Prabodhanm Weekly

Pages

Search

2012 മെയ് 5

ടിപ്പു സുല്‍ത്താനും മലബാറിലെ ജീവിത നവോത്ഥാനവും തമ്മില്‍

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

മെയ് നാല്. ഇന്ത്യന്‍ ചരിത്രത്തില്‍ ഈ ദിനം ഏറെ ശോകച്ഛവി ഘനീഭവിച്ചു നില്‍ക്കുന്നു. അന്നാണ് ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവിരുദ്ധ പോരാട്ട ചരിത്രത്തില്‍ നാം നിര്‍ണായകമായ തോല്‍വി ഏറ്റുവാങ്ങിയത്. അതു ടിപ്പുവിന്റെ ഉജ്ജ്വലമായ ബലിദാനമായിരുന്നു. കമ്പനി ഭരണത്തിന്റെ കുടില രീതികളോട് എന്നും കലഹിക്കുകയും അവരുടെ കള്ളക്കൈനാട്ടികളത്രയും പറിച്ചെറിയുകയും സ്വന്തം പൗരസഞ്ചയത്തിന്റെ പക്ഷത്തു ഉറച്ചു നില്‍ക്കുകയും അവസാനം മഹത്തായൊരു ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു തന്നെത്തന്നെ ഏറെ ആഹ്ലാദത്തോടെ സമര്‍പ്പിക്കുകയും ചെയ്ത ദിവസം. ഏറെ അസാധാരണവും അത്ഭുതകരവുമാണാ ജീവിതം. എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ടപ്പോഴും സര്‍വായുധങ്ങളുമായി രണഭൂമിയില്‍ പറന്നു പൊരുതുന്ന സുല്‍ത്താന്‍. ഒടുവില്‍ വീരോചിതമായ ഒരന്ത്യവും.
ഒന്നുമില്ലായ്മയില്‍ നിന്നും തന്റെ കര്‍മശേഷിയും അപാരപ്രതിഭയും കൊണ്ട് ഒരു മഹാസാമ്രാജ്യം പടുത്തുകെട്ടി ഹൈദര്‍. പിതാവിനെ അനന്തരമെടുത്ത പുത്രന്‍ ടിപ്പുവാകട്ടെ സാമ്രാജ്യത്തെ ഏറെ പ്രഫുല്ലതയിലേക്ക് ധീരമായി വികസിപ്പിക്കുകയും ചെയ്തു. ഈ രണ്ടു സുല്‍ത്താന്മാര്‍ക്കും കേരളവുമായി ഏറെ ഗാഢമായ ആത്മബന്ധമുണ്ട്. നീണ്ട കാലം കേരളമിവരുടെ പ്രഭാവലയത്തിലായിരുന്നു. മലബാര്‍ നാടുകള്‍ മൈസൂര്‍ രാജ്യത്തിന്റെ ഒരു ഭാഗം തന്നെയായി. ആധുനിക കേരള ചരിത്രത്തിലെ നിര്‍ണായകവും ഏറെ വിവാദഭരിതവുമായ ഒരു കാലഘട്ടമാണിത്. കാല്‍ നൂറ്റാണ്ടിലേറെക്കാലം ഉത്തര കേരളത്തിലെ വിശാല പ്രദേശങ്ങള്‍ സുല്‍ത്താന്‍ ഭരണത്തിലായിരുന്നെന്നും നമ്മുടെ സാമൂഹിക ജീവിതത്തില്‍ ഇന്നു കാണുന്ന ഗുണാത്മകമായ നിരവധി പരിഷ്‌കാരങ്ങള്‍ ഇവരുമായി ഏറെ ബന്ധപ്പെട്ടതാണെന്നും പുതുകാല ചരിത്ര വിദ്യാര്‍ഥികള്‍ക്കു പോലും ഇന്നു അറിയില്ല. തമസ്‌കരണത്തിന്റെ വലിയ ചുടുകാടുകളില്‍ ഇതത്രയും നാം നിര്‍ദയം ദഹിപ്പിച്ചു കളഞ്ഞു. പകരം നട്ടു മുളപ്പിച്ചതു ക്രൂരതകളുടെയും അസഹിഷ്ണുതകളുടെയും ഇല്ലാക്കഥകളും. ഇതിനിടയില്‍ എറിഞ്ഞു കളഞ്ഞത് സുല്‍ത്താന്മാര്‍ മലയാളത്തില്‍ നടത്തിയ സാമൂഹിക സാമ്പത്തിക ജീവിതത്തിലെ സമൃദ്ധമായ ഇടപെടലുകളെയാണ്. ബ്രിട്ടീഷ് കമ്പനിയും അവര്‍ക്കു വേണ്ടി സമര്‍ഥമായി ഒറ്റുകാരുടെ വേഷം ചെയ്ത പ്രാദേശിക രാജാക്കന്മാരും നിരന്തരം ചമച്ച രണവ്യൂഹങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴും ടിപ്പുവും പിതാവും ഈ നാട്ടില്‍ നിര്‍വഹിച്ച സാമൂഹിക സേവനങ്ങളെയും അതിനവര്‍ ഏറ്റുവാങ്ങേണ്ടി വന്ന ദുരിതങ്ങളെയും ഇനിയും ചരിത്രം വേണ്ടത്ര വിലയിരുത്തിയിട്ടില്ല. ഇത്തരമൊരന്വേഷണത്തിന് ഇന്നും പ്രസക്തിയുണ്ട്. അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാമൂഹിക ജീവിത പരിസരത്തില്‍ നിന്നു വേണം ഈ അന്വേഷണം വികസിപ്പിക്കാന്‍.
മൈസൂര്‍ അധിനിവേശത്തിനു മുമ്പു കേരളം പൊതുവേ നിരവധി കൊച്ചു ദേശങ്ങളുടെ കൂമ്പാരമായിരുന്നു. അധികാര ശ്രേണിയാകട്ടെ യൂറോപ്യന്‍ ഫ്യൂഡല്‍ രീതിയുടെ മറ്റൊരു സ്വരൂപവും. മൊത്തം പ്രദേശങ്ങളെ നാടുകളെന്നും അവയെ ദേശങ്ങളെന്നും വിഭജിച്ചു നിര്‍ത്തി. ദേശവാഴിയും നാടുവാഴിയും എന്നും സ്വന്തമായ സ്വത്തുക്കള്‍ സംരക്ഷിച്ചു. താന്‍ പ്രമാണിത്തത്തിലൂടെയും കുടിലസൂത്രങ്ങളിലൂടെയും ഇവ സ്വകാര്യമായി നിലനിര്‍ത്തുകയും ചെയ്തു. ഇതിനായി സ്വന്തം വരുതിയില്‍ പടയാളികളെ നിലനിര്‍ത്തി. കര്‍ക്കശമായി പാലിക്കപ്പെട്ടിരുന്ന നാട്ടാചാരങ്ങളും ദേശമര്യാദകളും എവിടെയും പോലെ അന്നു കേരളത്തിലുമുണ്ടായിരുന്നു. അതിന്റെ പിന്തുണയിലും സംരക്ഷണത്തിലുമാണ് ഇത്തരം പ്രമാണിത്തം നിലനിര്‍ത്തിയത്. നിരന്തര യുദ്ധങ്ങള്‍ നിത്യസംഭവമായിരുന്ന അന്ന് ദേശങ്ങളില്‍ തോറ്റാല്‍ പോലും ഇത്തരം വാഴുന്നോരുമാര്‍ സംരക്ഷിക്കപ്പെട്ടു. നാടുവാഴികളെയും ദേശവാഴികളെയും കൊല്ലാന്‍ പാടില്ല. ദേശങ്ങളില്‍ കരം ചുമത്തി സുരക്ഷിതമായി വാഴാനും ഇത്തരക്കാര്‍ക്ക് മലബാറില്‍ എളുപ്പത്തില്‍ സാധിച്ചു. അതിനാല്‍ വാഴുന്നോരുടെ ആധിപത്യ മുഷ്‌ക് കേരളീയ പൊതുമണ്ഡലത്തെ എപ്പോഴും അലോസരപ്പെടുത്തി. അവര്‍ക്ക് ആരുമായും സഖ്യം ചേരുന്നതിനും യുദ്ധം പ്രഖ്യാപിക്കുന്നതിനും അധികനികുതി പിരിക്കുന്നതിനും സാമൂഹിക ജീവിത വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ദേശ ഭൂമികകളില്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. കമ്മള്‍, പിള്ള, നമ്പ്യാര്‍ തുടങ്ങിയ ഇടപ്രഭുക്കന്മാര്‍ സ്വന്തമായി നായര്‍ പടയാളികളെ നിലനിര്‍ത്തി. ഇതിനാല്‍തന്നെ നായര്‍ പ്രഭുത്വത്തിന്റെയും ബ്രാഹ്മണ പൗരോഹിത്യത്തിന്റെയും വിസമ്മതത്തില്‍ കേരളത്തില്‍ ഒരു രാജാവിനും പ്രവര്‍ത്തിക്കാന്‍ പറ്റാതെയായി. ഈയൊരു അരാജകാവസ്ഥ നിലനില്‍ക്കു മ്പോഴാണ് മൈസൂര്‍ സുല്‍ത്താന്‍ ഹൈദര്‍ അലി മലബാറിലേക്കു വന്നത്. പരസ്പര കുടിലതകള്‍ അങ്കം വെട്ടിത്തീര്‍ക്കാന്‍ മാത്രം യത്‌നിക്കുന്ന ഭരണകൂടങ്ങള്‍ രാജ്യരക്ഷയെ അപായപ്പെടുത്തുമെന്ന് ഹൈദര്‍ സുല്‍ത്താന് ബോധ്യപ്പെട്ടു. മലബാറില്‍ ഏകീകരണവും കേന്ദ്രീകൃത ഭരണ സംവിധാനവും നിജപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇത് നിര്‍വഹിച്ചത് മൈസൂര്‍ സുല്‍ത്താന്മാ രാണ്. അമിതാധികാരത്തിന്റെ സര്‍വ പ്രമത്തതകളെയും നിര്‍ദയം തകര്‍ത്തു ഏകീകൃത കേന്ദ്ര ഭരണത്തിന്റെ വിനയത്തിലേക്ക് മലബാര്‍ പതിയെ സഞ്ചരിച്ചു. ഫ്യൂഡല്‍ ഭരണത്തിന്റെ ദംഷ്ട്രങ്ങളില്‍ നിന്നു നിയമങ്ങള്‍ വാഴുന്ന ഒരു ഭൂപ്രദേശങ്ങളായി മലബാര്‍ വളര്‍ന്നു. പ്രമാണി വര്‍ഗങ്ങളുടെ ഒരുതരം ധാര്‍ഷ്ട്യങ്ങളും നടക്കാതെയായി. ഹൈദര്‍ അലി മലബാറിനെ പന്ത്രണ്ട് ജില്ല(തുക്രി) കളായി വിഭജിച്ചു. ഓരോ തുക്രിക്കും ഒരു തുക്രിദാറിനെ നിയോഗിച്ചു. എന്നാല്‍, അക്കാലത്തെ കേരളീയ ഗ്രാമവ്യവസ്ഥയുടെ ആധാരമായിരുന്ന തറയെന്ന സംവിധാനത്തെ അതിന്റെ എല്ലാ നന്മകളോടെയും നിലനിര്‍ത്തുകയും ചെയ്തു. അമിതാധികാരത്തിന്റെ ശൈത്യസുഖം അനുഭവിച്ചറിഞ്ഞ മാടമ്പി വര്‍ഗം ഇതോടെ കലാപത്തിനൊരുങ്ങി. ഇത്തരം കലാപങ്ങള്‍ക്കൊക്കെയും ഇംഗ്ലീഷുകാര്‍ സര്‍വ പിന്തുണയും നല്‍കി. എല്ലാതരം കുത്തിത്തിരിപ്പുകളെയും പ്രതിലോമ പ്രവര്‍ത്തനങ്ങളെയും പരിണിത പ്രജ്ഞനായ ഗവര്‍ണര്‍ മദണ്ണയുടെ മേല്‍നോട്ടത്തില്‍ അതിശയകരമാംവിധം മറികടക്കാന്‍ സുല്‍ത്താനായി. പ്രാദേശിക സമാഹരണവും രാഷ്ട്രീയ ഏകീകരണവും തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മയും കൊച്ചി രാജ്യ സ്വരൂപത്തില്‍ പാലിയത്ത് കോമിയച്ചനുമാണ് അന്ന് നിര്‍വഹിച്ചത്. മലബാറിലാകട്ടെ ഇതേ ദൗത്യം അതിനേക്കാള്‍ കുറഞ്ഞ ആള്‍ നാശത്തിലും സമയക്കുറവിലും സമര്‍ഥമായി നിര്‍വഹിച്ചു മൈസൂര്‍ സുല്‍ത്താന്മാര്‍. എന്നിട്ടും നാടിനെ ഏകീകരിച്ചതിന്റെ പേരില്‍ മഹാന്മാരായി അറിയപ്പെട്ടതു മാര്‍ത്താണ്ഡനും കോമിയച്ചനും മാത്രം. സുല്‍ത്താന്മാരാകട്ടെ കൊള്ളക്കാരും അസഹിഷ്ണുക്കളും..!
കാര്‍ഷിക ബന്ധങ്ങളിലും ഭൂ ഉടമ വ്യവസ്ഥകളിലും ഇന്ത്യയുടെ പൊതു അവസ്ഥയില്‍ നിന്ന് കേരളത്തിന്റേതു തീര്‍ത്തും വ്യത്യസ്തമായിരുന്നു. നമ്മുടെ ഏതുതരം സാമൂഹിക ഇടപഴക്കങ്ങളും മതവും ധര്‍മാചാരങ്ങളുമായി കെട്ടു പിണഞ്ഞു നിന്ന തികച്ചും വ്യതിരിക്തമായ ഒരു രീതിയിലാണു സംവിധാനിക്കപ്പെട്ടിരുന്നത്. ഇന്ത്യയില്‍ ഭൂമി പൊതുവേ രാജാക്കന്മാരുടെ ഉടമയിലായിരുന്നു. കേരളത്തില്‍ ഒരിക്കലും തന്നെ ഭൂമിയില്‍ രാജാവിനു ഒരധികാരവും ഉണ്ടായിരുന്നില്ല. പകരം ഭൂ അധികാരം സമ്പൂര്‍ണമായും ജന്മിക്കായിരുന്നു. നികുതി ഈടാക്കാനുള്ള അധികാരം പോലും. അതത്രയും അവര്‍ക്കു ജന്മാവകാശമുള്ള സ്വകാര്യ സ്വത്തായിരുന്നു. ഈ വിചിത്രമായ അധികാര രീതി അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ബുക്കാനന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളീയ ഭൂമിയില്‍ എഴുപത്തി അഞ്ചു ശതമാനവും ഇങ്ങനെ സ്വകാര്യ ജന്മിമാരുടേതും, ബാക്കി വരുന്നത് രാജാക്കന്മാരുടെ സ്വകാര്യ സ്വത്തായ ചേരിക്കലും ക്ഷേത്ര സ്വത്തായ ദേവസ്വവും. ഈ രണ്ടിനും അക്കാലത്തു നികുതിയില്ലായിരുന്നു. ജന്മിമാര്‍ക്കു നേരത്തെ തന്നെ നികുതി വേണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്കാലങ്ങളില്‍ കേരളത്തില്‍ ഭൂനികുതി രാജാക്കന്മാര്‍ പിരിച്ചിരുന്നേയില്ല. അതത്രയും ജന്മിമാര്‍ക്കുള്ളതായിരുന്നു. ശൈഖ് സൈനുദ്ദീനും ലോഗനും ഇവരുടെ നിരീക്ഷണങ്ങളില്‍ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് മൈസൂര്‍ സുല്‍ത്താന്മാര്‍ കൈവെച്ചത്. ഭൂമിയില്‍ യാതൊരു ദേഹണ്ണവും നിര്‍വഹിക്കാതെ വെറും സാധുക്കളായ കുടിയാന്മാരില്‍നിന്നും മറ്റു പാട്ടക്കര്‍ഷകരില്‍ നിന്നും വന്‍ പങ്ക് നിര്‍ദയം വസൂലാക്കി സുഖിച്ചു ജീവിച്ച ഇത്തരം കുടില ജന്മി പ്രതാപങ്ങള്‍ക്ക് സുല്‍ത്താന്‍ അവസാനമിട്ടു. വളരെ കൃത്യമായി ഭൂമി അളക്കുകയും കാര്‍ഷിക വിളവുകള്‍ക്ക് ജന്മിമാരില്‍ നിന്ന് നികുതി ഈടാക്കുകയും കുടിയാന്മാര്‍ക്ക് നികുതി ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1766ല്‍ മലബാറില്‍ നിയമിതനായ സിവില്‍ ഗവര്‍ണര്‍ മദണ്ണ മലബാറില്‍ നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥ തീര്‍ത്തും കുറ്റമറ്റതും ഏറെ ശാസ്ത്രീയവുമായിരുന്നു. ഈ നികുതി രൂപമാണ് പില്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ വടക്കേ ഇന്ത്യയില്‍ യെറ്റ്‌വാരി എന്ന പേരില്‍ നടപ്പാക്കിയത്. ഈ നികുതി രീതി മലബാറിലെ സാധു ജീവിതം ഏറെ സുവര്‍ണമാക്കിയെന്ന് എഴുത്തുകാരനായ ബുക്കാനന്‍ നിരീക്ഷിച്ചിട്ടുണ്ട്. ജന്മിമാരുടെ നഷ്ടപ്രതാപത്തിന്റെ ഇത്തരം ഓര്‍മകളാണ് ടിപ്പുവിനെതിരെ മലബാറില്‍ കലാപം നടത്താന്‍ ജന്മിവര്‍ഗങ്ങള്‍ക്ക് പ്രേരണയായത് എന്നറിയണം. ഇതിന് ഇംഗ്ലീഷ് ഭരണത്തിന്റെ സര്‍വ പിന്തുണയും കലാപകാരികള്‍ക്ക് ലഭിക്കുകയും ചെയ്തു.
ഇതിനനുരോധമായി മലബാറില്‍ സുല്‍ത്താന്മാര്‍ ചെയ്ത നിരവധി ഭരണ പരിഷ്‌കാര നടപടികളുണ്ട്. അതത്രയും പൊതുജനങ്ങള്‍ക്ക് ഗുണപ്രദവും ചൂഷക പരിഷകള്‍ക്ക് ഏറെ പ്രതിലോമപരവുമായിരുന്നു. അതിലൊന്നാണ് മലബാറില്‍ ഹൈദറും ടിപ്പുവും നടപ്പാക്കിയ ഭൂ സര്‍വേയും ഭൂമിയുടെ അളവു തിട്ടപ്പെടുത്തലും. അന്നുവരെ കേരളത്തിലെവിടെയും പതിവില്ലാത്ത പുതുമ പ്രവൃത്തിയായിരുന്നു ഇത്. ഹൈദറിന്റെ ഗവര്‍ണര്‍ ശ്രീനിവാസ റാവുവിന്റെ മേല്‍നോട്ടത്തില്‍ മലബാറില്‍ ഭംഗിയായ ഒരു സര്‍വേ നടന്നു. കേരളത്തില്‍ നടന്ന ആദ്യത്തെ ഭൂ സര്‍വേ. ശാസ്ത്രീയമായ ഭൂ അളവുപകരണങ്ങള്‍ ഒന്നും അന്നു ലഭ്യമല്ലായിരുന്നതുകൊണ്ട് വിത്തളവുരീതിയായിരുന്നു പ്രയോഗിച്ചിരുന്നത്. നാഴി വിത്ത് ഇത്ര നിലത്ത് വിതക്കുമെന്ന് അന്നത്തെ കര്‍ഷകന് തിട്ടമുണ്ടായിരുന്നു. സര്‍വേ ചെയ്ത ഭൂമി ജന്മിയുടെ പേരില്‍ തന്നെ നിലനിര്‍ത്തി. സാധാരണഗതിയില്‍ ജന്മിക്കുള്ള പാട്ടവും സര്‍ക്കാറിനുള്ള ലവിയും കഴിച്ചേ കര്‍ഷകനു വിളവു ലഭിക്കുമായിരുന്നുള്ളു. സര്‍വേ ചെയ്ത ഭൂമിയില്‍ ഉടമാവകാശം നിജപ്പെടുത്തി. സര്‍ക്കാറിലേക്ക് ചെല്ലേണ്ട നികുതി ജന്മിക്കു ലഭിക്കുന്ന പാട്ടത്തില്‍ നിന്നു നല്‍കേണ്ടതാണെന്നു സുല്‍ത്താന്‍ വ്യവസ്ഥ ചെയ്തു. അതോടെ യഥാര്‍ഥ കര്‍ഷകന്‍ നികുതിയുടെ ഭാരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അതോടൊപ്പം ജന്മിക്കും കൃഷിക്കാരനുമിടയില്‍ നിന്ന മധ്യവര്‍ത്തികള്‍ തുരത്തപ്പെട്ടു. 'ഹുസൂര്‍' നികുതിയെന്നു പേരിട്ട ഈ സമ്പ്രദായത്തെ പില്‍ക്കാലത്ത് മൈസൂര്‍ നാടിന്റെ കൊടുംശത്രുക്കള്‍ പോലും വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഇത്ര പറ വിത്തിന്റെ കണ്ടം എന്ന പ്രയോഗം പോലും അങ്ങനെ ഉണ്ടായതാണ്. ഒരു പറ വിത്തിറക്കുന്ന കണ്ടത്തില്‍ പത്തു പറ വിളയുമെന്നു കണക്കാക്കുന്നു. അതില്‍ അഞ്ചര പറ പൂര്‍ണമായും കര്‍ഷകനുള്ളതാണ്. ബാക്കി ജന്മിക്കും. ജന്മി ഇതില്‍ നിന്നും ഒന്നര പറ നികുതിയായി നല്‍കണം. പറമ്പുകളില്‍ തെങ്ങ്, കുരുമുളക് തുടങ്ങിയവക്കൊക്കെ മിതമായ നികുതിയിട്ടു. മണ്ണിന്റെ ഗുണദോഷങ്ങളും എത്ര പൂവു കൃഷിയിറക്കുന്നു എന്നതും നികുതി നിര്‍ണയത്തില്‍ പരിഗണിച്ചു. വിളനാശം വന്ന കര്‍ഷകരില്‍ നിന്നു പോലും ജന്മിമാര്‍ നിര്‍ദയം നികുതി പിരിച്ച കാലമായിരുന്നു അത്. എന്തു കാര്‍ഷിക നഷ്ടം സംഭവിച്ചാലും ജന്മി അവന്റെ അവകാശം കുറക്കുമായിരുന്നില്ല. ടിപ്പു ഇത്തരം സന്ദര്‍ഭങ്ങളില്‍ നികുതി വാങ്ങരുതെന്നു കല്‍പ്പിച്ചു. ക്ഷേത്ര സ്വത്തുക്കളെ നികുതിയില്‍ നിന്ന് സമ്പൂര്‍ണമായും ഒഴിവാക്കി.
മൈസൂര്‍ സുല്‍ത്താന്മാര്‍ മലബാറിലെ ഭരണം ഏറെ കാര്യക്ഷമമാക്കി. ഭരണത്തിന്റെ സമ്പൂര്‍ണതക്ക് സിവില്‍ ഭരണവും സൈനിക ഭരണവും വേറെ വേറെയാക്കുകയും രാജ്യത്തിലെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കുകയും ചെയ്തു. ഇതോടെ മലബാറിലെ പെരും ജന്മിമാര്‍ ഭരണത്തിനെതിരെ നിരന്തരം കലാപം തീര്‍ത്തു. അവര്‍ക്കു നഷ്ടമായത് അതുവരെ അനുഭവിച്ചിരുന്ന സുഖ സൗകര്യങ്ങളായിരുന്നു. കലാപം നടത്തിയ ജന്മിമാരില്‍ പ്രധാനിയാണു മഞ്ചേരി അത്തന്‍ കുരിക്കള്‍. സമുദായത്തില്‍ തനിക്കുണ്ടായിരുന്ന പ്രമാണിത്തവും സ്വാധീനവും ഉപയോഗിച്ചു കൈവശപ്പെടുത്തിയ പ്രമാണമില്ലാത്ത ഭൂമിയും വമ്പിച്ച നികുതി വെട്ടിപ്പും സുല്‍ത്താന്റെ റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടുപിടിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തപ്പോഴാണ് അത്തന്‍ കുരിക്കള്‍ കലാപത്തിെനത്തിയത്. ജാതിയും മതവും വിശ്വാസവും ഒട്ടും പരിഗണിക്കാതെ തന്നെയാണ് സുല്‍ത്താന്‍, കുരിക്കളുടെ കലാപത്തെ അമര്‍ത്തിയത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് കുരിക്കളെയും സില്‍ബന്ധികളെയും മൈസൂര്‍ ബോധ്യപ്പെടുത്തി.
ഒരു നാടിന്റെ ചരിത്രനീള്‍ച്ചയില്‍ കാല്‍നൂറ്റാണ്ട് ഒന്നുമല്ല. മനുഷ്യ ജീവിതത്തില്‍ ഈ കാലം ഏറെ ദീര്‍ഘവുമാണ്. 1766 മുതല്‍ 1790 വരെ മാത്രമാണ് മലബാറില്‍ സുല്‍ത്താന്‍ ഭരണകാലം. അതില്‍ തന്നെ 1773 മുതല്‍ ഏതാണ്ട് ഏഴു വര്‍ഷക്കാലം കാര്യമായ ഒരു ഭരണ നടപടിയും മലബാറില്‍ ഉണ്ടായിട്ടില്ല. ഇരമ്പിക്കടന്ന നിരവധി കഠോര യുദ്ധ തീവ്രതകള്‍ മാത്രം. ഈ യുദ്ധകാലം കിഴിച്ചാല്‍ കേവലം പതിനാറു വര്‍ഷക്കാലം മാത്രമാണ് മലബാറിലെ സുവര്‍ണ മൈസൂര്‍ക്കാലം. ഹൈദര്‍സുല്‍ത്താന്റെ ഒമ്പതു വര്‍ഷവും പുത്രന്റെ ഏഴും. സ്വസ്ഥതയോടെ നാട്ടുകാര്യങ്ങള്‍ നോക്കാന്‍ മൈസൂറിന് ഒരിക്കലും അവസരം കിട്ടിയിട്ടില്ല. നൈസാമും മറാഠികളും ഇംഗ്ലീഷുകാരും എന്തിന് പഴശ്ശി പോലും ചതുര്‍ഭാഗത്തുനിന്നും നിരന്തരം ഏര്‍പ്പെടുത്തിയ ചതിക്കുഴികള്‍ സാഹസികമായി അതിജീവിച്ചുകൊണ്ടാണ് എന്നും മൈസൂര്‍ നിലനിന്നത്. ഭരണപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കാനോ സമാധാനപരമായി ജനക്ഷേമ യത്‌നങ്ങളില്‍ ഏര്‍പ്പെടാനോ ഒരിടയും കിട്ടിയില്ല. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ ഈ സംഘര്‍ഷത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്നു പോകുമ്പോഴും ദീര്‍ഘ വീക്ഷണത്തോടെ തന്നെ രാഷ്ട്ര ക്ഷേമത്തിന് മൈസൂര്‍ സുല്‍ത്താന്‍ നിരന്തരം ഉല്‍സാഹിച്ചതിനു ചരിത്രവും ചരിത്രകാരന്മാരും സാക്ഷ്യം പറയുന്നു.
മൈസൂര്‍ സുല്‍ത്താന്മാര്‍ മലബാറിന്റെ ഗതാഗത മണ്ഡലത്തില്‍ നിര്‍വഹിച്ച നിസ്തുലമായ വികസന യജ്ഞം അത്ഭുതകരമാണ്. മലബാര്‍ മുഴുവന്‍ ചെറു അധികാര സ്വരൂപങ്ങളായി വിഭജിതമാവുകയും ഇവ പരസ്പരം നിരന്തര സംഘട്ടനത്തില്‍ ആപാദം മുഴുകുകയും ചെയ്തുവന്ന കാലം. നാടിന്റെ വികസനവും ജനതയുടെ ക്ഷേമവും ഇന്നുപോലും ഭരണക്കാര്‍ക്ക് വിഷയമേ അല്ല. അവര്‍ക്ക് മറ്റു നേരമ്പോക്കുകളുണ്ടല്ലോ. ഒറ്റയടിപ്പാതകള്‍ മാത്രമാണ് അന്ന് കേരളത്തിന്റെ യാത്രാവഴി. അതുതന്നെ നിരന്തരം പ്രത്യക്ഷപ്പെടുന്ന നദീപടലങ്ങളാല്‍ വിഘ്‌നപ്പെട്ടു. അതുകൊണ്ടു കേരളം ഗതാഗതത്തിനു നദീ സാധ്യതകളെ മാത്രം ആശ്രയിച്ചിരുന്ന കാലം. പതിനാലാം നൂറ്റാണ്ടില്‍ ദീര്‍ഘകാലം കേരളത്തില്‍ താമസിച്ച സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത അക്കാലത്തെ കേരളീയ സഞ്ചാരപ്പെരുമകളെപ്പറ്റി വിസ്തരിക്കുന്നുണ്ട്. ചരക്കുകളത്രയും നദീമുഖങ്ങളില്‍ എത്തിക്കുന്നത് തലച്ചുമടായി മാത്രം. 1800ല്‍ പോലും കേരളത്തിന്റെ ഗതാഗതമിങ്ങനെ തന്നെയായിരുന്നെന്ന് ബുക്കാനന്‍ എഴുതിയിട്ടുണ്ട്. ടിപ്പുവിനു മുമ്പ് ഇവിടെ ചക്രം പിടിപ്പിച്ച വണ്ടികളേ ഇല്ലായിരുന്നുവെന്ന് ഇന്തീസിന്റെ മലബാര്‍ ഗസറ്റിയര്‍ സാക്ഷ്യപ്പെടുത്തുന്നു. 1849ല്‍ കോയമ്പത്തൂരില്‍ നിന്ന് പച്ചക്കറികളുമായി അമ്പതു കാളവണ്ടികള്‍ തൃശൂര്‍ നഗരത്തില്‍ എത്തിയപ്പോള്‍ സ്ഥലവാസികള്‍ വിഭ്രാന്തരായി നിന്നതിനെ കൊച്ചി സ്റ്റേറ്റ് മാന്വല്‍ രേഖപ്പെടുത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ വേണം മൈസൂര്‍ സുല്‍ത്താന്മാര്‍ അവരുടെ സാമ്രാജ്യത്തിലെ ഏറ്റവും ചെറിയ പ്രവിശ്യയായ മലബാറില്‍ നെടുകെയും കുറുകെയും രാജരഥ്യകള്‍ വെട്ടിയത് നാം കാണേണ്ടത്. കോഴിക്കോട്, താമരശ്ശേരി, മലപ്പുറം, ഫറൂഖ്, ചാത്തമംഗലം, നിലമ്പൂര്‍, കൊണ്ടോട്ടി, അരീക്കോട്, പുതുപ്പാടി, തിരൂരങ്ങാടി, ഏഴിമല, ചിറക്കല്‍, കോട്ടയം തുടങ്ങി കാനറീസു മുതല്‍ പാലക്കാടു വരെ വളഞ്ഞു പുളഞ്ഞു ചേര്‍ന്നു പുണര്‍ന്നു നൂല്‍പുട്ടുപോലെ നീളുന്ന റോഡു ശൃംഖല. വളരെ ശ്രദ്ധയും ജാഗ്രതയും സമര്‍പ്പിച്ച് നിര്‍മിക്കപ്പെട്ട ഈ റോഡുകളൊക്കെയും ഇന്നും അറിയപ്പെടുന്നത് ടിപ്പു സുല്‍ത്താന്‍ റോഡുകള്‍ എന്നുതന്നെയാണ്. ഇത്രയും വിശാലമായ റോഡുകള്‍ വെട്ടാനും അതിന്റെ ഇരു ഓരങ്ങളിലും ഫലവൃക്ഷങ്ങളും തണല്‍ മരങ്ങളും നട്ടു പരിപാലിക്കാനും എന്തുമാത്രം പണവും അധ്വാനവും വന്നു കാണും. കേവലം ആറു വര്‍ഷം കൊണ്ടു ടിപ്പു പൂര്‍ത്തിയാക്കിയ ഈ റോഡു പടലത്തിനു സമാനമായത് പിന്നീടു വന്ന നൂറ്റിയമ്പതു വര്‍ഷംകൊണ്ട് ഇംഗ്ലീഷുകാര്‍ക്ക് മലബാറില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. ആനുപാതികമായി നോക്കിയാല്‍ അതിനു ശേഷമുള്ള സ്വതന്ത്ര സര്‍ക്കാറിനു പോലും.
ഏതു നാട്ടിലും മരാമത്തു ജോലികളും വികസന പ്രവര്‍ത്തനങ്ങളും സജീവമാവുക സമാധാന കാലത്താണ്. എന്നാല്‍ 1784 മുതല്‍ 1790 വരെയുള്ള കാലം സുല്‍ത്താന്മാര്‍ക്ക് യുദ്ധത്തിന്റെയും പ്രതിവിപ്ലവ ശ്രമത്തിന്റെയും സംഘര്‍ഷകാലമാണ്. ഇതിനിടയിലാണ് ഇത്തരം വന്‍ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. എല്ലാ റോഡുകളും ശ്രീരംഗപട്ടണത്തിലേക്ക് എത്തിച്ചേരുന്ന വിധമാണ് ക്രമീകരിച്ചത്, പിന്നീട് ഫറോക്കിലേക്കും. മൈസൂറിന്റെ മലബാര്‍ പ്രവിശ്യാ ആസ്ഥാനമായി ടിപ്പു വികസിപ്പിച്ചതാണ് ചാലിയാര്‍ തീരത്തുള്ള ഈ ചെറുപട്ടണം. അതിന് ഫാറൂഖ് ഉമറിന്റെ പേരു വെച്ചതും സുല്‍ത്താന്‍ തന്നെ. കേരളത്തിലെ സ്ഥലനാമങ്ങളില്‍ ഇത്ര ശുദ്ധമായ അറബി പേര്‍ ഒരു പക്ഷേ ഇതു മാത്രമായിരിക്കാം. സുല്‍ത്താന്റെ റോഡുകളിലൂടെ ചക്രവാഹനങ്ങള്‍ ഓടിത്തുടങ്ങി. അതോടെ കേട്ടു കേള്‍വിയല്ലാത്ത വിധം മലബാറില്‍ വാണിജ്യ സൗഭാഗ്യങ്ങള്‍ സമൃദ്ധമായി. അങ്ങനെ മലബാറിന്റെ മൈസൂര്‍ കാലം കുന്നോളം പോന്ന വാണിഭങ്ങള്‍ കൊണ്ടും എഴുന്നു നില്‍ക്കുന്ന ചുങ്കപ്പുരകള്‍ കൊണ്ടും സജീവമായി. ഇതുകൊണ്ടൊക്കെയാണ് പൗരസ്ത്യ നാടുകളിലെ രാജാക്കന്മാരില്‍ വെച്ചു ഭരണാധികാരിയെന്ന നിലയില്‍ ടിപ്പു മറ്റാരെക്കാളും പ്രഗത്ഭനായിരുന്നെന്ന് ജെയിംസ് മില്‍ പോലും അഭിപ്രായപ്പെട്ടു പോയത്. തന്റെ സാമ്രാജ്യത്തിലെ ഏതു പ്രവിശ്യയിലേക്കു വന്ന കച്ചവടസംഘങ്ങളെയും ടിപ്പു ആചാരവിധി പ്രകാരം ഉപചരിച്ചു. വായ്പകളും മുന്‍കൂര്‍ പണങ്ങളും നല്‍കി മൂലധന ലഭ്യത ഉറപ്പുവരുത്തി. കച്ചവടാവശ്യാര്‍ഥം തന്റെ നാട്ടിലേക്കു വരുന്ന കുതിരകള്‍ ചത്തുപോവുകയാണെങ്കില്‍ കുതിരയുടെ വിലയുടെ പകുതി സുല്‍ത്താന്‍ നല്‍കി. അന്ന് ഇതൊരത്ഭുതമായിരുന്നു. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ കാണാത്ത അത്ഭുതം. മംഗലാപുരം കണ്ണൂര്‍ കോഴിക്കോട് പ്രദേശങ്ങളിലെ തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ ഫ്രഞ്ച് എഞ്ചിനീയര്‍മാരെയാണ് ടിപ്പു നിയോഗിച്ചത്. ഇതിനായി സുല്‍ത്താന്‍ ഫ്രഞ്ചു നാടുകളുമായി നടത്തിയ എഴുത്തുകുത്തുകള്‍ ആര്‍ക്ക്‌വൈസുകളില്‍ ലഭ്യമാണ്.
വ്യവസായ വിപ്ലവത്തിന്റെ ഗുണവശങ്ങള്‍ യൂറോപ്യന്‍ നാടുകള്‍ എങ്ങനെ സമാഹരിച്ചുവെന്ന് ലോക ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ടിപ്പുവിന് അറിയാമായിരുന്നു. കയറ്റിറക്കുമതിയിലും വ്യാപാരത്തിലും രാഷ്ട്രത്തിന്റെ സമ്പൂര്‍ണമായ കുത്തക സുല്‍ത്താന്‍ കര്‍ശനമായി പ്രഖ്യാപിച്ചു. അതോടെ പാപ്പരായത് ബ്രിട്ടീഷ് കമ്പനികളാണ്. അവരുടെ ഏറെ ലാഭകരമായ കച്ചവട സംവിധാനത്തെ ഈ പ്രഖ്യാപനം തീര്‍ത്തും അട്ടിമറിച്ചു. ഈ വ്യാപാര നയം മലബാറില്‍ മാത്രം പരിമിതമായിരുന്നില്ല. മൈസൂര്‍ നാടു മൊത്തമായിരുന്നു. വിദേശ കച്ചവടക്കാര്‍ മുന്‍കൂര്‍ പണം നല്‍കി ഉല്‍പ്പന്നങ്ങളുടെ ഈടിന്മേല്‍ കച്ചവടമുറപ്പിക്കുകയും കര്‍ഷകരുടെ നിസ്സഹായാവസ്ഥ കൊള്ളയടിക്കുകയും ചെയ്യുന്ന അതിദയനീയതയില്‍ നിന്ന് മലബാറിനെയും സുല്‍ത്താന്‍ വിമോചിപ്പിച്ചു. ഇടത്തട്ടുകാര്‍ പിന്‍വാങ്ങിയതോടെ പരമാവധി വിലയ്ക്ക് ചരക്കുകള്‍ കൃഷിക്കാര്‍ക്കു വില്‍ക്കാനായി (ഫോറിന്‍ സീക്രട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ട്ട് വില്യം പ്രൊസീഡിംഗ്‌സ് 1779). നാടിന്റെ പല ഭാഗങ്ങളിലും വമ്പന്‍ പണ്ടകശാലകള്‍ കെട്ടിയുണ്ടാക്കി രാജ്യത്തിന്റെ മേല്‍ നോട്ടത്തില്‍ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ തുറന്നു. ആളുകള്‍ എത്താതായപ്പോള്‍ ചുമതലക്കാരനായിരുന്ന രാജാറാം ചുന്ദര്‍ രാജാവിന് പരാതി അയച്ചു. അതിനു ടിപ്പു അയച്ച മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. ''തുടക്കത്തിലുണ്ടാകുന്ന മന്ദത കാര്യമാക്കേണ്ട. ഇതുകൊണ്ടുള്ള പ്രയോജനം മനസ്സിലാകുമ്പോള്‍ ജനം ഇരമ്പിയെത്തും. ഉത്സാഹത്തോടെ കാത്തിരിക്കുക'' (സുല്‍ത്താന്റെ കത്തുകള്‍: കിര്‍ക്ക് പാട്രിക് XXI 3435). രാഷ്്രടത്തിനകത്തെ വ്യാപാര വ്യവസായ പുരോഗതിക്കായി മൂലധന സമാഹരണത്തിന് സുല്‍ത്താന്‍ ആവിഷ്‌കരിച്ച അതിനൂതന പദ്ധതിയായിരുന്നു സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍. അഞ്ചു രൂപ മുതല്‍ അഞ്ഞൂറു രൂപ വരെ ഓഹരിയെടു ക്കാവുന്നതും രാഷ്ട്രത്തിന്റെ ഔദ്യോഗിക പിന്‍ബലമുള്ളതുമായ ഇത്തരം സംവിധാനം ഇന്ത്യന്‍ രാജസ്വരൂപങ്ങളില്‍ അന്നു ഏറെ നൂതനവും അത്ഭുതകരവുമായിരുന്നു. അമ്പതു ശതമാനം ലാഭവിഹിതം നിശ്ചയിക്കപ്പെട്ടിരുന്ന ഈയൊരു സംവിധാനം യൂറോപ്പില്‍ പോലും അപൂര്‍വമായിരുന്നു. ടിപ്പുവിലെ ഏറെ സമര്‍ഥനായ വണിക്കിനെ അനാഛാദമാക്കുന്ന നിരവധി കത്തുകള്‍ ഇന്നു കണ്ടെത്തിയിട്ടുണ്ട്. ''മംഗലാപുരത്തു നിന്നു നാം അയച്ച അരിയും കുരുമുളകും ചന്ദനവുമൊന്നും നിങ്ങള്‍ ധൃതി പിടിച്ചു വിറ്റുകളയരുത്. കമ്പോളത്തിലതു ദുര്‍ലഭമാകുമ്പോഴേ വില്‍പന തുടങ്ങാവൂ. നിങ്ങള്‍ കമ്പോളം നിരീക്ഷിച്ചുകൊണ്ടിരിക്കണം'' (കിര്‍ക്ക് പാട്രിക് CLVI 187). മസുകത്തിലേക്കയച്ച കച്ചവടസംഘത്തലവനു ടിപ്പു നേരിട്ടെഴുതിയതാണിത്. മലബാറില്‍ അറബി പിന്തുണയോടെ വിപുലമായ പേള്‍ഫിഷറി സ്ഥാപിക്കാന്‍ സുല്‍ത്താന്‍ പരിശ്രമിച്ചു. വയനാട്ടില്‍ നിന്നു ഖനിച്ചു കിട്ടിയ ഇയ്യക്കട്ടികള്‍ ടിപ്പുവിന്റെ ഓഫീസറായ മൊയ്തീന്‍ അലി ഖാന്‍ ശ്രീരംഗ പട്ടണത്തേക്കയച്ചു. ഉടന്‍ വന്നു ടിപ്പുവിന്റെ മറുപടി. ഇയ്യഖനികളുടെ അടിയില്‍ വെള്ളി ഖനികളോ അയിരുകളോ കണ്ടേക്കും. അവിടത്തെ മണ്ണും പാറയും പരിശോധിക്കാന്‍ ഞാന്‍ വിദഗ്ധരെ അയക്കാം (മൊഫിബുല്‍ ഹസ്സന്‍ ഖാന്‍: ടിപ്പുസുല്‍ത്താന്‍ 383). വേഗതയായിരുന്നു ടിപ്പു എന്ന ഭരണകര്‍ത്താവിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെയാണ് ഭരണം ടിപ്പുവിനെ കണ്ടു പഠിക്കണമെന്നു അക്കാലത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ പോലും സ്വകാര്യമായി നിരീക്ഷിച്ചത്.
യൂറോപ്യന്‍ നാടുകളിലെ ജീവിത പരിവര്‍ത്തനങ്ങളെ ഇത്ര ഘ്രാണശേഷിയോടെ ആവാഹിക്കാന്‍ കഴിഞ്ഞ ഏക ഇന്ത്യന്‍ ഭരണാധികാരിയും ടിപ്പുവായിരുന്നു. തന്റെ പിതാവിന്റെ ആയുര്‍ദൈര്‍ഘ്യം പുത്രനു ലഭിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം