Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

വൈജ്ഞാനിക ശാക്തീകരണത്തില്‍ ദാറുല്‍ഹുദായുടെ ഇടപെടലുകള്‍

അബൂമാഹിര്‍ പടിഞ്ഞാറ്റുമുറി

കേരളത്തിന്റെ ഉന്നത മതവിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സാധ്യമാക്കിയ ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ ഒന്നാണ് ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി. മത-ഭൗതിക വിഷയങ്ങളും വിവിധ ഭാഷകളും പരമ്പരാഗത-ആധുനിക പഠന ശൈലികളും സമന്വയിപ്പിച്ച് ദാറുല്‍ഹുദാ വിഭാവന ചെയ്ത വിദ്യാഭ്യാസ സംവിധാനം സവിശേഷമാണ്.  പാശ്ചാത്യ അധിനിവേശാനന്തരം ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയിലുണ്ടായ മൂല്യശോഷണങ്ങള്‍ക്ക് പരിഹാരമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത വൈജ്ഞാനിക നവോത്ഥാന ശ്രമങ്ങളില്‍ ശ്രദ്ധേയമാണ് ദാറുല്‍ഹുദായുടെ സമന്വയ വിദ്യാഭ്യാസ മാതൃകയും. കാലത്തിനുമുമ്പേ സഞ്ചരിച്ച ധിഷണാശാലികളായ സ്ഥാപകനേതൃത്വത്തിന്റെ പക്വമായ ചിന്തകളാണ് മൂന്നു പതിറ്റാണ്ടിനു ശേഷവും അതിനെ വര്‍ധിത പ്രസക്തമാക്കുന്നത്. രണ്ടായിരത്തോളം വരുന്ന ദാറുല്‍ഹുദാ സന്തതികള്‍ ഇന്ന് കേരളത്തിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും, ഇരുപതിലധികം രാഷ്ട്രങ്ങളിലുമായി സജീവമായ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യവും അന്തരീക്ഷവും കൂടിയാണ് ശക്തമായ ഈയൊരു അടിത്തറ പാകുന്നതില്‍  നിര്‍ണായക പങ്കുവഹിച്ചതെന്നു പറയാം. 
ഇത്തരമൊരു സംവിധാനം കേരളത്തിനു പുറത്തും പറിച്ചുനടുകയെന്ന ചിന്തയും നിര്‍ബന്ധബുദ്ധിയും ദീര്‍ഘദൃക്കുകളായ അതിന്റെ സ്ഥാപക നേതാക്കള്‍ വെച്ചുപുലര്‍ത്തി. തങ്ങളുടെ യാത്രകളില്‍ അനുഭവിച്ച കേരളേതര മുസ്ലിംകളുടെ ദയനീയമായ ജീവിതങ്ങളാണ് സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി അടക്കമുള്ളവരുടെ മനസ്സിനെ പിടിച്ചുലച്ചത്. ആയിരക്കണക്കിന് മത ബിരുദധാരികള്‍ കേരളക്കരയിലുണ്ടെങ്കിലും അതിര്‍ത്തിക്കപ്പുറമുള്ള മുസ്‌ലിം സമൂഹത്തോട് സംവദിക്കാന്‍ ഭാഷ വിഘ്‌നം സൃഷ്ടിക്കുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിനായിരുന്നു കേരളത്തിനു പുറത്തെ ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു ഭാഷയായ ഉര്‍ദുവിനെ നിര്‍ബന്ധ പാഠ്യവിഷയമായി ദാറുല്‍ഹുദാ സിലബസില്‍ ഉള്‍പ്പെടുത്തിയത്. 
1994 മുതല്‍  സ്ഥാപനത്തിലെ മുതിര്‍ന്ന വിദ്യാര്‍ഥികളെ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലേക്ക് പ്രബോധന -പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി പറഞ്ഞയക്കാന്‍ തുടങ്ങി. ദാറുല്‍ഹുദായുടെ ഓരോ സന്തതിയും കേരളേതര സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് വിവിധ മുസ്‌ലിം സ്ഥാപനങ്ങളെയും സമൂഹങ്ങളെയും പഠിക്കണമെന്ന ലക്ഷ്യത്തോടെ നാഷ്‌നല്‍ ദഅ്‌വാ പ്രോഗ്രാം എന്ന പേരില്‍ വിപുലമായ പദ്ധതിയായി ഇന്നത് പരിണമിച്ചു. 1998-ല്‍ നടന്ന പ്രഥമ ബിരുദദാന വാര്‍ഷിക സമ്മേളനം മുതല്‍ ഇന്നേവരെ നടന്ന എല്ലാ സമ്മേളനങ്ങളിലെയും പ്രധാന അജണ്ടയായി ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ ശാക്തീകരണം ഇടം പിടിച്ചു. ഇതര സംസ്ഥാനങ്ങളിലുള്ള സ്ഥാപന നടത്തിപ്പുകാരെയും പണ്ഡിതരെയും സമുദായ നേതൃത്വത്തെയും അതിഥികളായി ക്ഷണിച്ചു വരുത്തി കേരള മാതൃകകള്‍ പകര്‍ന്നുനല്‍കി. ഇത്തരം മികച്ച പഠനാവസരം അവിടത്തുകാര്‍ക്കുകൂടി ലഭ്യമാകണമെന്ന് പലരും ആഗ്രഹിച്ചു. ഓരോ പ്രദേശത്തും വൈജ്ഞാനിക മുന്നേറ്റം സാധ്യമാകണമെങ്കില്‍ മാതൃഭാഷയില്‍ സംസാരിക്കുന്ന അവിടെനിന്നുതന്നെയുള്ള പുതുതലമുറ വളര്‍ന്നു വരണമല്ലോ. അങ്ങനെയാണ് 1999-ല്‍ കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി ഉര്‍ദു ഭാഷാമാധ്യമമായി നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ സ്ഥാപിതമായത്. നിലവില്‍ ഇരുപതിലധികം സംസ്ഥാനങ്ങളില്‍നിന്നും നേപ്പാളില്‍നിന്നുമായി 400-ഓളം വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ പഠനം നടത്തുന്നു.
എന്നാല്‍, കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക വിപ്ലവത്തിന് അവ പര്യാപ്തമല്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഇതര സംസ്ഥാനങ്ങളില്‍ തന്നെ സ്ഥാപനം തുടുങ്ങുക എന്ന ലക്ഷ്യവുമായി ദാറുല്‍ ഹുദാ നാഷ്‌നല്‍ പ്രോജക്ടിന് രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന സ്ഥാപനങ്ങളെ ശാക്തീകരിക്കാനും ദാറുല്‍ഹുദാ പാഠ്യപദ്ധതി ആരംഭിക്കാനും ശ്രമങ്ങള്‍ നടന്നെങ്കിലും അവ വേണ്ടത്ര വിജയകരമായിരുന്നില്ല. 
പിന്നീടാണ് വിവിധയിടങ്ങളില്‍ നേരിട്ട് കാമ്പസുകള്‍ തുടങ്ങുകയും ഹുദവി അധ്യാപകരുടെ നേതൃത്വത്തില്‍തന്നെ അവ  ചലിപ്പിക്കുകയുമെന്ന രീതി ദാറുല്‍ഹുദാ സ്വീകരിക്കുന്നത്. പ്രാദേശികമായി നടന്നുവരുന്ന സംവിധാനങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിലെ പ്രശ്നങ്ങളും പരിമിതികളും, സ്വന്തമായി സ്ഥാപനം തുടങ്ങുമ്പോഴുള്ള നല്ല വശങ്ങളും ഒരുപോലെ തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നീക്കം ആരംഭിക്കുന്നത്. വിജയകരമായ ആ കാല്‍വെപ്പ് പ്രാഥമിക മതപാഠശാല(മക്തബ്)കളും ഉന്നത മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പതിനായിരങ്ങള്‍ക്ക് വ്യവസ്ഥാപിതമായി വിദ്യ നുകര്‍ന്നു കൊടുക്കുന്ന വലിയൊരു സംവിധാനമായി വികാസം പ്രാപിച്ചിരിക്കുകയാണ്. 

ആന്ധ്രപ്രദേശ്
കേരളത്തിനു പുറത്തെ ദാറുല്‍ഹുദായുടെ ആദ്യ ഓഫ് കാമ്പസാണ് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂരില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനം. ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 2009-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം ദാറുല്‍ഹുദായുടെ നാഷ്‌നല്‍ പ്രോജക്ടിലെ വിപ്ലവകരമായ ചുവടുവെപ്പായിരുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയ വിശാലമായ കാമ്പസിലുള്ള മതവിദ്യഭ്യാസ കേന്ദ്രം നവ്യാനുഭൂതിയായിരുന്നു പ്രദേശവാസികള്‍ക്ക്. നിലവില്‍ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നായി ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിതാക്കളാണ്. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാടിന്റെ നേതൃത്വത്തില്‍ ഇരുപതോളം ഹുദവി അധ്യാപകരാണ് ഇവിടെ സേവനം ചെയ്യുന്നത്. കാമ്പസിന് സമീപമുള്ള മക്തബുകളും മസ്ജിദുകളും ശാക്തീകരിക്കാനുള്ള ശ്രമങ്ങളില്‍നിന്നാണ് ദാറുല്‍ഹുദാ പൂര്‍വ വിദ്യാര്‍ഥി സംഘടന 'ഹാദിയ'യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ദേശീയ ശ്രദ്ധയാകര്‍ഷിച്ച മോറല്‍ സ്‌കൂള്‍ പദ്ധതി രൂപം കൊള്ളുന്നത്. അന്ധ്രയിലെ 230 പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഹാദിയ മോറല്‍ സ്‌കൂളുകളുടെ കേന്ദ്രമായും പുങ്കനൂരിലെ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. കേരളത്തിലേതിന് സമാനമായി മാതൃകാ മഹല്ല് സംവിധാനവും കൊണ്ടപ്പള്ളി എന്ന പ്രദേശം കേന്ദ്രീകരിച്ച് ഇവിടെ നടന്നുവരുന്നുണ്ട്. സമാനമായി മറ്റൊരു ഗ്രാമത്തില്‍ വിമന്‍സ് കോളേജ് സംവിധാനത്തിനും തുടക്കം കുറിക്കപ്പെട്ടു. സ്ഥാപനം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നത് പ്രതീക്ഷാവഹമാണ്. പ്രാഥമിക പഠനരംഗത്ത് കാര്യക്ഷമത കൈവന്നതും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍ അല്‍പമെങ്കിലും തെലുങ്ക്, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കാന്‍ തുടങ്ങിയതും അതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സഹൃദയരെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാനും സ്ഥാപനം വഴി സാധിച്ചിട്ടുണ്ട്. തദ്ദേശീയ വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ ഓറിയന്റേഷന്‍ ക്യാമ്പുകളും, സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ മോഡല്‍ വില്ലേജ്/സ്‌കൂള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ഫീല്‍ഡ് വര്‍ക്ക്, വണ്‍ഡെ വര്‍ക്ക്ഷോപ്പുകളും നടത്തപ്പെടാറുണ്ട്. സ്ഥാപനത്തിന്റെ പ്രഥമ ബാച്ച് വിദ്യാര്‍ഥികള്‍ ദാറുല്‍ഹുദായിലെ പി.ജി പഠനവും കഴിഞ്ഞ് ഹുദവികളായി പുറത്തിറങ്ങി ഈ അധ്യയന വര്‍ഷം മുതല്‍ ആന്ധ്രപ്രദേശിലെ വിവിധ സമുദായ ശാക്തീകരണ പദ്ധതികളില്‍ സേവനനിരതരായിരിക്കുന്നുവെന്നത് ഏറെ അഭിമാനകരമാണ്. 

ബംഗാള്‍
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് വരച്ചുകാട്ടിയ പോലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയുടെ നേര്‍ചിത്രമായി മാറിയ പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലെ ഭീംപൂരിലാണ് ദാറുല്‍ഹുദായുടെ രണ്ടാമത് ഓഫ് കാമ്പസിന് സമാരംഭം കുറിക്കുന്നത്. ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള അസ്സകീന ട്രസ്റ്റ് കൈമാറിയ 12 ഏക്കര്‍ സ്ഥലത്താണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്. 2012 സെപ്റ്റംബര്‍ 26-ന് 40 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി പഠനാരംഭം കുറിച്ച സ്ഥാപനം അതിന്റെ ആദ്യദശകം വിപുലമായി ആഘോഷിക്കുകയാണിപ്പോള്‍. നിലവില്‍ ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍  സംസ്ഥാനങ്ങളില്‍നിന്നായി 300-ലധികം വിദ്യാര്‍ഥികളും ഇരുപതില്‍പരം ഹുദവി അധ്യാപകരും കാമ്പസിലുണ്ട്. ബംഗാളിലെ വിവിധയിടങ്ങളിലായി അടിത്തട്ടിലിറങ്ങി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാന്‍ പോന്ന വലിയൊരു തലമുറ ഈ സ്ഥാപനത്തിലിന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നു. ഡിഗ്രി അവസാന വര്‍ഷത്തിലാണ് കാമ്പസിലെ പ്രഥമ ബാച്ചുകാര്‍.
ഇതിനു പുറമെ നിരവധി സംരംഭങ്ങളാണ് കാമ്പസ് കേന്ദ്രമായി നടന്നുവരുന്നത്. ഭീംപൂര്‍ പ്രദേശത്തെ മോഡല്‍ വില്ലേജായി പരിവര്‍ത്തിപ്പിക്കുന്നതിന് കുട്ടികള്‍ക്കായുള്ള മോറല്‍ സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോച്ചിംഗ് സെന്റര്‍ എന്നിവയടങ്ങിയ ദാറുല്‍ ഫൗസ് എജുക്കേഷന്‍ സെന്ററാണ് അവയില്‍ ശ്രദ്ധേയം. പെണ്‍കുട്ടികള്‍ക്കു വേണ്ടി നടന്നുകൊണ്ടിരിക്കുന്ന ഡേ കോളേജ് സ്ത്രീവിദ്യാഭ്യാസ മേഖലയില്‍ ആശാവഹമായ മുന്നേറ്റമാണ്. പ്രദേശത്തെ ഇമാമുമാര്‍ക്ക് നേതൃപരിശീലനം നല്‍കുന്ന ഇമാം എംപവര്‍മെന്റ് കോഴ്സ്, ലഹരിവിരുദ്ധ കാമ്പയിനുകള്‍, പെണ്‍കുട്ടികള്‍ക്ക് ടൈലറിംഗ് കോഴ്സ് എന്നിവ ഇവ കേന്ദ്രീകരിച്ച്  നടന്നുവരുന്നു. 

അസം
അസമിലെ ബാര്‍പേട്ട ജില്ലയിലെ ബൈശയിലാണ് (അസമുകാര്‍ ബൈഹ എന്നു വിളിക്കും) 2013 മാര്‍ച്ച്  24-ന് കേരളത്തിനു പുറത്തെ ദാറുല്‍ഹുദായുടെ മൂന്നാമത് ഓഫ് കാമ്പസിന് ശിലപാകിയത്. അസമിനു പുറമെ മേഘാലയ, മണിപ്പൂര്‍, ത്രിപുര എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നായി 300-ലേറെ വിദ്യാര്‍ഥികളാണ് ഇവിടെ വിദ്യ നുകരുന്നത്. ഏഴ് അധ്യയന വര്‍ഷം പൂര്‍ത്തിയാക്കിയ കാമ്പസില്‍ ഈ വര്‍ഷം മുതല്‍ ഡിഗ്രി പഠനത്തിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സ് എന്നിവക്കും സമാരംഭം കുറിച്ചിട്ടുണ്ട്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക വിദ്യാര്‍ഥിനികള്‍ക്കു ഗേള്‍സ് സ്‌കൂളും ഇതിനോടൊപ്പം നടന്നുവരുന്നു. സ്ഥാപനം കേന്ദ്രീകരിച്ച് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന നിരവധി മക്തബുകളും നടക്കുന്നുണ്ട്. 

കര്‍ണാടക
ഉത്തര കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗല്‍ താലൂക്കിലെ ഗജ്ജിഹള്ളി പഞ്ചായത്തിലാണ് ദാറുല്‍ഹുദാ ഹാംഗല്‍ ഓഫ് കാമ്പസ് സ്ഥിതിചെയ്യുന്നത്. 2016 ആഗസ്റ്റില്‍ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട സ്ഥാപനത്തില്‍ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നായി 120-ഓളം വിദ്യാര്‍ഥികള്‍ വിദ്യയഭ്യസിക്കുന്നു. ആറ് ഏക്കറിലേറെ വരുന്ന സ്ഥലത്ത് 400 വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള കെട്ടിടത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. സ്ഥാപനത്തിലെ വിദ്യാര്‍ഥികളില്‍ സേവനസന്നദ്ധതയും ദൗത്യത്തെക്കുറിച്ച അവബോധവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചുള്ള പരിശീലനപ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കായുള്ള ഉദ്ബോധന ക്ലാസുകളും നടന്നുവരുന്നു. 
കേരളത്തിനു പുറത്തുള്ള അഞ്ചാമത് ഓഫ് കാമ്പസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലെ വഡോളിയില്‍ ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ദാറുല്‍ഹുദായുടെ അതേ പാഠ്യപദ്ധതി പിന്തുടരുന്നവയും ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്നുവരുന്നവയുമാണ്. കൂടാതെ മുംബൈയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളേജ്, കര്‍ണാടക കാശിപട്ണയിലെ ദാറുന്നൂര്‍ അക്കാദമി, മാടന്നൂരിലെ നൂറുല്‍ഹുദാ അക്കാദമി എന്നിവ കേരളത്തിനു പുറത്തെ ദാറുല്‍ഹുദായുടെ അഫിലിയേറ്റഡ് സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നു.

മറ്റു സംരംഭങ്ങള്‍, ഭാവി പദ്ധതികള്‍
ദാറുല്‍ഹുദായുടെ വിവിധ കാമ്പസുകള്‍ക്കു പുറമെ പൂര്‍വ വിദ്യാര്‍ഥി സംഘടന 'ഹാദിയ'യും നിരവധി സംരംഭങ്ങളാണ് ദേശീയ തലത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എഴുനൂറില്‍പരം മോറല്‍ സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം നിരവധി മക്തബുകളും മസ്ജിദുകളും നിര്‍മിക്കുകയും മഹല്ല് സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. രാജ്യത്തെ മൂന്നു മുസ്ലിം ഭൂരിപക്ഷ ജില്ലകളിലൊന്നായ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂരും സംഘവും നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവിടത്തെ സാമൂഹിക-വിദ്യാഭ്യാസ മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. നേതൃരാഹിത്യം നേരിടുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവര്‍ക്കിടയില്‍നിന്നുതന്നെ നേതൃത്വത്തെ സമ്മാനിക്കുകയെന്ന സ്വപ്നത്തോടെ കിഷന്‍ഗഞ്ചില്‍ ആരംഭിച്ച ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സില്‍ നിലവില്‍ 160-ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. സ്വന്തമായ കെട്ടിട നിര്‍മാണ ഘട്ടത്തിലാണിപ്പോള്‍ സ്ഥാപനം.
നിലവിലെ ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രായലിംഗ ഭേദമന്യേ മുസ്‌ലിം പൊതു ജനങ്ങള്‍ക്ക് മതവിദ്യാഭ്യാസത്തിന് അവസരമൊരുക്കാന്‍ ഉര്‍ദു ഭാഷയില്‍ നിരവധി കോഴ്‌സുകളാണ് ദാറുല്‍ഹുദായുടെ പൊതുവിദ്യാഭ്യാസ സംരംഭമായ 'സെന്റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്റ് ട്രെയ്‌നിംഗ്' ആസൂത്രണം ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കാമ്പസ് തുടങ്ങാനുള്ള അപേക്ഷകള്‍ ദാറുല്‍ഹുദായെ നിരന്തരം തേടിയെത്തുന്നുണ്ട്. 

ഹാദിയ മോറല്‍ സ്‌കൂള്‍
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന 'ഹാദിയ' (ഒഅഉകഥഅഔറമംശ'െ അീൈരശമശേീിമ ളീൃ ഉല്ീലേറ കഹെമാശര അരശേ്ശശേല)െ ഗ്രാമങ്ങളില്‍ മതബോധവും വിദ്യാഭ്യാസ സംസ്‌കാരവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2006 മുതല്‍ കേരളത്തിനു പുറത്ത് പ്രവര്‍ത്തിച്ചുവരുന്നു. 
വ്യക്തികള്‍ സ്വന്തമായും ചെറുസംഘങ്ങളായും നടത്തുന്ന നിരവധി ഹിഫ്‌ള് കോളേജുകളും അറബിക് & ഇസ്‌ലാമിക് കോളേജുകളും ഓരോ സംസ്ഥാനത്തുമുണ്ട്. പക്ഷേ കേരളത്തിലെ പോലെ വ്യവസ്ഥാപിത രൂപത്തിലും ഏകീകൃത സിലബസിലുമുള്ള മദ്‌റസാ പ്രസ്ഥാനം മിക്ക സംസ്ഥാനങ്ങളിലുമില്ല. അതിനാല്‍ ദേശീയതലത്തില്‍ പ്രാഥമിക മതപഠന സംവിധാനം വ്യവസ്ഥാപിതമാക്കുന്നതിന് 2012-ല്‍  'ഹാദിയ' പദ്ധതി ആവിഷ്‌കരിച്ചു.
5-നും 18-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രാഥമിക ഇസ്ലാമിക പാഠങ്ങള്‍ അഭ്യസിപ്പിക്കുന്ന മോറല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുക, അവരുടെ സ്‌കൂള്‍ പഠനം ഉറപ്പു വരുത്തുക, മോറല്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന മഹല്ലുനിവാസികളില്‍ മതബോധം വളര്‍ത്തുക, അവരുടെ സാമൂഹിക  ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുക, മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍ സാക്ഷരതയും മതവിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും നല്‍കുക തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്.
ആന്ധ്രപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ഝാര്‍ഖണ്ഡ്, കശ്മീര്‍, യു.പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി ഇത്തരം 817 മോറല്‍ സ്‌കൂളുകളുണ്ട്. ഇവക്കു കീഴിലായി 38012 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 1173 അധ്യാപകര്‍ ഇവിടെ സേവനം ചെയ്യുന്നു. ഈ മോറല്‍ സ്‌കൂളുകള്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുണ്ട്. പാഠപുസ്തകങ്ങളും അനുബന്ധ പഠന സാമഗ്രികളും സൗജന്യമായാണ് നല്‍കുന്നത്. ഇതിനായി ഉര്‍ദു, ബംഗ്ല, അസമീസ് ഭാഷകളില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പാഠപുസ്തകങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
അധ്യാപകര്‍ക്ക് ഖുര്‍ആന്‍ പാരായണ പരിശീലനം, പാഠപുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിരന്തര ചര്‍ച്ചാ ക്ലാസ്സുകള്‍, കുട്ടികളില്‍ സര്‍ഗശേഷി വികാസത്തിന് വിപുലമായ ആര്‍ട്ട് ഫെസ്റ്റ്, രണ്ടു ടേം പരീക്ഷകള്‍ എന്നിവ കൃത്യമായി  ഈ മോറല്‍ സ്‌കൂള്‍ സംവിധാനത്തിനു കീഴില്‍ നടക്കുന്നു. മോറല്‍ സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും കേരളത്തിലേതുപോലെ മദ്‌റസാ നടത്തിപ്പ് ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും 'ഹാദിയ' ശ്രമിക്കുന്നു. ഇതിനായി വലിയ ടീമിനെ തന്നെ തയാറാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ ഏറ്റെടുത്ത ഈ പദ്ധതി രാജ്യവ്യാപകമാക്കുകയാണ്  അടുത്ത ലക്ഷ്യം.
മോറല്‍ സ്‌കൂളുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ രണ്ടാം ഘട്ടത്തില്‍  മോഡല്‍ മഹല്ല് പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഐക്യവും സംഘശക്തിയും ഉറപ്പിക്കുക, മുതിര്‍ന്നവര്‍ക്ക് മസ്ജിദ് സംവിധാനത്തിലൂടെയും മറ്റും മതപഠനത്തിനും ഖുര്‍ആന്‍ സാക്ഷരതക്കും അവസരമൊരുക്കുക, സ്ത്രീകള്‍ക്ക് പ്രത്യേകമായ ക്ലാസുകളും തൊഴില്‍ പരിശീലനവും നല്‍കുക, ഉന്നത മത-ഭൗതിക പഠനത്തിന് മഹല്ലിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങിയവയാണ് മോഡല്‍ മഹല്ല് പദ്ധതി വഴി നടപ്പാക്കുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി