Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 29

3224

1443 റബീഉല്‍ അവ്വല്‍ 22

ടി.കെയുടെ 'പ്രബോധന' വര്‍ഷങ്ങള്‍

ഒ. അബ്ദുര്‍റഹ്മാന്‍

'നടന്നുതീരാത്ത വഴികളില്‍' ടി.കെ അബ്ദുല്ല സാഹിബ് അനുസ്മരിച്ചപോലെ ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക ജിഹ്വയായ പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ (ദ്വൈവാരിക എന്ന അര്‍ഥത്തിലാണ് പ്രതിപക്ഷ പത്രം എന്ന അന്നത്തെ പ്രയോഗം) ഹാജി വി.പി മുഹമ്മദലി സാഹിബ് അദ്ദേഹത്തെ കൊണ്ടുവരുന്നത്, ആദ്യകാല എഡിറ്റര്‍മാരായ കെ.സി അബ്ദുല്ല മൗലവിക്കും സി.പി.എം അബ്ദുല്‍ ഖാദര്‍ സാഹിബിനും കോഴിക്കോട്ട് വന്ന് താമസിക്കേണ്ട സാഹചര്യത്തിലാണ്. അന്ന് വളാഞ്ചേരിക്കടുത്ത എടയൂരിലായിരുന്നു പ്രബോധനം ഓഫീസ്. കാസര്‍കോട്ടെ മദ്‌റസത്തുല്‍ ആലിയയില്‍ വിദ്യാര്‍ഥിയായിരുന്നു അന്നദ്ദേഹം.
1954-ലാണ് ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ ഞാന്‍ വിദ്യാര്‍ഥിയായി ചേരുന്നത്. 1964 മെയ് വരെ വിദ്യാര്‍ഥിജീവിതം നീണ്ടു.
ഇസ്‌ലാമിക കലാലയങ്ങളിലെ പഠനം മുഴുമിച്ച് ഇരുപതാം വയസ്സില്‍ കോഴിക്കോട് വെള്ളിമാട്കുന്നിലെ പ്രബോധനം ഓഫീസില്‍ 1964 ജൂണ്‍ അഞ്ചിന് വന്നു കയറുമ്പോള്‍ മൂന്നു മുഖങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്. എഡിറ്റര്‍ ടി. മുഹമ്മദ് സാഹിബും സഹ പത്രാധിപര്‍ ടി.കെ അബ്ദുല്ല സാഹിബും 'ദി മെസ്സേജ്' ഇംഗ്ലീഷ് മാസികയുടെ എഡിറ്റര്‍ വി.പി അബ്ദുല്ല സാഹിബും. മൂന്നു പേരുമായും വിദ്യാര്‍ഥി ജീവിതകാലത്ത് പരിചയമുണ്ടായിരുന്നെങ്കിലും ടി.കെയുമായി ഒരല്‍പം കൂടുതല്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. അതിന് വഴിവെച്ചതാവട്ടെ ഞങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും. വര്‍ത്തമാനകാല സംഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ചെയ്ത മനോഹരങ്ങളായ പ്രസംഗങ്ങള്‍ യുവാക്കളെ ആവേശം കൊള്ളിച്ചിരുന്നതിനാല്‍ പലരും സാഹിത്യ സമാജങ്ങളിലുള്‍പ്പെടെ അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും അനുകരിക്കാന്‍ ശ്രമിച്ചതും ഓര്‍മയിലുണ്ട്. അനുകര്‍ത്താക്കളില്‍ മുഖ്യന്‍ അനുജന്‍ ടി.കെ മമ്മു തന്നെ. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ മറ്റു സാഹിത്യ സമാജം യോഗങ്ങളില്‍ ടി.കെ ശൈലിയില്‍ ചെയ്യുന്ന പ്രസംഗങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ഥികളില്‍ ചിരി പടര്‍ത്തിയത് മറന്നിട്ടില്ല. ഒരിക്കല്‍ ഒരു ഹദീസ് ഉദ്ധരിച്ച് മമ്മു തുടങ്ങിയ പ്രസംഗം, ഹദീസ് പൂര്‍ണമായും ഉദ്ധരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ 'ആ ഹദീസ് അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്' എന്നു പറഞ്ഞ് തടിതപ്പിയത് കൂട്ടച്ചിരിക്ക് വകനല്‍കിയതോര്‍മയുണ്ട്.
1962-ലെ ജമാഅത്തെ ഇസ്‌ലാമി മേഖലാ സമ്മേളനങ്ങളുടെ പ്രചാരണ യോഗങ്ങളില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഞാനും പ്രസംഗിച്ചു തുടങ്ങിയിരുന്നെങ്കിലും കൈയെഴുത്ത് മാസികകളില്‍ പരിമിതമായിരുന്നു പത്രപ്രവര്‍ത്തനം. കിട്ടുന്നതെന്തും വായിക്കുന്ന ശീലമാണ് മാധ്യമ പ്രവര്‍ത്തനത്തില്‍ താല്‍പര്യം ജനിപ്പിച്ചത്. ജീവിതത്തില്‍ എന്താകണമെന്ന ചോദ്യത്തിന് ജേണലിസ്റ്റ് എന്ന മറുപടി നല്‍കിയതല്ലാതെ ആ രംഗത്ത് ഒരു മുന്‍പരിചയവും ഉണ്ടായിരുന്നില്ല; പരിശീലനവും നാമമാത്രമായിപ്പോലും ലഭിച്ചിരുന്നുമില്ല. എന്നിട്ടും ഒരു ട്രെയ്‌നി ആയി പ്രബോധനത്തില്‍ പരീക്ഷിക്കാന്‍ അമീര്‍ കെ.സി അബ്ദുല്ല മൗലവിയും പ്രബോധനം എഡിറ്റേഴ്‌സും തീരുമാനിച്ചതിന്റെ പ്രചോദനം അന്നും ഇന്നും എനിക്കറിഞ്ഞുകൂടാ. കെ.സിക്ക് വിദ്യാര്‍ഥി ജീവിതം തൊട്ടേ എന്നോടുണ്ടായിരുന്ന മമത ഞാന്‍ അനുഭവിച്ചതാണ്. എന്നാല്‍ കണിശക്കാരനായ ടി.കെ അക്കാലത്ത് പ്രബോധനത്തില്‍ എഴുതാറുണ്ടായിരുന്ന ശാന്തപുരം വിദ്യാര്‍ഥികള്‍ക്ക് പകരം എന്നെ പരീക്ഷിക്കാന്‍ തീരുമാനിക്കുകയോ സമ്മതിക്കുകയോ ചെയ്തത് എന്തിനായിരുന്നുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഏതായാലും വാര്‍ത്തകളും ജമാഅത്തിന്റെ ശൂറാ പ്രമേയങ്ങളും അമീര്‍ അബുല്ലൈസ് ഇസ്‌ലാഹിയുടെ പ്രസ്താവനകളും വിവര്‍ത്തനം ചെയ്യാന്‍ ചുമതലപ്പെടുത്തിക്കൊണ്ടാണ് പരിശീലനത്തിന് തുടക്കം കുറിച്ചത്. കോളേജ് പഠനകാലത്ത് ഉര്‍ദു പ്രസിദ്ധീകരണങ്ങളോട് സജീവ ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ പുതിയ ദൗത്യം പ്രയാസകരമായി അനുഭവപ്പെട്ടില്ല. സുദീര്‍ഘവും സങ്കീര്‍ണവുമായ വാചക ഘടന അബുല്ലൈസ് സാഹിബിന്റെ ലേഖനങ്ങളുടെ മൊഴിമാറ്റം ഒരല്‍പം ദുഷ്‌കരമായിരുന്നെങ്കിലും ടി.കെയുടെ തിരുത്തും മാറ്റിയെഴുതിക്കലും സംഗതി സുഗമമാക്കി. ദഅ്‌വത്ത്, നിദായെ മില്ലത്ത്, ഉര്‍ദു ഡൈജസ്റ്റ്, സിന്ദഗി, ഛറാഗെ ദാസ്, ഫാറാന്‍, മീസാഖ് തുടങ്ങിയ ഉര്‍ദു ആനുകാലികങ്ങളിലൂടെ മലയാളം വായനക്കാര്‍ക്ക് അപരിചിതമായിരുന്ന മീഡിയാ ലോകം തുറന്നുകിട്ടുകയും ചെയ്തു. നിഘണ്ടുക്കളേക്കാളേറെ ടി.കെയുടെ ഉര്‍ദു ഭാഷാ പരിജ്ഞാനമാണ് രക്ഷക്കെത്തിയിരുന്നത്. '64 ഡിസംബര്‍ മൂന്ന് മുതല്‍ പ്രബോധനം വാരികയാക്കുമ്പോള്‍ അവലംബമായതും ഉര്‍ദു ആനുകാലികങ്ങളാണെന്നതാണ് വസ്തുത.
പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ മുഖലേഖനങ്ങളേ ഉണ്ടായിരുന്നുള്ളൂ,  മുഖപ്രസംഗങ്ങള്‍ ഇല്ലായിരുന്നു. ടി.കെയോ ടി. മുഹമ്മദ് സാഹിബോ ആയിരുന്നു മുഖലേഖന കര്‍ത്താക്കള്‍. ആനുകാലിക സംഭവങ്ങളെ ആധാരമാക്കി ടി.കെ എഴുതുന്ന കുറിപ്പുകള്‍, താത്ത്വിക ലേഖനങ്ങള്‍ മുഖ്യവിഭവങ്ങളാക്കിയ പ്രബോധനത്തിന് വായനാ സുഖം നല്‍കി. ജമാഅത്തെ ഇസ്‌ലാമിയുടെ വിമര്‍ശകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടികൡലധികവും പുറത്തു വന്നതും ടി.കെയുടെ തൂലികയിലൂടെയാണ്. ഇപ്പോഴും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത് 1959-ലെ വിമോചന സമരത്തെത്തുടര്‍ന്ന് നെഹ്‌റു സര്‍ക്കാര്‍ കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ പിരിച്ചുവിട്ട ശേഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, പി.എസ്.പി കൂട്ടുകെട്ടിനെ പിന്തുണക്കാന്‍ മുസ്‌ലിം മത സംഘടനകള്‍ തീരുമാനിച്ചതും ഇലക്ഷനില്‍നിന്ന് വിട്ടുനിന്ന ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പണ്ഡിതന്മാര്‍ നടത്തിയ കാമ്പയിനുമാണ്. മുസ്‌ലിം ലീഗുകാരും ഒപ്പം മുജാഹിദ് പ്രസ്ഥാനത്തിന്റെ നെടുനായകരുമായ കെ.എം മൗലവിയും ആറ് പണ്ഡിതന്മാരും 16 പുറം വരുന്ന സംയുക്ത  ഫത്‌വ 'ജമാഅത്തെ ഇസ്‌ലാമിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും' എന്ന തലക്കെട്ടിലാണ് പുറത്തിറക്കിയത്. അതില്‍ ഇസ്‌ലാമിന് കടകവിരുദ്ധമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരഭ്രഷ്ടമാക്കാനുള്ള ധര്‍മസമരത്തില്‍നിന്ന് വിട്ടുനില്‍ക്കുക വഴി ജമാഅത്തെ ഇസ്‌ലാമി ഗുരുതരമായ അപരാധമാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിന് ടി.കെ നല്‍കിയ മറുപടി 1960 ജനുവരി 15-ലെ പ്രബോധനത്തില്‍ വായിക്കാം. കമ്യൂണിസത്തിന്റെ അതേ ഭൂമികയില്‍ രൂപംകൊണ്ട സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ച മുക്കൂട്ട് മുന്നണിയെ ഇസ്‌ലാമിക വീക്ഷണത്തില്‍ എങ്ങനെ ന്യായീകരിക്കാനാകും എന്നായിരുന്നു ടി.കെ ഉയര്‍ത്തിയ മുഖ്യ ചോദ്യം (1967-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്ത കക്ഷി മുന്നണിയിലെ ഘടകമായി മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ചപ്പോള്‍ മേല്‍ പണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് ഫത്‌വയൊന്നും ഇറങ്ങിയതുമില്ല). 'കമ്യൂണിസത്തെ കടപുഴക്കാന്‍' എന്ന ശീര്‍ഷകത്തില്‍ 1960 ഫെബ്രുവരി ഒന്നിന്റെ പ്രബോധനത്തില്‍ ടി.കെ എഴുതിയ മുഖലേഖനവും, കേവലം വോട്ട് രാഷ്ട്രീയത്തിലൂടെ തകര്‍ക്കാനോ തളക്കാനോ കഴിയുന്നതല്ല കമ്യൂണിസം എന്ന പ്രത്യയശാസ്ത്രമെന്നും അതിന് ബദലായി സമഗ്രമായ ആദര്‍ശ ധാര്‍മിക പ്രസ്ഥാനത്തെ അവതരിപ്പിക്കേണ്ടതുണ്ടെന്നും സമര്‍ഥിക്കുന്നതായിരുന്നു. ബഹുമത രാഷ്ട്രീയ ഇന്ത്യയില്‍ ഏതെങ്കിലുമൊരു മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ വ്യവസ്ഥ അപ്രായോഗികമാണെന്ന പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി 1960 ഏപ്രില്‍ ഒന്നിലെ പ്രബോധനത്തില്‍ 'മതവും മതേതര രാഷ്ട്രവും' എന്ന തലക്കെട്ടിലെഴുതിയ മുഖലേഖനത്തില്‍ അദ്ദേഹം പ്രസക്തമായ ഒരു ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഒരു പ്രത്യേക മതത്തോടും രാജ്യത്തിന് ആഭിമുഖ്യമില്ലെങ്കില്‍ വേണ്ട, എല്ലാ മതങ്ങളും പൊതുവായി ഉദ്‌ഘോഷിക്കുന്ന സനാതന-ധാര്‍മിക മൂല്യങ്ങളെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് എന്തുണ്ട് ന്യായം എന്നാണ് അദ്ദേഹം ചോദിച്ചത്. പൊതുജീവിതത്തിലെ ധര്‍മക്ഷയത്തിനെതിരെ, നിരവധി ഉദാഹരണങ്ങള്‍ നിരത്തി '60 ജൂലൈ 1,15 ആഗസ്റ്റ് 1 ലക്കങ്ങളില്‍ ടി.കെ ശക്തമായി വിരല്‍ ചൂണ്ടുന്നുമുണ്ട്. സെക്യുലരിസത്തോടുള്ള ജമാഅത്തിന്റെ താത്ത്വികമായ എതിര്‍പ്പിനെ അന്യഥാ വ്യാഖ്യാനിച്ച് സംഘടന മതനിരപേക്ഷതക്കെതിരാണ് എന്ന് വാദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഇനത്തില്‍ പെട്ട ലേഖനങ്ങള്‍.
പ്രബോധനം 1964 ഡിംസബര്‍ മൂന്ന് മുതല്‍ ടാബ്ലോയ്ഡ് സൈസില്‍ വാരികയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ ടി.കെയുടെ റോള്‍ മിക്കവാറും രണ്ട് കാര്യങ്ങളിലൊതുങ്ങി; ഒന്ന്, സബ് എഡിറ്റര്‍മാര്‍ തയാറാക്കുന്ന വിഭവങ്ങളുടെ എഡിറ്റിംഗ്, രണ്ട് മുഖപ്രസംഗം. മിക്കവാറും പ്രതിപക്ഷ പത്രത്തിന്റെ മുഖലേഖനങ്ങളുടെ പാറ്റേണിലായിരുന്നു മുഖപ്രസംഗങ്ങള്‍. കണിശവും ഭാഷാപരമായ തിരുത്തുകളടക്കം ഉള്‍ക്കൊണ്ടതുമായിരുന്നു എഡിറ്റിംഗ്. രണ്ടും മൂന്നും തവണ തിരുത്തി എഴുതേണ്ടിവന്ന 'പീഡനാനുഭവങ്ങള്‍' നേരിടേണ്ടിവന്നിട്ടുണ്ട് ഞങ്ങള്‍ക്ക്. മൊഴിമാറ്റം നടത്തുമ്പോള്‍ ഉര്‍ദു പദങ്ങളുടെ വായനയില്‍ സംഭവിക്കുന്ന പിഴവുകള്‍ പലപ്പോഴും ചിരിക്ക് വക നല്‍കാറുണ്ട്.് 'സൗ സൗ ഡാനിയോ' എന്ന് വായിച്ചതിനാല്‍ പരിഭാഷ തന്നെ മുടങ്ങിപ്പോയ സബ് എഡിറ്ററുടെ കഥ അക്കൂട്ടത്തില്‍പെട്ടതാണ്. നൂറ് സുഡാനികള്‍ എന്നര്‍ഥം വരുന്ന 'സൗ സുഡാനിയോം' എന്നത് തെറ്റായി വായിച്ചതാണ് ടിയാന് പറ്റിയ അമളി. ഉര്‍ദു ലേഖനങ്ങളില്‍ ധാരാളമായി വരുന്ന പേര്‍ഷ്യന്‍ കവിതാ ശകലങ്ങള്‍ ഉര്‍ദു മാത്രം പഠിച്ചവര്‍ക്കൊരു വെല്ലുവിളിയാണ്. എന്നാല്‍ ഇഖ്ബാല്‍ കവിതകളുടെ അഡിക്റ്റായ ടി.കെക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. വിവര്‍ത്തന ജോലിയില്‍ ഞങ്ങള്‍ക്ക് അവലംബമായതും അദ്ദേഹം തന്നെ.  ഒരിക്കല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍ അബുല്ലൈസ് ഇസ്‌ലാഹിയുടെ സുദീര്‍ഘമായ ലേഖനം മൊഴിമാറ്റം നടത്താന്‍ ടി.കെ എന്നെ ചുമതലപ്പെടുത്തി. തലക്കെട്ട് തന്നെ എനിക്ക് അജ്ഞാതം; 'പസ് ചെ ബായദ് കര്‍ദ്.' 'അതിനാല്‍ നാമെന്ത് ചെയ്യണം' എന്നാണതിന്റെ അര്‍ഥമെന്ന് ടി.കെ പറഞ്ഞുതന്നു. ഇടക്കാലത്ത് ഇഖ്ബാല്‍ കൃതികളുടെ ആസ്വാദന സദസ്സ് ഞങ്ങള്‍ക്കായി അദ്ദേഹം ആരംഭിച്ചുവെങ്കിലും വൈകാതെ മുടങ്ങിപ്പോയി.
ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് അംഗമായ ടി.കെ മാധ്യമം ആരംഭിക്കുന്നതിന് മുന്നോടിയായി അതിന്റെ വിശദമായ നയരൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിലെ പത്രപ്രവര്‍ത്തകന്‍ ഒരിക്കലും മാധ്യമത്തെ തൂലിക കൊണ്ട് അനുഗ്രഹിക്കുകയുണ്ടായില്ല. മാധ്യമം കോമ്പൗണ്ടിലേക്ക് വരികയുമുണ്ടായില്ല. അതേസമയം സൂക്ഷ്മ വായനയിലൂടെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടാനും സുബദ്ധങ്ങളെ അഭിനന്ദിക്കാനും പിശുക്കിയതുമില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 39-42
ടി.കെ ഉബൈദ്‌