Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

ഫാഷിസ്റ്റ് അടുക്കളയിലെ നാസ്തിക കറിക്കൂട്ടുകള്‍

ബശീര്‍ ഉളിയില്‍

'ഏകദൈവം എന്ന ഫാഷിസ്റ്റ് അന്ധവിശ്വാസം' എന്ന ശീര്‍ഷകത്തില്‍ നടന്ന ഒരു ക്ലബ് ഹൗസ് ചര്‍ച്ചയില്‍ നവ നാസ്തികാചാര്യന്‍ സി. രവിചന്ദ്രന്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത് ഏകദൈവവിശ്വാസമാണ് ലോകത്തെ ഏറ്റവും ഭീകരമായ ഫാഷിസം എന്നാണ്. മോണൊത്തിസം 'സര്‍വശക്തനായ ഒരൊറ്റ ദൈവ'ത്തില്‍ കേന്ദ്രീകൃതമായതിനാലും 'സാത്താന്‍' എന്ന ഒരു പ്രതിനായകന്റെ സാന്നിധ്യമുള്ളതുകൊണ്ടും ഒരു  സമ്പൂര്‍ണ ഫാഷിസ്റ്റ് ചിന്താധാരയാണ്. ഈ  'രവിചന്ദ്രന്‍ ലോജിക്' പ്രകാരം ദൈവങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മതാത്മക ഫാഷിസത്തിന്റെ 'മാരകത്വം' കുറഞ്ഞുകൊണ്ടേയിരിക്കും. അതായത്  ഒരൊറ്റ ദൈവത്തിലുള്ള വിശ്വാസം കടുത്ത ഫാഷിസം, ദ്വൈത സിദ്ധാന്തം കുറച്ചു കൂടി കട്ടി കുറഞ്ഞത്, ത്രിയേകത്തിലെത്തുമ്പോള്‍ പിന്നെയുമത് നേര്‍ത്തുവരും. മുപ്പത്തി മുക്കോടിയില്‍ എത്തിയാലോ ഫാഷിസത്തിന്റെ അല്‍പാംശം പോലുമില്ലാത്ത സുഖിനോ ഭവന്തുവിന്റെ ബിസപ്രസൂനം വിരിയും! എന്നാല്‍ മേല്‍ചൊന്ന സിദ്ധാന്ത പ്രകാരം ദൈവവിശ്വാസം വീണ്ടും റിവേഴ്‌സ് ഗീയറില്‍ സഞ്ചരിച്ചു നാസ്തികതയില്‍ എത്തിയാലോ? അപ്പോള്‍ അതല്ലേ ശരിക്കും 'ഏകദൈവ വിശ്വാസം എന്ന ഫാഷിസ'ത്തേക്കാള്‍ അതിമാരകമാകേണ്ടത്?  യുക്തിവാദത്തില്‍ ഇല്ലാത്തത് യുക്തി മാത്രമാകയാല്‍ 'സ്വതന്ത്ര ചിന്തകനായ' രവിചന്ദ്രനോട്  ഇതിന്റെ യുക്തി ചോദിക്കുന്നതില്‍ കാര്യമില്ല.
മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ശ്രീശങ്കരന്റെ അദ്വൈതത്തിലെത്തുമ്പോള്‍ രവിചന്ദ്രയുക്തി തലകുത്തി നില്‍ക്കുന്ന രസകരമായ കാഴ്ചയും കാണാം. ആദി ശങ്കരന്റെ അദ്വൈതത്തില്‍ ഹിംസാത്മക ഫാഷിസത്തിന്റെ അംശമേതുമില്ലത്രെ! സൂര്യനെയും ചന്ദ്രനെയുമൊക്കെ പോലെയുള്ള സൃഷ്ടികളെ ആരാധിക്കുന്നവരിലാണ് സഹജീവി സ്‌നേഹം കൂടുതല്‍ എന്നാണ് രവിചന്ദ്രന്റെ ന്യായം. ബഹുദൈവ വിശ്വാസം 'ബഹുത്വ'ത്തെ തത്ത്വത്തില്‍ തന്നെ ആദരിച്ചംഗീകരിക്കുന്നതാകയാല്‍ ബഹുദൈവ വിശ്വാസികള്‍ ആപേക്ഷികമായി സര്‍വം സഹരും സഹിഷ്ണുതയുടെ സന്ദേശവാഹകരുമാണ്. അതുകൊണ്ടാണ് നായയെ കാറില്‍ കെട്ടി വലിച്ച യൂസുഫിനെ അതിന് പ്രേരിപ്പിച്ചത് 'ഉപാധികളില്ലാതെ വെട്ടിവിഴുങ്ങിയ മതം എന്ന വൈകാരിക മാലിന്യമാണ്' എന്ന് രവിചന്ദ്രന്‍ ശങ്കാലേശമന്യേ തീര്‍ത്തു പറയുന്നത്. ബിന്‍ ലാദിന്റെയും ബഗ്ദാദിയുടെയും മസ്തിഷ്‌കത്തില്‍നിന്നും ബാല്യത്തില്‍ കുത്തിവെച്ച മതം എന്ന സോഫ്റ്റ്‌വെയര്‍ നീക്കം ചെയ്തിരുന്നുവെങ്കില്‍ അവരഴിച്ചുവിട്ട ക്രൂരതകളും ഭീകരതകളും നമുക്ക് കാണേണ്ടി വരുമായിരുന്നില്ല എന്നും രവിചന്ദ്രന്‍ ഗദ്ഗദകണ്ഠനാവുന്നുണ്ട്.  നായക്കഥയിലെ കഥാനായകന്‍ യൂസുഫിന് പകരം ജോസഫോ പുരുഷോത്തമനോ  ആയിരുന്നെങ്കില്‍ അവര്‍ വെട്ടിവിഴുങ്ങിയ മതങ്ങള്‍ക്ക് ഒരു പങ്കും ഈ 'കൊടും പാതക'ത്തില്‍  രവിചന്ദ്രന്‍ കാണുമായിരുന്നില്ല, എന്നു മാത്രമല്ല, വണ്ടിയില്‍ സ്വയം കെട്ടിത്തൂങ്ങി എന്ന കുറ്റം നായയില്‍ ചുമത്തപ്പെടാനും സാധ്യത ഉണ്ടാകുമായിരുന്നു. പോലീസിന്റെ ക്രൂരമായ വെടിയേറ്റു മരിച്ച നിരപരാധിയായ ഒരാളുടെ മൃതശരീരത്തില്‍ കയറി കാളീയ നൃത്തം  ചെയ്ത 'ആസാമി'യെ അതിനു പ്രേരിപ്പിച്ചത് 'എന്തായാലും അയാളുടെ മതം അല്ല' എന്ന് നിഗമിക്കാന്‍ രവിചന്ദ്രന് കഴിയുന്നത് അതുകൊണ്ടാണ്. സാധാരണഗതിയില്‍ 'അറിയില്ല' എന്ന് പറയാന്‍ അറിയാത്ത ഒരു ബ്രഹ്മാണ്ഡ പണ്ഡിതനാണ് രവിചന്ദ്രനെങ്കിലും ഈ 'ശവ താണ്ഡവ'ത്തെ പറ്റി പറഞ്ഞത്  'അയാള്‍ അങ്ങനെ ചെയ്തതിന്റെ കാരണമെന്താണ് എന്നറിയില്ല' എന്നായിരുന്നു. ഇവിടെയാണ് സംഘ് പരിവാര്‍ ഫാഷിസത്തിന് വിടുവേല ചെയ്യുന്ന നവ നാസ്തികതയുടെ ഉടുതുണി ഉരിഞ്ഞുവീഴുന്നത്.
യുക്തിവാദികളുടെയും 'എക്‌സ് മുസ്ലിം' നിഷ്‌കുകളുടെയും വേദികളില്‍ നിറഞ്ഞാടുന്ന രവിചന്ദ്രന്‍ എന്ന നവ നാസ്തികന്‍ യഥാര്‍ഥത്തില്‍ സഹോദരന്‍ അയ്യപ്പന്‍, എ.ടി കോവൂര്‍, എം.സി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള തുടങ്ങിയ റാഷ്‌നലിസ്റ്റുകളെയല്ല; ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെ ഭാരതവത്കരിക്കാന്‍ വേണ്ടി തീവ്ര ദേശീയതയെ ഹിന്ദു മതവുമായി കൂട്ടിക്കെട്ടിയ സവര്‍ക്കറെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഹിന്ദുത്വയെ ദേശീയതയായി പ്രഖ്യാപിച്ച, അവിഭക്ത ഭാരതത്തില്‍ ആദ്യമായി ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടു വെച്ച സവര്‍ക്കര്‍ ആണ് രവിചന്ദ്രന്റെയും മറ്റ് നവനാസ്തികരുടെയും ആരാധ്യപുരുഷന്‍. ഇന്ന് ഇന്ത്യയില്‍  ആഴത്തില്‍ വേരു പടര്‍ത്തിക്കഴിഞ്ഞ ഫാഷിസ്റ്റ് തത്ത്വസംഹിതയുടെ ഉപജ്ഞാതാവായ സവര്‍ക്കര്‍ ഒരു തികഞ്ഞ നാസ്തികനായിരുന്നു. ഫാഷിസത്തിന്റെ അനേകം പ്രഛന്ന വേഷങ്ങളില്‍ എളുപ്പം പിടിതരാത്ത ഒന്നാണ് നാസ്തികത. ഏറ്റവും നല്ല ഉദാഹരണങ്ങള്‍ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന മുസ്സോളിനിയും അയാളുടെ ഇന്ത്യന്‍ പ്രതിരൂപം സവര്‍ക്കറുമാണ്. അധികാരം നിലനിര്‍ത്താനും, പോപ്പിന്റെ പിന്തുണക്കും വേണ്ടി എല്ലാ ഏകാധിപതികളെയും പോലെ മതത്തെ കൂടെ നിര്‍ത്തുകയായിരുന്നു മുസ്സോളിനി. നാസ്തികനായിരിക്കെ തന്നെയാണ് സവര്‍ക്കര്‍  ഹിന്ദു മതത്തില്‍നിന്ന് മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ  ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഒരു ഹിന്ദു രാഷ്ട്രത്തിന്റെ നിര്‍മിതിക്കും ആഹ്വാനം ചെയ്തത്. അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയും ഈശ്വര വിശ്വാസി ആയിരുന്നില്ല. രവിചന്ദ്ര 'മത'ത്തില്‍ ഗാന്ധിജി ഒരു തോറ്റ രാഷ്ട്രീയക്കാരനും ഹിപ്പോക്രാറ്റുമാണ്. ഗോഡ്സെയാകട്ടെ നിര്‍ദോഷിയായ രാജ്യസ്‌നേഹിയും! ഗോഡ്‌സേ ഗാന്ധിയെ കൊന്നത് മോശമാണ്; പക്ഷേ അതിന് അയാള്‍ക്ക് അയാളുടെ ന്യായമുണ്ടായിരുന്നു. യാതൊരുവിധ വ്യക്തിവിരോധവുമല്ല രാജ്യത്തെ മാത്രം മുന്‍നിര്‍ത്തി രാഷ്ട്രീയമായ കാരണം കൊണ്ട് മാത്രമാണ് അയാള്‍ ഗാന്ധിയെ കൊന്നത് ('വെടിയേറ്റ വന്മരം'- സി. രവിചന്ദ്രന്‍).
യഥാര്‍ഥത്തില്‍ യുക്തിവാദത്തിന്റെ ചെലവില്‍ സംഘ് പരിവാര്‍ ഫാഷിസ്റ്റ് ചിന്താധാര  സമൂഹ മനസ്സാക്ഷിയിലേക്ക് സംക്രമിപ്പിക്കാനാണ് രവിചന്ദ്രനും പ്രഭൃതികളും തന്ത്രപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കളിയില്‍ യുക്തിവാദത്തിന്റെ ഉടപ്പിറപ്പായ മാര്‍ക്‌സിസവും രവിചന്ദ്രന്റെ കളത്തിന് പുറത്താണ്. മാര്‍ക്‌സിസവും റാഷ്‌നലിസവും പരസ്പരപൂരകങ്ങളായ രണ്ട് സിദ്ധാന്തങ്ങളായാണ് അറിയപ്പെടുന്നത്. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് യുക്തിവാദം എന്നാണ് 'സ്വതന്ത്ര ചിന്തകരായ' യുക്തിവാദികളുടെ സുചിന്തിതാഭിപ്രായം.  വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ അംഗീകരിക്കാതെ, അതിന്റെ പ്രപഞ്ചവീക്ഷണത്തെ സ്വാംശീകരിക്കാതെ യുക്തിവാദം അര്‍ഥവത്താകുന്നില്ല ('യുക്തിചിന്ത' - ചിന്താ പബ്ലിക്കേഷന്‍സ്). എന്നാല്‍ സവര്‍ക്കര്‍ 'വീര' പുരുഷനാവുമ്പോഴും ഗോഡ്സെ 'നന്മ നിറഞ്ഞ' ഘാതകനാവുമ്പോഴും രവിചന്ദ്രന്റെ കാഴ്ചയില്‍ വിവരം കെട്ട അന്തംകമ്മിയാണ് കാള്‍ മാര്‍ക്‌സ്. ജേക്കബ് വടക്കാഞ്ചേരിയുടെയും മോഹനന്‍ വൈദ്യരുടെയും ജര്‍മന്‍ വേര്‍ഷനാണത്രെ മാര്‍ക്‌സ്! മാനവികമായി നോക്കിയാല്‍ നിരോധിക്കപ്പെടേണ്ട പുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നും രവിചന്ദ്രന്‍ പറഞ്ഞുവെക്കുന്നുണ്ട്. സാമൂഹിക-രാഷ്ട്രീയ ഘടനാ നിര്‍ണയം നടക്കുന്നത് സമൂഹത്തില്‍ തന്നെയുള്ള സാമ്പത്തികമായ ഉച്ചനീചത്വങ്ങളാണെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് തിരുത്തിക്കൊണ്ട്  അസമത്വം സ്വാഭാവികമാണ് എന്നും അതുകൊണ്ടുതന്നെ അസമത്വം അപരിഹാര്യമായ ഒരു സമസ്യയാണ്  എന്നുമാണ് രവിചന്ദ്രന്‍ പറയുന്നത്. 'അതിസമ്പന്നരിലേക്ക് പണം കുമിഞ്ഞു കൂടുക എന്നത് ലോക സത്യമാണ്. പണ്ടേക്ക് പണ്ടേ ഉള്ളതാണ്. കാപിറ്റലിസം കൊണ്ട് ഉണ്ടായത് അല്ല, എകണോമിക്‌സിലെ ലോക നിയമം ആണത്' എന്നും മാര്‍ക്‌സിനെ രവിചന്ദ്രന്‍ തിരുത്തുന്നുണ്ട്. സവര്‍ക്കര്‍ ഹിന്ദു രാഷ്ട്രം എന്ന ആശയം വിഭാവനം ചെയ്യുന്നതും അസമത്വത്തില്‍ അധിഷ്ഠിതമായ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ' എന്ന വരേണ്യ ആശയ(Elite Concept)ത്തെ ആധാരമാക്കിയാണ്. അസമത്വം പ്രാകൃതിക(Natural)മാണെന്നും  അതുകൊണ്ടുതന്നെ ഉന്നത കുലജാതരായ ഹിന്ദുക്കളുടേതാണ് ഇന്ത്യാ രാജ്യമെന്നും മുസ്ലിംകള്‍ അടക്കമുള്ളവര്‍ വേറെ രാജ്യത്തേക്ക് പോകണം എന്നുമുള്ള സിദ്ധാന്തമാണ് സവര്‍ക്കറും പ്രഘോഷിക്കുന്നത്.  അതേ സംഘ് പരിവാര്‍ ശൈലിയാണ് സ്വതന്ത്ര ചിന്തകള്‍ എന്ന പേരില്‍ രവിചന്ദ്രനും സാമൂഹിക അസമത്വത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്. അടിച്ചമര്‍ത്തപ്പെടേണ്ട ഒരു അപഭ്രംശമായി അവതരിപ്പിച്ചുകൊണ്ടാണ് ഹിറ്റ്‌ലര്‍ യഹൂദരെ സമൂഹത്തില്‍ വെറുക്കപ്പെട്ടവരാക്കി മാറ്റിയതെങ്കില്‍ 'വംശവിശുദ്ധി'യുള്ള ഹിന്ദുത്വ ഇന്ത്യയുടെ നിര്‍മിതിക്ക് സവര്‍ക്കര്‍ അവലംബിച്ച രീതിയും സമാനമായിരുന്നു. ഇപ്പോള്‍ നവ നാസ്തികരും അതേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. യഹൂദ  ജനതയെ എങ്ങനെ ജര്‍മനി ഉന്മൂലനം ചെയ്യുന്നു എന്നത് സവര്‍ക്കറെ ഏറെ ആകര്‍ഷിച്ച ഒന്നായിരുന്നു. ഇന്ത്യക്ക് അത് പാഠമാകണമെന്ന് സവര്‍ക്കറും ഗോള്‍വാള്‍ക്കറും തുറന്നു പറയുമ്പോള്‍ നവനാസ്തിക വല്ലഭേശ്വരന്മാര്‍ യുക്തിവാദ രസായനത്തില്‍ ഗോപനം ചെയ്താണത് അവതരിപ്പിക്കുന്നത് എന്നു മാത്രം. 
നാസ്തികത എന്നത് ഒരു മതം തന്നെയാണെങ്കില്‍, നവനാസ്തികത ഒരു കള്‍ട്ട് കൂടിയാണ്. കേരളത്തിലെ നവനാസ്തികരുടെ വാദങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഫാഷിസ്റ്റ് വ്യവസ്ഥയെ താങ്ങി നിര്‍ത്താനുള്ള വ്യഗ്രതയില്‍നിന്ന് ഉണ്ടായതാണ്. ഓരോ സാമൂഹിക- രാഷ്ട്രീയ - സാമ്പത്തിക വിഷയങ്ങളിലും അയുക്തികമായി ഇടപെട്ടുകൊണ്ടാണ് ഈ അഭിനവ യുക്തിവാദികള്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ 'അരികുപറ്റികളാ'യും ചൂഷിത-മര്‍ദിത  വിഭാഗങ്ങളുടെ ഒറ്റുകാരായും കഴിയുന്നത്. ഫാഷിസ്റ്റ് അടുക്കളയില്‍ ഹിന്ദുത്വ സാമ്പാറിനു വേണ്ടി ഒരുക്കിയ കറിക്കൂട്ടുകളാണ് യഥാര്‍ഥത്തില്‍  ഈ നവ നാസ്തിക വാദങ്ങള്‍. നിയോ ലിബറല്‍ ബുജികളും എക്‌സ് മുസ്ലിം  അപ്പുക്കിളികളും അത് തിരിച്ചറിയുന്നില്ല എന്നു മാത്രം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്