Prabodhanm Weekly

Pages

Search

2021 നവംബര്‍ 19

3227

1443 റബീഉല്‍ ആഖിര്‍ 14

എന്തുകൊണ്ട് ദൈവിക മാര്‍ഗം?

ജി.കെ എടത്തനാട്ടുകര

സത്യത്തിന്റെ അല്ലെങ്കില്‍ ശരിയുടെ രണ്ടറ്റങ്ങളിലേക്ക് വഴിതെറ്റിപ്പോവുക എന്നത് മനുഷ്യന്റെ പൊതു പ്രകൃതമാണ്. വിശ്വാസങ്ങളിലും വീക്ഷണങ്ങളിലും നിലപാടുകളിലുമെല്ലാം ഇത് കാണാം. ഈ ദൗര്‍ബല്യങ്ങളോടെയാണ് മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളും മതങ്ങളുമെല്ലാം രൂപം കൊള്ളുന്നത്. അപ്പോള്‍ സ്വാഭാവികമായും അവയിലെല്ലാം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതിന്റെ പരിമിതികളും അപകടങ്ങളും പതിയിരിക്കുന്നുണ്ടാവും.
എന്നാല്‍, ദൈവിക മാര്‍ഗം എല്ലാ കാര്യങ്ങളിലും രണ്ടറ്റങ്ങള്‍ക്ക് മധ്യേയുള്ള ശരിയെയാണ് പ്രതിനിധീകരിക്കുക. അതിനെ അടയാളപ്പെടുത്തിത്തന്നവരാണ് പ്രവാചകന്മാര്‍. അവരിലൂടെ പഠിപ്പിക്കപ്പെട്ടതാണ് ദൈവിക മാര്‍ഗം. ഈ ദൈവിക മാര്‍ഗം പിന്‍പറ്റിയവരെപ്പറ്റി ഖുര്‍ആനില്‍ പറയുന്നു: ''ഇവ്വിധം നിങ്ങളെ നാം ഒരു മധ്യമ സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകാന്‍'' (2:143). ദൈവിക മാര്‍ഗം മധ്യമമാര്‍ഗമാണെന്നാണിത് സൂചിപ്പിക്കുന്നത്. എല്ലാ വിഷയങ്ങളിലും രണ്ടറ്റങ്ങള്‍ക്ക് മധ്യേയുള്ളതാണ് ഏറ്റവും നല്ലതെന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഭാരതീയ ആപ്ത വാക്യം ഇങ്ങനെയാണ്: ''സര്‍വ ധര്‍മേഷു മധ്യമാ'' (എല്ലാറ്റിനും ഇടക്കുള്ള വഴിയേ പോവുക- via media is the best).
ഈ പ്രപഞ്ചത്തിലേക്ക് നോക്കി വായിച്ചെടുക്കാവുന്നതാണ് ദൈവിക മാര്‍ഗത്തിന്റെ, അഥവാ ദൈവിക വ്യവസ്ഥയുടെ യാഥാര്‍ഥ്യം. പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും ഒരു വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയോട് ചേര്‍ന്നുനില്‍ക്കുമ്പോഴാണ് മനുഷ്യന്‍ നേര്‍മാര്‍ഗത്തിലാവുന്നത്. ഈ നേര്‍മാര്‍ഗം യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ നേരത്തേ സൂചിപ്പിച്ച പരിമിതികളോ അപകടങ്ങളോ അതില്‍ ഉണ്ടാവുകയില്ല. കാരണം സ്രഷ്ടാവായ ദൈവം സൃഷ്ടികള്‍ക്ക് നിശ്ചയിച്ച വ്യവസ്ഥയുടെ ഭാഗമാണത്.
വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം മനുഷ്യരോട് ചോദിക്കുന്നു: ''ആകാശഭൂമികളിലുള്ള സകല ചരാചരങ്ങളും ഒന്നുകില്‍ നിര്‍ബന്ധിതമായി, അല്ലെങ്കില്‍ സ്വയം ദൈവത്തിന് അനുസരണം സമര്‍പ്പിക്കവെ ഇവര്‍ ദൈവത്തിനുള്ള സമര്‍പ്പണമല്ലാത്ത മറ്റു വല്ല വ്യവസ്ഥയുമാണോ തേടിപ്പോകുന്നത്?'' (3:83). സകല ചരാചരങ്ങളും ദൈവം നിശ്ചയിച്ച വ്യവസ്ഥക്ക് വിധേയപ്പെട്ടപോലെ മനുഷ്യനും ദൈവിക വ്യവസ്ഥക്ക് വിധേയപ്പെടണം എന്ന ആഹ്വാനമാണ് ഈ സൂക്തത്തിലുള്ളത്. ഒരുപക്ഷേ ഭാരതീയ പ്രമാണങ്ങളില്‍ പറയുന്ന 'ഋത'വും (ദൈവനിശ്ചയം) ബൈബിളില്‍ യേശു പറയുന്ന 'ദൈവത്തിന്റെ ഇഷ്ടം' ചെയ്യലും ഖുര്‍ആന്‍ പറഞ്ഞ ഈ സമര്‍പ്പണവുമായി  ബന്ധപ്പെട്ടാണ് കിടക്കുന്നത്.
പ്രപഞ്ചത്തിന് കൃത്യമായ താളമുണ്ട്. ഗോളങ്ങളും നക്ഷത്രങ്ങളുമടക്കം അണ്ഡകടാഹം മുഴുവന്‍ ഈ താളത്തിലാണ് നീങ്ങുന്നത്. സകല ചരാചരങ്ങളും ഈ താളത്തിലാണുള്ളത്. ഇവിടെ ജീവിതം സാധ്യമാകുന്നത് ഈ താളമുള്ളതുകൊണ്ടാണ്. മനുഷ്യന്‍ അവന്റെ ജീവിതത്തെ ഈ താളത്തോട് ചേര്‍ത്തിനിര്‍ത്തുമ്പോഴാണ് 'സമാധാനം' സ്ഥാപിതമാവുക. 'രണ്ടറ്റങ്ങള്‍' എന്നത് എല്ലാ കാര്യങ്ങളിലും നിലനില്‍ക്കുന്ന സാധ്യതയാണ്. 'വരള്‍ച്ച' വെള്ളമില്ലായ്മയും 'പേമാരി' വെള്ളാധിക്യവുമാണ്. ഈ രണ്ട് കാലാവസ്ഥയും സമാധാനത്തിനെതിരാണ്. വരള്‍ച്ചക്കും പേമാരിക്കും മധ്യേയുള്ള മഴയാണ് സമാധാനം. അതിലാണ് ജീവിതമുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ദൈവം മാനത്തുനിന്ന് മഴ പെയ്യിച്ചു. അതുവഴി അവന്‍ ജീവനറ്റ ഭൂമിക്ക് ജീവനേകി. സംശയമില്ല; കേട്ടറിയുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തമുണ്ട്'' (16:65).
വായു ഇല്ലാത്ത ശൂന്യതയും വായു കൊടും കാറ്റാവുന്നതും അപകടമാണ്. അത്യുഷ്ണത്തിനും അതിശൈത്യത്തിനും മധ്യേയുള്ള കാലാവസ്ഥ ഈ താളത്തിന്റെ ഭാഗമാണ്. ഇവിടെ ജീവിതം സാധ്യമാകുന്നത് പ്രകൃതിയില്‍ ഇങ്ങനെ എല്ലാ കാര്യങ്ങളിലും നിലനില്‍ക്കുന്ന സന്തുലിതമായൊരു താളമുള്ളതുകൊണ്ടാണ്. പുല്‍വിത്ത് പുല്‍ച്ചെടിയായിത്തന്നെ മുളക്കുന്നതിലും നെല്‍വിത്ത് നെല്‍ച്ചെടിയായി തന്നെ മുളക്കുന്നതിലും ഈ താളം കാണാം. കരയില്‍ അമീബ പെരുകും പോലെ ആന പെരുകാത്തതിലും, കടലില്‍ മത്തി പെരുകും പോലെ തിമിംഗലം പെരുകാത്തതിലും ഇതുണ്ട്.
ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിലൊന്നായ 'കയോസ് തിയറി' ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതായി കാണാം. ഈ തിയറി സംബന്ധമായി പ്രശസ്ത സാഹിത്യകാരനും ശാസ്ത്ര ഗവേഷകനുമായ സി. രാധാകൃഷ്ണന്‍, കൊച്ചി സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. ബാബു ജോസഫിന്റെ 'കയോസ് -ക്രമമില്ലായ്മയിലെ ക്രമം' എന്ന പുസ്തകത്തെ (ഡി.സി ബുക്‌സ്) അധികരിച്ച് പറയുന്നു: ''ഈ തിയറിയുടെ സാരാംശം ഇത്രയുമാണ്: പ്രത്യക്ഷത്തില്‍ ക്രമരഹിതമെന്നും അരാജകമെന്നും തോന്നുന്ന വ്യവസ്ഥിതികള്‍ക്കു പിന്നില്‍ അദൃശ്യമായ നിയാമകത്വം ഒളിഞ്ഞിരിപ്പുണ്ട്.''
''എന്തുകൊണ്ടാണ് മനുഷ്യന്‍ മുപ്പതിനായിരം അടി ഉയരത്തില്‍ വളരാത്തത്? എന്തുകൊണ്ടാണ് പനമ്പട്ട ഒരു തരത്തിലും വാഴക്കൈ മറ്റൊരു തരത്തിലുമിരിക്കുന്നത്? ജനുസ് അങ്ങനെയൊക്കെ ആയിപ്പോയതിനാല്‍ എന്നാണ് ലളിതമായി മറുപടി. എന്നാല്‍, ജനുസ്  അങ്ങനെയായത് എന്തുകൊണ്ട് എന്ന് ചോദിച്ചാലോ. അറിഞ്ഞുകൂടാ എന്ന് നാം പറയും. പക്ഷേ ഇനി പറയാം അറിയാമെന്ന്. കയോസ് തിയറി ഇതിനുള്ള അറിവ് നല്‍കിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ അകാരണമെന്നോ ദുരൂഹമെന്നോ തോന്നുന്നതിനെല്ലാം അടിയില്‍ വ്യാപകമായ തലങ്ങളില്‍ ക്രമങ്ങളുണ്ട്. ആ ക്രമങ്ങള്‍ മനസ്സിലാക്കാന്‍ ഇപ്പോഴുള്ള 'മനസ്സിലാക്കല്‍ സംവിധാനം' പോരാ'' (മാധ്യമം ആഴ്ചപ്പതിപ്പ് 2000 ജൂണ്‍ 2).
ഒരു മനുഷ്യക്കുഞ്ഞ് തീരെ വളരാതിരിക്കുന്നതിന്റെയും അമിതമായി വളര്‍ന്ന് ഒരു മുപ്പതിനായിരം അടി ഉയരുന്നതിന്റെയും ഇടക്കുള്ളതാണ് ശരി. ഒരു വൃക്ഷത്തൈ വളരാതെ മുരടിച്ചു നില്‍ക്കുന്നതിന്റെയും വളര്‍ന്ന് പന്തലിച്ച് ആകാശത്തിലേക്കുയരുന്നതിന്റെയും ഇടയിലുള്ളതാണ് പ്രകൃതിയുടെ താളം. പ്രപഞ്ചത്തിലെല്ലായിടത്തും ഈ താളവും ക്രമവും കാണാം.
ചുരുക്കത്തില്‍, ഈ പ്രപഞ്ചവും ഇതിലെ ചരാചരങ്ങളും അന്ധമായിട്ടല്ല നയിക്കപ്പെടുന്നത്; ആസൂത്രിതമായിട്ടാണ്. എല്ലാറ്റിന്റെയും ഉള്ളിന്റെയുള്ളില്‍ ഒരു ക്രമവും ചിട്ടയുമുണ്ട്. മനുഷ്യജീവിതം പക്ഷേ അതില്‍നിന്ന് അല്‍പം സ്വതന്ത്രമാണ്. സ്വജീവിതത്തെ ആസൂത്രണം ചെയ്യാന്‍, അഥവാ ചിട്ടപ്പെടുത്താന്‍ മനുഷ്യനെത്തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. അതിനു വഴികാട്ടികളായി ദൈവദൂതന്മാരെയാണ് നിശ്ചയിച്ചിട്ടുള്ളത്. അവര്‍ പ്രതിനിധീകരിച്ചതും പ്രബോധനം ചെയ്തതുമാണ് 'ദൈവിക മാര്‍ഗം.' അതില്‍നിന്നാണ് മനുഷ്യജീവിതത്തെ ചിട്ടപ്പെടുത്താനുള്ള യഥാര്‍ഥ വെളിച്ചം ലഭ്യമാവുക. മനുഷ്യന്‍ പക്ഷേ അവന്റെ പ്രകൃതമനുസരിച്ച് ദൈവദൂതന്മാര്‍ പഠിപ്പിച്ച മധ്യമ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടേയിരിക്കും. അപ്പോഴൊക്കെ ദൈവദൂതന്മാര്‍ മനുഷ്യരെ ആ മാര്‍ഗത്തിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ഇനി 'രണ്ടറ്റ നിലപാടു'കളും അവക്ക് മധ്യേയുള്ള യഥാര്‍ഥ നിലപാടും പരിശോധിക്കാം. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട രണ്ട് നിലപാടുകളിലൊന്ന് ദൈവം തന്നെയില്ല എന്നാണെങ്കില്‍ മറ്റേത് ഒരുപാട് ദൈവങ്ങളുണ്ടെന്നതാണ്. ഈ രണ്ട് കാഴ്ചപ്പാടുകള്‍ക്കും മധ്യേയുള്ളത് 'ഒരു ദൈവമുണ്ട്. ആ ദൈവം ഏകനാണ്' എന്ന യഥാര്‍ഥ നിലപാടാണ്. പ്രമാണങ്ങളും മനുഷ്യബുദ്ധിയും അതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.  'അജ ഏക പാത്' (ജനിക്കാത്ത ഏക രക്ഷകന്‍) എന്ന വേദവാക്യവും 'ഇസ്രയേലേ കേള്‍ക്ക, നമ്മുടെ കര്‍ത്താവ് ഏക കര്‍ത്താവ്' എന്ന ബൈബിള്‍ പ്രയോഗവും 'പറയുക: ദൈവം ഏകനാകുന്നു' എന്ന ഖുര്‍ആന്‍ വാക്യവും ഉദാഹരണങ്ങളാണ്. കാര്യങ്ങള്‍ വ്യവസ്ഥാപിതമായി നടക്കണമെങ്കില്‍ കുടുംബത്തിന് 'ഒരു നാഥന്‍', സ്ഥാപനത്തിന് ഒരു മാനേജര്‍, പാര്‍ട്ടിക്ക് ഒരു പ്രസിഡന്റ്, രാജ്യത്തിന് ഒരു പ്രധാനമന്ത്രി എന്നതൊക്കെ അനിവാര്യതയാണെങ്കില്‍ ലോകത്തിന് ഒരു രക്ഷിതാവ് എന്നതും ഒരനിവാര്യതയാണ്. ഇത് മനുഷ്യബുദ്ധിയുടെ വിധിയാണ്.
മനുഷ്യനെക്കുറിച്ച കാഴ്ചപ്പാടിലും ഈ 'രണ്ടറ്റ' നിലപാടുകള്‍ കാണാം. അതിലൊന്ന്, യുഗങ്ങളോളം പരിണാമത്തിനു വിധേയമായി 'വാലു നഷ്ടപ്പെട്ട ജന്തു'വാണ് മനുഷ്യന്‍ എന്നാണെങ്കില്‍, മറ്റേത് 'ദൈവത്തിന്റെ തന്നെ അംശമാണ്' മനുഷ്യന്‍ എന്നതാണ്. മനുഷ്യനെ കേവലം ജന്തുവായി താഴ്ത്തരുത്, ദൈവമായി ഉയര്‍ത്തുകയുമരുത്. അന്നവും വെള്ളവും ലഭ്യമാണെന്നിരിക്കെ, വിശപ്പും ദാഹവും ഉണ്ടായിട്ടും അതു വേണ്ട എന്ന് തീരുമാനിക്കാന്‍ കഴിയുന്ന മനുഷ്യനെങ്ങനെയാണ് ജന്തുവാകുന്നത്? തനിക്കാവശ്യമുണ്ടായിട്ടും തന്റെ ആവശ്യത്തെ മാറ്റിവെച്ച് സഹജീവിയെ പരിഗണിക്കാന്‍ കഴിയുന്ന മനുഷ്യനെങ്ങനെ ജന്തുവാകും? അപ്പോള്‍ മനുഷ്യന്‍ ജന്തുവല്ല. പിന്നെ ദൈവം ആകാമോ? ഈ കാഴ്ചപ്പാടു പ്രകാരം ഗാന്ധിജിയും ഗാന്ധിജിയെ കൊന്ന വ്യക്തിയും ദൈവാംശങ്ങളാണ്. അപ്പോള്‍ പിന്നെ നിരപരാധിയും കുറ്റവാളിയുമെവിടെ? സല്‍ക്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളുമെന്താണ്? രക്ഷാശിക്ഷകള്‍ എന്തിനാണ്? അതായത് നിരപരാധി, കുറ്റവാളി, സല്‍ക്കര്‍മം, ദുഷ്‌കര്‍മം, രക്ഷ, ശിക്ഷ തുടങ്ങിയ യാഥാര്‍ഥ്യങ്ങളെ നിരാകരിക്കുന്നുണ്ട് ഈ വീക്ഷണം. അതിനര്‍ഥം യാഥാര്‍ഥ്യവുമായി ഈ വീക്ഷണത്തിന് ബന്ധമില്ല എന്നാണ്. ചുരുക്കത്തില്‍ മനുഷ്യന്‍ ജന്തുവല്ല, ദൈവവുമല്ല. അപ്പോള്‍ ആരാണ് മനുഷ്യന്‍?
ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട സവിശേഷ സൃഷ്ടിയാണ് മനുഷ്യന്‍. മാത്രമല്ല, ദൈവത്താല്‍ ആദരിക്കപ്പെട്ടവനുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു'' (17:70). അതിനര്‍ഥം മനുഷ്യന്‍ അടിസ്ഥാനപരമായി തുല്യരാണെന്നാണ്. ഈ യാഥാര്‍ഥ്യം ഒരറിവും വിശ്വാസവുമാകുമ്പോഴാണ് 'മനുഷ്യസമത്വം' എന്ന മാനവിക മൂല്യം പ്രയോഗത്തില്‍ വരിക. മനുഷ്യന്‍ ജന്തുവാണെന്ന കാഴ്ചപ്പാടോ ദൈവാംശമാണെന്ന വീക്ഷണമോ ഈ മൂല്യത്തെ പ്രയോഗവത്കരിക്കാന്‍ പര്യാപ്തമാവുകയില്ല.
മനുഷ്യന്‍ ജന്തുവാണെന്ന വീക്ഷണമുള്ള ഹിംമ്‌ളര്‍ എന്ന പരിണാമവാദി ഒരിക്കല്‍ പറഞ്ഞത്: 'നീഗ്രോകള്‍ എന്നു പറയുന്നവര്‍ മനുഷ്യക്കുരങ്ങില്‍നിന്ന് അധികമൊന്നും പരിണാമം സംഭവിച്ചിട്ടില്ലാത്തവരാണെ'ന്നാണ്. ഈ പറഞ്ഞതിനര്‍ഥം പരിണാമ ശ്രേണിയിലെ ഏറ്റവും ഉന്നതര്‍ വെളുത്തവരാണെന്നാണ്. അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും ഇത്തരം പൈശാചിക ബോധത്തിന്റെ ഇരകള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. എത്രത്തോളമെന്നാല്‍ അമേരിക്കയില്‍ ഓട്ടാബെങ്ക എന്ന ഒരു ആഫ്രിക്കക്കാരനെ കാഴ്ച ബംഗ്ലാവില്‍ മനുഷ്യനും മനുഷ്യക്കുരങ്ങിനും ഇടിയിലെ മിസ്സിംഗ് ലിങ്ക് (ഇടക്കണ്ണി) ആയി പ്രദര്‍ശിപ്പിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഒടുവില്‍ ആ മനുഷ്യന്‍ ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം. ഇനി ദൈവത്തിന്റെ തന്നെ അംശമാണ് മനുഷ്യന്‍ എന്ന കാഴ്ചപ്പാടില്‍ നിന്നു കൊണ്ടും മനുഷ്യനെ ഒന്നായിക്കാണാന്‍ സാധ്യമായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ വീക്ഷണത്തിന് വേരോട്ടമുള്ള സമൂഹത്തിലാണ് ജാതീയത ഏറ്റവും അധികമുള്ളതെന്നു കാണാം. സ്വാമി വിവേകാനന്ദന്‍ ഈ യാഥാര്‍ഥ്യത്തിനടിവരയിട്ടുകൊണ്ട് പറയുന്നു: ''സര്‍വ മനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരു കാലത്തും നമുക്കിടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെമറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അത് ഇസ്‌ലാമാണ്, ഇസ്‌ലാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്‌ലാമിന്റെ സഹായമില്ലാതെ വേദാന്ത സിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്മങ്ങളും അത്ഭുതങ്ങളുമായിക്കൊള്ളട്ടെ, ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്ന് എനിക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്'' (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, പേജ് 566, സെന്റിനറി മെമ്മോറിയല്‍ പബ്ലിക്കേഷന്‍, ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര).
മനുഷ്യനെ മനുഷ്യനായിത്തന്നെ കണ്ടുകൊണ്ട് സാമൂഹിക വ്യവസ്ഥ രൂപപ്പെടുത്തുമ്പോഴാണ് മനുഷ്യസമത്വം എന്ന മാനവിക മൂല്യം പ്രയോഗത്തില്‍ വരിക. 
ഇനി മനുഷ്യര്‍ക്ക് ദൈവിക മാര്‍ഗം പഠിപ്പിക്കാന്‍ നിയോഗിതരായ പ്രവാചകന്മാരോടുള്ള മനുഷ്യരുടെ ഈ രണ്ടറ്റ സമീപനം നോക്കാം. അതിലൊന്ന്, അങ്ങനെ ഒരു കൂട്ടരേ ഇല്ല, അല്ലെങ്കില്‍ ആവശ്യമില്ല എന്ന കല്ലെറിഞ്ഞ് തള്ളിപ്പറയുന്ന നിലപാടാണ്. മറ്റൊന്ന്, പ്രവാചകന്മാരില്‍ ദിവ്യത്വം ആരോപിച്ച് ദൈവപുത്രനോ അവതാരങ്ങളോ ഒക്കെയായി കാണുന്ന നിലപാടാണ്. രണ്ടും യാഥാര്‍ഥ്യത്തിനു വിരുദ്ധമാണ്.
ദിവ്യത്വം എന്നത് പരമമായ ഏകത്വം പോലെ അവിഭാജ്യമാണ്. പരമമായ ഏകത്വവും ദിവ്യത്വും സ്രഷ്ടാവായ ദൈവത്തിന്റെ മാത്രം പ്രത്യേകതയാണ്. ദൈവിക ഗുണങ്ങളല്ല ദിവ്യത്വം. ദൈവിക ഗുണങ്ങള്‍ പ്രവാചകന്മാരിലും മറ്റു സൃഷ്ടികളിലുമൊക്കെയുണ്ടാവും. ദൈവത്തിന്റെ കാരുണ്യം എന്ന ഗുണത്തെ നൂറായി പകുത്ത് അതിലൊരംശമാണ് ഭൂമിയിലെ മുഴുവന്‍ ജീവികള്‍ക്കുമായി നല്‍കിയിരിക്കുന്നത് എന്ന് പ്രവാചകാധ്യാപനങ്ങളില്‍ കാണാം. ദിവ്യത്വം സ്രഷ്ടാവിലേ ഉണ്ടാവൂ. അതിനാല്‍ സൃഷ്ടികളില്‍ ദിവ്യത്വം ആരോപിക്കുന്നത് തെറ്റാണ്. 
മറ്റൊന്ന് മനുഷ്യപ്രകൃതമനുസരിച്ച് മനുഷ്യന് വഴികാട്ടികളായി മനുഷ്യരായ പ്രവാചകന്മാര്‍ അനിവാര്യമാണ്. കാരണം,  ജനിച്ചു വീഴുന്നതു മുതല്‍ ഉണ്ണുന്നിടത്തും ഉടുക്കുന്നിടത്തും നടക്കുന്നിടത്തും പഠിക്കുന്നിടത്തുമടക്കം ജീവിതത്തിലുടനീളം മനുഷ്യന് വഴികാട്ടി വേണം. പക്ഷിമൃഗാദികള്‍ക്ക് ആവശ്യമില്ല. അതിനാലാണ് മനുഷ്യര്‍ക്ക് മാതൃകയായി മനുഷ്യരായ പ്രവാചകന്മാരെ വഴികാട്ടികളായി നിയോഗിച്ചത്.
ഇങ്ങനെ മനുഷ്യന് വഴികാട്ടികളായി നിയോഗിച്ച പ്രവാചകന്മാരിലൂടെ പഠിപ്പിക്കപ്പെട്ട ജീവിത വീക്ഷണമായിരിക്കും ശരി. എന്നാല്‍ മനുഷ്യന്‍ പ്രസ്തുത ജീവിതവീക്ഷണത്തിന്റെ രണ്ടറ്റങ്ങളായ, ഒന്നുകില്‍ കേവല ഭൗതിക ജീവിത വീക്ഷണത്തിലൂടെ, അല്ലെങ്കില്‍ കേവല ആത്മീയ ജീവിത വീക്ഷണത്തിലൂടെ പോകുന്നതായി കാണാം. കേവല ഭൗതിക ജീവിത വീക്ഷണം ധാര്‍മികവും മാനവികവുമായ എല്ലാ മൂല്യങ്ങളെയും നിരാകരിച്ച് തോന്നിയതുപോലെ ജീവിക്കുന്ന 'തോന്ന്യാസ'ത്തിലേക്കാണ് മനുഷ്യനെ നയിക്കുക. കേവല ആത്മീയ ജീവിത വീക്ഷണം എല്ലാ ഭൗതിക ബന്ധങ്ങളെയും നിരാകരിച്ച് 'സന്യാസ'ത്തിലേക്കും മനുഷ്യനെ നയിക്കുന്നു.
കേവല ഭൗതിക ജീവിത വീക്ഷണ പ്രകാരമുള്ള ധാര്‍മികതയില്ലാത്ത 'തോന്ന്യാസ'വും, കേവല ആത്മീയ ജീവിത വീക്ഷണപ്രകാരമുള്ള ഉത്തരവാദിത്തങ്ങളില്ലാത്ത സന്യാസവും മാനവ സമൂഹത്തിന് ഒന്നടങ്കം ബാധകമാക്കിയാലുണ്ടാകുന്ന ദുരന്തം ഊഹിച്ചുനോക്കൂ. മോഹമുക്തിയാണ് മോക്ഷമാര്‍ഗം എന്നൊക്കെയുള്ള ആത്മീയ വീക്ഷണം മനുഷ്യനെ നിഷ്‌ക്രിയത്വത്തിലേക്ക് നയിക്കുമ്പോള്‍, മോഹസാക്ഷാത്കാരമാണ് ജീവിത ലക്ഷ്യം എന്ന ഭൗതിക വീക്ഷണം മോഹങ്ങളെ വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തിയാക്കി ജീവിതത്തെ മാറ്റുന്നു. അത് അരുതായ്മകളിലേക്കും അക്രമങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നു.
യഥാര്‍ഥത്തില്‍ ഭൗതിക ജീവിതത്തെ സംസ്‌കരിക്കാനുള്ള ധാര്‍മിക നിയമങ്ങളാണ് ആത്മീയത. ദൈവിക ജീവിത വീക്ഷണത്തിന്റെ കാതല്‍ അതാണ്. ആത്മീയതയും ഭൗതികതയും തമ്മിലുള്ള ബന്ധം വിത്തും വൃക്ഷവും പോലെയാണ്. നല്ല വിത്തില്‍നിന്ന് നല്ല വൃക്ഷവും നല്ല വൃക്ഷത്തില്‍നിന്ന് നല്ല ഫലങ്ങളുമുണ്ടാകുന്നു. നല്ല ആത്മീയതയില്‍നിന്ന് നല്ല ഭൗതികത ഉണ്ടാവുമെന്നര്‍ഥം. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു; 'ആത്മീയതക്ക് അഥവാ വിശ്വാസത്തിന് എഴുപത് ശാഖകളുണ്ട്. അതില്‍ ഉന്നതമായത് സ്രഷ്ടാവായ യഥാര്‍ഥ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നതാണെങ്കില്‍, ഏറ്റവും താഴ്ന്നത് വഴിയില്‍നിന്ന് ഉപദ്രവം നീക്കലാണ്.' അപ്പോള്‍ സ്രഷ്ടാവിലുള്ള വിശ്വാസവും സൃഷ്ടികളോടുള്ള കടപ്പാടും ചേര്‍ന്നതാണ് ശരിയായ ആത്മീയത. അതുകൊണ്ടാണ് 'അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമാണ് ആത്മീയതയെ നിഷേധിക്കേുന്നത്' എന്ന് ഖുര്‍ആന്‍ (അല്‍മാഊന്‍ അധ്യായം) പറഞ്ഞത്. അതിന് അടിവരയിട്ടുകൊണ്ട് 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല' എന്ന് പ്രവാചകന്‍ പറഞ്ഞു.
ഈ അടിസ്ഥാനത്തില്‍ ജീവിതത്തിലുടനീളം ഇടപെടുന്നുണ്ട് ദൈവിക ദര്‍ശനം. മനുഷ്യ നിലനില്‍പ് ഉറപ്പു വരുത്തുന്ന ചോദനയാണല്ലോ ലൈംഗികത. ഇതിനോടുള്ള മനുഷ്യന്റെ രണ്ടറ്റ നിലപാടുകളിലൊന്ന് വ്യഭിചാരമാണെങ്കില്‍ മറ്റേത് ബ്രഹ്മചര്യയാണ്. വ്യഭിചാരം ധാര്‍മികത എന്ന മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ബ്രഹ്മചര്യം മനുഷ്യവംശത്തിന്റെ നിലനില്‍പിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. ലൈംഗികതക്ക് നിയന്ത്രണങ്ങളില്ലാത്ത വ്യഭിചാരത്തിനും ലൈംഗികതയെ നിരാകരിക്കുന്ന ബ്രഹ്മചര്യത്തിനും മധ്യേയുള്ള വിവാഹ ജീവിതമാണ് ദൈവികാധ്യാപനപ്രകാരമുള്ളത്. അത് കുടുംബം എന്ന കൂട്ടായ്മയുടെ അടിത്തറയാണ്. രക്തബന്ധമില്ലാത്ത ഇണകളിലൂടെ രക്തബന്ധമുള്ള തലമുറകള്‍ രൂപപ്പെടുന്നത് ഇവിടെനിന്നാണ്. പ്രേമം, സ്‌നേഹം, കാരുണ്യം, വാത്സല്യം, ബഹുമാനം, വിട്ടുവീഴ്ച, പങ്കുവെപ്പ് തുടങ്ങിയ സകല മാനവിക മൂല്യങ്ങളും വളര്‍ന്ന് വികസിക്കുന്നത് ഇവിടെനിന്നാണ്. ഏതു സമയത്തും മനുഷ്യനത് താങ്ങും തണലുമാണ്.
കുടുംബം എന്ന ഈ കൂട്ടായ്മയുടെ പ്രസക്തി ലോകത്തിന് നന്നായി ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു കോവിഡ് 19 മഹാമാരി. കുടുംബത്തിലേക്ക് മടങ്ങാനും അവിടെത്തന്നെ അടങ്ങിയിരിക്കാനുമാണ് ഓരോ ഭരണകൂടവും ജനങ്ങളോട് ആജ്ഞാപിച്ചത്. കുടുംബം എന്ന സംവിധാനം വേണ്ടതില്ലെന്ന് വാദിക്കുന്നവര്‍ക്കു പോലും കുടുംബത്തെ തേടിപ്പോകേണ്ടിവന്നു. മനുഷ്യന്റെ നിസ്സഹായതക്കൊരു പരിഹാരമാണ് കുടുംബം എന്നതിനാണ് ഇത് അടിവരയിടുന്നത്. അതുകൊണ്ടുതന്നെ ഭദ്രമായ കുടുംബത്തെ കെട്ടിപ്പടുക്കാനുള്ള കാഴ്ചപ്പാട് നല്‍കുന്ന ദൈവിക ദര്‍ശനത്തെ നിരാകരിക്കാനാവില്ല. മനുഷ്യജീവിതത്തില്‍ കുടുംബം എന്ന സ്ഥാപനത്തിന്റെ പ്രസക്തിക്ക് അടിവരയിട്ടുകൊണ്ട് ദൈവത്തെ സൂക്ഷിച്ച് ജീവിക്കുംപോലെ കുടുംബബന്ധങ്ങളെയും സൂക്ഷിച്ചു ജീവിക്കാന്‍ ഖുര്‍ആന്‍ പറയുന്നതായി കാണാം: ''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിച്ചു ജീവിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണ് അവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു ദൈവത്തിന്റെ പേരിലാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ ദൈവത്തെ സൂക്ഷിച്ചു ജീവിക്കുക. കുടുംബബന്ധങ്ങളെയും സൂക്ഷിക്കുക. ഉറപ്പായും ദൈവം നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്'' (4:1).
ഇതുപോലെ ചര്‍ച്ചാവിധേയമാക്കേണ്ട മറ്റൊരു വിഷയമാണ് സ്ത്രീകളോടുള്ള സമീപനം. സ്ത്രീയും പുരുഷനും ചേര്‍ന്നതാണല്ലോ മാനവ സമൂഹം. ഏതെങ്കിലും ഒരു നാട്ടില്‍ പുരുഷന്മാര്‍ മാത്രം, അല്ലെങ്കില്‍ സ്ത്രീകള്‍ മാത്രം ജനിച്ചതായി ചരിത്രത്തില്‍ എവിടെയുമില്ല. പ്രകൃതിയില്‍ ദൈവം നിശ്ചയിച്ച സന്തുലിത താളത്തിന്റെ ഭാഗമാണ് അതും. എവിടെയെങ്കിലും സ്ത്രീ പുരുഷാനുപാതത്തില്‍ വലിയ ഏറ്റക്കുറവുകളുണ്ടാകുന്നുവെങ്കില്‍ അത് മനുഷ്യന്റെ തെറ്റായ ചെയ്തികളുടെ അനന്തരഫലം മാത്രമാണ്.
സ്ത്രീയും പുരുഷനും ചേര്‍ന്നതാണല്ലോ കുടുംബവും സമൂഹവും. അതിനാല്‍ ഭദ്രമായ കുടുംബത്തെയും സമാധാനമുള്ള സമൂഹത്തെയും കെട്ടിപ്പടുക്കുന്നിടത്ത് സ്ത്രീയോടുള്ള സമീപനം വളരെ പ്രധാനമാണ്. സ്ത്രീകളോടുള്ള സമീപനത്തിലും സമൂഹത്തില്‍ പൊതുവെ രണ്ടു നിലപാടുകള്‍ കാണാം. അതിലൊന്ന് സ്ത്രീകളെ അടുക്കളയില്‍ അടങ്ങിയിരിക്കാന്‍ കല്‍പിക്കുന്ന പൗരോഹിത്യത്തിന്റേതാണ്. മറ്റൊന്ന് സ്ത്രീകളെ അങ്ങാടിയില്‍ അഴിഞ്ഞാടാന്‍ വിടുന്ന 'പുരോഗമന'ത്തിന്റേതാണ്. രണ്ടും അന്തിമ വിശകലനത്തില്‍ സ്ത്രീവിരുദ്ധമാണെന്നു കാണാം.
ഒരു കത്രികയുടെ രണ്ട് ബ്ലേയ്ഡുകള്‍ പോലെ പ്രസക്തമായ രണ്ട് അസ്തിത്വങ്ങളാണ് സ്ത്രീയും പുരുഷനും. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. രണ്ട് പ്രകൃതക്കാരായ ഈ രണ്ട് കൂട്ടര്‍ക്കും അടിസ്ഥാനപരമായി വേണ്ടത് ശാന്തിയും സ്വസ്ഥതയും സുരക്ഷിതത്വവുമാണ്. ഇതു പക്ഷേ, അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്ന വിഭവങ്ങളല്ല; ജീവിത രീതിയെ ക്രമീകരിക്കുമ്പോള്‍ വന്നുചേരുന്ന അവസ്ഥകളാണ്. അത് ദൈവദൂതന്മാരിലൂടെ ദൈവം മനുഷ്യനെ പഠിപ്പിച്ചിട്ടുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതമനുസരിച്ചാണ് അവരുടെ ധര്‍മങ്ങള്‍ നിശ്ചയിക്കേണ്ടതും ജീവിതരീതിയെ ക്രമീകരിക്കേണ്ടതും. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞിന് മുലയൂട്ടാനും സ്ത്രീക്കാണ് കഴിയുക. പുരുഷന് അതിനു കഴിയില്ല. അതേസമയം സ്ത്രീക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പുരുഷന് കഴിയും. പരസ്പരപൂരകമായ ഈ രണ്ട് ധര്‍മങ്ങള്‍ സഹകരിക്കുമ്പോഴാണ് മനുഷ്യസമൂഹം നിലനില്‍ക്കുന്നതും വളരുന്നതും. അതിനാല്‍ സ്ത്രീക്കാണ് പുരുഷനേക്കാള്‍ വീടകത്ത് ഇടം നല്‍കേണ്ടത്. പുരുഷനിലാണ് സാമ്പത്തിക ചുമതല ഏല്‍പിക്കേണ്ടത്. അതുകൊണ്ടാണ് സ്ത്രീയെ 'വീടിന്റെ സംരക്ഷക'യായി പ്രവാചകന്‍ വിശേഷിപ്പിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പുരുഷനെ ഏല്‍പിച്ച് സ്ത്രീയെ സ്വതന്ത്രയാക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ അനിവാര്യ ഘട്ടത്തില്‍ യുദ്ധരംഗത്തു പോലും പ്രവാചകന്‍ സ്ത്രീ സാന്നിധ്യത്തെ വിന്യസിപ്പിച്ചതായി കാണാം. അതിനര്‍ഥം സ്ത്രീക്ക് അടുക്കളയിലും പടക്കളത്തിലും ഇടമുണ്ട് എന്നാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സന്ദര്‍ഭത്തിന്റെ താല്‍പര്യമനുസരിച്ച് സ്ത്രീക്കും അവളുടേതായ പങ്കുവഹിക്കാനുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെടുത്തി ചര്‍ച്ചചെയ്യേണ്ട മറ്റൊരു കാര്യമാണ് മനുഷ്യന്‍ പരസ്പരവും മറ്റു ജീവജാലങ്ങളോടുമുള്ള ഹിംസ, അഹിംസ  എന്നീ സമീപനങ്ങള്‍. മനുഷ്യരില്‍ ചിലര്‍ ആരെയും എന്തിനെയും എങ്ങനെയും എപ്പോള്‍ വേണമെങ്കിലും ഹിംസിക്കാം എന്ന പക്ഷത്ത് നിലയുറപ്പിച്ചവരാണ്. എന്നാല്‍ ഒരു ജീവിയെയും ഏതൊരു സാഹചര്യത്തിലും ഒരു കാരണവശാലും ഹിംസിക്കാന്‍ പാടില്ല എന്ന പക്ഷത്താണ് മറ്റൊരു കൂട്ടര്‍. ഈ രണ്ട് ആത്യന്തികതകള്‍ക്കിടയിലാണ് യഥാര്‍ഥത്തില്‍ ജീവിതവും സമാധാനവുമുള്ളത്. 
ഒരു ജീവനെയും ഹനിക്കാതെ ഒരു ജീവിക്കും ഇവിടെ ജീവിക്കാന്‍ സാധ്യമല്ല. അണുക്കള്‍ക്കും സസ്യങ്ങള്‍ക്കും വരെ ജീവനുണ്ടെന്നിരിക്കെ, നെല്ല് കൊയ്ത് ചോറ് പാകം ചെയ്യുമ്പോഴും ശരീരത്തിലൊരു മുറിവ് പറ്റിയാല്‍ ആന്റിബയോട്ടിക് മരുന്നുകളുപയോഗിക്കുമ്പോഴും ഹിംസ നടക്കുന്നുണ്ട്. ഇതെല്ലാം വിസ്മരിച്ചുകൊണ്ട് അഹിംസാ സിദ്ധാന്തത്തിന്റെ മറവില്‍ മൃഗസ്‌നേഹം മനുഷ്യക്കുരുതിയിലേക്ക് വരെ എത്തുന്നതായി കാണാം. യഥാര്‍ഥത്തില്‍ അഹിംസ എന്ന ആശയത്തെ തെറ്റിദ്ധരിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. അതുകൊണ്ടാണ് മഹാത്മാ ഗാന്ധി പറഞ്ഞത്: ''അഹിംസ എന്ന മഹത്തായ ആശയത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നാം ചിലപ്പോഴെങ്കിലും ഹിംസയെ പ്രോത്സാഹിപ്പിക്കാറുണ്ട്. തെരുവുനായ്ക്കള്‍ക്ക് ആഹാരം കൊടുക്കുന്നത് പാപമാണ്. അവയെ കൊല്ലണമെന്ന നിയമമുണ്ടാവുകയാണെങ്കില്‍ നമുക്ക് മറ്റു നായ്ക്കളെ സംരക്ഷിക്കാനാകും. ഒരുപിടി തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി മാനവികതയെന്ന ഹൃദയത്തിന്റെ മഹത്തായ ഗുണത്തെ ഉപയോഗിച്ചു തീര്‍ക്കരുത്'' (മാധ്യമം 2015 സെപ്റ്റംബര്‍ 11).
ആഹാരം, ഉപദ്രവം നീക്കല്‍, പ്രതിക്രിയ തുടങ്ങി പല കാര്യങ്ങള്‍ക്കും ജീവന്‍ ഹനിക്കല്‍ അനുവദനീയാണെന്നാണ് ദൈവികാധ്യാപനം. ആഹാരം ജീവന്റെ നിലനില്‍പിനും ഉപദ്രവം നീക്കല്‍ സ്വസ്ഥമായ ജീവിതത്തിനും പ്രതിക്രിയ നീതി സാക്ഷാത്കരിക്കാനുമാണ്. അതേസമയം അന്യായമായി ജീവന്‍ ഹനിക്കല്‍ കൊടിയ കുറ്റവുമാണ്. മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിനെ വിലക്കിയ പ്രവാചകന്‍ മാളത്തിലേക്ക് പോകുന്ന പാമ്പിനെ കൊല്ലുന്നതും വിലക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ദൈവം ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്റെ അവകാശികള്‍ക്ക് നാം പ്രതിക്രിയക്ക് അധികാരം നല്‍കിയിരിക്കുന്നു'' (17:33). കൊലയാളിക്ക് വധശിക്ഷ എന്നത് നീതിയുടെ താല്‍പര്യമാണ്. എന്നാല്‍ അന്യായമായി ഒരാളെ കൊന്നാല്‍ മാനവ സമൂഹത്തെ മുഴുവന്‍ കൊന്നതിനു തുല്യമാണെന്നതാണ് ഖുര്‍ആന്റെ താക്കീത് (5:32). ജീവിതം സ്വസ്ഥവും നീതിപൂര്‍വകവുമാകണമെങ്കില്‍ ദൈവികാധ്യാപന പ്രകാരമുള്ള സമീപനങ്ങള്‍ അനിവാര്യമാണ്. ഹിംസക്കും അഹിംസക്കും മധ്യേയുള്ള സന്തുലിത നിലപാടിലൂടെ മാത്രമേ ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധ്യമാകൂ.
സാമ്പത്തിക വിനിമയങ്ങളിലും ധൂര്‍ത്ത്, പിശുക്ക് എന്നീ രണ്ട് വിരുദ്ധ നിലപാടുകള്‍ കാണാം. രണ്ടും മനുഷ്യനെ നാശത്തിലേക്കാണ് നയിക്കുക. അതിനാല്‍ ദൈവിക മാര്‍ഗം പിന്‍പറ്റിയവരെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ''ചെലവ് ചെയ്യുകയാണെങ്കില്‍ അമിത വ്യയമോ പിശുക്കോ കാണിക്കാതെ മധ്യമമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍'' (25:67).
മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളില്‍ ഈ രണ്ടറ്റ നിലപാടുകള്‍ നിഴലിച്ചുകാണാം. മാനവകുലത്തെ ആഴത്തില്‍ സ്വാധീനിച്ച രണ്ട് പ്രത്യയശാസ്ത്രങ്ങളാണല്ലോ മുതലാളിത്തവും കമ്യൂണിസവും. 'അര്‍ഹതയുള്ളത് അതിജീവിക്കും, അല്ലാത്തത് നശിക്കും' എന്ന കാഴ്ചപ്പാടിലൂടെ വ്യക്തിക്ക് പ്രാമുഖ്യം കല്‍പിക്കുന്നു, മുതലാളിത്തം. 'ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച്' എന്ന കാഴ്ചപ്പാടിലൂടെ സമൂഹത്തിന് പ്രാമുഖ്യം കല്‍പിക്കുന്നു, കമ്യൂണിസം. വ്യക്തിയെ അവഗണിച്ച് സമൂഹത്തെ കൂടുതല്‍ പരിഗണിക്കുന്ന കമ്യൂണിസവും സമൂഹത്തെ അവഗണിച്ച് വ്യക്തിയെ കൂടുതല്‍ പരിഗണിക്കുന്ന മുതലാളിത്തവും സാമൂഹിക നിര്‍മിതിയില്‍ രണ്ടറ്റങ്ങളിലാണ്. ഈ രണ്ട് നിലപാടുകള്‍ക്കും അതിന്റേതായ ഗുണവും ദോഷവും കാണാം.
വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ പരിഗണിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെയാണ് ലോകം തേടുന്നത്. ദൈവിക അധ്യാപനപ്രകാരം സമ്പത്തിന്റെ ഉടമസ്ഥാവകാശം വ്യക്തിക്കോ സമൂഹത്തിനോ അല്ല. എല്ലാറ്റിനെയും സൃഷ്ടിച്ച ദൈവത്തിനാണ്. മനുഷ്യനുള്ളത് ഉപയോഗിക്കാനുള്ള ഉടമാവകാശമാണ്. അതിനാല്‍ ദൈവിക നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സമ്പാദിക്കേണ്ടതും ചെലവഴിക്കേണ്ടതും. അതനുസരിച്ച് ഒരു വ്യക്തിക്ക് നേരായ മാര്‍ഗങ്ങളിലൂടെ എത്ര വേണമെങ്കിലും സമ്പാദിക്കാം. എന്നാല്‍ ഒരു നിശ്ചിത ആസ്തി വന്നുകഴിഞ്ഞാല്‍ അതിന്റെ ഒരു വിഹിതം സമൂഹത്തിലേക്കൊഴുകണം. അതാണ് സകാത്ത്. അത് ദരിദ്രന്റെ അവകാശമാണ്.
ഇവിടെ വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ പരിഗണിക്കുന്നതായി കാണാം. അതിനാല്‍ വ്യക്തിയെ അവഗണിക്കുന്നു എന്ന കമ്യൂണിസത്തിന്റെ ദോഷമോ സമൂഹത്തെ അവഗണിക്കുന്നു എന്ന മുതലാളിത്തത്തിന്റെ ദോഷമോ ഇവിടെയില്ല. വ്യക്തിയെ പരിഗണിക്കുന്നു എന്ന മുതലാളിത്തത്തിന്റെ ഗുണവും സമൂഹത്തെ പരിഗണിക്കുന്നു എന്ന കമ്യൂണിസത്തിന്റെ ഗുണവും ഇതിനുണ്ടു താനും. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സകാത്ത് വാങ്ങാന്‍ പോലും ആളില്ലാത്ത വിധം സാമ്പത്തിക ഘടനയെ ക്രമീകരിക്കാന്‍ കഴിഞ്ഞു എന്ന ചരിത്ര വസ്തുത ദൈവിക ദര്‍ശനത്തിന്റെ പ്രസക്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇങ്ങനെ മനുഷ്യജീവിതത്തിന്റെ നാനാതുറകളിലേക്കും സന്തുലിതവും പ്രായോഗികവുമായ കാഴ്ചപ്പാടുകള്‍ വിവരിച്ചുതരുന്നുണ്ട് ദൈവിക ദര്‍ശനം. മനുഷ്യനെക്കുറിച്ച് മാത്രം പറയുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും ദൈവത്തെക്കുറിച്ച് മാത്രം പറയുന്ന മതങ്ങള്‍ക്കും പരിമിതികളുണ്ട്. യഥാര്‍ഥ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പറയുന്ന ദൈവിക ദര്‍ശനം മനുഷ്യന്റെ ഇഹപര രക്ഷക്കുള്ള ഒരു സമ്പൂര്‍ണ ജീവിതവ്യവസ്ഥയെയാണ് പറഞ്ഞുതരുന്നത്.
ഈ പറഞ്ഞതിനര്‍ഥം ജീവിതം ഇവിടെ അവസാനിക്കുന്നു എന്നല്ല. മരിച്ച് മണ്ണടിയുന്ന മനുഷ്യനെ വീണ്ടും പുനഃസൃഷ്ടിക്കും. പുനഃസൃഷ്ടിയുമായി ബന്ധപ്പെട്ടും മനുഷ്യന് പൊതുവെ രണ്ട് നിലപാടുകള്‍ കാണാം. അതിലൊന്ന് അങ്ങനെ ഒരു പുനഃസൃഷ്ടിയേയില്ല എന്നതാണ്. മറ്റൊന്ന് മനുഷ്യന്‍ കര്‍മഫലമനുസരിച്ച് ഈ ഭൂമിയില്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും എന്നതാണ്.
ധര്‍മാധര്‍മ ബോധത്തോടെ കര്‍മം ചെയ്യാന്‍ കഴിയുന്ന മനുഷ്യന് കര്‍മങ്ങള്‍ക്ക് ഭൗതികമാനം മാത്രമല്ല, ധാര്‍മികമാനം കൂടിയുണ്ട്. എന്നാല്‍, പക്ഷിമൃഗാദികളുടെ കര്‍മങ്ങള്‍ക്ക് ഭൗതികമാനം മാത്രമേയുള്ളൂ. ധാര്‍മികമാനമുള്ള കര്‍മങ്ങള്‍ക്ക് സ്വാഭാവികമായും ധാര്‍മികനിയമങ്ങള്‍ ബാധകമാക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ സല്‍ക്കര്‍മിക്ക് രക്ഷയും ദുഷ്‌കര്‍മിക്ക് ശിക്ഷയും നിരപരാധിക്ക് നീതിയും നിര്‍ബന്ധമാണ്. അതുകൊണ്ടാണ് പക്ഷിമൃഗാദികള്‍ക്കിടയിലില്ലാത്ത നീതിന്യായ സംവിധാനങ്ങള്‍ മനുഷ്യര്‍ക്കിടയിലുണ്ടായത്. എന്നാല്‍, കര്‍മഫലങ്ങള്‍ അനുഭവിക്കാതെത്തന്നെ മരണം സംഭവിക്കുന്നു എന്നതിനാല്‍ മരണം ജീവിതത്തിന്റെ അന്ത്യമാവാന്‍ ന്യായമില്ല. മാത്രമല്ല, വിചാരണയില്ലാതെ ശിക്ഷിക്കുന്നത് അനീതിയായതിനാല്‍ കഴിഞ്ഞ ജന്മത്തില്‍ എന്ത് തെറ്റു ചെയ്തു എന്നറിയാതെ ഒരു ശിക്ഷയായി പുനര്‍ജനിക്കുന്നതിനും ന്യായമില്ല. അതിനാല്‍ ബാഹ്യ ഇടപെടലുകള്‍ക്ക് സാധ്യതയില്ലാത്ത ദൈവത്തിന്റെ പരമാധികാരത്തിനു കീഴില്‍ മാത്രമേ കുറ്റമറ്റ നീതി സാധ്യമാവൂ. അതിനു വേണ്ടി മനുഷ്യനെ ആദ്യം സൃഷ്ടിച്ച ദൈവം തന്നെയാണ് രണ്ടാമതും സൃഷ്ടിക്കുക.
ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: ''എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കുക. അപ്പോള്‍ നരകത്തീയില്‍നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയം വരിച്ചവന്‍. ഐഹിക ജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല'' (3:185).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 53-55
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏറ്റവും പ്രതിഫലാര്‍ഹമായ ദാനം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌