Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 29

3224

1443 റബീഉല്‍ അവ്വല്‍ 22

ജ്വലിക്കുന്ന മനസ്സുമായി ഹൃദയമസ്തിഷ്‌കങ്ങള്‍ക്ക് ഇനിയാര് ചൂടു പകരും?

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ടി.കെ അബ്ദുല്ല.... ഓര്‍ക്കുന്നു, ഈ പേര് ആദ്യമായി കേള്‍ക്കുന്നത് 1992-ല്‍ ഒരു എസ്.ഐ.ഒ തര്‍ബിയത്ത് ക്യാമ്പില്‍ വെച്ചാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു മലയാളി നേതാവുമായി കൂടിക്കാഴ്ചക്ക് അവസരമുണ്ടാകുന്നതും ഇതാദ്യം. ടി.കെ സാഹിബിന്റെ മലയാളച്ചുവയുള്ള ഉര്‍ദു എനിക്കത്ര പിടിക്കുന്നുണ്ടായിരുന്നില്ല. ഉര്‍ദു ഭാഷയിലും സാഹിത്യത്തിലൂം താല്‍പ്പര്യമുള്ള ഉര്‍ദുക്കാര്‍ പ്രഭാഷകന്റെ സംസാരശൈലി നോക്കി ആളെ വിലയിരുത്തിക്കളയും. ഇതവരുടെ ഒരു ദൗര്‍ബല്യമാണ്. ടി.കെ സാഹിബ് തന്റേതായ സവിശേഷ ശൈലിയില്‍ പ്രസംഗം തുടങ്ങിയപ്പോള്‍ എന്നെ അത് ആകര്‍ഷിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ഈ മാനസികാവസ്ഥ ഏതാനും മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി. ഗിരിശൃംഗത്തില്‍നിന്ന് നദി കുത്തിയൊലിച്ചു വരുന്നതു പോലെ ആശയങ്ങളുടെയും ചിന്തകളുടെയും കുത്തിയൊഴുക്കാണ് അതിന് കാരണമായത്. ഇതാ അദ്ദേഹം മൗലാനാ മൗദൂദിയുടെ ചിന്താസാഗരത്തിലേക്ക് ഊളിയിടുന്നു. അടുത്ത നിമിഷം അത് അല്ലാമാ ഇഖ്ബാലിന്റെ ദാര്‍ശനിക ഗരിമയുള്ള ഉര്‍ദു-ഫാര്‍സി കവിതകളിലൂടെയുള്ള സഞ്ചാരമായി. പ്രാചീന - ആധുനിക അറബി കാവ്യശകലങ്ങളും ഇടക്ക് കയറിവരികയായി. പിന്നെയുണ്ട് ആധുനിക യൂറോപ്യന്‍ ചിന്തകരുടെ ഏറ്റവും നവീനമായ ആശയങ്ങളെ നിരൂപണം ചെയ്യുന്നു. നദിയുടെ ഒഴുക്കു പോലെ ചിലപ്പോള്‍ ആ പ്രഭാഷണം  ഉയരങ്ങളില്‍നിന്ന് താഴേക്ക് കുതിച്ചുചാടുകയായിരിക്കും; ചിലപ്പോള്‍ സമതലങ്ങളിലൂടെ ശാന്തമായി അലസ ഗമനം നടത്തുകയായിരിക്കും. ആ വാഗ്‌ധോരണിയില്‍ അത്ഭുതപരതന്ത്രരായി ഞങ്ങളും മുങ്ങിപ്പൊങ്ങി. മലയാളച്ചുവയൊക്കെ ഞങ്ങള്‍ എപ്പോഴേ മറന്നുപോയിരുന്നു. ഇതായിരുന്നു അദ്ദേഹവുമായുള്ള ആദ്യസമാഗമം.
ഇതിനു ശേഷം ചില ചര്‍ച്ചാ സദസ്സുകളിലും അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുകയുണ്ടായി. ഞങ്ങള്‍ യുവാക്കള്‍ക്ക് യാതൊരു പരിഭ്രമവുമില്ലാതെ സംസാരിക്കാനും ആശയക്കൈമാറ്റം നടത്താനും കഴിയുന്ന ആദ്യകാല പ്രസ്ഥാന നേതാക്കളിലൊരാളായിരുന്നു ടി.കെ. പ്രസ്ഥാനത്തിലെ എത്ര വലിയ ചുമതല വഹിക്കുമ്പോഴും അദ്ദേഹത്തോട് എന്തും നമുക്ക് തുറന്ന് ചര്‍ച്ചചെയ്യാന്‍ കഴിയുമായിരുന്നു. യാതൊരു മടിയും കൂടാതെ സ്വന്തം അഭിപ്രായങ്ങള്‍ അദ്ദേഹത്തോട് നമുക്ക് പറയാം. അപ്പോഴും പ്രസ്ഥാനത്തിന്റെ ദാര്‍ശനിക ചട്ടക്കൂടില്‍നിന്ന് ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നില്ലെന്നും അദ്ദേഹം ഉറപ്പുവരുത്തും. ഇത്തരം നേതാക്കള്‍ യുവാക്കളെ വിശ്വാസത്തിലെടുത്തിരുന്നു. ഞങ്ങള്‍ യുവാക്കള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള പാത വെട്ടിയൊരുക്കിത്തന്നത് അവരായിരുന്നു.
ഒരിക്കല്‍ എസ്.ഐ.ഒ മഹാരാഷ്ട്രാ ഘടകം ഇത്തരം നേതാക്കളെ പങ്കെടുപ്പിച്ച് ഒരു പ്രോഗ്രാം നടത്തി. പല നേതാക്കളും അതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. പക്ഷേ ടി.കെ സാഹിബ് പങ്കെടുത്ത പ്രോഗ്രാമില്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടി.കെ സാഹിബിനെ കേള്‍ക്കുക എന്ന ഒറ്റയജണ്ട മാത്രമുള്ള പ്രോഗ്രാം. അങ്ങനെ രണ്ട് മുഴുനീള ദിവസം ഞങ്ങള്‍ അദ്ദേഹത്തെ കേട്ടുകൊണ്ടിരുന്നു. ഒരു പ്രസംഗം തന്നെ മണിക്കൂറുകള്‍ നീളും. ഞങ്ങള്‍ അന്വേഷണങ്ങള്‍ നടത്തും; നിശിതമായി ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളോട് വിയോജിക്കും. എല്ലാം കേട്ട ശേഷം സ്‌നേഹപൂര്‍വം അദ്ദേഹം ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരും. ചിലപ്പോള്‍ ക്ഷോഭിക്കും; ചില്ലറ ശകാരങ്ങളൊക്കെ കേള്‍ക്കേണ്ടിവരും. അപ്പോഴും സ്വതഃസിദ്ധമായ നര്‍മോക്തികള്‍ക്ക് ഒരു കുറവുമുണ്ടാവില്ല. രണ്ടു ദിവസത്തെ ക്യാമ്പ് കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഞങ്ങളുടെ വൈജ്ഞാനിക ഭാണ്ഡം നിറഞ്ഞു കവിഞ്ഞിരുന്നു.
  
വിജ്ഞാനത്തിന്റെ ആഴവും പരപ്പും

ആഴം, പരപ്പ്, നവീകരണം ഇങ്ങനെ മൂന്ന് ഗുണങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ടി.കെ സാഹിബിന്റെ അറിവ്. ചില അറിവാളന്മാരുണ്ട്, അവര്‍ പലപല പുസ്തകങ്ങള്‍ വായിച്ചിരിക്കും. ജ്ഞാനസമുദ്രത്തിന്റെ തലങ്ങും വിലങ്ങും അവര്‍ സഞ്ചരിച്ചിട്ടുണ്ടാവുമെങ്കിലും ഉപരിതലം വിട്ട് ആഴത്തിലേക്ക് അവര്‍ പോയിട്ടേ ഉണ്ടാവില്ല. ഗ്രന്ഥവും ഗ്രന്ഥകര്‍ത്താവും ഉള്ളടക്കവും അവരുടെ ഓര്‍മകളില്‍ ഉണ്ടാവുമെങ്കിലും, പ്രത്യക്ഷത്തില്‍ ആ അറിവിന് നല്ല പരപ്പുണ്ടെന്നു തോന്നാമെങ്കിലും അത് ഒരു പരിമിതവൃത്തത്തില്‍ ഒതുങ്ങുന്നതാണ്. ദീനീവിജ്ഞാനം എന്നത് ചില ക്ലാസിക്കല്‍ ഗ്രന്ഥങ്ങളില്‍ പരിമിതപ്പെടുന്നതു പോലെ. യൂനിവേഴ്‌സിറ്റി ബിരുദധാരിയാണെങ്കില്‍ തന്റെ വിഷയത്തിനു പുറത്ത് യാതൊന്നും അറിയാത്ത അവസ്ഥ. ചില പ്രത്യേക മേഖലകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഈ ജ്ഞാനം പ്രയോജനപ്പെട്ടേക്കാം. പക്ഷേ പ്രസ്ഥാനചിന്തകര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇത് തീരെ മതിയാവുകയില്ല. തലമുറകള്‍ക്ക് വഴികാട്ടാന്‍ പലതരം ജ്ഞാനങ്ങള്‍ (Multidisciplinary) അനിവാര്യമായി വരും.
എന്റെ നോട്ടത്തില്‍ ടി.കെ സാഹിബിന്റെ അറിവ് ആഴവും പരപ്പും ഉള്ളതോടൊപ്പം സ്വയം നവീകരിക്കുന്നതു കൂടിയായിരുന്നു. പ്രസ്ഥാന സാഹിത്യം, സമകാലിക ഇസ്‌ലാമിക ചിന്ത, ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍, തസ്വവ്വുഫ്, ഇല്‍മുല്‍ കലാം, ആധുനിക ഇസ്‌ലാമേതര ചിന്ത, ഉര്‍ദു - മലയാളം സാഹിത്യം, പ്രാചീനവും നവീനവുമായ അറബി കവിത, ഇന്ത്യക്കാരും അല്ലാത്തവരുമായ ഗ്രന്ഥകര്‍ത്താക്കളുടെ ഏറ്റവും പുതിയ സാമൂഹിക-രാഷ്ട്രീയ ചിന്തകള്‍, ദേശീയ- അറബ് മീഡിയ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ എടുത്തു പറയേണ്ടതാണ്. ഒന്നിലും ഉപരിപ്ലവ വിവരം കൊണ്ട് അദ്ദേഹം മതിയാക്കുകയില്ല. എല്ലാം ആഴത്തില്‍ പഠിച്ച് നിരൂപണബുദ്ധിയോടെ വിശകലനം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 92 വര്‍ഷത്തെ ആയുസ്സില്‍ പുതിയ ചിന്തകള്‍ തേടിപ്പിടിക്കുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. ഇരുപത്, ഇരുപത്തിരണ്ട് വര്‍ഷത്തെ അനുഭവം വെച്ചു പറഞ്ഞാല്‍, ഫോണ്‍ ചെയ്യുമ്പോഴും പരിപാടികളില്‍ വെച്ചു കണ്ടുമുട്ടുമ്പോഴും ഇന്ന പുസ്തകങ്ങള്‍, ഇന്ന ലേഖനങ്ങള്‍ അയച്ചുതരാന്‍ ഏര്‍പ്പാടാക്കണമെന്ന് അദ്ദേഹം പറയാതിരുന്നിട്ടില്ല. ഫുകുയാമയുടെ ആ പുതിയ പുസ്തകം എത്തിച്ചുതരാന്‍ പറ്റുമോ? ന്യൂയോര്‍ക്ക് ടൈംസില്‍ ഇങ്ങനെയൊരു ലേഖനം വന്നിട്ടുണ്ടോ? താങ്കള്‍ക്ക് അതേക്കുറിച്ച് അറിയുമോ? ഇപ്പറഞ്ഞ രീതിയില്‍ ഗന്നൂശി എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? ഇങ്ങനെ നീളും ആ അന്വേഷണങ്ങള്‍.
ആഴത്തിലും പരപ്പിലും അറിവ് നേടുന്നതോടൊപ്പം ഒരു ഇജ്തിഹാദീ മനസ്സും അദ്ദേഹം കാത്തുസൂക്ഷിച്ചു. എത്ര വലിയ പണ്ഡിതന്മാരായിരുന്നാലും ചിന്തകന്മാരായിരുന്നാലും അവരെയൊന്നും കണ്ണടച്ച് പിന്‍പറ്റുന്ന (മുഖല്ലിദ്) ആളായിരുന്നില്ല അദ്ദേഹം.  മൗദൂദീ ചിന്തകളോട് വല്ലാത്തൊരു അനുരാഗം തന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്. നൂറ്റാണ്ടിന്റെ മുജദ്ദിദ് (പരിഷ്‌കര്‍ത്താവ്) എന്നേ മൗലാനയെ വിശേഷിപ്പിക്കൂ. അപ്പോഴും അദ്ദേഹം പറയുക പുതിയ നൂറ്റാണ്ടില്‍ ഒരു മുജദ്ദിദ് വന്നേ പറ്റൂ എന്നാണ്. മൗലാനാ മൗദൂദിയുടെ ഗ്രന്ഥങ്ങളും ലേഖനങ്ങളും മാത്രമല്ല അദ്ദേഹത്തിന്റെ എഴുത്തുകുത്തുകളും മറ്റു വിശദീകരണങ്ങളും ആഴത്തില്‍ ടി.കെ പഠനവിധേയമാക്കിയിരുന്നു എന്നാണ് സംസാരത്തില്‍നിന്ന് ബോധ്യമാവുക. അതു പോലുള്ളവര്‍ വളരെ അപൂര്‍വമാണ്. മൗദൂദീ ചിന്തകളോട് ഇത്ര അഗാധമായ ആത്മബന്ധം സൂക്ഷിക്കുമ്പോഴും മൗലാനാ മൗദൂദിയുടെ ചില അടിസ്ഥാന വീക്ഷണങ്ങളോട് വിയോജിപ്പ് തുറന്നു പറയാനും അദ്ദേഹം മടികാണിച്ചിട്ടില്ല. ഇതും ഒരു അപൂര്‍വത തന്നെ. ഭാഗികമോ ക്ഷണികമോ ആയ മാറ്റത്തെ കുറിച്ചേ ആയിരുന്നില്ല അദ്ദേഹം സംസാരിച്ചത്. വിചാര മാതൃകാമാറ്റത്തെ (പാരഡൈം ഷിഫ്റ്റ്) കുറിച്ചായിരുന്നു ആ സംസാരങ്ങളെല്ലാം.

പ്രാസ്ഥാനിക വികാരം
വിപ്ലവ പ്രസ്ഥാനങ്ങളില്‍ അണിനിരന്നവര്‍ വിപ്ലവ മനസ്സ് സൂക്ഷിക്കുമല്ലോ. കുറേക്കാലം പ്രസ്ഥാനത്തില്‍ തന്നെ തുടര്‍ന്ന കാരണത്താലോ സംഘടനാ കെട്ടുപാടുകള്‍ കാരണമോ ഒക്കെ ഈ വിപ്ലവ മനസ്സും പ്രാസ്ഥാനിക പ്രതിബദ്ധതയുമൊക്കെ പല വിധം മാറിമറിഞ്ഞേക്കാം. പ്രസ്ഥാനത്തിന്റെ ലക്ഷ്യം വിസ്മൃതിയിലാവുകയും സംഘടനാപരമായ ചട്ടക്കൂടുകള്‍ക്ക് പ്രാമുഖ്യം കൈവരികയും ചെയ്‌തേക്കാം. എന്റെ നോട്ടത്തില്‍ ടി.കെ സാഹിബിനെ വേറിട്ടു നിര്‍ത്തുന്ന ഒരു പ്രധാന ഘടകം, ഏഴു പതിറ്റാണ്ട് കേരളത്തിലും അഞ്ച് പതിറ്റാണ്ട് കേന്ദ്ര നേതൃത്വത്തിലും പലവിധ ത്യാഗങ്ങള്‍ ചെയ്തു മുന്നോട്ടു പോയ ആ ജീവിതത്തില്‍ സംഘടനാ പക്ഷപാതിത്വം തീരെ ഇല്ലായിരുന്നു എന്നതാണ്. സംഘടനാ ഔപചാരികതകളില്‍നിന്നും അദ്ദേഹം അകലം പാലിച്ചു. ആ മനസ്സില്‍ എപ്പോഴും പ്രാസ്ഥാനിക ലക്ഷ്യം ജ്വലിച്ചു നിന്നു. ശൂറാ ചര്‍ച്ചകളിലും വ്യക്തി സംഭാഷണങ്ങളിലും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് പ്രസ്ഥാനചിന്ത വികസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്; പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നാം നടത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചാണ്. പ്രാസ്ഥാനിക ലക്ഷ്യത്തിന് അനുഗുണമാവുന്ന അളവില്‍ മാത്രമേ സംഘടനാ പ്രശ്‌നങ്ങളില്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നുള്ളൂ.
പ്രാസ്ഥാനിക ലക്ഷ്യങ്ങളെ സംബന്ധിച്ച തന്റെ ഉത്കണ്ഠകളും വേദനകളും അദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നത് പലപ്പോഴും ഒരു ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു. 1992-ലാണ് ഞാനത് ആദ്യമായി കേള്‍ക്കുന്നത്. പിന്നെ കണ്ടുമുട്ടുമ്പോഴെല്ലാം അത് സംസാരത്തില്‍ കടന്നുവരുമായിരുന്നു. ഉദാഹരണം (ചളിയില്‍ കുടുങ്ങിയ) ഒരു വണ്ടിയുടേതാണ്. അതിന്റെ ചക്രങ്ങള്‍ അതിവേഗം കറങ്ങുന്നു. വണ്ടിയുടെ എഞ്ചിന്‍ പരമാവധി ശക്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പെട്രോളും ചെലവാകുന്നുണ്ട്. പക്ഷേ വണ്ടി ഒരിഞ്ച് മുന്നോട്ട് നീങ്ങുന്നില്ല. ഈ ഉപമയിലൂടെ അദ്ദേഹം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ഒരു വസ്തുതയുണ്ട്. സംഘടന അതിന്റെ സകല ശക്തിയും പുറത്തെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടാകും. പക്ഷേ അത് ഈ വണ്ടിയെപ്പോലെ നിന്നേടത്തു തന്നെ നില്‍ക്കുകയാവും. ഏതൊരു പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളവും വളരെ വിനാശകരമാണ് ഈ സ്ഥിതിവിശേഷം.
ഇത്തരം ചര്‍ച്ചകളില്‍ വണ്ടി അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം അത്ര പ്രാധാന്യമുള്ള ഒന്നല്ല. വണ്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ലക്ഷ്യത്തില്‍ എത്തുക എന്നതാണ് പ്രധാനം. ഇത് മനസ്സില്‍ വെച്ച് പലപല ശ്രമങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരിക്കും. ജാഹിലീ ചിന്തകളുടെ ഏറ്റവും പുതിയ വേര്‍ഷനെക്കുറിച്ച് വരെ കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കും. ഇവയോടുള്ള ഇസ്‌ലാമിക പ്രതികരണം എങ്ങനെ എന്നതായിരിക്കും പിന്നെ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തുക. യുവാക്കള്‍ക്കിടയില്‍ നടക്കുന്ന പുതിയ ചര്‍ച്ചകളൊക്കെ ശ്രദ്ധാപൂര്‍വം കേള്‍ക്കും. ലോക രാഷ്ട്രീയം ഏതു ദിശയിലേക്കാണ് നീങ്ങുന്നത്? മുസ്‌ലിം സമൂഹം ഏതവസ്ഥയിലാണ്? മുന്നോട്ടുള്ള വഴി ഏതാണ്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ സ്വയം ചോദിച്ച് അതേക്കുറിച്ച് ഗാഢമായ ആലോചനകളില്‍ മുഴുകും. ആ ചോദ്യങ്ങള്‍ മറ്റുള്ളവരോടും ചോദിക്കും.  ഒരിക്കല്‍ ടി.കെ സാഹിബ് അര്‍ജന്റായി കാണണമെന്ന് പറഞ്ഞു. നേരില്‍ ചെന്ന് കണ്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ തന്നെയാണ് സംസാരിക്കാനുണ്ടായിരുന്നത്. ഞാനും എന്റെ ആലോചനകള്‍ പങ്കു വെച്ചു. മണിക്കൂറുകള്‍ കടന്നുപോയി. ഒടുവില്‍ അദ്ദേഹം പറഞ്ഞു: 'ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ മണിക്കൂറുകള്‍ പോരാ. രണ്ടോ മൂന്നോ ദിവസം തന്നെ വേണ്ടിവരും.'
പ്രസ്ഥാനത്തിന്റെ പോളിസി-പ്രോഗ്രാം തയാറാക്കുന്ന വേളയിലാണ് ഇന്ത്യയിലോ മറ്റിടങ്ങളിലോ വലിയ എന്തെങ്കിലും സംഭവങ്ങള്‍ നടക്കുന്നതെങ്കില്‍ ടി.കെയുടെ സംസാരത്തില്‍ അതിന്റെ ചൂടും ചൂരും ഇല്ലാതിരിക്കില്ല. ഈ സംഭവങ്ങളെ ആഴത്തില്‍ പഠിച്ചവര്‍ ഉണ്ടെന്നറിഞ്ഞാല്‍ ഉടന്‍ അദ്ദേഹം അവരുമായി ബന്ധപ്പെടും. കേരളത്തിലെ യുവാക്കള്‍ക്ക് ഗ്ലോബലൈസേഷനെ കുറിച്ച്, ബഹുസ്വരതയെക്കുറിച്ച്,  ഉത്തരാധുനികതയെക്കുറിച്ച് ചില ചാഞ്ചാട്ടങ്ങള്‍ ഉണ്ടെന്ന് കേട്ടപ്പോള്‍ സംശയങ്ങള്‍ ദൂരീകരിച്ചു കൊടുക്കാനായി ടി.കെ അരയും തലയും മുറുക്കി. ടി.കെയുടെയും മര്‍ഹൂം കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെയും നിര്‍ബന്ധപ്രകാരം ഞാന്‍ പത്തോ പന്ത്രണ്ടോ ദിവസം നീണ്ട കേരള സന്ദര്‍ശനം നടത്തിയത് ഓര്‍മവരികയാണ്. യുവാക്കളിലെ ചിന്താകാലുഷ്യങ്ങള്‍ അവരുമായി നേരില്‍ സംവദിച്ച് നീക്കം ചെയ്യുക എന്നത് മാത്രമായിരുന്നു ആ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇക്കാര്യങ്ങളിലൊക്കെ ഇത്രക്ക് ജാഗ്രതയും ചടുലതയും അപൂര്‍വം നേതാക്കളിലേ കണ്ടിട്ടുള്ളൂ. ഈ ജാഗ്രതയും ചടുലതയും തന്നെയാണ് ഒരു പ്രാസ്ഥാനിക വ്യക്തിത്വത്തിന്റെ മൗലിക അടയാളങ്ങള്‍.
മഹദ് വ്യക്തിത്വങ്ങളെ പരിശോധിച്ചാല്‍ അവര്‍ രണ്ട് തരക്കാരാണ് എന്നു കാണാം. അതിലൊരു വിഭാഗം ആളുകളുടെ പ്രതിഭ അവരില്‍ തന്നെ പരിമിതമായിരിക്കും. അവര്‍ പേരാല്‍ പോലെ വടവൃക്ഷമായി വളര്‍ന്നിട്ടുണ്ടാവും. പക്ഷേ അതിന്റെ കനത്ത നിഴലിനു ചുവട്ടില്‍ ഒരു ചെറു ചെടിക്കും വളരാന്‍ അവസരമുണ്ടാവുകയില്ല. മറ്റൊരു വിഭാഗം വ്യക്തിത്വങ്ങള്‍ സൂര്യനെപ്പോലെയാണ്. ഒട്ടനേകം ഗ്രഹങ്ങള്‍ക്ക് അത് വെളിച്ചം നല്‍കിക്കൊണ്ടിരിക്കുന്നു. അത്തരം വ്യക്തിത്വങ്ങള്‍ വിടപറയുന്നതിനു മുമ്പു തന്നെ ജ്ഞാനം കൊണ്ടും ചിന്ത കൊണ്ടും ശക്തരായ ഒരു തലമുറയെ നട്ടുവളര്‍ത്തിയിരിക്കും. പ്രതിഭകളെ സൃഷ്ടിച്ചെടുക്കുന്ന അത്തരമൊരു വ്യക്തിത്വമായിരുന്നു ടി.കെ സാഹിബിന്റേത്. തലമുറകളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്; പ്രത്യേകിച്ച് കേരളത്തില്‍. ചടുലവും സര്‍ഗാത്മകവുമായ ആ വ്യക്തിത്വത്തിന്റെ എത്രയും അടയാളങ്ങള്‍ കേരളീയ യുവതയില്‍ നമുക്ക് കണ്ടെത്താനാകുന്നുണ്ട്. ഈ സ്വാധീനത്തിന് വരും തലമുറയിലും തുടര്‍ച്ചയുണ്ടാകും.
ടി.കെ സാഹിബിന്റെ ജീവിതം നല്‍കുന്ന വലിയ പാഠവും അതു തന്നെയാണ്. നമ്മുടെ വ്യക്തിത്വത്തിന്റെ നന്മകള്‍ നമ്മില്‍ ഒതുങ്ങിപ്പോകരുത്. അവ സര്‍വരിലേക്കുമായി ഒഴുകിപ്പരക്കണം. ഒരാളുടെ യഥാര്‍ഥ വലുപ്പം അയാള്‍ വലുപ്പമുള്ള ധാരാളം പേരെ സൃഷ്ടിച്ചുകൊണ്ടിരിക്കും എന്നതാണ്. ഇന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിന് അത്തരം വലിയ മനുഷ്യരെ ധാരാളമായി ആവശ്യമുണ്ട്.
ചിന്തകളും വിഭാവനകളും
ഇസ്‌ലാമിക ചരിത്രത്തിന് വലിയ പരിക്കുകളേല്‍പ്പിച്ചിട്ടുള്ളത് പലതരം ആശയക്കുഴപ്പങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനം, ദൈവിക വചനങ്ങളും അവക്ക് മനുഷ്യന്‍ നല്‍കുന്ന വ്യാഖ്യാനങ്ങളും തമ്മിലെ അന്തരം മനസ്സിലാക്കാത്തതുകൊണ്ട് വന്നു ചേര്‍ന്നിട്ടുള്ളതാണ്. മുസ്‌ലിം സമൂഹത്തിലെ മുഴുവന്‍ വിഭാഗീയതകളും ഇതില്‍നിന്നാണ് ഉടലെടുത്തിട്ടുള്ളത്. ദൈവിക ദീനിന്റെ ആത്മാര്‍ഥതയുള്ള പണ്ഡിതരും നേതാക്കളും ആ ദൈവിക വചനങ്ങളെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചിട്ടുണ്ട്. അവരുടെ വൈജ്ഞാനികവും ഫിഖ്ഹീപരവും കലാമീപരവുമായ മുഴുവന്‍ വ്യാഖ്യാനങ്ങളും ദൈവത്താല്‍ അവതീര്‍ണമായ വചനങ്ങളെ മനസ്സിലാക്കാനുള്ള യത്‌നങ്ങള്‍ മാത്രമാണ്. പക്ഷേ ഈ പണ്ഡിതന്മാരുടെയും നേതാക്കളുടെയും പില്‍ക്കാലക്കാരായ അനുയായികള്‍ കടന്നു ചിന്തിച്ച് ആ വ്യാഖ്യാനങ്ങളാണ് യഥാര്‍ഥ ദീനെന്ന് തെറ്റിദ്ധരിച്ചു. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും വചനങ്ങളും അവക്ക് നല്‍കപ്പെടുന്ന വ്യാഖ്യാനങ്ങളും തമ്മില്‍ അന്തരമില്ലെന്ന് വന്നതോടുകൂടി വലിയ ഫിത്‌നകള്‍ക്കാണ് ആ പ്രവണത ജന്മം നല്‍കിയത്. അല്‍ഹംദുലില്ലാഹ്, ടെക്സ്റ്റും വ്യാഖ്യാനവും തമ്മിലെ അന്തരം അനുയായികളെ പഠിപ്പിക്കാന്‍ പ്രസ്ഥാന നായകന്‍ മൗലാനാ മൗദൂദി തുടക്കം മുതലേ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ പ്രസ്ഥാനത്തിലെ ഒരംഗവും ബാധ്യസ്ഥനല്ലെന്ന് അദ്ദേഹം സംഘടനാ രൂപീകരണ വേളയിലെ ആദ്യ പ്രസംഗത്തില്‍ തന്നെ പറഞ്ഞു.
പ്രമാണവും അതിന്റെ വ്യാഖ്യാനവും തമ്മിലെ അന്തരം ഊന്നിപ്പറഞ്ഞിരുന്നു ടി.കെ സാഹിബ്. ഖുര്‍ആനിനും സുന്നത്തിനുമല്ലാതെ, ഒരഭിപ്രായത്തിനും വിശുദ്ധിയുടെ പരിവേഷം അദ്ദേഹം നല്‍കിയില്ല. പ്രസ്ഥാനത്തില്‍ അണിചേര്‍ന്നതു പോലും ലക്ഷ്യത്തിലേക്കുള്ള പ്രയാണമാര്‍ഗം എന്ന നിലയിലാണ്. ജമാഅത്തിന്റെ ഭരണഘടനക്കോ സാഹിത്യത്തിനോ അതിലെ പണ്ഡിതശ്രേഷ്ഠര്‍ക്കോ ഒരു തരത്തിലുള്ള വിശുദ്ധ പദവിയും വന്നുകൂടരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അത്തരം സൂചനകള്‍ ഏത് ഭാഗത്തു നിന്ന് വന്നാലും തന്റെ സ്വതഃസിദ്ധ നര്‍മത്തിന്റെ വാള്‍ അതിനെതിരെ അദ്ദേഹം വീശിയിരിക്കും.
പ്രസ്ഥാനത്തിന്റെ അടിസ്ഥാന ചിന്തകളെ പുതിയ സ്ഥലകാലങ്ങളിലേക്ക് ഇറക്കിവെച്ച് പുനര്‍വായന നടത്തി തന്റേതായ ഒരു ചിന്താ മാതൃകയും ടി.കെ സാഹിബ് സമര്‍പ്പിച്ചിരുന്നു. ഒരു ഉദാഹരണം പറയാം. മൗലാനാ മൗദൂദി തന്റെ കാലത്ത് എപ്രകാരം അല്ലാഹുവിന്റെ ഹാകിമിയ്യത്തിനെ തന്റെ ചിന്താപദ്ധതിയുടെ അച്ചുതണ്ടായി സ്വീകരിച്ചുവോ അപ്രകാരം അല്ലാഹുവിന്റെ മാലികിയ്യത്തിനെ / ഉടമസ്ഥാവകാശത്തെ കേന്ദ്രീകരിച്ചാവണം പുതിയ ചിന്തയെന്ന് അദ്ദേഹം സമര്‍ഥിച്ചു. മൗലാനാ മൗദൂദിയുടെ കാലത്ത് യഥാര്‍ഥ ത്വാഗൂത്ത് (ദൈവവിരുദ്ധ ശക്തി)  പാശ്ചാത്യ സെക്യുലര്‍ ദേശരാഷ്ട്രമാണ്. ഇന്നത്തെ ഏറ്റവും വലിയ ത്വാഗൂത്ത്, സകല മണ്ഡലങ്ങളെയും ഉടമപ്പെടുത്തി മനുഷ്യനെ കേവലം അടിമയാക്കി മാറ്റുന്ന മുതലാളിത്ത അധിനിവേശ വ്യവസ്ഥയാണ്. വ്യത്യസ്ത വേദികളില്‍, കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ വരെ ഈ ആശയം അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. ഇതുപോലെ പല വിഷയങ്ങളിലും അദ്ദേഹത്തിന് പുതിയ കാഴ്ചപ്പാടും അതിന്റെ അവതരണത്തിന് പുതിയൊരു ഭാഷയും ഉണ്ടായിരുന്നു.
ടി.കെ സാഹിബില്‍നിന്ന് ഞാന്‍ പലതും ഉള്‍ക്കൊണ്ടതുപോലെ പല കാര്യങ്ങളിലും അദ്ദേഹവുമായി പൂര്‍ണമായി വിയോജിക്കുകയും ചെയ്തിരുന്നു. പക്ഷേ യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കുക അതതിന്റെ വേദികളില്‍ മാത്രം. എന്നാല്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച തത്ത്വങ്ങള്‍, പ്രവര്‍ത്തന രീതികള്‍, വൈജ്ഞാനികാന്വേഷണത്തിന്റെ പുതുവഴികള്‍, കര്‍മഭൂമിയിലെ ആ ഉത്സാഹത്തിമിര്‍പ്പ് ഇവയെല്ലാം പ്രസ്ഥാനമാര്‍ഗത്തില്‍ അണിനിരന്ന പ്രവര്‍ത്തകരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. പ്രചോദനമായിത്തീരുക എന്നത് അദ്ദേഹത്തിന്റെ സ്വദഖഃ ജാരിയ (നിലക്കാത്ത പുണ്യം) ആയിത്തീരുമാറാകട്ടെ. അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 39-42
ടി.കെ ഉബൈദ്‌