Prabodhanm Weekly

Pages

Search

2021 നവംബര്‍ 12

3226

1443 റബീഉല്‍ ആഖിര്‍ 07

സഈദ് ഹവ്വാ ഖുര്‍ആന്‍ വ്യാഖ്യാതാവ്, പ്രസ്ഥാന നായകന്‍

എം.ബി അബ്ദുര്‍റശീദ് അന്തമാന്‍

1978. മദീനാ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം. മദീനയിലെ അല്‍ അന്‍സ്വാര്‍ ക്ലബി(നാദില്‍ അന്‍സ്വാര്‍)ല്‍ ശൈഖ് സഈദ് ഹവ്വാ പ്രഭാഷണം നടത്താന്‍ വരുന്നുണ്ടെന്ന് ഇഖ്‌വാനികളായ കൂട്ടുകാരില്‍നിന്ന് അറിഞ്ഞു. നിശ്ചിത സമയത്തുതന്നെ അവിടെ എത്തിച്ചേര്‍ന്നു. സിറിയന്‍ ഏകാധിപതി ഹാഫിസുല്‍ അസദിന്റെ അല്‍മസ്സ എന്ന കുപ്രസിദ്ധ ജയിലില്‍ അഞ്ചു വര്‍ഷം തടവില്‍ കിടന്ന ശേഷം മോചിതനായി വീണ്ടും മദീനയിലെത്തിയതായിരുന്നു ശൈഖ് ഹവ്വാ. 'ഖസ്വാഇസ്വുല്‍ ജമാഅത്തില്‍ ഇസ്‌ലാമിയ്യ' (ഇസ്‌ലാമിക സംഘടനയുടെ സവിശേഷതകള്‍) എന്നായിരുന്നു പ്രഭാഷണ വിഷയം.
തൊട്ടടുത്ത ദിവസം പ്രഭാഷണം ഒരു അറബി പത്രത്തില്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കുകയുണ്ടായി.  വിവര്‍ത്തനം ചെയ്ത്  അയച്ചു കൊടുത്തപ്പോള്‍ പ്രബോധനം വാരിക അത് പ്രസിദ്ധീകരിച്ചിരുന്നതായും  ഓര്‍ക്കുന്നു. അന്നു മുതല്‍ ശൈഖിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും ശേഖരിച്ചു വായിച്ചുകൊണ്ടിരിക്കുന്നു.
ഖുര്‍ആന്‍ വ്യാഖ്യാതാവ്, പണ്ഡിതന്‍, പ്രസ്ഥാന ദാര്‍ശനികന്‍, ഇഖ്‌വാന്‍ അന്തര്‍ദേശീയ വേദിയുടെ അമരക്കാരന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ശൈഖ് സഈദ് ഹവ്വാ.

ജനനവും വിദ്യാഭ്യാസവും
1935-ല്‍ സിറിയന്‍  നഗരമായ ഹമായില്‍ മുഹമ്മദ് ദീബ് ഹവ്വായുടെ മകനായി ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബ വംശാവലി പ്രവാചക കുടുംബവുമായി സന്ധിക്കുന്നുണ്ട്. ഫ്രഞ്ച് കോളനിവാഴ്ചക്കെതിരെ ശക്തമായ സമരം നയിച്ച പോരാളിയായിരുന്നു പിതാവ്. രണ്ടു വയസ്സായപ്പോള്‍ മാതാവ് ഇഹലോകവാസം വെടിഞ്ഞു. ഒരു പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ പിതാവിന് നാടുവിട്ടുപോകേണ്ടതായും വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പിതാവ് തിരിച്ചുവരുന്നതു വരെയും പിതാമഹിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. അവര്‍ കര്‍ക്കശക്കാരിയായിരുന്നു. പുറം ലോകവുമായി ഇടപഴകുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രൈമറി സ്‌കൂളില്‍ പോകുന്ന കാലത്ത് നല്ല വസ്ത്രം ധരിക്കാത്തതിനാല്‍ പ്രധാനാധ്യാപകന്‍ ഹവ്വായെ സ്‌കൂളില്‍നിന്ന് പുറത്താക്കുമെന്നു വരെ ഭീഷണിപ്പെടുത്തിയിരുന്നു. കൊടും ദാരിദ്ര്യമായിരുന്നു കാരണം. ഒരു ബന്ധു നല്‍കിയ പഴയ വസ്ത്രം പുറത്താക്കല്‍ നടപടിയില്‍നിന്നും രക്ഷിച്ചതായി ശൈഖ് തന്റെ ആത്മകഥയില്‍ (ഹാദിഹീ തജ്‌രിബത്തീ, ഹാദിഹീ  ശഹാദത്തീ) അനുസ്മരിക്കുന്നുണ്ട്.
പിതാവ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എട്ടു വയസ്സുള്ള ബാലനായിരുന്നു സഈദ്. പഴം - പച്ചക്കറി മൊത്ത കച്ചവടം തുടങ്ങിയ പിതാവ് സഈദിന്റെ സ്‌കൂള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച്  കച്ചവടത്തില്‍ തന്നെ സഹായിക്കാനായി കൂടെ കൂട്ടി. കണക്കുകൂട്ടുക, തൂക്കിക്കൊടുക്കുക, ചുമട് വഹിക്കുക തുടങ്ങി പല ജോലികളും സഈദിന് കുട്ടിക്കാലത്തു തന്നെ ചെയ്യേണ്ടിവന്നു. വായനാശീലം പോഷിപ്പിക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ച പിതാവ് മകന് കഥ, നോവല്‍, കുറ്റാന്വേഷണ കഥകള്‍ തുടങ്ങി പല പുസ്തകങ്ങളും എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു.
വിജ്ഞാനകുതുകിയായ സഈദിനെ സായാഹ്ന സ്‌കൂളില്‍ അയക്കാന്‍ പിതാവിന്റെ സുഹൃത്തുക്കള്‍ ഉപദേശിച്ചു. അവന്‍ പ്രൈമറി വിദ്യാഭ്യാസമെങ്കിലും പൂര്‍ത്തിയാക്കട്ടെ. 'ക്ലാസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയായിരുന്നു ഞാന്‍. മറ്റുള്ളവരെല്ലാം മുതിര്‍ന്നവരും ചിലര്‍ പിതാവിന്റെ കൂട്ടുകാരുമായിരുന്നു. ആകുലതയും ഭയവും കാരണം ക്ലാസ്സില്‍ സജീവമായിരുന്നില്ല. എന്നെപ്പറ്റി പല പരാതികളും അവര്‍ പിതാവിനോട് പറയാറുണ്ടായിരുന്നു. പരീക്ഷാ ഫലം വന്നപ്പോള്‍ അവരൊക്കെ തോറ്റു; ഞാന്‍ ജയിക്കുകയും ചെയ്തു' (ഹാദിഹീ തജ്‌രിബത്തീ: പേജ്: 17).
അല്‍ ഉലൈലിയാത്ത് എന്ന ഹവ്വായുടെ ഗ്രാമത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ശൈഖ എന്ന ഒരു സ്ത്രീയുണ്ടായിരുന്നു. അവരില്‍നിന്നാണ് അദ്ദേഹം ഖുര്‍ആന്‍  ചൊല്ലിപ്പഠിച്ചത്.
മിഡില്‍ സ്‌കൂള്‍ ഘട്ടം പരന്ന വായനയുടെ കാലമായിരുന്നു. അരിസ്റ്റോട്ടില്‍, പ്ലാറ്റോ, നിഷെ, നെപ്പോളിയന്‍, ജോര്‍ജ് സൈദാന്‍ തുടങ്ങി വിശ്വ പ്രശസ്തരായ പല ഗ്രന്ഥകാരന്മാരുടെയും കൃതികള്‍ അക്കാലത്ത് വായിച്ചു. ഇബ്‌നുറുശ്ദ് സ്‌കൂളില്‍നിന്നാണ് സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതും  ഈ ഘട്ടത്തില്‍ തന്നെയായിരുന്നു.
പഠനകാലത്ത് സ്‌കൂളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് -സിറിയന്‍ നാഷ്‌നലിസ്റ്റ് പാര്‍ട്ടികളുടെ കിടമത്സരമായിരുന്നു എങ്ങും.  സ്‌കൂളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കായിരുന്നു മേധാവിത്വം. നമസ്‌കാരവും നോമ്പും അനുഷ്ഠിക്കുന്ന മതനിഷ്ഠയുള്ള പരിസരത്തു നിന്നാണ് വരുന്നതെങ്കിലും എല്ലാ അനിസ്‌ലാമിക ചിന്താധാരകളെയും പഠിക്കാനുള്ള താല്‍പര്യം കമ്യൂണിസ്റ്റുകാരുടെ യോഗത്തില്‍ പോലും പങ്കെടുക്കാന്‍ പ്രചോദനമായി. ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീന്‍  വായന അദ്ദേഹത്തില്‍  ഈമാനിക വികാരം ജ്വലിപ്പിച്ചു. സ്‌കൂളില്‍ ഇസ്‌ലാമിക വിഷയം പഠിപ്പിച്ചിരുന്ന ശൈഖ് മുഹമ്മദുല്‍ ഹാമിദുമായുള്ള ബന്ധം അദ്ദേഹം ജാമിഉസ്സുല്‍ത്വാന്‍ പള്ളിയില്‍ നടത്തിയിരുന്ന ക്ലാസ്സിലെ നിത്യസന്ദര്‍ശകനാക്കി. തനിക്ക് ഇസ്‌ലാമികമായ ദിശാബോധം നല്‍കുന്നതില്‍ ശൈഖ് അല്‍ ഹാമിദിന് വലിയ പങ്കുണ്ടെന്ന് സഈദ് ഹവ്വാ തന്റെ പല കൃതികളിലും എടുത്തു പറയുന്നുണ്ട്. ഹമായില്‍ ഇഖ്‌വാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചവരിലൊരാളാണ്  ശൈഖ് അല്‍ ഹാമിദ്. 
സെക്കന്ററിക്കു ശേഷം ഉപരിപഠനത്തിനായി ദമസ്‌കസ് യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ശരീഅയില്‍ ചേര്‍ന്നു. 1961-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങി. സര്‍വകലാശാലാ ജീവിതത്തില്‍ പ്രസ്ഥാന സാരഥികളായ പലരുടെയും  ശിഷ്യത്വം വരിക്കാന്‍ സൗഭാഗ്യം ലഭിച്ചു. സിറിയയിലെ ഇഖ്‌വാന്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഒന്നര പതിറ്റാണ്ട് അതിന്റെ മുറാഖിബു ആമ്മു(പ്രസിഡന്റ്)മായിരുന്ന ഡോ. മുസ്ത്വഫാ അസ്സിബാഈ, പ്രഫസര്‍ മുഹമ്മദ് അല്‍മുബാറക്, കര്‍മശാസ്ത്ര വിശാരദനായ പ്രഫസര്‍ മുസ്ത്വഫാ അസ്സര്‍ഖാ, ഡോ. മഅ്‌റൂഫ് അദ്ദവാലീബി, ശൈഖ് അല്‍ മുന്‍തസ്വിര്‍ അല്‍ കത്താനി, ഡോ. അഹ്മദ് ശഅ്ബാന്‍, ഡോ. ഫൗസി ഫൈസുല്ലാഹി തുടങ്ങിയവര്‍ ശരീഅഃ കോളേജിലെ ഗുരുനാഥന്മാരായിരുന്നു.

ഇഖ്‌വാനില്‍ സജീവമാകുന്നു
മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള (അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) ബന്ധമാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. 'എന്റെ ഗ്രാമം സോഷ്യലിസ്റ്റ് നേതാവായ അക്‌റം അല്‍ഹൂറാനിയുടെ ഭദ്രമായ കോട്ടയായിരുന്നു. അവരുമായുള്ള കലഹത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുമായിരുന്നു. എന്റെ ഇഖ്‌വാന്‍ ബന്ധം അവരെ ചൊടിപ്പിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി. അതിലൊന്നായിരുന്നു വിശ്വാസികള്‍ക്കായി രൂപീകരിക്കുന്ന ഘടകത്തിന്റെ നേതൃപദവി. എന്നെയും പിതാവിനെയും ഒരിക്കല്‍ അവരുടെ യോഗത്തിലേക്ക് ക്ഷണിച്ചുവരുത്തി. ഇഖ്‌വാന്‍ ബന്ധം വിഛേദിക്കാന്‍ സമ്മര്‍ദം ചെലുത്തി.   കണ്ടെത്തിയ സത്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കും; എന്തു സംഭവിച്ചാലും പിന്നോട്ടില്ല - ഞാന്‍ അവരോട് പറഞ്ഞു.  ക്ഷുഭിതനായി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്നു. അവര്‍ക്ക് പിതാവിനോടുള്ള ആദരവും അടുപ്പവും നിമിത്തം അല്ലാഹു എന്നെ കാത്തു എന്നു പറഞ്ഞാല്‍ മതി.... തങ്ങള്‍ക്ക് വെല്ലുവിളിയാവാന്‍ സാധ്യതയുള്ള വ്യക്തികളെയോ സംഘടനകളെയോ   വെച്ചുപൊറുപ്പിക്കുന്നവരായിരുന്നില്ല സോഷ്യലിസ്റ്റുകാര്‍. പ്രതികൂലാവസ്ഥയിലും ഇഖ്‌വാന്‍ വിദ്യാര്‍ഥികള്‍  മികച്ചുനില്‍ക്കുകയും സ്‌കൂളുകളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു' (ഹാദിഹീ തജ്‌രിബത്തീ: 29,30).
വിദ്യാര്‍ഥി ജീവിതകാലത്ത് സഈദ് ഹവ്വാ സുപ്രധാനമായ മൂന്ന് വിദ്യാര്‍ഥി പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ നിര്‍ബന്ധ സൈനിക പരിശീലനം റദ്ദാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ടായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത് ഈജിപ്തില്‍ ഇഖ്‌വാന്‍ നേതാക്കള്‍ക്ക് വധശിക്ഷ നല്‍കിയതില്‍ പ്രതിഷേധിച്ച്. ഇസ്രയേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രസ്ഥാപത്തിന് നാന്ദികുറിച്ച ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ വാര്‍ഷികാവസരത്തിലെ പ്രക്ഷോഭമാണ് മൂന്നാമത്തേത്. ഇവയിലെല്ലാം ഇഖ്‌വാനെ പ്രതിനിധീകരിച്ച് സംസാരിച്ചത് ശൈഖ് ഹവ്വായായിരുന്നു.
ഹമാ നഗരത്തിലെ പ്രബോധന - പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സജീവമായിരുന്ന മൂന്നു വ്യക്തിത്വങ്ങളായിരുന്നു ഉസ്താദ് മുസ്ത്വഫാ അസ്സ്വൈറഫി, ഡോ.അബ്ദുല്‍ കരീം അല്‍ ഉസ്മാന്‍, അദ്‌നാന്‍ സഅ്ദുദ്ദീന്‍ എന്നിവര്‍. പ്രാസ്ഥാനിക - രാഷ്ട്രീയ  ഉള്‍ക്കാഴ്ചയുള്ളവരും പ്രവര്‍ത്തന ഗോദയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായിരുന്നു ഇവര്‍. ഇഖ്‌വാനിലെ ഉസ്‌റയില്‍ പ്രാഥമികാംഗത്വം നേടിയ സഈദ് ഹവ്വായുടെ മാര്‍ഗദര്‍ശിയായിരുന്നു ശൈഖ് അസ്സ്വൈറഫി.
ഡിഗ്രി പഠനത്തിനു ശേഷം ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ തെരഞ്ഞെടുക്കുന്ന ഒരു മത്സരത്തിന്റെ പരസ്യം ശ്രദ്ധയില്‍പെട്ടു. സര്‍ക്കാര്‍ ജോലിയില്‍ താല്‍പര്യമില്ലായിരുന്നുവെങ്കിലും ഹവ്വായും അപേക്ഷ നല്‍കി. ഏതെങ്കിലും രൂപത്തില്‍ പിതാവിന് സാമ്പത്തികമായി താങ്ങാവുകയായിരുന്നു ലക്ഷ്യം. ഫലം പ്രഖ്യാപിച്ചപ്പോള്‍ സഈദ് ഹവ്വായും വിജയികളുടെ പട്ടികയില്‍ ഇടം നേടി. അധ്യാപനത്തോടൊപ്പം ഖുത്വ്ബകള്‍, പള്ളി ക്ലാസ്സുകള്‍ എന്നിവ നടത്തിക്കൊണ്ടിരുന്നു.

സുഊദിയിലേക്കുള്ള യാത്ര
അബ്ദുല്‍ ഹമീദ് അല്‍ അഹ്ദബിന്റെ നിര്‍ദേശപ്രകാരം സുഊദിയിലേക്ക് ജോലിക്ക് പോകാന്‍ തീരുമാനമായി. സിറിയയില്‍ പൊതുവെയും ഹമായില്‍ വിശേഷിച്ചുമുണ്ടായിരുന്ന പ്രതികൂല രാഷ്ട്രീയ സാഹചര്യമാണ് അത്തരമൊരു തീരുമാനത്തിനു നിര്‍ബന്ധിച്ചത്. വിഷയം ഇഖ്‌വാന്‍ നേതൃത്വത്തിനു മുന്നില്‍ വരികയും അവര്‍ അനുകൂല തീരുമാനമെടുക്കുകയും ചെയ്തു. ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ക്ക് പഠന- പരിശീലനത്തിന് അവലംബിക്കാവുന്ന ഒരു സമഗ്ര സിലബസ് തയാറാക്കാനുള്ള ചുമതല പ്രസ്ഥാനം സഈദ് ഹവ്വായെ ഏല്‍പിച്ചിരുന്നു. അത് തയാറാക്കാനുള്ള അവസരം പ്രവാസത്തില്‍ ലഭിക്കുമെന്ന ശുഭപ്രതീക്ഷയും നേതൃത്വത്തിനുണ്ടായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളെല്ലാം അറസ്റ്റിലായ വിവരമാണ് സിറിയ വിട്ട ശേഷം പിന്നീട് അറിഞ്ഞത്.
അങ്ങനെ ഭാര്യയും മുത്ത രണ്ടു മക്കളുമായി സുഊദിയിലെത്തി.അല്‍ ഹുഫൂഫില്‍ രണ്ടും മദീനയില്‍ മൂന്നും വര്‍ഷങ്ങള്‍ അധ്യാപകനായി ജോലി ചെയ്തു. യൂനിവേഴ്‌സിറ്റികള്‍, സ്‌കൂളുകള്‍, അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ്- കള്‍ച്ചറല്‍ ക്ലബുകള്‍ തുടങ്ങിയവയില്‍ പ്രഭാഷണങ്ങള്‍ നടത്താന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു.
അയല്‍പക്ക രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ സുഊദിയിലും കാര്യമായ സ്വാധീനം ചെലുത്തിയേക്കാമെന്ന് ഹവ്വ ആശങ്കിച്ചു. സുഊദിയിലെ അവസ്ഥകള്‍ പഠിക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന നീണ്ട ഒരു വിശകലന റിപ്പോര്‍ട്ട് അദ്ദേഹം തയാറാക്കി, ഫൈസല്‍ രാജാവിന്റെ മുന്നിലെത്തിച്ചു. അതില്‍ പല നിര്‍ദേശങ്ങളും രാജാവിന് ആകര്‍ഷകമായി തോന്നുകയും  പിന്നീട് പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ അവ വ്യക്തിപരമായി സഈദ് ഹവ്വായെ ദോഷകരമായി ബാധിച്ചു. സിറിയയിലേക്കുള്ള മടക്കയാത്രക്ക് അത് കാരണമാവുകയും ചെയ്തു.
അല്‍ ഉസ്വൂലുസലാസഃ (മൂന്നു മൗലിക തത്ത്വങ്ങള്‍) എന്ന പരമ്പരയില്‍ അല്ലാഹു ജല്ലജലാലുഹു, അര്‍റസൂല്‍, അല്‍ ഇസ്‌ലാം, ജുന്‍ദുല്ലാഹി സഖാഫതന്‍ വ അഖ്‌ലാഖന്‍ (അല്ലാഹുവിന്റെ സൈന്യം: സംസ്‌കാരവും സ്വഭാവങ്ങളും), ജുന്‍ദുല്ലാഹി തഖ്ത്വീത്വന്‍ വതന്‍ളീമന്‍ വതന്‍ഫീദന്‍ (അല്ലാഹുവിന്റെ സൈന്യം: ആസൂത്രണം, സംഘാടനം, പ്രവര്‍ത്തനം) തുടങ്ങിയവ സഈദ് ഹവ്വായുടെ സുഊദി പ്രവാസത്തിലെ  വൈജ്ഞാനിക രചനകളാണ്.

ഭരണഘടനാ പ്രക്ഷോഭവും ജയില്‍വാസവും
1946-ല്‍ ഫ്രഞ്ച് കോളനി വാഴ്ചയില്‍നിന്നും സ്വാതന്ത്ര്യം നേടിയ സിറിയ പട്ടാള വിപ്ലവങ്ങളുടെ പരമ്പരക്കാണ് സാക്ഷ്യം വഹിച്ചത്. 1964 മാര്‍ച്ച് 8-ലെ പട്ടാള വിപ്ലവത്തിനു നേതൃത്വം കൊടുത്തവരായിരുന്നു മുഹമ്മദ് ഇംറാന്‍, സ്വലാഹ് ജദീദ്, ഹാഫിസുല്‍ അസദ് മുതലായവര്‍. എല്ലാ വിപ്ലവങ്ങളുടെയും ബുദ്ധികേന്ദ്രമായിരുന്നു സ്വലാഹ് ജദീദ്. എല്ലാവരും ബഅ്‌സ് സോഷ്യലിസ്റ്റ് നേതാക്കളുമായിരുന്നു. തിരുത്തല്‍ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ പ്രതിരോധമന്ത്രി ഹാഫിസുല്‍ അസദ് അദ്ദേഹത്തെ ജയിലിലടച്ചു. മറ്റൊരു നേതാവായ മുഹമ്മദ് ഇംറാന്‍ ലബനാനില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുമ്പോള്‍  ഹാഫിസിന്റെ രഹസ്യാന്വേഷണ വിഭാഗം കൊലപ്പെടുത്തുകയായിരുന്നു.
അസദ് തന്റെ ഭരണത്തിന്റെ ആരംഭത്തില്‍  ഒരു സ്ഥിരം ഭരണഘടനയുടെ കരട് തയാറാക്കി പൊതുജനാഭിപ്രായം അറിയാനായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. തന്റെ ഏകാധിപത്യം ഉറപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിലും ജനാധിപത്യവാദിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള  പൊടിക്കൈ മാത്രമായിരുന്നു അത്.
ഭരണഘടനയുടെ പ്രഥമ വായനയില്‍ തന്നെ അതിന്റെ ആത്മാവ് മതവിരുദ്ധമായ സെക്യുലരിസമാണെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടു. മതവിദ്യാഭ്യാസം, ഇസ്‌ലാമിക വ്യക്തിനിയമങ്ങള്‍ എന്നിവ അസാധുവാക്കി ഒരു സെക്യുലര്‍ തലമുറയെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് സംശയാതീതമായി രേഖപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് നിര്‍ബന്ധ സൈനിക പരിശീലനം, പര്‍ദയണിഞ്ഞ അധ്യാപികമാരെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനകള്‍ ഹാഫിസുല്‍ അസദിന്റെ കുതന്ത്രങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു.
'കരട് ഭരണഘടനയിലൂടെ കണ്ണോടിച്ചപ്പോള്‍ അതിനെതിരെ ശക്തമായ എന്തെങ്കിലും നീക്കം നടത്തണമെന്ന് ഞാനുറപ്പിച്ചു; അത് സിറിയന്‍ പണ്ഡിതന്മാരുടെ ബാനറിലായിരിക്കണമെന്നും. അങ്ങനെയെങ്കില്‍ സോഷ്യലിസ്റ്റുകള്‍, നാസിറിസ്റ്റുകള്‍ തുടങ്ങി ഹാഫിസുല്‍ അസദിന്റെ സ്വേഛാധിപത്യത്തെ എതിര്‍ക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയെടുക്കാമെന്നും കണക്കുകൂട്ടി. പണ്ഡിതന്മാരുടെ ഒറ്റക്കെട്ടായ പ്രതിഷേധം മുസ്‌ലിം വികാരത്തെ മുഖവിലക്കെടുക്കാനും ചില വിട്ടുവീഴ്ചകള്‍ ചെയ്യാനും അസദിനെ നിര്‍ബന്ധിച്ചേക്കുമെന്നും വിലയിരുത്തി. ഇഖ്‌വാന്‍ പ്രസ്ഥാനത്തിന്റെ റോള്‍, അണിയറയില്‍ നിന്ന് ജനങ്ങളെ ചലിപ്പിക്കുക എന്നതായിരിക്കണം....
ഹമായിലെ പ്രസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് ഭരണഘടനയിലെ മുഖ്യ വിഷയങ്ങള്‍ അവലോകനം നടത്തി ഒരു പ്രസ്താവനയും ഫത്‌വയും തയാറാക്കി. പണ്ഡിതന്മാരുമായുള്ള ചര്‍ച്ചക്ക് വ്യക്തതയുണ്ടാകാനായിരുന്നു അത്' (ഹാദിഹീ തജ്‌രിബത്തീ, പേ :111, 112).
മതമൂല്യങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന ഈ ഭരണഘടനയെ വിമര്‍ശിച്ചതിന്റെ പേരില്‍ 1973 മാര്‍ച്ച് 5-ന് അദ്ദേഹത്തെ പട്ടാളം അറസ്റ്റ് ചെയ്തു. ആ തടവറകാലം 1978 ജനുവരി അവസാനം വരെ നീണ്ടു. ഇഖ്‌വാനികളുമായുള്ള പട്ടാള ഓഫീസര്‍മാരുടെ തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലൂടെ സഈദ് ഹവ്വായുടെ ബന്ധം വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനായിരുന്നു അസദിന്റെ തീരുമാനം. പിന്നീടത് ജീവപര്യന്തമാക്കി. പിന്നീട് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ (1978) അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.
സംഘാടനത്തിലും പ്രഭാഷണത്തിലും പ്രതിഭ തെളിയിച്ച ശൈഖ് ഹവ്വാ ധാരാളം യാത്ര ചെയ്യാറുണ്ടായിരുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാഷ്ട്രങ്ങള്‍, ഇറാഖ്, ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടത്തെ പ്രസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തതായി ഹവ്വാ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. സയ്യിദ് മൗദൂദിയുടെ ജനാസ നമസ്‌കാരത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
സിറിയ ആഭ്യന്തരമായി ഏറെ സങ്കീര്‍ണവും പ്രശ്‌നകലുഷിതവുമായ കാലഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ (1979-1982) ബ്രദര്‍ഹുഡിനെ നയിച്ചത് ശൈഖ് ഹവ്വായായിരുന്നു. 1985-1987 വരെ ഇഖ്‌വാന്റെ  അന്താരാഷ്ട്ര നേതൃപദവിയിലും അദ്ദേഹമുണ്ടായിരുന്നു

വൈജ്ഞാനിക ശേഷിപ്പ്
പ്രാസ്ഥാനിക - പ്രബോധന ഗോദയില്‍ സജീവമായിരുന്നിട്ടും ഇത്രയധികം ഗ്രന്ഥങ്ങള്‍ എഴുതിയ  ഒരു വ്യക്തി സമകാലീന പ്രസ്ഥാന നേതാക്കളില്‍ അപൂര്‍വമാണ്. ഇല്‍മും (ജ്ഞാനം) ദഅ്‌വത്തും (പ്രബോധനം) ഹറകത്തും (പ്രസ്ഥാനം) വേര്‍തിരിക്കാനാവാത്ത വിധം ഇഴചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍.
അല്‍അസാസു ഫിത്തഫ്‌സീര്‍ (11 വാള്യങ്ങള്‍), അല്‍ അസാസു ഫിസ്സുന്നത്തി വഫിഖ്ഹിഹാ (14 വാള്യങ്ങള്‍), അല്‍ മദ്ഖലു ഇലാ ദഅ്‌വത്തില്‍ ഇഖ്‌വാനില്‍ മുസ്‌ലിമീന്‍, ഫീ ആഫാഖിത്തആലീം, തര്‍ബിയതുനാ റൂഹിയ്യ, ഹാദിഹീ തജ്‌രിബത്തീ ഹാദിഹീ ശഹാദത്തീ (മൂന്ന് ഭാഗങ്ങളുള്ള ആത്മകഥയുടെ ഒന്നാം ഭാഗം മാത്രമാണ് പ്രസിദ്ധീകരിച്ചത്) തുടങ്ങി മുപ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.
സഈദ് ഹവ്വായുടെ ഗ്രന്ഥങ്ങളെ അധികരിച്ച് ജോര്‍ദാന്‍, ഇറാഖ്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ പല അക്കാദമിക ഗവേഷണ പ്രബന്ധങ്ങളും പി.എച്ച്.ഡി നേടാനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
പലതരം രോഗങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന ശൈഖ് ഹവ്വാ കൂട്ടായ നേതൃപദവിയില്‍നിന്നൊഴിവാകുകയും പ്രസ്ഥാനത്തിന്റെ നിര്‍ദേശപ്രകാരം സിറിയയില്‍നിന്നും ജോര്‍ദാനിലേക്ക് കുടിയേറി താമസിക്കുകയും ചെയ്തു.
1989 മാര്‍ച്ച് 9-ന് അമ്മാനി(ജോര്‍ദാന്‍)ല്‍ നിര്യാതനായി. അസ്സഹാബ് ഖബ്‌റിസ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബ്‌റടക്കം നടന്നു. 

റഫറന്‍സ്:
1. ഹാദിഹീ തജ്‌രിബത്തീ, ഹാദിഹീ ശഹാദത്തീ
2. ഇഖ്‌വാന്‍ വിക്കി
3. www.saidhawwa.com
4 അഅ്‌ലാമുദ്ദഅ്‌വത്തി വല്‍ഹിറകത്തില്‍ ഇസ്‌ലാമിയ്യ അല്‍മുആസ്വിറ:

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (49-52)

ഹദീസ്‌

റസൂലിന്റെ അഞ്ച് ഉത്കൃഷ്ട ഗുണങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്