അങ്ങനെ ഒന്നില്ല. 
ഇന്‍ഡക്ടീവ് റീസണിംഗ് ഉപയോഗിക്കുന്നതിനാല്‍ തന്നെ സയന്‍സ് ഒന്നിനെയും 'പ്രൂവ്' ചെയ്യുന്നില്ല. മാത്ത്മാറ്റിക്‌സിലും ലോജിക്കിലും ഒക്കെ ചെയ്യുന്നപോലെ അന്തിമമായ ഒരു 'പ്രൂഫ്' എന്നത് സയന്‍സില്‍ ഇല്ല. ഇന്‍ഡക്ടീവ് ലോജിക് എന്നത് നേരത്തേ വിശദീകരിച്ചപോലെത്തന്നെ സത്യമാകാന്‍ സാധ്യതയുണ്ട് എന്ന ഒരു തലത്തില്‍ മാത്രമേ നമുക്ക് കണ്‍ക്ലൂഷന്‍ നല്‍കുകയുള്ളൂ. മാത്ത്മാറ്റിക്‌സില്‍ ഉപയോഗിക്കുന്ന ഡിഡക്ടീവ് ലോജിക്, പ്രിമൈസുകള്‍ ശരിയാണെങ്കില്‍, 100 ശതമാനം ഉറപ്പോടെ യുക്തിപരമായി പ്രൂവ് ചെയ്യുന്ന രീതിയിലാണ്. 

സാധാരണ ഗതിയില്‍ ഒരു കാര്യത്തിന്റെ സത്യാവസ്ഥയും വസ്തുതയും വ്യക്തമാക്കാന്‍ ശാസ്ത്രീയമായ തെളിവുകളുണ്ട്, ശാസ്ത്രീയമായി തെളിഞ്ഞുകഴിഞ്ഞതാണ് എന്നെല്ലാം പറയാറുണ്ടല്ലോ. അപ്പോള്‍ അതിനൊന്നും പ്രസക്തിയില്ലേ?

എവിഡന്‍സ് എന്നതും പ്രൂഫ് എന്നതും മലയാളത്തില്‍ പൊതുവില്‍ തെളിവ് എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്. എവിഡന്‍സ് എന്നതിന്റെയും പ്രൂഫ് എന്നതിന്റെയും വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ഒരു ഹൈപോതസിസിനു കൂടുതല്‍ സാധ്യത നല്‍കുന്ന ഒരു വിവരം (Piece of Information) ആണ് എവിഡന്‍സ്. എന്നാല്‍ പ്രൂഫ് എന്ന് പറഞ്ഞാല്‍ ഒരു പ്രസ്താവനയെ കൃത്യതയോടെ, ഉറപ്പോടെ സ്ഥാപിക്കുന്ന യുക്തിപരമായ വാദമോ തെളിവോ ആണ്. പ്രൂഫ് എന്നത് 100 ശതമാനം ഉറപ്പാണ്, എന്നാല്‍ എവിഡന്‍സ് എന്നത് ശക്തമായ സൂചന മാത്രമാണ്. സയന്‍സില്‍ പ്രൂഫ് ഇല്ല, എവിഡന്‍സുകളാണ് ഉള്ളത്.
സയന്‍സ് നിങ്ങള്‍ക്ക് തെളിവുകള്‍ (Evidences) നല്‍കുക മാത്രം ചെയ്യുന്നു. സയന്‍സില്‍ Deductive Logic (യുക്തിപരമായി ഉറപ്പോടെ പ്രൂവ് ചെയ്യുന്ന രീതി) ഉപയോഗിക്കുന്നതു പോലും നേരത്തേ ഇന്‍ഡക്ടീവ് ലോജിക്കിലൂടെ രൂപീകരിച്ച പൊതുതത്ത്വങ്ങളില്‍നിന്ന് ഒരു പ്രത്യേക കണ്‍ക്ലൂഷന്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. അതിനാല്‍തന്നെ അവിടെ പൊതുതത്ത്വം അസന്ദിഗ്ധം(Certain) അല്ലാത്തതുകൊണ്ട് അനുമാനവും അങ്ങനെത്തന്നെയായിരിക്കും.

സയന്‍സിന്റെ കണ്ടുപിടിത്തങ്ങള്‍ ആത്യന്തിക സത്യമെന്ന നിലയില്‍ ആണല്ലോ നമ്മള്‍ വിദ്യാലയങ്ങളില്‍നിന്നൊക്കെ പഠിക്കുന്നത്?

നേരത്തേ പറഞ്ഞ കാരണങ്ങളാല്‍ തന്നെ സയന്‍സ് ഒരിക്കലും ആത്യന്തിക സത്യമല്ല; അത് മാറിക്കൊണ്ടിരിക്കുന്ന, നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അറിവുകളാണ്. ഏതെങ്കിലും ശാസ്ത്ര കണ്ടെത്തലുകളെ ആത്യന്തിക സത്യമായി കാണുന്നവര്‍ സയന്‍സ് എന്താണെന്ന് മനസ്സിലാക്കാത്തവരും ശാസ്ത്രാവബോധം ഇല്ലാത്തവരുമാണ്. അത്തരം വാദങ്ങള്‍ സയന്‍സിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും. കാരണം ആത്യന്തിക സത്യമാണ് ഇപ്പോഴുള്ള ഒരു തിയറി എന്ന് വാദിച്ചുകഴിഞ്ഞാല്‍ പിന്നെ ഗവേഷണങ്ങള്‍ക്ക് സാധ്യത ഇല്ലാതായല്ലോ. അത്തരം ഡോഗ്മാറ്റിക് ചിന്തകള്‍ക്ക് സയന്‍സില്‍ സ്ഥാനമില്ല എന്നു പറഞ്ഞ ശാസ്ത്ര ദാര്‍ശനികനാണ് കാള്‍ പോപ്പര്‍ (Karl Popper).


ഒരു സയന്റിസ്റ്റിന് 'ഫിലോസഫി' 
ആവശ്യമുണ്ടോ?
ഒരു സയന്റിസ്റ്റ് സയന്‍സ് ഫിലോസഫിയെ കുറിച്ച് ചിന്തിക്കണമെന്നില്ല; എന്നിരുന്നാലും തന്റെ പഠനമേഖലയുമായി ബന്ധപ്പെടുത്തി ആര്‍ജിച്ചെടുത്ത അനുഭവസമ്പത്തിലൂടെ ഒരു സയന്റിസ്റ്റ്, സയന്‍സ് ഫിലോസഫി തന്നെയാണ് ആവിഷ്‌കരിക്കുന്നത്; അതിനെ കുറിച്ച് പ്രത്യേകം ചിന്തിച്ചില്ലെങ്കിലും. എന്താണ് ശാസ്ത്രീയ രീതി (Scientific Method) എന്ന് നിര്‍വചിക്കുന്നതും സയന്‍സും സ്യൂഡോ സയന്‍സും വേര്‍തിരിക്കുന്നതുമെല്ലാം സയന്‍സ് ഫിലോസഫിയുടെ ഭാഗമാണ്. തെളിവുകളില്‍(Evidences) നിന്ന് എങ്ങനെ അനുമാനങ്ങളിലേക്കെത്താം എന്നത് നിര്‍ണയിക്കുന്നതും സയന്‍സ് ഫിലോസഫിയാണ്. കാള്‍ പോപ്പറിനെയും തോമസ് കുങിനെയുമൊക്കെ(ഠവീാമ െഗൗവി) അവഗണിച്ചുകൊണ്ട് നമുക്ക് സയന്‍സിനെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ല.


കേരളത്തിലെ യുക്തിവാദികളും നിരീശ്വരവാദികളും പൊതുവെ ശാസ്ത്രത്തിന്റെ വക്താക്കളായി ചമഞ്ഞ്, മതവിശ്വാസികളെല്ലാം ശാസ്ത്രത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരാണെന്ന് ആരോപിക്കുന്നവരാണല്ലോ? 

യുക്തിവാദം എന്നത് യുക്തി (Logic and Reasoning) ഉപയോഗിച്ച് അറിവ് നേടുന്ന ജ്ഞാനശാസ്ത്രപരമായ (Epistemology) ഒരു സമീപന രീതിയാണ്. എന്നാല്‍ കേരളത്തില്‍ പലരും അതിനെ നാസ്തികതയുടെ പര്യായപദമായി തെറ്റായി ധരിച്ചുവെച്ചിരിക്കുന്നു; മതവിശ്വാസികള്‍ പോലും ഈയൊരു തെറ്റ് വരുത്തുന്നു. അതേസമയം, ഇന്നത്തെ മിക്ക നാസ്തികരും ഈ ഒരു ജ്ഞാനശാസ്ത്രപരമായ സമീപനത്തെ എതിര്‍ക്കുന്നവരാണ് എന്നതാണ് വസ്തുത. ശാസ്ത്രമാത്രവാദം എന്നത് യുക്തിവാദത്തിന്റെ നേര്‍വിപരീതമാണ്. 
ആധുനിക കാലഘട്ടത്തില്‍ ശാസ്ത്രവിജ്ഞാനം മനുഷ്യജീവിതത്തില്‍ കൊണ്ടുവന്ന വിസ്മയകരമായ മാറ്റങ്ങള്‍ കാരണം ആളുകള്‍ക്ക് ശാസ്ത്രത്തോട് മതിപ്പുണ്ട്. ഇത് മുതലെടുത്തുകൊണ്ട് തങ്ങളാണ് ശാസ്ത്രത്തിന്റെ ആളുകള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് നാസ്തികര്‍. അതേസമയം, സയന്‍സ് വെല്ലുവിളികള്‍ നേരിട്ട മുന്‍കാലങ്ങളില്‍, സയന്‍സ് ഇന്നത്തെ സയന്‍സ് ആകുന്നതു വരെയുള്ള കാലത്ത് വിജ്ഞാനം മാത്രം ലക്ഷ്യമാക്കി സയന്‍സിനെ മുന്നോട്ടു നയിച്ചത് മതവിശ്വാസികളാണെന്നു കാണാനാകും. ഇന്നും ഭൂരിഭാഗം ശാസ്ത്രജ്ഞരും വിശ്വാസികള്‍ തന്നെയാണ്.
എന്നാല്‍ ശാസ്ത്രമാത്രവാദം ഉയര്‍ത്തിയാണ് ഇന്നത്തെ നാസ്തികത പലപ്പോഴും മുന്നോട്ടുപോകുന്നത്. ശാസ്ത്രമാത്രവാദം വളരെ അശാസ്ത്രീയമായ കാഴ്ചപ്പാടാണ്. ആ വാദമുയര്‍ത്തുന്നവരെ ശാസ്ത്രത്തിന്റെ ആളുകള്‍ എന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

മതവിശ്വാസികള്‍ക്ക് പൊതുവില്‍ ശാസ്ത്രം മതത്തിനെതിരാണെന്ന ധാരണയുണ്ട്. അത് ശാസ്ത്രത്തോടുള്ള സമീപനങ്ങളില്‍ കാണാറുമുണ്ട്. ആ നിലക്ക് ശാസ്ത്രത്തോടുള്ള സമീപനങ്ങളില്‍ വല്ല തിരുത്തും 
വേണ്ടതുണ്ടോ?

ഒന്നുകില്‍ സയന്‍സ് അല്ലെങ്കില്‍ മതം എന്ന വാദം ഒരു ന്യായവൈകല്യ(False Dilemma)മാണ്. സയന്‍സ് എന്നത് പരീക്ഷണനിരീക്ഷണങ്ങള്‍ക്കു വിധേയമായ ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് (Empirically Observable Universe). മതത്തിന്റെ കേന്ദ്രമേഖലയാകട്ടെ, മനുഷ്യന്റെ ധാര്‍മികതയും ജീവിതവീക്ഷണവുമൊക്കെയാണ്. ധാര്‍മികത നിശ്ചയിക്കാന്‍ സയന്‍സിനു കഴിയില്ല. സയന്‍സും സാങ്കേതികവിദ്യയും ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ഉണ്ടാക്കാം; പക്ഷേ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നത് വസ്തുനിഷ്ഠമായി തെറ്റാണ് എന്ന് പറയാന്‍ സയന്‍സിനു കഴിയില്ല. പാവപ്പെട്ട ഒരു വിദ്യാര്‍ഥിക്ക് മൊബൈല്‍ ഫോണ്‍ സംഭാവന നല്‍കുന്നത് വസ്തുനിഷ്ഠമായി പുണ്യമാണ് എന്ന് പറയാനും സയന്‍സിനു കഴിയില്ല. അതൊക്കെ സയന്‍സിന്റെ അന്വേഷണപരിധിക്കു പുറത്തുള്ള കാര്യങ്ങളാണ്. 
മുസ്‌ലിം സമൂഹം ശാസ്ത്രഗവേഷണ മേഖലയിലേക്ക് കൂടുതല്‍ സംഭവനകളര്‍പ്പിക്കേണ്ടതുണ്ട്. ചരിത്രപരമായി മുസ്‌ലിം സമുദായം ശാസ്ത്രപുരോഗതിക്ക് നല്‍കിയ സംഭാവനകളുടെ തുടര്‍ച്ച ഇടക്കെപ്പോഴോ മുറിഞ്ഞുപോ യത്/തണുത്തുപോയത്, തിരുത്തേണ്ടതുണ്ട്. ഒപ്റ്റിക്‌സിന്റെ പിതാവെന്നും ആധുനിക ശാസ്ത്രീയരീതിയുടെ വഴികാട്ടിയെന്നും അറിയപ്പെടുന്ന ഇബ്‌നുല്‍ ഹൈതമിനെ പോലെയുള്ളവരുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സമുദായത്തിന് ബാധ്യതയുണ്ട്. മനുഷ്യകുലത്തിനു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട സമുദായമാണ് മുസ്‌ലിംകള്‍ എന്നാണ് ഖുര്‍ആനികാധ്യാപനം. ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്റെ കണ്ണീരൊപ്പാന്‍ ശാസ്ത്രം വലിയൊരു ഉപകരണമായി വര്‍ത്തിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. വാണിജ്യതാല്‍പര്യങ്ങള്‍ക്കപ്പുറം സാമൂഹിക താല്‍പര്യങ്ങള്‍ മുന്‍-നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ കൂടുതല്‍ നടക്കാന്‍ അത്തരം താല്‍പര്യങ്ങളുള്ളവര്‍ കൂടുതലായി ഈ മേഖലയിലേക്ക് കടന്നുവരണം. മനുഷ്യജീവിതത്തെ കൂടുതല്‍ ലളിതമാക്കാന്‍ സയന്‍സിന് ഇനിയും കഴിയും. ഗവേഷണ ഫണ്ടിംഗിനും ലോക മുസ്‌ലിം സമൂഹം വളരെയധികം മുന്നോട്ടുവരണം. ആശാവഹമായ ചില സൂചനകള്‍ ഗള്‍ഫ് മേഖലയില്‍നിന്ന് കാണുന്നു എന്നത് സന്തോഷകരമാണ്.

താങ്കളുടെ ഗവേഷണമേഖല സമുദ്രപഠനങ്ങളാണല്ലോ. കേരളത്തില്‍ ഈയിടെ നടന്ന ഒരു സംവാദത്തില്‍, സമുദ്രാന്തര്‍ ഭാഗത്തേക്ക് പോകുന്നതിനനുസരിച്ച് പ്രകാശത്തില്‍ സംഭവിക്കുന്ന വ്യതിയാനത്തെ കുറിക്കുന്ന ഖുര്‍ആന്‍ സൂക്തമായിരുന്നുവല്ലോ പ്രധാന ചര്‍ച്ചാ വിഷയം. താങ്കളുടെ വീക്ഷണമറിയാന്‍ താല്‍പര്യമുണ്ട്.
ഖുര്‍ആന്‍ അത് തിരിച്ചറിഞ്ഞവരെ സംബന്ധിച്ച് പരമമായ സത്യമാണ്. ശാസ്ത്രത്തിന്റെ സ്വഭാവം നമ്മള്‍ നേരത്തേ വിവരിച്ചതുപോലെത്തന്നെ ക്ഷണികവും നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ്. അതിനാല്‍തന്നെ ശാസ്ത്രത്തെ ഉപയോഗിച്ച് അത്തരമൊരു ഗ്രന്ഥത്തെ വാലിഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് യുക്തിസഹമല്ല. അതേസമയം ഖുര്‍ആന്റെ ഭാഷാപരമായ അത്ഭുതങ്ങളില്‍ ഒന്നാണ് അത് ഏതൊരു കാലഘട്ടത്തിലെ മനുഷ്യനുമായും അവന്റെ ഭൗതികമായ നിരീക്ഷണങ്ങളുടെ തലത്തില്‍ നിന്നുകൊണ്ടു തന്നെ സംവദിക്കുന്നു എന്നത്. ഭാഷാപരമായ നാനാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുക എന്നത് സാധ്യമാണ്. എന്നാല്‍ ആ നാനാര്‍ഥങ്ങള്‍ ഒരിക്കലും അനന്തമാവില്ലല്ലോ. ഒരു വാക്കിന് അല്ലെങ്കില്‍ വാചകത്തിന് നിര്‍ണിതമായ കുറച്ച് അര്‍ഥങ്ങള്‍ മാത്രമേ സാധ്യമാവൂ. എന്നാല്‍ അത്തരം അര്‍ഥങ്ങള്‍ കൊണ്ട് എല്ലാ കാലഘട്ടത്തിലെയും മനുഷ്യരോട് ഖുര്‍ആനിന് സംവദിക്കാന്‍ സാധിക്കുന്നു എന്നുള്ളതും; അതത് കാലഘട്ടത്തിലെ അറിവുകളെ മുന്നില്‍വെച്ചു കൊണ്ടു തന്നെ ഖുര്‍ആനെ മനുഷ്യന് ആസ്വദിക്കാന്‍ സാധിക്കുന്നു എന്നുള്ളതും ഖുര്‍ആന്റെ അത്ഭുതമാണ്. 
പ്രകാശം സമുദ്രജലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പലവിധ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുകയും അഫോറ്റിക്‌സോണ്‍ എന്നറിയപ്പെടുന്ന പാളിയില്‍ എത്തുമ്പോഴേക്കും ഏറക്കുറെ പൂര്‍ണമായി ഇരുട്ടാവുകയും ചെയ്യുന്നുവെന്ന് ആധുനിക ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സമുദ്രത്തിലെ പ്രകാശസഞ്ചാരത്തെ കുറിച്ച് കൂടുതല്‍ പ്രതിപാദിക്കുന്ന ഒരു അഭിമുഖം കോണിസന്‍സ് എന്ന യൂട്യൂബ് ചാനലില്‍ ലഭ്യമാണ് (https://youtu.be/cuMvWMGyFXo).

സമുദ്രപഠനത്തിന് പുതിയ കാലഘട്ടത്തിലുള്ള പ്രസക്തി എന്താണ്? 

ഭൂമിയുടെ നിലനില്‍പ്പില്‍ വളരെയധികം പ്രാധാന്യമുണ്ട് സമുദ്രങ്ങള്‍ക്ക്. ഭൂമിയുടെ ഉപരിതലത്തില്‍ 71 ശതമാനവും സമുദ്രമാണ്. പാരിസ്ഥിതിക സന്തുലിതത്വത്തിലും ജൈവ നിലനില്‍പ്പിലും ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും ടൂറിസത്തിലും ഭക്ഷ്യസുരക്ഷയിലുമൊക്കെ വളരെയധികം പ്രാധാന്യമുള്ളവയാണ് സമുദ്രങ്ങള്‍. ശാന്തസമുദ്രത്തിന്റെ മുകളില്‍നിന്ന് സാറ്റലൈറ്റ് വഴി ഭൂമിയെ നോക്കിയാല്‍ ഏറെക്കുറെ കടല്‍ മാത്രമേ കാണൂ. 
ചൊവ്വാ ഗ്രഹത്തെ മനുഷ്യരാശി മനസ്സിലാക്കിയ അത്രപോലും, ഭൂമിയില്‍ തന്നെയുള്ള സമുദ്രത്തിന്റെ അടിത്തട്ടിനെ കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. കടല്‍വെള്ളത്തിലുള്ള സൂക്ഷ്മ സസ്യങ്ങളായ പൈറ്റോപ്ലാങ്ക്ടണുകള്‍ (Phytoplanktons) അദൃശ്യവനം (Invisible Forest) ആയി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല പ്രകാശ സംശ്ലേഷണം (Photosynthesis) പരിഗണിച്ചാല്‍, കരയിലുള്ള കാടുകളുടെ അത്ര തന്നെയോ അതിലേറെയോ വ്യാപ്തി ഇത്തരം അദൃശ്യവനങ്ങള്‍ക്കുണ്ട്. നമ്മള്‍ ശ്വസിക്കുന്ന ഓക്‌സിജന്‍ സസ്യങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. അതില്‍ പകുതിയോളം വരുന്നത് കടലില്‍നിന്നാണ് എന്നത് ജിജ്ഞാസയുണര്‍ത്തുന്ന ഒരു അറിവായേക്കാം. ചില പഠനങ്ങള്‍ പ്രകാരം ഇത് എണ്‍പത് ശതമാനത്തോളം വരെ വരുന്നത് കടലില്‍നിന്നാണ്. 
email Id: sayoob@gmail.com)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌