Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

അബ്ദുര്‍റഹീം ആശാന്‍

സജീദ് ഖാലിദ്‌

അഞ്ചല്‍, കരുകോണ്‍ പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറയിട്ട പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച അബ്ദുര്‍റഹീം ആശാന്‍ (92) അല്ലാഹുവിലേക്ക് യാത്രയായി. സൗമ്യതയും ത്യാഗസന്നദ്ധതയും  അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളായിരുന്നു.
യൗവനകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍ തലങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിന്റെ തിരക്കും കുടുംബ പ്രാരബ്ധങ്ങളും കാരണം വൈകിയാണ് വിവാഹം കഴിച്ചത്. 1970-കളില്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. കെ.ടി അബ്ദുര്‍റഹീം, കൊല്ലം അബ്ദുല്ല മൗലവി, കെ.കെ മമ്മുണ്ണി മൗലവി, കൊല്ലം അബ്ദുല്‍ ഹകീം സാഹിബ് തുടങ്ങിയ പ്രസ്ഥാന നേതാക്കളുമായുള്ള ബന്ധം അദ്ദേഹത്തെ ഇസ്‌ലാമിക പ്രസ്ഥാന മാര്‍ഗത്തിലെത്തിച്ചു.
കൊല്ലം ജില്ലയില്‍ കരുകോണ്‍, അലയമണ്‍ മുസ്‌ലിം ജമാഅത്ത്  ഇസ്‌ലാമിക പ്രസ്ഥാനത്തിന് സ്വാധീനമുള്ള മഹല്ലാണ്. നിലവിലുണ്ടായിരുന്ന മഹല്ല് സംവിധാനത്തില്‍ നിരവധി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇന്നത്തെ നിലയിലെത്തിയത്. അബ്ദുര്‍റഹീം ആശാന്‍ ഈ മഹല്ലില്‍ ദീര്‍ഘകാലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.
പ്രബോധനം വാരികയുടെ ദീര്‍ഘകാല ഏജന്റായിരുന്നു അദ്ദേഹം. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ കരുകോണില്‍ അദ്ദേഹം തന്നെയാണ് വരിക്കാര്‍ക്ക് പ്രബോധനം നേരിട്ട് എത്തിച്ചിരുന്നത്.
ചിട്ടയായ ജീവിതത്തിലൂടെ ആരോഗ്യ സംരക്ഷണത്തില്‍ കണിശത പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ദീര്‍ഘകാല ജീവിതത്തിനിടക്ക് അവസാനത്തെ അഞ്ച് ദിവസം മാത്രമാണ് ആശുപത്രിവാസം വേണ്ടിവന്നത്. ഈ പ്രായത്തിനിടക്ക് ഏറ്റവും കുറച്ച് മരുന്ന് കഴിച്ചിട്ടുള്ളയാള്‍ താനായിരിക്കും എന്ന് അദ്ദേഹം പറയുമായിരുന്നു.
എല്ലാ പ്രായഘടനയിലുമുള്ള പ്രവര്‍ത്തകരുമായും പൊതുജനങ്ങളുമായും സൗമ്യമായി, പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചിരുന്ന അദ്ദേഹത്തിന് പരന്ന വായനാ ശീലവുമുണ്ടായിരുന്നു. ഏത് പ്രകോപനങ്ങളെയും  പക്വമായ നിലപാടുകളെടുത്ത് അദ്ദേഹം മറികടക്കും. നാല് മക്കളെയും മികച്ച ദീനീ വിദ്യാഭ്യാസം നല്‍കിയാണ് വളര്‍ത്തിയത്. എല്ലാവരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമാണ്.
ആരിഫാ ബീവിയാണ് ഭാര്യ. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റും കൊല്ലം ഉമയനല്ലൂര്‍ ഗ്രേസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പലുമായ സബീന ബീവി, പ്രവാസി ഇന്ത്യ യു.എ.ഇയുടെ നേതൃരംഗത്തുള്ള സാബു ഹുസൈന്‍, അനീസ, ബൈജു ഹസന്‍ എന്നിവര്‍ മക്കളാണ്. വൈ. സാസര്‍ (മാധ്യമം), നജാ ഹുസൈന്‍, ജമാല്‍, അല്‍അമീന എന്നിവര്‍ മരുമക്കളാണ്.


പി.ടി കുഞ്ഞിമരക്കാര്‍
ജമാഅത്തെ ഇസ്‌ലാമി വളവന്നൂര്‍ പ്രാദേശിക ഘടകത്തിലെ അംഗമായിരുന്നു പി.ടി കുഞ്ഞിമരക്കാര്‍ സാഹിബ്. ദീര്‍ഘകാലം കടുങ്ങാത്തുകുണ്ട് പ്രാദേശിക ജമാഅത്ത് അമീറും വളവന്നൂര്‍ നന്മ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആദ്യകാല നടത്തിപ്പുകാരനുമായിരുന്നു.
കെ.എസ്.ഇ.ബിയില്‍നിന്ന് എഞ്ചിനീയറായി വിരമിച്ച അദ്ദേഹം ജോലിയിലായിരുന്നപ്പോള്‍ അഴിമതിക്കും മറ്റു അനീതികള്‍ക്കുമെതിരെ ശക്തമായി ശബ്ദമുയര്‍ത്തി. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നീതിപൂര്‍വം നിലകൊണ്ടു. അദ്ദേഹത്തിന്റെ സ്വഭാവമഹിമ ധാരാളമാളുകളെ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്.
പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും താങ്ങും തണലുമായിരുന്ന അദ്ദേഹം, നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള പള്ളികള്‍ക്കും മദ്‌റസകള്‍ക്കും മറ്റു ദീനീ സ്ഥാപനങ്ങള്‍ക്കും ഉദാരമായി സാമ്പത്തിക സഹായങ്ങള്‍ നല്‍കി. കുടുംബത്തിലോ അയല്‍ക്കാരിലോ പ്രസ്ഥാന ബന്ധുക്കളിലോ ആരെങ്കിലും അസുഖബാധിതരായാല്‍ അത് എത്ര ദൂരെയുള്ള ആശുപത്രികളിലായിരുന്നാല്‍ പോലും ആദ്യം അവിടെ ഓടിയെത്തി അവരെ ആശ്വസിപ്പിക്കാനും ചേര്‍ത്തുപിടിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആരാധനാ കര്‍മങ്ങളിലെ കണിശതയും മാതൃകാപരമായിരുന്നു. എത്ര പ്രതികൂല കാലാവസ്ഥയിലും പള്ളിയില്‍ ആദ്യം എത്തുന്നതും നമസ്‌കാരശേഷം സുദീര്‍ഘമായ ദിക്‌റിനും പ്രാര്‍ഥനക്കും ശേഷം അവസാനം പള്ളിയില്‍നിന്ന് ഇറങ്ങുന്നതും അദ്ദേഹമായിരിക്കും. പലപ്പോഴും അദ്ദേഹത്തെ കാണാനായി നമസ്‌കാരശേഷം ദീര്‍ഘനേരം കാത്തിരുന്നത് ഓര്‍ക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം ഒഴികെ ദീര്‍ഘകാലമായി റമദാനിലെ അവസാനത്തെ പത്ത് ദിനരാത്രങ്ങള്‍ പള്ളിയില്‍ അദ്ദേഹം ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു.
ഭാര്യയും മക്കളും ഉള്‍പ്പെടെ മുഴുവന്‍ കുടുംബത്തെയും സജീവ പ്രസ്ഥാന പ്രവര്‍ത്തകരാക്കി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.


പി.ടി ജാവിദ് അഹ്മദ്


വി.കെ.സി കുഞ്ഞബ്ദുല്ല
കാസര്‍കോട് ജില്ലയിലെ പടന്നയിലും പരിസര പ്രദേശങ്ങളിലും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന പൗരപ്രമുഖനായിരുന്നു കഴിഞ്ഞ സെപ്റ്റംബര്‍ പതിനേഴിന് മരണപ്പെട്ട വി.കെ.സി കുഞ്ഞബ്ദുല്ല സാഹിബ്. മുഖ്യധാരയോട് ചേര്‍ന്നു നടന്നപ്പോഴും, തന്റെ ജമാഅത്ത് അനുഭാവം മറച്ചു പിടിക്കാന്‍ വി.കെ.സി കൂട്ടാക്കിയിരുന്നില്ല.
തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ്, പടന്ന ജമാഅത്തുല്‍ ഇസ്‌ലാം ദര്‍സ് കമ്മിറ്റി ഉന്നതാധികാര സമിതി അംഗം, പാണ്ട്യാലവളപ്പ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ നല്‍കാന്‍ നാട്ടുകാര്‍ക്കും വി.കെ.സിയുടെ ജമാഅത്ത് അനുഭാവം തടസ്സമായില്ല.
മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചിരുന്നു. മക്കളെ ജമാഅത്ത് സ്ഥാപനങ്ങളില്‍ പഠിപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ സോണല്‍ ഓഫീസറായ മൂത്ത മകന്‍ കെ. സഫറുല്ല ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജിലാണ് പഠനം നടത്തിയത്.
1964-ല്‍ ജമാഅത്ത് അനുഭാവികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്‌ളിന്റെ പ്രവര്‍ത്തനങ്ങളുമായി തുടക്കം മുതല്‍ വി.കെ.സി സഹകരിച്ചിരുന്നു. യാഥാസ്ഥിതിക വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പുകളെയും ശാരീരിക കൈയേറ്റങ്ങളെയും ചെറുത്ത്, പ്രദേശത്ത് പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ വി.കെ.സി കുഞ്ഞബ്ദുല്ല സാഹിബിന്റെ സേവനങ്ങള്‍ നിസ്തുലമാണ്. മര്‍ഹൂം പി.കെ അബൂബക്കര്‍ നദ്‌വിക്ക് നേരെയുണ്ടായ കൈയേറ്റവും കെ. മൊയ്തു മൗലവിക്കും അബൂബക്കര്‍ ഉമരിക്കും നേരെയുണ്ടായ പ്രസംഗ വിലക്കും  ചെറുക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു.
   1981-ല്‍ ഹൈദരാബാദില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തിലും പിന്നീട് മലപ്പുറം ദഅ്‌വത്ത് നഗറില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തിരുന്നു. പടന്ന ഇസ്‌ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളോട് എന്നും അനുഭാവം പ്രകടിപ്പിച്ചിരുന്ന വി.കെ.സി, ഭാര്യവീട് സ്ഥിതിചെയ്യുന്ന മെട്ടമ്മലിലും കൈക്കോട്ട് കടവിലും ജോലിക്കായി എത്തുന്ന മറ്റു ജില്ലകളില്‍നിന്നുള്ള പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അത്താണിയായിരുന്നു. പ്രബോധനം സ്ഥിരമായി കൈയില്‍ കൊണ്ടു നടക്കാറുണ്ടായിരുന്ന അദ്ദേഹം മറ്റുള്ളവരെ വായിക്കാനും പ്രേരിപ്പിക്കുമായിരുന്നു. ആദ്യകാല നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
സഫറുല്ല, യാസര്‍ (വൈസ് പ്രസിഡന്റ,് കെ.എം.സി സി - ജോഹര്‍ മലേഷ്യ), നിയാസ് (ദുബൈ), റസീന, ഷബാന, ഫാത്തിബി എന്നിവര്‍ മക്കളാണ്.
 

കലീം മിയ


എസ്.എല്‍.പി അബ്ദുശ്ശുകൂര്‍
കണ്ണൂര്‍ മാട്ടൂല്‍ ജമാഅത്ത് ഘടകത്തിലെ പ്രവര്‍ത്തകന്‍ മാട്ടൂല്‍ നോര്‍ത്തില്‍ താമസിക്കുന്ന മാടായി മുട്ടം സ്വദേശി  എസ്.എല്‍.പി അബ്ദുശ്ശുകൂര്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. വാദിഹുദാ എജുക്കേഷനല്‍ കോംപ്ലക്‌സ് സ്ഥാപക ട്രസ്റ്റ് അംഗമാണ്.  ജമാഅത്തെ ഇസ്‌ലാമി മാട്ടൂല്‍ കാര്‍കുന്‍ ഹല്‍ഖാ സെക്രട്ടറി, നോര്‍ത്ത് മാപ്പിള യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, മാട്ടൂല്‍ ഹിറാ സെന്റര്‍, മാട്ടൂല്‍ ബൈത്തുസ്സകാത്ത്, റഹ്മാ ചാരിറ്റബ്ള്‍ സൊസൈറ്റി എന്നീ സംരംഭങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചു. പ്രാസ്ഥാനിക കുടുബ പശ്ചാത്തലത്തില്‍ വളര്‍ന്ന അദ്ദേഹം, ആദ്യകാലത്ത് മുട്ടത്ത് പത്ത് പേരടങ്ങുന്ന വിദ്യാസമ്പന്നരായ യുവാക്കളോടൊപ്പം ചേര്‍ന്ന് നാട്ടിലെ യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെ യംഗ്‌മെന്‍സ് എന്ന യുവജന സംഘടനയും ലൈബ്രറിയും വായനശാലയും സ്ഥാപിക്കുന്നതില്‍ പങ്കാളിയായി. മഹല്ല് കമ്മിറ്റിയുടെ ഒത്താശയോടെ നടന്ന എതിര്‍പ്പുകള്‍ നോട്ടീസ് വാറോലകളായി കള്ളകഥകള്‍ പ്രചരിപ്പിച്ചായിരുന്നു. നല്ല മലയാളത്തില്‍ മറുകുറിപ്പുകള്‍ തയാറാക്കിയായിരുന്നു യംഗ്‌മെന്‍സിന്റെ ചുട്ട മറുപടികള്‍. മാധ്യമം, പ്രബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണത്തിന് എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു. പ്രസ്ഥാന ഘടനയില്‍ ഫിത്വ്ര്‍ സകാത്ത് സംഭരണവും വിതരണവും നടക്കുമ്പോള്‍, തന്റെ വീടിന്റെ തൊട്ടടുത്തുള്ള സലഫി പള്ളിയില്‍ തന്റെയും കുടുംബത്തിന്റെയും ഫിത്വ്ര്‍ സകാത്ത് വിഹിതം ഏല്‍പ്പിച്ച് അവരുമായി സഹകരിക്കുമായിരുന്നു. 
നെല്‍കൃഷി ഇല്ലാതായശേഷം നാളികേര കൃഷിയെ മാത്രം ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തി. ആഡംബരത്തിന്നു പിന്നാലെ പോകാതെ ഉള്ളതില്‍ തൃപ്തിപ്പെട്ടും കിട്ടാവുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും കഴിഞ്ഞു. 
കുടുംബത്തെ പ്രസ്ഥാനഘടനയില്‍ കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. ഭാര്യ: വി.പി ജമീല. മക്കള്‍: ഫര്‍സാന, ഫര്‍ഹാന, ഹസീന (അധ്യാപിക, ഹെവന്‍സ് മാട്ടൂല്‍ നോര്‍ത്ത്), റിസ്‌വാന, ആഇശ, അബ്ദുര്‍റഹ്മാന്‍ ആസിഫ് (അബൂദബി). മരുമക്കള്‍: എ.കെ മഹ്ബൂബ്, സി.എം ഹഫീഫ്, ശാദിയ (മൂവരും അബൂദബി), മുഹമ്മദ് റഫീഖ് (കുവൈത്ത്), ഉമര്‍ ഫാറൂഖ് (അസി. കണ്‍വീനര്‍, മെറിറ്റ്, മിനാര്‍), എസ്.വി ശുഹൈല്‍ (ദുബൈ). 

എസ്.എല്‍.പി സിദ്ദീഖ്


എന്‍. നസീമ ടീച്ചര്‍
പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വനിതാ-വിദ്യാര്‍ഥിനി വിഭാഗങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ഈയിടെ വിടപറഞ്ഞ എന്‍. നസീമ ടീച്ചര്‍ (67). ജനിച്ചതും വളര്‍ന്നതും വണ്ടൂരിലാണെങ്കിലും എണ്‍പതുകളുടെ തുടക്കം മുതല്‍ തന്റെ കര്‍മമണ്ഡലമായി പൊന്നാനി തെരഞ്ഞെടുക്കുകയായിരുന്നു.
പൊന്നാനി ഐ.എസ്.എസ് ഹയര്‍ സെക്കന്ററി  സ്‌കൂളില്‍ നഴ്‌സറി വിഭാഗത്തില്‍ അധ്യാപികയായി ചേര്‍ന്ന അവര്‍ പിന്നീട് വനിതാ വിഭാഗത്തിന്റെ ഫുള്‍ടൈം പ്രവര്‍ത്തകയായി മാറി. പൊന്നാനിയോടൊപ്പം വെൡയങ്കോട്, മാറഞ്ചേരി, എടപ്പാള്‍ എന്നീ മേഖലകളിലും വനിതാ-വിദ്യാര്‍ഥിനി ഘടകങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അവധി ദിവസങ്ങള്‍ പൂര്‍ണമായി പ്രസ്ഥാന മാര്‍ഗത്തില്‍ നീക്കിവെച്ചു. സാധാരണ പ്രവൃത്തിദിവസങ്ങളില്‍ സഹപ്രവര്‍ത്തകര്‍ വൈകുന്നേരം വീടണയുമ്പോള്‍ ഐ.പി.എച്ച് ഗ്രന്ഥങ്ങളും ലഘുലേഖകളും പ്രബോധനവും ആരാമവും ബാഗില്‍ നിറച്ച് ടീച്ചര്‍ പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും വീടുകള്‍ കയറിയിറങ്ങുകയാവും.
പ്രസ്ഥാന വഴിയിലെ മുഴുവന്‍ കുട്ടികളെയും തന്റെ സ്വന്തം മക്കളായി കാണാന്‍ അവര്‍ക്ക് സാധിച്ചു. സ്വന്തം മക്കളേക്കാള്‍ മറ്റുള്ളവരുടെ മക്കളെ പരിഗണിക്കുന്നുവോ എന്ന സംശയം തോന്നുംവിധം ഹൃദ്യമായിരുന്നു ടീച്ചറുടെ സമീപനവും പെരുമാറ്റവും. എണ്‍പതുകളുടെ തുടക്കം മുതല്‍ നീണ്ട ഒരു കാലയളവ് പൊന്നാനി ഏരിയയുടെ വനിതാ കണ്‍വീനര്‍ പദവിയില്‍ അവരായിരുന്നു ഉണ്ടായിരുന്നത്. രോഗം ബാധിച്ച് കിടപ്പിലാകുന്നതു വരെയും അവര്‍ പ്രസ്ഥാനത്തെ ചലിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ വനിതാ വിഭാഗം ഏരിയാ അസിസ്റ്റന്റ് സെക്രട്ടറിയായും ചമ്രവട്ടം ജംഗ്ഷന്‍ ഹല്‍ഖാ നാസിമത്തായും അവര്‍ പ്രവര്‍ത്തിച്ചു. 
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് അവര്‍ മുന്‍ഗണന നല്‍കി. തന്റെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നൂറുകണക്കിന് കുടുംബങ്ങളുടെ അത്താണിയായി അവര്‍ മാറി. എണ്‍പതുകളില്‍ പൊന്നാനിയില്‍ കാലുകുത്തിയെങ്കിലും ഈയിടെ മാത്രമാണ് ഒരു കൊച്ചു വീട് നിര്‍മിച്ച് അതില്‍ താമസം തുടങ്ങിയത്.
ഐ.എസ്.എസ് സ്ഥാപനം കേന്ദ്രീകരിച്ച് വനിതാ സ്റ്റാഫ് ഹല്‍ഖയെ മുന്നില്‍നിന്ന് നയിച്ച്, എല്ലാവരിലേക്കും ഇസ്‌ലാമിക വിജ്ഞാനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകക്കുറി ആരംഭിച്ചിരുന്നു. ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വീടുകളില്‍ വ്യാപകമായി വിതരണം ചെയ്യാന്‍ ഇത് അവസരമൊരുക്കി. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമും മറ്റു പഠന സാമഗ്രികളും സംഘടിപ്പിച്ചുകൊടുക്കാന്‍ പ്രത്യേക ഫണ്ട് ശേഖരിക്കുമായിരുന്നു. രോഗിയായി കഴിയേണ്ടിവന്ന ഏതാനും മാസങ്ങള്‍ ഒഴികെ മുഴുസമയവും പ്രസ്ഥാന മാര്‍ഗത്തിലെ മാര്‍ഗദീപമായി അവര്‍ ജ്വലിച്ചുകൊണ്ടേയിരുന്നു. ഖലീല്‍ ഹസന്‍ (രിയാദ്), ഡോ. ഹസീന എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സക്കിയ, സൈനുദ്ദീന്‍ (ദുബൈ).

അബൂ സലീല


കെ.പി അബു
കുറ്റിക്കാട്ടൂര്‍ കാര്‍കുന്‍ ഹല്‍ഖയിലെ അംഗമായിരുന്നു കണിയാത്ത് കിഴ്മീത്തില്‍ കെ.പി അബു സാഹിബ് (82). സൗമ്യസ്വഭാവവും ശാന്തപ്രകൃതവുമായിരുന്നു അദ്ദേഹത്തിന്. പുഞ്ചിരിയോടെയല്ലാതെ  സംസാരിക്കുമായിരുന്നില്ല. തന്റെ പരിഭവങ്ങളോ പരാതികളോ രോഗം തീക്ഷ്ണമായ സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം പങ്കുവെച്ചില്ല. താന്‍ കാരണം മറ്റൊരാളെ പ്രയാസപ്പെടുത്തേണ്ടതില്ല എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ നയിച്ചത്.
കോഴിക്കോട് ജി.എച്ച് റോഡില്‍ കച്ചവടം നടത്തിയിരുന്ന 80-കളില്‍ അദ്ദേഹം പാളയം മുഹ്‌യിദ്ദീന്‍ പള്ളി കമ്മിറ്റിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കുറ്റിക്കാട്ടുരിലേക്ക് താമസം മാറിയതിനു ശേഷമാണ് ഹിറാ മസ്ജിദുമായും പ്രസ്ഥാനവുമായും കൂടുതല്‍ അടുത്തത്. പള്ളിയുടെ തുടക്കകാലത്ത് പായ വിരിച്ച് അരിക് സ്വന്തം കൈകൊണ്ട് തുന്നി ആരുടെയും സഹായമില്ലാതെ സംവിധാനിച്ചത് അദ്ദേഹമായിരുന്നു.
കുറ്റിക്കാട്ടുര്‍ ആനക്കുഴിക്കര സ്വന്തം പെട്ടിക്കട നടത്തി വരവെ ചെറിയ നമസ്‌കാര പള്ളിയും പരിസരവും എന്നും അദ്ദേഹം ശുചീകരിക്കുമായിരുന്നു. ഒരിക്കല്‍ പ്രസ്തുത പള്ളിയില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം എഴുന്നേറ്റു നിന്ന് പള്ളിയും പരിസരവും ശുചീകരിക്കുന്നതിന്റെ മഹത്വം അദ്ദേഹം വിവരിച്ചു. സ്ഥിരമായി പളളിയില്‍ വന്നുകൊണ്ടിരുന്ന ഏതാനും വിശ്വാസികള്‍ക്ക് അത് പ്രചോദനമായി. വലിയ മഹല്ലിന്റെ കീഴിലുള്ള ഒരു ചെറിയ നമസ്‌കാരപ്പള്ളി എന്ന നിലക്ക് കമ്മിറ്റിയുടെ ശ്രദ്ധയും പിന്നീടുണ്ടായി.
ഭാര്യമാര്‍: സൈനബ. സുലൈഖ. മക്കള്‍: റിയാസ്, അനസ്, നവാസ്.


സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി