Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

രാഷ്ട്രീയ ഇസ്‌ലാമിന്റെ ഒടുക്കമോ പുതിയ തുടക്കമോ?

ഡോ. റഫീഖ് അബ്ദുസ്സലാം


ചില അറബ് നാടുകളിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് എപ്പോഴും കേള്‍ക്കാനാവുക രാഷ്ട്രീയ ഇസ്‌ലാമിന്റെ കട ഇനിയൊരിക്കലും തുറക്കാനാവാത്ത വിധം അടച്ചുപൂട്ടിയല്ലോ എന്ന ആഹ്ലാദത്തിമര്‍പ്പുകളാണ്. രാഷ്ട്രീയ ഇസ്‌ലാം പരാജയപ്പെട്ടു, മരിച്ചു എന്നൊക്കെ അവര്‍ പറഞ്ഞു കൊണ്ടേയിരിക്കും. ഇസ്‌ലാമിസാനന്തരങ്ങളി(പോസ്റ്റ് ഇസ്‌ലാമിസം)ല്‍ അവര്‍ അഭിരമിച്ചു കൊണ്ടിരിക്കുന്നു.
തുടക്കത്തിലേ പറയട്ടെ, ഒട്ടുവളരെ തെറ്റിദ്ധരിപ്പിക്കലുകളും മുന്‍ധാരണകളും നിര്‍മിച്ചെടുത്ത സംജ്ഞയാണ് രാഷ്ട്രീയ ഇസ്‌ലാം എന്നത്. എന്നിരുന്നാലും പ്രായോഗിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നാം ആ സംജ്ഞ സ്വീകരിക്കുന്നു. കാരണം നാവുകളിലൂടെയും പേനകളിലൂടെയും കുത്തിയൊഴുകുകയല്ലേ രാഷ്ട്രീയ ഇസ്‌ലാം! പക്ഷേ ആ സംജ്ഞയുടെ പരിധികളും വിവക്ഷകളും കൃത്യപ്പെടുത്തിയിരിക്കണം. സാധാരണ ഗതിയില്‍ രാഷ്ട്രീയ ഇസ്‌ലാം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് പൊതുവായ ഇസ് ലാമിക അവസ്ഥാവിശേഷങ്ങളെയാണ്. കുറേ കൂടി കൃത്യമാക്കിയാല്‍, മിതവാദ (വസത്വിയ്യ) ഇസ്‌ലാമിസ്റ്റ് ധാരകളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. തീവ്ര- റാഡിക്കല്‍ ഗ്രൂപ്പുകളോ പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സലഫി വിഭാഗങ്ങളോ ഞാനിവിടെ ഉദ്ദേശിക്കുന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ പരിധിക്കകത്ത് വരുന്നവയല്ല. അവയൊക്കെയും രാഷ്ട്രീയ ഇസ്‌ലാമിന്റെ അകത്തേക്ക് അനധികൃതമായി കടന്നുകയറിയവയാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളില്‍ അള്‍ജീരിയന്‍ സൈന്യവും അവിടത്തെ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും കൊമ്പു കോര്‍ക്കുകയും അതൊരു ആഭ്യന്തര യുദ്ധത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ ഫ്രഞ്ച് ഗവേഷകന്‍ ഒലീവര്‍ റോയ് ഒരു പുസ്തകമെഴുതി; 'രാഷ്ട്രീയ ഇസ്‌ലാമിന്റെ പരാജയം' എന്ന പേരില്‍. സാല്‍വേഷന്‍ ഫ്രന്റും വലിയ ഒച്ചപ്പാടുകളുണ്ടാക്കി അത് ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിക ചിഹ്നങ്ങളും, സൈന്യവുമായുള്ള എറ്റുമുട്ടലിനു ശേഷം അതിന്റെ ഉദരങ്ങളില്‍നിന്ന് പൊട്ടിമുളച്ച നിരവധി തീവ്ര സംഘങ്ങളും രാഷ്ട്രീയ ഇസ്‌ലാമിന്റെ ഭാവി എന്തായിരിക്കുമെന്ന വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് പുസ്തകത്തില്‍ അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ മൊറോക്കോയില്‍ ഇസ്‌ലാമിസ്റ്റ് ധാരയിലുള്ള ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുകയും തുനീഷ്യയില്‍ അന്നഹ്ദ പാര്‍ട്ടി മുന്‍കൈയെടുത്ത് ജന്മം നല്‍കിയ ജനാധിപത്യ സംവിധാനത്തെ അവിടത്തെ പ്രസിഡന്റ് ഖൈസ് സഈദ് അട്ടിമറിക്കുകയും ചെയ്തപ്പോള്‍ 'പരാജയങ്ങളു'ടെയും 'അന്ത്യങ്ങളു'ടെയും നരേറ്റീവ് വീണ്ടുമിതാ തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ചില സത്യങ്ങള്‍ എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുക, പിന്നെ തിരിച്ചടി നേരിടുക, തെരഞ്ഞെടുപ്പുകളില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുക ഇതൊക്കെ ഒരു സാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ തികച്ചും സ്വാഭാവികമാണ്. പര്‍വതീകരിക്കാനോ വില കുറച്ചു കാണിക്കാനോ അത് കാരണമാകേണ്ടതില്ല. ബ്രിട്ടനില്‍ ചിലപ്പോള്‍ ലേബര്‍ പാര്‍ട്ടി ജയിക്കും, അപ്പോള്‍ ടോറികള്‍ തോല്‍ക്കും, അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ ജയിച്ചാല്‍ റിപ്പബ്ലിക്കന്മാര്‍ക്ക് തോല്‍വിയായിരിക്കും, തിരിച്ചും സംഭവിക്കും. ഇസ്‌ലാമിസ്റ്റുകള്‍ക്കേറ്റ തിരിച്ചടി ഇതുപോലെ കാണേണ്ടതേ ഉള്ളൂ. രാഷ്ട്രീയ സംവിധാനത്തില്‍ സ്ഥിരം തോല്‍വിയോ സ്ഥിരം വിജയമോ ഇല്ല. ജനാധിപത്യ രാഷ്ട്രീയത്തില്‍, അര്‍ധ ജനാധിപത്യ രാഷ്ട്രീയത്തിലും മുന്നേറ്റമോ തിരിച്ചടിയോ രണ്ടാലൊന്ന് ഉണ്ടാകും. ഫാഷിസ്റ്റ് ഘടനയില്‍നിന്ന് ജനാധിപത്യ സംവിധാനത്തെ വേറിട്ടു നിര്‍ത്തുന്നതു തന്നെ ഈയൊരു പ്രത്യേകതയാണ്. അറബ് ലോകത്തേക്ക് വന്നാലോ, അവിടെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിസ്റ്റുകള്‍ അഥവാ രാഷ്ട്രീയ ഇസ്‌ലാം അവിടെ ശക്തിപ്പെടുന്നുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുന്നത് അവിടെ ഭയങ്കരമായി ഭീതി ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ നിമിത്തമാകുന്നു. അവര്‍ പരാജയപ്പെട്ടാലോ അധിക്ഷേപങ്ങളുടെ പൊടിപൂരമായിരിക്കും. ഉള്ളിലെ വെറുപ്പും പകയും പുറത്തു ചാടുന്നു. പിന്നെ പലതരം ഊഹാപോഹങ്ങളും പ്രചരിപ്പിക്കപ്പെടുകയായി. അതിനൊക്കെ കൂട്ടായി വാര്‍ത്താ മാധ്യമങ്ങളുമുണ്ടാകും. 'ദൈവം തെരഞ്ഞെടുത്തയച്ചവര്‍' എന്ന് സ്വയം കരുതുന്ന ചില തീവ്ര സലഫി വിഭാഗങ്ങളും രാഷ്ട്രീയ ഇസ്‌ലാമിനെക്കുറിച്ച ഇങ്ങനെയൊരു ഭാവനാത്മക വായന സാധ്യമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ ഇസ്‌ലാം പ്രസ്ഥാനങ്ങള്‍ക്ക് ചരിത്രപരവും സാംസ്‌കാരികവുമായ ചില സവിശേഷതകള്‍ ഉണ്ടെന്ന് കരുതി അവ നിലനില്‍ക്കുന്ന ദേശീയവും മേഖലാപരവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങളുടെ സ്വാധീനങ്ങളില്‍നിന്ന് അവയൊരിക്കലും മുക്തമാകുന്നില്ല. ജനം ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കും, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ അവക്ക് ശ്രദ്ധേയമായ വല്ല നേട്ടവും കൈവരിക്കാനായാല്‍. ഇസ്‌ലാമിസ്റ്റുകള്‍ക്ക് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, തങ്ങള്‍ നിലയുറപ്പിക്കുന്ന പൊതു ധാര്‍മിക തലത്തില്‍നിന്ന് അവര്‍ അകന്നു കഴിഞ്ഞാല്‍ ജനം ആ വിശ്വാസവും പിന്തുണയും പിന്‍വലിക്കും. ഇസ്‌ലാമിസ്റ്റുകള്‍ക്ക് നിലയുറപ്പിക്കേണ്ടി വരുന്ന രാഷ്ട്രീയ ഭൂമികയും നാം കണക്കിലെടുക്കണം. സകല കുതന്ത്രങ്ങളും പതിനെട്ടടവുകളും പുറത്തെടുത്ത് ഇസ്‌ലാമിസ്റ്റുകളെ തോല്‍പ്പിക്കാനും കുടുക്കിയാടാനുമുള്ള തന്ത്രങ്ങളാണ് എവിടെയും നമുക്ക് കാണാനാവുക.
ഈ തിരിച്ചടികളില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് എന്തെങ്കിലും ഗുണപരമായ പാഠമുണ്ടെങ്കില്‍ അത് ഇതാണ്: ചരിത്രത്തിലെ ഏതൊരു പ്രസ്ഥാനത്തിനും ബാധകമായ ഭൗതിക നടപടിക്രമങ്ങളൊക്കെ അവര്‍ക്കും ബാധകമാണ്. എല്ലാവര്‍ക്കും ബാധകമായ സാമൂഹിക നിയമങ്ങളില്‍നിന്ന് അവര്‍ മാത്രമായി രക്ഷപ്പെടുകയില്ല. ഇതൊക്കെ അവര്‍ക്ക് തെറ്റ് തിരുത്താനും പുനരാലോചിക്കാനും നവീകരിക്കാനും ഉള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.
'അന്ത്യങ്ങളു'ടെയും 'പോസ്റ്റ് ഇസ്‌ലാമിസ'ത്തിന്റെയും ഈ മഹാ ആഖ്യാനങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ നിലനില്‍ക്കുന്ന രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ അവയെ ചോദ്യം ചെയ്യുന്നുണ്ടെന്നും മനസ്സിലാക്കണം. രാഷ്ട്രീയ ഇസ്‌ലാമില്‍ പുതിയ തുടക്കങ്ങളും വഴിത്തിരിവുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണത്. ഒരു തിരമാല ഒടുങ്ങുമ്പോള്‍ വേറെ തിരമാലകള്‍ പിറകെ വരും. അറബ് മേഖലയുടെ രാഷ്ട്രീയ ചരിത്രം പലപല ഭാഷ്യങ്ങളാല്‍ പുനര്‍രചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും എഴുതപ്പെടുന്ന ഭാഷ ഒന്നാണ്; രാഷ്ട്രീയ ഇസ്‌ലാമിന്റെ ഭാഷ!  ഹെഗലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അത് ഈ ഭൂഭാഗത്തിലെ ചരിത്രത്തിന്റെ ശബ്ദമായി പരിണമിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നത്, ഇസ്‌ലാം ഒരു ആത്മീയ-രാഷ്ട്രീയ ശക്തി എന്ന നിലക്ക് വളരെ ചലനാത്മകമായി നിലകൊള്ളും എന്നു തന്നെയാണ്. ആധുനികതക്കോ സെക്യുലര്‍ പ്രസ്ഥാനങ്ങള്‍ക്കോ ഒന്നും തന്നെ അതുമായി ക്രിയാത്മകമായോ നിഷേധാത്മകമായോ എന്‍ഗേജ് ചെയ്യാതെ നിവൃത്തിയില്ല. തുര്‍ക്കിയിലും ഇറാനിലും ഇന്തോനേഷ്യയിലും ഈജിപ്തിലും തുനീഷ്യയിലും മറ്റിടങ്ങളിലും നാമത് കാണുന്നുണ്ട്. പാശ്ചാത്യ കൊളോണിയല്‍ അധിനിവേശത്തില്‍നിന്ന് പശ്ചിമേഷ്യയെ മോചിപ്പിക്കാന്‍ ഇസ്‌ലാം ഒരു ഘട്ടത്തില്‍ അതിന്റെ കരുത്ത് പുറത്തെടുക്കുന്നുണ്ട്; സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ രൂപത്തില്‍. ഇപ്പോഴതിന്റെ പുതിയ നിയോഗം പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടക്കം കുറിക്കപ്പെട്ട നവോത്ഥാന യത്‌നങ്ങളെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ്.
ഇപ്പറഞ്ഞതിന്റെ അര്‍ഥം രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രയാണ പഥത്തില്‍ ഇടര്‍ച്ചകളോ പതര്‍ച്ചകളോ ഉണ്ടാവുകയില്ല എന്നല്ല. ഇങ്ങനെ തിരിച്ചടികള്‍ ഉണ്ടാവുക എന്നതു തന്നെ ഈ ധാര ചിന്താപരമായും പ്രായോഗികമായും പക്വത നേടാന്‍ അനിവാര്യ ഉപാധിയാണെന്നുകൂടി കണ്ടെത്താന്‍ കഴിയും. അതിനെ നമുക്ക് ചരിത്രപരമായ അവബോധമെന്നോ സ്ട്രാറ്റജിക് ഉള്‍ക്കാഴ്ചയെന്നോ വിളിക്കാം. ഭാവിയെ നയിക്കാന്‍ അതിനെ പ്രാപ്തമാക്കുന്നതും ഇതൊന്നായിരിക്കും.
എന്നാല്‍, പ്രായോഗികമായി രാഷ്ട്രീയ ഇസ്‌ലാമിന്റെ പാരമ്പര്യ ആഖ്യാനങ്ങള്‍, പ്രത്യേകിച്ച് ഇഖ്‌വാന്‍ ചിന്താധാരയിലെ ആഖ്യാനങ്ങള്‍ പുതിയകാല വെല്ലുവിളികളെ നേരിടാന്‍ വേണ്ടത്ര പ്രാപ്തമല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്. അതേസമയം ഈ പരിമിതിയെ മറികടക്കുന്നത് അതിന്റെ പൈതൃക ചിന്തകളെ കൈയൊഴിഞ്ഞും ആകരുത്. നേട്ടങ്ങളെയും കോട്ടങ്ങളെയും വിശകലനം ചെയ്താവണം ഭാവിയെ രൂപപ്പെടുത്തുന്നത്. രാഷ്ട്രം, രാഷ്ട്രീയം, ശരീഅത്ത്, ദീന്‍, വ്യക്തി, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയവയിലൊക്കെയുള്ള ഇസ്‌ലാമിസ്റ്റുകളുടെ ആഖ്യാനങ്ങളില്‍ പുനരാലോചനയും നവീകരണവും വേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം. പൂജ്യത്തില്‍നിന്ന് തുടങ്ങണം എന്നല്ല പറയുന്നത്. പൈതൃകം നിലനിര്‍ത്തിയുള്ള ഒരു മറികടക്കലിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
ഒരു ചോദ്യം സ്വാഭാവികമായി ഉയരും. ഇങ്ങനെ പുനരാലോചന നടത്തിയാല്‍ പിന്നെ രാഷ്ട്രീയ ഇസ്‌ലാമില്‍ എന്താണ് ബാക്കിയാവുക? എന്റെ ലളിതമായ മറുപടി ഇങ്ങനെ: പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ശൈഖ് ജമാലുദ്ദീന്‍ അഫ്ഗാനി മുസ്‌ലിം ലോകത്തേക്ക് കെട്ടഴിച്ചുവിട്ട ആ ആത്മീയ ശക്തിപ്രവാഹമുണ്ടല്ലോ, അതിനൊന്നും ഒരു മാറ്റവും വരില്ല. ചരിത്ര പൈതൃകങ്ങളും രാഷ്ട്രീയ മുന്നേറ്റത്തിനുള്ള പ്രചോദനങ്ങളും അതേപടി ശേഷിക്കും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഇസ്‌ലാമിക രാഷ്ട്രീയം എന്ന ഈ പ്രതിഭാസം അതിന്റെ സകല ഹാവഭാവങ്ങളോടും വ്യവഹാരങ്ങളോടും കൂടി പതിറ്റാണ്ടുകള്‍ ഇനിയും നമ്മോടൊപ്പമുണ്ടാവും. ഏകാധിപത്യശക്തികളും മീഡിയയും രാഷ്ട്രീയമായി ഉന്നംവെക്കുന്നതുകൊണ്ട് ആ പ്രതിഭാസമങ്ങ് ഇല്ലാതായിപ്പോകും എന്നതിന് ഗൗരവമാര്‍ന്ന ഒരു കാരണവും ആര്‍ക്കും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് ശരി. അതിനാല്‍ 'ഇസ്‌ലാമിസാനന്തര'ത്തെപ്പറ്റിയുള്ള ചര്‍ച്ചകളൊക്കെ മാറ്റിവെച്ച് ഈ രാഷ്ട്രീയ ശക്തിയെ ഇസ്‌ലാമിക ലോകത്തിന് നഷ്ടമായ പുരോഗമനവും സന്തുലനവും കൊണ്ടുവരാന്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്.
ഇസ്‌ലാമിസ്റ്റ് ധാരയില്‍ ചിലതിന് ചില മേഖലകളില്‍ തിരിച്ചടിയുണ്ടാകുമ്പോള്‍ മറ്റു മേഖലകളില്‍ അത് നേട്ടമായും മാറുന്നുണ്ട്. ഒരു ധാര ദുര്‍ബലമാകുമ്പോള്‍ അതിന്റെ ഇടത്തോ വലത്തോ ഉള്ള മറ്റൊരു ധാര ശക്തിപ്പെടുന്നുണ്ടാകും. അള്‍ജീരിയയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് പിഴുതുമാറ്റപ്പെട്ടപ്പോള്‍, മഹ്ഫൂള് നഹ്‌നാഹിന്റെ നേതൃത്വത്തില്‍ ഹറകത്ത് മുജ്തമഇസ്സില്‍മ് (ഹിംസ്) എന്ന പുതിയ ഇസ്‌ലാമിസ്റ്റ് ധാര അവിടെ ശക്തിപ്പെട്ടു. കുറേക്കൂടി പക്വതയും ധൈഷണിക കരുത്തുമുണ്ട് ഈ പുതിയ ധാരക്ക്. മൊറോക്കോയില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി. പക്ഷേ രാജാവിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കാന്‍ തയാറാകാത്ത ഹറകത്തുല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ പോലുള്ള റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ശക്തികള്‍ ആ വിടവ് നികത്തിയേക്കാം.
മറ്റൊരു കാര്യവും കൂടി ഉണര്‍ത്തേണ്ടതുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ക്ക് വളര്‍ച്ചയാണോ തളര്‍ച്ചയാണോ എന്ന് വിധിപ്രസ്താവം നടത്തുന്നതിനു മുമ്പ് പശ്ചിമേഷ്യയില്‍ ഇസ്‌ലാമിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ അന്തരീക്ഷത്തില്‍ തന്നെയോ എന്ന് പരിശോധിക്കണം. പ്രവര്‍ത്തിക്കാനും മത്സരിക്കാനും സുതാര്യതയുടെ മിനിമം ഗാരന്റിയെങ്കിലും അവര്‍ക്ക് ലഭിക്കുന്നുണ്ടോ? ചിലരെ വേലികെട്ടി പുറത്തു നിര്‍ത്തിയും ചിലരെ അകത്തു കടത്തിയും അധീശ ശക്തികള്‍ നടത്തുന്ന തിരിമറികള്‍ എങ്ങനെ സുതാര്യമാവും? അത്തരമൊരു അവസ്ഥയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തളര്‍ന്നു എന്ന് എങ്ങനെ നമുക്ക് ഖണ്ഡിതമായി പറയാന്‍ കഴിയും?
മൊറോക്കോയില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് വലിയ തിരിച്ചടി തന്നെയാണ് ഉണ്ടായിട്ടുള്ളത്. വന്‍ രാഷ്ട്രീയ അബദ്ധങ്ങള്‍ അവര്‍ക്ക് സംഭവിച്ചതും അതിന് കാരണമാണ്. യഥാര്‍ഥ അധികാര കേന്ദ്രമായ രാജാവ് ഇസ്രയേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനെ ഭരണകക്ഷിയായിരുന്ന അവര്‍ അനുകൂലിക്കുകയായിരുന്നു. ഇസ്‌ലാമിസ്റ്റ് വൃത്തങ്ങളില്‍ ഇതുപോലൊന്ന് മുമ്പ് പറഞ്ഞു കേട്ടിട്ടില്ല. അതേസമയം എല്ലാറ്റിന്റെയും യഥാര്‍ഥ നിയന്ത്രണം കൈവശം വെക്കുന്ന രാജാവ് മുഹമ്മദ് ആറാമന്റെ രാഷ്ട്രീയ കളികളുടെ ഇരകളാണ് ഇസ്‌ലാമിസ്റ്റുകളെന്നതും വാസ്തവമാണ്.
2013-ല്‍ ഈജിപ്തില്‍ നടന്ന അട്ടിമറിക്ക് ശേഷം ഇസ്‌ലാമിസ്റ്റുകള്‍ വലിയ പ്രതിസന്ധികളിലൂടെ തന്നെയാണ് കടന്നുപോകുന്നത്. അതേസമയം ഇസ്‌ലാമിസ്റ്റുകളെ പ്രത്യയശാസ്ത്രപരമായി അഭിമുഖീകരിക്കാന്‍ ശേഷിയുള്ള ഒരു ചിന്താ പ്രസ്ഥാനവും അവശേഷിക്കുന്നില്ല എന്നതും ശരിയാണ്. ഭരണകൂടത്തിന്റെ തന്നെ ഭാഗമായ രാഷ്ട്രീയ കോണ്‍ട്രാക്ടറുമാര്‍ തട്ടിപ്പടച്ചുണ്ടാക്കുന്ന പാര്‍ട്ടികളാണ് നാമിപ്പോള്‍ അവിടെ കാണുന്നത്. അവക്ക് സ്വതന്ത്ര നിലപാടുകളോ ജനപിന്തുണയോ ഉണ്ടാകില്ലെന്ന് ഉറപ്പാണല്ലോ. അപ്പോള്‍ ഇസ്‌ലാമിസ്റ്റ് ചിന്തക്ക് തന്നെയാണ് ഇന്ന് ലോകത്ത് ഏറ്റവും ആകര്‍ഷകത്വമുള്ളത്; ഏറ്റവും ഡൈനാമിക്കും അതുതന്നെ. പാശ്ചാത്യ സമൂഹങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ വരെ ഈ ഉണര്‍വ് കാണാം. പുതുതലമുറയിലെ ബിരുദധാരികളിലും സാംസ്‌കാരിക പ്രവര്‍ത്തകരിലും എഞ്ചിനീയര്‍മാരിലുമൊക്കെ ഈ ഇസ്‌ലാമിസ്റ്റ് ചൈതന്യം തുടിച്ചു നില്‍ക്കുന്നു. പശ്ചിമേഷ്യയിലെ  തിന്മയുടെ അച്ചുതണ്ടു ശക്തികള്‍ പണമിറക്കിയും മീഡിയയെ ഉപയോഗിച്ചും പൊതുബോധത്തെ വഴിതിരിച്ചുവിട്ടും ഈ തിരയിളക്കത്തെ തകര്‍ക്കാന്‍ നോക്കുന്നുണ്ടെങ്കിലും പ്രസ്താവ്യമായ ഒരു നേട്ടവും അവര്‍ക്ക് ഉണ്ടാക്കാനായിട്ടില്ല എന്നതാണ് സത്യം.
സോഷ്യലിസത്തിന്റെ നാസ്വിരി - ബഅ്‌സി ധാരകള്‍ അറബ് ദേശീയവാദികള്‍ക്ക് മടുത്തിരിക്കുന്നു. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന പരിഷ്‌കരണ/ ലിബറല്‍ ചിന്തകള്‍ വരേണ്യവിഭാഗങ്ങളെ മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്. ലോകത്തുടനീളം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നുവീണതോടെ തന്നെ അറബ് ഇടതുപക്ഷത്തിന് കനത്ത പ്രഹരമേറ്റിരുന്നു. ഫണ്ടമെന്റലിസത്തെ ചെറുക്കാനെന്ന പേരില്‍ അവര്‍ അറബ് സ്വേഛാധിപതികളുമായി സഖ്യത്തിലായതോടെ തകര്‍ച്ച പൂര്‍ണമായി.

ജനാധിപത്യവും ഇസ്‌ലാമിസ്റ്റുകളും
'ഇസ്‌ലാമിസ്റ്റുകള്‍ ജനാധിപത്യത്തിന് ഭീഷണി' - ഇത് നമ്മള്‍ കേട്ടുകൊണ്ടേയിരിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. ഇതേപ്പറ്റി എത്രയെത്ര എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒടുവിലിത് സര്‍വാംഗീകൃതം എന്ന മട്ടില്‍ ആളുകള്‍ പറയാനും തുടങ്ങിയിരിക്കുന്നു. അതിനെപ്പറ്റി ചോദ്യമേ പാടില്ല! ഇവരുടെ വാദമുഖം ഇങ്ങനെ സംഗ്രഹിക്കാം: ''ഭരണം കൈയടക്കാനും രാഷ്ട്രീയ എതിരാളികളുടെ വഴിമുടക്കാനുള്ള ഒരു കുറുക്കുവഴി മാത്രമാണ് ഇസ്‌ലാമിസ്റ്റുകള്‍ക്ക് ജനാധിപത്യം. കാരണം അവരുടെ രാഷ്ട്രീയ സാഹിത്യങ്ങളിലെ പരാമര്‍ശങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുമായി ഏറ്റുമുട്ടുന്നുണ്ട്. അവര്‍ ദൈവത്തിന്റെ പരമാധികാരമേ അംഗീകരിക്കൂ, മനുഷ്യന്റ പരമാധികാരം അംഗീകരിക്കില്ല.'' തങ്ങളുടെ വായന ശരിയാണെന്ന് സ്ഥാപിക്കാനായി അവര്‍ ഐ.എസ് പോലുള്ള സംഘങ്ങളുടെ ചില ഭീതിയുണര്‍ത്തുന്ന ചിഹ്നങ്ങള്‍ എടുത്തു കാണിക്കുകയും ചെയ്യും.
ഇസ്‌ലാമിസ്റ്റുകള്‍ക്ക് അവരുടേതായ ചിന്താപരവും  രാഷ്ട്രീയവുമായ പ്രശ്‌നങ്ങളുണ്ടെന്നത് ശരി തന്നെ. പക്ഷേ ഇതൊന്നും ഇസ്‌ലാമിക പൊതുമണ്ഡലത്തില്‍ 'ജനാധിപത്യത്തെ നിയമാനുസൃതമാക്കാന്‍' ഇസ്‌ലാമിസ്റ്റുകള്‍ താണ്ടിയ ദീര്‍ഘദൂരങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ നിമിത്തമാവരുത്. ജനാധിപത്യത്തെ നിരാകരിക്കുന്ന സലഫീ ധാരകളെ അവര്‍ക്ക് ചെറുക്കേണ്ടതുണ്ടായിരുന്നു. റാശിദുല്‍ ഗന്നൂശി കഴിഞ്ഞ നൂറ്റാണ്ടിന്റെ എണ്‍പതുകളില്‍ അന്നത്തെ തുനീഷ്യന്‍ ഭരണാധികാരി ഹബീബ്  ബൂറഖീബയുടെ തടവറയില്‍ കഴിയുമ്പോഴാണ് 'ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരസ്വാതന്ത്ര്യം' എന്ന പുസ്തകം (മര്‍കസു ദിറാസാതുല്‍ വഹ്ദ അല്‍ അറബിയ്യ; ബൈറൂത്ത് 1993) പ്രസിദ്ധീകരിക്കുന്നത്. അള്‍ജീരിയയിലെ മഹ്ഫൂള് നഹ്‌നാഹ് അതിനെ സിദ്ധാന്തവല്‍ക്കരിച്ചത് 'ശൂറോക്രസി' എന്ന സംജ്ഞ രൂപകല്‍പ്പന ചെയ്തുകൊണ്ടാണ്. ഇസ്‌ലാമിന്റെ ശൂറാ സങ്കല്‍പ്പവും ജനാധിപത്യ ചിന്തയും എവിടെയെല്ലാം സംഗമിക്കുന്നു എന്നാണ് അദ്ദേഹം അന്വേഷിച്ചത്. പൊതു സമൂഹത്തിന്റെ ഇഛ, ഭരണഘടന, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചൊക്കെ ഡോ. ഹസന്‍ തുറാബിയും എഴുതിയിട്ടുണ്ട്; തന്റെ രാഷ്ട്രീയ ചിന്തകള്‍ സ്വന്തം നാടായ സുഡാനില്‍  പ്രയോഗവല്‍ക്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും. ശൈഖ് യൂസുഫുല്‍ ഖറദാവി, ത്വാരിഖുല്‍ ബിശ്‌രി, ഫഹ്മീ ഹുവൈദി, അതിനു മുമ്പ് തൗഫീഖ് ശാവി എന്നിവരൊക്കെ ജനാധിപത്യത്തെയും ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും സിദ്ധാന്തവല്‍ക്കരിച്ചും സ്വേഛാധിപത്യത്തെ കടന്നാക്രമിച്ചും രചനകള്‍ നടത്തിയിട്ടുണ്ട്. അങ്ങനെ കഴിഞ്ഞ നൂറ്റാണ്ട് അവസാനിക്കും മുമ്പ് തന്നെ ജനാധിപത്യ ചിന്ത ഇസ്‌ലാമിസ്റ്റ് വൃത്തങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. എന്നല്ല ലിബറല്‍, ഇടതുപക്ഷ വിഭാഗങ്ങളെ നിഷ്പ്രഭമാക്കുംവിധം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ വിജയം കൊയ്യാനും ഇസ്‌ലാമിസ്റ്റുകള്‍ക്കായി. ഇസ്‌ലാമിസ്റ്റുകളുടെ ഈ ജനാധിപത്യാഭിമുഖ്യങ്ങളെ ഭരണകൂടസഹായത്തോടെ സലഫി ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തിരുന്നതും ഓര്‍ക്കണം. 'കാര്യങ്ങള്‍ ഭരമേല്‍പ്പിക്കപ്പെട്ടവര്‍'ക്ക് നിരുപാധിക അനുസരണം എന്ന ഒരുതരം 'തിയോക്രാറ്റിക് ഇസ്‌ലാമി'നെയാണ് അവര്‍ക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്.
മേല്‍ വസ്തുതകള്‍ ഇവിടെ എടുത്തെഴുതിയത്, ഇസ്‌ലാമിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ ജനാധിപത്യ രീതി സ്വീകരിക്കാത്തതുകൊണ്ട് ഉണ്ടായിത്തീര്‍ന്നതല്ല എന്ന് സ്ഥാപിക്കാനാണ്. അവരുടെ ഇത്തരം ജനാധിപത്യ ഇടപെടലുകള്‍ക്ക് എല്ലാവരും സാക്ഷികളായിരിക്കെ അതൊക്കെ നിഷേധിക്കുന്നതിനെ രാഷ്ട്രീയ പാപ്പരത്തം എന്നേ പറയാന്‍ പറ്റൂ. ഇത്രയും ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ ഭരണത്തില്‍നിന്ന് വീണത് - അവരെ വീഴ്ത്തി എന്ന് പറയുന്നതാവും ശരി - അവര്‍ ജനാധിപത്യവാദികള്‍ അല്ലാത്തതു കൊണ്ടായിരുന്നില്ല എന്നര്‍ഥം. അവര്‍ ജനാധിപത്യവാദികളാണ് എന്നതാണ് അവരെ വീഴ്ത്താനുണ്ടായ കാരണം. ജനാധിപത്യവിരുദ്ധമായ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നല്ലോ അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. ഗൂഢാലോചനകളും സംഘര്‍ഷങ്ങളും വൈദേശിക ഇടപെടലുകളും, അങ്ങനെ എന്തെല്ലാം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, തങ്ങള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നിദ്ധാന്തവല്‍ക്കരിച്ചുകൊണ്ടിരുന്ന ജനാധിപത്യ ഭാഷ്യത്തിന്റെ ഇരകള്‍ കൂടിയായിരുന്നു ഇസ്‌ലാമിസ്റ്റുകള്‍. അവര്‍ എല്ലാ ജനാധിപത്യ മര്യാദകളും പിന്തുടര്‍ന്നപ്പോള്‍ സൈന്യവും സുരക്ഷാ വിഭാഗങ്ങളും അവരെ കടന്നാക്രമിക്കുകയായിരുന്നു. പണത്തിന്റെയും മീഡിയയുടെയും പിന്‍ബലവും പിന്തുണയും സൈന്യത്തിനായിരുന്നു. മേഖലാ ശക്തികളും അട്ടിമറിക്കാര്‍ക്കൊപ്പം നിന്നു. 
(അടുത്ത ലക്കത്തില്‍ 
അവസാനിക്കും)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌