Prabodhanm Weekly

Pages

Search

2021 നവംബര്‍ 12

3226

1443 റബീഉല്‍ ആഖിര്‍ 07

അള്‍ജീരിയന്‍ വംശഹത്യ:  അംഗീകരിച്ചാലും മാപ്പ് പറയാത്ത ഫ്രാന്‍സ്

അര്‍ശദ് കാരക്കാട്

അള്‍ജീരിയന്‍ ജനതയെ സംബന്ധിച്ചേടത്തോളം, 1961 ഒക്‌ടോബര്‍ 17 ഒരു ഓര്‍മയാണ്; വര്‍ഷങ്ങള്‍ക്കിപ്പുറവും മായാത്ത വംശഹത്യയുടെ ദൃശ്യങ്ങള്‍ ഓര്‍മയിലേക്ക് കൊണ്ടുവരുന്ന ദിനങ്ങള്‍. അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശം അവസാനിച്ച് 60 വര്‍ഷം തികയുകയാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ വീര്യമാണ് സ്വാതന്ത്ര്യം ലഭ്യമാക്കുന്നത്. ഫ്രാന്‍സ് മേഖലയിലെ അള്‍ജീരിയക്കാരെ ലക്ഷ്യംവെച്ചുള്ള വിവേചനപരമായ രാത്രികാല കര്‍ഫ്യൂവിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ക്രൂരമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. 12000 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും, ധാരാളം പേര്‍ കൊല്ലപ്പെടുകയും, ശേഷം കൊല്ലപ്പെട്ടവരെ സീന്‍ നദിയിലേക്ക് (Seine River) എടുത്തെറിയുകയും ചെയ്തു. തങ്ങള്‍ കോളനിയാക്കി വെച്ച അള്‍ജീരിയയില്‍ എന്തും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഫ്രാന്‍സ് കാണിക്കുകയായിരുന്നു.
മനുഷ്യാവകാശ, വംശീയ വിരുദ്ധ സമിതികളും അള്‍ജീരിയന്‍ സംഘടനകളും സ്വാതന്ത്ര്യപോരാട്ടത്തില്‍ മരിച്ചുവീണ ജീവനുകള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പാരീസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. അള്‍ജീരിയന്‍ സ്വാതന്ത്ര്യ പോരാട്ടവുമായി ബന്ധപ്പെട്ട ഭീകരതയുടെയും ദുരന്തങ്ങളുടെയും ഉത്തരവാദിത്തം ഫ്രാന്‍സ് ഏറ്റെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഈ 60-ാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ ഉന്നതതലം ശക്തമായ പ്രസ്താവന നടത്താന്‍ സമയമായിരിക്കുന്നുവെന്നാണ് ചരിത്രകാരിയായ നഈമ ഹുബര്‍ യഹ്‌യ പ്രതികരിച്ചത്.
ദശാബ്ദങ്ങളായി 'ഒളിച്ചുവെച്ചിരുന്ന' സത്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോകത്തിന് മുന്നില്‍ ഇപ്പോള്‍ സമ്മതിക്കുകയാണ്. വൈകിയാണെങ്കിലും, ഫ്രഞ്ച് ഭരണാധികാരികള്‍ നടപ്പിലാക്കിയ കുറ്റകൃത്യങ്ങള്‍ പ്രസിഡന്റ് മാക്രോണ്‍ അംഗീകരിച്ചിരിക്കുന്നു. 'അടിച്ചമര്‍ത്തല്‍ ക്രൂരവും അക്രമാസക്തവും രക്തരൂഷിതവുമായിരുന്നു'വെന്ന് മാക്രോണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇത് പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യത്തോടുള്ള കേവല പ്രതികരണമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
സര്‍ക്കാറിന്റെ കണക്ക് പ്രകാരം 120 പ്രതിഷേധക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. യഥാര്‍ഥ ചരിത്രരേഖ ലഭ്യവുമല്ല. 300-ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് ചില കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 60-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ശനിയാഴ്ച നടത്തിയ പരിപാടിയില്‍ മാക്രോണ്‍ ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കൂട്ടക്കൊലയുടെ സ്മരണയുടെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ പ്രസിഡന്റാണ് മാക്രോണ്‍. മറ്റൊരു നിലപാടെന്നത് പാരീസ് മേയറും അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ആനി ഹിഡല്‍ഗോ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പോണ്ട് സെന്റ്-മൈക്കിളിന് സമീപം കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയാണ്. ഇത് ഫ്രാന്‍സിന്റെ നയത്തില്‍ വരുത്തിയ മാറ്റങ്ങളല്ല; പ്രായോഗികത അനിവാര്യമാക്കുന്ന ഘടകങ്ങളാണ്. പ്രതിഷേധക്കാര്‍ക്കെതിരെ 'ന്യായീകരിക്കാന്‍ കഴിയാത്ത' കുറ്റമാണ് പോലീസ് ചെയ്തതെന്ന് വ്യക്തമാക്കിയ മാക്രോണ്‍ ഔദ്യോഗികമായി ക്ഷമ ചോദിക്കാന്‍ തയാറായിട്ടുമില്ല. ഇസ്‌ലാമോഫോബിയ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് വിജയം സുസാധ്യമാക്കുന്ന തന്ത്രത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഫ്രാന്‍സിന്റെ മാക്രോണ് എങ്ങനെ കഴിയും!
അള്‍ജീരിയന്‍ യുദ്ധ പോരാളികളുടെ പേരക്കുട്ടികളുടെ പൊതു പരിപാടിയില്‍ മാക്രോണ്‍ വീണ്ടും വിവാദം ഉയര്‍ത്തിയിരുന്നു. ഫ്രഞ്ച് അധിനിവേശ കാലത്തിന് മുമ്പ് അള്‍ജീരിയ ഒരു രാജ്യമായിരുന്നില്ലെന്നും, ഓട്ടോമന്‍ സാമ്രാജ്യം അധിനിവേശകരായിരുന്നെങ്കിലും ഫ്രാന്‍സിനെ വിമര്‍ശിക്കുന്നതുപോലെ അവരെ വിമര്‍ശിക്കുന്നില്ലെന്നുമുള്ള വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. 'ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നു'ള്ള മാക്രോണിന്റെ തുറന്നുപറച്ചില്‍ ഫ്രാന്‍സിന്റെ ഗതകാല ചെയ്തികള്‍ ശരിവെക്കുന്നുണ്ടെങ്കിലും, രാജ്യം ഇനിയും മാപ്പുപറയാന്‍ സന്നദ്ധമാകാത്തത് കൃത്യമായ 'മനോഘടന'യാണ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുമ്പ് വ്യക്തമാക്കിയതുപോലെ തുറന്നുവെക്കുന്നത്.
2017-ലെ ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അള്‍ജീരിയ-ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുത്തുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബന്ധം ഊഷ്ളമാക്കാനല്ല കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് അള്‍ജീരിയന്‍ അധികാരികള്‍ പാരീസില്‍നിന്ന് അംബാസിഡറെ തിരിച്ചുവിളിച്ച സാഹചര്യമുണ്ടായി. 'പ്രായശ്ചിത്ത സ്മാരക'ങ്ങളില്‍ ജീവിക്കുന്നവരാണ് അള്‍ജീരിയന്‍ ഭരണാധികാരികളെന്ന് മാക്രോണ്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും, ഉത്തരാഫ്രിക്കക്കാര്‍ക്കെതിരെ വംശീയത തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്‍ കോളനികളില്‍നിന്ന് വരുന്നവര്‍ക്കുള്ള വിസാ നിയന്ത്രണം, നിറത്തിന്റെ പേരില്‍ കൊലചെയ്യുന്ന പോലീസ് നരഹത്യാ കേസുകള്‍, ഇസ്ലാമോഫോബിയ വളര്‍ത്തുന്ന ഇടപെടലുകള്‍ എന്നിവ മുന്നില്‍വെച്ച് ഇനിയും ഇരകളോട് മാപ്പു ചോദിക്കാന്‍ മാക്രോണ്‍ രംഗത്തുവരുമെന്ന് കരുതേണ്ടതില്ല. 

 

ലോട്ടറിയെക്കുറിച്ച് തന്നെ

റഹ്മാന്‍ മധുരക്കുഴി

'ലോട്ടറിയെക്കുറിച്ച് ഇസ്‌ലാമിന് പറയാനുള്ളത്' എന്ന ശീര്‍ഷകത്തില്‍ ഇല്‍യാസ് മൗലവി എഴുതിയ ചിന്താര്‍ഹമായ ലേഖനം (ലക്കം 3222, 2021 ഒക്‌ടോബര്‍ 15) ആണ് ഈ കുറിപ്പിന് പ്രേരകം.
സാമൂഹിക ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും, ഗുണകാംക്ഷിയുടെ റോളില്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോട്ടറി. 'ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന കടകളില്‍ സ്ത്രീപുരുഷന്മാര്‍ നിലയുറപ്പിച്ചത് കാണുമ്പോള്‍ നമ്മുടെ വ്യവസായരംഗത്തെ വിഴുങ്ങിക്കളയാന്‍ ഒരു പുതിയ രാക്ഷസന്‍ ജന്മമെടുത്തതു പോലെ എനിക്ക് തോന്നുന്നു' എന്നായിരുന്നു രാജഗോപാലാചാരി 'സ്വരാജ്യ'യില്‍ എഴുതിയത്. ഇന്ത്യയില്‍ ഒരു സ്റ്റേറ്റ് ലോട്ടറി ഉപഭോക്താവിന് ഒന്നാം സമ്മാനം ലഭിക്കാനുള്ള സാധ്യത പതിനായിരം സംവത്സരക്കാലത്തിലൊരിക്കലാണെന്നാണ് ഒരു അപഗ്രഥനം വെളിപ്പെടുത്തുന്നത്. 'ദുരുപദിഷ്ടമായ പ്രതീക്ഷയാലോ സാഹസിക മനോഭാവം നിമിത്തമോ ലോട്ടറി ടിക്കറ്റുകള്‍ ഭൂരിഭാഗം വാങ്ങുന്ന പാവങ്ങളെ ശിക്ഷിക്കുന്നുവെന്നതാണ് ഭാഗ്യക്കുറിക്കെതിരായ മുഖ്യ കുറ്റാരോപണം' (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക). സ്റ്റേറ്റിന്റെ ധനശേഖരണാര്‍ഥം ഭാഗ്യക്കുറി നടത്തുന്ന സമ്പ്രദായം ഫ്‌ളോറന്‍സാണ് തുടങ്ങിവെച്ചത്. തുടര്‍ന്ന് ഇറ്റലിയും ഹോളണ്ടും ഫ്രാന്‍സും സ്‌പെയിനും ആസ്ത്രിയയും ഭാഗ്യക്കുറി നടത്തിത്തുടങ്ങി. ഇംഗ്ലണ്ടില്‍, 1569-ല്‍ എലിസബത്ത് രാജ്ഞി സ്റ്റേറ്റ് ലോട്ടറി ആരംഭിച്ചു. സര്‍ക്കാരിനുള്ള വരുമാന മാര്‍ഗമെന്ന നിലയില്‍ 1826 വരെ തുടര്‍ന്നുവന്നു. ഭാഗ്യക്കുറിയുടെ പ്രചാരം വര്‍ധിക്കുകയും അതിന്റെ സാമൂഹിക തിന്മകള്‍ പ്രത്യക്ഷമാവുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ജനാഭിലാഷം മാനിച്ച് പ്രസ്തുത വിഷക്കനി നിരോധിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമായി.
ഫ്രഞ്ച് വിപ്ലവത്തിനു ശേഷം നീതിതല്‍പരരായ ജനങ്ങള്‍ ഭാഗ്യക്കുറിക്കെതിരെ ശബ്ദമുയര്‍ത്തി. രാജ്യത്തിന്റെ ഏറ്റവും ലജ്ജാകരമായ വരുമാന മാര്‍ഗമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. തല്‍ഫലമായി 1826-ല്‍ ബ്രിട്ടനും 1836-ല്‍ ഫ്രാന്‍സും ഭാഗ്യക്കുറി സമ്പ്രദായം നിര്‍ത്തല്‍ ചെയ്തു. വര്‍ധിച്ചുവന്ന വിമര്‍ശനങ്ങളുടെ കാര്‍ക്കശ്യം നിമിത്തം, 1899-ല്‍ ന്യൂയോര്‍ക്കിലും ഭാഗ്യക്കുറി നിരോധിക്കപ്പെട്ടു. അമേരിക്കയിലെന്ന പോലെ ജപ്പാനിലും എല്ലാ ഗണത്തിലും പെട്ട ഭാഗ്യക്കുറികളും നിയമവിരുദ്ധമാക്കി. 1933 ജൂലൈ 24-ാം തീയതിയാണ് സോവിയറ്റ് യൂനിയന്‍ സര്‍വവിധ ഭാഗ്യക്കുറികള്‍ക്കും നിയമം മൂലം നിയന്ത്രണമേര്‍പ്പെടുത്തിയത്.
പോര്‍ച്ചുഗീസുകാര്‍, ഗോവയില്‍ ഭാഗ്യക്കുറി നടപ്പാക്കിയതോടെയാണ് ഇന്ത്യയിലേക്ക് ഈ സാമ്പത്തിക ചൂഷണോപാധി കടന്നുവന്നത്. 1967-ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സപ്തമുന്നണി മന്ത്രിസഭയാണ് വ്യാപകമായ ഭാഗ്യപരീക്ഷണ സംരംഭത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ ചുവട് പിടിച്ച് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഭാഗ്യക്കുറി പരീക്ഷണത്തിന് രംഗത്തു വരികയായിരുന്നു. പാശ്ചാത്യരുടെ അനുഭവപാഠം പാശ്ചാത്യനോക്കികളായ ഇന്ത്യയിലെ ക്ഷേമരാഷ്ട്ര സങ്കല്‍പത്തിന്റെ ശക്തരായ വക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.
അധ്വാനത്തിന്റെയോ പരിശ്രമത്തിന്റെയോ യോഗ്യതയുടെയോ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ഒന്നല്ല ലോട്ടറി സമ്മാനം. തികച്ചും യാദൃഛികതയുടെ അടിസ്ഥാനത്തില്‍ സമ്മാന വിതരണം നടത്തുന്ന ഏര്‍പ്പാടാണ് ഇതെന്ന് ലോട്ടറിയുടെ സൂത്രധാരകരായ പാശ്ചാത്യര്‍ തന്നെ സമ്മതിക്കുന്നു. ലക്ഷക്കണക്കിനാളുകളുടെ സമ്മാനലബ്ധി എന്ന വ്യാമോഹം ചൂഷണം ചെയ്ത് ഒന്നോ രണ്ടോ പേരെ സമ്പന്നരാക്കുന്ന ഈ കുറുക്കുവഴി സോഷ്യലിസത്തിലേക്ക് തേര്‍ തെളിക്കുന്നവരെന്ന് അവകാശപ്പെടുന്നവരുടെ കാര്‍മികത്വത്തില്‍ തന്നെ നാട്ടിലെങ്ങും അരങ്ങു തകര്‍ക്കുന്നുവെന്നതിലെ വിരോധാഭാസം എന്തേ ആരും കാണാതെ പോകുന്നു?
ഭാഗ്യക്കുറി സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക ദൂഷ്യങ്ങള്‍ മനസ്സിലാക്കിയതോടെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ അത് നിര്‍ത്തലാക്കിയത്. 1862-ല്‍ പെന്‍സില്‍വാനിയ അസംബ്ലി നിര്‍ത്തലാക്കിക്കൊണ്ട് പ്രഖ്യാപിച്ചതിങ്ങനെ: ''സാമൂഹിക ദൂഷ്യങ്ങളുടെയും അലസതയുടെയും പ്രേരകമാണ് ഭാഗ്യക്കുറി. സാമ്പത്തിക വ്യവസ്ഥയെ സംബന്ധിച്ചേടത്തോളമാകട്ടെ, അങ്ങേയറ്റം ഉപദ്രവകരവും'' (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക).
ഹെര്‍ബര്‍ട്ട് സ്‌പെന്‍സറെ ഉദ്ധരിക്കാം: 'നഷ്ടപ്പെടുന്നവന്റെ ദുഃഖം നേടുന്നവന്റെ സന്തോഷമാക്കി മാറ്റുന്ന ഏര്‍പ്പാടാണത്. പരാജിതന്റെ ദുഃഖത്തില്‍നിന്നാണ് ജേതാവിന് സന്തോഷമുണ്ടാകുന്നത്. ആകയാല്‍ ഇത്തരം ഏര്‍പ്പാടുകളെല്ലാം സാമൂഹികവിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളോടുള്ള അനുഭാവം, വ്യക്തിയില്‍ വളര്‍ന്നുവരുന്ന അപകടകരമായ സ്വാര്‍ഥമോഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വാര്‍ഥമോഹത്തെ കാടത്തമെന്നേ വിശേഷിപ്പിക്കാനാവൂ. സ്‌നേഹസാഹോദര്യങ്ങള്‍ നിലനില്‍ക്കുന്ന ചുറ്റുപാടില്‍ ചൂതാട്ടത്തിന്റെ ഒരിനവും ഉണ്ടാവുക സാധ്യമല്ല. അനര്‍ഹമായി ധനം നേടാനുള്ള ഏതു പദ്ധതിയും സമത്വ നിയമങ്ങള്‍ക്കെതിരാണ്. ചൂതാട്ടമാകട്ടെ പരസ്പരസമ്മതത്തോടെയുള്ള ഒരു കൊള്ളയാണ്.'
100 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിക്കുന്ന ഒരു ലോട്ടറിക്ക് അതിന്റെ നറുക്കെടുപ്പ് കഴിയുമ്പോഴേക്കും ചുരുങ്ങിയത് 25 ലക്ഷം ടിക്കറ്റെങ്കിലും വിറ്റിരിക്കണം. എങ്കിലേ വില്‍പനക്കാരന്റെ കമീഷനും സര്‍ക്കാരിന്റെ എല്ലാ ചെലവുകളും കഴിച്ച് സര്‍ക്കാരിന് വല്ലതും ലാഭമുണ്ടാക്കാന്‍ പറ്റൂ. അപ്പോള്‍ ഒരു ടിക്കറ്റെടുത്തവന് സമ്മാനം കിട്ടാനുള്ള സാധ്യത 25 ലക്ഷത്തില്‍ ഒരംശം മാത്രമേയുള്ളൂ എന്നു വരുന്നു. വളരെ വളരെ വിദൂരമായ സാധ്യത മാത്രമുള്ള ഒന്നിനു വേണ്ടിയാണ് അവന്‍ ടിക്കറ്റെടുത്ത് പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്നത് എന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (49-52)

ഹദീസ്‌

റസൂലിന്റെ അഞ്ച് ഉത്കൃഷ്ട ഗുണങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്