Prabodhanm Weekly

Pages

Search

2021 നവംബര്‍ 26

3228

1443 റബീഉല്‍ ആഖിര്‍ 21

ഇബ്‌നു സാബാത്വിന്റെ കഥ

മുഹമ്മദ് യൂസുഫ് ഇസ്വ്‌ലാഹി

ബഗ്ദാദ് പട്ടണത്തിലെ കുപ്രസിദ്ധ മോഷ്ടാവാണ് ഇബ്‌നു സാബാത്വ്. അയാളുടെ ഒരു കൈ മോഷണക്കുറ്റത്തിന്റെ പേരില്‍ ഛേദിക്കപ്പെട്ടിരുന്നു. ഒരിക്കല്‍ അര്‍ധരാത്രി  ബഗ്ദാദിന്റെ തെരുവോരങ്ങളില്‍ വല്ലതും ഒപ്പിക്കാമെന്ന ചിന്തയില്‍ ചുറ്റിത്തിരിയുകയായിരുന്നു. അപ്പോഴാണ് വന്‍മതിലുള്ള  വലിയ മാളിക ശ്രദ്ധയാകര്‍ഷിച്ചത്. അതിനു ചുറ്റും കറങ്ങി നടന്നപ്പോള്‍ വല്ലാത്ത നിര്‍വൃതി. ഏതോ ഗോത്രത്തലവന്റെ വീടായിരിക്കും. ഉള്ളിലേക്ക് കടക്കാം എന്ന വിചാരത്തോടെ പ്രധാന കവാടത്തിലെത്തി. വാതില്‍ പതുക്കെ തള്ളി. അത് തുറന്നിട്ട നിലയിലായിരുന്നു. ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു. ഒരു മുറിയില്‍ ഈന്തപ്പനയോലപ്പായ വിരിച്ചിരിക്കുന്നു. ചുമരിനോടു ചേര്‍ന്ന് തോല്‍ കൊണ്ടുള്ള ഒരു തലയണയുണ്ട്. മറ്റൊരു മൂലയില്‍ വലിയ തുണിക്കെട്ടുകളും. ഇതൊരു കച്ചവടക്കാരന്റെ വീട് തന്നെ, അയാള്‍ ഉറപ്പിച്ചു. വിലപിടിച്ച വസ്ത്രങ്ങളുണ്ട്. ഇവയെങ്ങനെ പുറത്തെത്തിക്കും? ഇബ്‌നു സാബാത്വ് ചിന്തിച്ചു.
തന്റെ തോളിലെ പുതപ്പ് തറയില്‍ വിരിച്ച് വസ്ത്രക്കെട്ടുകള്‍ അതിലിട്ടു വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. ഏറെ നേരം ശ്രമിച്ചിട്ടും കെട്ട് ശരിയാകുന്നില്ല. ഒറ്റക്കൈ കൊണ്ട് എങ്ങനെ കെട്ട് മുറുക്കും! അവസാനം പല്ലു കൊണ്ട് കടിച്ചു പിടിച്ചിട്ടും ഫലമുണ്ടായില്ല. കഠിനയത്‌നം കാരണം കിതച്ച് അയാള്‍ക്ക് ശ്വാസം മുട്ടാനും തുടങ്ങിയിരുന്നു. ആരുടെയോ പതിഞ്ഞ പാദസ്പര്‍ശം അയാള്‍ പിന്നില്‍ കേട്ടു. ഉടന്‍ സ്ഥലം വിടാം എന്ന് ആലോചിക്കുമ്പോഴേക്ക് ആ മനുഷ്യനതാ ഒരു വിളക്കുമായി കണ്‍മുമ്പില്‍. ഇളം നീല വര്‍ണമുള്ള നീളന്‍ ജുബ്ബയാണ് അയാളുടെ വേഷം. പരിഭ്രാന്തനായ മോഷ്ടാവിനു നേരെ തിരിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: 'സ്‌നേഹിതാ! ഈ പണി താങ്കള്‍ക്ക് ഒറ്റക്ക് ചെയ്യാനാവില്ല. ഇവിടെ വെളിച്ചവുമില്ലല്ലോ. താങ്കള്‍ വല്ലാതെ കിതക്കുന്നുണ്ട്. ഞാന്‍ തിന്നാന്‍ വല്ലതും കൊണ്ടു വരാം. താങ്കള്‍ അല്‍പം വിശ്രമിക്കുക. ശ്വാസതടസ്സം ഒന്നു നീങ്ങട്ടെ. ശേഷം നമുക്കൊന്നിച്ച് ഈ പണി പൂര്‍ത്തിയാക്കാം.' ഇത്രയും പറഞ്ഞ് ആ അപരിചിതന്‍ അകത്തേക്കു പോയി.
ഈ അപരിചിതന്‍ ഈ മാളികയുടെ ഉടമയായിരിക്കുമോ...? അയാള്‍ എന്നെ ചതിക്കാനൊരുങ്ങുകയാണോ...? എന്നെ ഇവിടെയിരുത്തി ആയുധമെടുക്കാനോ ആളുകളെ വിളിക്കാനോ പോയതായിരിക്കുമോ...? അയാള്‍ ആത്മഗതം ചെയ്തു കൊണ്ടിരിക്കെ അപരിചിതന്‍ ഒരു പാല്‍പാത്രവുമായി തിരിച്ചെത്തി. അത് മോഷ്ടാവിന്റെ നേരെ നീട്ടി പറഞ്ഞു: 'പാല്‍ കുടിക്കൂ.' ഒരു വിധം പാല്‍ കുടിച്ചു തീര്‍ത്തു. ഇബ്‌നു സാബാത്വ് ഊഹിച്ചു.... ഒരുപക്ഷേ ഇദ്ദേഹവും എന്നെപ്പോലെ ഒരു കള്ളനായിരിക്കാം. യാദൃഛികമായി ഇരുവരും ഒരിടത്ത് വന്നു പെട്ടതാവാം.
പാത്രം തിരികെ നല്‍കി പതിഞ്ഞ സ്വരത്തില്‍ മോഷ്ടാവ് പറഞ്ഞു: 'ദേ,  ശ്രദ്ധിച്ചു കേട്ടോളണം... ഇന്ന് അടിച്ചെടുക്കുന്ന വസ്തുക്കളില്‍ നിനക്കും പാതി കിട്ടുമെന്ന് വിചാരിക്കേണ്ട. ഏതായാലും നാം മോഷ്ടിക്കുന്നതില്‍ ഒരു പങ്കുവെപ്പ് നടത്താം. ഞാനാണ് ഇവിടെ ആദ്യമെത്തിയത്. എന്റെ പണി ഏതാണ്ട് തീര്‍ന്നപ്പോഴാണല്ലൊ താന്‍ സ്ഥലത്തെത്തിയത്.' അപരിചിതന്‍ എല്ലാം കേട്ട് മോഷ്ടാവിന്റെ വാക്കുകള്‍ ശരിവെക്കും വിധം തലകുലുക്കി. ആദ്യം തുണിയുടെ ഒരു വലിയ ഭാണ്ഡം കെട്ടി. ചെറിയ ഒരു ഭാണ്ഡം വേറെയും കെട്ടി അത് മോഷ്ടാവിന്റെ തലയില്‍ വെച്ചു കൊടുത്തു. വലുത് അപരിചിതന്‍ സ്വയം ചുമന്നു. ഇരുവരും വലിയ കവാടത്തിലൂടെ പുറത്തിറങ്ങി യാത്ര തുടര്‍ന്നു.
ഭാരമേറ്റി ശീലമില്ലാത്ത അപരിചിതന്‍ വളരെ പ്രയാസപ്പെട്ട് പതുക്കെയാണ് നടന്നിരുന്നത്. മോഷ്ടാവായ ഇബ്‌നു സാബാത്വ് അയാളെ ശകാരിച്ചുകൊണ്ട് ഒരു തള്ള് കൊടുത്ത് പറഞ്ഞു: 'അത്യാഗ്രഹീ! ചുമലിലേറ്റി നടക്കാന്‍ പറ്റാത്തത്രയും വലിയ ഭാരം എന്തിനാണ് എടുത്തത്?' അപരിചിതന്‍ നിശ്ശബ്ദം വേഗത്തില്‍ നടക്കാന്‍ തുടങ്ങി. ഒരു കലുങ്കിലെത്തിയപ്പോള്‍ അവിടെയുള്ള ഉയരം മുറിച്ചുകടക്കാന്‍ സാധിക്കാതെ ഭാണ്ഡവുമായി താഴെ വീണു. കോപാകുലനായ ഇബ്‌നു സാബാത്വ് കാല്‍കൊണ്ട് ഒരു ചവിട്ടു കൊടുത്ത് അപരിചിതനോട് ചീറി: 'കുരുത്തം കെട്ടവനേ! ചുമക്കാന്‍ സാധിക്കാത്ത ചുമട് എന്തിനാണെടുത്തത്?' അപരിചിതന്‍ വേച്ചു വേച്ച് എഴുന്നേല്‍ക്കുകയും ഭാണ്ഡമെടുത്ത് നടക്കാന്‍ തുടങ്ങുകയും ചെയ്തു.
അവര്‍ പട്ടണവും താണ്ടി വിജനമായ ഒരു കാട്ടിലെത്തിയപ്പോള്‍ ഇബ്‌നു സാബാത്വ് അട്ടഹസിച്ചു: 'എടോ നില്‍ക്കവിടെ! എങ്ങോട്ടാണ് നീ പോകുന്നത്? നിന്റെ ഭാണ്ഡം നിലത്തിടുക.' അപരിചിതന്‍ അയാള്‍ പറഞ്ഞ പ്രകാരം തന്റെ തലയിലുള്ള വലിയ ഭാണ്ഡം നിലത്തിറക്കി വെച്ചു. അപരിചിതന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഇബ്‌നു സാബാത്വിന് കൈ കൊടുത്ത ശേഷം വിനയപൂര്‍വം പറഞ്ഞു: 'താങ്കളുടെ ദൗത്യം സഫലമാക്കുന്നതില്‍ എനിക്ക് വലിയ ഉദാസീനതയുണ്ടായിട്ടുണ്ട്. താങ്കള്‍ ഏറെ വിഷമിച്ചിട്ടുണ്ടാവും. മാപ്പു തന്നാലും.' ഇത്രയും പറഞ്ഞ് അപരിചിതന്‍ സ്ഥലം വിടാനൊരുങ്ങി. താന്‍ മോഷ്ടിച്ചതില്‍നിന്ന് വല്ലതും അയാള്‍ക്ക് കൊടുക്കാന്‍ ഇബ്‌നു സാബാത്വിന് തോന്നിയതുമില്ല.
എങ്കിലും അപരിചിതന്റെ വാക്കുകള്‍ അയാളുടെ മനസ്സിനെ വല്ലാതെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ഈ അപരിചിതനായ മോഷ്ടാവിന്റെ കാര്യം അത്ഭുതകരം തന്നെ. അയാള്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു: 'താങ്കളുടെ വിഹിതം വേണ്ടേ?'
അപരിചിതന്‍ തിരിഞ്ഞു നിന്ന് പറഞ്ഞു: 'സ്‌നേഹിതാ! എനിക്കൊന്നും വേണ്ട. താങ്കള്‍ എന്റെ അതിഥിയായിരുന്നുവല്ലോ. താങ്കളെ വേണ്ട പോലെ സേവിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.'
ഇബ്‌നു സാബാത്വ്: 'എന്ത്? അത് താങ്കളുടെ വീടായിരുന്നോ?'
അപരിചിതന്‍: 'ങാ... അതെന്റെ വീടായിരുന്നു. അത് നേരില്‍ കണ്ടല്ലോ. ആവശ്യം വരുമ്പോഴെല്ലാം താങ്കള്‍ക്ക് അവിടെ വരാം. സാധ്യമായ സഹായങ്ങളൊക്കെ ഞാന്‍ നല്‍കാം.' ഇത്രയും പറഞ്ഞ് അപരിചിതന്‍ വിടവാങ്ങി.
ഇബ്‌നു സാബാത്വ് സ്തബ്ധനായി നില്‍ക്കുക മാത്രം ചെയ്തു. ഒന്നും മിണ്ടിയില്ല.. അയാളുടെ ചുണ്ടുകള്‍ തുന്നിച്ചേര്‍ത്ത പോലെ... ഇയാളെന്തൊരു അത്ഭുത മനുഷ്യന്‍! ഒരു മോഷ്ടാവിനോടാണ് അയാള്‍ ഇത്രയും മാന്യമായി പെരുമാറിയത്. വീണ്ടും വരാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്തൊരു നിസ്വാര്‍ഥത, എന്തൊരു താഴ്മ! ഞാനയാളെ ഏതൊക്കെ തരത്തില്‍ ഉപദ്രവിച്ചു! അടിച്ചു, തൊഴിച്ചു. എന്നിട്ടും ഭാരമിറക്കി വെച്ചു പോയപ്പാള്‍ വീഴ്ചയുായതില്‍ മാപ്പു ചോദിച്ചു.... അയാള്‍ ഒരു മാലാഖയാണോ? ഇബ്‌നു സാബാത്വ് സ്വയം ആലോചിക്കുകയായിരുന്നു.
ഇബ്‌നു സാബാത്വ് പുലരുവോളം ചിന്താമൂകനായി അവിടെത്തന്നെ ഇരുന്നു. എന്നിട്ടും അയാളുടെ മനസ്സ് സ്വസ്ഥമായില്ല. ഇന്ന് മോഷണ വസ്തുക്കള്‍ മറച്ചുവെക്കാനുള്ള ബദ്ധപ്പാടോ താന്‍ പിടിക്കപ്പെടുമെന്ന ഭയമോ ഇല്ല. മനസ്സിലെന്തോ കോളിളക്കം സംഭവിച്ചിരിക്കുന്നു. ഹൃദയം ശക്തമായി മിടിക്കുന്നു. തനിക്ക് വലിയ ഉപകാരം ചെയ്ത ആ വലിയ മനുഷ്യനെ നേരില്‍ ചെന്നു കാണണം. അല്ലെങ്കില്‍ തന്റെ മനസ്സിന് ഒട്ടും സ്വസ്ഥത കിട്ടില്ല. അധികമൊന്നും ആലോചിക്കാതെ നഗരത്തിലേക്ക് പുറപ്പെട്ടു. അയാള്‍ ബഗ്ദാദിലെ നിരത്തുകളും തെരുവുകളും പിന്നിട്ട് ആ മാളികക്കു മുന്നില്‍ എത്തിച്ചേര്‍ന്നു. തൊട്ടുമുമ്പിലുള്ള മരക്കുടിലില്‍ കണ്ടവരോട് ചോദിച്ചു: ഇത് ഏത് കച്ചവടക്കാരന്റെ വീടാണ്.'
'അയാള്‍ കച്ചവടക്കാരനല്ല. ബഗ്ദാദിന്റെ മഹാപുരുഷനായ ജുനൈദിന്റെ വീടാണ്. അത്ഭുതം! താങ്കള്‍ അദ്ദേഹത്തിന്റെ പേരു പോലും കേട്ടിട്ടില്ലേ?' അവര്‍ പറഞ്ഞു.
ഇബ്‌നു സാബാത്വ്: 'ഇദ്ദേഹമാണോ ജുനൈദുല്‍ ബഗ്ദാദി?'
കതകില്‍ മുട്ടി അനുവാദം ചോദിക്കാതെ നേരെ അകത്തേക്കു കടന്നു. അപ്പോള്‍ ഹസ്രത്ത് ജുനൈദ് കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഈമാനിക ശോഭയാല്‍ മിന്നിത്തിളങ്ങുന്ന മുഖം. കണ്ട മാത്രയില്‍ അദ്ദേഹത്തിന്റെ കാല്‍പാദങ്ങളില്‍ വീണു പൊട്ടിക്കരഞ്ഞു. അശ്രുകണങ്ങള്‍ ധാരധാരയായി ഒഴുകി.
ഹസ്രത്ത് ജുനൈദ് വാത്സല്യപൂര്‍വം അയാളുടെ തലയുയര്‍ത്തിക്കൊണ്ടു പറഞ്ഞു: 'മനുഷ്യന്‍ തന്റെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിന്റെ  മുന്നില്‍ മാത്രമേ തല കുനിക്കാന്‍ പാടുള്ളൂ.'
ഇബ്‌നു സാബാത്വിന്റെ മനസ്സു മാറി. ഇമാം ജുനൈദ് അയാള്‍ക്ക് തന്റെ ശിഷ്യത്വം നല്‍കി അനുഗ്രഹിച്ചു. എന്നല്ല,  പില്‍ക്കാലത്ത് അയാള്‍ ഹസ്രത്ത് ഇബ്‌നു സാബാത്വ് എന്ന പേരില്‍ പ്രശസ്തിയാര്‍ജിക്കുകയും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. 
('രോഷന്‍ സിതാരെ' എന്ന കൃതിയില്‍നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 56-64
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിന്റെ സുഗന്ധം തടയപ്പെടുന്നവന്‍
ഡോ. കെ. മുഹമ്മദ്, പണ്ടിക്കാട്‌