Prabodhanm Weekly

Pages

Search

2021 നവംബര്‍ 19

3227

1443 റബീഉല്‍ ആഖിര്‍ 14

അറബി കലിഗ്രഫി അക്കാദമിക വായനകള്‍ അനിവാര്യമായ പഠന ശാഖ

സബാഹ് ആലുവ

ഈ വര്‍ഷം സെപ്റ്റംബറിലാണ് ഡോ. ബിലാല്‍ ബദത്തുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്.  ഇസ്‌ലാമിക കലയെ അക്കാദമികമായി സമീപിക്കുന്ന വ്യക്തിത്വം. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് Islamic Art and Architecture വിഭാഗത്തില്‍ മാസ്റ്റര്‍ ബിരുദം നേടി 'Pedagogy and Style in Ottoman Calligraphy' എന്ന വിഷയത്തില്‍ ലണ്ടനിലെ ദ പ്രിന്‍സസ് സ്‌കൂള്‍ ഓഫ് ട്രഡീഷനല്‍ ആര്‍ട്‌സില്‍നിന്ന്  ഡോക്ടറേറ്റ് കരസ്ഥമാക്കിയ വ്യക്തിയാണ് ഡോ. ബിലാല്‍.  ജര്‍മനിയിലെ ടുംബിംഗന്‍  യൂനിവേഴ്‌സിറ്റിയില്‍  അസി. പ്രെഫസറായി ജോലി ചെയ്യുന്നു. തുര്‍ക്കിയിലെ പ്രശസ്ത അറബി കലിഗ്രഫി മാസ്റ്റര്‍ ഇഫ്ദാലുദ്ദീന്‍ കിലിച്ചിനു കീഴില്‍ അഞ്ചു വര്‍ഷത്തോളം അറബി കലിഗ്രഫി പഠിച്ചിട്ടുമുണ്ട് അദ്ദേഹം.
ഫ്രാന്‍സിലെ  സൊര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ കലാചരിത്ര വിഭാഗത്തില്‍നിന്ന്  മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ സ്പാനിഷ് വംശജ നൂരിയ ഗാര്‍ഷിയ മാസിപ്പുമായി സംസാരിക്കാന്‍  അവസരമുണ്ടായപ്പോഴും, അവര്‍ പങ്കുവെച്ച അക്കാദമിക സമീപനങ്ങളിലൂടെ അറബി കലിഗ്രഫി  കേവലം വരകളല്ല എന്ന ബോധ്യത്തില്‍ തന്നെയാണ് എത്തിച്ചേര്‍ന്നത്. അറബി കലിഗ്രഫിയില്‍  നൂരിയ  സൊര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍  പി.എച്ച്.ഡി ചെയ്യുന്നുമുണ്ട്.
പരമ്പരാഗത അറബി കലിഗ്രഫിയില്‍ വര്‍ഷങ്ങളെടുത്ത് പഠനം പൂര്‍ത്തിയാക്കുകയും സ്വന്തമായ അന്വേഷണങ്ങളിലൂടെ മോഡേണ്‍ അറബി കലിഗ്രഫിയില്‍ തന്റേതായ ഇടം നേടുകയും ചെയ്ത സൊറായ സൈദിനൊപ്പമുള്ള സംസാരത്തിലും അവര്‍ പങ്കുവെച്ചത് അറബി കലിഗ്രഫിയുടെ  അക്കാദമിക തലങ്ങളെക്കുറിച്ചായിരുന്നു. 'ഹോളോഗ്രാഫിക്' സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അറബി കലിഗ്രഫിയെ 3ഡി സ്വഭാവത്തോടെ അവതരിപ്പിക്കാന്‍ സൊറായ നടത്തിയ ശ്രമങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ലേസര്‍ പ്രകാശധാരയുടെ സഹായത്തോടെ രൂപപ്പെടുത്തുന്ന ത്രിമാന ഛായാചിത്രങ്ങള്‍ക്കാണ് Hologram എന്ന് പൊതുവില്‍ പറയുന്നത്.  അറബി കലിഗ്രഫിയുടെ പ്രചാരണാര്‍ഥം നിരവധി സംരംഭങ്ങളില്‍ വ്യാപൃതയായ സൊറായ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍  ഹ്രസ്വകാല കലിഗ്രഫി കോഴ്‌സും ആരംഭിച്ചിട്ടുണ്ട്.
അറബി കലിഗ്രഫി കേവല വരകളല്ലെന്നും കൃത്യമായ പഠനഗവേഷണങ്ങള്‍ സാധ്യമാക്കേണ്ട വൈജ്ഞാനിക ശാഖയാണെന്നും മേല്‍ പരാമര്‍ശിച്ചവര്‍ പ്രസ്തുത കലയോട് സ്വീകരിച്ച സമീപനങ്ങളില്‍നിന്ന് മനസ്സിലാക്കാം.  ഒരു ഇസ്‌ലാമിക പണ്ഡിതന്‍ തന്റെ സമൂഹത്തോട് കാണിക്കുന്ന അതേ ഉത്തരവാദിത്തം തന്നെയാണ് ഓരോ കലിഗ്രഫറും കാണിക്കേണ്ടതെന്നാണ് ഡോ. ബിലാല്‍ ബദത്ത് പറയുന്നത്.  ലോകത്തെ പ്രഗത്ഭനായ ഖത്ത്വാത്  സകീ ഹാശിമിയുടെ അഭിപ്രായത്തില്‍  അറബി കലിഗ്രഫി ഒരു പഠന ശാഖയാണ്.
ഇന്ന് ഇസ്‌ലാമിക് ആര്‍ട്ടിന് കീഴിലെ ഗവേഷണ വിഷയമായി  അറബി കലിഗ്രഫി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. സൂഫിസവും അറബി കലിഗ്രഫിയും, കവിതയിലൂടെ അറബി കലിഗ്രഫിയെ വായിക്കുമ്പോള്‍, ഇസ്‌ലാമിന്റെ സൗന്ദര്യബോധം അറബി കലിഗ്രഫിയിലൂടെ, കലിഗ്രഫിയും സമൂഹവും തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും വന്നുകഴിഞ്ഞിരിക്കുന്നു. ഹ്രസ്വകാല കോഴ്‌സുകളില്‍ പരിമിതപ്പെടുത്താതെ ഗവേഷണ ത്വരയോടെ അറബി കലിഗ്രഫി എന്ന പഠനശാഖയെ സമീപിക്കുന്ന യുവപണ്ഡിത സമൂഹം ഉയര്‍ന്നുവരുന്നുവെന്നതാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം.
അറബി കലിഗ്രഫിയുടെ ഉയര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന നിരവധി ഫൗണ്ടേഷനുകള്‍ ലോകത്തിന്നുണ്ട്. തുര്‍ക്കിയിലെ Research Centre fot Islamic History, Art and Culture (IRCICA), ചൈനയിലെ Deen Arts Foundation, ജപ്പാനിലെ Japan Arabic Calligraphy Association (JACA), Khawla Art and Cultural Foundation Abu Dhabi, The Prince's Foundation, London എന്നിവ അവയില്‍ എടുത്തുപറയേണ്ടതാണ്. കേരളത്തില്‍ അറബി കലിഗ്രഫിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കരീംഗ്രാഫി കക്കോവ് സ്ഥാപിച്ചതാണ് കോഴിക്കോട്ടുള്ള Kagrart Foundation.
ഇസ്‌ലാമിക നവജാഗരണ പ്രക്രിയയുടെ  ഭാഗം തന്നെയാണ് കൈയെഴുത്ത്പ്രതി പഠനങ്ങള്‍ (Manuscript Studies). കൈയെഴുത്തു് കലയുടെ രീതിശാസ്ത്രമാണ് അതില്‍ വിശകലനം ചെയ്യപ്പെടുക.
ഇസ്‌ലാമിക സമൂഹം പുരോഗതിയിലേക്ക് കുതിച്ച  സന്ദര്‍ഭങ്ങളിലെല്ലാം പ്രൗഢിയുടെ അടയാളങ്ങളിലൊന്നായി തലയുയര്‍ത്തി നിന്നിരുന്നു  ഇസ്‌ലാമിക കല.  കൈയെഴുത്തു കല അതിന്റെ മര്‍മ സ്ഥാനത്തുമായിരുന്നു.  ഇറാന്‍, തുനീഷ്യ, മൊറോക്കോ, സിറിയ, ലബനാന്‍, അള്‍ജീരിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ  സ്‌കൂളുകളിലും കോളേജുകളിലും ഖത്ത്വിനെ അക്കാദമികമായി സമീപിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അറബി ഭാഷാ വിഭാഗത്തോട് ചേര്‍ന്ന് എത്രയോ മുമ്പ് തന്നെ ആരംഭം കുറിച്ചിട്ടുണ്ട്. 
ഇബ്‌നു മുഖ്‌ല, ഇബ്‌നു അല്‍ ബവ്വാബ്, യാഖൂത്ത് അല്‍ മുസ്തയ്‌സിമി എന്നീ പ്രഗത്ഭരായ ഖത്ത്വാതുകളിലൂടെ തലമുറകളിലേക്കൊഴുകിയ അറബി കൈയെഴുത്തു കല ലോകത്തെ ഏതാണ്ടെല്ലാ മുസ്‌ലിം നാടുകളിലും പ്രൗഢിയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്.   കഴിഞ്ഞ വര്‍ഷമാണ് സുഊദി സാംസ്‌കാരിക മന്ത്രാലയം 2020 അറബി കലിഗ്രഫി വര്‍ഷമായി പ്രഖ്യാപിച്ചത്. സുഊദി അറേബ്യയുടെ രണ്ട് ബോയിംഗ് വിമാനങ്ങളില്‍ ആ വര്‍ഷത്തെ കലിഗ്രഫിയുടെ പ്രചാരണാര്‍ഥം ഖത്ത്വുകള്‍ ആലേഖനം ചെയ്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു. അറബി ഭാഷയുടെ  പ്രചാരണാര്‍ഥവും കലിഗ്രഫി സെമിനാറുകള്‍, പരിശീലന കളരികള്‍ എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നുണ്ട്.
പൊന്നാനി കേന്ദ്രീകരിച്ച് കേരളത്തില്‍ നടന്ന ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റങ്ങളില്‍ എടുത്തു പറയാവുന്ന സംഭാവനയായിരുന്നു ഖത്ത്വു ഫുന്നാനി എന്ന പേരിലറിയപ്പെട്ട കൈയെഴുത്തു രീതി. 'ഖത്ത്വു പൊന്നാനി' എങ്ങനെ കേരളത്തിലെ വിശിഷ്യാ മലബാറിലെ ഇസ്‌ലാമിക നവോത്ഥാന പ്രക്രിയയുടെ ഭാഗമായി മാറി എന്നത് സംബന്ധിച്ച്  പഠനങ്ങള്‍  ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ പൈതൃകങ്ങളെ വരുംതലമുറക്ക് മുമ്പില്‍ അടയാളപ്പെടുത്തുക എന്നത് തന്നെ ഒരു നവോത്ഥാന പ്രക്രിയയാണ്.   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 53-55
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏറ്റവും പ്രതിഫലാര്‍ഹമായ ദാനം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌