Prabodhanm Weekly

Pages

Search

2012 മെയ് 5

പ്രവാചകന്റെയും സച്ചരിത ഖലീഫമാരുടെയും മാതൃക

മൌലാനാ മൌദൂദി

ഭൂവുടമസ്ഥതയുടെ പ്രശ്നങ്ങള്‍-2

പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയും കാലത്തെ ഭൂസ്വത്ത് ക്രമീകരണം എങ്ങനെയെന്ന് മനസ്സിലാക്കാന്‍, ഇസ്ലാമിക വാഴ്ചയുടെ കീഴില്‍ വരുന്ന ഭൂമിയെ നാലായി തിരിച്ചിരുന്നു എന്ന് അറിയണം.
1. ഭൂവുടമ ഇസ്ലാം സ്വീകരിച്ച ഭൂമി
2. ഭൂവുടമകള്‍ ഇസ്ലാം സ്വീകരിച്ചിട്ടില്ല. അവര്‍ അവരുടെ പഴയ വിശ്വാസങ്ങള്‍ തന്നെ തുടരുകയാണ്. എന്നാല്‍ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക ഭരണകൂടവുമായി അവര്‍ സഖ്യം സ്ഥാപിച്ചിട്ടുണ്ട്.
3. ഭൂവുടമകള്‍ ആയുധ പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തപ്പെട്ട ഭൂമി.
4. ആരുടെയും ഉടമസ്ഥതയിലല്ലാത്ത ഭൂമി.
ഈ ഓരോ ഇനം ഭൂമിയുടെയും കാര്യത്തില്‍ പ്രവാചകനും സച്ചരിതരായ ഖലീഫമാരും എന്ത് നിലപാട് സ്വീകരിച്ചു എന്ന് നോക്കാം.

ഒന്നാമത്തെ ഇനം
ഇതുമായി ബന്ധപ്പെട്ട നിലപാടിന് അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ഈ പ്രവാചക വചനങ്ങളാണ്: "ഇസ്ലാം സ്വീകരിച്ച ജനത്തിന്റെ രക്തവും സ്വത്തും സുരക്ഷിതമായി'' (അബൂദാവൂദ്, കിതാബുല്‍ ഖറാജ്, അധ്യായം: ഇഖ്ത്വാഉല്‍ അര്‍ദീന). "ഇസ്ലാം സ്വീകരിക്കുമ്പോള്‍ ഒരാള്‍ക്ക് എന്തൊക്കെയുണ്ടോ അതൊക്കെ അയാളുടേത് തന്നെ'' (അബൂ ഉബൈദ്: കിതാബുല്‍ അംവാല്‍).
സ്ഥാവര ജംഗമ സ്വത്തുക്കള്‍ക്കൊക്കെ ബാധകമായ തത്ത്വമാണിത്. കാര്‍ഷിക സ്വത്തും കാര്‍ഷികേതര സ്വത്തും തമ്മിലും വ്യത്യാസമില്ല. ഹദീസുകള്‍ പരിശോധിച്ചാല്‍ ഇസ്ലാം സ്വീകരിച്ച ഒരാളുടെയും സ്വത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ ഇടപെട്ടിരുന്നില്ല എന്ന് വ്യക്തമാകും. ഉടമസ്ഥത ഉറപ്പിക്കുന്ന രേഖകളും അയാള്‍ക്ക് കൈമാറിയിരുന്നു. ഈ വിഷയത്തിലുള്ള ഇസ്ലാമിക വീക്ഷണം ഇമാം അബൂയൂസുഫ് ഇങ്ങനെ വിവരിക്കുന്നു.
"ജനം ഇസ്ലാം സ്വീകരിച്ച് കഴിഞ്ഞാല്‍ അവരുടെ രക്തം ചിന്തല്‍ അനുവദനീയമല്ല. ഇസ്ലാം സ്വീകരിക്കുന്ന ഘട്ടത്തില്‍ അവരുടെ കൈവശമുണ്ടായിരുന്ന സ്വത്തിന്റെ ഉടമസ്ഥത അവര്‍ക്ക് തന്നെയായിരിക്കും. ഉടമസ്ഥതക്ക് രേഖകളും ലഭിക്കും. 'ഉശ്രി ഭൂമി' (ഉല്‍പന്നത്തിന്റെ പത്തിലൊന്ന് (ഉശ്റ്) ഗവണ്‍മെന്റിന് നല്‍കണമെന്ന വ്യവസ്ഥ)യായി അത് പ്രഖ്യാപിക്കപ്പെടും. മദീനക്കാര്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ അവരോട് പ്രവാചകന്‍ ഈ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ത്വാഇഫിലെയും ബഹ്റൈനിലെയും ജനങ്ങളോടും ഇതേ നിലപാട് തന്നെ. ബദുക്കള്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ അവര്‍ കൈവശം വെച്ചിരുന്ന ഭൂമിയും ജലസ്രോതസ്സുകളും അവര്‍ക്ക് തന്നെ നല്‍കുകയാണ് പ്രവാചകന്‍ ചെയ്തത്. ആ 'ഉശ്രിഭൂമി'യില്‍ നിന്ന് അവരെ ഇറക്കിവിടാന്‍ അനുവാദമില്ല. ആ ഭൂമി വില്‍ക്കാം, അതില്‍ കച്ചവടം ചെയ്യാം. ഉടമ മരിച്ചാല്‍ അനന്തരാവകാശികള്‍ക്ക് ആ ഭൂമി ലഭിക്കുകയും ചെയ്യും'' (കിതാബുല്‍ ഖറാജ്, പേജ് 35).
ഇസ്ലാമിക സാമ്പത്തിക നിയമങ്ങളിലെ മറ്റൊരു മഹാ പണ്ഡിതന്‍ ഇമാം അബൂഉബൈദ് ഖാസിമുബ്നു സലാം പറയുന്നു: "പ്രവാചകന്റെയും ശേഷമുള്ള സച്ചരിതരായ ഖലീഫമാരുടെയും പൈതൃകം പരിശോധിച്ചാല്‍ മൂന്ന് തരം ഭൂനിയമങ്ങള്‍ നമുക്ക് കാണാവുന്നതാണ്. ഉടമ ഇസ്ലാം സ്വീകരിച്ച ഭൂമിയെക്കുറിച്ച നിയമമാണ് ഒന്ന്. ഇസ്ലാം സ്വീകരിച്ചപ്പോള്‍ അവര്‍ക്ക് എത്ര ഭൂമിയുണ്ടോ അതൊക്കെ അവരുടേത് തന്നെയായിരിക്കും. പക്ഷേ, ഭൂമി 'ഉശ്രി'യായി പ്രഖ്യാപിക്കപ്പെടും. ഈ പത്തിലൊന്ന് അല്ലാതെ മറ്റൊരു നികുതിയും ഈ സ്വത്തിന് ബാധകമല്ല'' (കിതാബുല്‍ അംവാല്‍, പേജ് 55).
അദ്ദേഹം തുടരുന്നു: "മദീന, ത്വാഇഫ്, യമന്‍, ബഹ്റൈന്‍ തുടങ്ങിയ നാടുകളിലെ ആളുകള്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ സ്വത്തിന്റെ ഉടമസ്ഥത അവര്‍ക്ക് ഉറപ്പാക്കിയിരുന്നു. മക്ക ജയിച്ചടക്കാന്‍ പ്രവാചകന് ബലപ്രയോഗം വേണ്ടി വന്നെങ്കിലും അദ്ദേഹം അവിടത്തെ ജനങ്ങളോട് അനുകമ്പ കാണിക്കുകയും അവര്‍ക്ക് പൊതുമാപ്പ് നല്‍കുകയുമാണ് ചെയ്തത്. അവരുടെ സ്വത്തുക്കള്‍ യുദ്ധമുതലുകളായി അദ്ദേഹം പ്രഖ്യാപിച്ചില്ല. അവരുടെ സ്വത്തുക്കള്‍ അവരില്‍ തന്നെ നിലനിര്‍ത്തി. അവര്‍ പിന്നീട് മുസ്ലിംകളായപ്പോള്‍ മദീന, ത്വാഇഫ് പോലുള്ള പ്രദേശങ്ങളില്‍ സ്വീകരിച്ച അതേ നിലപാട് തന്നെ ഇവിടെയും സ്വീകരിച്ചു. ഉടമസ്ഥത നിലനിര്‍ത്തി അവയെ ഉശ്രി ഭൂമിയിയായി പ്രഖ്യാപിച്ചു'' (പേജ് 512).
സാദുല്‍ മആദ് എന്ന കൃതിയില്‍ അല്ലാമാ ഇബ്നുല്‍ ഖയ്യിം എഴുതുന്നു: "ഒരാള്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ എന്തൊക്കെ കൈവശമുണ്ടോ അതൊക്കെ അയാളില്‍ തന്നെ സ്ഥിരപ്പെടുത്തുക. ഇതായിരുന്നു പ്രവാചകന്റെ രീതി. ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് അയാള്‍ ആ സ്വത്ത് എങ്ങനെ നേടി എന്ന് നോക്കിയിരുന്നില്ല. മുമ്പുള്ള അതേ നിലയില്‍ അവയെല്ലാം അയാളുടെ ഉടമസ്ഥതയില്‍ തന്നെയായിരിക്കും'' (വാള്യം 2, പേജ് 96).
ഇത് സര്‍വാംഗീകൃതമായ ഒരു പൊതു തത്ത്വമായിരുന്നു. ഇതിന് അപവാദമായ ഒരു സംഭവം പോലും പ്രവാചകന്റെയോ ഖുലഫാഉര്‍റാശിദുകളുടെയോ കാലത്ത് നാം കാണുന്നില്ല.

രണ്ടാമത്തെ ഇനം
ഇസ്ലാം സ്വീകരിച്ചില്ലെങ്കിലും ഇസ്ലാമിക ഭരണത്തെ സ്വമേധയാ അംഗീകരിച്ച് അതുമായി രമ്യതയില്‍ കഴിയുന്ന വിഭാഗങ്ങള്‍. ഇവരുമായുണ്ടാക്കിയ മുഴുവന്‍ കരാറുകളും പാലിക്കണമെന്ന് പ്രവാചകന്‍ കര്‍ശനമായ നിര്‍ദേശം നല്‍കുകയുണ്ടായി. ഈ പ്രവാചക വചനങ്ങള്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ ഒരു ജനവിഭാഗവുമായി യുദ്ധത്തിലേര്‍പ്പെടാന്‍ ഇടവന്നു, അവര്‍ മുന്നോട്ട് വന്ന് തങ്ങളുടെയും കുടുംബങ്ങളുടെയും ജീവന്‍ സംരക്ഷിക്കുന്നതിന് പകരമായി നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നു, നിങ്ങള്‍ അവരുമായി സന്ധിയിലാവുകയും ചെയ്യുന്നു. എങ്കില്‍ സമാധാനക്കരാര്‍ പ്രകാരമുള്ളതല്ലാതെ യാതൊന്നും അവരില്‍നിന്ന് ഈടാക്കാന്‍ പാടുള്ളതല്ല. അധികമായി ഈടാക്കുന്നത് നിയമവിരുദ്ധമാണ്'' (അബൂദാവൂദ്, ഇബ്നുമാജ).
"ഓര്‍ത്തുകൊള്ളുക. കരാറിലേര്‍പ്പെട്ട അമുസ്ലിം പൌരനെ പീഡിപ്പിക്കുകയോ കരാര്‍ പ്രകാരമുള്ള അവന്റെ അവകാശങ്ങള്‍ കുറച്ച് നല്‍കുകയോ, താങ്ങാവുന്നതിലപ്പുറം അവനെ ഭാരം വഹിപ്പിക്കുകയോ, അവന്റെ അനുവാദമില്ലാതെ അവന്റേതായ വല്ലതും എടുത്തു മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ അന്ത്യനാളില്‍ ഞാന്‍ സ്വയം തന്നെ സാക്ഷി പറയും.''
നജ്റാന്‍, ഐല, അസ്റുആത്ത്, ഹജര്‍ പോലുള്ള നാടുകളുമായും/ ഗോത്രങ്ങളുമായും പ്രവാചകന്‍ കരാറുകള്‍ ഉണ്ടാക്കിയപ്പോള്‍ അവരുടെ ഭൂമിയും വ്യവസായ സ്ഥാപനങ്ങളും കച്ചവട വസ്തുക്കളുമെല്ലാം അവരില്‍ തന്നെ നിലനിര്‍ത്തുകയാണ് ചെയ്തത്. സമാധാനക്കരാര്‍ പ്രകാരമുള്ള നികുതി മാത്രമേ അവരില്‍ നിന്ന് ഈടാക്കിയിരുന്നുള്ളൂ. സച്ചരിതരായ ഖലീഫമാരുടെ മാതൃകയും അതു തന്നെയായിരുന്നു. ഇറാഖ്, ശാം, അല്‍ജസീറ, ഈജിപ്ത്, അര്‍മീനിയ തുടങ്ങി സമാധാനക്കരാറിലൂടെ കീഴടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വത്ത് വഹകളൊന്നും തന്നെ ഭരണകൂടം ഏറ്റെടുക്കുകയുണ്ടായില്ല. കരാര്‍ പ്രകാരമുള്ള നിശ്ചിത നികുതി ചുമത്തുക മാത്രമാണ് ചെയ്തത്. ഉമറുബ്നുല്‍ ഖത്വാബിന്റെ ഭരണകാലത്ത് ചില പൊതു താല്‍പര്യങ്ങള്‍ പരിഗണിച്ച് നജ്റാനിലെ ജനങ്ങളെ സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ നജ്റാനില്‍ അവര്‍ക്കുണ്ടായിരുന്ന അതേയളവ് പുരയിടവും കൃഷിഭൂമിയും പുതിയ വാസസ്ഥലത്തും അവര്‍ക്ക് നല്‍കുകയുണ്ടായി. എന്ന് മാത്രമല്ല, കൃഷിയില്ലാതെ കിടക്കുന്ന ഭൂമി അവര്‍ക്ക് കൂടുതലായി നല്‍കാനും ഉമര്‍ തന്റെ സിറിയയിലെയും ഇറാഖിലെയും ഗവര്‍ണര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കുകയുമുണ്ടായി (അബൂ ഉബൈദ -കിതാബുല്‍ അംവാല്‍, പേജ് 189).
പ്രവാചകന്റെയോ ഖുലഫാഉര്‍റാശിദുകളുടെയോ ഭരണകാലത്ത് ഇതിന് വിരുദ്ധമായ ഒരു സംഭവം പോലും നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതിനാല്‍ ഈ നിയമത്തെ സംബന്ധിച്ചും ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമാണ്. ഈ നിയമത്തെക്കുറിച്ച് ഇമാം അബൂയൂസുഫ് തന്റെ കിതാബുല്‍ ഖറാജില്‍ ഇങ്ങനെ എഴുതുന്നു: "ഏതൊരു ജനവിഭാഗവും മുസ്ലിം നേതൃത്വവുമായി സമാധാനക്കരാര്‍ ഉണ്ടാക്കുകയും അത് പ്രകാരമുള്ള നികുതി നല്‍കുകയും ചെയ്തുവോ എങ്കില്‍ ആ ജനവിഭാഗങ്ങള്‍ സവിശേഷ സുരക്ഷയുള്ളവരായി (ദിമ്മി) കണക്കാക്കപ്പെടും. നികുതി ബാധകമാകുന്ന ഭൂമിയായിരിക്കും അവരുടേത്. കരാര്‍ പ്രകാരമുള്ള നികുതി എത്രയാണോ അതേ ഈടാക്കാന്‍ പാടുള്ളൂ. ആ കരാര്‍ എല്ലാ നിലക്കും ആദരിക്കപ്പെടണം. അതില്‍ പറഞ്ഞതില്‍ അധികമായ ഒന്നും തന്നെ ചുമത്താന്‍ പാടില്ല'' (കിതാബുല്‍ ഖറാജ്, പേജ് 35).

മൂന്നാമത്തെ ഇനം
അവസാന ശ്വാസം വരെ മുസ്ലിം സൈന്യത്തോട് ഏറ്റുമുട്ടുകയും ഒടുവില്‍ കീഴടങ്ങുകയും ചെയ്ത ആളുകളുടെ സ്വത്തുവഹകള്‍ പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയും ഭരണകാലത്ത് മൂന്ന് രീതിയിലാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്.
ഒന്ന്, മക്ക കീഴടക്കിയപ്പോള്‍ പ്രവാചകന്‍ സ്വീകരിച്ച നിലപാട്. മുഴുവന്‍ മക്കാ നിവാസികള്‍ക്കും പ്രവാചകന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയാണുണ്ടായത്. കീഴടക്കപ്പെട്ട ആ ജനതയുടെ ജീവനും സ്വത്തിനും പരിപൂര്‍ണ സുരക്ഷയും നല്‍കി. ഇക്കാര്യം നേരത്തെ നാം പരാമര്‍ശിച്ചിട്ടുണ്ട്. ജനങ്ങളെ അവരുടെ സ്വത്തിന്റെ ഉടമസ്ഥതയില്‍നിന്ന് നീക്കുകയുണ്ടായില്ല. പിന്നീട് അവര്‍ വിശ്വാസികളായപ്പോള്‍ ഉല്‍പന്നങ്ങളുടെ പത്തിലൊന്ന് കൊടുക്കണമെന്ന വ്യവസ്ഥയില്‍ അവരുടെ ഭൂമിയെ 'ഉശ്രി'യായി പ്രഖ്യാപിക്കുകയും ചെയ്തു.
രണ്ട്, ഖൈബര്‍ യുദ്ധാനന്തരം പ്രവാചകന്‍ സ്വീകരിച്ച നിലപാട്. ഈ സന്ദര്‍ഭത്തില്‍ കീഴടക്കപ്പെട്ട പ്രദേശം 'യുദ്ധമുതല്‍' ആയി പ്രഖ്യാപിക്കുകയായിരുന്നു. മുമ്പുണ്ടായിരുന്ന ഉടമസ്ഥതകളെ അസാധുവാക്കി. ഈ സ്വത്തുവഹകളില്‍ ഒരു ഭാഗം 'അല്ലാഹുവിനും റസൂലിനും' നീക്കിവെച്ചു. ബാക്കി ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കിടയില്‍ വിതരണംചെയ്തു. ഖൈബര്‍ പടയാളികള്‍ക്ക് ഉടമസ്ഥാവകാശവും ലഭിച്ചു. ഉല്‍പന്നത്തിന്റെ പത്തിലൊന്ന് അവര്‍ നികുതിയായി കൊടുക്കണമെന്നും വ്യവസ്ഥ ചെയ്തു (അബൂഉബൈദ്-കിതാബുല്‍ അംവാല്‍, പേജ് 513).
മൂന്ന്, ഇറാഖിലും സിറിയയിലും പിന്നീട് കീഴടക്കപ്പെട്ട എല്ലാ പ്രദേശങ്ങളിലും ഉമറുബ്നുല്‍ ഖത്താബ് സ്വീകരിച്ച നിലപാട്. കീഴടക്കപ്പെട്ട ഭൂമി പട്ടാളക്കാര്‍ക്കിടയില്‍ വീതിച്ചുകൊടുക്കുന്നതിന് പകരം ഉമര്‍ അത് പൊതുസ്വത്തായി പ്രഖ്യാപിച്ചു. മൊത്തം മുസ്ലിം സമൂഹത്തിന് വേണ്ടി ഭരണകൂടം ആ ഭൂമി ഏറ്റെടുത്തു. അതേസമയം ഭൂമിയുടെ പഴയ ഉടമസ്ഥരെ അതില്‍ നിന്ന് ഒഴിപ്പിച്ചുമില്ല. കപ്പം/ജിസ്യ നല്‍കണമെന്ന വ്യവസ്ഥയില്‍ അവരെ നിലനിര്‍ത്തി. ഈ കപ്പം മുസ്ലിം സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയാണ് നീക്കിവെച്ചത്. തത്ത്വത്തില്‍ ഈ ഭൂമി മുസ്ലിം സമൂഹത്തിന് അവകാശപ്പെട്ടതാണ് എന്ന ന്യായത്തിലായിരുന്നു ഈ തീരുമാനം.
പൊതു ഉടമസ്ഥത എന്ന ആശയമല്ലേ ഉമര്‍ ഇവിടെ പ്രയോഗവത്കരിച്ചത് എന്ന് ചിലരെങ്കിലും സംശയിച്ചേക്കാന്‍ ഇടയുണ്ട്. പക്ഷേ, വിഷയം സൂക്ഷ്മമായി പഠിച്ചാല്‍ കമ്യൂണിസം മുന്നോട്ടുവെക്കുന്ന പൊതു ഉടമസ്ഥതയുമായി ഇതിന് യാതൊരു സാദൃശ്യവുമില്ല എന്ന് വ്യക്തമാവും. ഇതിനൊരു ചരിത്രപശ്ചാത്തലമുണ്ട്. ഈജിപ്ത്, സിറിയ, ഇറാഖ് പോലുള്ള വിശാല ഭൂപ്രദേശങ്ങള്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ വന്നപ്പോള്‍ സുബൈര്‍, ബിലാല്‍ പോലുള്ള സ്വഹാബികള്‍, ഖൈബറിലെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ഭൂമി പട്ടാളക്കാര്‍ക്ക് വീതം വെച്ച് നല്‍കണമെന്ന് ഖലീഫ ഉമറിനോട് ആവശ്യപ്പെട്ടു. ഉമര്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞു. അലി, ഉസ്മാന്‍, ത്വല്‍ഹ, മുആദ്ബ്നു ജബല്‍ പോലുള്ള പ്രമുഖ സ്വഹാബികളും ഉമറിന്റെ ഈ തീരുമാനത്തെ പിന്തുണച്ചു. ഇതിന്റെ ന്യായമെന്ത്? ഇവ്വിഷയകമായി ഇവര്‍ക്കിടയില്‍ നടന്ന ചര്‍ച്ചയില്‍ കാര്യമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്. മുആദുബ്നു ജബല്‍(റ) പറഞ്ഞു: "താങ്കള്‍ ഈ ഭൂമി വീതം വെച്ചാല്‍, അല്ലാഹുവാണ, അതിന്റെ പരിണതി താങ്കള്‍ ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കില്ല. ഈ വിശാല കൃഷിഭൂമിയൊന്നാകെ പട്ടാളക്കാരുടെ കൈവശമാകും. ഈ പട്ടാളക്കാര്‍ മരിച്ചാല്‍ അനന്തരവകാശികള്‍ ചിലപ്പോള്‍ അവരുടെ വിധവകളായിരിക്കും, അല്ലെങ്കില്‍ അവരുടെ മക്കള്‍. ഇസ്ലാമിക രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കാനായി പിന്നെ വരുന്ന പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ഭരണകൂടത്തിന്റെ കൈവശം ഒന്നുമുണ്ടാകില്ല. അതിനാല്‍ ഇപ്പോഴുള്ളവര്‍ക്കും ഇനി വരാന്‍ പോകുന്ന തലമുറകള്‍ക്കും പ്രയോജനകരമായ ഒരു നിലപാട് താങ്കള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.''
അലി(റ) പറഞ്ഞു: "ഇപ്പോള്‍ ആ ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ അവിടെത്തന്നെ തുടരട്ടെ. അവര്‍ മുസ്ലിം സമൂഹത്തിന് സാമ്പത്തിക പിന്‍ബലമായി നിലകൊണ്ടേക്കാം.''
തുടര്‍ന്ന് ഉമര്‍(റ) പ്രഖ്യാപിച്ചു: "വരുന്ന തലമുറക്ക് ഒരു വിഹിതവും ബാക്കി വെക്കാതെ ഞാനെങ്ങനെയാണ് നിങ്ങള്‍ക്ക് ഭൂമി വിതം വെച്ചു തരിക?...ശേഷം വരുന്നവര്‍ക്ക് ഒന്നും വേണ്ടെന്നാണോ? .... ഇനി ഞാനങ്ങനെ വീതിച്ച് തന്നാല്‍ തന്നെ വെള്ളത്തിന് (ജലസേചനം) വേണ്ടി നിങ്ങള്‍ ശണ്ഠ കൂടുമെന്നും ഞാന്‍ ഭയപ്പെടുന്നു.''
ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന തീരുമാനം, ഭൂമി അവയുടെ പഴയ ഉടമസ്ഥര്‍ തന്നെ കൈവശം വെക്കട്ടെ എന്നായിരുന്നു. അവരെ ദിമ്മികളായി പ്രഖ്യാപിച്ച് നിശ്ചിത വിഹിതം അവരില്‍ നിന്ന് ഈടാക്കും. അത് പൊതു മുസ്ലിം സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി വിനിയോഗിക്കും. ഇറാഖ് ഗവര്‍ണര്‍ സഅ്ദുബ്നു അബീ വഖാസിനെ ഉമര്‍ ഈ തീരുമാനം അറിയിച്ചത് ഇപ്രകാരമായിരുന്നു: "യുദ്ധമുതലുകളെന്ന നിലക്ക് സൈനികര്‍ കൊണ്ടുവന്ന ജംഗമ സ്വത്തുക്കള്‍ താങ്കള്‍ സൈനിക നീക്കങ്ങളില്‍ പങ്കാളികളായാവര്‍ക്കിടയില്‍ തന്നെ വിതരണം ചെയ്യുക. കൃഷിഭൂമിയും കനാലുകളും അവയില്‍ ജോലി ചെയ്യുന്നവരുടെ കൈകളില്‍ തന്നെ ഇരിക്കട്ടെ. അതില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മുസ്ലിം ഭടന്മാര്‍ക്ക് ശമ്പളം നല്‍കാം. സൈന്യത്തിലുള്ളവര്‍ക്ക് മാത്രമായി നാമീ ഭൂമിയും കനാലുകളുമൊക്കെ വിതരണം ചെയ്താല്‍ വരുംതലമുറക്ക് ഒന്നും തന്നെ അവശേഷിച്ചിരിപ്പുണ്ടാവില്ല'' (വിശദാംശങ്ങള്‍ക്ക് നോക്കുക. കിതാബുല്‍ ഖറാജ്, പേജ് 20,21, കിതാബുല്‍ അംവാല്‍, 57-63).
അതായത് കീഴടക്കപ്പെട്ട ഈ പ്രദേശങ്ങളുടെ ഉടമസ്ഥത മുസ്ലിം സമൂഹത്തിന് തന്നെയായിരുന്നു. അവര്‍ക്ക് വേണ്ടി ഭരണകൂടം അതിന്റെ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുന്നുവെന്ന് മാത്രം. ആ ഭൂമിയില്‍ കൃഷി ചെയ്യുന്ന അതിന്റെ പഴയ ഉടമസ്ഥരെ കുടിയാന്മാര്‍ എന്ന നിലയിലാണ് കണ്ടിരുന്നെങ്കിലും, ഫലത്തില്‍ അത് പഴയ ഉടമസ്ഥതക്ക് തുല്യം തന്നെയായിരുന്നു. പഴയ എല്ലാ അവകാശങ്ങളും അവര്‍ക്കതില്‍ ലഭിച്ചിരുന്നു. മുസ്ലിംകളോ ഭരണകൂടമോ ഭൂനികുതിയല്ലാതെ മറ്റൊന്നും അവര്‍ക്ക് മേല്‍ ചുമത്തിയിരുന്നുമില്ല*. വില്‍ക്കാനും അനന്തരമെടുക്കാനുമൊക്കെയുള്ള അവകാശങ്ങളും അവര്‍ക്ക് നല്‍കി. ആ നിയമവശങ്ങള്‍ ഇമാം അബൂയൂസുഫ് ഇങ്ങനെ വിശദമാക്കുന്നു: "ശക്തി പ്രയോഗിച്ച് കീഴടക്കിയ പ്രദേശങ്ങളിലെ ഭൂമി തന്റെ സൈനികര്‍ക്കിടയില്‍ വീതിച്ചുകൊടുക്കാന്‍ ഭരണാധികാരിക്ക് അവകാശമുണ്ട്. അങ്ങനെയാവുമ്പോള്‍ ഭൂമിയുടെ വരുമാനത്തിന്റെ പത്തിലൊന്ന് ഖജനാവിനുള്ളതാണ്. ഇനി, ഭൂമി ഇങ്ങനെ വിതരണംചെയ്യുന്നത് ശരിയല്ലെന്ന് തോന്നുന്ന പക്ഷം പഴയ ഭൂഉടമസ്ഥരില്‍ തന്നെ- ഉമര്‍(റ) ഇറാഖില്‍ ചെയ്തതു പോലെ- ഭൂമി നിലനിര്‍ത്താനും ഭരണാധികാരിക്ക് സ്വാതന്ത്യ്രമുണ്ട്. അപ്പോഴതിന് ഭൂനികുതി (ഖറാജ്) കൊടുക്കേണ്ടിവരും. ഇങ്ങനെ തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ ആ ഭൂമി പിടിച്ചെടുക്കാന്‍ ഭരണാധികാരിക്ക് പാടുള്ളതല്ല. പഴയ ഉടമസ്ഥരില്‍ തന്നെയാകും അതിന്റെ പ്രമാണരേഖകള്‍ ഉണ്ടാവുക. അത് അവര്‍ക്ക് വില്‍ക്കാം, അനന്തരമെടുക്കാം. ഖറാജിനപ്പുറമുള്ള താങ്ങാനാവാത്ത നികുതിയൊന്നും അവരില്‍ കെട്ടിയേല്‍പ്പിക്കരുത്'' (കിതാബുല്‍ ഖറാജ്, പേജ് 35,36).

നാലാമത്തെ ഇനം
ആരുടെയും ഉടമസ്ഥതയിലല്ലാത്ത ഭൂമി, അല്ലെങ്കില്‍ ഉടമസ്ഥത കാലഹരണപ്പെട്ട് പോയ ഭൂമി. ഇതാണ് നാലാമത്തെ ഇനം. ഇത്തരം നിലങ്ങള്‍ പ്രധാനമായും രണ്ടു തരമാണ്.
ഒന്ന്, കൃഷിയില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഭൂമി (മവാത്ത്). ഇതിന്റെ ഉടമസ്ഥന്‍ ചിലപ്പോള്‍ മരിച്ചുപോയതാവാം. അല്ലെങ്കില്‍ ഉടമസ്ഥനേ ഉണ്ടായിരുന്നിരിക്കില്ല. അങ്ങനെ കാട് മൂടി ചളി കെട്ടിനില്‍ക്കുന്ന നിലമായി മാറിയതാകാം.
രണ്ട്, പൊതുസ്വത്തായി പ്രഖ്യാപിക്കപ്പെട്ട ഭൂമി (ഖാലിസ്വ). ഇത് പലയിനമുണ്ട്. എ). ഉടമസ്ഥര്‍ ഗവണ്‍മെന്റിനെ തിരിച്ചേല്‍പിക്കുന്ന ഭൂമി. ഗവണ്‍മെന്റിന് അത് ഇഷ്ടാനുസാരം ഉപയോഗിക്കാം. ഇബ്നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്യുന്നു: "പ്രവാചകന്‍ തിരുമേനി മദീനയിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ജലസേചനം നടത്താന്‍ കഴിയാത്ത നിലങ്ങള്‍ അന്‍സ്വാറുകള്‍ പ്രവാചകനെ ഏല്‍പിക്കുകയുണ്ടായി; ആ ഭൂമിയില്‍ യുക്തമായത് ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ട്'' (കിതാബുല്‍ അംവാല്‍, 282). ബി). ഉടമസ്ഥരെ ഒഴിപ്പിച്ച ശേഷം ഗവണ്‍മെന്റ് ഏറ്റെടുക്കുന്ന ഭൂമി. മദീന പരിസരത്തുള്ള ബനൂ നളീര്‍ ഗോത്രത്തിന്റെ ഭൂമി (പ്രവാചകന്റെ കാലത്ത്) ഏറ്റെടുത്തത് ഉദാഹരണം. സി). ജയിച്ചടക്കിയ പ്രദേശങ്ങളില്‍ ഭരണകൂടം സ്റേറ്റ് വക സ്വത്തായി പ്രഖ്യാപിക്കുന്നവ. കൈസര്‍ രാജാവും അയാളുടെ മറ്റു കുടുംബക്കാരും സ്വന്തമാക്കി വെച്ചിരുന്ന ഇറാഖിലെ ഭൂമി ഉദാഹരണം. യുദ്ധത്തില്‍ വധിക്കപ്പെടുകയോ ഓടിപ്പോവുകയോ ചെയ്തവരുടെ സ്വത്തും പൊതുമുതലായി പ്രഖ്യാപിക്കും.**
ആദ്യം പറഞ്ഞ രണ്ടിനം ഭൂമിയെക്കുറിച്ചും അല്‍പം വിശദീകരിക്കാം.
(തുടരും)
കുറിപ്പുകള്‍
* ഈ തത്ത്വം വിശദമാക്കാന്‍ ഒരു സംഭവം പറയാം. ഒരിക്കല്‍ ഉത്ബത് ബ്നു ഫര്‍ഖദ് എന്ന സ്വഹാബി ഖലീഫ ഉമറിനെ സന്ദര്‍ശിക്കാന്‍ വന്നു. ഉത്ബത് ഇങ്ങനെ അറിയിക്കുകയുംചെയ്തു: "ഞാന്‍ യൂഫ്രട്ടീസ് തീരത്ത് ഒരു തുണ്ട് ഭൂമി വാങ്ങിയിരിക്കുന്നു.'' ഉമര്‍ ചോദിച്ചു: "ആരില്‍ നിന്ന്?'' ഉത്ബ: "അതിന്റെ ഉടമസ്ഥരില്‍ നിന്ന്.'' അപ്പോള്‍ ഉമര്‍ തന്റെ അടുത്തുള്ള മുഹാജിറുകളിലേക്കും അന്‍സ്വാറുകളിലേക്കും വിരല്‍ ചൂണ്ടി: "അതിന്റെ ഉടമസ്ഥര്‍ ഇവിടെയാണ്.'' ഹസ്രത്ത് അലിയുടെ ഒരു നിരീക്ഷണവും ഇവിടെ പ്രസക്തമാണ്. ഒരിക്കല്‍ ഇറാഖിലെ ഒരു പഴയ ഭൂവുടമ ഖലീഫ അലിയുടെ അടുത്ത് വന്ന് ഇസ്ലാം സ്വീകരിച്ചു. അപ്പോള്‍ അലി: "താങ്കളിപ്പോള്‍ ജിസ്യ നികുതിയില്‍ നിന്ന് ഒഴിവായി. പക്ഷേ, ഭൂമിക്ക് കരം കൊടുക്കണം. കാരണം ഭൂമി നമ്മുടേതാണ്'' (കിതാബുല്‍ അംവാല്‍, 80).
** ഇതുപോലുള്ള പത്ത് തരം നിലങ്ങളെ ഇമാം അബൂ യൂസുഫും അബൂ ഉബൈദും എണ്ണിപ്പറഞ്ഞിട്ടുണ്ട്.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം