Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

ആര്‍.എസ്.എസ് തലവന്റെ വിജയദശമി പ്രഭാഷണം

എല്ലാ വര്‍ഷവും വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് പ്രചാരകരെ അഭിസംബോധന ചെയ്യുന്ന പതിവുണ്ട് അതിന്റെ മേധാവിക്ക്. ഇത്തവണയും അതിന് മുടക്കം വന്നില്ല. ആര്‍.എസ്.എസ് രൂപീകരിച്ചതിന്റെ തൊണ്ണൂറ്റിയാറാം വാര്‍ഷികം കൊണ്ടാടാന്‍ തീരുമാനിച്ചതും ഈ ദസറ ദിനത്തില്‍ തന്നെയായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിനെ നയിക്കുന്ന സംഘ് പരിവാറിന്റെ ചിന്താഗതികള്‍ പ്രതിഫലിപ്പിക്കുന്ന പ്രഖ്യാപനം എന്ന നിലക്ക് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ അതിന് കിട്ടാറുമുണ്ട്. പക്ഷേ മോഹന്‍ ഭാഗവതിന്റെ ഇത്തവണത്തെ പ്രസംഗം കൃത്യമായ നിലപാടുകളൊന്നും പ്രഖ്യാപിക്കാനാവാതെ പലതരം വൈരുധ്യങ്ങളില്‍ ചെന്നു ചാടുകയാണുണ്ടായത്. ദേശീയ ഐക്യവും രഞ്ജിപ്പും പ്രസംഗത്തില്‍ പലതവണ ഊന്നിപ്പറഞ്ഞ ഭാഗവത്, വിഭാഗീയതയുടെ ഭാഷ ആരും ഉപയോഗിക്കരുതെന്ന് ഉപദേശിച്ച ഉടന്‍ തന്നെ ഒമ്പതാം സിഖ് ഗുരുവായ തേജ് ബഹാദൂറിനെപ്പറ്റി, മുസ്‌ലിം ഭരണാധികാരികള്‍ മതം മാറാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ ജീവന്‍ ബലി കൊടുക്കേണ്ടി വന്ന ആളാണ് ഗുരുവെന്ന് ആരോപിക്കുന്നു. തനിക്കോ തന്റെ സംഘ് പരിവാരത്തിനോ വിഭാഗീയതയുടെ ഭാഷയല്ലാതെ മറ്റൊരു ഭാഷയും വശമില്ലെന്ന് പറയാതെ പറയുകയായിരുന്നു സംഘ് തലവന്‍. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് സിഖ് സമൂഹത്തിലെ വലിയൊരു വിഭാഗം കേന്ദ്ര ഗവണ്‍മെന്റിനെതിരെ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ മുതുകിനിട്ടൊന്ന് കൊടുത്ത് ചര്‍ച്ച വഴിതിരിച്ചു വിടാനുള്ള കുത്സിത ശ്രമമായും തീര്‍ത്തും അനവസരത്തിലുള്ള ഈ പരാമര്‍ശത്തെ കാണാവുന്നതാണ്. പുതിയ സാഹചര്യത്തില്‍ മുസ്‌ലിം - സിഖ് സമുദായങ്ങള്‍ തമ്മില്‍ ഏതെങ്കിലും വിധത്തില്‍ അടുക്കുന്നത് തടയുക എന്ന ലക്ഷ്യവും ഉണ്ടാകാം. പിന്നെ പറയുന്ന വാക്കുകളും ഒരു പ്രത്യേക സമുദായത്തെ ഉന്നം വെച്ചുള്ള ഒളിയമ്പുകളാണ്. ജനസംഖ്യയാണ് വിഷയം. വ്യത്യസ്ത സമുദായങ്ങളില്‍ ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവ് ആനുപാതികമല്ലെന്നും ഇത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നുമാണ് ഭാഗവത് പറയുന്നത്. ഇത്തരം അസന്തുലിതത്വങ്ങള്‍ ഇല്ലാതാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരിക്കുന്നു. പേര് പറഞ്ഞില്ലെങ്കിലും നിയമനിര്‍മാണം ആര്‍ക്കെതിരെയാവും എന്ന് വളരെ വ്യക്തം. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംഘ് പരിവാറിന്റെ ഗെയിം പ്ലാന്‍ എന്തായിരിക്കുമെന്നതിന്റെ എത്രയും സൂചനകള്‍ ഇതുപോലെ ഈ 'അനുരഞ്ജന' പ്രഭാഷണത്തില്‍ വേണ്ടുവോളമുണ്ട്.
ഈ പ്രഭാഷണത്തിന്റെ ഏറ്റവും വലിയ ന്യൂനത,  രാജ്യത്തിന്റെ നിലവിലെ സാമൂഹിക, സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല എന്നതാണ്. യുവാക്കളിലെ തൊഴിലില്ലായ്മ ഭയാനകമാംവിധം വര്‍ധിച്ചുവരുന്നു. ആഗോള പട്ടിണി സൂചികയില്‍ രാജ്യം താഴേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. രാജ്യസമ്പത്ത് ഒരു പിടി കുത്തക മുതലാളിമാരില്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സംഘടനയെന്ന് അവകാശപ്പെടുന്ന സംഘ് പരിവാറിന് ഇതൊന്നും അത്ര പ്രാധാന്യമുള്ള വിഷയങ്ങളായി തോന്നുന്നേയില്ല. ആര്‍.എസ്.എസ് ചീഫിന്റെ പ്രഭാഷണത്തില്‍ അവക്കൊന്നും ഇടം കിട്ടാതെ പോയതും തികച്ചും സ്വാഭാവികം. അവകാശവാദമാകട്ടെ, 'രാഷ്ട്ര സേവനത്തിനായി സ്വയം സമര്‍പ്പിതരായവര്‍' എന്നും! പ്രസംഗത്തിന്റെ അവസാനം പറഞ്ഞത് ഇങ്ങനെ: ലോക സമ്പദ്ഘടന തകര്‍ന്നടിഞ്ഞിരിക്കുന്നു. നാം പുതിയൊരു സമ്പദ്ഘടനയിലേക്ക് ലോകത്തെ വഴികാട്ടണം! എന്തൊരു വൈരുധ്യമാണ് പറഞ്ഞു കൂട്ടുന്നതെന്ന് നോക്കൂ. ലോകത്തെ നിയന്ത്രിക്കുന്ന മുതലാളിത്ത സമ്പദ്ഘടനയെ സംഘ് പരിവാര്‍ പരവതാനി വിരിച്ച് സ്വീകരിച്ചതാണ് നമ്മുടെ നാട് ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെയെല്ലാം മൂലകാരണം എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. മറുനാടുകളിലെ സമ്പദ്ഘടനകള്‍ നന്നാക്കാന്‍ മെനക്കെടുന്നതിനു മുമ്പ് അദ്ദേഹം സ്വന്തം നാടിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആദ്യം നല്‍കട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്