Prabodhanm Weekly

Pages

Search

2012 മെയ് 5

മാട്ടിറച്ചിയും സാംസ്‌കാരിക ഗുണ്ടായിസവും

ഇഹ്‌സാന്‍

ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ 'മാട്ടിറച്ചി മേള' നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദം സംസ്ഥാനത്തെ മറ്റു യൂനിവേഴ്‌സിറ്റികളിലേക്കും ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലേക്കുമൊക്കെ പടരാന്‍ തുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗോവധം നിരോധിച്ചുകൊണ്ടും ഗോക്കളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് വിലക്കിയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും ബി.ജെ.പി സര്‍ക്കാറുകള്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് കീഴാള ജനതയുടെ ഭക്ഷണശീലങ്ങളെ സവര്‍ണര്‍ വെല്ലുവിളിക്കരുതെന്ന താക്കീതുമായി ഉസ്മാനിയയിലെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്. 'പ്രസ്വാമ്യ സാംസ്‌കൃതിക വേദിക' എന്ന ദലിത് സംഘടനയുടെയും എസ്.എഫ്.ഐയുടെയും ആഭിമുഖ്യത്തിലാണ് ഈ മേള നടത്തിയതെന്നത് ഒരു നിലക്ക് ഭാഗ്യമായി. ഹൈദരാബാദിലെ മാദണ്ണപ്പേട്ട് ഹനുമാന്‍ ക്ഷേത്രത്തിലേക്ക് ഇറച്ചിപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിനു പിന്നില്‍ മുസ്‌ലിംകളാണെന്ന ആരോപണവുമായി നഗരത്തില്‍ ആര്‍.എസ്.എസ്സുകാര്‍ വര്‍ഗീയകലാപം അഴിച്ചുവിട്ടതിന്റെ നാലാം ദിവസമായിരുന്നു ഉസ്മാനിയയിലെ മാട്ടിറച്ചി മേള. മാദണ്ണപ്പേട്ട സംഭവത്തില്‍ പോലീസ് നാല് ആര്‍.എസ്.എസുകാരെ പിടികൂടിയതോടെ വര്‍ഗീയ സ്വാസ്ഥ്യങ്ങള്‍ ഏതുസമയവും നഗരത്തിലേക്കു വ്യാപിച്ചേക്കുമെന്ന ഭയം നിലനില്‍ക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായും മുഖം രക്ഷിക്കുക എന്നതായിരുന്നു ഹിന്ദുത്വ സംഘടനകളുടെ അജണ്ട. സര്‍വകലാശാലയിലെ ഉത്സവത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കു പങ്കുണ്ടായിരുന്നുവെങ്കില്‍ കാര്യം കുറെക്കൂടി എളുപ്പവുമായിരുന്നു. പക്ഷേ ഈ സമരം വ്യക്തികളുടെ, വിശിഷ്യ ദലിതരുടെ ഭക്ഷണ സ്വാതന്ത്ര്യവുമായാണ് ബന്ധപ്പെട്ടു കിടന്നത്. ഉത്തരേന്ത്യയിലെ മിക്ക സര്‍ക്കാര്‍ സംവിധാനങ്ങളിലും സവര്‍ണന്റെ ഭക്ഷണശീലങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചില നടപ്പു ദുശ്ശീലങ്ങളുണ്ട്. ഭക്ഷണശീലം മാത്രമല്ല ആരാധനാ ശീലങ്ങളും അനുഷ്ഠാനങ്ങളും വരെ മറ്റുള്ളവര്‍ നിശ്ശബ്ദരായി സഹിക്കേണ്ടി വരും. ഉസ്മാനിയയില്‍ ഈ സാംസ്‌കാരിക ഗുണ്ടായിസത്തെ പ്രഫസര്‍മാരും വിദ്യാര്‍ഥികളും സംഘം ചേര്‍ന്ന് ചോദ്യം ചെയ്തതോടെ 'ആര്‍ഷ ഭാരതീയ സഹിഷ്ണുത'യുടെ യഥാര്‍ഥ മുഖം പുറത്തുവന്നു.
ഉത്തരേന്ത്യന്‍ കാമ്പസുകളില്‍ നടന്നുവരുന്ന ഒരുതരം ആഭാസമാണിത്. മാംസ ഭക്ഷണം കഴിക്കുന്നവരില്‍ മതപരമായ വേര്‍തിരിവുകള്‍ കാണാനാവില്ലെങ്കിലും മാട്ടിറച്ചിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എ.ബി.വി.പിയെ പോലുള്ള സംഘടനകള്‍ വര്‍ഗീയവല്‍ക്കരിക്കുകയാണ് മിക്കയിടത്തും ചെയ്യുന്നത്. ജെ.എന്‍.യു കാമ്പസിലെ മിക്ക കാന്റീനുകളിലും പതിനഞ്ച് വര്‍ഷം മുമ്പുവരെ മാട്ടിറച്ചി വിഭവങ്ങള്‍ കിട്ടാനുണ്ടായിരുന്നു. '90കളുടെ പകുതിയില്‍ ഗോവധ നിരോധം ആവശ്യപ്പെട്ട് ദല്‍ഹിയിലെയും ഹൈദരാബാദിലെയും ചില മാട്ടിറച്ചി പ്ലാന്റുകള്‍ക്കെതിരെ ബി.ജെ.പി പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ ജെ.എന്‍.യു കാമ്പസിലെ മാട്ടിറച്ചി വിളമ്പുന്ന ഹോട്ടലുകളെ ഈ തഞ്ചത്തിന് എ.ബി.വി.പിക്കാര്‍ അടച്ചു പൂട്ടിക്കുകയാണ് ചെയ്തത്. അന്ന് അല്‍ കബീര്‍ ഉള്‍പ്പടെയുള്ള മാട്ടിറച്ചി സംസ്‌കരണ യൂനിറ്റുകളെ ലക്ഷ്യമിട്ട് ബി.ജെ.പി രംഗത്തിറങ്ങിയതിനു പിന്നിലെ രാഷ്ട്രീയം മറ്റൊന്നായിരുന്നു. ദല്‍ഹിയിലും വിദേശത്തും കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള രണ്ട് മുസ്‌ലിം വ്യവസായ പ്രമുഖരെ ഭീഷണിപ്പെടുത്തി അറബ് രാജ്യങ്ങളില്‍ നിന്നും രാമക്ഷേത്രനിര്‍മാണത്തിന് അനുകൂലമായ രീതിയില്‍ ഒരു ഫത്‌വ സംഘടിപ്പിക്കുകയാണ് ബി.ജെ.പി ഈ പ്രക്ഷോഭത്തിന്റെ മറവില്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് ദല്‍ഹിയില്‍ ആരംഭിച്ച ഒരു മാട്ടിറച്ചി കയറ്റുമതി പ്ലാന്റ് വാജ്‌പേയി സര്‍ക്കാര്‍ അടച്ചുപൂട്ടിക്കുമെന്ന് വന്നതോടെയാണ് വ്യവസായികള്‍ ബി.ജെ.പിക്കു മുമ്പില്‍ മുട്ടിലിഴഞ്ഞത്. വിഗ്രഹപൂജ നടക്കുന്ന സ്ഥലം പള്ളിനിര്‍മാണത്തിന് അനുയോജ്യമല്ലെന്ന മട്ടില്‍ ഒരു ഡസനോളം അറബി പണ്ഡിതന്മാര്‍ ഒപ്പിട്ടു നല്‍കിയ ആ ഫത്‌വക്ക് വഴിമരുന്നിട്ടത് ബി.ജെ.പി കൊണ്ടുവന്ന മാട്ടിറച്ചിവിരുദ്ധ സമരമായിരുന്നു. ബി.ജെ.പി നേതാക്കളില്‍ ചിലര്‍ക്ക് അല്‍ കബീര്‍ പ്ലാന്റിന്റെ ഷെയര്‍ കൊടുത്തായിരുന്നു ഹൈദരാബാദില്‍ ഇതേ സമരം ഒത്തുതീര്‍ത്തത്. ഗുജറാത്തിലും മധ്യപ്രദേശിലും നടക്കുന്ന തീവ്രതയോടെ ചത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍ ഗോവധ നിരോധം നടപ്പാക്കാത്തതിന്റെ കാരണവും രാഷ്ട്രീയമാണ്.
ഉസ്മാനിയയില്‍ ഇപ്പോള്‍ നടന്ന എ.ബി.വി.പി സമരവും സൂക്ഷ്മമായി വിലയിരുത്തിയാല്‍ നിക്ഷിപ്തമായ താല്‍പര്യങ്ങളാണ് കാണാനാവുക. കഴിഞ്ഞ എത്രയോ വര്‍ഷമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ കാന്റീനിലടക്കം മാട്ടിറച്ചി ഉത്സവം നടത്തിയ ചരിത്രം ഉണ്ടായിരിക്കവെയാണ് ഇത്തവണ ഹോസ്റ്റലിനു പുറത്തെ പുല്‍ത്തകിടിയില്‍ പന്തല്‍ കെട്ടി നടത്തിയ സമരത്തിനു നേര്‍ക്ക് അവസാന നിമിഷം ബി.ജെ.പിയുടെ കുട്ടിസഖാക്കള്‍ ചാടിവീണത്. ഭക്ഷണമേളയില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ വരെ എ.ബി.വി.പിക്കാര്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.എസ്.എസ് നഗരത്തില്‍ പദ്ധതിയിട്ട വര്‍ഗീയ കലാപത്തെ യൂനിവേഴ്‌സിറ്റിക്കകത്തു നിന്നും കത്തിച്ചെടുക്കാനുള്ള തുടക്കമായാണ് ആദ്യം ഈ നീക്കം വിലയിരുത്തപ്പെട്ടതെങ്കില്‍ പിന്നീടാണ് യഥാര്‍ഥ ചിത്രം പുറത്തുവന്നത്. തെലുങ്കാന പ്രക്ഷോഭത്തെ ജാതിമതഭേദമന്യെ പിന്തുണക്കുന്ന ഉസ്മാനിയയിലെ വിദ്യാര്‍ഥികളെ നെടുകെ പിളര്‍ത്താനുള്ള കുതന്ത്രമായിരുന്നു ഇത്. തെലുങ്കാന പ്രക്ഷോഭത്തിന്റെ 'സീറോ ഗ്രൗണ്ടാ'യി നിലകൊള്ളുന്ന ഈ യൂനിവേഴ്‌സിറ്റിയില്‍ മറ്റ് നിലകളില്‍ എ.ബി.വി.പിക്ക് ഇപ്പോഴും സ്വാധീനമുണ്ട്. തെലുങ്കാന വിഷയത്തില്‍ ആന്ധ്രാ റെഡ്ഡിമാരെ സഹായിക്കുന്ന പാര്‍ട്ടി നയത്തെ ശക്തിപ്പെടുത്താന്‍ വിദ്യാര്‍ഥികളെ തമ്മിലടിപ്പിച്ച് വഴി തേടുകയാണ് ബി.ജെ.പി ചെയ്തത്. ടി.ആര്‍.എസിന്റെ രാഷ്ട്രീയ നീക്കങ്ങളെ ദലിത്-സവര്‍ണ വേര്‍തിരിവോടെ വ്യാഖ്യാനിക്കുന്ന കുതന്ത്രവുമായി കഴിഞ്ഞ ഏതാനും മാസമായി എ.ബി.വി.പി സജീവമായി രംഗത്തുണ്ടായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം