Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

മതേതര ഹിംസകളും മതത്തിന്റെ 'ഭീകരവത്കരണവും'

ശഹീന്‍ കെ. മൊയ്തുണ്ണി

മുസ്‌ലിംകള്‍ക്കിടയില്‍ വൈവിധ്യങ്ങള്‍ക്കും വംശീയ-ഗോത്ര വിലാസങ്ങള്‍ക്കുമതീതമായി ചില പൊതു അനുഭവങ്ങള്‍ മുസ്‌ലിം ആയതുകൊണ്ടു മാത്രം അവര്‍ അനുഭവിക്കുന്നുണ്ട്. പൊതുസമൂഹവും ഭരണകൂടവും അവരെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഇതിന്റെ ഒരു ഉദാഹരണം. ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം പുരുഷന്മാരും സ്ത്രീകളും ഈ വംശീയവത്കരണം വ്യത്യസ്ത രീതിയിലാണ് നേരിടുന്നത്. തിരിച്ചറിയാന്‍ ഏറ്റവും എളുപ്പമായ ഇസ്‌ലാമിക ചിഹ്നങ്ങളിലൊന്നായ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ടുതന്നെ സ്ത്രീകളെ എളുപ്പത്തില്‍ മുസ്‌ലിമാണെന്ന് തിരിച്ചറിയാനും അതുവഴി അക്രമണത്തിനും പീഡനത്തിനും ഇരയാക്കാനും സാധിക്കുന്നു. ദേശീയസുരക്ഷക്കും താല്‍പര്യങ്ങള്‍ക്കും ഭീഷണിയായ, എന്നെങ്കിലും തീവ്രവാദിയാകാന്‍ സാധ്യതയുള്ള ഒരു വിപത്തായിട്ടാണ് മുസ്‌ലിം പുരുഷന്മാര്‍ വീക്ഷിക്കപ്പെടുന്നത്. എന്നാല്‍ മുസ്‌ലിം സ്ത്രീകളെ ദേശത്തിനല്ല, സംസ്‌കാരത്തിനെതിരായ ഭീഷണിയായാണ് അവര്‍ കാണുന്നത്. 'കാസ്റ്റിംഗ് ഔട്ട്: ദി എവിക്ഷന്‍ ഓഫ് മുസ്‌ലിംസ് ഫ്രം വെസ്റ്റേണ്‍ ലോ ആന്റ് പൊളിറ്റിക്‌സ്' എന്ന തന്റെ പുസ്തകത്തില്‍ ഷെറീന്‍ റസാഖ്, മുസ്‌ലിം സ്ത്രീകള്‍ മുസ്‌ലിം പുരുഷന്മാരില്‍നിന്ന് ആപത്ത് നേരിടുന്നു എന്ന കാഴ്ചപ്പാടിനെ  വിശകലനം ചെയ്യുന്നുണ്ട്. ഇതേ ന്യായം മുന്നോട്ടു വെച്ചാണ് സാമ്രാജ്യത്വത്തെ വെള്ളപൂശുന്നതും മുസ്‌ലിം ദേശങ്ങള്‍ക്കെതിരെ യുദ്ധം അഴിച്ചുവിടുന്നതും.  അവരുടെ മതേതര വ്യവഹാരങ്ങളില്‍ മുസ്‌ലിം സ്ത്രീ നേരിടുന്ന അസമത്വത്തിന്റെയും പരാധീനതയുടെയും അടയാളമാണ് ശിരോവസ്ത്രം; അതവളുടെ തെരഞ്ഞെടുപ്പാണെന്നത് ചര്‍ച്ചയില്‍ വരുന്നില്ല. രണ്ടാമതായി, ശിരോവസ്ത്രം ലിംഗസമത്വത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമുള്ള പുരോഗമന കാഴ്ചപ്പാടുകള്‍ക്കെതിരായ സാംസ്‌കാരിക ഭീഷണിയായും കാണുന്നു. അതായത്, മുസ്‌ലിം സ്ത്രീകളെ പരാധീനരും അടിച്ചമര്‍ത്തപ്പെട്ടവരും ബലഹീനരുമായി വംശീയവത്കരിക്കുമ്പോള്‍ മുസ്‌ലിം പുരുഷന്മാരെ, അവര്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരായാലും, അക്രമാസക്തരായും ചിത്രീകരിക്കുന്നു.
ദേശീയസുരക്ഷയും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, ഇതിനു വേണ്ടി മുസ്‌ലിംകള്‍ ഭരണകൂടത്തില്‍നിന്ന് വിവേചനം നേരിടേണ്ടി വരുന്നുണ്ടെങ്കില്‍ അത്  അനിവാര്യമായതുകൊണ്ടാണെന്നും വിശ്വസിക്കുന്ന ഒരു ലോകമാണ് 9/11-നു ശേഷം സൃഷ്ടിക്കപ്പെട്ടത്. ഈ ലോകത്ത് മുസ്‌ലിംകളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുക അസാധ്യമാണ്. മൂന്നു അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്ത് നടന്ന  ഭീകരവേട്ടയും അത് ശക്തിപകര്‍ന്ന ഇസ്‌ലാംവിരുദ്ധതയും വിദേശ രാജ്യങ്ങള്‍ക്കു കൂടി പിന്തുടരാന്‍ പാകത്തില്‍ നിയമപാലനത്തിന്റെ ഒരു വാര്‍പ്പുമാതൃക സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. തങ്ങള്‍ സമൂഹഭ്രഷ്ടരായും സുരക്ഷാഭീഷണിയായും കാണുന്ന ന്യൂനപക്ഷ മുസ്‌ലിം ജനതക്കെതിരെ കിരാതമായ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള അനുമതി പല വിദേശ സര്‍ക്കാരുകള്‍ക്കും ഇതിലൂടെ ലഭിച്ചു. ഭീകരവേട്ടയുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്ന ഭാഷയും തന്ത്രങ്ങളും അനുബന്ധമായ ഇസ്‌ലാംവിരുദ്ധതയും തങ്ങളുടെ ഈ രഹസ്യ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ അവരെ സഹായിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ഡ്രോണ്‍ ആക്രമണങ്ങളും, മുസ്‌ലിം രാഷ്ട്രീയ ആക്ടിവിസ്റ്റുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും മേല്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്നതും, മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാനുള്ള തുറന്ന ആഹ്വാനങ്ങളും, മുഖ്യധാരാ സംസ്‌കാരത്തിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന മുസ്‌ലിം പ്രതിബിംബങ്ങള്‍ സ്വീകാര്യത നേടുന്നതും,  ഇതിനെതിരെ സംസാരിക്കുന്നവരെ ഏതോ തീവ്ര ഇസ്‌ലാമികധാരയുടെ ഭാഗമായി കാണുന്നതും ഇതിന്റെ അനന്തരഫലങ്ങളാണ്. മുസ്‌ലിംകളെ വംശീയവത്കരിച്ചും ഇസ്‌ലാമോഫോബിയ പടര്‍ത്തിയും ദേശതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍, വൈവിധ്യത്തെയും മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഇസ്‌ലാമിസ്റ്റുകളുടെ കടന്നാക്രമണത്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍  ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും എന്ന നിലപാടെടുക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് സഹായകമാവുന്നു.  ഇസ്‌ലാമിസ്റ്റുകള്‍ അല്ലെങ്കില്‍ മുസ്‌ലിംകള്‍ മതത്തെ രാഷ്ട്രീയവത്കരിച്ച് ഹിംസയെ ന്യായീകരിക്കുന്നു എന്ന  അടുത്ത വിഷയത്തിലേക്ക് നമ്മെ കൊണ്ടുവരുന്നു.
 
3) ഇസ്‌ലാമും തീവ്രവാദവും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്ന വാദത്തിന്റെ മൂര്‍ത്തവത്കരണം.
ഹിംസയെ മതവുമായി മാത്രം ബന്ധപ്പെടുത്തുകയും മറ്റു രാഷ്ട്രീയ അക്രമങ്ങളില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്ന പ്രവണത പുതിയതല്ല. മതത്തിന്റെ പേരിലുള്ള ഹിംസ യുക്തിഹീനം, രാഷ്ട്രീയ അക്രമങ്ങള്‍ യുക്തിസഹം എന്നൊരു വാദമുഖമാണ് ഉയര്‍ത്തപ്പെടുന്നത്. ഇത്തരം ആശയങ്ങള്‍ ജ്ഞാനോദയ കാലം, പ്രൊട്ടസ്റ്റന്റ് നവോത്ഥാനം, യൂറോപ്പില്‍ രൂപപ്പെട്ടുവന്ന മതേതര ആശയങ്ങള്‍, ഇതേ ആശയങ്ങള്‍ ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തപ്പോള്‍ രൂപപ്പെട്ടുവന്ന പുതിയ സിദ്ധാന്തങ്ങള്‍ എന്നിവയുടെയൊക്കെ അടിസ്ഥാനമായി വര്‍ത്തിക്കുന്നു.
9/11-നു ശേഷമുള്ള കാലത്ത്  'മതം' എന്ന് പ്രയോഗിക്കുന്നതു തന്നെ ഇസ്‌ലാമിനെ മാത്രം ഉദ്ദേശിച്ചാണ് . ചില മതങ്ങള്‍ക്ക് മതേതര സ്വഭാവം ( ക്രൈസ്തവത) ഉള്ളതുകൊണ്ട്, അല്ലെങ്കില്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ളതുകൊണ്ട് (ജൂതമതത്തെയും ഹിന്ദുമതത്തെയും പോലെ) ഹിംസയുമായി കൂട്ടിക്കെട്ടുന്നതില്‍നിന്ന് അവക്ക് മുക്തി ലഭിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ ആപത്കരം, മതേതരരോ സ്വയം 'അരാഷ്ട്രീയ മതേതരവാദികള്‍' ആയി പ്രഖ്യാപിച്ചവരോ ആയ മുസ്‌ലിംകള്‍ ഈ ആശയത്തിന് നല്‍കുന്ന സാധുതയാണ്. ഹിംസയുമായി ബന്ധിപ്പിക്കുന്ന ഈ ആരോപണത്തെ അവര്‍ ഇസ്‌ലാമിസ്റ്റ് മുന്നേറ്റങ്ങളുടെയും സംഘടനകളുടെയും തലയില്‍ വെച്ചുകെട്ടുകയും അങ്ങനെ സ്വന്തത്തെ രക്ഷിച്ചെടുത്തെന്ന് ആശ്വാസം കൊള്ളുകയും ചെയ്യുന്നു.
 'ഭീകരവേട്ട മതേതരമോ പരിപാവനമോ?' (Is the war on terror secular or sacred?) എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ ദൈവശാസ്ത്രപണ്ഡിതനായ വില്യം കാവനോ ചോദിക്കുന്ന കൗതുകകരമായ ഒരു ചോദ്യമുണ്ട്. തലാല്‍ അസദിന്റെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് 'മതം', 'മതേതരം' എന്നീ വേര്‍തിരിവുകളെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ വാദം ആരംഭിക്കുന്നത്. കവനോയുടെ 'ദി മിത്ത് ഓഫ് റിലീജ്യസ്  വയലന്‍സ്: സെക്യുലര്‍ ഐഡിയോളജി ആന്റ് ദി റൂട്ട്‌സ് ഓഫ് മോഡേണ്‍ കോണ്‍ഫ്‌ളിക്റ്റ്' എന്ന പുസ്തകം യൂറോപ്യന്‍ ചരിത്രത്തെ അപഗ്രഥിച്ച്  ഇതേ ചോദ്യം ഉയര്‍ത്തുന്നുണ്ട്. നിര്‍വചനങ്ങളെ ചൊല്ലിയുള്ള പണ്ഡിതന്മാരുടെ ഒരു വാക്തര്‍ക്കം മാത്രമല്ലയിത്. മതവും ഹിംസയും എന്ന വാദം ഉന്നയിക്കുന്നവരോട് 'മതം' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് ചോദിച്ചാല്‍ മതം എന്താണെന്നതിനെയും എന്തല്ല എന്നതിനെയും കുറിച്ച് വിശദീകരിക്കാന്‍ സാധിക്കാത്ത ചില ധാരണകള്‍ മാത്രമാണ് ഇവര്‍ക്കുള്ളതെന്ന് മനസ്സിലാവും. ചില ആചാരങ്ങളെയും സംവിധാനങ്ങളെയും അവര്‍ അധിക്ഷേപിക്കുകയും ദേശീയത പോലെയുള്ള മറ്റു ചിലതിനെ അതില്‍ പെടുത്താതെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നു.  മതത്തിന്റെ പേരില്‍ മരിക്കുന്നതിനെയും കൊല്ലുന്നതിനെയും വര്‍ജിക്കുന്നതിലൂടെയാണ് ദേശത്തിനു വേണ്ടി മരിക്കുകയും കൊല്ലുകയും ചെയ്യുന്നത് മഹത്തരമാണെന്ന ചിന്ത ഇവിടെ പ്രവര്‍ത്തിക്കുന്നത്. ദേശത്തോടുള്ള കൂറ് ആണ് തങ്ങളെ ശിഥിലീകരണ ആശയങ്ങളില്‍നിന്ന്  രക്ഷിക്കുന്നതെന്ന ഗോത്രമേധാവിത്വ കാഴ്ചപ്പാടാണ് ഇവിടെ  ഊട്ടിയുറപ്പിക്കപ്പെടുന്നത്. പാശ്ചാത്യേതര രാജ്യങ്ങളോടുള്ള -പ്രത്യേകിച്ച് മുസ്‌ലിംകളോടുള്ള- പാശ്ചാത്യ ലോകത്തിന്റെ ലിബറല്‍ കാഴ്ചപ്പാടുകളെയും നയങ്ങളെയും ന്യായീകരിക്കാന്‍ മതാധിഷ്ഠിതമായ ഹിംസ എന്ന ആശയത്തിന് സാധിക്കുന്നുണ്ട്.  മതവികാരങ്ങളെ പൊതുമണ്ഡലത്തില്‍ നിയന്ത്രിക്കാന്‍ വിസമ്മതിക്കുന്ന മുസ്‌ലിംകളുടെ ശാഠ്യമാണ് അവരെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നതെന്നാണ് പറയപ്പെടുന്നത്.
മതത്തെയും ഹിംസയെയും കുറിച്ചുള്ള വാദങ്ങള്‍ ഉന്നം വെക്കുന്നത് മതത്തെയല്ല, പൊതുയിടങ്ങളിലേക്ക്  മതത്തെ കൊണ്ടുവരുന്നതിനെയാണെന്ന് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭൂരിപക്ഷം ഇന്ത്യക്കാരും മതനിഷ്ഠയുള്ളവരായാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും, യുക്തിസഹവും പരിഷ്‌കൃതവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് രാഷ്ട്രീയത്തെ മതത്തില്‍നിന്ന് വേര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നവരാണ് അവര്‍. 'നമ്മളെ' പോലെ മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പ്പെടുത്തി നിര്‍ത്താന്‍ സാധിക്കാത്ത അപകടകാരികളായ മതഭ്രാന്തന്മാരായാണ് പൊതുവായി മുസ്‌ലിംകള്‍ മുദ്രകുത്തപ്പെട്ടിരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളും മുസ്‌ലിം ഭരണകൂടങ്ങളും തമ്മില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കാരണം ഇസ്‌ലാമിസ്റ്റുകളുടെ മൂടുറച്ചുപോയ ഭ്രാന്തന്‍ സമീപനങ്ങളാണെന്ന് വാദിച്ചുറപ്പിക്കാന്‍ ഈ ചിന്ത സഹായിക്കുന്നു. ഉദാഹരണത്തിന് 1979 മുതല്‍ ഇറാന്‍ അമേരിക്കയെ ശത്രുവായി കാണുന്നതിനു പിന്നിലെ കാരണം എന്താണെന്ന് പരിശോധിക്കുക. 1953-ല്‍ അമേരിക്കന്‍ പിന്തുണയോടെ അരങ്ങേറിയ അട്ടിമറിയിലാണ് ഷായുടെ ക്രൂരമായ മതേതര ഭരണം സ്ഥാപിക്കപ്പെട്ടത് എന്ന ചരിത്ര വസ്തുത മറച്ചുപിടിച്ച്, മതത്തിന്റെ തീക്ഷ്ണസ്വഭാവം, അതിന് ഇറാന്‍ രാഷ്ട്രീയത്തിനു മേലുള്ള വിഷലിപ്തമായ സ്വാധീനം പോലുള്ള 'കുറേക്കൂടി ആഴത്തിലുള്ള' കാരണങ്ങളിലേക്ക് ആ ചര്‍ച്ച വഴിതിരിഞ്ഞുപോവുകയാണ്  ചെയ്യുന്നത്. മതം നടത്തുന്ന ഹിംസ എന്ന ഈ മിത്ത് ചരിത്രയാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനും മതാധിഷ്ഠിതമായ സമൂഹങ്ങളുടെ അപകടകരമായ യുക്തിരാഹിത്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് 'അവരെന്തിനാണ് ഞങ്ങളെ വെറുക്കുന്നത്' എന്ന് ചോദ്യമുയര്‍ത്താനും അവര്‍ക്ക് പിന്‍ബലമേകുന്നു.
എന്നാല്‍ മതേതര ഹിംസ പലപ്പോഴും ആശ്വാസകരമായി പരിഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യം അമര്‍ച്ച ചെയ്യപ്പെട്ട അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങിയ നാടുകളിലേക്ക് പുരോഗമനചിന്തകളുടെ അനുഗ്രഹവും സമാധാനവും കൊണ്ടുവരാന്‍ ഇത് ആവശ്യമാണെന്നാണ് വാദം. മതത്തിന്റെ പേരിലുള്ള ഹിംസ തടയുന്നതിനു വേണ്ടിയാണെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സാധുത ഏറുന്നു. പാശ്ചാത്യ രാജ്യങ്ങളും ഇസ്‌ലാമിക രാജ്യങ്ങളും തമ്മില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അരങ്ങേറിയ പല പോരാട്ടങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പൊതുയിടങ്ങളില്‍ മതത്തിന്റെ സ്വാധീനത്തിന് തടയിടാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കാത്തതാണ് ഈ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി ഇവര്‍ കാണുന്നത്. പുരോഗമന ജനാധിപത്യം വേരുറച്ചാല്‍ മാത്രമേ മുസ്‌ലിം ലോകത്ത് സമാധാനം പുലരുകയുള്ളൂ എന്നും വാദിക്കുന്നു.
ചരിത്രത്തിലും സംസ്‌കാരങ്ങളിലും ഉടനീളം മതം  ഹിംസാത്മകമായ പ്രതിഭാസമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെയാണ് പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ പുരോഗമന ദേശീയവാദത്തിന് സാധുത ലഭിക്കുന്നത് എന്ന് കവനോ വാദിക്കുന്നുണ്ട്. മതത്തിന്റെ ഹിംസാത്മകത എന്ന കെട്ടുകഥ ഒരു 'അപര'നെ സൃഷ്ടിക്കാനും അവന്റെ ഭ്രാന്തന്‍ പ്രവണതകളെ യുക്തിമാനും സമാധാനപ്രിയനും മതേതരനുമായ മറുപക്ഷവുമായി താരതമ്യം ചെയ്യാനും ഉപയോഗിക്കപ്പെടുന്നു. മതേതരമല്ലാത്ത സാമൂഹികഘടനകളെ, പ്രത്യേകിച്ച് മുസ്‌ലിം സമൂഹങ്ങളെ വില്ലന്മാരാക്കി ചിത്രീകരിക്കാന്‍ ഈ കെട്ടുകഥ സഹായിക്കുന്നു. മതത്തിന്റെ അപകടകരമായ സ്വാധീനത്തെ പൊതുജീവിതത്തില്‍നിന്ന് ഒഴിവാക്കിനിര്‍ത്താന്‍ അവര്‍ പഠിച്ചിട്ടില്ല, അതുകൊണ്ടുതന്നെ അവരുടെ ഹിംസകള്‍ യുക്തിരഹിതവും ധര്‍മോന്മത്തവുമാണ്, ഞങ്ങള്‍ മതേതര ചേരിയായതിനാല്‍ ഞങ്ങളുടെ അക്രമങ്ങള്‍ യുക്തിസഹവും അനുരഞ്ജനപരവുമാണ്, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ 'അവരുടെ' ഹിംസയെ നിലക്കു നിര്‍ത്താന്‍ ചിലപ്പോള്‍ ഇത് അനിവാര്യവുമാണ്, അങ്ങനെ ബോംബിട്ട് അവരെ പുരോഗമന ജനാധിപത്യത്തിലേക്ക് നയിക്കാന്‍ 'ഞങ്ങള്‍' നിര്‍ബന്ധിതരാവുകയാണ്..... ഇങ്ങനെയാണ് ആ നിലപാടിന്റെ പോക്ക്.
ഇത്തരം ചിന്താഗതികള്‍ വലതുപക്ഷക്കാര്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. ഇടതുപക്ഷക്കാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പോള്‍ ബെര്‍മന്‍ 'ടെറര്‍ ആന്റ് ലിബറലിസം' എന്ന പുസ്തകത്തില്‍ 'ഇസ്‌ലാമിലെ ഹിംസ'യെ പ്രശ്‌നവത്കരിക്കുന്നുണ്ട്. തീവ്ര ഇസ്‌ലാമിസ്റ്റ് ചിന്താഗതിയുടെ വേരുകള്‍ അന്വേഷിക്കുന്ന ബര്‍മന്‍ സയ്യിദ് ഖുത്വ്ബിന്റെ കൃതികളിലാണ് ചെന്നെത്തുന്നത്. ഖുത്വ്ബിന്റെ പുസ്തകത്തിലെ വെറും രണ്ട് അധ്യായങ്ങളുടെ സൂക്ഷ്മവായന മാത്രമാണ് ഇസ്‌ലാമിസത്തെ മനസ്സിലാക്കാന്‍ ബര്‍മന് ആവശ്യമായി വന്നത്. മതം, മതേതരം എന്നീ വേര്‍തിരിവുകള്‍ പാടില്ലെന്നും ജീവിതത്തിന്റെ എല്ലാ വശങ്ങളും ദൈവത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്നുമുള്ള ഖുത്വ്ബിന്റെ പുരോഗമനവിരുദ്ധ (Anti Liberal) നിര്‍ദേശമാണ് അദ്ദേഹത്തിന്റെ വലിയ ആശയമായി ബര്‍മന്‍ കണക്കാക്കുന്നത്.  ഇന്ന് നടക്കുന്ന സംഘര്‍ഷങ്ങളെ ബര്‍മന്‍ മനസ്സിലാക്കുന്നത് ഇവ്വിധമാണ്: മതത്തെയും മതേതരത്വത്തെയും വേര്‍തിരിച്ചുനിര്‍ത്തണമെന്ന പുരോഗമനക്കാരുടെ മുഖ്യ ആശയം മുസ്‌ലിംകള്‍ തള്ളിക്കളയുന്നുണ്ട്; അതുകൊണ്ട് ഇസ്‌ലാമിസവും പാശ്ചാത്യവും തമ്മില്‍ നടക്കുന്നത് ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. ബര്‍മന്റെ അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങളുടെ വിവരണത്തില്‍നിന്നുതന്നെ ഇത് മനസ്സിലാക്കാവുന്നതാണ്. 'ഇസ്‌ലാമിസ്റ്റുകളും ബാത്തികളും' ഒരേ ചേരിയിലുള്ള ഒറ്റ സംഘമാണെന്ന പോലെയാണ് ബര്‍മന്‍ അവരെ വിശേഷിപ്പിക്കുന്നത്. കൊളോണിയലിസത്തിന്റെ സങ്കീര്‍ണമായ ചരിത്രം, എണ്ണയുടെ പ്രാധാന്യം, ശീതസമരത്തോടുള്ള മുസ്‌ലിംകളുടെ വ്യത്യസ്ത പ്രതികരണങ്ങള്‍, പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഇടപെടലുകള്‍ തുടങ്ങിയ കാരണങ്ങള്‍ വെച്ച് ഇസ്‌ലാമിസത്തിന്റെ വളര്‍ച്ചയെ അവലോകനം ചെയ്യാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അത്ര പ്രധാനമല്ലെന്നു മാത്രമല്ല, അപകടകരവുമാണ്. അതുപോലെ, മുസ്‌ലിംകളെ ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയാക്കുന്ന ഹിന്ദുത്വവാദികളെ അപലപിക്കുന്ന ഇന്ത്യയിലെ ലിബറല്‍ ചിന്താഗതിക്കാര്‍ ഇസ്‌ലാമിസ്റ്റ് ചട്ടക്കൂടിനകത്ത് വരികയോ ഏതെങ്കിലും തരത്തില്‍ ദേശീയ, പുരോഗമന ചിന്തകള്‍ക്ക് വിലങ്ങാകുമെന്ന് തോന്നുകയോ ചെയ്യുന്ന മുസ്‌ലിംകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതിനെതിരെ മൗനം അവലംബിക്കുന്നു. 9/11-നു ശേഷം ഇത്തരം മുസ്‌ലിംകളെ തീവ്രപക്ഷക്കാരായി മുദ്രകുത്തുകയാണ് ചെയ്യുന്നത്.  'മിതവാദി'യായ മുസ്‌ലിമിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരായി ഇവര്‍ കണക്കാക്കപ്പെടുന്നു. ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങളുടെയും സമരോത്സുകരായ സംഘങ്ങളുടെയും കൈയിലെ ആയുധമായി ഇവര്‍ പരിഗണിക്കുന്നത് 'ഭീകരവത്കരണം' (Radicalisation) നടത്താനുള്ള ഇവരുടെ കഴിവിനെയാണ്. ഇതാണ് അവരില്‍നിന്നുള്ള ആസന്നമായ  ഭീഷണി എന്നും വാദിക്കുന്നു. 
(തുടരും)
വിവ: സയാന്‍ ആസിഫ്‌
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്