Prabodhanm Weekly

Pages

Search

2021 നവംബര്‍ 19

3227

1443 റബീഉല്‍ ആഖിര്‍ 14

ത്രിപുരയിലെ അതിക്രമങ്ങളും മുസ്‌ലിം നേതൃത്വത്തിന്റെ പ്രതികരണവും

ഡോ. മുഹമ്മദ് റദിയ്യുല്‍ ഇസ്‌ലാം നദ്‌വി

ഇന്ത്യയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. അക്രമികളെ പിടികൂടുകയോ അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മീഡിയാ റിപ്പോര്‍ട്ട് പ്രകാരം, ഈ അതിക്രമങ്ങള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ ദര്‍ഗാപൂജയോടനുബന്ധിച്ച് ഉണ്ടായ അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. ബംഗ്ലാദേശില്‍ അതിക്രമമുണ്ടാകാനുള്ള കാരണം ഒരാള്‍ ഫേസ് ബുക്കിലിട്ട ഫോട്ടോയാണ്. ഹിന്ദുക്കള്‍ ആരാധിക്കുന്ന ഹനുമാന്‍ വിഗ്രഹത്തിനു മേല്‍ വിശുദ്ധ ഖുര്‍ആന്‍ വെച്ചിരിക്കുന്നതാണ് ഫോട്ടോ. ഈ ഫോട്ടോയാകട്ടെ ഏതാനും വര്‍ഷം പഴക്കമുള്ളതും വ്യാജവുമാണ്. ഫോട്ടോ കണ്ടതിനെ തുടര്‍ന്ന് ഒരു വിഭാഗം മുസ്‌ലിംകള്‍ വിഗ്രഹം വെച്ചിരിക്കുന്ന പന്തലിന് മുന്നില്‍ തടിച്ചുകൂടുകയും അവിടെയുള്ള ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഉടന്‍ തന്നെ ബംഗ്ലാദേശ് ഗവണ്‍മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു; കുറ്റവാളികളെ പിടികൂടി. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ത്രിപുരയില്‍ ഇതിന്റെ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് വിശദീകരിക്കപ്പെടുന്നത്.
തൊട്ടുടനെ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ വലിയൊരു സംഗമം നടന്നിരുന്നു. പ്രവാചകനെയും മുസ്‌ലിംകളെയും നിന്ദിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് അതില്‍ ഉയര്‍ന്നുകേട്ടത്. തുടര്‍ന്ന് ഒരു ഡസനിലധികം പള്ളികള്‍ തകര്‍ക്കപ്പെട്ടു. തീവെപ്പുണ്ടായി. മുസ്‌ലിംകളുടെ വീടുകളും കടകളും ബിസിനസ് സ്ഥാപനങ്ങളും ആക്രമണത്തിനിരയായി.
ത്രിപുര ഇന്ത്യയിലെ മൂന്നാമത്തെ ചെറിയ സംസ്ഥാനമാണ്. 42 ലക്ഷമാണ് അവിടത്തെ ജനസംഖ്യ. ഹിന്ദുക്കളാണ് 83. 4 ശതമാനം. മുസ്‌ലിംകള്‍ 8.6 ശതമാനം. ക്രിസ്ത്യാനികള്‍ 4.3 ശതമാനവും ബുദ്ധമതക്കാര്‍ 3.4 ശതമാനവുമാണ്. അധികപേരും ബംഗാളി ഭാഷ സംസാരിക്കുന്നവര്‍. സാമുദായിക ധ്രുവീകരണമുണ്ടാക്കി ഹിന്ദു വോട്ടുകള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാനത്ത് തകൃതിയായി നടന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായി വേണം ഈ അതിക്രമങ്ങളെയും കാണാന്‍. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും പോലീസ് അതിക്രമികളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിരുന്നില്ല. ആര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നല്ല, സംസ്ഥാന ഡി.ജി.പി വരെ പറഞ്ഞത് മസ്ജിദിന് തീവെച്ചു എന്നത് കള്ള പ്രചാരണമാണ് എന്നും. ഒരു സംസ്ഥാനത്ത് ഇത്ര വലിയ സംഭവം ഉണ്ടായിട്ടും പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ ഒരക്ഷരം മിണ്ടുകയുണ്ടായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു. മുസ്‌ലിംകള്‍ക്കു വേണ്ടി സംസാരിച്ചാല്‍ ഹിന്ദു വോട്ട് കൈവിട്ടുപോകുമോ എന്ന ആധി അവരെ ബാധിച്ചതായി കാണാം. നമ്മുടെ രാഷ്ട്രീയ, സാമൂഹിക പരിസരം എത്രമാത്രം വിഷലിപ്തമാക്കപ്പെട്ടിരിക്കുന്നു എന്നാണിത് തെളിയിക്കുന്നത്. ഈയൊരു ചുറ്റുപാടിലാണ് വിഭാഗീയതയും ധ്രുവീകരണവും തിടം വെക്കുന്നത്.
ത്രിപുരയിലെ അതിക്രമങ്ങള്‍ക്കെതിരെ മുസ്‌ലിം കൂട്ടായ്മകള്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. പ്രവാചകനെ അവഹേളിക്കുകയും പള്ളികള്‍ക്ക് തീകൊളുത്തുകയും മുസ്‌ലിംകളുടെ വീടുകളും കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ന്യൂദല്‍ഹിയിലെ ത്രിപുര ഭവന് മുന്നില്‍ വിവിധ സംഘടനകള്‍ ഒന്നുചേര്‍ന്ന് ശക്തമായി പ്രതിഷേധിച്ചത്. ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുല്‍ ഉലമ, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ, അഹ്‌ലെ ഹദീസ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധി സംഘങ്ങള്‍ ത്രിപുര സന്ദര്‍ശിച്ചിരുന്നു. എത്ര മസ്ജിദുകളും വീടുകളും കടകളുമാണോ തകര്‍ക്കപ്പെട്ടത് അതൊക്കെയും പുനര്‍നിര്‍മിച്ചു നല്‍കുമെന്ന് ജംഇയ്യത്തുല്‍ ഉലമയുടെ സാരഥി മൗലാനാ മഹ്മൂദ് മദനി പ്രഖ്യാപിക്കുകയുണ്ടായി.
പ്രശ്‌നവുമായി ബന്ധപ്പെട്ട് ചില യുവാക്കളില്‍നിന്ന് മുസ്‌ലിം നേതൃത്വത്തിനെതിരെ സുഖകരമല്ലാത്ത വിധത്തിലുള്ള ഈര്‍ഷ്യ പ്രകടനങ്ങളും കാണാനിടയായി. സമുദായത്തെ നയിക്കുന്നത് വൃദ്ധ നേതൃത്വമാണ്, പ്രശ്‌നപരിഹാരത്തിന് കഴിയാത്ത വിധം ആ നേതൃത്വം ദുര്‍ബലമായിരിക്കുന്നു, അതിനാല്‍ അവര്‍ സ്ഥാനമൊഴിഞ്ഞ് യുവാക്കള്‍ക്ക് അവസരം നല്‍കണം. ഇതാണ് അവരുടെ ആവശ്യം. എന്റെ നോട്ടത്തില്‍ ഇത് കേവലം വികാരപ്രകടനം മാത്രമാണ്. ഇന്ത്യയില്‍ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ആ സങ്കീര്‍ണത ദിനംപ്രതി കൂടിക്കൂടി വരികയും ചെയ്യുന്നു. ഹിന്ദുത്വ ശക്തികളുടെ മുസ്‌ലിംവിരുദ്ധ നീക്കങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മുസ്‌ലിം നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുന്നതിനു പകരം അവര്‍ക്ക് ശക്തി പകരുകയാണ് വേണ്ടത്. പരസ്പരം കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യേണ്ട സമയമല്ല ഇത്. കൂട്ടായ തീരുമാനമെടുത്ത് അത് എങ്ങനെ നടപ്പാക്കാം എന്നാണ് എല്ലാവരും ആലോചിക്കേണ്ടത്. 
(ദഅ്‌വത്ത് വാരിക 2021 നവംബര്‍ 3)

ത്രിപുരയില്‍ സമാധാനം പുനഃസ്ഥാപിക്കണം
ജമാഅത്ത്, എസ്.ഐ.ഒ, എ പി.സി.ആര്‍ നേതാക്കള്‍

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദു മത വിശ്വാസികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് അതിന്റെ മറപിടിച്ച് ത്രിപുരയില്‍ ഫാഷിസ്റ്റ് ശക്തികള്‍ മസ്ജിദുകള്‍ക്കും മുസ്‌ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു അക്രമികളുടെ വിളയാട്ടം. ഈ പശ്ചാത്തലത്തില്‍ എ.പി.സി.ആറും (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) ജമാഅത്തെ ഇസ്‌ലാമിയും എസ്.ഐ.ഒയും സംയുക്തമായി പത്ര സമ്മേളനം വിളിച്ച്, സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്നും മുസ്‌ലിംകളുടെ ജീവന്നും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ത്രിപുര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. പത്രസമ്മേളനത്തില്‍ സംസാരിക്കവെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി മലിക് മുഅ്തസിം, തകര്‍ക്കപ്പെട്ട പള്ളികള്‍ സംസ്ഥാന ഗവണ്‍മെന്റ് പുനര്‍നിര്‍മിക്കണമെന്നും കേടുപാട് പറ്റിയവ നന്നാക്കി കൊടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അക്രമങ്ങള്‍ക്ക് ഇരയാകുന്ന മുസ്‌ലിംകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം. വെറുപ്പും വിദ്വേഷവും പരത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണം. എങ്കിലേ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനാവൂ. അതിക്രമങ്ങളില്‍ മുസ്‌ലിംകള്‍ക്ക് വ്യാപകമായ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടും ഭരണകക്ഷി മാത്രമല്ല പ്രതിപക്ഷ കക്ഷികളും മൗനമവലംബിക്കുകയാണെന്ന് അദ്ദേഹം ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എസ്.ഐ.ഒ കേന്ദ്ര സെക്രട്ടറി അഡ്വ. ഫവാസ് ശാഹീന്റെ വാക്കുകള്‍: 'ദിവസങ്ങളായി ത്രിപുരയിലെ മുസ്‌ലിംകള്‍ ആക്രമണങ്ങളുടെ അന്ത്യന്തം അപകടകരമായ ഒരു പരമ്പര തന്നെയാണ് അഭിമുഖീകരിക്കുന്നത്. ത്രിപുരാ നിവാസികളില്‍ നിന്നും അവിടത്തെ പ്രസ്ഥാന പ്രവര്‍ത്തകരില്‍നിന്നും ലഭിക്കുന്ന വിവരമനുസരിച്ച്, മസ്ജിദുകളും മുസ്‌ലിം വീടുകളും സ്ഥാപനങ്ങളും അക്രമിച്ച 27 സംഭവങ്ങളെങ്കിലും അവിടെ ഉണ്ടായിട്ടുണ്ട്. ഇതില്‍ പതിനാറ് കേസുകളെങ്കിലും പള്ളികള്‍ തകര്‍ക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്ത ശേഷം അവിടെ വി.എച്ച്.പി പതാക നാട്ടിയതുമായി ബന്ധപ്പെട്ടതാണ്. ഉനാക്കോട്ടി ജില്ലയിലെ പാല്‍ബാസാര്‍ മസ്ജിദ്, ഗോമതി ജില്ലയിലെ ഡോഗ്റ മസ്ജിദ് തുടങ്ങി മൂന്ന് പളളികളെങ്കിലും തീവെക്കപ്പെട്ടു. മുസ്‌ലിം വീടുകള്‍ തകര്‍ത്തതിന്റെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.'
ത്രിപുരയിലെ എസ്.ഐ.ഒ സെക്രട്ടറി സുല്‍ത്താന്‍ ഹുസൈന് മറ്റൊരു കഥയാണ് പറയാനുണ്ടായിരുന്നത്. ഒക്‌ടോബര്‍ 26-ന് വടക്കന്‍ ത്രിപുരയിലെ ധര്‍മനഗറിലും തെക്കന്‍ ത്രിപുരയിലെ കില്ല നഗരത്തിലും മുസ്‌ലിംകള്‍ പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ അവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രകടനങ്ങള്‍ നിരോധിച്ചു. അതിക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയുമുണ്ടായില്ല. ഇത് അക്രമികള്‍ക്ക് അഴിഞ്ഞാട്ടം തുടരാന്‍ സഹായകമായി. ചിലയിടങ്ങളില്‍ കുറച്ച് പോലീസുകാരെ വിന്യസിച്ചത് ചൂണ്ടിക്കാട്ടി എല്ലാം നിയന്ത്രണവിധേയമെന്ന് പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സംസ്ഥാന ഗവണ്‍മെന്റ്.
പത്രസമ്മേളനത്തില്‍ ത്രിപുര ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ നൂറുല്‍ ഇസ്‌ലാം മസ്ഹര്‍ ഭയ്യ, ത്രിപുര എസ്.ഐ.ഒ പ്രസിഡന്റ് ശഫീഖുര്‍റഹ്മാന്‍ എന്നിവരും പങ്കെടുത്തു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 53-55
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏറ്റവും പ്രതിഫലാര്‍ഹമായ ദാനം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌