Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 29

3224

1443 റബീഉല്‍ അവ്വല്‍ 22

ആഗോള ഭീകരവേട്ടയും മുസ്‌ലിം ചോദ്യവും

ശഹീന്‍ കെ. മൊയ്തുണ്ണി

വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും ബോംബിട്ടതിന് പ്രതികരണമായി അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ആഗോള തലത്തില്‍ ആരംഭിച്ച ഭീകരവേട്ട (War on Terror) കഴിഞ്ഞ സെപ്റ്റംബറില്‍ രണ്ട് ദശാബ്ദം പിന്നിട്ടു. 9/11-നു ശേഷം ആരംഭിച്ച ഈ വേട്ടയെ 1990-ലെ ഇറാഖ് അധിനിവേശവുമായോ അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശവുമായോ സമാനമായ മറ്റേതെങ്കിലും സൈനിക ഇടപെടലുകളുമായോ താരതമ്യപ്പെടുത്തുന്നത് ഗുരുതരമായ അബദ്ധമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള അളവെടുപ്പിന് ഒതുങ്ങിത്തരാത്ത വിധം  ദൂരവ്യാപകമാണ് ഈ ഭീകരവേട്ടയുടെ അനന്തരഫലങ്ങള്‍. 2020-ല്‍ വാട്ട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ ഇന്റര്‍നാഷ്‌നല്‍ ആന്റ് പബ്ലിക് അഫയഴ്‌സ് നടത്തിയ പഠനപ്രകാരം ഭീകരവാദത്തിനെതിരെ അമേരിക്കയും സഖ്യകക്ഷികളും ആരംഭിച്ച നിരവധി യുദ്ധങ്ങള്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇറാഖ്, ലിബിയ, സിറിയ, യമന്‍, സൊമാലിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ കുറഞ്ഞത് 3.7 കോടി ജനങ്ങളെയെങ്കിലും ബഹിഷ്‌കൃതരാക്കിയിട്ടുണ്ട്. ഭീകരവേട്ടയുടെ മറവില്‍ ചൈന, ഇന്ത്യ, റഷ്യ, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി തടവിലാക്കപ്പെടുകയും അപ്രത്യക്ഷരാക്കപ്പെടുകയും ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് പുറമെയാണിത്.
2007-ല്‍ ബ്രിട്ടീഷ് സര്‍ക്കാരും 2009-ല്‍ അമേരിക്കന്‍ സര്‍ക്കാരും ധാര്‍മികവും പ്രായോഗികവുമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 'ഭീകരവേട്ട' (War on Terror) എന്ന പദപ്രയോഗം ഔദ്യോഗികമായി ഒഴിവാക്കി. എങ്കിലും സൈനിക ഇടപെടലുകളും ഉന്നം വെച്ചുള്ള വധങ്ങളും ഡ്രോണ്‍ അക്രമങ്ങളും സംശയിക്കുന്നവരെ പുറംരാജ്യങ്ങളില്‍ കൊണ്ടുപോയി കൊടിയ മര്‍ദനങ്ങള്‍ക്കിരയാക്കലും പൗരാവകാശ-മനുഷ്യാവകാശ ലംഘനങ്ങളും ഉള്‍പ്പെടുന്ന, മുസ്‌ലിം സമുദായത്തെ ആഗോളതലത്തില്‍തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഇവരുടെ അടിസ്ഥാന പ്രവൃത്തികളൊക്കെ കൂടുതല്‍ തീവ്രത കൈവരിച്ചിട്ടേ ഉള്ളൂ. ഭീകരത എന്നത് തിരിച്ചറിയാന്‍ പറ്റുന്ന ഒരു പ്രതിയോഗി അല്ലെന്നും സൈനിക ഇടപെടലുകളിലൂടെ ആഗോള ഭീകരതക്ക് അറുതിവരുത്താനുള്ള സാധ്യത കുറവാണെന്നും വാദിച്ചാണ് ബറാക്ക് ഒബാമക്കു കീഴിലുള്ള സര്‍ക്കാര്‍ 'ഭീകരവേട്ട' എന്നതിനു പകരം 'ഓവര്‍സീസ് കണ്ടിന്‍ജന്‍സി ഓപറേഷന്‍' എന്ന പദപ്രയോഗം സ്വീകരിച്ചത്. പക്ഷേ, ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങള്‍ നടത്തി വരുന്ന ഈ ആഗോള സമരങ്ങളെയും അത് ലോകസമൂഹത്തിലും മുസ്‌ലിം സമുദായത്തിലും സൃഷ്ടിക്കുന്ന  മാറ്റങ്ങളെയും നിങ്ങള്‍ എന്തു പേരിട്ട് വിളിച്ചാലും ശരി, സ്ഥാപനതലത്തിലും വ്യക്തിതലത്തിലും അരങ്ങേറുന്ന രഹസ്യനിരീക്ഷണങ്ങളും സംശയവും ഇസ്‌ലാംവിരുദ്ധതയും ഹിംസയും പൂര്‍ണമായി സ്വാഭാവികവത്കരിക്കപ്പെടുകയും ഈ അര്‍ഥത്തില്‍ ഭീകരവേട്ട എന്ന പ്രതിഭാസം മറ്റൊരു ഭാഷയും വ്യവഹാരവും തന്നെയായി രൂപാന്തരപ്പെടുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു.
മുസ്‌ലിം സമുദായത്തെ നേരിട്ട് ബാധിക്കുന്നതും ആഗോളതലത്തില്‍ നടന്നിട്ടുള്ളതുമായ അനവധി ബൃഹദ് മാറ്റങ്ങളില്‍ നാലെണ്ണത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം: 1) 'പാശ്ചാത്യം' എന്ന ആശയത്തിന്റെ അന്താരാഷ്ട്രവത്കരണം; അതിലേക്കുള്ള ഇടതു-വലതു രാഷ്ട്രീയ ധാരകളുടെ അണിചേരല്‍. 2) മുസ്‌ലിംകളുടെ വംശീയവത്കരണവും ഇസ്‌ലാമോഫോബിയയെ വെളുപ്പിച്ചെടുക്കലും. 3) മതവും (പ്രത്യേകിച്ച് ഇസ്‌ലാം) ഹിംസയും (തീവ്രവാദം) തമ്മില്‍ അനിഷേധ്യവും പ്രത്യേകവുമായ ബന്ധമുണ്ടെന്ന കാലങ്ങളായി നിലനില്‍ക്കുന്ന വാദത്തിന്റെ സ്വാഭാവികവത്കരണവും മൂര്‍ത്തവത്കരണവും. 4) തങ്ങള്‍ക്കിടയില്‍ ഭീകരവത്കരണം അഥവാ റാഡിക്കലൈസേഷന്‍ നടക്കുന്നുണ്ടെന്ന മുസ്‌ലിംകളുടെ വിശ്വാസവും ആ പ്രവണതയില്‍നിന്ന് ഒഴിഞ്ഞുമാറി സ്വയം നിയന്ത്രണവും അച്ചടക്കവും ശീലിക്കാനുള്ള സമുദായത്തിന്റെ ശ്രമങ്ങളും.
ഈ പറഞ്ഞ കാര്യങ്ങള്‍ 9/11-നു ശേഷമുള്ള ഭീകരവേട്ട സൃഷ്ടിച്ചെടുത്തതല്ല; നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇവിടെ നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഈ പ്രവണതകളെ വെളുപ്പിച്ചെടുക്കുകയും നിയമാനുസൃതമാക്കുകയും സ്വാഭാവികവത്കരിക്കുകയും വ്യവസ്ഥാപിതമായി ആഗോളീകരിക്കുകയും വിമര്‍ശിക്കാനും ചെറുക്കാനുമുള്ള സാധ്യതകളെ ചുരുക്കുകയുമാണ്  9/11-നു ശേഷമുള്ള ഭീകരവേട്ട ചെയ്തുകൊണ്ടിരിക്കുന്നത്.
1) 'പാശ്ചാത്യം' എന്ന ആശയത്തിന്റെ അന്താരാഷ്ട്രവത്കരണവും അതിലേക്കുള്ള ഇടതു-വലതു രാഷ്ട്രീയ ധാരകളുടെ അണിചേരലും. ഫ്രഞ്ച് വിപ്ലവ കാലം മുതല്‍ പാശ്ചാത്യ നാഗരികതയില്‍ കണ്ടുവരുന്ന ഇടതു-വലതു വ്യത്യാസങ്ങള്‍ 'മുസ്‌ലിം ചോദ്യ'(Muslim Question)ത്തിനു മുന്നില്‍ അപ്രത്യക്ഷമാകുന്നതാണ് ഭീകരവേട്ട സൃഷ്ടിച്ചുവെച്ച അനവധി മാറ്റങ്ങളില്‍ ഏറ്റവും വിചിത്രമായ പ്രതിഭാസം.  ശീതസമരം അവസാനിച്ചതും നവ ഉദാരവത്കരണം (അതിന്റെ നിരവധി രൂപങ്ങളും) സ്വീകാര്യമായ ഒരേ ഒരു സാമൂഹികഘടനയായി അംഗീകരിക്കപ്പെട്ടതും ഇടതു-വലതു വ്യത്യാസങ്ങളെ ഏതാണ്ട് ഇല്ലായ്മ ചെയ്തിട്ടുണ്ട്. എങ്കിലും കോളോണിയല്‍വിരുദ്ധ, വംശീയവിരുദ്ധ സമരങ്ങള്‍ നവ ഉദാരവത്കരണത്തിന്റെ ഈ കാലത്തും ചില  പ്രതീക്ഷകള്‍ നല്‍കിയിരുന്നു. സൈദ്ധാന്തികതലത്തിലും ഒരുപരിധിവരെ ഭൗമരാഷ്ട്രീയ തന്ത്രങ്ങളിലുമൊക്കെ ഇന്നും ഇടതുപക്ഷക്കാരും നിയോ ലിബറലുകളും തമ്മില്‍ അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ആഖ്യാനങ്ങളുടെ കാര്യം വരുമ്പോള്‍ ഇവര്‍ തമ്മില്‍ കണ്ടുവരുന്ന വ്യത്യാസങ്ങളൊക്കെ ആവിയായിപ്പോവുകയാണ്; അവരുടെ താല്‍പര്യങ്ങള്‍ ഇക്കാര്യത്തില്‍ പരസ്പരം അണിചേര്‍ന്നു നില്‍ക്കുകയാണ്. ഈ അണിചേരല്‍ നടക്കുന്നത് രാഷ്ട്രീയ മേഖലയിലാണെന്നതും പരമപ്രധാനമാണ്. സാമ്പത്തിക നയങ്ങളെയും ആശയങ്ങളെയുമൊക്കെ നിര്‍ണയിക്കുന്നത് രാഷ്ട്രീയ നിലപാടുകളായിരിക്കുമല്ലോ.  രാഷ്ട്രീയമായി മാത്രം ഐക്യപ്പെടുകയും മറ്റു മേഖലകളില്‍ വ്യത്യാസപ്പെടുകയും ചെയ്യുന്നു എന്ന് ഇതിന് അര്‍ഥമില്ല; രാഷ്ട്രീയ സ്വാധീനങ്ങള്‍ മറ്റെല്ലാ മേഖലകളെയും കവച്ചുവെക്കുകയും ആ മേഖലകളെയാകെ ഗുരുതരമായി സ്വാധീനിക്കുകയുമാണ് ചെയ്യുക.  ഇന്ത്യയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ മതേതര ഇടതുപക്ഷവും ശര്‍ജീല്‍ ഇമാമിനെ ഹിന്ദുത്വവാദികളും തടവിലാക്കിയത് ഉദാഹരണമാണ്. രണ്ട് പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമാണെന്ന് തോന്നുമ്പോഴും മുസ്‌ലിം സ്വത്വത്തെ അവര്‍ നേരിടുന്നതിലെ യുക്തി സമാനമാണ്. ഒരു വലതുപക്ഷ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് അമേരിക്കയില്‍ കൊണ്ടുവന്ന പാട്രിയറ്റ് നിയമവും (Patriot Act) ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രി ബ്രിട്ടനില്‍ കൊണ്ടുവന്ന ഭീകരനിവാരണ നിയമവും (Terrorism Prevent Act) ഇന്ത്യയിലെ മതേതര പാര്‍ട്ടികള്‍ അവതരിപ്പിച്ച യു.എ.പി.എ നിയമവും പ്രത്യയശാസ്ത്രങ്ങള്‍ക്കതീതമായി ആശയങ്ങള്‍ അണിചേരുന്ന പ്രക്രിയയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇങ്ങനെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഐക്യപ്പെടാന്‍ ശക്തി പകര്‍ന്നത് 'പാശ്ചാത്യം' എന്ന ആശയത്തിന്റെ അന്താരാഷ്ട്രവത്കരണമാണ്. 
 'പാശ്ചാത്യം' (West) എന്ന പദം ഒരിക്കലും ഒരു ദിശ എന്ന അര്‍ഥത്തില്‍ ഒതുങ്ങിപ്പോകുന്നില്ല. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി, പാശ്ചാത്യം എന്നാല്‍  പ്രത്യേക വ്യവഹാരങ്ങളെയോ ആഖ്യാനങ്ങളെയോ ആണ് കുറിക്കുന്നത്. പാശ്ചാത്യം എന്നാല്‍ നാഗരികം, പരിഷ്‌കൃതം എന്നും 'പാശ്ചാത്യേതരം' (Rest) എന്നാല്‍ വ്യവസായവത്കരിക്കപ്പെട്ടിട്ടില്ലാത്ത, ഗ്രാമീണവും കൃഷിയധിഷ്ഠിതവുമായ, വികസിതമായിട്ടില്ലാത്ത എന്നുമാണ് അര്‍ഥം. 'ഇതര' രാജ്യങ്ങളെ വിലയിരുത്താന്‍   ഒരു മാനദണ്ഡം അല്ലെങ്കില്‍ മാതൃക നല്‍കുകയാണ് ഇക്കാലമത്രയും 'പാശ്ചാത്യം' ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ പാശ്ചാത്യരും മറ്റുള്ളവരും (The West and the Rest) എന്ന വ്യത്യാസം നിര്‍മിച്ചെടുക്കുകയാണ്.  'ദി വെസ്റ്റ് ആന്റ് ദി റസ്റ്റ്: ഡിസ്‌കോഴ്‌സ് ആന്റ് പവര്‍' എന്ന ലേഖനത്തില്‍ സാംസ്‌കാരിക സൈദ്ധാന്തികനായ സ്റ്റുവര്‍ട്ട് ഹാള്‍, ഈ നിര്‍മിത അന്തരങ്ങളുടെ അര്‍ഥം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുന്നുണ്ട്. ഒരു അര്‍ഥസംവിധാനത്തില്‍ നിലകൊള്ളുന്ന വിവിധ പദങ്ങളും പദപ്രയോഗങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ആശ്രയിച്ചാണ് അര്‍ഥങ്ങള്‍ രൂപപ്പെട്ടു വരുന്നതെന്ന് ചില ആധുനിക സൈദ്ധാന്തികര്‍ വാദിച്ചിട്ടുണ്ട്. 'പകല്‍' എന്ന വാക്കില്‍നിന്ന് വ്യത്യസ്തം, അല്ലെങ്കില്‍ നേര്‍വിപരീതം ആയിട്ടാണ് 'രാത്രി' എന്ന വാക്കിനെ നമ്മള്‍ മനസ്സിലാക്കുന്നത്. 'രാത്രി' എന്ന പദത്തിനും 'പകല്‍' എന്ന പദത്തിനും സ്വന്തമായി ഒരു അര്‍ഥമില്ല. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമാണ് ഇവക്ക് അര്‍ഥം നല്‍കുന്നത്. അതുപോലെ ഒരു ശിശു മറ്റുള്ളവരില്‍നിന്ന്  (പ്രത്യേകിച്ച് തന്റെ മാതാവില്‍നിന്ന്) തനിക്കുള്ള വ്യത്യസ്തതകള്‍ ശ്രദ്ധിച്ചുകൊണ്ടാണ് തന്നെ തന്നെ സവിശേഷ വ്യക്തിത്വമായി മനസ്സിലാക്കുന്നത് എന്ന് പല മനഃശാസ്ത്രജ്ഞരും വാദിക്കുന്നുണ്ട്.
അതുപോലെ, ശക്തമായ ദേശീയ ബോധം ഉരുത്തിരിഞ്ഞുവരുന്നത് പൗരന്മാര്‍ തങ്ങളുടെ ദേശത്തെ മറ്റു ദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ്.
ആന്തരികമായ പ്രക്രിയകളിലൂടെ ഒരു പ്രത്യേക തരത്തിലുള്ള സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക മാത്രമല്ല പാശ്ചാത്യ രാജ്യങ്ങള്‍  ചെയ്തത്. തങ്ങളെ 'ഇതര' രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്വയം കണ്ടുകൊണ്ട് അവര്‍ സ്വന്തമായ ഒരു സ്വത്വബോധം വളര്‍ത്തിയെടുക്കുകയും ചെയ്തു. അവര്‍ മറുപക്ഷത്ത് നിര്‍ത്തുന്ന 'അപരര്‍' കാലങ്ങളായി മുസ്‌ലിംകള്‍ ആണെന്ന് തോമസ് മസ്റ്റ്‌നാക്, ജോണ്‍ ടോളന്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
'പാശ്ചാത്യ'ത്തെക്കുറിച്ച ഇത്തരം ചിന്തകള്‍ അന്താരാഷ്ട്രവത്കരിക്കപ്പെട്ടു എന്നതാണ് 9/11-നു ശേഷം സംഭവിച്ചത്. അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും സഖ്യകക്ഷികളെ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാവും. 9/11 ആക്രമണം അമേരിക്കന്‍ മണ്ണിലാണ് സംഭവിച്ചതെങ്കിലും, കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും ഭീകരവേട്ടയുടെയും അഫ്ഗാനിസ്താനിലെ സൈനികവിന്യാസങ്ങളുടെയും ഭാഗമാകുന്നത് നമ്മള്‍ കണ്ടു. അത്ഭുതകരമെന്നു പറയട്ടെ, ഭൂമിശാസ്ത്രപരമായി 'പാശ്ചാത്യ' രാജ്യങ്ങളല്ലാത്ത ആസ്‌ത്രേലിയ, ന്യൂസ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ സായുധസേനകള്‍ വരെ അഫ്ഗാനിസ്താനിലെ സൈനികവിന്യാസങ്ങളുടെ ഭാഗമായി. എന്നല്ല, അഫ്ഗാന്‍ പൗരന്മാര്‍ക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ആരോപണവും അവര്‍ നേരിടുന്നുണ്ട്. അമേരിക്കയും യൂറോപ്പുമായി ആസ്‌ത്രേലിയയെയും ന്യൂസിലാന്റിനെയും ഐക്യപ്പെടുത്തുന്നത് ഭൂമിശാസ്ത്രമല്ലെങ്കില്‍, മറ്റെന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. അപ്പോള്‍ വെള്ളക്കാരന്റെ മഹത്വം എന്ന വംശീയ കാഴ്ചപ്പാടിലൂന്നിയ ഐക്യമാണ് ഇവിടെ 'പാശ്ചാത്യം.'  ഇതിനൊപ്പം തന്നെ ഭീകരവേട്ടയില്‍ അമേരിക്കയുമായി സഖ്യം ചേര്‍ന്നിട്ടുള്ള അറബ് രാജകുടുംബങ്ങളെയും അറബ് ദേശങ്ങളെയും, മുസ്‌ലിം രാഷ്ട്രീയ ഉണര്‍വുകളെ അമര്‍ച്ച ചെയ്യാന്‍ ഭീകരവേട്ടയുടെ യുക്തികള്‍ സ്വീകരിക്കുന്ന ഇന്ത്യ, മ്യാന്മര്‍, (ആശയപരമായി അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും എതിര്‍വശത്ത് നില്‍ക്കുന്ന) ചൈന, റഷ്യ, അഫ്ഗാനിസ്താനിലും ഇറാഖിലും  സൈന്യത്തെ വിന്യസിച്ചിരുന്ന ജപ്പാന്‍ എന്നീ രാജ്യങ്ങളെയും കണക്കിലെടുത്താല്‍  ആഗോളതലത്തിലും ദേശീയ തലത്തിലും 'മറുപക്ഷത്ത്' നില്‍ക്കുന്നത് ആരാണെന്നും, പാശ്ചാത്യവും പാശ്ചാത്യേതരവുമായി തരംതിരിക്കപ്പെട്ടിരിക്കുന്നത് ആരൊക്കെയാണെന്നും വ്യക്തമാവും. ഇങ്ങനെ 'പാശ്ചാത്യം' എന്ന വാക്കിനെ പുനര്‍വ്യാഖ്യാനിച്ചാല്‍ 'വംശീയവത്കരിക്കപ്പെട്ട പ്രജ' എന്ന മുസ്‌ലിമിനെക്കുറിച്ച ചിത്രം പ്രാധാന്യത്തോടെ തെളിഞ്ഞുവരും.
 
2) മുസ്‌ലിംകളുടെ വംശീയവത്കരണവും ഇസ്‌ലാമോഫോബിയയെ വെളുപ്പിച്ചെടുക്കലും.
മുസ്‌ലിംകളുടെ അപരവത്കരണം കറുത്ത വര്‍ഗക്കാര്‍, ജൂതന്മാര്‍, ഒരളവുവരെ താഴ്ന്ന ജാതിക്കാര്‍, ദലിതര്‍ എന്നിവര്‍ അനുഭവിക്കുന്ന വംശീയവിദ്വേഷത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു. പല തരത്തിലുള്ള വംശീയവിദ്വേഷത്തെ താരതമ്യം ചെയ്ത് കൂടുതല്‍ തീവ്രത ഏതിനാണെന്ന് സ്ഥാപിച്ചെടുക്കുകയല്ല ഇവിടെ ലക്ഷ്യം. പകരം വംശീയവിദ്വേഷത്തിന്റെ രൂപത്തിനും ഭാവത്തിനും സംഭവിക്കുന്ന മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ്. വിദ്വേഷകര്‍ (Racists) ആരെന്ന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കാത്ത വംശീയവിദ്വേഷമാണ് മുസ്‌ലിംകളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. വിദ്വേഷകരില്ലാത്ത ഈ വിദ്വേഷത്തിന് മുസ്‌ലിമിന്റെ പ്രതിബിംബം വളരെ പ്രധാനപ്പെട്ടതാണ്. മുസ്‌ലിംകള്‍ ഒരു വംശം അല്ലാത്തതിനാല്‍ അവര്‍ക്കെതിരെ പദ്ധതിയിടുന്ന അനുപാതത്തില്‍ കവിഞ്ഞ വിവേചനങ്ങളും അക്രമങ്ങളും  തെറ്റല്ല എന്ന കാഴ്ചപ്പാട് വരുന്നു. അവര്‍ ഒരു 'വംശം' അല്ലാത്തതിനാല്‍ അവര്‍ക്കെതിരെ സംഭവിക്കുന്ന സ്ഥാപനവത്കൃത അതിക്രമങ്ങള്‍ വംശീയതയുടെ കോളത്തില്‍ ചേര്‍ക്കാനും പറ്റില്ലല്ലോ. അപ്പോള്‍ അവരെ അടിച്ചമര്‍ത്തുന്നതും വംശീയവിദ്വേഷത്തിന്റെ പേരിലല്ലാതായിത്തീരുന്നു. ഈ വിദ്വേഷകരുടെ മുന്‍കാല ആശങ്കകളിലും വിഭ്രമങ്ങളിലും സ്ഥാനം പിടിച്ചിരുന്ന വില്ലന്മാര്‍ക്ക് ഇന്ന് പകരക്കാരാവുന്നത് (സംസാരിക്കുകയും പൊരുതുകയും ചെയ്യുന്ന) മുസ്‌ലിംകളാണ്. വിദഗ്ധാഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍, ശാസ്ത്രീയമായ വര്‍ഗീകരണം നടത്തി സ്ഥാപിച്ചെടുക്കുന്ന ഒരു പ്രതിബിംബമാണിത്. വിദ്വേഷത്തിന്റെ ഈ പുതിയ അവതാരത്തിന് ജന്മം കൊടുക്കാന്‍ ഇങ്ങനെയുള്ള വില്ലന്മാരായ മുസ്‌ലിംകള്‍  വേണം അവര്‍ക്ക്.
ഈ പുതിയ സംവിധാനത്തില്‍ വലതുപക്ഷം എന്ന് കാലങ്ങളായി കരുതിവരുന്ന ശക്തികള്‍, ഇടതുപക്ഷം എന്ന് കരുതപ്പെട്ടിരുന്നവരുമായി കൈകോര്‍ക്കുന്നുണ്ട്. വീണ്ടും പറയട്ടെ, മുസ്‌ലിംകളെക്കുറിച്ചുള്ള ഇത്തരം സങ്കല്‍പങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടതല്ല. എന്നാല്‍ 9/11-നു ശേഷം ഇത്തരം സങ്കല്‍പങ്ങള്‍ക്ക് പ്രത്യയശാസ്ത്രങ്ങള്‍ക്കും ദേശാതിരുകള്‍ക്കും അതീതമായി ഒരു ആഗോള മാനം കൈവരുന്നുണ്ട്. ഇതിലേക്ക് അറബ്, മുസ്‌ലിം രാജ്യങ്ങള്‍ പോലും അണിചേരുകയും ചെയ്തിട്ടുണ്ട്. ആശയപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങള്‍ക്കു വരെ വംശീയ നിറം നല്‍കുന്നുണ്ടെന്നും, തൊലിനിറത്തെയോ ജൈവപരമായ വ്യത്യാസങ്ങളെയോ ആശ്രയിക്കാതെ വംശീയവത്കരണം സാധ്യമാക്കുന്നുണ്ടെന്നും സാമൂഹിക ശാസ്ത്രജ്ഞനായ റോബര്‍ട്ട് മൈല്‍സ് പറയുന്നു.
'വംശം' എന്ന സങ്കല്‍പം യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലേ വംശീയതക്ക് അടിസ്ഥാനമുള്ളൂ. ആ സങ്കല്‍പ്പത്തിനാകട്ടെ  ശാസ്ത്രീയമായമായോ ഭൗതികമായോ യാതൊരു അടിത്തറയുമില്ല. വംശം എന്ന് പറയുന്നത് സാമൂഹികമായ ഒരു നിര്‍മിതി മാത്രമാണ്. കഴിഞ്ഞ അമ്പതു വര്‍ഷങ്ങള്‍ക്കിടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വംശീയ അതിക്രമത്തിന് ഇരയായ രണ്ടു വിഭാഗങ്ങളാണ് ജര്‍മന്‍ ജൂതരും ബോസ്‌നിയന്‍ മുസ്‌ലിംകളും. രണ്ട് സന്ദര്‍ഭങ്ങളിലും ജൂതന്മാരും മുസ്‌ലിംകളും ലക്ഷ്യം വെക്കപ്പെട്ടത് അവര്‍ ഏതെങ്കിലും പ്രത്യേക തരത്തിലുള്ള പ്രത്യയശാസ്ത്രം പിന്തുടരുന്നതുകൊണ്ടോ ആചാരങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടോ ആയിരുന്നില്ല. ജര്‍മന്‍ നാസികളും സെര്‍ബ് തീവ്രദേശീയവാദികളും  ഉന്നമിട്ടിരുന്നത് ഏതെങ്കിലും ആചാരത്തെയല്ല, ഒരു ജനതയെ തന്നെയാണ്. സബാത്ത് ദീക്ഷിക്കില്ലെന്നോ മക്കയെ നോക്കി പ്രാര്‍ഥിക്കില്ലെന്നോ പറഞ്ഞതുകൊണ്ട് ജൂതന്മാരോ ബോസ്‌നിയക്കാരോ രക്ഷപ്പെടുമായിരുന്നില്ല. അതിന്റെ അര്‍ഥം, ഒരു ജൈവ നിര്‍മിതി എന്നതിനപ്പുറം വംശം എന്നത് സാമൂഹികമായും രാഷ്ട്രീയമായും നിര്‍മിക്കപ്പെട്ട ഒന്നാണ് എന്നതാണ്. മതവും സംസ്‌കാരവും ചരിത്രവും ഭൂപ്രദേശങ്ങളുമെല്ലാം ചേര്‍ത്താണ് അതിനെ അടയാളപ്പെടുത്തിയത്. ഇതേ അടയാളങ്ങളെ പിന്നീട് കിഴക്കും പടിഞ്ഞാറും തമ്മില്‍ അന്തരങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഉപയോഗിച്ചു. സയണിസ്റ്റ് വിരുദ്ധതക്കു പിന്നില്‍ സെമിറ്റിക് വിരുദ്ധതയുണ്ട് എന്ന് ചിലര്‍ക്ക് വാദിക്കാമെങ്കില്‍, സ്വയംനിര്‍ണയത്തിനുള്ള മുസ്‌ലിംകളുടെ പോരാട്ടങ്ങള്‍ക്കെതിരെ വരുന്ന ആക്രമണങ്ങള്‍ക്കു പിന്നിലും മുസ്‌ലിം വംശീയവിദ്വേഷമാകാമെന്ന് അംഗീകരിക്കുന്നതിന്  എന്താണീ പ്രയാസം?  ഇതേ കാരണങ്ങളാലാണ്  പാശ്ചാത്യ രാജ്യങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാര്‍ ഇസ്‌ലാംവിരുദ്ധതയെ  വംശീയവിദ്വേഷമായി തന്നെ കാണണമെന്നും, നിലവിലുള്ള വിദ്വേഷവിരുദ്ധ നിയമങ്ങള്‍ വെച്ച് ഇസ്‌ലാമോഫോബിയയെ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നത്. 
(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 39-42
ടി.കെ ഉബൈദ്‌