Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

ചരിത്രത്തില്‍ അനശ്വരത നേടിയ രണ്ടര വര്‍ഷം

കെ.പി.എ റസാഖ് കൂട്ടിലങ്ങാടി

ഉമര്‍ രണ്ടാമന്‍ എന്ന് ചരിത്രത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ഉമവീ രാജകുമാരനായിരുന്ന ഉമറുബ്‌നു അബ് ദില്‍ അസീസിനെ കേള്‍ക്കാത്തവരുണ്ടാവില്ല. സാക്ഷാല്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ പേരമകളുടെ മകന്‍. പാലില്‍ വെള്ളം ചേര്‍ക്കാനാവശ്യപ്പെട്ട ഉമ്മയോട് ഉമറിന്റെ ഭരണമാണെന്നോര്‍മിപ്പിക്കുകയും ഇത് കാണാന്‍ ഇവിടെ ഉമറില്ലല്ലോ, അല്‍പം ചേര്‍ത്തോ എന്ന ഉമ്മയുടെ പ്രതികരണത്തിന് ഉമര്‍ കാണില്ലെങ്കിലും സര്‍വം കാണുന്ന ദൈവം തമ്പുരാന്‍ കാണുമെന്നു പറഞ്ഞ് ഉമ്മയെ തിരുത്തുകയും ചെയ്ത ആ പെണ്‍കുട്ടിയുടെ കഥ കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഈ സംഭാഷണം അവരറിയാതെ കേട്ടുനിന്ന ഖലീഫ ഉമര്‍(റ) തന്റെ മകന് വധുവായി ഈ ദരിദ്ര പെണ്‍കൊടിയെ ആണ് തെരഞ്ഞെടുത്തത്. ആ ദാമ്പത്യ മലര്‍വാടിയില്‍ വിരിഞ്ഞ പെണ്‍കുഞ്ഞിലാണ് ഉമര്‍ രാമന്‍ ഭൂജാതനായത്.
സുഖലോലുപതയുടെ പറുദീസയില്‍ സര്‍വ ജീവിത സൗകര്യങ്ങളും സ്ഥാനമാനങ്ങളും അനുഭവിച്ചു വളര്‍ന്ന യുവാവ്. ആയിരം ദിര്‍ഹം വിലയുള്ള വസ്ത്രത്തിന് മിനുമിനുപ്പ് പോരെന്നു പറഞ്ഞ് നിരാകരിച്ചവന്‍. തന്റെ ആഢ്യത്വവും ആഡംബരവും അഹങ്കാരവും പ്രകടിപ്പിക്കാന്‍ നടത്തത്തില്‍ പോലും സവിശേഷ ശൈലി സ്വീകരിച്ചിരുന്ന വ്യക്തി.
ഇദ്ദേഹത്തിനാണ് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഖലീഫാ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നത്. രാജകുമാരന്റെ പ്രൗഢിയും പത്രാസുമായിത്തന്നെ ഭരണവും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമായിരുന്ന അദ്ദേഹം ആ പാത പരിപൂര്‍ണമായും കൈയൊഴിച്ച് അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസത്തിന്റെയും തജ്ജന്യമായ വിനയത്തിന്റെയും സൗമ്യതയുടെയും സൂക്ഷ്മതയുടെയും എളിമയുടെയും പാത തെരഞ്ഞെടുക്കുകയായിരുന്നു. ലഭ്യമായ പദവിയും ഉത്തരവാദിത്തങ്ങളും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കാനുള്ളതാണെന്ന ബോധം നിദ്രാവിഹീനവും വിശ്രമരഹിതവുമായ ദിനരാത്രങ്ങളാണ് അദ്ദേഹത്തിനു സമ്മാനിച്ചത്. ആഡംബരങ്ങള്‍ക്കും സുഖലോലുപതക്കും എന്നന്നേക്കുമായി വിടനല്‍കി പട്ടുടയാടകളും കൊട്ടാരങ്ങളും സുഖസൗകര്യങ്ങളും വര്‍ജിച്ച് ദരിദ്ര ജീവിതം തെരഞ്ഞടുത്തു അദ്ദേഹം. സുഖാഡംബരങ്ങളില്‍ ആുമുങ്ങി ജീവിച്ച് ശീലിച്ച തന്റെ കുടുംബത്തെ പുതിയ ജീവിതത്തിന് പാകപ്പെടുത്തി.
അധികാരമേറ്റപ്പോള്‍ എട്ട് ദിര്‍ഹമിന്റെ പരുപരുത്ത വസ്ത്രവും അദ്ദേഹത്തിന് ഏറെ മിനുസമുള്ളതായി. ആയിരം ദിര്‍ഹമിന്റെ വസ്ത്രം പോരാതിരുന്ന അദ്ദേഹത്തിന് ദുന്‍യാവില്‍ ഉന്നത പദവികളും സ്ഥാനമാനങ്ങളും ഖിലാഫത്ത് നേതൃത്വവും ലഭിച്ചപ്പോള്‍ അല്ലാഹുവിന്റെ സ്വര്‍ഗം ലഭ്യമാവണമെന്ന ആഗ്രഹമേയുള്ളു.
സിന്ധ് മുതല്‍ ഫ്രാന്‍സ് വരെ വ്യാപിച്ചു കിടക്കുന്ന വിശാല ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭരണാധികാരി കൂലിവേലക്കാരെപ്പോലെ പരുക്കന്‍ പണികളെടുക്കുന്നു, നാട്ടിലെ ഏറ്റവും ദരിദ്രന്റെ ഭക്ഷണം കഴിക്കുന്നു, കുടിലില്‍ താമസിക്കുന്നു. തന്റെ സമ്പത്ത് മുഴുവന്‍ രാഷ്ട്രത്തിന്റെ പൊതുഖജനാവില്‍ ഏല്‍പിക്കുന്നു. തന്റെ മുന്‍ഗാമികള്‍ അന്യായമായി നേടിയെടുത്തതെല്ലാം യഥാര്‍ഥ ഉടമകള്‍ക്കും പൊതുമുതലിലേക്കുള്ളവ അതിലേക്കും തിരിച്ചടക്കുന്നു. ഉമവീ കുടുംബത്തിന്റെ സമ്പത്ത് മുഴുവന്‍ നിഷ്‌കൃഷ്ട പരിശോധനക്കു വിധേയമാക്കി അന്യായമായി സമ്പാദിച്ചവയെല്ലാം തിരിച്ചെടുത്ത് അതത് ഉടമകള്‍ക്ക് തിരിച്ചുനല്‍കുന്നു. തന്റെ ഭരണത്തിനു കീഴില്‍ സകാത്ത് വാങ്ങാന്‍ ആളുകളില്ലാത്തവിധം രാഷ്ട്രത്തെ ക്ഷേമരാഷ്ട്രമാക്കുന്നു. ദൈവഭയമുള്ള ഭരണകര്‍ത്താക്കള്‍ക്ക് ഇസ്‌ലാമിക മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെ രാഷ്ട്രത്തെ സാമ്പത്തിക സുസ്ഥിതിയിലേക്ക് ഉയര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഭരണം. ചുരുങ്ങിയ കാലംകൊണ്ട്, ഭരണാധികാരികള്‍ രാഷ്ട്രസമ്പത്തിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് അദ്ദേഹം പഠിപ്പിച്ചു.
നിലവിലുണ്ടായിരുന്ന അന്യായ നികുതിഭാരങ്ങള്‍ മുഴുവന്‍ എടുത്തുകളഞ്ഞു. പൗരന്മാരുടെ ജീവിതാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുത്തു. പ്രജകള്‍ക്ക് വേണ്ട സര്‍വ സൗകര്യങ്ങളും ലഭ്യമാക്കി. ധൂര്‍ത്തും ആഡംബരങ്ങളും അവസാനിപ്പിച്ചു. ധനികര്‍ ധനം കുന്നുകൂട്ടി വെക്കുകയും ദരിദ്രര്‍ വിഭവദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ചു. ഒരു തുണ്ട് കടലാസ് പോലും പൊതു സ്വത്തില്‍നിന്ന് അനാവശ്യമായി ചെലവഴിക്കുന്നത് നിര്‍ത്തല്‍ ചെയ്തു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പ്രയാസമുള്ള ഒരാളും ചൈന മുതല്‍ അത്‌ലാന്റിക്ക് തീരം വരെ കാണപ്പെടാത്ത അവസ്ഥ കേവലം രരവര്‍ഷം കൊ് അദ്ദേഹം സംജാതമാക്കി. വിശ്വാസവും തജ്ജന്യമായ ദൈവഭയവും പ്രവിശാലമായ ഭൂപ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും സുഭിക്ഷതയും ലഭ്യമാക്കിയതിന് ഉമറുബ്‌നുല്‍ അബ്ദില്‍ അസീസി(റ)ന്റെ ഭരണകാലം സാക്ഷി.
മുപ്പത്തി ഒമ്പതാം വയസ്സില്‍ ആ യുഗപുരുഷന്‍ ലോകത്തോട് വിടവാങ്ങി.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി