Prabodhanm Weekly

Pages

Search

2021 നവംബര്‍ 12

3226

1443 റബീഉല്‍ ആഖിര്‍ 07

മുസ്‌ലിംകളുടെ ജീവനും സ്വത്തിനും മതവിശ്വാസത്തിനും സംരക്ഷണം നല്‍കണം

പ്രമേയങ്ങള്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ മുസ്ലിംകളുടെ ജീവനും സ്വത്തും അന്തസ്സും അഭിമാനവും മതവും വിശ്വാസവുമൊക്കെ ക്ഷതപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റും സംസ്ഥാന അസംബ്ലികളും നിയമനിര്‍മാണത്തിലൂടെ അവരുടെ  മൗലികാവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഏതാനും  വര്‍ഷങ്ങളായി ആസൂത്രിതമായ ആക്രമണങ്ങളും വെറുപ്പുല്‍പാദിപ്പിക്കുന്ന കുപ്രചാരണങ്ങളും എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രവര്‍ത്തനങ്ങളും അസാധാരണമാംവിധം വര്‍ധിച്ചിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭയുടെ ഈ സമ്മേളനം ഏറെ ആശങ്കയോടെയാണ് ഈ സ്ഥിതിവിശേഷത്തെ നോക്കിക്കാണുന്നത്.
ഈ സങ്കീര്‍ണ സാഹചര്യത്തെ നിരാശരും ഭയചകിതരുമാകാതെ ക്ഷമയോടും സ്ഥൈര്യത്തോടും കൂടി അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് നേരിടണമെന്നാണ് ഇന്ത്യയിലെ മുസ്ലിംകളോട് കേന്ദ്ര പ്രതിനിധി സഭക്ക് പറയാനുള്ളത്. സ്വന്തം മതവിശ്വാസവും ഇസ്ലാമിന്റെയും ഈമാനിന്റെയും ഐഡന്റിറ്റിയും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും ഒരിക്കലും കൈവെടിയാതെ, ക്ഷമയോടും സ്ഥൈര്യത്തോടും കൂടി സ്വന്തം മതത്തിലും ശരീഅത്തിലും ഉറച്ചു നില്‍ക്കുന്നവനെയാണ് അല്ലാഹു ഏറ്റവും സ്‌നേഹിക്കുക എന്ന് നാം മനസ്സിലാക്കണം. അത്തരം ഒരു സമൂഹത്തെ സാഹചര്യത്തിന്റെ കാരുണ്യത്തിനും ഔദാര്യത്തിനും അല്ലാഹു വിട്ടുകൊടുക്കില്ല. മതവും വിശ്വാസവും ജീവനും സ്വത്തും അന്തസ്സും അഭിമാനവുമൊക്കെ സംരക്ഷിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണെന്ന് ഈ യോഗം സമുദായത്തെ ഓര്‍മപ്പെടുത്തുന്നു.
മുസ്ലിം സമുദായം ഒരു പ്രബോധക സമൂഹമാണ്. വിശുദ്ധ ഖുര്‍ആന്‍ അതിന് ഉത്തമ സമുദായമെന്നും മാനവികതയുടെ ഗുണകാംക്ഷിയെന്നുമുള്ള ഉന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. സത്യത്തിന്റെ സാക്ഷ്യവും നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും സമൂഹത്തില്‍ നീതിന്യായം പുലരുന്നുവെന്ന് ഉറപ്പു വരുത്തലും മുസ്‌ലിം സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം മറന്നതിനാല്‍ പൊതുസമൂഹവുമായി അത്തരത്തില്‍  ബന്ധം സ്ഥാപിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. സമൂഹത്തിന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിലും ഉത്തമ സമുദായത്തിന്റെ രൂപീകരണത്തിലും അവര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല.
ഇന്ത്യന്‍ സമൂഹത്തില്‍ പടര്‍ന്നുകയറിയ അതിക്രമങ്ങള്‍, ചൂഷണങ്ങള്‍, നിയമവ്യവസ്ഥയെ ചവിട്ടി മെതിക്കല്‍, രോഗങ്ങള്‍, ദാരിദ്ര്യം, അജ്ഞത, ജാതീയതയുടെ അതിപ്രസരം, വര്‍ഗീയത മൂലമുള്ള ശത്രുതയും വെറുപ്പും, സ്ത്രീകളോടുള്ള അവഹേളനവും അതിക്രമങ്ങളും, സര്‍വ മേഖലകളിലും വ്യാപകമായ അഴിമതിയും അധികാര ദുര്‍വിനിയോഗവും.... ഇവ തുടച്ചുനീക്കുന്നതിന് ഇസ്ലാം നിര്‍ദേശിക്കുന്ന പ്രതിവിധി, മാനവികതയിലും പൊതുനന്മയിലും നീതിയിലും അധിഷ്ഠിതമായ ഒരു ഉത്കൃഷ്ട സമൂഹത്തിന്റെ നിര്‍മിതിക്കായി കൂട്ടായ പരിശ്രമം നടത്തുക എന്നതാണ്.
നീതിന്യായത്തില്‍ വിശ്വസിക്കുന്ന, മനസ്സാക്ഷിയുള്ള മൊത്തം രാജ്യനിവാസികളോട്, മുസ്ലിംകളോടും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോടുമൊപ്പം നില്‍ക്കാനും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതെ സംരക്ഷിക്കാനും അങ്ങനെ ധാര്‍മികവും മാനുഷികമായ സ്വന്തം കടമകള്‍ യഥാവിധി നിര്‍വഹിക്കാനും ഈ യോഗം ആവശ്യപ്പെടുന്നു.
അധികാരത്തിന്റെ ഉന്മത്തതയില്‍ സ്വന്തം ഉത്തരവാദിത്തം മറക്കാതെ നീതിന്യായവും സുരക്ഷിതത്വവും സമാധാനവും ഉറപ്പു വരുത്തുകയും, വെറുപ്പും വിദ്വേഷവും ശത്രുതയും വളര്‍ത്തി സ്വന്തം അധികാരം ഉറപ്പിക്കാനുള്ള തന്ത്രങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും, രാജ്യത്ത്  അതിക്രമവും വെറുപ്പും വിദ്വേഷവും ശത്രുതയും അസമാധാനവും സൃഷ്ടിച്ച് ലോകത്തിനു മുമ്പില്‍ രാജ്യത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന നീക്കങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യണമെന്ന് അധികാരി വര്‍ഗത്തെ ഈ  യോഗം ഓര്‍മപ്പെടുത്തുന്നു.

ജനാധിപത്യ മൂല്യങ്ങളെയും മതസ്വാതന്ത്ര്യത്തെയും ചവിട്ടിമെതിക്കുന്നു

നമ്മുടെ രാജ്യത്ത് ജനാധിപത്യ വ്യവസ്ഥിതിക്കും മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഈ കാലത്ത് അസാധാരണമാംവിധം കനത്ത പരിക്കുകള്‍ ഏറ്റുകൊണ്ടിരിക്കുന്നു എന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭ മനസ്സിലാക്കുന്നു. ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍, പാര്‍ലമെന്റില്‍ ചര്‍ച്ചകളോ സൂക്ഷ്മപരിശോധനയോ നടത്താതെ, പൊതുജനാഭിപ്രായങ്ങളെ തൃണവല്‍ഗണിച്ച് നിയമനിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നത് അക്രമവും ജനാധിപത്യവിരുദ്ധവും മാത്രമല്ല, അത് അനിശ്ചിതത്വവും അരക്ഷിതത്വവും സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്. ജനാധിപത്യത്തിന്റെ മൂന്നു സ്തംഭങ്ങളുടെയും കെട്ടുറപ്പും സന്തുലിതത്വവും ആ നീക്കങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇലക്ഷന്‍ കമീഷന്‍, റിസര്‍വ് ബാങ്ക്, യു.ജി.സി, കേന്ദ്ര രഹസ്യ ഏജന്‍സികള്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍ പോലുള്ള സ്വതന്ത്ര, സ്വയംഭരണ ജനാധിപത്യ സ്ഥാപനങ്ങള്‍ അധികാരിവര്‍ഗത്തിന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും ചൂഷണ മനഃസ്ഥിതിക്കും ഫാഷിസ്റ്റ് താല്‍പര്യങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.  ഭരണകൂടത്തിന്റെ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിര്‍മാണാത്മകമായും ആരോഗ്യകരമായും വിമര്‍ശിക്കുക എന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍ ഇന്നത്തെ ഭരണാധികാരികള്‍ ഈ ജനാധിപത്യ മര്യാദകളെ നിര്‍ലജ്ജം ചവിട്ടിയരക്കുന്നു. ഏതാനും വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും നിയമനിര്‍മാണ സ്ഥാപനങ്ങളിലെ അംഗങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും അടിച്ചമര്‍ത്തിയും  കാരാഗൃഹങ്ങളിലടച്ചും കഠിനമായ പീഡനങ്ങള്‍ ഏല്‍പ്പിച്ചും  സമഗ്രാധിപത്യ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എത്രയും വേഗം അതിന് തടയിടേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശം മാത്രമല്ല, ജനാധിപത്യവ്യവസ്ഥയെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും അത് അനിവാര്യവുമാണ്.
ഭരണഘടനയുടെ രണ്ടാമത്തെ അടിസ്ഥാന സ്തംഭമാണ്, രാഷ്ട്രത്തിന് പ്രത്യേകമായി ഒരു മതമില്ല, എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കും, ഒരു മതത്തോടും ചായ്വ് ഇല്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ മതസ്വാതന്ത്ര്യവും സാംസ്‌കാരിക ഐഡന്റിറ്റിയും അനുവദിക്കും, ഒരു മതേതര വ്യവസ്ഥ ഇവിടെ നിലനിര്‍ത്തും എന്നത്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അധികാരത്തിലുള്ളവര്‍ ഒരു പ്രത്യേക മതത്തിന്റെ സംസ്‌കാരത്തെയും ആചാരങ്ങളെയും ഔദ്യോഗികമായി അംഗീകരിക്കുക മാത്രമല്ല മറ്റു മതങ്ങളെയും അവയുടെ ഐഡന്റിറ്റിയെയും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അതിനായി പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഉപയോഗപ്പെടുത്തുന്നു. മുസ്ലിം യുവാക്കളെയും ഇതര മതനേതാക്കളെയും ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് പീഡിപ്പിക്കുന്നു. ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ നിഷേധിക്കുന്നു. നിര്‍ബന്ധ മതപരിവര്‍ത്തനം എന്ന പേരില്‍ നടക്കുന്ന അറസ്റ്റുകളും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണ്. മൗലികാവകാശലംഘനം മാത്രമല്ല ബഹുമത, ബഹുസ്വര സമൂഹത്തിന് ഏറെ അപകടം ചെയ്യുന്നതുമാണിത്. പൗരന്മാര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്ന മൗലിക അവകാശത്തെ ധ്വംസിക്കുന്ന എല്ലാ നീക്കങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെടുന്നു.

    
അനുദിനം വഷളാകുന്ന സാമ്പത്തിക സ്ഥിതി

രാജ്യം ദിനംപ്രതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് ഗുരുതരമായ വിലക്കയറ്റമാണ്. ഏതാനും വര്‍ഷങ്ങളായി അവശ്യവസ്തുക്കളുടെ വില മേല്‍പോട്ട് കുതിക്കുകയാണ്. വില പിടിച്ചുനിര്‍ത്തുന്നതില്‍ ഭരണകൂടം അമ്പേ പരാജയപ്പെട്ടിരിക്കുന്നു.  പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് വിലക്കയറ്റം. കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നിലപാടുകളും മുതലാളി വര്‍ഗത്തിന് അനുകൂലമായ സാമ്പത്തിക നയവുമാണ് വിലവര്‍ധന രൂക്ഷമാക്കിയതെന്ന് കേന്ദ്ര പ്രതിനിധി സഭായോഗം വിലയിരുത്തുന്നു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇത്രയും രൂക്ഷമാകാന്‍ കാരണം പെട്രോളിനും ഡീസലിനും ദിനംപ്രതിയുള്ള വിലവര്‍ധന തന്നെയാണ്. വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി ഗ്യാസിനും വില കുതിച്ചുയരുകയാണ്. പൊതു  ക്ഷേമത്തിനുള്ള  സ്‌കീമുകള്‍ ഏട്ടിലെ പശുവും പരസ്യത്തിലെ ത്രസിപ്പിക്കുന്ന വാക്കുകളുമായി പരിമിതപ്പെട്ടിരിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും ഭരണകൂടത്തിന്റെ ഭാഗത്ത് വാചാടോപമല്ലാതെ മറ്റൊന്നും കാണാനില്ല. 2015-ല്‍ 5.56 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2021-ല്‍ എത്തിയപ്പോള്‍ 7.5 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. നഗരപ്രദേശങ്ങളില്‍ ഇത് അല്‍പം കൂടി കൂടുതലാണ്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായി മാറുന്നു.   
മഹാമാരിയും ലോക്ക് ഡൗണും ഗുരുതരമായ മാന്ദ്യം സൃഷ്ടിച്ചതിനു പുറമെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുന്നതിന് ആശ്രയിക്കുന്ന കാര്‍ഷികരംഗം പൂര്‍ണമായും കുത്തകകള്‍ക്ക് തീറെഴുതുന്ന നയം കൊണ്ടുവരികയും ചെയ്തിരിക്കുകയാണ്. ഇതിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തെ യോഗം ശക്തമായി അപലപിക്കുന്നു.
ഉല്‍പ്പന്നങ്ങളുടെ വിലയിടിവു കാരണം പ്രതിശീര്‍ഷ വരുമാനം ബംഗ്ലാദേശിനേക്കാള്‍ താഴെ എത്തിനില്‍ക്കുന്നു. വിശപ്പിന്റെ ആഗോള സൂചികയില്‍ നമ്മുടെ അയല്‍ രാജ്യങ്ങളേക്കാള്‍ വളരെ പിന്നിലാണ് നാമെന്നത് ആശങ്കപ്പെടുത്തുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ നമ്മുടെ പരമ്പരാഗത സമ്പത്ത് വിറ്റുതീര്‍ക്കുന്ന തിരക്കിലുമാണ് കേന്ദ്രസര്‍ക്കാര്‍.  ജനസേവനമേഖലകള്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീറെഴുതി നല്‍കി സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. സാമ്പത്തിക വ്യവസ്ഥയെ മാറ്റിപ്പണിയുന്നതില്‍ ഭരണകൂടത്തിന്റെ പിടിപ്പുകേട്, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ക്ഷേമരാഷ്ട്ര സങ്കല്‍പത്തെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക നയങ്ങളില്‍ പുനഃപരിശോധന നടത്തണമെന്നും എല്ലാ രാഷ്ട്രീയ- സാമൂഹിക സംഘടനകളെയും പ്രസ്ഥാനങ്ങളെയും സാമ്പത്തിക വിദഗ്ധരെയും വിശ്വാസത്തിലെടുത്ത് അവരുടെ അഭിപ്രായങ്ങള്‍ ആരായണമെന്നും  ഗവണ്‍മെന്റിനോട് ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാ യോഗം ആവശ്യപ്പെടുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയണം

ഏതാനും വര്‍ഷങ്ങളായി സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമവും മാനഭംഗവും വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റും വിവിധ സാമൂഹിക സംഘടനകളും തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രശ്‌നത്തിന്റെ സങ്കീര്‍ണത വെളിപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത  അതിക്രമങ്ങള്‍ വേറെയും. കുറ്റവാളികള്‍ക്കെതിരെ വേണ്ടവിധം നടപടികള്‍ സ്വീകരിക്കാത്തതും അധികാര കേന്ദ്രങ്ങള്‍ മൗനം പാലിക്കുന്നതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു. അധികാരവും സമ്പത്തും രാഷ്ട്രീയ സ്വാധീനവും ഭരണകൂടത്തിന്റെ നിസ്സംഗതയും വനിതകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ലൈംഗിക ചൂഷണവും സര്‍വസാധാരണമായിരിക്കുന്നു. ദല്‍ഹിയിലും ഹഥ്‌റാസിലും മുംബൈയിലും നടന്ന സംഭവങ്ങളില്‍ സ്ത്രീകളെ സംബന്ധിച്ച പൊതു സമൂഹത്തിന്റെ നിലപാട് വ്യക്തമായി തെളിയുന്നുണ്ട്. ഇരകളാക്കപ്പെട്ട സ്ത്രികളെ ആശ്വസിപ്പിക്കുന്നതിനുപകരം, വീണ്ടും പലതരത്തിലും അവര്‍ പീഡിപ്പിക്കപ്പെടുകയാണ്.
വനിതകളുടെ സംരക്ഷണവും പുരോഗതിയും ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍  ഗവണ്‍മെന്റ് സ്വീകരിക്കണം. സ്ത്രീപീഡകര്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കണം.  ഇരകളായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ പോളിസി കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിക്കണം.
സ്ത്രീപുരുഷന്മാരുടെ അനിയന്ത്രിതമായ ഇടപഴകലും കടിഞ്ഞാണില്ലാത്ത ലൈംഗികതയുമൊക്കെയാണ് ഇത്തരം പ്രവണതകളുടെ അടിസ്ഥാന കാരണം. ഈ കാരണങ്ങളെയും അവസരങ്ങളെയും ഇല്ലാതാക്കുക എന്നതാണ് സ്ത്രീസംരക്ഷണത്തിന് ഏറ്റവും ഉചിതമായ പരിഹാരം എന്നു കൂടി ബന്ധപ്പെട്ടവരെ പ്രതിനിധി സഭ ഉണര്‍ത്തുകയും ചെയ്യുന്നു. 

വിവ: പി.പി അബ്ദുര്‍റഹ്മാന്‍, കൊടിയത്തൂര്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (49-52)

ഹദീസ്‌

റസൂലിന്റെ അഞ്ച് ഉത്കൃഷ്ട ഗുണങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്