Prabodhanm Weekly

Pages

Search

2021 നവംബര്‍ 19

3227

1443 റബീഉല്‍ ആഖിര്‍ 14

ആനന്ദം അവസാനിക്കുന്നില്ല

കെ.പി ഇസ്മാഈല്‍

പ്രകൃതിയെ നോക്കിനില്‍ക്കുന്നതുതന്നെ ആനന്ദമാണ്. മഴ പെയ്യുന്നത്, കാറ്റു വീശുന്നത്, മേഘങ്ങള്‍ സഞ്ചരിക്കുന്നത്, പൂക്കള്‍ വിടരുന്നത്, മത്സ്യങ്ങള്‍ നീന്തുന്നത്, പുഴ ഒഴുകുന്നത്, തിരമാലകള്‍ പൊങ്ങിയുയര്‍ന്ന് തീരത്തെ പുണരുന്നത്, സന്ധ്യാംബരത്തില്‍ മായക്കാഴ്ചകള്‍ നിറയുന്നത്, പ്രഭാതത്തില്‍ സൂര്യന്‍ തെങ്ങോലകള്‍ക്കിടയിലൂടെ തങ്കരശ്മികള്‍ ചിതറുന്നത്, പക്ഷികള്‍ പാടുന്നത്, നക്ഷത്രക്കൂട്ടങ്ങള്‍ കണ്ണുചിമ്മുന്നത്, ചന്ദ്രന്‍ ചിരിക്കുന്നത്... അങ്ങനെ അനുഭവിച്ചുതീരാത്ത ആനന്ദങ്ങള്‍, കണ്ടാലും കണ്ടാലും മതിവരാത്ത വിസ്മയങ്ങള്‍...
പ്രകൃതി വലിയ പ്രചോദനമാണ്; സ്‌നേഹത്തിന്റെ, കരുണയുടെ, ഉത്സാഹത്തിന്റെ, പുതുജീവിതത്തിന്റെ...
പഴയ ഒരു പരിചയക്കാരനെ വളരെ നാളുകള്‍ക്കു ശേഷം പട്ടണത്തില്‍ വെച്ച് കണ്ടുമുട്ടി. സംസാരത്തിനിടയില്‍ അയാളുടെ ദുഃഖം അണപൊട്ടി. കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു: 'ഭാര്യ അടുപ്പിക്കുന്നില്ല. വെറുപ്പോടെ സംസാരിക്കുന്നു. മക്കളും അങ്ങനെത്തന്നെ.'
കഥകേട്ട് മനസ്സ് വിതുമ്പി. ആനന്ദവിസ്മയങ്ങള്‍ക്കിടയിലും ജീവിതം ആസ്വദിക്കാന്‍ കഴിയാത്തവരുണ്ടല്ലോ എന്നോര്‍ത്ത് ഹൃദയം വിങ്ങി. ഒന്നും പറയാനാകാതെ ഏറെ നേരം നിന്നു. സാന്ത്വന വാക്കുകളല്ലാതെ നമ്മുടെ കൈയില്‍ മറ്റെന്തുണ്ട് ആശ്വസിപ്പിക്കാന്‍?
'വിഷമിക്കാതിരിക്കൂ. പ്രശ്‌നങ്ങളും തര്‍ക്കങ്ങളും സാധാരണമാണ്. ഇന്നത്തെ ദുഃഖം നാളെയും തുടരണമെന്നില്ല. ഓരോ ദിവസവും പുതിയ പൂക്കള്‍ വിടരുന്നു. അതുപോലെ ജീവിതത്തിലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാകും. ഇന്നത്തെ ദുഃഖം സഹിക്കുക. നാളെയുടെ നല്ല നിമിഷങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുക. കാത്തിരിക്കാന്‍ തയാറാകാത്തവര്‍ക്കാണ് വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടിവരിക. ദാമ്പത്യത്തിന് തകരാറുണ്ടാക്കുന്ന ഒന്നും ചെയ്യരുത്. ശപിക്കാന്‍ പാടില്ല. ഭാര്യയോട് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പു പറയുക. അവര്‍ നിങ്ങളോട് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കുക. ഒരു കാര്യത്തിനും കോപിക്കരുത്. നിരാശനാകാതെ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക. സമ്മാനങ്ങള്‍ കൊടുക്കുക. സമ്മാനങ്ങള്‍ കൊടുക്കുന്നത് വെറുപ്പ് നീങ്ങാന്‍ സഹായിക്കുമെന്ന് നബി പറഞ്ഞിട്ടുണ്ട്. ദാമ്പത്യവും കുടുംബജീവിതവും ദൈവത്തിന്റെ അനുഗ്രഹമാണെന്ന് മറക്കാതിരിക്കുക.'
ഗ്രാമത്തിലെ പള്ളിയില്‍ ഏറെ കാലത്തിനു ശേഷം ചെന്നതാണ്. അവിടെ മറ്റൊരു പരിചയക്കാരനെ കണ്ടുമുട്ടി. അവന്‍ പറഞ്ഞത് തകര്‍ച്ചയുടെ കഥ. വീട്ടുകാര്‍ വീട്ടില്‍നിന്ന് പുറത്താക്കിയിരിക്കുന്നു. ഇപ്പോള്‍ പള്ളിയിലാണ് ഉറക്കം. അങ്ങനെ ജീവിച്ചുപോകുന്നു.
ജീവിതത്തെ അതിന്റെ മനോഹാരിതയില്‍ കാണാനും അനുഭവിക്കാനും ആസ്വദിക്കാനും പലര്‍ക്കും കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. സാമ്പത്തിക പ്രശ്‌നങ്ങളും വ്യക്തിവൈരാഗ്യങ്ങളുമാണ് കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നത്. പണമാണ് പലര്‍ക്കും മുഖ്യവിഷയം. സംതൃപ്തിയാണ് ഏറ്റവും വലിയ സമ്പത്തെന്ന് പലരും അറിയാതെ പോയി. പണമോ സ്ഥാനമാനങ്ങളോ അല്ല സ്‌നേഹവും സഹകരണവുമാണ് നന്മയുടെ ഉറവിടം എന്ന സത്യം അവര്‍ ഓര്‍ക്കാതെ പോയി. സ്‌നേഹമില്ലെങ്കില്‍ ജീവിതത്തില്‍ ഒന്നുമില്ല.
നബി ഒരു ഭക്ഷണത്തളിക ആഇശക്ക് സ്‌നേഹപൂര്‍വം നല്‍കി. ആഇശ അത് തട്ടിക്കളഞ്ഞു. സാധനങ്ങള്‍ താഴെ ചിതറി. നമ്മുടെ ജീവിതത്തിലാണെങ്കില്‍ വലിയൊരു കലഹം നടന്നേക്കാവുന്ന സന്ദര്‍ഭം. എന്നാല്‍ നബി ഒന്നും എതിര്‍ത്തു പറഞ്ഞില്ല. വെറുപ്പ് പ്രകടിപ്പിച്ചില്ല. നിലത്തിരുന്ന സാധനങ്ങള്‍ തളികയില്‍ പെറുക്കിയിട്ടു. ദാമ്പത്യം പിന്നെയും മധുരതരമായി ഒഴുകി. ഇതാണ് നബിയുടെ മാതൃക. ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത വിട്ടുവീഴ്ചയുടെ മഹാ മാതൃകയാണ് നബിയുടെ സഹനം. പെണ്ണായാല്‍ ആണിനെ അനുസരിച്ചുകൊള്ളണം എന്ന ആണ്‍വീമ്പ് നബിയുടെ ശീലങ്ങളിലില്ല. ഇത്തരം വലിയ മാതൃകകള്‍ വലിച്ചെറിഞ്ഞ് നാം കലാപങ്ങളുടെ വിഷനീരില്‍ ബോധമില്ലാതെ മുങ്ങി. ജീവിതത്തിന്റെ മധുരം എങ്ങോ പോയ്മറഞ്ഞു.
രണ്ടു പേര്‍ തമ്മില്‍ കലഹിക്കുമ്പോള്‍ വലിയ ബഹളമുണ്ടാകുന്നു. ഒരാള്‍ മിണ്ടാതിരുന്നാല്‍ ശബ്ദം കുറയും. മറ്റേയാളുടെ കോപം പതുക്കെ അടങ്ങും. കോപം കൊണ്ട് ഒന്നും നേടാനില്ല. കോപം തീയാണ്. അതില്‍ കത്തിയെരിയാത്ത ഒന്നുമില്ല.
കുഞ്ഞിന് അമ്മ മുലപ്പാല്‍ നല്‍കുന്നിടത്ത് സ്‌നേഹത്തിന്റെ സ്വര്‍ഗധാരകള്‍ ആരംഭിക്കുന്നു. കുഞ്ഞുങ്ങളോടുള്ള വാത്സല്യം മുതല്‍ മുതിര്‍ന്നവരോടുള്ള ആദരവുകളിലൂടെ മാതാപിതാക്കളോടുള്ള കാരുണ്യം വരെ സ്‌നേഹനദി മുടങ്ങാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. അതാണ് ജീവിതം. കഴിയാവുന്ന എല്ലാ നന്മകളും ചെയ്തുകൊണ്ട് മുന്നോട്ടുപോകുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നതും സമാധാനം വര്‍ണക്കുട നിവര്‍ത്തുന്നതും.
മിതത്വത്തിലും എളിമയിലും ജീവിതം രൂപപ്പെടുത്തുന്നവര്‍ക്ക് സന്തുഷ്ടമായ ജീവിതം സ്വന്തമാക്കാന്‍ കഴിയും. ആഡംബരത്തിനു പിന്നാലെ പായുന്നവര്‍ എപ്പോഴും അസ്വസ്ഥരായിരിക്കും. വാക്കുകള്‍ ആളുകളെ വിസ്മയിപ്പിക്കുമെങ്കിലും അവരുടെ ഹൃദയങ്ങള്‍ നീറുകയായിരിക്കും. തനിക്കോ സമൂഹത്തിനോ നന്മ പകരാന്‍ അവര്‍ക്ക് സാധ്യമല്ല.
പ്രകൃതിയുടെ ഓരോ ചലനത്തിലുമുണ്ട് ജീവിതത്തിന്റെ തുടിപ്പുകള്‍. ജീവിതം സുന്ദരമാണ്. അതിമനോഹരമായ ജീവിതത്തിന്റെ അതീവ ഹൃദ്യമായ വസന്തമാണ് ദാമ്പത്യം എന്നത് മറക്കാന്‍ പാടില്ല. ആ മധുരക്കനിയുടെ മാധുര്യം മറന്നുപോകുന്നവര്‍ ജീവിതത്തെയാകെ കരിച്ചുകളയുന്നു. പൂക്കള്‍ വിരിയുന്നതാര്‍ക്കു വേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. പൈങ്കിളികള്‍ പാടുന്നതാര്‍ക്കു വേണ്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രഭാതങ്ങള്‍ വിരിയുന്നതാര്‍ക്കു വേണ്ടിയെന്ന് ഓര്‍ക്കാന്‍ അവര്‍ക്ക് സമയമില്ല.
നാളെയും സൂര്യനുദിക്കും. എല്ലാ ഇരുട്ടുകളെയും തുടച്ചുമാറ്റി, അവിസ്മരണീയമായ അനുഭൂതികളുമായാണ് ഓരോ ദിവസവും സൂര്യന്‍ ഉദിച്ചുയരുന്നത്. പുതിയ പ്രതീക്ഷകളുടെയും അവസരങ്ങളുടെയും നിറകുടങ്ങളുമായാണ് പ്രഭാത സൂര്യന്‍ പുഞ്ചിരിച്ചുനില്‍ക്കുന്നത്. അവ സന്തോഷത്തോടെ സ്വീകരിക്കാന്‍ തയാറാകണമെന്നു മാത്രം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 53-55
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏറ്റവും പ്രതിഫലാര്‍ഹമായ ദാനം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌