Prabodhanm Weekly

Pages

Search

2012 മെയ് 5

ഭരണാധിപത്യത്തിന്റെ ദുഷ്പണികള്‍ക്ക് എതിരൊരുക്കേണ്ടുന്ന പണ്ഡിതര്‍

അബൂദര്‍റ് എടയൂര്‍

അക്രമത്തോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച ദര്‍ശനമാണ് ഇസ്‌ലാം. അക്രമം അന്ത്യനാളിലെ അന്ധകാരങ്ങളാണെന്ന് പ്രവാചകന്‍ താക്കീത് നല്‍കുന്നു. അക്രമം കൊടും തിന്മയാണ്. അതിനാല്‍ അത് അല്ലാഹുവിന് അങ്ങേയറ്റം വെറുപ്പുള്ള കാര്യവുമാണ്. അക്രമം ജനങ്ങള്‍ക്കും അനിഷ്ടകരമാണെന്നതിനാല്‍ അവര്‍ അക്രമിയോട് കോപിക്കുകയും ധിക്കാരം കാണിക്കുകയും സാഹചര്യം അനുകൂലമാണെങ്കില്‍ അക്രമികള്‍ക്കെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്യും. അക്രമം വേരോടെ പിഴുതെറിയാന്‍ വേണ്ടി പരിശ്രമിക്കല്‍ സത്യവിശ്വാസിയുടെ ബാധ്യതയാണ്. അക്രമം ആരുടെ ഭാഗത്തുനിന്നായാലും അക്രമം തന്നെയാണ്. അക്രമിയായ ഭരണാധികാരിയുടെ മുന്നില്‍ സത്യവും നീതിയും ഉദ്‌ഘോഷിക്കലാണ് ശ്രേഷ്ഠമായ ജിഹാദെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
ഭരണാധികാരികളുടെ അക്രമത്തിന് വിവിധ മുഖങ്ങളുണ്ട്. അന്യായമായി ഒരു ജനതയെ കടന്നാക്രമിക്കുക, പ്രജാക്ഷേമത്തിന് അനിവാര്യമായും നിര്‍വഹിച്ചിരിക്കേണ്ട ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തുക, അധികാരവും സമ്പത്തും വീതംവെക്കുന്നത് നിയമാനുസൃതവും നീതിപൂര്‍വകവുമല്ലാതിരിക്കുക, സമൂഹത്തിന്റെ അവകാശങ്ങള്‍ വിസ്മരിച്ചുകൊണ്ട് സ്വജനപക്ഷപാതിത്തത്തിനും പ്രാദേശിക താല്‍പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുക തുടങ്ങിയവയെല്ലാം അതിന്റെ വിവക്ഷയില്‍ പെടും.
ഏതെങ്കിലും വ്യക്തിയോ സംഘമോ സമൂഹമോ സംഘടനയോ പ്രദേശമോ ഒക്കെ ഈ ഭരണകൂട അക്രമത്തിന് വിധേയമാവാറുണ്ട്. ജനഹിതപ്രകാരം തെരഞ്ഞെടുക്കപ്പെടാതെ സ്വമേധയാ ഒരാള്‍ അധികാരം വാഴുക, തന്റെ ഭരണക്രമത്തിന്റെ ചട്ടുകങ്ങളായ ഉദ്യോഗസ്ഥര്‍, സൈനികര്‍, രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തി ഒരു ജനതയെ അടിച്ചമര്‍ത്തുകയോ ദ്രോഹിക്കുകയോ ഭീതിയുടെ നിഴലില്‍ തളച്ചിടുകയോ ചെയ്യുക, വികസനത്തിന്റെയോ സ്വാര്‍ഥ താല്‍പര്യങ്ങളുടെയോ പേരില്‍ ജനജീവിതം നരകതുല്യമാക്കുക, അല്ലെങ്കില്‍ ഈ അധീശാധികാരികള്‍ പൗരന്മാരുടെ സമ്പത്ത് കവരാനും അഭിമാനം ക്ഷതപ്പെടുത്താനും രക്തം ചിന്താനും ഭരണകൂട ചട്ടുകങ്ങള്‍ക്ക് അവസരവും അനുവാദവും നല്‍കും പ്രകാരം നിയമം നിര്‍മിക്കുക പോലുള്ള സന്ദര്‍ഭങ്ങളിലാണ് അപ്രകാരം സംഭവിക്കാറുള്ളത്.
ജനങ്ങളുടെ ആദര്‍ശ/സദാചാര/ക്ഷേമ സംരക്ഷണം ഭരണാധികാരികള്‍ തൃണവത്ഗണിക്കുന്നതും കടുത്ത അക്രമമാണ്. ദീനിന്റെ മാര്‍ഗദര്‍ശനത്തില്‍ നിന്ന് പിന്‍തലമുറ ബഹുദൂരം അകന്നുപോവുക എന്ന ദുരന്തമായിരിക്കും അതിന്റെ ഫലം. ധാര്‍മിക സദാചാര മൂല്യങ്ങള്‍ കാറ്റില്‍ പറത്തി വളരുന്ന സമൂഹം ഉണ്ടാക്കുന്ന അപകടങ്ങള്‍ നിസാരമായിരിക്കില്ല.
മുസ്‌ലിം ഭരണകൂടങ്ങള്‍ക്ക് കീഴിലും ഒരു ജനതയെ ദ്രോഹകരമായി ബാധിക്കുന്ന അക്രമങ്ങളുടെ ചില സാമ്പിളുകളാണ് മുകളില്‍ പരാമര്‍ശിച്ചത്. നമസ്‌കാരം നിലനിര്‍ത്തുന്ന കാലത്തോളം അക്രമികളായ ഭരണാധികാരികളോട് സഹകരിക്കണമെന്നും അവര്‍ക്കെതിരെ രംഗത്ത് വരാന്‍ പാടില്ലെന്നും ചില ആളുകള്‍ വാദിക്കാറുണ്ട്. ഇസ്‌ലാം അംഗീകരിച്ച രീതിയിലല്ലാതെ അധികാരത്തിലേറുകയും ജനങ്ങളോടുള്ള കര്‍ത്തവ്യം യഥാവിധി നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ മുന്നില്‍, അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരാണെന്ന ന്യായത്താല്‍, നിസ്സംഗരായി നോക്കി നില്‍ക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണോ? മുന്‍ഗാമികളായ പ്രമുഖ പണ്ഡിതന്‍മാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടെന്തായിരുന്നു? സമകാലിക പശ്ചാത്തലത്തില്‍ ഒരു പരിശോധന സംഗതമായിരിക്കും.

മുന്‍ഗാമികളുടെ നിലപാടുകള്‍
മുസ്‌ലിം സമൂഹത്തിന്റെ ഹിതം പരിശോധിക്കാതെ, മുസ്‌ലിം രാഷ്ട്രങ്ങളില്‍ അധികാരം പിടിച്ചടക്കുന്നവരെ പിന്തുണക്കുന്ന നിലപാടല്ല പ്രഗല്‍ഭ പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. ചരിത്രം പരിശോധിക്കുമ്പോള്‍, 'അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്ന കാലത്തോളം' എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ മുകളില്‍ പ്രസ്താവിച്ച രൂപത്തിലുളള മര്‍ദക ഭരണകൂടങ്ങളോട് പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരൊന്നും അലസ സമീപനം സ്വീകരിച്ചിട്ടില്ല എന്ന് കാണാന്‍ കഴിയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭരണാധികാരികളുടെ താളത്തിനൊത്ത് തുള്ളാതെ, സ്വന്തം വൈജ്ഞാനിക/ധാര്‍മിക വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് സധീരം നിലകൊള്ളുക എന്നതായിരുന്നു അവരുടെ പൊതുവായ രീതി. മുസ്‌ലിംകളുമായി കൂടിയാലോചിച്ച് അവരുടെ ഹിതപ്രകാരം മാത്രമേ നേതൃത്വം ഒരാളില്‍ അര്‍പ്പിതമാവൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. അതിനു വിരുദ്ധമായ രാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ അവര്‍ തയാറായില്ല.
ഖിലാഫത്തുര്‍റാശിദക്ക് ശേഷം ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ദിശ രാജാധിപത്യത്തിലേക്ക് വഴിമാറിയത് വന്‍ദുരന്തമായാണ് പ്രഗല്‍ഭ മുസ്‌ലിം പണ്ഡിതന്മാര്‍ വിലയിരുത്തിയത്; പ്രത്യക്ഷത്തില്‍ പലരും അത്തരം ഭരണാധികാരികളുമായി സഹവസിച്ചിരുന്നുവെങ്കിലും. അത്തരം ആധിപത്യം ഇസ്‌ലാം അംഗീകരിക്കുന്നതുകൊണ്ടായിരുന്നില്ല അത്. മറിച്ച്, അതിനേക്കാള്‍ വലിയ തിന്മകള്‍ ജന്മം കൊള്ളുമെന്ന ആശങ്കയാലായിരുന്നു.

സ്വഹാബികളുടെ സമീപനം
നമസ്‌കാരം നിലനിര്‍ത്തുന്നു എന്നത് ഭരണാധികാരിക്കെതിരെ രംഗത്ത് വരുന്നതിന് തടസ്സമായി സ്വഹാബികള്‍ ഗണിച്ചിരുന്നില്ല. ഉസ്മാന്‍(റ)ന്റെ ഘാതകരെ പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഇശ(റ)യോടൊപ്പം സുബൈര്‍(റ), ത്വല്‍ഹ(റ) തുടങ്ങിയ സ്വഹാബികള്‍ ഖലീഫ അലി(റ)ക്കെതിരെ പ്രക്ഷോഭം നയിച്ചത് സുവിദിതമാണല്ലോ. അങ്ങനെയെങ്കില്‍ നമസ്‌കരിക്കുകയോ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുകയോ ചെയ്യാത്തവരോടുള്ള നിലപാട് എന്തായിരിക്കുമെന്ന് ഇതില്‍ നിന്ന് അനുക്തസിദ്ധമാണ്.
നിയമവിരുദ്ധമായി അധികാരം നേടിയ മുആവിയക്കെതിരെ ഹസന്‍(റ) രംഗത്തിറങ്ങുകയുണ്ടായി. കൂഫയിലെ ആളുകള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുആവിയ നമസ്‌കരിക്കാത്ത വ്യക്തിയാണെന്ന അഭിപ്രായം അവര്‍ക്കുണ്ടായിരുന്നില്ല. പിന്നീട് ഹസന്‍(റ) മുആവിയയുമായി സന്ധിയുണ്ടാക്കിയത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍ മുആവിയ തന്റെ പിന്‍ഗാമിയായി മകന്‍ യസീദിനെ നിശ്ചയിച്ചതോടെ ഹസന്‍, ഹുസൈന്‍, അബ്ദുല്ലാഹിബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നുസ്സുബൈര്‍, അബ്ദുര്‍റഹ്മാനുബ്‌നു അബീബക്ര്‍ തുടങ്ങി നിരവധി പ്രമുഖ സ്വഹാബിമാര്‍ അതിനെതിരെ രംഗത്തിറങ്ങി. 'നമസ്‌കാരം നിലനിര്‍ത്തുന്ന കാലത്തോളം' എന്ന ഹദീസ് അവര്‍ക്ക് തടസ്സമായില്ല. മുആവിയയോട് അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: മുഹമ്മദ് നബിയുടെ ഉമ്മത്തിന് താങ്കള്‍ നന്മയല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ഹിര്‍ഖലിസം (ഒരു ഹിര്‍ഖല്‍ മരിച്ചാല്‍ അടുത്ത ഹിര്‍ഖല്‍ ഭരണാധികാരിയാവല്‍) കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. ഇബ്‌നുസ്സുബൈര്‍ മൂന്നിലേതെങ്കിലുമൊന്ന് സ്വീകരിക്കാന്‍ മുആവിയയോട് ആവശ്യപ്പെട്ടു. ഒന്നുകില്‍ പ്രവാചകന്റെ രീതി അവലംബിക്കുക, അല്ലെങ്കില്‍ അബൂബക്കറിന്റെ നിലപാട് സ്വീകരിക്കുക, അതുമല്ലെങ്കില്‍ ഉമര്‍ ചെയ്തതുപോലെ ചെയ്യുക.
നമസ്‌കാരം നിലനിര്‍ത്തുന്നവനായതിനാല്‍ യസീദിനെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്ന് അവരാരും പറഞ്ഞില്ല. നിയമ വിരുദ്ധമായി അധികാരം നേടിയതിനാല്‍ അദ്ദേഹം ഖിലാഫത്തിന് യോഗ്യനല്ല എന്നതായിരുന്നു അവരുടെ എതിര്‍പ്പിന്റെ അടിസ്ഥാനം. യസീദിനെതിരിലുള്ള പോരാട്ടമാണ് ഹുസൈന്റെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചത്. അബ്ദുല്ലാഹിബ്‌നുസ്സുബൈറിനെ ഹജ്ജാജ് വധിച്ചതും യസീദിനെയും പിന്‍ഗാമികളെയും ശക്തിയുക്തം വിമര്‍ശിച്ചതിന്റെ ഫലമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ മാതാവായ അസ്മാ ബിന്‍ത് അബീബക്‌റിന്റെ നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവും അദ്ദേഹത്തിനുണ്ടായിരുന്നു. ധാര്‍മികവും രാഷ്ട്രീയപരവുമായ പലവിധ അപചയങ്ങളുമുണ്ടായിരുന്നെങ്കിലും അവരൊക്കെയും നമസ്‌കരിക്കുകയും ഏറെക്കുറെ ശരീഅത്ത് അനുസരിച്ച് ഭരിക്കുകയും ചെയ്യുന്നവരാണെന്ന വസ്തുത അറിയാതെയായിരുന്നില്ല ഈ എതിര്‍പ്പ്.
അതോടൊപ്പം, ആദര്‍ശ-ധാര്‍മിക തലങ്ങളിലുള്ള ഭരണാധികാരികളുടെ വ്യതിചലനത്തിനെതിരെ നടന്ന വേറെയും ചില പടപ്പുറപ്പാടുകള്‍ - അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരായിരുന്നെങ്കിലും- ചരിത്രത്തില്‍ കാണാം. ഒരു പക്ഷേ അതിന് ഏറ്റവും മികച്ച ഉദാഹരണം അഹ്മദുബ്‌നു നസ്വ്‌റില്‍ ഖുസാഇയായിരിക്കും. അഹ്‌ലുസ്സുന്നയുടെ വീക്ഷണങ്ങള്‍ സംസ്ഥാപിക്കാനും മുഅ്തസില വിഭാഗത്തിന്റെ പിഴച്ച ആദര്‍ശങ്ങളെ തുറന്നുകാട്ടാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഈ ഗണത്തില്‍ പെടുത്താം. ആയിരക്കണക്കിനാളുകളുടെ പിന്തുണ ഈ വിഷയത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മുഅ്തസില വിരുദ്ധ പ്രവര്‍ത്തനം വ്യാപകമായതോടെ കോപിഷ്ഠനായ അബ്ബാസി ഭരണാധികാരി വാസിഖ്, അഹ്മദുബ്‌നു നസ്വ്‌റിനെ കൊലപ്പെടുത്തുകയാണുണ്ടായത്.
പ്രസിദ്ധ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ഒന്ന് കണ്ണോടിക്കാം.

അബൂഹനീഫ(റ) (ഹി. 80- 150)
മുസ്‌ലിംകളിലെ കാര്യബോധമുള്ള ആളുകളുമായി കൂടിയാലോചിക്കാതെ നിലവില്‍ വന്ന ഒരു വ്യവസ്ഥക്ക് കീഴില്‍ ജഡ്ജിയാവാന്‍ വിസമ്മതിച്ചതിന് കനത്ത ശിക്ഷക്ക് വിധേയനായ ഒരാളാണ് ഇമാം അബൂഹനീഫ(റ). ഖാദി സ്ഥാനം ഏറ്റെടുക്കില്ല എന്ന കര്‍ക്കശ നിലപാട് കാരണം മര്‍വാനുബ്‌നു ഹകമിന്റെ ഭരണകാലത്ത് നൂറ് ചാട്ടവാറടി ഏറ്റുവാങ്ങേണ്ടി വന്ന അദ്ദേഹത്തെ അതേ ആവശ്യം അംഗീകരിപ്പിക്കുന്നതിന് വേണ്ടി ദിനംപ്രതി പത്ത് അടി വീതം നല്‍കാനായിരുന്നു കൂഫയിലെ ഉമവീ ഗവര്‍ണറായിരുന്ന യസീദുബ്‌നു ഹുബൈറയുടെ കല്പന. പതിനൊന്ന് ദിവസത്തെ പ്രഹരത്തിന് ശേഷം ഒടുവില്‍ അദ്ദേഹം മരിച്ചുപോയേക്കുമോ എന്ന ഭയത്താല്‍ വിട്ടയക്കുകയായിരുന്നു.
ഖാദി സ്ഥാനം ഏറ്റെടുക്കാന്‍ മന്‍സൂര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നപ്പോഴെല്ലാം അബൂഹനീഫ വിസമ്മതിച്ചു. ഒരിക്കല്‍ മന്‍സൂര്‍ അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ എന്നെ ധിക്കരിക്കുകയാണോ? അബൂഹനീഫ: ഖാദിയാവാന്‍ ഞാന്‍ യോഗ്യനല്ലാത്തതുകൊണ്ടാണ്. മന്‍സൂര്‍: കള്ളം പറയരുത്. അബൂഹനീഫ: ഖാദിയാവാന്‍ ഞാന്‍ യോഗ്യനല്ല എന്ന് അങ്ങ് തന്നെ ഇപ്പോള്‍ വിധിച്ചു. ഞാന്‍ നുണയനാണെന്ന് താങ്കള്‍ പറഞ്ഞു. നുണയന്‍ ഖാദിയാവാന്‍ പറ്റില്ല. ഇനി ഞാന്‍ സത്യസന്ധനാണെന്നാണ് അങ്ങ് കരുതുന്നതെങ്കില്‍ അപ്പോഴും ഖാദിയാവാന്‍ ഞാന്‍ പറ്റില്ല. കാരണം, അല്‍പം മുമ്പ് ഞാന്‍ പറഞ്ഞു, ഖാദിയാവാന്‍ ഞാന്‍ യോഗ്യനല്ലെന്ന്. സത്യവാനായ എന്റെ വാക്ക് വിശ്വസിക്കണമല്ലോ. ഈ മറുപട് കേട്ട് കോപാകുലനായ മന്‍സൂര്‍ അദ്ദേഹത്തെ തുറുങ്കിലടച്ചു. വെള്ളം പോലും നല്‍കാതെ കഷ്ടപ്പെടുത്തി. ഈ തടവുകാലത്താണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
ഹിശാമുബ്‌നു അബ്ദില്‍ മലികിന്റെ ഭരണത്തിനെതിരെ സൈദുബ്‌നു അലി നടത്തി വിപ്ലവത്തെയും മന്‍സൂറിനെതിരെ ഇബ്‌റാഹീം ബിന്‍ അബ്ദില്ലയും സഹോദരന്‍ മുഹമ്മദ് ബിന്‍ അബ്ദില്ല (അന്നഫ്‌സുസ്സകിയ്യ)യും നടത്തിയ പോരാട്ടങ്ങളെ അദ്ദേഹം അനുകൂലിച്ചു.
അക്രമിയായ ഭരണാധികാരിയെ പിന്തുണക്കാതിരിക്കുക എന്ന നിലപാടാണ് അബൂഹനീഫ സ്വീകരിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു. കാരണം, അനര്‍ഹമായ രീതിയില്‍ അധികാരം കരസ്ഥമാക്കുന്നത് നിയമ(ശരീഅത്ത്) വിരുദ്ധമാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ അവര്‍ നമസ്‌കാരം നിലനിര്‍ത്തുവോളം എന്ന് ഹദീസ് ഏത് അധീശാധികാരിയെയും സര്‍വാത്മനാ പിന്തുണക്കാനുള്ള ന്യായീകരണമല്ല. മറിച്ച്, വലിയ ദൂഷ്യങ്ങള്‍ക്ക് തടയിടാന്‍ ചെറിയ ദൂഷ്യങ്ങള്‍ നിര്‍ബന്ധപൂര്‍വം സഹിക്കുക എന്നേ അതിന് അര്‍ഥമുള്ളൂ. ഈയൊരു പരിപ്രേക്ഷ്യത്തിലാണ് ഖിലാഫത്തുര്‍റാശിദക്ക് ശേഷമുള്ള ഭരണാധികാരികളെ പണ്ഡിതന്മാര്‍ അമീറുല്‍ മുഅ്മിനീന്‍ എന്ന് വിളിച്ചിരുന്നത്. നിലവിലുള്ള ഭരണാധികാരിയെ മറ്റൊരാള്‍ കീഴടക്കിയാല്‍, ആ ജേതാവിനെയാണ് അവര്‍ അമീറുല്‍ മുഅ്മിനീന്‍ എന്ന് അഭിസംബോധന ചെയ്തിരുന്നത്. കീഴടക്കപ്പെട്ടയാളുടെ കൂടെ നിന്ന് പൊരുതാനൊന്നും അവര്‍ ശ്രമിച്ചില്ല. അയാള്‍ നമസ്‌കാരം നിലനിര്‍ത്തുന്ന ആളായിരുന്നാലും. അക്രമികളായ ഭരണാധികാരികളോട് പ്രസിദ്ധ പണ്ഡിതന്മാരെല്ലാം ഇതേ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

ഇമാം മാലിക്(റ) (ഹി. 93-179)
ഒരിക്കല്‍ ഇമാം മാലികിനെ കുറിച്ച് മദീനയിലെ ഗവര്‍ണറായിരുന്ന ജഅ്ഫറിന് ഒരു പരാതി ലഭിച്ചു. മന്‍സൂറിനെ മാലിക് ഖലീഫയായി അംഗീകരിക്കുന്നില്ല. ത്വലാഖ് ചൊല്ലാന്‍ നിര്‍ബന്ധിക്കപ്പെട്ടവന്റെ ത്വലാഖ് സാധുവല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതിനോട് സാമ്യപ്പെടുത്തി മന്‍സൂറിന്റെ ആധിപത്യവും സാധുവല്ല. അത് ജനങ്ങള്‍ മനസാ അംഗീകരിക്കുന്നില്ല, അടിച്ചേല്‍പിക്കപ്പെട്ടതാണ് എന്ന് അദ്ദേഹം വാദിക്കുന്നു. ഇതായിരുന്നു പരാതി.
ഇത് കേട്ട് ജഅ്ഫറിന് സഹിക്കാനായില്ല. ഇമാമിനെ വിളിപ്പിച്ചു. ചോദ്യം ചെയ്തു. പീഡിപ്പിച്ചു. ക്രൂരമായി തല്ലിച്ചതച്ചു. കൈകള്‍ തോളില്‍ നിന്ന് വേര്‍പെട്ടു. തല മുണ്ഡനം ചെയ്ത് നഗ്നനാക്കി ഒട്ടകപ്പുറത്ത് കയറ്റി പട്ടണം ചുറ്റിച്ചു. തന്റെ വാദം തെറ്റാണെന്ന് വിളിച്ചു പറയണമെന്ന് കല്‍പിച്ചു. എന്നാല്‍ ഇമാം വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: എന്നെ പരിചയമുള്ളവര്‍ക്കെല്ലാം എന്നെ അറിയാം. അറിയാത്തവര്‍ക്ക് പരിചയപ്പെടുത്താം. ഞാന്‍ മാലികാണ്. അനസിന്റെ പുത്രന്‍. ഞാന്‍ പറയുന്നു: നിര്‍ബന്ധിക്കപ്പെട്ടവന്റെ ത്വലാഖ് സാധുവല്ല, സാധുവല്ല, സാധുവല്ല. മാലികിന്റെ നിലപാടില്‍ മാറ്റമില്ല എന്ന് മനസിലാക്കിയ ജഅ്ഫര്‍ ഒടുവില്‍ അദ്ദേഹത്തെ മോചിപ്പിച്ചു.
തന്റെ മക്കളെ പഠിപ്പിക്കാന്‍ കൊട്ടാരത്തിലേക്ക് വരണമെന്ന് ഹാറൂന്‍ റഷീദ് ഇമാം മാലിക്കിനെ അറിയിച്ചു. ഞാന്‍ അങ്ങോട്ട് വന്ന് പഠിപ്പിക്കില്ല. താല്‍പര്യമുണ്ടെങ്കില്‍ അവര്‍ മസ്ജിദുന്നബവിയില്‍ നടക്കുന്ന ദര്‍സില്‍ വന്ന് മറ്റുള്ളവര്‍ക്കൊപ്പമിരുന്ന് പഠിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒരിക്കല്‍ വിമര്‍ശന സ്വരത്തില്‍ ഇമാം മാലികിനോട് ഒരാള്‍ ചോദിച്ചു: താങ്കള്‍ എന്തിനാണ് അക്രമികളായ ഭരണാധികാരികളെ കാണാന്‍ പോകുന്നത്? പോയില്ലെങ്കില്‍ അക്രമത്തെ എങ്ങനെ എതിര്‍ക്കും? സത്യം എങ്ങനെ വെളിപ്പെടുത്തും? ഇമാം തിരിച്ചടിച്ചു.
ഇമാം മാലിക് പറയുന്നു: ഞാന്‍ എത്രയോ തവണ ഖലീഫ മന്‍സൂറിനെ കാണാന്‍ ചെന്നിട്ടുണ്ട്. അദ്ദേഹത്തെ മുഖം കാണിക്കുന്നവര്‍ അദ്ദേഹത്തിന്റെ കൈ ചുംബിക്കണം. അതാണ് കീഴ്‌വഴക്കം. എന്നാല്‍ ഞാനൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല.
ഭരണകൂടത്തിനെതിരെ തിരിഞ്ഞ ഇമാം അലിയുടെ പിന്‍ഗാമികളായ മുഹമ്മദ്, ഇബ്‌റാഹീം എന്നിവരെ പിടിച്ചുകൊണ്ടുവരാന്‍ ഖലീഫ മന്‍സൂര്‍ ഇമാം മാലികിന് കല്‍പന അയച്ചു. എന്നാല്‍ മാലിക് അന്യായമായ ഈ കല്‍പന നിരസിച്ചു. ഒടുവില്‍ മദീന ഇമാം മുഹമ്മദിന്റെ കീഴില്‍വന്നതോടെ മന്‍സൂറിന് നല്‍കിയ അനുസരണ പ്രതിജ്ഞയില്‍ നിന്ന് ഇമാം മാലിക് ഉള്‍പ്പടെയുള്ള നഗരത്തിലെ ഭൂരിഭാഗം പേരും പിന്‍മാറി. പ്രക്ഷോഭത്തില്‍ ഇമാം മാലികിനും സജീവ പങ്കുണ്ടായിരുന്നു. പിന്നീട് മന്‍സൂര്‍, ഇമാം മാലികിനെ തുറുങ്കിലടക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. തടവറയില്‍ കിടന്നുതന്നെ അന്ത്യശ്വാസം വലിച്ചു.

ഇമാം ശാഫിഇ(റ) (ഹി. 150-204)
ഇമാം മാലികിന്റെ മരണശേഷം ശിഷ്യനായ ഇമാം ശാഫിഇ മദീന വിട്ട് യമനിലേക്ക് പോയി. അക്രമിയും ക്രൂരനുമായ ഒരാളായിരുന്നു അവിടത്തെ ഗവര്‍ണര്‍. ഇമാം ശാഫിഇ അയാളുടെ കൊള്ളരുതായ്മകളെ എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. അതേസമയം ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒമ്പത് ശീഇകളും അവിടെയുണ്ടായിരുന്നു. ഇതൊക്കെ ഗവര്‍ണറുടെ ഉറക്കം കെടുത്തി. ഇക്കാര്യം അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ ഖലീഫ ഹാറൂന്‍ റഷീദിന് എഴുതി: ആ ശീഇകള്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പേടിയുണ്ട്. പിന്നെ ഇവിടെ മറ്റൊരുത്തനുമുണ്ട്. ഒരു ശാഫിഇ. അവനും ഒരു താന്തോന്നി. എന്നെ അനുസരിക്കുന്നില്ല. (പിന്നീട് ഇമാം ശാഫിഈ ഒഴികെയുള്ള ഒമ്പതുപേരെയും ഹാറൂന്‍ റശീദ് വധശിക്ഷക്ക് വിധേയരാക്കി).

അഹ്മദുബ്‌നു ഹമ്പല്‍(റ) (ഹി. 164-241)
യമനില്‍ ഒരു ഖാദി വേണം. അതിന് യോഗ്യനായ ഒരാളെ കണ്ടെത്താന്‍ ഇമാം ശാഫിഇയെ ഖലീഫ അമീന്‍ ചുമതലപ്പെടുത്തി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന അഹ്മദുബ്‌നു ഹമ്പലിന് ഒരാശ്വാസമാകട്ടെ എന്നുകരുതി ആ ജോലി ഏറ്റെടുക്കാമോ എന്ന് ശാഫിഇ ആരാഞ്ഞു. ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ചുകൊണ്ട് അഹ്മദ് പറഞ്ഞു: ശൈഖ്, ഇനിയൊരിക്കലും താങ്കളില്‍ നിന്ന് ഇത്തരം ആവശ്യം കേള്‍ക്കേണ്ടി വന്നാല്‍ പിന്നെ നമ്മള്‍ തമ്മില്‍ കാണുകയില്ല.
ഇമാം അഹ്മദിന്റെ കാലത്ത് ഖുര്‍ആന്‍ സൃഷ്ടിയോ അല്ലയോ എന്ന തര്‍ക്കം മൂര്‍ഛിച്ചു. രാഷ്ട്രത്തലവനായ മഅ്മൂന്‍ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് വാദിക്കുന്ന മുഅ്തസിലുകളെ പിന്തുണച്ചു. ആ വീക്ഷണം അടിച്ചേല്‍പിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബഗ്ദാദ് ഗവര്‍ണര്‍, ഇമാം അഹ്മദ് ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി, മഅ്മൂന്റെ വീക്ഷണം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇമാം അഹ്മദും മുഹമ്മദുബ്‌നു നൂഹും ഒഴികെയുള്ളവര്‍ ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങി. അഹ്മദിനെയും മുഹമ്മദിനെയും മഅ്മൂന്റെ അടുത്തേക്കയച്ചു. മുഹമ്മദ് വഴിമധ്യേ മരിച്ചു. അഹ്മദ് എത്തും മുമ്പേ മഅ്മൂനും മരിച്ചു. തുടര്‍ന്നുവന്ന ഖലീഫമാരായ മുഅ്തസ്വിമിന്റെയും വാസിഖിന്റെയും കാലത്തും ഇമാം അഹ്മദിന് കടുത്ത പീഡനമേല്‍ക്കേണ്ടി വന്നു. പീഡനവും പ്രീണനവും മാറി മാറി പ്രയോഗിച്ച് അഹ്മദിന്റെ അഭിപ്രായം മാറ്റാന്‍ മുഅ്തസ്വിം ശ്രമിച്ചുനോക്കി. 28 മാസം ചമ്മട്ടി കൊണ്ടുള്ള പ്രഹരം. ബോധം നശിക്കുമ്പോള്‍ കഠാര മുന കൊണ്ട് കുത്തി മുറിപ്പെടുത്തല്‍, ജയിലിലെ പടുകുഴിയില്‍ എടുത്തെറിയല്‍ തുടങ്ങിയ വിവിധ മര്‍ദനമുറകള്‍ പ്രയോഗിച്ചു. എന്നിട്ടും അഭിപ്രായം മാറ്റാന്‍ ഇമാം അഹ്മദ് കൂട്ടാക്കിയില്ല. ശാരീരിക പീഡനം അഹ്മദിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നുവെന്ന് മനസിലാക്കിയ വാസിഖ് അദ്ദേഹം പള്ളിയില്‍ വരാനോ അധ്യാപനം നടത്താനോ പാടില്ലെന്ന് വിലക്കി. അഞ്ച് കൊല്ലത്തിലേറെ ഈ വിലക്ക് നിലനിന്നു.

സഈദുബ്‌നുല്‍ മുസയ്യിബ്(റ) (ഹി. 14-94)
അക്രമികളായ ഭരണാധികാരികളെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന മറ്റൊരു പ്രമുഖ പണ്ഡിതനാണ് സഈദുബ്‌നുല്‍ മുസയ്യിബ്. അബ്ദുല്‍ മലികിന്റെ മക്കളായ വലീദ്, സുലൈമാന്‍ എന്നിവര്‍ക്ക് ബൈഅത്ത് ചെയ്യാന്‍ വിസമ്മതിച്ച അദ്ദേഹത്തെ ഭരണകൂടം കഠിനമായി പീഡിപ്പിക്കുകയുണ്ടായി.

ഇബ്‌നു തൈമിയഃ (ഹി. 661-728)
താര്‍ത്താരികള്‍ക്കെതിരെയുള്ള ജിഹാദില്‍ ഇബ്‌നു തൈമിയഃ പ്രകടിപ്പിച്ച ധീരതയും സ്ഥൈര്യവും അന്യാദൃശമാണ്. മുസ്‌ലിംകള്‍ എന്ന് അവകാശപ്പെടുന്ന താര്‍ത്താരികള്‍ക്കെതിരെ മുസ്‌ലിംകള്‍ ആയുധമെടുക്കുന്നതെങ്ങനെ എന്ന ചിന്ത പണ്ഡിതന്മാരുള്‍പ്പെടെ പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇബ്‌നു തൈമിയഃ ചരിത്ര സംഭവങ്ങളുദ്ധരിച്ച് ജിഹാദിന് ആഹ്വാനം നല്‍കി. ജനങ്ങള്‍ക്ക് അത് ബോധ്യപ്പെടുകയും ചെയ്തു. തല്‍ഫലമായി സിറിയയിലെ ജനങ്ങള്‍ ജിഹാദിന് തയാറായി. അനന്തരം അദ്ദേഹം ഈജിപ്തിലെ സുല്‍ത്വാനെ സമീപിച്ച് താര്‍ത്താരികള്‍ക്കെതിരില്‍ സിറിയയെ സഹായിക്കാന്‍ സൈന്യത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടു. താര്‍ത്താരികളെ ഭയന്ന സുല്‍ത്വാന്‍ സഹായം നിരസിച്ചു. അപ്പോള്‍, ജനങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത ഭരണാധികാരിയെ മാറ്റി അതിനു തയ്യാറാകുന്നവരെ അവര്‍ അവരോധിക്കുമെന്ന് ഒരു വെല്ലുവിളി സ്വരത്തില്‍ ഇബ്‌നു തൈമിയഃ പ്രതികരിച്ചപ്പോള്‍ അദ്ദേഹം സഹായിക്കാന്‍ തയാറായി. അങ്ങനെ ഈജിപ്തിന്റെയും സിറിയയുടെയും സംയുക്തസേനക്ക് മുന്നില്‍ അടിയറവ് പറഞ്ഞ താര്‍ത്താരികള്‍ പിന്തിരിഞ്ഞോടി.

ശൈഖ് അഹ്മദ് സര്‍ഹിന്ദി (ഹി. 971-1032)
രണ്ടാം സഹസ്രാബ്ദത്തിലെ മുജദ്ദിദ് എന്നറിയപ്പെട്ട സര്‍ഹിന്ദി ഭരണകൂടത്തിന്റെ നയവൈകല്യങ്ങള്‍ തുറന്നുകാട്ടുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. മുഗള രാജാക്കന്‍മാരുടെ ജനദ്രോഹ നടപടികളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഭരണാധികാരികള്‍ക്കനുസരിച്ചാണ് ജനങ്ങള്‍ നീങ്ങുകയെന്നും അതിനാല്‍ ഭരണാധികാരി നന്നായാല്‍ മാത്രമേ നാടും സമൂഹവും നന്നാവുകയുള്ളൂ എന്നും അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ ജനസ്വാധീനം ഭരണാധികാരികളെ ആശങ്കയിലാക്കി. ഒരിക്കല്‍ തനിക്ക് സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജഹാംഗീര്‍ അദ്ദേഹത്തെ ഒരു വര്‍ഷം ജയിലിലടച്ചു ശിക്ഷിച്ചു.
നമസ്‌കരിക്കുകയും കുറെയൊക്കെ ശരീഅത്ത് അനുസരിച്ച് ഭരിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഭരണാധികാരികളോട് പണ്ഡിതന്മാര്‍ സ്വീകരിച്ച ഉപരിസൂചിത നിലപാടുകള്‍, പ്രസ്തുത ഭരണകൂടങ്ങള്‍ ശരീഅത്തിന് വിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് അവര്‍ക്കുണ്ടായിരുന്നത് എന്ന് തെളിയിക്കുന്നു. സമൂഹത്തിന്റെ പൊതു നന്മ ലക്ഷ്യം വെച്ചും അരാജകത്വം നാടുവാഴുന്നത് തടയാനും പ്രത്യക്ഷത്തില്‍ അവര്‍ ഇത്തരം ഭരണാധികാരികളെ അതൃപ്തിയോടെ പിന്തുണക്കുകയായിരുന്നു. നമസ്‌കാരം നിലനിര്‍ത്തുന്ന കാലത്തോളം നിയമാനുസൃതമായിട്ടല്ലാതെ അധികാരത്തിലേറുകയോ അക്രമികളായിത്തീരുകയോ ചെയ്ത ഭരണാധികാരികള്‍ക്കെതിരെ രംഗത്തുവരാന്‍ പാടില്ല എന്ന വീക്ഷണക്കാരായിരുന്നു അവരെങ്കില്‍ മറ്റൊരു നിലപാടായിരുന്നു അവര്‍ സ്വീകരിക്കുക. നേരത്തെ വിവരിച്ച പ്രകാരമുള്ള പീഡനങ്ങള്‍ക്ക് അവര്‍ വിധേയരാവുകയുമില്ലായിരുന്നു. കൃത്യമായ ആസൂത്രണത്തിന്റെയും മുന്നൊരുക്കങ്ങളുടെയും സജ്ജീകരണങ്ങളുടെയും അഭാവം കാരണം മര്‍ദ്ദക ഭരണകൂടങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള പല ശ്രമങ്ങളുടെയും ഫലം നിരാശാജനകമായിരുന്നെങ്കിലും അത്തരത്തിലുള്ള പോരാട്ടങ്ങളുടെ പ്രാമാണികത അവയില്‍ നിന്ന് വായിച്ചെടുക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം