Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 29

3224

1443 റബീഉല്‍ അവ്വല്‍ 22

ചിതലെടുക്കാത്ത ധൈഷണിക ജീവിതം

പി. മുജീബുര്‍റഹ്മാന്‍

പ്രസ്ഥാനത്തിലേക്ക് കാലെടുത്തുവെച്ച നാള്‍ മുതല്‍ മൗലിക ചിന്തകളാലും പ്രഭാഷണ ചാതുരിയാലും ഏറെ വിസ്മയിപ്പിക്കുകയും  സ്വാധീനിക്കുകയും ചെയ്ത വ്യക്തിത്വമാണ് ടി.കെ. ചിന്തോദ്ദീപകവും ആശയസമ്പുഷ്ടവുമായ സംവാദത്തിന്റെ മുനയും മൂര്‍ച്ചയും ഒത്തുചേര്‍ന്ന പ്രഭാഷണം. നര്‍മം കലര്‍ത്തി, പ്രാസമൊപ്പിച്ച്   പ്രഭാഷണ വേദികളില്‍ വാക്കുകള്‍ കൊണ്ട് ടി.കെ ജാലവിദ്യ തീര്‍ത്തു. വേറിട്ട തന്റെ ചിന്തകള്‍ പോലെ വേഷത്തിലും ഭാഷയിലും ശൈലിയിലുമെല്ലാം തനതായ സവിശേഷതകള്‍ ടി.കെ കാത്തുസൂക്ഷിച്ചു.
ടി.കെ സാഹിബിന് 65 വയസ്സ് പിന്നിട്ട ശേഷമായിരിക്കും അദ്ദേഹവുമായി ഞങ്ങളുടെ തലമുറ അടുത്ത ബന്ധവും സഹവാസവും ആരംഭിക്കുന്നത്. പക്ഷേ, ജീവിതത്തിന്റെ മധ്യാഹ്നവും കഴിഞ്ഞ ടി.കെ ചിന്താ-വൈജ്ഞാനിക രംഗത്തെ കാലാനുസൃതമായ വികാസങ്ങളെ മനസ്സിലാക്കുന്നതിലും പ്രമാണബന്ധിതമായി അതിനോട് സംവദിക്കുന്നതിലും ഔത്സുക്യം കാണിച്ചു. ജീവിതാവസാനം വരെ ആ നിറയൗവനം ചിതലെടുക്കാതെ അദ്ദേഹം കാത്തുസൂക്ഷിച്ചു.
ടി.കെ സാഹിബിന്റെ വിയോഗത്തെ തുടര്‍ന്ന് മൂത്ത മകന്‍ ടി.കെ.എം ഇഖ്ബാല്‍ ഉപ്പയെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇതിനെ ശരിവെക്കുന്നതാണ്; 'അവസാന നാളുകളില്‍ ഉപ്പ അനുഭവിച്ച ഏറ്റവും വലിയ വിഷമം ഉപ്പയുടെ ബുദ്ധിക്കും ചിന്തക്കുമൊപ്പം ശരീരമെത്തുന്നില്ല എന്നതായിരുന്നു.' അതേ, തന്റെ തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ അവസാന ശ്വാസം നിലക്കുന്നതുവരെ ടി.കെ ചിന്താ - വൈജ്ഞാനിക രംഗത്ത്  ജ്വലിച്ചുനിന്നു.
ഊണിലും ഉറക്കിലും ആരോഗ്യത്തിലും രോഗത്തിലും നിറഞ്ഞ വാര്‍ധക്യത്തിലും പ്രസ്ഥാനത്തെക്കുറിച്ച് ഇത്രയധികം ചിന്തിക്കുന്ന, സമുദായത്തെക്കുറിച്ച് ആകുലപ്പെടുന്ന മറ്റൊരു വ്യക്തിത്വത്തെ  കാണാന്‍ കഴിഞ്ഞിട്ടില്ല.
ഏതൊരാള്‍ക്കും തന്റെ വിദ്യാര്‍ഥി-യുവജന കാലത്തെ പ്രസ്ഥാനജീവിതം ഏറെ അവിസ്മരണീയമായിരിക്കും. ആ കാലയളവിലെ ആശയ ചര്‍ച്ചകളും സംവാദങ്ങളുമാണ്  നമ്മിലെ പ്രാസ്ഥാനിക കാഴ്ചപ്പാടുകളെ കൃത്യപ്പെടുത്തുന്നതും മൂര്‍ത്തമാക്കുന്നതും. അതിനാല്‍ പുറത്ത് ശക്തമായ സാമൂഹിക ഇടപെടലുകള്‍ നടത്തുമ്പോഴും അകത്ത് നിശിതമായ ആശയസംവാദങ്ങളുടെ ഇടം കൂടിയായിരുന്നു ഇസ്ലാമിക പ്രസ്ഥാനം. ആധുനിക ജാഹിലിയ്യത്ത്, ശാസ്ത്രത്തോടും ടെക്‌നോളജിയോടുമുള്ള  സമീപനം, മുതലാളിത്തം, സാമ്രാജ്യത്വം, ആഗോളവല്‍ക്കരണം തുടങ്ങി നിരവധി വിഷയങ്ങളില്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് അവസരമുണ്ടായി. വീക്ഷണ വ്യത്യാസങ്ങളുള്ള വിഷയങ്ങളില്‍ കാമ്പുള്ള ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടു. അത്തരം ചര്‍ച്ചകളാണ് ജീവിതത്തിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ശരിയുത്തരമായി മാറിയത്.
ചര്‍ച്ചകളില്‍ രൂപപ്പെട്ടുവന്ന ആശയങ്ങളില്‍നിന്ന് സ്വാംശീകരിക്കേണ്ടതിനെ സ്വാംശീകരിച്ചും തിരസ്‌കരിക്കേണ്ടതിനെ നിര്‍ദയം തള്ളിപ്പറഞ്ഞും  ടി.കെ  നടത്തിയിരുന്ന ദീര്‍ഘമായ സമാഹരണ പ്രഭാഷണങ്ങള്‍ പല സമസ്യകളുടെയും കുരുക്കഴിക്കുമായിരുന്നു. ഇസ്ലാമിന്റെ ആശയ പ്രതലത്തില്‍നിന്ന് വെളളവും വളവും വലിച്ചെടുത്ത് പ്രമാണങ്ങളും ഉപമകളും കവിതകളും നര്‍മവുമെല്ലാം ചേരുംപടി ചേര്‍ത്ത് ടി.കെ നടത്തുന്ന സാമാന്യം ദീര്‍ഘിച്ച ആ സമാപന പ്രഭാഷണം രണ്ട് മണിക്കൂറില്‍ കുറയില്ല; ചിലപ്പോള്‍ അഞ്ച് മണിക്കൂര്‍ നീണ്ടെന്നും വരാം. തുടര്‍ ചര്‍ച്ചകള്‍ക്കുള്ള അവസരം ബാക്കിവെക്കുമ്പോഴും ടി.കെ സാഹിബിന്റെ ഇത്തരം സാമാന്യം ദീര്‍ഘമായ പ്രഭാഷണങ്ങള്‍  ആത്മവിശ്വാസം നല്‍കുന്നതും മുന്നോട്ടു കുതിക്കാന്‍ ആവേശം പകരുന്നതുമായിരിക്കും.
തൗഹീദിന്റെയും  ഹാകിമിയ്യത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഇസ്ലാമിന്റെ ആശയലോകത്തെ അടിമണ്ണ് ചോര്‍ന്നുപോകാതെത്തന്നെ കാലാനുസൃതമായി വികസിപ്പിക്കുന്നതിലായിരുന്നു ടി.കെ സാഹിബിന്റെ ശ്രദ്ധ. മുതലാളിത്തം പിടിമുറുക്കുകയും ദേശ-രാഷ്ട്ര സങ്കല്‍പങ്ങള്‍ക്കതീതമായി കോര്‍പറേറ്റുകള്‍ സ്റ്റേറ്റിന്റെ ഘടന നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കാലത്ത് ഹാകിമിയ്യത്ത് (ദൈവത്തിന്റെ പരമാധികാരം) പോലെ  മില്‍കിയ്യത്തും (ഉടമസ്ഥാവകാശം)  ഖുര്‍ആനികാശയാടിത്തറയില്‍  ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
പ്രായവ്യത്യാസമില്ലാതെ കുട്ടികളോടും സ്ത്രീകളോടും യുവാക്കളോടും ബുദ്ധിജീവികളോടും സാധാരണക്കാരോടുമെല്ലാം അവരുടേതായ ഭാഷയിലും ശൈലിയിലും സംവദിക്കാനുള്ള ടി.കെയുടെ ശേഷി അപാരമായിരുന്നു. ഓരോരുത്തര്‍ക്കും ടി.കെ സാഹിബിന് തന്നോട് വല്ലാത്ത അടുപ്പമുണ്ടെന്ന് അനുഭവപ്പെടും വിധമായിരുന്നു ആ പെരുമാറ്റം.  ഹിറാ സെന്ററിലെ ഡ്രൈവര്‍മാര്‍, സെക്യുരിറ്റി ,മെസ്സ് ജീവനക്കാര്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളുമായും മറ്റേത് നേതാക്കളേക്കാളും വലിയ ആത്മബന്ധം ടി.കെ സാഹിബിനുണ്ടായിരുന്നു.
സോളിഡാരിറ്റി ഭാരവാഹിത്വം കഴിഞ്ഞയുടന്‍ ഒരിടവേള അനുവദിക്കാതെ പ്രസ്ഥാനം ജമാഅത്തെ  ഇസ്ലാമി ജനറല്‍ സെക്രട്ടറിയെന്ന വലിയ ചുമതലയാണ്  എന്നയേല്‍പിച്ചത്. പ്രസ്ഥാന കാര്യങ്ങളില്‍  ടി.കെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ടീമിനെ ഒട്ടും പ്രയാസപ്പെടുത്താതെ എങ്ങനെ സംഘടനാ കോര്‍ഡിനേഷന്‍ നിര്‍വഹിക്കുമെന്ന ഭീതി നല്ലപോലെ എനിക്കുണ്ടായിരുന്നു. ടി.കെ സാഹിബുമായി   അടുത്തിടപഴകിയതും  ഇക്കാലയളവിലാണ്. വാത്സല്യനിധിയായ പിതാവിനെപ്പോലെ വ്യക്തിപരവും കുടുംബപരവും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിയും. സഹപ്രവര്‍ത്തകനും നേതാവുമെന്ന നിലയില്‍ ടി.കെ സാഹിബ് നല്‍കുന്ന ആ വലിയ ആദരവിന് മുമ്പില്‍ ഇളം തലമുറക്കാരനായ ഞാന്‍ വല്ലാതെ തോറ്റുപോയിട്ടുണ്ട്.  ഇളം തലമുറക്ക് അദ്ദേഹം നല്‍കുന്ന പരിഗണന  അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്.
രോഗശയ്യയില്‍ കാണാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രസ്ഥാനവും മുസ്ലിം സമൂഹവും തന്നെയാണ് സംസാരത്തില്‍ നിറഞ്ഞുനിന്നത്. സ്വന്തം ആരോഗ്യത്തെക്കുറിച്ച്   പരിഭവപ്പെടുന്നത് കണ്ടിട്ടേയില്ല. അപ്പോഴൊക്കെ നല്ല ഭക്ഷണവും പോരാന്‍ നേരം സമ്മാനമായി  അത്തറും പതിവാണ്. അവസാനമായി കാണാന്‍ ചെല്ലുമ്പോള്‍ അവശനാണെങ്കിലും അദ്ദേഹം വരാന്തയിലേക്ക് വന്നു. അതായിരുന്നു അദ്ദേഹത്തിനിഷ്ടം. വളരെ പ്രയാസപ്പെട്ട് വാക്കറിലാണ്  വരവ്.  കണ്ടയുടന്‍ തലയുയര്‍ത്തി ചെറുപുഞ്ചിരി തൂകി ടി.കെ  പറഞ്ഞു: 'ഇനി വാഗ്‌ധോരണികളില്ല, ഇപ്പോള്‍ വാക്കറിലാണ്.'
അതേ, ആ വാഗ്‌ധോരണി നിലച്ചു. ഇസ്ലാമിക പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടിലേറെക്കാലം ആവേശവും ആത്മവിശ്വാസവും ചിന്തയും ധിഷണയും പകര്‍ന്ന ആ സാഗരഗര്‍ജനം നിലച്ചു. അവസാനമായി ജനാസ പല നോക്ക് കണ്ടപ്പോഴും തിരയടങ്ങിയ കടല്‍പോലെ പ്രശാന്തം. അപ്പോഴും അദ്ദേഹത്തെക്കുറിച്ച നാനാചിന്തകള്‍ മനസ്സില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. നാഥാ, ടി.കെ സാഹിബിനെ കരുണയുടെ കണ്ണാല്‍ നീ കടാക്ഷിച്ചാലും- ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 39-42
ടി.കെ ഉബൈദ്‌