Prabodhanm Weekly

Pages

Search

2021 നവംബര്‍ 12

3226

1443 റബീഉല്‍ ആഖിര്‍ 07

ഇ.എസ് റഹ്മത്തുല്ല മാസ്റ്റര്‍ മാള

മാളയിലെ തലമുറകളുടെ ഗുരുനാഥന്‍, ഇ.എസ്.ആര്‍ എന്നറിയപ്പെട്ടിരുന്ന ഇ.എസ് റഹ്മത്തുല്ല മാസ്റ്റര്‍ (89) വിടവാങ്ങി. പ്രസ്ഥാനത്തിന്റെ ആദ്യകാല മുന്നണി പോരാളിയും വിവിധ സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്നു. 1981-ല്‍  മികച്ച സംസ്ഥാന അധ്യാപക അവാര്‍ഡും '82-ല്‍ മികച്ച ദേശീയ അധ്യാപക അവാര്‍ഡും ആദ്യമായി മാളയില്‍ എത്തിച്ചത് മാഷാണ്. പൗരാവലി ഒരുക്കിയ അനുമോദന സമ്മേളനം ഇന്നും പഴയ തലമുറക്ക് ഒളിമങ്ങാത്ത ഓര്‍മയാണ്. ഉദ്ഘാടകനായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ എത്തിയത് അദ്ദേഹവും മാഷും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നു. കരുണാകരന്റെ നിര്യാണത്തെ തുടര്‍ന്ന് വന്ന പത്രവാര്‍ത്തകള്‍ ശേഖരിച്ച് ആല്‍ബമാക്കിയത് ഏറ്റുവാങ്ങാന്‍ കെ. മുരളീധരന്‍, അദ്ദേഹത്തിന്റെ വസതിയിലെത്തിയതും ആ ബന്ധം കാരണമാണ്. 
വിനയത്തിന്റെ മകുടോദാഹരണമായിരുന്നു ഇ.എസ്.ആര്‍. മാള ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കെ, സന്ദര്‍ശനത്തിനെത്തിയ എ.ഇ.ഒ, സ്‌കൂള്‍ മതിലിന്റെ മരാമത്ത് പണി ചെയ്യുന്ന മാഷിനെ കണ്ട് അന്തംവിട്ട കഥയുണ്ട്. അദ്ദേഹത്തിന്റെ അടുക്കും ചിട്ടയും കുടുംബ, ഔദ്യോഗിക, പ്രാസ്ഥാനിക ജീവിതത്തില്‍ മാത്രമല്ല, ഇടപെട്ട സകല മേഖലകളിലും കാണാമായിരുന്നു. വിരമിച്ച ശേഷം കൊടുങ്ങല്ലൂര്‍ എം.ഐ.ടിയില്‍ മാനേജറായിരിക്കെ മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബാണ് വാടാനപ്പള്ളി ഓര്‍ഫനേജിന്റെ മാനേജര്‍ പോസ്റ്റിലേക്ക് റഹ്മത്തുല്ല മാസ്റ്ററെ നിയമിക്കുന്നത്. ആരോഗ്യം അനുവദിച്ച കാലമത്രെയും ചുറുചുറുക്കോടും ചിട്ടയോടും കൂടി ആ ഉത്തരവാദിത്തം അദ്ദേഹം നിര്‍വഹിച്ചു. നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും അമൂല്യ ശേഖരം ഹിറാ സമ്മേളനം ഉള്‍പ്പെടെയുള്ള വിവിധ സമ്മേളനങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എസ്.ഐ.ഒ സമ്മേളനം, സോളിഡാരിറ്റി സമ്മേളനം, കുറ്റിപ്പുറം വനിതാ സമ്മേളനം തുടങ്ങി വിവിധ പരിപാടികളുടെ പത്ര കട്ടിംഗുകള്‍ മനോഹരമായി ആല്‍ബമാക്കി സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ അടുക്കല്‍ സംസ്ഥാന നേതാക്കള്‍ വരികയും വിവിധ ആവശ്യങ്ങള്‍ക്കായി അവ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാള മഹല്ല് പ്രസിഡന്റ്, ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് സ്ഥാപക ട്രസ്റ്റ് അംഗം തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. മാള മഹല്ല് കമ്മിറ്റി ഇന്നും പിന്തുടരുന്ന ഭരണഘടനയുടെ മുഖ്യ ശില്‍പി റഹ്മത്തുല്ല മാസ്റ്ററാണ്. അഞ്ച് പെണ്‍മക്കള്‍ ഉള്‍പ്പെടെ ആറു മക്കളാണ് മാഷിന്. കുടുംബം മുഴുവനും പ്രസ്ഥാന ബന്ധുക്കളാണ്. 

അനീസുര്‍റഹ്മാന്‍, മാള 


പിച്ചന്‍ മുഹമ്മദ് കുട്ടി 

മലപ്പുറം മുണ്ടുപറമ്പ ചെന്നത്ത് റോഡില്‍ പിച്ചന്‍ മുഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി (89), കോഡൂര്‍ ചെമ്മങ്കടവില്‍ പരേതനായ പിച്ചന്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെയും കാരി ബിജ്ജുട്ടിയുടെയും അഞ്ച് മക്കളില്‍ മൂത്തയാളായിരുന്നു. അക്കാലത്ത് ഖുത്വ്ബ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരുന്നവരായിരുന്നു പിച്ചന്‍ കുടുംബത്തിലെ അദ്ദേഹത്തിന്റെ പിതാവും പിതൃവ്യന്മാരും. മുഹമ്മദ് കുട്ടി ഉള്‍പ്പെടെ കോങ്കയം പള്ളി ദര്‍സിലാണ് ഇവരെല്ലാവരും പഠിച്ചത്. മൂത്താപ്പ മൂസ മുസ്‌ലിയാരുടെ നിര്‍ദേശാനുസരണം തൃശൂര്‍ ജില്ലയിലെ പാലപ്പുള്ളി കാരികുളം എസ്റ്റേറ്റില്‍ മദ്‌റസ അധ്യാപകനായും ഖത്വീബായും അദ്ദേഹം ദീനീസേവനം ആരംഭിച്ചു. ഒതുക്കുങ്ങല്‍ സ്വദേശിയും കര്‍മശാസ്ത്ര പണ്ഡിതനും ജമാഅത്ത് അംഗവുമായ മര്‍ഹും കെ.എം അബ്ദുല്ല മൗലവിയുമായി സഹോദരിയെ വിവാഹം കഴിപ്പിച്ചതോടെ പിച്ചന്‍ കുടുംബത്തില്‍നിന്ന് ആദ്യം  സഹോദരന്‍ അബൂബക്കര്‍ മൗലവിയും തുടര്‍ന്ന് ജ്യേഷ്ഠന്‍ മുഹമ്മദ് കുട്ടി മൗലവിയും പ്രസ്ഥാനവൃത്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു.
നാട്ടില്‍ തിരിച്ചുവന്ന് താമസമാക്കിയ ഉടന്‍ കോട്ടപ്പടി വലിയവരമ്പില്‍ പരേതരായ നെല്ലിക്കുന്നന്‍ മുഹമ്മദ് ഹാജിയും ഗുസ്തി മുഹമ്മദ് സാഹിബും വരിക്കോടന്‍ മൂസ ഹാജിയും ചേര്‍ന്ന് സ്ഥാപിച്ച ഏകാംഗ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു.
തുടര്‍ന്ന് മലപ്പുറം കിഴക്കേത്തലയില്‍ ഫലാഹിയ്യ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ 35 വര്‍ഷത്തോളം മുഹമ്മദ് കുട്ടി മൗലവി അധ്യാപകനായി. മലപ്പുറത്തും പരിസരങ്ങളിലുമുള്ള നിരവധി ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഫലാഹിയ്യ സ്റ്റാഫ് ഹല്‍ഖയിലെ അംഗമായിരുന്നു അദ്ദേഹം. 
മക്കള്‍ക്കും കുടുംബത്തിനും ദീനീവിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം പ്രസ്ഥാനവല്‍ക്കരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. ആലുവ അസ്ഹറുല്‍ ഉലൂമില്‍നിന്നും ദാറുല്‍ ഉലൂം നദ്വയില്‍നിന്നും പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ശാന്തപുരം അല്‍ ജാമിഅയില്‍ അധ്യാപകനായ ശഫീഖ് നദ്വി മകനാണ്.
ഫാത്വിമ കാടേരിയാണ് ആദ്യഭാര്യ. അവരുടെ മരണശേഷം സഹോദരി ഖദീജയാണ് ഭാര്യ. മറ്റുമക്കള്‍: മൈമൂന (വടക്കാഞ്ചേരി), ജമീല (പെരിമ്പലം), സക്കീന ടീച്ചര്‍ (ഫാറൂഖ്  ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടക്കല്‍), അബ്ദുര്‍റഹീം (ഒമാന്‍), സലീന (കൊണ്ടോട്ടി).
മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ (വടക്കാഞ്ചേരി), പരേതനായ ജമാല്‍ കൂരിമണ്ണില്‍ (പെരിമ്പലം), മുഹ്‌സിന (ഒതുക്കുങ്ങല്‍), ഉമൈബ (മഞ്ചേരി), ഹാറൂന്‍ റശീദ് (കൊണ്ടോട്ടി). 

ലൗലി ലത്വീഫ്


കെ.ടി അന്ത്രു മൗലവി

ഒരുപാട് നല്ല ഓര്‍മകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ആഗസ്റ്റ് 21-ന് കെ.ടി അന്ത്രു മൗലവി നമ്മോട് വിടപറഞ്ഞത്. നിരവധി പ്രദേശങ്ങളില്‍ ഒറ്റക്ക്  നടന്നെത്തി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച സാത്വികന്‍. ഇസ്‌ലാമിക പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞതു മുതല്‍ പ്രസ്ഥാനത്തെ നെഞ്ചേറ്റി അരനൂറ്റാണ്ടുകാലം ജീവിതം പ്രസ്ഥാനത്തിന് സമര്‍പ്പിച്ചു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പല പ്രദേശങ്ങളിലും അന്ത്രു  മൗലവി ചെന്നെത്തിയിട്ടുണ്ട്. പോയ സ്ഥലങ്ങളിലെല്ലാം മധുരിക്കുന്ന ഒരുപാട് ഓര്‍മകള്‍ തങ്ങിനില്‍ക്കുന്നുണ്ട്. അതൊക്കെ ഇന്നും പലര്‍ക്കും പ്രചോദനമാണ്. ഈ പ്രചോദനങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുന്ന പ്രാര്‍ഥനകളുമാണ്.
മതകീയ അന്തരീക്ഷത്തില്‍ മുസ്‌ലിയാരുടെ മകനായി ജനിച്ച അദ്ദേഹം പ്രസ്ഥാന വൃത്തത്തില്‍ അന്ത്രു മൗലവിയാണെങ്കിലും നാട്ടില്‍ പലര്‍ക്കും പ്രിയപ്പെട്ട അന്ത്രു മുസ്ലിയാര്‍ തന്നെയായിരുന്നു. അബ്ദുര്‍റഹ്മാന്‍ എന്ന പേര് ലോപിച്ച് അന്ത്രു എന്ന വിളിപ്പേരായി പ്രചുരപ്രചാരം നേടിയപ്പോള്‍ പ്രസ്തുത വിളിപ്പേരും മേല്‍വിലാസവും പ്രസ്ഥാനത്തിനുവേണ്ടി പ്രയോജനപ്പെടുത്താനാണ് അന്ത്രു മൗലവി ശ്രദ്ധിച്ചത്. നാദാപുരത്തെ പള്ളിദര്‍സില്‍നിന്നാരംഭിച്ച മതപഠനം കരിയാട്ടെ എന്‍.എ മൗലവിയുടെ കീഴിലുള്ള പഠനത്തിലൂടെയാണ് തികവും മികവും ആര്‍ജിച്ചത്. നേരത്തേ തന്നെ ഉല്‍പതിഷ്ണുവായിരുന്നെങ്കിലും 1970-കളുടെ ആദ്യപകുതിയില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ സജീവമായതോടുകൂടിയാണ് കൃത്യമായ ദിശാബോധവും വ്യക്തമായ കാഴ്ചപ്പാടും തനിക്കുണ്ടായതെന്ന് അന്ത്രു മൗലവി പലവുരു പറഞ്ഞിട്ടുണ്ട്. പെരിങ്ങത്തൂര്‍, കരിയാട്, ചൊക്ലി, കവിയൂര്‍, പെരിങ്ങാടി ഉള്‍പ്പെടെ പല പ്രദേശങ്ങളിലെയും കുടുംബങ്ങളില്‍ അദ്ദേഹത്തോട് പ്രത്യേകം പിരിശം തന്നെയുണ്ട്.  ക്ലാസുകളിലും ഗൃഹാങ്കണ യോഗങ്ങളിലും വഅ്‌ള് പരമ്പരയിലും അന്ത്രു മൗലവിയാണ് വരുന്നത് എന്നറിഞ്ഞാല്‍ സ്ത്രീകള്‍ ധാരാളമായി എത്തും. പാറാല്‍, ചെമ്പ്ര തുടങ്ങിയ പ്രദേശങ്ങളില്‍ പ്രസ്ഥാന സന്ദേശമെത്തിക്കാന്‍ മൗലവിക്ക് നന്നായി ക്ലേശിക്കേണ്ടിവന്നിട്ടുണ്ട്.
നാടന്‍ ശൈലിയും സരള ഭാഷയും മര്‍മത്ത് കൊള്ളുന്ന നര്‍മവും, സര്‍വോപരി തികഞ്ഞ ഇഖ്‌ലാസ്വും ചേര്‍ന്ന മൗലവിയുടെ അവതരണം ബുദ്ധിജീവികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഹൃദ്യമായിരുന്നു. കിടിലന്‍ പ്രഭാഷകരെ ഒന്നിനു പിറകെ മറ്റൊന്നായി നമുക്ക് കണ്ടെത്താനായേക്കും. എന്നാല്‍ അന്ത്രു മൗലവിക്കു പകരം അതേ പോലുള്ള ഒരാള്‍ ഞങ്ങളുടെ പ്രദേശത്ത് ഇല്ല.
ദീനീ പ്രബോധന പ്രവര്‍ത്തനങ്ങളുമായി നടന്നുകൊണ്ടേയിരുന്ന അന്ത്രു മൗലവിയുടെ ഒരു കാല്‍ രോഗം വന്ന് മുറിച്ചുമാറ്റേണ്ടി വന്നപ്പോള്‍ മകന്‍ ഫാറൂഖ് പറഞ്ഞത്, 'ഉപ്പാക്ക് മുമ്പേ ദീനിന്റെ  മാര്‍ഗത്തില്‍ നടന്ന് തഴമ്പിച്ച കാല്‍ നേരത്തേ തന്നെ സ്വര്‍ഗത്തിലേക്ക് പോയി....' എന്നായിരുന്നു. തന്റെ അറിവും കഴിവും ഒഴിവും പരിചയങ്ങളും സ്വാധീനവുമെല്ലാം ഒരു കരുതിവെപ്പുമില്ലാതെ ദീനിന്റെ മാര്‍ഗത്തില്‍ പൂര്‍ണമായും അദ്ദേഹം സമര്‍പ്പിച്ചു. രോഗിയായി പുറത്തിറങ്ങാന്‍ കഴിയാതാവുന്നതിനു മുമ്പ് വീട്ടില്‍ അദ്ദേഹത്തെ അപൂര്‍വമായേ കണ്ടുകിട്ടുകയുള്ളൂ; രാത്രി വൈകിയാണ് പലപ്പോഴും വീട്ടിലെത്തുക. ഇതിലെല്ലാം വളരെ സഹകരിക്കുന്നവരായിരുന്നു കുടുംബം. മക്കളെല്ലാം പിതാവിന്റെ പാതയില്‍ തന്നെ. കുടുംബത്തെ ഇസ്‌ലാമിക ശിക്ഷണം നല്‍കിയാണ് വളര്‍ത്തിയത്. എല്ലാവരോടും നല്ല നയത്തിലും മയത്തിലും ഹൃദ്യമായി സംസാരിക്കുന്ന മൗലവി മക്കളോടും അങ്ങനെ തന്നെയായിരുന്നു.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പ്രധാന അധ്യാപകരിലൊരാളായിരുന്ന മര്‍ഹൂം പി.കെ അബ്ദുല്ല മൗലവി(കടവത്തൂര്‍)യുടെ സഹോദരിയാണ് അന്ത്രു മൗലവിയുടെ സഹധര്‍മിണി. ചെറിയ കുട്ടികളോടും യുവാക്കളോടുമെല്ലാം സംവദിക്കാനുള്ള മൗലവിയുടെ കഴിവ് പ്രത്യേകം പറയേണ്ടതുണ്ട്. ബാലസംഘം, ടീന്‍ ഇന്ത്യ, എസ്.ഐ.ഒ, സോളിഡാരിറ്റി തുടങ്ങി ഏതു വിഭാഗത്തിന്റെ പരിപാടി നടക്കുമ്പോഴും മൗലവി തന്റെ ശരീരത്തിന്റെ ഭാഗമെന്നോണം കൂടെ കൊണ്ടുനടക്കുന്ന കാലന്‍ കുടയും തുണി സഞ്ചിയുമായി മുന്നില്‍ തന്നെ ഉണ്ടാകും.
എന്റെ വീട്ടില്‍ മാസാന്ത ഇഹ്തിസാബീ യോഗം നടക്കുമ്പോള്‍ അന്ന് ചെറുതായിരുന്ന മകന്‍ അബ്ദുല്‍ ഹസീബ് രംഗം നിരീക്ഷിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു. അവനോട് കുശലം പറഞ്ഞശേഷം അവന് ഒരു പാട്ടു പാടിക്കൊടുത്തു, യു.കെ അബൂ സഹ്‌ലയുടെ 'മിന്നിത്തിളങ്ങും......' എന്ന ഗാനം തന്നെ. 
ചൊക്ലിയുടെ പരിസരപ്രദേശത്ത് ഒരു ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ടി.കെ അബ്ദുല്ല സാഹിബ് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ടി.കെക്ക് എന്തോ പ്രതിബന്ധം വന്നു ചേര്‍ന്നതിനാല്‍ വരാന്‍ പറ്റിയില്ല. നമ്മുടെ പ്രവര്‍ത്തകര്‍ തല്‍ക്കാലം അന്ത്രു മൗലവിയെ പറഞ്ഞു സമ്മതിപ്പിച്ചു. അന്ത്രു മൗലവി ഇങ്ങനെയാണ് പ്രഭാഷണം തുടങ്ങിയത്; 'ഞാന്‍ നിങ്ങള്‍ കാത്തിരിക്കുന്ന ടി.കെ അല്ല, ടി.കെ തിരിച്ചിട്ടാല്‍ എന്താണോ അതാണ് ഞാന്‍ (കെ.ടി).' ഈ നര്‍മോക്തിയോടെ തുടങ്ങിയ പ്രസംഗം അല്‍പ്പം പിന്നിട്ടപ്പോള്‍ വിഷയത്തിന്റെ പൂരണമെന്നോണം 'മിന്നിത്തിളങ്ങും......' എന്ന പാട്ട് മനോഹരമായി ആലപിച്ചു. സദസ്സില്‍ പലരും ആ പാട്ട്  അങ്ങനെ കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. അതിന്റെ ആലാപനവും സദസ്സിനെ വല്ലാതെ സ്വാധീനിച്ചു. പലരും പിന്നീട് അത് എടുത്തു പറയുകയും ചെയ്തു.
യു.കെയുടെ പാട്ടുകളോട് അന്ത്രു മൗലവിക്ക് പ്രത്യേകം ഇഷ്ടമായിരുന്നു. കവലകളിലും അങ്ങാടികളിലും 'മിന്നിത്തിളങ്ങും.....' രണ്ടോ മൂന്നോ തവണ കേള്‍പ്പിച്ചാല്‍ അത് ഒന്നാന്തരം ആശയപ്രബോധനമാകുമെന്ന് പെരിങ്ങാടി അല്‍ഫലാഹിലെ ഒരു പരിപാടിയില്‍ ഈ പാട്ട് പാടിയ ശേഷം അന്ത്രു മൗലവി എന്നോട് പറയുകയുണ്ടായി. പഴയകാല ലഘുലേഖകള്‍ അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. ഇങ്ങനെ വഅ്‌ള് പറഞ്ഞും കഥ പറഞ്ഞും പാട്ടുപാടിയും നാടുനീളെ സഞ്ചരിച്ച അരനൂറ്റാണ്ടു കാലത്തോളം ഇസ്‌ലാമിക മാര്‍ഗത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അന്ത്രു മൗലവിയെക്കുറിച്ച് പലതും ഓര്‍ത്തെടുക്കാനുണ്ട്.
ചൊക്ലിയിലെ ഹുദാ മസ്ജിദ്, കരിയാട്ടെ കാരുണ്യ സെന്റര്‍, പെരിങ്ങത്തൂരിലെ ശാന്തി നികേതന്‍, കടവത്തൂര്‍ ഐഡിയല്‍ സെന്റര്‍, പാനൂര്‍ മസ്ജിദുര്‍ റഹ്മ, പെരിങ്ങാടിയിലെ അല്‍ഫലാഹ് തുടങ്ങി പല സ്ഥാപനങ്ങളോടും പല നിലക്കും വളരെ അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അന്ത്രു മൗലവിയുടെ ഒരു സ്മരണിക ഇറക്കാന്‍ അദ്ദേഹത്തിന്റെ ശിഷ്യരും സഹപ്രവര്‍ത്തകരും തീരുമാനിച്ചിട്ടുണ്ട്.

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി


കുനിയില്‍ അബ്ദുല്ല മാസ്റ്റര്‍

ദീര്‍ഘകാലം അറബി അധ്യാപകന മേഖലയിലും ദീനീ രംഗത്തും സേവനമനുഷ്ഠിച്ച, തന്റെ ശിഷ്യഗണങ്ങളുടെയും നാട്ടുകാരുടെയും മനസ്സില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് വിടപറഞ്ഞ കരുവമ്പൊയില്‍ സ്വദേശി കുനിയില്‍ അബ്ദുല്ല മാസ്റ്റര്‍. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. എപ്പോഴും പുഞ്ചിരിയോടെ തമാശകള്‍ പറഞ്ഞ് കുട്ടികളുമായി അദ്ദേഹം ഇടപെട്ടു. സഹപ്രവര്‍ത്തകരോടും നാട്ടുകാരോടും സംവദിക്കുമ്പോഴും നര്‍മത്തില്‍ ചാലിച്ചായിരുന്നു സംസാരം. 
മക്കളെ പ്രാസ്ഥാനിക പ്രവര്‍ത്തകരായി വളര്‍ത്തിയെടുക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ദീനീ പ്രവര്‍ത്തകരായ അദ്ദേഹത്തിന്റെ മക്കള്‍ പ്രാസ്ഥാനിക രംഗത്ത് അര്‍പ്പിക്കുന്ന സേവനം മഹത്തരമാണ്. വിദേശത്ത് ജോലിയുള്ള മക്കള്‍ മുഖേന സഹായം ലഭിച്ച അഗതികളും അശരണരും നിരവധിയാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന് സേവനമര്‍പ്പിക്കുന്ന ഒരു കുടുംബത്തെ നാടിന് സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്.

റംലാ അബ്ദുല്‍ ഖാദര്‍


നെല്ലിയോട്ട്  കുഞ്ഞമ്മദ്

കുറ്റ്യാടിക്കടുത്ത ചെറിയ കുമ്പളത്തെ പൗരപ്രമുഖനും ബിസിനസ്സുകാരനും പ്രസ്ഥാന സ്നേഹിയും പൊതു സേവനരംഗത്തെ സജീവ സാന്നിധ്യവുമായ നെല്ലിയോട്ട് കുഞ്ഞമ്മദ് സര്‍വശക്തന്റെ വിളിക്കുത്തരം നല്‍കി യാത്രയായി. ചെറിയകുമ്പളം അങ്ങാടിയില്‍ വന്നിറങ്ങുന്നവരുടെ ദൃഷ്ടിയില്‍ ആദ്യമായി പതിക്കുക കുഞ്ഞമ്മദ് സാഹിബിന്റെ വിശാലമായ ഫര്‍ണിച്ചര്‍ ഷോപ്പാണ്. കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ഫര്‍ണീച്ചര്‍ ഷോപ്പുകളുടെ നീണ്ട നിരകള്‍ തന്നെ കാണാം. കച്ചവട മത്സരത്തിനിടയില്‍ പിടിച്ചുനില്‍ക്കുക ഏറെ പ്രയാസകരമായ ഇക്കാലത്ത് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും യാതൊരു ഉലച്ചിലും തട്ടാതെ അഭംഗുരം ഈ ഷോപ്പ് നല്ല നിലയില്‍ തന്നെ മുന്നോട്ട് പോകുന്നു. അമിത വില ഈടാക്കുകയോ ഇല്ലാത്ത ഗുണങ്ങള്‍ പൊലിമയോടെ അവതരിപ്പിക്കുകയോ ചെയ്യാതെ സത്യസന്ധമായാണ് വില്‍പ്പന നടത്താറ്. ഉപഭോക്താക്കളില്‍ വിശ്വാസ്യതയും സ്വീകാര്യതയും ലഭിക്കാനുള്ള കാരണമിതാണ്.
നാടിന്റെയും നാട്ടുകാരുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വളര്‍ച്ചക്കും ഉന്നമനത്തിനും മതരാഷ്ട്രീയഭേദമന്യേ അകമഴിഞ്ഞ് സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു അദ്ദേഹം. തന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ പോലും സ്നേഹിക്കാനും ചേര്‍ത്തു പിടിക്കാനുമുള്ള  ഹൃദയ വിശാലതയുണ്ടായിരുന്നു.
ഇസ്‌ലാമിക പ്രസ്ഥാനത്തെയും പ്രസ്ഥാന നേതാക്കളെയും  ബഹുമാനാദരങ്ങളോടെ കാണുക മാത്രമല്ല, തന്നാലാവുന്ന സാമ്പത്തിക സഹായം നല്‍കുന്നതിലും അതീവ തല്‍പ്പരനായിരുന്നു അദ്ദേഹം.
കേരള ഹജ്ജ് ഗ്രൂപ്പിലാണ് പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോയത്. രോഗശയ്യയിലായിരുന്ന സമയത്ത് സന്ദര്‍ശിക്കാന്‍ വന്ന നേതാക്കളോട് പ്രസ്ഥാന വിവരങ്ങളാണ് കൂടുതലായും അന്വേഷിക്കാറുണ്ടായിരുന്നത്. മാധ്യമത്തിനും മീഡിയാ വണ്ണിനും അല്‍ ജാമിഅ പ്രോജക്ടിനും തന്നാലാവുന്ന സഹായങ്ങള്‍ നല്‍കി.
കുഞ്ഞമ്മദ് സാഹിബിന്റെ വേര്‍പാടിലൂടെ പ്രസ്ഥാനത്തിന് ഉത്തമനായ ഒരു ഗുണകാംക്ഷിയെയാണ് നഷ്ടമായത്. കുടുംബ ബന്ധങ്ങളും സ്നേഹ ബന്ധങ്ങളും പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും, വിട്ടുവീഴ്ചാ മനഃസ്ഥിതിയും എല്ലാവര്‍ക്കും മാതൃകയാണ്.

ജമാലുദ്ദീന്‍ പാലേരി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (49-52)

ഹദീസ്‌

റസൂലിന്റെ അഞ്ച് ഉത്കൃഷ്ട ഗുണങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്